വിശുദ്ധ ഖുർആൻ മനുഷ്യചിന്തയെ ഉണർത്താനായി നിരന്തരം ചൂണ്ടിക്കാണിക്കുന്ന മഹാദൃഷ്ടാന്തങ്ങളിൽ ഒന്നാണ് കന്നുകാലികൾ. മനുഷ്യന്റെ ഭൗതികവും മാനസികവുമായ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ അല്ലാഹു സംവിധാനിച്ച ഈ ജീവികളിൽ വൻ അനുഗ്രഹങ്ങളും ആഴമേറിയ ചിന്താവിഷയങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
1. ജീവിത സൗകര്യങ്ങളും സംരക്ഷണവും
കന്നുകാലികൾ വഴി മനുഷ്യന് ലഭിക്കുന്ന പ്രയോജനങ്ങളായി അല്ലാഹു പറയുന്നു:
وَٱلْأَنْعَٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَٰفِعُ وَمِنْهَا تَأْكُلُونَ ﴿٥﴾ وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ ﴿٦﴾وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا۟ بَٰلِغِيهِ إِلَّا بِشِقِّ ٱلْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ﴿٧﴾
കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൌതുകമുണ്ട്. ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:16/5-7)
▪️വസ്ത്രവും തണുപ്പകറ്റലും: ചെമ്മരിയാടിന്റെയും ഒട്ടകത്തിന്റെയും ആടിന്റെയും രരോമങ്ങളിൽ നിന്നും തോലുകളിൽ നിന്നും മനുഷ്യർ വസ്ത്രങ്ങളും വിരിപ്പുകളും താമസിക്കാനുള്ള തമ്പുകളും നിർമ്മിക്കുന്നു.
▪️ഭക്ഷണവും പോഷണവും: അവയുടെ മാംസവും നെയ്യും അനുബന്ധ വിഭവങ്ങളും മനുഷ്യശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും പോഷകങ്ങളും നൽകുന്നു.
▪️യാത്രയും ഭാരചുമടും: മനുഷ്യന് സ്വന്തം ശക്തികൊണ്ട് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത വിദൂര ദേശങ്ങളിലേക്ക് ഭാരിച്ച ചരക്കുകൾ ചുമന്നുകൊണ്ടുപോകാൻ അല്ലാഹു അവയെ കീഴ്‌പെടുത്തി തന്നു.
അല്ലാഹു പറയുന്നു:
وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ﴿٢١﴾ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ﴿٢٢﴾
തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു. (ഖു൪ആന്‍ :23/21-22)
{അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു} അതായത്: കടലിൽ നിങ്ങളെയും നിങ്ങളുടെ ചെറിയതോ വലുതോ ആയ ചരക്കുകളെയും പേറി സഞ്ചരിക്കാൻ കപ്പലുകളെ അല്ലാഹു സംവിധാനിച്ചതുപോലെ തന്നെ; കരയിൽ കഠിനാധ്വാനം ചെയ്തല്ലാതെ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത വിദൂര നാടുകളിലേക്ക് നിങ്ങളുടെ ഭാരമേറിയ ചരക്കുകൾ ചുമന്നു കൊണ്ടുപോകാൻ അവൻ കന്നുകാലികളെ കരയിലെ ‘കപ്പലുകൾ’ ആക്കി മാറ്റിയിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
2. മാനസിക സന്തോഷവും ഭംഗിയും
മനുഷ്യന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമെ, അവ അവന്റെ മനസ്സിന് നൽകുന്ന ആനന്ദത്തെക്കുറിച്ചും ഖുർആൻ ഓർമ്മിപ്പിക്കുന്നു:
وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ
നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൌതുകമുണ്ട്. (ഖുർആൻ:16/6)
വയറു നിറഞ്ഞ് അകിടുകളിൽ പാലുമായി വൈകുന്നേരങ്ങളിൽ തൊഴുത്തുകളിലേക്ക് തിരികെ വരുന്ന കന്നുകാലിക്കൂട്ടവും, പ്രഭാതത്തിൽ ഉന്മേഷത്തോടെ മേച്ചിൽപ്പുറങ്ങളിലേക്ക് നടന്നുനീങ്ങുന്ന കാഴ്ചയും ഉടമസ്ഥന്റെ മനസ്സിൽ വലിയ സന്തോഷവും സമൂഹത്തിൽ പ്രൗഢിയും ഉണ്ടാക്കുന്നു.
