ശുഭാപ്തിവിശ്വാസമില്ലാത്ത മനോഭാവം

ഇസ്‌ലാം വന്നത് അതിന്റെ അനുഗൃഹീതമായ നിർദ്ദേശങ്ങളും, മഹത്തായ ലക്ഷ്യങ്ങളും, സ്തുത്യർഹമായ പരിസമാപ്തിയും വഴി ഉന്നതിയും, പ്രതാപവും, നല്ല അന്ത്യവും, ഇഹലോകത്തിലും പരലോകത്തിലുമുള്ള വിജയവും വാഗ്ദാനം ചെയ്തുകൊണ്ടാണ്. മറിച്ച്, ഇസ്‌ലാമിലൂടെയല്ലാതെ ഇതിൽ ഏതെങ്കിലും ഒന്ന് നേടിയെടുക്കാൻ യാതൊരുവിധ മാർഗ്ഗവുമില്ല. എന്തെന്നാൽ, ഇസ്‌ലാം എന്നത് ഉന്നതിയുടെയും പ്രതാപത്തിന്റെയും പൂർണ്ണതയുടെയും മതമാണ്.

അല്ലാഹു ഈ ദീൻ (ഇസ്‌ലാം) നൽകി അനുഗ്രഹിക്കുകയും, അതിനായി ഹൃദയം തുറന്നുകൊടുക്കപ്പെടുകയും ചെയ്ത ഒരു മുസ്‌ലിം, ഈ ദീനിൽ നിന്ന് അവൻ എത്രത്തോളം ഉൾക്കൊണ്ടിരിക്കുന്നുവോ അതിനനുസരിച്ചുള്ള ഒരു ആത്മാഭിമാനം അവൻ തന്റെ ഹൃദയത്തിൽ വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഒരുവൻ ഈ ദീനിനെ എത്രത്തോളം മുറുകെപ്പിടിക്കുന്നുവോ, അതിനെ സംരക്ഷിക്കുന്നുവോ, അതിന്റെ വിധികൾക്കും നിർദ്ദേശങ്ങൾക്കും എത്രത്തോളം കീഴൊതുങ്ങിയോ; അത്രത്തോളം ഈ ആത്മാഭിമാനത്തിൽ നിന്നുള്ള അവന്റെ ഓഹരിയും വർദ്ധിച്ചുകൊണ്ടിരിക്കും.

കാര്യങ്ങളെയും ചുറ്റുപാടുകളെയും അശുഭകരമായി (ദുശ്ശകുനം) കാണുന്ന രീതിയെ ഇസ്‌ലാം ശക്തമായി എതിർക്കുകയും അതിനെതിരെ കടുത്ത മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لاَ عَدْوَى، وَلاَ طِيَرَةَ، وَيُعْجِبُنِي الْفَأْلُ ‏”‏‏.‏ قَالُوا وَمَا الْفَأْلُ قَالَ ‏”‏ كَلِمَةٌ طَيِّبَةٌ ‏”‏‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (അല്ലാഹുവിന്റെ കൽപനയില്ലാതെ സ്വയം പകരുന്ന) പകര്‍ച്ചവ്യാധി എന്നൊന്നില്ല, അശുഭലക്ഷണം (ദുശ്ശകുനം) എന്നതുമില്ല. എന്നാൽ ‘അൽഫഅ്ൽ’ എന്നെ സന്തോഷിപ്പിക്കുന്നു.” അവർ ചോദിച്ചു: “എന്താണ് അൽഫഅ്ൽ?” നബി ﷺ പറഞ്ഞു: “നല്ലൊരു വാക്ക്.” (ബുഖാരി:5776)

അൽഫഅ്ൽ (الْفَأْلُ) എന്നത് ശുഭപ്രതീക്ഷയും അല്ലാഹുവെക്കുറിച്ചുള്ള നല്ല വിചാരവുമാണ്. എന്നാൽ الطيرة (ദുശ്ശകുനം) എന്നത് അല്ലാഹുവെക്കുറിച്ചുള്ള ചീത്ത വിചാരവുമാണ്.

