ഫിർഖത്തുന്നാജിയ്യ

الفرقة الناجية (ഫിർഖത്തുന്നാജിയ്യ – രക്ഷപ്പെട്ട വിഭാഗം)

അല്ലാഹു പറയുന്നു:

وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ

നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌.  (ഖു൪ആന്‍:3/103)

وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ ‎﴿٣١﴾‏ مِنَ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا ۖ كُلُّ حِزْبِۭ بِمَا لَدَيْهِمْ فَرِحُونَ ‎﴿٣٢﴾‏

നിങ്ങൾ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത്, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പല കക്ഷികളായി തിരിയുകയും ചെയ്‌തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ. (ഖുര്‍ആൻ:30/31-32)

عَنْ الْعِرْبَاضِ بْنِ سَارِيَةَ رَضِيَ اللهُ عَنْهُ قَالَ: وَعَظَنَا رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم مَوْعِظَةً بليغةً وَجِلَتْ مِنْهَا الْقُلُوبُ وَذَرَفَتْ مِنْهَا الْعُيُون، فقُلْنَا: يا رَسولَ اللَّه كَأَنَهَا موْعِظَةُ مُوَدِّعٍ فَأَوْصِنَا. قال: «أُوصِيكُمْ بِتَقْوى اللَّه، وَالسَّمْعِ وَالطَّاعَةِ وإِنْ تَأَمَّر عَلَيْكُمْ عَبْدٌ حبشي، وَأَنَّهُ مَنْ يَعِشْ مِنْكُمْ فَسَيرى اخْتِلافاً كثِيرا. فَعَلَيْكُمْ بسُنَّتي وَسُنَّةِ الْخُلُفَاءِ الرَّاشِدِينَ الْمَهْدِيِّين، عضُّوا عَلَيْهَا بالنَّواجِذ، وإِيَّاكُمْ ومُحْدثَاتِ الأُمُورِ فَإِنَّ كُلَّ بِدْعَةٍ ضلالَةٌ

ഇര്‍ബാദ് ഇബ്‌നു സാരിയ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ ഒരിക്കല്‍ ഞങ്ങളെ ശക്ത്മായി ഉപദേശിച്ചു. ആ ഉപദേശത്താല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലെയുണ്ടല്ലോ. ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും. നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഭരണാധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം; നിങ്ങളൂടെ മേല്‍ അധികാരമേല്‍ക്കുന്നത് ഒരു എത്യോപിയന്‍ അടിമയാണെങ്കിലും ശരി. തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം ഭിന്നതകള്‍ ദര്‍ശിക്കാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളുടെയും ചര്യ പിന്‍പറ്റണം. അണപ്പല്ലുകള്‍ കൊണ്ടവയെ മുറുകെ പിടിക്കണം. മതത്തിലെ നൂതന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. കാരണം എല്ലാ നൂതന കാര്യങ്ങളും ബിദ്അത്താകുന്നു (പുത്തനാചാരം). എല്ലാ ബിദ്അത്തും വഴികേടുമാകുന്നു. (അബൂദാവൂദ്, തിര്‍മുദി, അഹ്മദ്)

عَنْ أَبِي عَامِرٍ الْهَوْزَنِيِّ، عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ، أَنَّهُ قَامَ فِينَا فَقَالَ أَلاَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَامَ فِينَا فَقَالَ ‏”‏ أَلاَ إِنَّ مَنْ قَبْلَكُمْ مِنْ أَهْلِ الْكِتَابِ افْتَرَقُوا عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَإِنَّ هَذِهِ الْمِلَّةَ سَتَفْتَرِقُ عَلَى ثَلاَثٍ وَسَبْعِينَ ثِنْتَانِ وَسَبْعُونَ فِي النَّارِ وَوَاحِدَةٌ فِي الْجَنَّةِ وَهِيَ الْجَمَاعَةُ ‏”‏ ‏.‏