3. പാലിന്റെ ഉൽപ്പാദനം: ശാസ്ത്രീയവും ദൈവീകവുമായ അത്ഭുതം
കന്നുകാലികളിൽ നിന്ന് ലഭിക്കുന്ന പാലിനെക്കുറിച്ച് ഖുർആൻ വിശേഷിപ്പിച്ചത് അത്ഭുതകരമായ ഒരു പ്രക്രിയയെ ചൂണ്ടിക്കാണിച്ചാണ്:
وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّٰرِبِينَ
കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്. അവയുടെ ഉദരങ്ങളില്‍ നിന്ന്- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു. (ഖുർആൻ:16/66)
മൃഗത്തിന്റെ വയറ്റിനുള്ളിൽ ചാണകവും രക്തവും അടങ്ങിയ അശുദ്ധമായ അന്തരീക്ഷമുണ്ട്. എന്നാൽ, ഇതിൽ നിന്ന് തികച്ചും വിരുദ്ധമായി, ഒരു തുള്ളി രക്തമോ മാലിന്യത്തിന്റെ ദുർഗന്ധമോ കലരാതെ അത്യന്തം വിശുദ്ധവും പോഷകപ്രദവുമായ പാൽ പുറത്തുവരുന്നത് കേവലം ഒരു ഭൗതിക പ്രക്രിയയല്ല, മറിച്ച് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ തെളിവാണ്.
ഹൃദ്യവും രുചികരവുമായ ഒരു പാനീയവും, പോഷക പ്രധാനമായ ഒരു അഹാരവുമാണു പാല്‍. എന്നാല്‍ അതിന്റെ ഉത്ഭവസ്ഥാനമോ? കാലികള്‍ മേഞ്ഞുതിന്നുന്ന സസ്യഭക്ഷണങ്ങള്‍ അവയുടെ ദഹനേന്ദ്രിയങ്ങളില്‍ ചെന്നു ദഹിക്കുന്നതോടെ, അവ സത്തും ചണ്ടിയുമായി വേര്‍തിരിയുന്നു. സത്തില്‍നിന്നു രക്തവും പാലും ഉണ്ടാകുന്നു. ചണ്ടിയില്‍നിന്നു ചാണകവും മൂത്രവും ഉരുത്തിരിയുന്നു. രക്തത്തിന്റെയോ, ചാണക മൂത്രാദികളുടെയോ കലര്‍പ്പൊന്നും കലരാതെ, തനി ശുദ്ധമായ പാല്‍ അവക്കിടയില്‍നിന്നു അവയുടെ അകിടുകളിലൂടെ പുറത്തു വരുന്നു. അത്ഭുതകരമായ ഈ പ്രക്രിയയുടെ പിന്നില്‍ അതിവിദഗ്ധമായ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നു സല്‍ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാമല്ലോ. (അമാനി തഫ്സീര്‍)
അതായത്: നിങ്ങളുടെ ഉപകാരങ്ങൾക്കായി അല്ലാഹു കീഴ്‌പെടുത്തിത്തന്ന കന്നുകാലികളിൽ തീർച്ചയായും നിങ്ങൾക്കായി ഒരു ദൃഷ്ടാന്തമുണ്ട്. അല്ലാഹുവിന്റെ അപാരമായ കഴിവിനെയും അവന്റെ ഔദാര്യത്തിന്റെ വിശാലതയെയും കുറിച്ച് തെളിവ് പിടിക്കാൻ കഴിയുന്ന ഒരു പാഠം. അതായത്, ചാണകവും രക്തവും അടങ്ങിയ അവയുടെ വയറുകളിൽ നിന്ന് അവൻ നിങ്ങൾക്ക് കുടിക്കാൻ തന്നു; അങ്ങനെയവയ്ക്കിടയിൽ നിന്ന്, കുടിക്കുന്നവർക്ക് യാതൊരു കലർപ്പുമില്ലാതെ എളുപ്പത്തിൽ തൊണ്ടയിൽക്കൂടെ ഇറങ്ങുന്ന – അതിന്റെ സ്വാദുകൊണ്ടുമാത്രമല്ല, അത് ദാഹം മാറ്റുകയും പോഷണം നൽകുകയും ചെയ്യുന്നതുകൊണ്ട് – ഒരു ശുദ്ധമായ പാൽ അവൻ പുറത്തെടുത്തു. ഇത് ദൈവികമായ കഴിവല്ലാതെ, കേവലം സ്വാഭാവികമായ കാര്യങ്ങൾ മാത്രമാണോ? അങ്ങനെയാണെങ്കിൽ, മൃഗം തിന്നുന്ന തീറ്റയെയും അത് കുടിക്കുന്ന ശുദ്ധവും ഉപ്പുരസമുള്ളതുമായ വെള്ളത്തെയും കുടിക്കുന്നവർക്ക് എളുപ്പത്തിൽ തൊണ്ടയിൽക്കൂടെ ഇറങ്ങുന്ന ശുദ്ധമായ പാലായി പ്രകൃതിയിലെ ഏത് വസ്തുവാണ് മാറ്റുന്നത്? (തഫ്സീറുസ്സഅ്ദി)
ഇവിടെ ചിന്താവിഷയവും പാഠവും പാൽ നൽകി അനുഗ്രഹിക്കുക എന്നതിലുപരി, ചാണകത്തിനും രക്തത്തിനും ഇടയിൽ നിന്നാണ് അത് പുറത്തുവരുന്നു എന്നത് തന്നെയാണ്.