الطيرة (ദുശ്ശകുനം) എന്നാൽ: പക്ഷികൾ, പേരുകൾ, വാക്കുകൾ, സ്ഥലങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ കൊണ്ട് ദുശ്ശകുനം കൽപ്പിക്കലാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക ശരീഅത്ത് അതിനെതിരെ മുന്നറിയിപ്പ് നൽകുകയും, അതിനെ ആക്ഷേപിക്കുകയും, അത്തരം ദുശ്ശകുനം നോക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

നബി ﷺ എപ്പോഴും ശുഭപ്രതീക്ഷയെ ഇഷ്ടപ്പെടുകയും അശുഭചിന്തകളെ വെറുക്കുകയും ചെയ്തിരുന്നു. കാരണം, ശുഭപ്രതീക്ഷ എന്നത് മനുഷ്യന്റെ അഖീദയ്ക്കോ (വിശ്വാസം) അവന്റെ ബുദ്ധിക്കോ യാതൊരുവിധ കോട്ടവും വരുത്തുന്നില്ല. അതിൽ ഹൃദയത്തെ അല്ലാഹുവല്ലാത്ത മറ്റൊന്നുമായും ബന്ധിപ്പിക്കുന്നുമില്ല. തന്നെയുമല്ല, ഹൃദയത്തിലേക്ക് ഉന്മേഷവും സന്തോഷവും പ്രവേശിപ്പിക്കുക, മനോവീര്യവും ലക്ഷ്യബോധവും ശക്തിപ്പെടുത്തുക, ഉപകാരപ്രദമായ ലക്ഷ്യങ്ങളിലേക്കും ഉത്തമമായ പരിസമാപ്തിയിലേക്കും പ്രയാണം ചെയ്യാൻ മനസ്സുകളെ മൂർച്ചകൂട്ടുക തുടങ്ങിയ ഒട്ടനവധി നന്മകൾ ശുഭപ്രതീക്ഷയിലുണ്ട്.

എന്നാൽ ഇതിന് വിപരീതമായി, അശുഭകരമായ വീക്ഷണം എന്നത് വിശ്വാസപരമായി വഴിതെറ്റിക്കുന്ന ഒരു കാഴ്ചപ്പാടാണ്. അത് അല്ലാഹിനെ കുറിച്ചുള്ള സൽവിചാരം ഇല്ലാതാക്കുകയും, ഖൽബിന് ഇടുക്കം സംഭവിക്കുകയും, ആത്മവിശ്വാസം തകര്‍ക്കുകയും, മനോവീര്യത്തെ തളർത്തുകയും ചെയ്യുന്നു. കൂടാതെ അത് മനുഷ്യനിലേക്ക് അലസതയും മടിയും കൊണ്ടുവരുന്നു. അതുകൊണ്ട് തന്നെ, ഈ നിരാശാജനകമായ കാഴ്ചപ്പാടിനെ ആക്ഷേപിക്കാനും ഇരുളടഞ്ഞ ഈ ചിന്താഗതിയോട് പോരാടാനും ഈ പരിശുദ്ധ ദീൻ മുന്നോട്ടുവന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

അശുഭകരമായ വീക്ഷണം അതിന്റെ നാശത്തിന്റെ പരകോടിയിലും, അധപതനത്തിന്റെ അങ്ങേയറ്റത്തും, സർവ്വനാശത്തിന്റെ അന്ത്യത്തിലുമെത്തുന്നത് അത് ഈ മഹത്തായ ദീനിന് നേരെ തിരിയുമ്പോഴാണ്; അത് ദീനിനോട് മുഴുവനായോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും വിധികൾക്കോ ഉദാത്തമായ മര്യാദകൾക്കോ നേരെയോ ആകാം.

ചരിത്രം പരിശോധിക്കുകയും കഴിഞ്ഞുപോയ സമൂഹങ്ങളുടെ അവസ്ഥകൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഈ അശുഭവീക്ഷണം പ്രവാചകന്മാരുടെ ശത്രുക്കളുമായി എപ്പോഴും ഒട്ടിപ്പിടിച്ചു നിന്ന ഒന്നായിരുന്നെന്ന് കാണാൻ സാധിക്കും. പ്രവാചകന്മാരോടും അവർ കൊണ്ടുവന്ന അധ്യാപനങ്ങളോടുമുള്ള ശത്രുത വർദ്ധിക്കുന്നതിനനുസരിച്ച് അവരിൽ ഈ അശുഭചിന്തയുടെ വ്യാപ്തിയും വർദ്ധിച്ചുകൊണ്ടിരുന്നു. അതുപോലെ തന്നെ, സ്വന്തം ദീനിൽ അപകർഷതാബോധമുള്ളവരും, ഈമാനിൽ ബലഹീനതയും ദൗർബല്യവും  ബാധിച്ചവരുമായ ആളുകളിലും ഈ ചിന്താഗതി ഒട്ടിപ്പിടിച്ചിരിക്കുന്നതായി കാണാം. ഇതിനുള്ള ഉദാഹരണങ്ങൾ കാണുക:

ഒന്ന്: മൂസാ നബി عليه السلام യുടെ ജനത, അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളെയും ദുശ്ശകുനമായി കരുതിയിരുന്നതിനെക്കുറിച്ച് അല്ലാഹു വിവരിച്ച കാര്യം. അല്ലാഹു പറയുന്നു:

وَلَقَدْ أَخَذْنَآ ءَالَ فِرْعَوْنَ بِٱلسِّنِينَ وَنَقْصٍ مِّنَ ٱلثَّمَرَٰتِ لَعَلَّهُمْ يَذَّكَّرُونَ ‎﴿١٣٠﴾‏فَإِذَا جَآءَتْهُمُ ٱلْحَسَنَةُ قَالُوا۟ لَنَا هَٰذِهِۦ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا۟ بِمُوسَىٰ وَمَن مَّعَهُۥٓ ۗ أَلَآ إِنَّمَا طَٰٓئِرُهُمْ عِندَ ٱللَّهِ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ‎﴿١٣١﴾

ഫിര്‍ഔന്‍റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌. ഇനി അവര്‍ക്ക് വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഖുർആൻ:7/130-131)

അതായത്, ഫലഭൂയിഷ്ഠതയുടെയും സമൃദ്ധിയുടെയും ഉപജീവനത്തിന്റെയും സമയത്ത് അവർ പറയും: {നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്‌}. അതായത്, ‘ഞങ്ങൾ ഇതിന് പൂർണ്ണമായും യോഗ്യരാണ്’ എന്ന് അവർ അഹങ്കരിക്കുകയും അതിന് അല്ലാഹുവോട് നന്ദി കാണിക്കാതിരിക്കുകയും ചെയ്തു.

എന്നാൽ അവർക്ക് വല്ല തിന്മയും – അതായത് ക്ഷാമവും, വരൾച്ചയും, ഉപജീവനത്തിലെ കുറവും – ബാധിച്ചാൽ, അവർ മൂസാ നബി عليه السلام യെയും അദ്ദേഹത്തിന്റെ കൂടെയുള്ള വിശ്വാസികളെയും ദുശ്ശകുനമായി കൽപിക്കുമായിരുന്നു. അതായത് അവർ പറയും: ‘മൂസായുടെ വരവ് കൊണ്ടും, അദ്ദേഹം പ്രചരിപ്പിക്കുന്ന പ്രബോധനം കൊണ്ടും, ആ പ്രബോധനം മുറുകെപ്പിടിച്ച അദ്ദേഹത്തിന്റെ അനുയായികൾ കാരണവുമാണ് ഞങ്ങൾക്ക് ഈ കഷ്ടപ്പാടുകൾ ഉണ്ടായത്.’

അപ്പോൾ അല്ലാഹു അവരെ ഖണ്ഡിച്ചു: {അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല}. അതായത്, അവർക്ക് ബാധിക്കുന്നതെല്ലാം അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരവും (ഖളാഅ്) വിധിപ്രകാരവുമാണ് (ഖദ്ർ) സംഭവിക്കുന്നത്; അല്ലാതെ അവർ വാദിക്കുന്നത് പോലെയല്ല. തന്നെയുമല്ല, അവരുടെ സ്വന്തം പാപങ്ങളും അവിശ്വാസവുമാണ് അവർക്ക് ആ വിപത്തുകൾ വരാൻ യഥാർത്ഥ കാരണം.

രണ്ട്: സ്വാലിഹ് നബി عليه السلام തന്റെ ജനതയോട് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ആവശ്യപ്പെടുകയും, തിന്മകൾ ചെയ്യുന്നതിനെതിരെ അവർക്ക് മുന്നറിയിപ്പ് നൽകുകയും, അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനായി പാപമോചനത്തിന്  അവരെ പ്രേരിപ്പിക്കുകയും ചെയ്തപ്പോൾ; അവരിലെ ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ നോക്കിയത് ഇതേ അശുഭചിന്തയോടുകൂടിയായിരുന്നു (ദുശ്ശകുനമായിട്ടായിരുന്നു). അല്ലാഹു പറയുന്നു:

وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ ‎﴿٤٥﴾‏ قَالَ يَٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ‎﴿٤٦﴾‏ قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ ‎﴿٤٧﴾

നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് നന്‍മയെക്കാള്‍ മുമ്പായി തിന്‍മയ്ക്ക് തിടുക്കം കൂട്ടുന്നത്‌.? നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം. അവര്‍ പറഞ്ഞു: നീ മൂലവും, നിന്‍റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴയിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു. (ഖുർആൻ:27/45-47)