അബൂ ആമിർ അൽഹൗസനി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്, അദ്ദേഹം മുആവിയ ബ്നു അബൂസുഫ്യാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അറിയുക, തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ ഒരിക്കൽ ഞങ്ങൾക്കിടയിൽ എഴുന്നേറ്റു നിന്ന് ഇപ്രകാരം പറഞ്ഞു: ‘അറിയുക, തീർച്ചയായും നിങ്ങൾക്ക് മുമ്പ് കടന്നുപോയ വേദക്കാർ (യഹൂദരും ക്രിസ്ത്യാനികളും) 72 വിഭാഗങ്ങളായി ഭിന്നിക്കുകയുണ്ടായി. തീർച്ചയായും ഈ ഉമ്മത്ത് (മുസ്‌ലിം ഉമ്മത്ത്) 73 വിഭാഗങ്ങളായി ഭിന്നിക്കുക തന്നെ ചെയ്യും. അതിൽ  72 വിഭാഗവും നരകത്തിലാണ്. ഒരൊറ്റ വിഭാഗം മാത്രമാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക; അത് ‘അൽ-ജമാഅത്ത്’ (സത്യത്തിൽ ഒരുമിച്ചു കൂടിയവർ) ആകുന്നു.’  (അബൂദാവൂദ് ;4597)

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:

كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً قَالُوا وَمَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي

‘അവരെല്ലാവരും (ആ 72 വിഭാഗവും) നരകത്തിലാണ്, ഒരൊറ്റ മില്ലത്ത് (വിഭാഗം) ഒഴികെ. ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു പാതയിലാണോ ഉള്ളത്, ആ പാതയെ മുറുകെപ്പിടിച്ചവരാണവർ. (തിര്‍മിദി – സ്വഹീഹുൽ ജാമിഅ്:5219)

عن ابن مسعود رضي الله عنه قال: خط لنا رسول الله صلى الله عليه وسلم خطًا بيده ثم قال: هذا سبيلُ الله مستقيمًا. وخط خطوطًا عن يمينه وشماله، ثم قال: هذه السبل، ليس منها سبيل إلا عليه شيطان يدعو إليه، ثم قرأ قوله تعالى: {وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ} [الأنعام: 153].

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഒരിക്കൽ അല്ലാഹുവിന്റെ റസൂൽ ﷺ തന്റെ കൈകൊണ്ട് ഞങ്ങൾക്ക് മുന്നിൽ ഒരു വര വരച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇതാണ് അല്ലാഹുവിന്റെ നേരായ വഴി. പിന്നീട് അവിടുന്ന് ആ വരയുടെ വലതുഭാഗത്തും ഇടതുഭാഗത്തുമായി ഒട്ടനവധി മറ്റ് വരകൾ വരച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇവയെല്ലാം വ്യത്യസ്തമായ മറ്റ് വഴികളാകുന്നു. ഇതിലെ ഓരോ വഴിയിലുമിരുന്ന് അതിലേക്ക് ക്ഷണിക്കുന്ന ഓരോ പിശാചുക്കളുണ്ട്. അതിനുശേഷം നബി ﷺ  ഈ വചനം പാരായണം ചെയ്തു: {ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌ (ഖുര്‍ആൻ:6/153)} (അഹ്മദ്, നസാഇ)

قال الشيخ عبد القادر الجيلاني رحمه الله: أما الفرقة الناجية فهي أهل السنة والجماعة، وأهل السنة لا اسم لهم إلا اسم واحد وهو أصحاب الحديث.

ശൈഖ് അബ്ദുൽ ഖാദിർ ജീലാനി رحمه الله  പറഞ്ഞു: ‘ഫിര്‍ഖത്തുന്നാജിയ’ എന്നാൽ അത് ‘അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത്’ ആകുന്നു. അഹ്‌ലുസ്സുന്നത്തിന് ഒരൊറ്റ പേരല്ലാതെ മറ്റൊരു പേരുമില്ല; അത് ‘അസ്വ്ഹാബുൽ ഹദീസ്’ (ഹദീസിന്റെ ആളുകൾ) എന്നതാകുന്നു. (الغُنية)

അല്ലാഹു നമ്മോട് കൽപ്പിക്കുന്നത് നാം ഏവരും ഒന്നിച്ച് വിശുദ്ധ ഖുർആനിനെ മുറുകെപ്പിടിക്കണമെന്നും, തങ്ങളുടെ ദീനിനെ കഷ്ണങ്ങളും കക്ഷികളുമാക്കി മാറ്റിയ  മുശ്‌രിക്കുകളെപ്പോലെ ആകരുതെന്നുമാണ്.