قال الخطيب الشربيني رحمه الله: {وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً} أي: اعتباراً إذا تفكرتم فيها، وعرفتم كمال قدرتنا.
ഖത്തീബ് അശ്ശർബീനി رحمه الله പറഞ്ഞു: ‘തീർച്ചയായും കന്നുകാലികളിൽ നിങ്ങൾക്ക് ദൃഷ്ടാന്തമുണ്ട്’- അതായത്, അതിനാൽ, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയും നമ്മുടെ അപാരമായ കഴിവ് മനസ്സിലാക്കുകയും ചെയ്യുകയാണെങ്കിൽ അതൊരു പാഠമാണ്. [السراج المنير (2/242)]
മനുഷ്യനേക്കാൾ എത്രയോ മടങ്ങ് വലിപ്പവും ശക്തിയുമുള്ള ഒട്ടകത്തെയും കന്നുകാലികളെയും ഒരു കൊച്ചുകുട്ടിക്ക് പോലും നയിക്കാൻ കഴിയുന്ന വിധത്തിൽ സൗമ്യരും അനുസരണയുള്ളവരുമാക്കി മാറ്റി തന്നത് അല്ലാഹുവിന്റെ അളവറ്റ ദയയും കാരുണ്യവുമാണ്. ഈ അനുഗ്രഹങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ ഓർക്കേണ്ടത്, സർവ്വ നിയന്ത്രണങ്ങളും കൈയാളുന്ന അല്ലാഹുവിനെ മാത്രമാണ് അവൻ ആരാധിക്കേണ്ടതെന്നും, അവൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവനായി ജീവിക്കണമെന്നുമാണ്.
أَوَلَمْ يَرَوْا۟ أَنَّا خَلَقْنَا لَهُم مِّمَّا عَمِلَتْ أَيْدِينَآ أَنْعَٰمًا فَهُمْ لَهَا مَٰلِكُونَ ﴿٧١﴾ وَذَلَّلْنَٰهَا لَهُمْ فَمِنْهَا رَكُوبُهُمْ وَمِنْهَا يَأْكُلُونَ ﴿٧٢﴾ وَلَهُمْ فِيهَا مَنَٰفِعُ وَمَشَارِبُ ۖ أَفَلَا يَشْكُرُونَ ﴿٧٣﴾
നമ്മുടെ കൈകള്‍ നിര്‍മിച്ചതില്‍പ്പെട്ട കാലികളെ അവര്‍ക്ക് വേണ്ടിയാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് അവര്‍ കണ്ടില്ലേ? അങ്ങനെ അവര്‍ അവയുടെ ഉടമസ്ഥരായിരിക്കുന്നു. അവയെ അവര്‍ക്ക് വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അവയില്‍ പല പ്രയോജനങ്ങളുമുണ്ട്. (പുറമെ) പാനീയങ്ങളും. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ? (ഖുർആൻ:36/71-73)
അതിനാൽ, ഈ മഹാ അനുഗ്രഹങ്ങൾ നൽകുകയും, വിവിധ തരം ഉദാരതകൾ തരംതിരിച്ചു ചൊരിയുകയും, തന്റെ അളവറ്റ നന്മകൾ നമ്മുടെമേൽ തുടർച്ചയായി വർഷിപ്പിക്കുകയും ചെയ്ത ഏവനൊരുവനാണോ – അവൻ മാത്രമാണ് പൂർണ്ണമായ നന്ദിക്കും, അത്യുന്നതമായ സ്തുതിക്കും, ആരാധിക്കപ്പെടാനും അർഹൻ! കൂടാതെ, അവൻ നൽകിയ അനുഗ്രഹങ്ങളെ ഉപയോഗിച്ച് അവന് എതിരായി തെറ്റുകൾ (പാപം) ചെയ്യാതിരിക്കാനും നാം ബാധ്യസ്ഥരാണ്. (തഫ്സീറുസ്സഅ്ദി – 23/21)
www.kanzululoom.com