സ്വാലിഹ് നബി عليه السلام യുടെ മുഖത്ത് അവർ ഒരു നന്മയും കണ്ടിട്ടില്ലെന്നും, അദ്ദേഹവും കൂടെയുള്ള വിശ്വാസികളുമാണ് തങ്ങളുടെ ഇഹലോകത്തിലെ ഭൗതികമായ ആവശ്യങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കാരങ്ങളും തടസ്സപ്പെടാൻ കാരണമായതെന്നും അവർ വാദിച്ചു

അപ്പോൾ അല്ലാഹുവിന്റെ പ്രവാചകനായ സ്വാലിഹ് നബി عليه السلام അവരുടെ ആ അശുഭചിന്തയെ (ദുശ്ശകുനത്തെ)  ഖണ്ഡിച്ചു: {നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ}. അതായത്, നിങ്ങൾക്ക് ബാധിക്കുന്ന വിപത്തുകളും നിങ്ങളെ തേടിയെത്തുന്ന ദുരന്തങ്ങളും അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരവും (ഖളാഅ്) വിധിപ്രകാരവുമാണ് (ഖദ്ർ) സംഭവിക്കുന്നത്. അതിന് യഥാർത്ഥ കാരണം നിങ്ങളുടെ പാപങ്ങളും, അവിശ്വാസികൾക്ക് ഇരുലോകത്തും നന്മയും സന്തോഷവും മാത്രം സമ്മാനിക്കുന്ന അല്ലാഹുവിന്റെ നേരായ ദീനിൽ നിന്നുള്ള നിങ്ങളുടെ പിന്തിരിഞ്ഞുപോക്കുമാണ്.

മൂന്ന്: ഇതുപോലെ തന്നെയാണ് സൂറ: യാസീനിൽ പരാമര്‍ശിച്ച ജനത (أَصْحَٰبَ ٱلْقَرْيَةِ). അവരെ ഈ മഹത്തായ ദീനിലേക്ക് ക്ഷണിച്ചപ്പോൾ അല്ലാഹുവിന്റെ ദൂതന്മാർക്ക് ഇതേ അശുഭചിന്തയോടു കൂടിയാണ് അവര്‍ മറുപടി നൽകിയത്. അല്ലാഹു  പറയുന്നു:

وَٱضْرِبْ لَهُم مَّثَلًا أَصْحَٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ ‎﴿١٣﴾‏ إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ ‎﴿١٤﴾‏ قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ‎﴿١٥﴾‏ قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ ‎﴿١٦﴾‏ وَمَا عَلَيْنَآ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ‎﴿١٧﴾‏ قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ ‎﴿١٨﴾‏ قَالُوا۟ طَٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ‎﴿١٩﴾‏

ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം. അവരിലേക്ക് രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട് നാം അവര്‍ക്ക് പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു. അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ് പറയുക തന്നെയാണ്‌. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്‌. വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല. അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും. അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്‌?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു. (ഖുർആൻ:36/13-19)

അങ്ങനെ, ആ ദൂതന്മാർ നൽകിയ ഗുണദോഷങ്ങളെയും നന്മയിലേക്കുള്ള അവരുടെ മനോഹരമായ മാർഗ്ഗദർശനത്തെയും ഈ അശുഭചിന്തയോടെയാണ് അവർ നേരിട്ടത്. അവർ പറഞ്ഞു: {തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു}. അതായത്, ‘നിങ്ങൾ ഞങ്ങളുടെ അടുക്കലേക്ക് വന്നതിലും ഞങ്ങളുമായി ബന്ധപ്പെട്ടതിലും തിന്മയല്ലാതെ മറ്റൊന്നും ഞങ്ങൾ കണ്ടിട്ടില്ല’ എന്ന്. യാഥാർത്ഥ്യങ്ങളെ ഏറ്റവും കഠിനമായ രീതിയിൽ തലകീഴായി മറിക്കലാണിത്; കാരണം, തങ്ങളുടെ അടുക്കലേക്ക് ഏറ്റവും മഹത്തായ അനുഗ്രഹങ്ങളും അത്യുന്നതമായ നന്മയുമായി വന്നവരെക്കുറിച്ച് ‘അവരുടെ വരവ് തങ്ങളുടെ അവസ്ഥയെ തിന്മയാക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല’ എന്ന് എങ്ങനെയാണ് വിശേഷിപ്പിക്കുക. മാത്രമല്ല, അവർ അതിൽ മാത്രം ഒതുങ്ങിനിന്നില്ല, തങ്ങളുടെ ദൂതന്മാരെ കല്ലെറിഞ്ഞു കൊല്ലുമെന്നും അവർക്ക് ഏറ്റവും കഠിനമായ ശിക്ഷകൾ നൽകുമെന്നും ഭീഷണിപ്പെടുത്താൻ തുടങ്ങി. അവർ പറഞ്ഞു: {നിങ്ങള്‍ ഇതില്‍ നിന്ന്‌ വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും}