നബി ﷺ നമ്മെ ബോധ്യപ്പെടുത്തുന്നത് ജൂതൃക്രൈസ്തവര്‍ ഒട്ടനവധി വിഭാഗങ്ങളായി ഭിന്നിച്ചുപോയതുപോലെ, മുസ്‌ലിംകൾ അവരേക്കാൾ കൂടുതൽ വിഭാഗങ്ങളായി ഭിന്നിക്കുമെന്നാണ്. ഈ വിഭാഗങ്ങളെല്ലാം തന്നെ അവയുടെ വ്യതിചലനം കാരണത്താലും, തങ്ങളുടെ റബ്ബിന്റെ കിതാബിൽ നിന്നും നബിയുടെ സുന്നത്തിൽ നിന്നും അകന്നുപോയതിനാലും നരകശിക്ഷയ്ക്ക് അർഹരാവുന്നതാണ്. എന്നാൽ, അവരിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരൊറ്റ വിഭാഗം – ഫിര്‍ഖത്തുന്നാജിയ – ഉണ്ട്; അത് വിശുദ്ധ ഖുർആനിലും സ്ഥിരപ്പെട്ടു വന്ന തിരുസുന്നത്തിലും, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബത്തിന്റെ ചര്യയിലും ദൃഢമായി മുറുകെപ്പിടിച്ച ‘അൽ-ജമാഅത്ത്’ ആകുന്നു.

ഫിർഖത്തുന്നാജിയ്യയുടെ രീതിശാസ്ത്രം

1.ഫിർഖത്തുന്നാജിയ്യ എന്നാൽ: നബി ﷺ യുടെ ജീവിതകാലത്ത് അവിടുന്ന് കാണിച്ചുതന്ന മൻഹജിനെയും, അവിടുത്തേക്ക് ശേഷം സ്വഹാബത്ത് പിന്തുടർന്ന മൻഹജിനെയും മുറുകെപ്പിടിച്ചവരാകുന്നു.

അതാകട്ടെ – അല്ലാഹു തന്റെ പ്രവാചകന് അവതരിപ്പിച്ചു നൽകിയ വിശുദ്ധ ഖുർആനും, നബി ﷺ തന്റെ  സ്വഹാബത്തിന് വിവരിച്ചു നൽകിയ തിരുസുന്നത്തുമാകുന്നു. ഇവ രണ്ടിനെയും ദൃഢമായി മുറുകെപ്പിടിക്കാൻ മുസ്‌ലിംകളോട് കൽപ്പിച്ചുകൊണ്ട് നബി ﷺ ഇപ്രകാരം പറഞ്ഞു:

تركت فيكم شيئين لن تضلّوا بعدهما: كتاب الله وسُنتي، ولن يَتفرقا حتى يَرِدا عَلَيَّ الحوض

ഞാൻ നിങ്ങളിൽ രണ്ട് കാര്യങ്ങൾ വിട്ടേച്ചുപോകുന്നു; അവയ്ക്ക് ശേഷം നിങ്ങൾ ഒരിയ്ക്കലും വഴിപിഴച്ചുപോവുകയില്ല: അല്ലാഹുവിന്റെ കിതാബും (ഖുർആൻ) എന്റെ സുന്നത്തുമാണവ. ഹൗളുൽ കൗസറിൽ അവ രണ്ടും എന്നിലേക്ക് എത്തിച്ചേരുന്നത് വരെ അവ പരസ്പരം വേർപിരിയുകയേ ഇല്ല. [صححه الألباني في الجامع]