അപ്പോൾ അല്ലാഹുവിന്റെ ദൂതന്മാർ അവരുടെ ആ അശുഭചിന്തയെ ഇപ്രകാരം പറഞ്ഞുക്കൊണ്ട് ഖണ്ഡിച്ചു: {നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു.} അതായത്, ‘നിങ്ങളുടെ കൂടെയുള്ള ശിർക്കും (ബഹുദൈവാരാധന) തിന്മയുമാണ് ആ വിപത്തുകളും ദുരന്തങ്ങളും ഉണ്ടാകാനും, നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളും അനുഗ്രഹങ്ങളും ഇല്ലാതാകാനും കാരണം’ എന്ന്. അവരുടെ തുടർന്നുള്ള വചനം: {നിങ്ങൾക്ക് ഉൽബോധനം നൽകപ്പെട്ടാലോ?} അതായത്, ‘നിങ്ങളുടെ നന്മയും ഭാഗ്യവും സൗഭാഗ്യവും അടങ്ങിയിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിച്ചു എന്ന കാരണത്താലാണോ നിങ്ങൾ ഈ പറയുന്നതൊക്കെയും പറയുന്നത്?’ {എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു} അതായത്, എല്ലാ അതിരുകളും ലംഘിച്ച് മുന്നോട്ട് പോകുന്നവരാണ് നിങ്ങൾ.

നാല്: ഇതുപോലെ തന്നെയാണ്, മുഹമ്മദ് നബി ﷺ യെയും അദ്ദേഹത്തിന്റെ പ്രബോധനത്തെയും ഇതേ അശുഭചിന്തയോടുകൂടി  നേരിട്ടവരുടെ അവസ്ഥയെക്കുറിച്ച് അല്ലാഹു അറിയിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا۟ هَٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا۟ هَٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا ‎﴿٧٨﴾‏ مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ وَأَرْسَلْنَٰكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِٱللَّهِ شَهِيدًا ‎﴿٧٩﴾‏

(നബിയേ,) അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്‌. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല.  നന്‍മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്‌.(അതിന്‌) സാക്ഷിയായി അല്ലാഹു മതി. (ഖുർആൻ:4/78-79)

അതായത്, അല്ലാഹുവിന്റെ റസൂൽ ﷺ കൊണ്ടുവന്ന അധ്യാപനങ്ങളിൽ നിന്ന് തിരിഞ്ഞുകളഞ്ഞ ഈ ആളുകളുടെ അവസ്ഥ ഇപ്രകാരമാണ്; അവർക്ക് വല്ല നന്മയും – അതായത് ഫലഭൂയിഷ്ഠതയോ, സമ്പത്തിന്റെ വർദ്ധനവോ, മക്കളുടെ ലഭ്യതയോ, ആരോഗ്യമോ – വന്നുചേർന്നാൽ അവർ പറയും: {ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു} എന്ന്. അതേസമയം അവർക്ക് വല്ല തിന്മയും – അതായത് വരൾച്ചയോ, ദാരിദ്ര്യമോ, രോഗമോ, മക്കളുടെ മരണമോ, പ്രിയപ്പെട്ടവരുടെ വേർപാടോ – ബാധിച്ചാൽ അവർ പറയും: {ഇത് നീ കാരണമാണ്} എന്ന്. അതായത്, ‘മുഹമ്മദേ, നീ ഞങ്ങളുടെ അടുക്കൽ കൊണ്ടുവന്ന കാര്യങ്ങൾ കാരണമാണ് ഇത് സംഭവിച്ചത്’ എന്ന്.

അങ്ങനെ അവർ അല്ലാഹുവിന്റെ റസൂൽ ﷺ യെക്കൊണ്ട് ദുശ്ശകുനം കാണുകയും, അദ്ദേഹത്തെയും അദ്ദേഹം കൊണ്ടുവന്ന ദീനിനെയും ഇതേ അശുഭചിന്തയോടുകൂടി നോക്കിക്കാണുകയും ചെയ്തു; ശിർക്കിന്റെയും വഴികേടിന്റെയും വക്താക്കളായ ഇവരുടെ സമാന ചിന്താഗതിക്കാരുടെ പതിവ് രീതി അതുതന്നെയാണല്ലോ. ഇവരുടെ ഹൃദയങ്ങൾ അവിശ്വാസത്തിലും സത്യത്തെ തടയുന്നതിലും തിരിഞ്ഞുകളയുന്നതിലും പരസ്പരം സാദൃശ്യമുള്ളതായപ്പോൾ, ഇവരുടെ വാക്കുകളും പ്രവൃത്തികളും ഒരുപോലെയാവുകയും ഇവരുടെ ബുദ്ധിയും അഭിപ്രായങ്ങളും യോജിക്കുകയുമുണ്ടായി.

ഇതുപോലെതന്നെ, പ്രവാചകൻമാര്‍ കൊണ്ടുവന്ന അധ്യാപനങ്ങൾക്കോ അല്ലെങ്കിൽ അതിലെ ഏതെങ്കിലും ഭാഗങ്ങൾക്കോ മേൽ തിന്മകൾ സംഭവിക്കുന്നതിന്റെയോ നന്മകൾ ഇല്ലാതാകുന്നതിന്റെയോ കുറ്റം ചുമത്തുന്ന ഏവരും ഈ പറഞ്ഞവരോട് സാദൃശ്യത്തിൽ പങ്കുചേരുന്നവരാണ്. പ്രവാചകന്മാരോടോ, അല്ലെങ്കിൽ അവർ ക്ഷണിച്ച ഈമാനിലേക്കും ഹിദായത്തിലേക്കും (നേർമാർഗ്ഗം) മഹത്തായ നന്മയിലേക്കുമുള്ള അദ്ധ്യാപനങ്ങളോടോ ഇത്തരം അശുഭചിന്ത പുലർത്തുന്നതിന്റെ തോതനുസരിച്ച്, അങ്ങനെയുള്ളവർക്കും മുൻപറഞ്ഞവർക്ക് ലഭിച്ച അതേ ആക്ഷേപവും നിന്ദ്യതയും വന്നുഭവിക്കുന്നതാണ്.

ഈ അശുഭചിന്ത (ദുശ്ശകുനം കൽപിക്കൽ) ബുദ്ധിശൂന്യതയെയും ചിന്തയിലെ മോശത്തരത്തെയും മനസ്സിലാക്കുന്നതിലെ കുറവിനെയുമാണ് കാണിക്കുന്നത്. അതുകൊണ്ടാണ് അല്ലാഹു ആയത്ത് ഇപ്രകാരം പറഞ്ഞുകൊണ്ട് അവസാനിപ്പിച്ചത്: {ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല} അതായത്, ഇത്തരം അശുഭചിന്തയും പാപപങ്കിലമായ വാദങ്ങളും പുറപ്പെടുവിച്ച ഇവർക്ക് എന്തുപറ്റി? “അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല” എന്നാൽ, അവർ കാര്യങ്ങൾ ഒട്ടും തന്നെ മനസ്സിലാക്കുന്നില്ല, അതിനോട് അടുക്കുന്നു പോലുമില്ല; അല്ലെങ്കിൽ വളരെ ദുർബലമായ രീതിയിൽ മാത്രമേ അവർക്ക് അത് മനസ്സിലാകുന്നുള്ളൂ എന്നാണ്.

ഇതിൽ അല്ലാഹുവിങ്കൽ നിന്നും അവന്റെ റസൂൽ ﷺ യിൽ നിന്നും കാര്യങ്ങൾ വിവേചിച്ചറിയാത്തതിനും ഗ്രഹിക്കാത്തതിനും അവർക്കുള്ള ആക്ഷേപവും ശാസനയും കുറ്റപ്പെടുത്തലുമുണ്ട്. അതോടൊപ്പം തന്നെ, അല്ലാഹുവിങ്കൽ നിന്നും റസൂൽ ﷺ യിൽ നിന്നും കാര്യങ്ങൾ ശരിയായി ഗ്രഹിക്കുകയും, ഖുർആനിലും സുന്നത്തിലും വന്നിട്ടുള്ള മുഴുവൻ കാര്യങ്ങളെയും യാതൊരുവിധ ഭയമോ വിമർശനമോ കൂടാതെ പൂർണ്ണ തൃപ്തിയോടെയും സ്വീകാര്യതയോടെയും ഏറ്റെടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികൾക്കുള്ള പ്രശംസയും ഇതിലടങ്ങിയിരിക്കുന്നു.