2.ഫിർഖത്തുന്നാജിയ്യ എന്നാൽ: ഏതെങ്കിലും കാര്യങ്ങളിൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുമ്പോൾ, അല്ലാഹുവിന്റെ ഈ കൽപ്പന അനുസരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങുന്നവരാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍:4/59)

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

3.ഫിർഖത്തുന്നാജിയ്യ എന്നാൽ: അല്ലാഹുവിന്റെയോ അവന്റെ റസൂലിന്റെയോ കൽപ്പനകൾക്ക് മുകളിൽ മറ്റാരുടെയും വാക്കുകൾക്കോ അഭിപ്രായങ്ങൾക്കോ മുൻഗണന നൽകുകയോ അവയെ മുൻകടത്തുകയോ ചെയ്യാത്തവരാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ (യാതൊന്നും) മുൻകടന്നു പ്രവർത്തിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:49/1)

قال ابن عباس: أُراهم سيهلكون، أقول: قال النبي- صلى الله عليه وسلم- ويقولون: قال أبو بكر وعُمر.

ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു: അവർ ഉടനടി നശിച്ചുപോകുമെന്ന് ഞാൻ കരുതുന്നു! (കാരണം) അല്ലാഹുവിന്റെ പ്രവാചകൻ ﷺ ഇപ്രകാരം അരുളിയിരിക്കുന്നുവെന്ന് ഞാൻ അവരോട് പറയുമ്പോൾ അവർ പറയുന്നത്, “അബൂബക്കറും ഉമറും ഇപ്രകാരമാണല്ലോ പറഞ്ഞത്” എന്നാണ്. [رواه أحمد وابن عبد البر]

4.ഫിർഖത്തുന്നാജിയ്യ തൗഹീദിനെയാണ് പ്രഥമമായും അടിസ്ഥാനമായും പരിഗണിക്കുന്നത്. ആ തൗഹീദ് എന്നാൽ: ഇബാദത്തുകളിലും, ഇസ്തിആനത്തിലും (സഹായതേട്ടം), പ്രാർത്ഥനയിലും, ബലിയിലും, നേർച്ചകൾ നേരുന്നതിലും, തവക്കുലാക്കുന്നതിലും, അല്ലാഹു അവതരിപ്പിച്ച നിയമങ്ങൾ അനുസരിച്ച് വിധി കൽപ്പിക്കുന്നതിലും തുടങ്ങി എല്ലാത്തരം ഇബാദത്തുകളിലും അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്നതാകുന്നു. ആ തൗഹീദാണ് ഒരു ഇസ്‌ലാമിക സമൂഹം പടുത്തുയർത്തപ്പെടേണ്ട അടിസ്ഥാനം.

ഒരു മുസ്ലിം അവൻ സ്വന്തത്തിലും അവനുമായി ബന്ധപ്പെട്ടവരിലും ശിര്‍ക്ക് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം; അത് തൗഹീദിന്റെ അവിഭാജ്യമായ താല്പര്യമാകുന്നു. തൗഹീദിനെ അവഗണിക്കുകയും, ശിർക്കിന്റെ വിവിധ രൂപങ്ങൾക്കെതിരെ പോരാടാതിരിക്കുകയും ചെയ്യുന്ന ഒരു സംഘത്തിനും ഒരിയ്ക്കലും അല്ലാഹുവിന്റെ സഹായവും വിജയവും ലഭിക്കുകയില്ല.  നബി ﷺ ഉൾപ്പെടെയുള്ള മുഴുവൻ പ്രവാചകന്മാരുടെയും മാതൃക അതായിരുന്നു.