അല്ലാഹുവിന്റെ ദീൻ ആരെങ്കിലും യഥാർത്ഥ രീതിയിൽ ഗ്രഹിച്ചിട്ടുണ്ടെങ്കിൽ, നന്മയും തിന്മയും അനുകൂലവും പ്രതികൂലവുമായ എല്ലാ സാഹചര്യങ്ങളും അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരവും (ഖളാഅ്) വിധിപ്രകാരവുമാണ് (ഖദ്ർ) സംഭവിക്കുന്നതെന്ന് അവൻ മനസ്സിലാക്കും. പ്രവാചകന്മാർ ജനങ്ങൾക്ക് ദോഷമോ തിന്മയോ വരുത്തിവെക്കുന്ന യാതൊന്നും കൊണ്ടുവരുന്നില്ലെന്നും, അവർ കൊണ്ടുവന്ന അദ്ധ്യാപനങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകാൻ ഒട്ടും സാധ്യമല്ലെന്നും അവൻ തിരിച്ചറിയും; അങ്ങനെ സംഭവിക്കുന്നതിൽ നിന്ന് അവർ എത്രയോ പരിശുദ്ധരാണ്! കാരണം, അവർ നിയോഗിക്കപ്പെട്ടിട്ടുള്ളത് ദീനിന്റെയും ഇഹലോകത്തിന്റെയും പരലോകത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ്. ഒരു ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്:

إِنَّهُ لَمْ يَكُنْ نَبِيٌّ قَبْلِي إِلاَّ كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى خَيْرِ مَا يَعْلَمُهُ لَهُمْ وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ

തീർച്ചയായും എനിക്ക് മുമ്പ് കഴിഞ്ഞുപോയ ഏതൊരു പ്രവാചകനും, തന്റെ സമുദായത്തിന് താൻ അറിയുന്നതിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം കാണിച്ചുകൊടുക്കലും, താൻ അറിയുന്നതിൽ വെച്ച് ഏറ്റവും തിന്മയായ കാര്യത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകലും അദ്ദേഹത്തിന്റെ മേൽ കടമയായിരുന്നു. (മുസ്ലിം:1844)

അതിനാൽ പ്രവാചകന്മാർ സൃഷ്ടികളുടെ മാർഗ്ഗദർശികളും, സത്യത്തിലേക്ക് ക്ഷണിക്കുന്നവരും, നന്മയുടെ വിളക്കുമാടങ്ങളുമാണ്. തന്നെയുമല്ല, പ്രവാചകന്മാരുടെ വഴിയിലൂടെയല്ലാതെ ഒരു നന്മയുമില്ല, അവർ കൊണ്ടുവന്ന അധ്യാപനങ്ങളിൽ നിന്ന് വേർപിരിയുന്നതിലൂടെയല്ലാതെ ഒരു തിന്മയുമില്ല.

ഏതൊരു കാലത്തും ദേശത്തും, ശരീഅത്തിന്റെ അതിരുകൾ ലംഘിക്കുന്നവരും ദീനിൽ നിന്ന് വ്യതിചലിച്ചവരുമായ ആളുകളുടെ അത്ഭുതകരമായ ഒരു സ്വഭാവം എന്തെന്നാൽ; പ്രവാചകന്മാർ കൊണ്ടുവന്ന അദ്ധ്യാപനങ്ങളിൽ തങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങളെ പ്രതിരോധിക്കാൻ ഈയൊരു അശുഭചിന്തയല്ലാതെ (ദുശ്ശകുനം കൽപിക്കലല്ലാതെ) മറ്റൊരു ആയുധവും അവരുടെ പക്കലില്ല എന്നതാണ്. അങ്ങനെ, അവരുടെ ഈയൊരു ചിന്താഗതിയിൽ നിന്ന് പുറത്തുവരുന്ന വാക്കുകൾ അവരുടെ തന്നെ ആദർശപരമായ പാപ്പരത്തത്തിനും അവരുടെ വാദങ്ങളുടെ പൊള്ളത്തരത്തിനും തെളിവായി മാറുന്നു.