5.ഫിർഖത്തുന്നാജിയ്യ എന്നാൽ: തങ്ങളുടെ ആരാധനകളിലും സ്വഭാവങ്ങളിലും ജീവിതത്തിലും നബി ﷺ യുടെ സുന്നത്തുകളെ ജീവിപ്പിക്കുന്നവരാകുന്നു. അങ്ങനെ (സുന്നത്തുകൾ കൈവെടിയപ്പെട്ട സമൂഹത്തിൽ) അവർ തങ്ങളുടെ ജനങ്ങൾക്കിടയിൽ അപരിചിതൻമാരായി (غرباء) മാറുന്നു. നബി ﷺ അവരെക്കുറിച്ച് ഇപ്രകാരം പ്രവചിച്ചതുപോലെ:

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ .‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. തുടങ്ങിയതുപോലെ അത് അപരിചിതമായി മടങ്ങും. അപ്പോൾ അപരിചിതർക്ക് മംഗളം. (മുസ്‌ലിം:145)

മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:

ومن هم يا رسول الله؟ قال: الَّذين يُصْلِحون إذا فسد الناس

അല്ലാഹുവിന്റെ റസൂലേ, ആരാണവർ? നബി ﷺ പറഞ്ഞു: ജനങ്ങള്‍ മോശമാക്കിയതിനെ നന്നാക്കുന്നവരാണ്.. (അസ്വഹീഹ:3/267)

6.ഫിർഖത്തുന്നാജിയ്യ എന്നാൽ: അല്ലാഹുവിന്റെ വചനങ്ങളെയും (ഖുർആൻ), സ്വന്തം താല്പര്യപ്രകാരം സംസാരിക്കാത്ത, പാപസുരക്ഷിതനായ നബിയുടെ  വചനങ്ങളെയും (തിരുസുന്നത്ത്) അല്ലാതെ അവർ മുറുകെപ്പിടിക്കുകയില്ല.

എന്നാൽ പ്രവാചകനല്ലാത്ത മറ്റ് മനുഷ്യർ, അവരുടെ പദവി എത്രതന്നെ ഉയർന്നതാണെങ്കിലും അവർക്ക് തെറ്റുപറ്റാം.

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരും’.(ഇബ്നു മാജ:37/4392)

وقال الإمام مالك: ليس أحد بعد النبي صلى الله عليه وسلم إلا يؤخذ من قوله ويُترك إلا النبي صلى الله عليه وسلم.

ഇമാം മാലിക് رحمه الله പറഞ്ഞു: നബി ﷺ ക്ക് ശേഷം മറ്റാരുടെ വാക്കാണെങ്കിലും അതിൽ ചിലത് സ്വീകരിക്കപ്പെടുകയും ചിലത് തള്ളിക്കളയപ്പെടുകയും ചെയ്യാം; നബി ﷺ യുടെ വാക്കുകൾ ഒഴികെ (അത് പൂർണ്ണമായും സ്വീകരിക്കേണ്ടതാണ്)

7.ഫിർഖത്തുന്നാജിയ്യ എന്നാൽ: അവർ ഹദീസിന്റെ ആളുകളാകുന്നു. അവരെക്കുറിച്ച് നബിﷺ പറയുന്നത് കാണുക:

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ لاَ يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ.‏

ഥൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ഉമ്മത്തിൽ ഒരു വിഭാഗം സത്യത്തിൽ നിലകൊള്ളുന്നവരായി എപ്പോഴും ഉണ്ടായിരിക്കും. അവരെ കൈവെടിയുന്നവർക്ക് അവരെ ഉപദ്രവിക്കാൻ കഴിയില്ല. അല്ലാഹുവിന്റെ കൽപന വരുന്നത് വരെ അവർ അങ്ങനെത്തന്നെയായിരിക്കും. (മുസ്ലിം:1920)

കവി പറഞ്ഞതുപോലെ:

أهلُ الحديثِ همُ أهلُ النبيِّ وإن لم يَصحَبوا نفسَه، أنفاسَه صَحِبوا

ഹദീസിന്റെ ആളുകൾ എന്നാൽ നബിയുടെ സ്വന്തം ആളുകളാകുന്നു. അവർ അദ്ദേഹത്തോടൊപ്പം സഹവസിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ നിശ്വാസങ്ങളോടൊപ്പം സഹവസിച്ചവരാണ്.

8.ഫിർഖത്തുന്നാജിയ്യ എന്നാൽ: അവർ മുജ്തഹിദുകളായ ഇമാമുമാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു; എന്നാൽ അവരിൽ ആരോടും അവർ അന്ധമായ കക്ഷിത്വം (വിട്ടുവീഴ്ചയില്ലാത്ത അനുകരണം) കാണിക്കുന്നില്ല. മറിച്ച്, അവർ ഫിഖ്ഹ്  സ്വീകരിക്കുന്നത് ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസുകളിൽ നിന്നുമാണ്. അതോടൊപ്പം, സ്വഹീഹായ ഹദീസുകളോട് യോജിച്ചു വരുമ്പോൾ ആ ഇമാമുമാരുടെ എല്ലാ അഭിപ്രായങ്ങളെയും അവർ സ്വീകരിക്കുന്നു. ഇത് ആ ഇമാമുമാരുടെ തന്നെ വാക്കുകളോട് പൂർണ്ണമായും യോജിക്കുന്ന ഒന്നാണ്; കാരണം ഒരു സ്വഹീഹായ ഹദീസ് വന്നാൽ അത് മുറുകെപ്പിടിക്കാനും, അതിന് വിരുദ്ധമായി വരുന്ന ഏതൊരു അഭിപ്രായവും തള്ളിക്കളയാനുമാണ് അവർ തങ്ങളുടെ അനുയായികളോട് ഉപദേശിച്ചിട്ടുള്ളത്.

9.ഫിർഖത്തുന്നാജിയ്യ എന്നാൽ: അവര്‍ നന്മ കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, ഉമ്മത്തിനെ ഭിന്നിപ്പിക്കുകയും, ദീനിൽ ബിദ്അത്തുകൾ കൂട്ടിച്ചേർക്കുകയും, നബി ﷺ യുടെ ചര്യയിൽ നിന്നും അവിടുത്തെ സ്വഹാബത്തിന്റെയും നിലപാടിൽ നിന്നും അകറ്റുകയും ചെയ്ത പുതുതായി ഉണ്ടാക്കപ്പെട്ട ആത്മീയ മാർഗ്ഗങ്ങളെയും (ത്വരീഖത്തുകൾ) വിനാശകരമായ കക്ഷിത്വങ്ങളെയും അവർ തള്ളിക്കളയുന്നു.

10.ഫിർഖത്തുന്നാജിയ്യ മുസ്‌ലിംകളെ ക്ഷണിക്കുന്നത് അവർക്ക് ഇരുലോകത്തും വിജയം രേഖപ്പെടുത്തപ്പെടുന്നതിനും, അല്ലാഹുവിന്റെ അനുഗ്രഹത്താലും അവന്റെ അനുവാദത്തോടെയുള്ള നബി ﷺ യുടെ ശഫാഅത്താലുമുള്ള (ശുപാർശ) സ്വർഗ്ഗപ്രവേശനത്തിനും വേണ്ടി, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ചര്യയും (സുന്നത്ത്) സ്വഹാബത്തിന്റെ നിലപാടുകളുെം മുറുകെപ്പിടിക്കുന്നവരുടെ  കൂട്ടത്തിൽ ആകാനാണ്.

11.ഫിർഖത്തുന്നാജിയ്യ  അല്ലാഹുവിന്റെ കിതാബ് അനുസരിച്ച് വിധി കൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. മനുഷ്യന്റെ ഇരുലോക വിജയത്തിനും സന്തോഷത്തിനുമായി അല്ലാഹു ഇറക്കിയതാണത്. മനുഷ്യർക്ക് അനുയോജ്യമായത് എന്താണെന്ന് അവനെക്കാൾ നന്നായി അറിയുന്നവൻ വേറെയാരുമില്ല. അത് ശാശ്വതമാണ്, കാലങ്ങൾ കഴിഞ്ഞാലും അതിന്റെ വിധികൾക്ക് മാറ്റം വരികയില്ല, എല്ലാ കാലഘട്ടത്തിലുള്ളവർക്കും അത് അനുയോജ്യവുമാണ്.

ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന പ്രയാസങ്ങൾക്കും നിന്ദ്യതക്കും കാരണം അവർ അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും ഉപേക്ഷിച്ചതാണ്. മുസ്‌ലിംകൾക്ക് എല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ അധ്യാപനങ്ങളിലേക്ക് മടങ്ങുന്നതിലൂടെയല്ലാതെ യാതൊരു പ്രതാപവുമില്ല.

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ

ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:13/11)

12.ഫിർഖത്തുന്നാജിയ്യ മുസ്‌ലിംകളെ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിലേക്ക് ക്ഷണിക്കുന്നു. അത് ഓരോ മുസ്‌ലിമിനും അവരുടെ കഴിവിനും ശേഷിക്കും അനുസരിച്ച് നിർബന്ധമായ ഒന്നാണ്. ജിഹാദ് താഴെ പറയുന്ന രൂപങ്ങളിലാണ് ഉണ്ടാകുക:

ഒന്ന്.നാവും പേനയും കൊണ്ടുള്ള ജിഹാദ്: ആളുകളെ യഥാർത്ഥ ഇസ്‌ലാമിലേക്കും, ശിർക്കിൽ നിന്ന് മുക്തമായ തൗഹീദിലേക്കും ക്ഷണിക്കുക വഴിയാണത്. ഇന്ന് മുസ്ലിംകളിൽവരെ ശിർക്ക് വ്യാപിച്ചിട്ടുണ്ട്. മുസ്‌ലിംകൾക്കിടയിൽ ഇത് സംഭവിക്കുമെന്ന് നബി ﷺ  പ്രവചിച്ചിട്ടുള്ളതാണ്.

عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ وَحَتَّى يَعْبُدُوا الأَوْثَانَ

സൗബാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ സമൂഹത്തില്‍ ഒരു വിഭാഗം ബഹുദൈവാരാധകരുമായി ചേരുന്നതുവരെയും ബിംബങ്ങളെ ആരാധിക്കുന്നതുവരെയും അന്ത്യനാള്‍ സംഭവിക്കുകയില്ല. (തിര്‍മിദി:2219)

രണ്ട്. ധനം കൊണ്ടുള്ള ജിഹാദ്: യഥാർത്ഥ രീതിയിലുള്ള ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുക, ശരിയായ ആദർശത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന പുസ്തകങ്ങളും മറ്റും അച്ചടിച്ചു വിതരണം ചെയ്യുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ.

3.ശരീരം കൊണ്ടുള്ള ജിഹാദ്: ഇസ്‌ലാമിന്റെ വിജയത്തിനും, അല്ലാഹുവിന്റെ വചനം ഏറ്റവും ഉന്നതമായിത്തീരുന്നതിനും, സത്യനിഷേധികളുടെ വാക്ക് താഴ്ന്നതായിത്തീരുന്നതിനും വേണ്ടി ധർമ്മസമരങ്ങളിൽ പങ്കെടുക്കുകയും പോരാടുകയും ചെയ്യുക വഴിയാണത്. നബി ﷺ ജിഹാദിന്റെ ഈ ഇനങ്ങളിലേക്ക് വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു:

عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ جَاهِدُوا الْمُشْرِكِينَ بِأَمْوَالِكُمْ وَأَنْفُسِكُمْ وَأَلْسِنَتِكُمْ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ മുശ്‌രിക്കുകളോട് നിങ്ങളുടെ ധനം കൊണ്ടും, നിങ്ങളുടെ ശരീരം കൊണ്ടും, നിങ്ങളുടെ നാവുകൾ കൊണ്ടും ജിഹാദ് ചെയ്യുക. (അബൂദാവൂദ്:2504)

ഒരു അമീറിന്റെ കീഴിൽ ഇസ്ലാമിക ഭരണകൂടം നടത്തുന്ന സായുധസമരമാണ് ഈ ജിഹാദ്. അതല്ലാതെ ഏതെങ്കിലും നാട്ടിൽ ആരെങ്കിലും കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങളല്ല.

അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദിന്റെ വിധികൾ പലതരത്തിലാണ്: ചിലപ്പോൾ അത് ഫർള് ഐൻ (വ്യക്തിപരമായ നിർബന്ധബാധ്യത) ആകും. ചില സാഹചര്യങ്ങളിൽ അത് ഫർള് കിഫായ (കൂട്ടായ ബാധ്യത) ആകും.

ഫിർഖത്തുന്നാജിയ്യ യുടെ അടയാളങ്ങൾ

1.ഫിർഖത്തുന്നാജിയ്യ: അവർ മനുഷ്യർക്കിടയിൽ വളരെ കുറച്ച ആളുകൾ മാത്രമായിരിക്കും. നബി ﷺ അവർക്കായി ഇപ്രകാരം പ്രാർത്ഥിച്ചു:

عن عبدالله بن عمرو عن النبي صلى الله عليه وسلم قال: طوبى للغرباءِ أناسٌ صالِحونَ في أناسٍ سوءٍ كثيرٍ، مَنْ يَعصيهم أكثرُ ممَّنْ يُطِيعُهُمْ.

അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധാരാളം തിൻമകളുള്ള ആളുകൾക്കിടയിലും നൻമയിൽ മുഴുകുന്നവരായ അപരിചിതർക്ക് മംഗളം.അവരെ അനുസരിക്കുന്നവരെക്കാൾ അവരെ അനുസരിക്കാത്തവരാണ് കൂടുതൽ. (സ്വഹീഹുൽ ജാമിഅ്)

വിശുദ്ധ ഖുർആൻ അവരെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്.

وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ

തികഞ്ഞ നന്ദിയുള്ളവര്‍ എന്‍റെ ദാസന്‍മാരില്‍ അപൂര്‍വ്വമത്രെ. (ഖു൪ആന്‍:34/13)

2.ഫിർഖത്തുന്നാജിയ്യ: ധാരാളം ആളുകൾ അവരോട് ശത്രുത കാണിക്കുകയും, അവരുടെ മേൽ കള്ളങ്ങൾ കെട്ടിച്ചമയ്ക്കുകയും, അവരെ ആക്ഷേപിക്കുകയും ചെയ്യുന്നു.  പ്രവാചകന്മാരെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِىٍّ عَدُوًّا شَيَٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا ۚ

അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. (ഖു൪ആന്‍:6/112)

നബി ﷺ യുടെ ചരിത്രം നോക്കൂ; അവിടുന്ന് ജനങ്ങളെ തൗഹീദിലേക്ക്  ക്ഷണിച്ചപ്പോൾ സ്വന്തം ജനം അവിടുത്തെക്കുറിച്ച് പറഞ്ഞത്, സാഹിറാണ്, വ്യാജനാണ്’ എന്നൊക്കെയാണ്. എന്നാൽ, ഇതിന് മുമ്പ് അവരൊക്കെത്തന്നെയായിരുന്നു അദ്ധേഹത്തെ ‘സത്യസന്ധൻ, വിശ്വസ്തൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത്.

سُئل الشيخ عبد العزيز بن باز عن الفرقة الناجية فقال: هم السلفيون، وكل من مشى على طريقة السلف الصالح (الرسول وصحابته وكل من سار على منهاجهم).

ഫിർഖത്തുന്നാജിയ്യ യെ കുറിച്ച് ശൈഖ് ഇബ്നു ബാസ് رحمه الله ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി നൽകി: ‘അവർ സലഫുസ്സ്വാലിഹുകളുടെ പാത പിന്തുടരുന്നവരാണ്; സലഫുസ്സ്വാലിഹുകളുടെ – അതായത് അല്ലാഹുവിന്റെ റസൂലിന്റെയും അവിടുത്തെ സ്വഹാബത്തിന്റെയും, അവരുടെ മൻഹജിൽ സഞ്ചരിച്ചവരുടെയും – വഴിയിലൂടെ നടന്ന എല്ലാവരും അതിൽ ഉൾപ്പെടുന്നു.’

 

Leave a Reply

Your email address will not be published. Required fields are marked *