ദീനിന്റെ കൽപ്പനകളിലെ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ഇങ്ങനെയുള്ളവർ പറയാറുണ്ട്: ‘ഇത് പിന്നോക്കാവസ്ഥയ്ക്കും തകർച്ചയ്ക്കും കാരണമാണ്’, അല്ലെങ്കിൽ ‘ഇത് മനുഷ്യന്റെ ജീവിത പുരോഗതിയെ തടസ്സപ്പെടുത്തുന്നു’, അതുമല്ലെങ്കിൽ ‘ഇത് ജനങ്ങൾക്ക് പ്രശ്നങ്ങൾ വരാനും അവർക്ക് മേൽ തിന്മകൾ വന്നുഭവിക്കാനും കാരണമാകുന്നു’ എന്നിങ്ങനെ. ഇത്തരം പാപപങ്കിലമായ വാദങ്ങളും അന്യായമായ വാക്കുകളും വ്യക്തമാക്കുന്നത്, ഈ ദീനിന്റെ പദവിയെക്കുറിച്ചോ അതിന്റെ അനുഗൃഹീതമായ ഫലങ്ങളെക്കുറിച്ചോ ഇഹലോകത്തിലും പരലോകത്തിലും അതിന്റെ വക്താക്കൾക്ക് അത് നൽകുന്ന ഉത്തമമായ പരിണാമങ്ങളെക്കുറിച്ചോ ഇവർക്ക് യാതൊരു അറിവുമില്ല എന്നതാണ്.

അതിനാൽ, ഇത്തരം വിപത്തുകളിൽ നിന്ന് ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിക്കട്ടെ; ഈ നേരായ ദീനിലും വക്രതയില്ലാത്ത നേർമാർഗ്ഗത്തിലും (സ്വിറാത്തൽ മുസ്തഖീം) ഉറപ്പിച്ചു നിർത്താൻ അവൻ തന്റെ റബ്ബിനോട് പ്രാർത്ഥിക്കുകയും ചെയ്യട്ടെ.

അവസാനമായി, ഇത്തരം കാര്യങ്ങളിൽ നിന്നും ഖളാഅ് – ഖദ്റിലുള്ള വിശ്വാസം മനുഷ്യന് ആശ്വാസം നൽകുന്നുവെന്ന് തിരിച്ചറിയുക:

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎﴿٢٢﴾‏ لِّكَيْلَا تَأْسَوْا۟ عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا۟ بِمَآ ءَاتَىٰكُمْ ۗ وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ‎﴿٢٣﴾

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:57/22-23)

എല്ലാ കാര്യവും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നതെന്നും, അതിനപ്പുറം യാതൊന്നും സംഭവിക്കുകയില്ലെന്നുമുള്ള ഖദറിന്റെ വിശ്വാസം, സന്താപത്തിൽ മനുഷ്യനെ ക്ഷമാലുവും, സന്തോഷത്തിൽ അവനെ കൃതജ്ഞനുമാക്കിത്തീർക്കുന്നു. നിരാശയിൽനിന്നും ധിക്കാരത്തിൽ നിന്നും അവനെ മോചിപ്പിക്കുന്നു. പരാജയത്തിങ്കൽ ഭീരുത്വത്തിന് പകരം മനോവീര്യവും ധൈര്യവും നൽകുന്നു. വിജയത്തിങ്കൽ, അഹങ്കാരത്തിന് പകരം വിനയവും നന്ദിയും വർദ്ധിപ്പിക്കുന്നു. (അമാനി തഫ്സീർ:സൂറത്തുല്‍ ഹദീദ് – വ്യാഖ്യാനക്കുറിപ്പ്)

كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌. (ഖു൪ആന്‍:9/51)

അല്ലാഹു മുമ്പ് നിശ്ചയിച്ചതേ സംഭവിക്കുകയുള്ളുവെന്ന് ഈ ആയത്തിൽ നിന്നും വ്യക്തം. നമ്മുടെ തീരുമാനങ്ങള്‍ക്കുപരിയായി അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുകയെന്ന യാഥാര്‍ത്ഥ്യം മനസ്സിനെ ബോധ്യപ്പെടുത്താന്‍ ഖളാഅ് – ഖദ്റിലുള്ള വിശ്വാസത്തിന് കഴിയും. അല്ലാഹു ഉദ്ദേശിച്ചതും കണക്കാക്കിയതുമല്ലാതെ യാതൊരു കാര്യവും സംഭവിക്കുകയില്ലെന്നുള്ള ചിന്ത മനസ്സില്‍ വരുമ്പോള്‍ തന്നെ മനസ്സിന് ഒരു ആശ്വാസം ലഭിക്കുന്നു. അവ൪ക്ക് അല്ലാഹുവിന്റെ സഹായവും ലഭിക്കുന്നു.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *