നമസ്കാരത്തിലെ അടക്കവും ഒതുക്കവും

നമസ്കരിക്കുന്നവരിൽ ചിലര്‍ വീണുപോകുന്ന തെറ്റുകളിൽ ഒന്നാണ് നമസ്കാരത്തിലെ ത്വുമഅ്‌നീനത്ത് (അടക്കവും ഒതുക്കവും) ഉപേക്ഷിക്കുക എന്നത്. അങ്ങനെയുള്ളവരെ ഏറ്റവും മോശപ്പെട്ട മോഷ്ടാക്കളായിട്ടാണ് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്.

عن أبي قتادة رضي الله عنه قال : قال رسول الله صلى الله عليه وسلم: “أَسْوَأُ النَّاسِ سَرِقَةً الَّذِي يَسْرِقُ مِنْ صَلَاتِهِ” قَالُوا يَا رَسُولَ اللَّهِ وَكَيْفَ يَسْرِقُ مِنْ صَلَاتِهِ ؟ قَالَ : لَا يُتِمُّ رُكُوعَهَا وَلَا سُجُودَهَا – أَوْ قَالَ – لَا يُقِيمُ صُلْبَهُ فِي الرُّكُوعِ وَالسُّجُودِ.

അബൂഖതാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘ഏറ്റവും മോശപ്പെട്ട കള്ളൻ തന്റെ നമസ്കാരത്തിൽ മോഷണം നടത്തുന്നവനാണ്’. അവ൪ (സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്? നബി ﷺ പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. അവിടുന്ന് പറഞ്ഞു:റുകൂഇലും സുജൂദിലും അവൻ അവന്റെ നട്ടെല്ല് നേരെയാക്കി നിൽക്കുന്നില്ല (അഥവാ, അവൻ ശരീരം നേരെയാക്കുന്നില്ല. (رواه أحمد (5/310) ، والحاكم (1/229) ، وصححه الألباني رحمه الله في (صحيح الجامع ) (986) .)

നമസ്കാരത്തിൽ മോഷണം നടത്തുന്നതിനെ, ധനത്തിൽ മോഷണം നടത്തുന്നതിനേക്കാൾ ഏറ്റവും മോശപ്പെട്ടതും കടുത്തതുമായ കാര്യമായാണ് നബി ﷺ എണ്ണിയത്.

നമസ്കാരത്തിലെ ‘ത്വുമഅ്‌നീനത്ത്’ (ശാന്തത) എന്നത് നമസ്കാരത്തിന്റെ റുക്നുകളിൽ ഒന്നാണ്. അതുകൂടാതെ നമസ്കാരം ശരിയാകുകയില്ല.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ الْمَسْجِدَ، فَدَخَلَ رَجُلٌ فَصَلَّى فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَرَدَّ وَقَالَ ‏”‏ ارْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ ‏”‏‏.‏ فَرَجَعَ يُصَلِّي كَمَا صَلَّى ثُمَّ جَاءَ فَسَلَّمَ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ ‏”‏ ارْجِعْ فَصَلِّ فَإِنَّكَ لَمْ تُصَلِّ ‏”‏ ثَلاَثًا‏.‏ فَقَالَ وَالَّذِي بَعَثَكَ بِالْحَقِّ مَا أُحْسِنُ غَيْرَهُ فَعَلِّمْنِي‏.‏ فَقَالَ ‏”‏ إِذَا قُمْتَ إِلَى الصَّلاَةِ فَكَبِّرْ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنَ الْقُرْآنِ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا، ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا، وَافْعَلْ ذَلِكَ فِي صَلاَتِكَ كُلِّهَا ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  പള്ളിയില്‍ പ്രവേശിച്ചു. അനന്തരം ഒരു മനുഷ്യന്‍ പള്ളിയില്‍ കടന്നു നമസ്കരിക്കുവാന്‍ തുടങ്ങി. നമസ്കാരശേഷം അദ്ദേഹം നബി ﷺക്ക് സലാം ചൊല്ലി. നബി ﷺ സലാമിന്‌ മറുപടി നല്‍കിയിട്ടു പറഞ്ഞു. നീ പോയി വീണ്ടും നമസ്കരിക്കുക. കാരണം നീ നമസ്കരിച്ചിട്ടില്ല. ഉടനെ അദ്ദേഹം തിരിച്ചുപോയി മുമ്പ്‌ നമസ്കരിച്ചപോലെതന്നെ വീണ്ടും നമസ്കരിച്ചു. എന്നിട്ട്‌ നബി ﷺയുടെ അടുത്തുവന്ന്‌ നബി ﷺക്ക് സലാം പറഞ്ഞു. നബി ﷺ അരുളി: നീ പോയി വീണ്ടും നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല. അങ്ങനെ മൂന്നു പ്രാവശ്യം അത്‌ സംഭവിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. സത്യവുമായി താങ്കളെ നിയോഗിച്ചവന്‍ തന്നെയാണ്‌ സത്യം. ഇപ്രകാരമല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ താങ്കള്‍ എന്നെ പഠിപ്പിക്കുക. അന്നേരം നബി ﷺ അരുളി: നീ നമസ്കരിക്കുവാന്‍ നിന്നാല്‍ ആദ്യമായി തക്ബീര്‍ ചൊല്ലുക. പിന്നീട്‌ ഖുര്‍ആനില്‍ നിനക്ക്‌ സൌകര്യപ്പെടുന്ന ഭാഗം ഓതുക. പിന്നെ റുകൂഇലായിരിക്കുമ്പോള്‍ നല്ലവണ്ണം അനക്കങ്ങളടങ്ങും വരേക്കും റുകൂഇല്‍തന്നെ നില്‍ക്കുക. പിന്നീട്‌ റുകൂഇല്‍ നിന്ന്‌ നിന്റെ തല ഉയര്‍ത്തി ശരിക്കും നിവര്‍ന്ന്‌ നില്‍ക്കുക. പിന്നീട്‌ നീ സൂജുദ്‌ ചെയ്യുകയും അതില്‍ അടങ്ങിയിരിക്കുകയും ചെയ്യുക.ശേഷം (സുജൂദില്‍ നിന്നും) തല ഉയ൪ത്തുകയും നല്ലവണ്ണം അനക്കങ്ങളടങ്ങി ഇരിക്കുകയും ചെയ്യുക. ഇത്‌ നിന്റെ നമസ്കാരത്തില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുക. (ബുഖാരി: 757)

റുകൂഇലും സുജൂദിലും തന്റെ നട്ടെല്ല് നിവർത്തി ശരീരം നേരെയാക്കി നിൽക്കാത്തവന്റെ നമസ്കാരം സാധുവല്ലെന്നും, അവൻ അത് വീണ്ടും നിർവഹിക്കണമെന്നും പണ്ഡിതന്മാർ ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ചിട്ടുണ്ട്.. കാരണം, നമസ്കാരത്തിൽ പിഴവ് വരുത്തിയ ആ വ്യക്തിയോട് നബി ﷺ പറഞ്ഞത് ‘നീ പോയി നമസ്കരിക്കുക. നീ നമസ്കരിച്ചിട്ടില്ല’ എന്നായിരുന്നു.

നമസ്കാരം കൃത്യമായി നിർവഹിക്കാനും അത് പൂർണ്ണമാക്കാനും ആജ്ഞാപിച്ചുകൊണ്ടും, നമസ്കാരത്തിൽ ‘ത്വുമഅ്‌നീനത്ത്’ (ശാന്തത) ഉപേക്ഷിക്കുന്നതിനെ കുറിച്ചും, അതിന്റെ റുക്നുകളിലോ വാജിബാത്തുകളിലോ വീഴ്ച വരുത്തുന്നതിനെ കുറിച്ചും മുന്നറിയിപ്പ് നൽകിക്കൊണ്ടും പ്രവാചകചര്യയിൽ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചവയ്ക്ക് പുറമെ അവയിൽ ചിലത് താഴെ നൽകുന്നു:

عن أنس بن مالك رضي الله عنه : أن النبي صلى الله عليه وسلم قال : أَتِمُّوا الرُّكُوعَ وَالسُّجُودَ.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങൾ റുകൂഉം സുജൂദും പൂർണ്ണമാക്കുക’. (ബുഖാരി:6644)

നമസ്കാരത്തിന്റെ പൂർണ്ണത എന്നത് ‘ത്വുമഅ്‌നീനത്ത്’ കൊണ്ട് മാത്രമാണ് ഉണ്ടാകുന്നത്.

عَنْ عَلِيِّ بْنِ شَيْبَانَ، – وَكَانَ مِنَ الْوَفْدِ – قَالَ خَرَجْنَا حَتَّى قَدِمْنَا عَلَى رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَبَايَعْنَاهُ وَصَلَّيْنَا خَلْفَهُ فَلَمَحَ بِمُؤْخِرِ عَيْنِهِ رَجُلاً لاَ يُقِيمُ صَلاَتَهُ – يَعْنِي صُلْبَهُ – فِي الرُّكُوعِ وَالسُّجُودِ فَلَمَّا قَضَى النَّبِيُّ ـ صلى الله عليه وسلم ـ الصَّلاَةَ قَالَ ‏ “‏ يَا مَعْشَرَ الْمُسْلِمِينَ لاَ صَلاَةَ لِمَنْ لاَ يُقِيمُ صُلْبَهُ فِي الرُّكُوعِ وَالسُّجُودِ ‏”‏ ‏.‏

അലിയ്യ് ബ്നു ശൈബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പ്രതിനിധി സംഘത്തിൽ പെട്ട ആളായിരുന്നു. അദ്ദേഹം പറയുന്നു: ഞങ്ങൾ പുറപ്പെട്ട് റസൂൽ ﷺ യുടെ അടുത്തെത്തി. ഞങ്ങൾ അവിടുത്തേക്ക് ബൈഅത്ത് (സത്യപ്രതിജ്ഞ) ചെയ്യുകയും അവിടുത്തെ പിന്നിൽ നമസ്കരിക്കുകയും ചെയ്തു. അപ്പോൾ റസൂൽ ﷺ തന്റെ കണ്ണിന്റെ കോണിലൂടെ ഒരാളെ ശ്രദ്ധിച്ചു; റുകൂഇലും സുജൂദിലും തന്റെ നട്ടെല്ല് (ശരീരം) നേരെയാക്കാതെ നമസ്കരിക്കുന്ന ഒരാളെ. നബി ﷺ നമസ്കാരം പൂർത്തിയാക്കിയപ്പോൾ ആ വ്യക്തിയോട് പറഞ്ഞു: മുസ്ലിംകളേ! റുകൂഇലും സുജൂദിലും തന്റെ നട്ടെല്ല് (ശരീരം) നേരെയാക്കാത്തവന് നമസ്കാരമില്ല. (ഇബ്നുമാജ:871)

റുകൂഇനും സുജൂദിനും ശേഷം അവൻ അവന്റെ ശരീരം നേരെയാക്കുന്നില്ല (അതായത് റുകൂഇന് ശേഷമുള്ള നിര്‍ത്തത്തിലും സുജൂദിന് ശേഷമുള്ള ഇരുത്തത്തിലും). റുകൂഇൽ നിന്ന് എഴുന്നേറ്റ് നിൽക്കൽ, രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തം എന്നിവയും അവ രണ്ടിലുമുള്ള ത്വുമഅ്‌നീനത്തും   നമസ്കാരത്തിന്റെ റുക്നുകളാണ് എന്നതിന് ഈ ഹദീസ് ഒരു തെളിവാണ്.

عن أبي صالح الأشعري أن أبا عبد الله الأشعري حدثه : أن رسول الله صلى الله عليه وسلم بصر برجل يصلي لا يتم ركوعه ولا سجوده فقال : « لو مات هذا على ما هو عليه لمات على غير ملة محمد صلى الله عليه وسلم ، فأتموا الركوع والسجود ، فإن مثل الذي لا يتم ركوعه ولا سجوده مثل الجائع لا يأكل إلا التمرة والتمرتين ، لا تغنيان عنه شيئا » ، قال : أبو صالح : فلقيت أبا عبد الله فقلت : من حدثك هذا الحديث أنه سمعه من رسول الله صلى الله عليه وسلم ؟ قال : حدثني أمراء الأجناد : خالد بن الوليد ، وشرحبيل بن حسنة ، وعمرو بن العاص أنهم سمعوه من النبي صلى الله عليه وسلم[6]

അബൂ സ്വാലിഹ് അൽഅശ്അരിയിൽ നിന്ന് നിവേദനം, അബൂ അബ്ദില്ല അൽഅശ്അരി അദ്ദേഹത്തോട് പറഞ്ഞു: ഒരാൾ തന്റെ റുകൂഉം സുജൂദും പൂർണ്ണമാക്കാതെ നമസ്കരിക്കുന്നത് നബി ﷺ  കണ്ടു.. അപ്പോൾ നബി ﷺ പറഞ്ഞു: “ഇയാൾ ഈ അവസ്ഥയിലാണ് മരണപ്പെടുന്നതെങ്കിൽ, മുഹമ്മദ് നബി ﷺ യുടെ മതത്തിലല്ലാതെയാണ് ഇയാൾ മരണപ്പെടുക. അതിനാൽ നിങ്ങൾ റുകൂഉം സുജൂദും പൂർണ്ണമാക്കുക. കൂഉം സുജൂദും പൂർണ്ണമാക്കാത്തവന്റെ അവസ്ഥ, വിശന്നവന്റെ അവസ്ഥ പോലെയാണ്. അവന് ഒന്നുരണ്ട് കാരക്ക മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിൽ, അത് അവന്റെ വിശപ്പടക്കാൻ ഒട്ടും ഉപകരിക്കില്ല. [ رواه أبو يعلى (7184) ، وحسنه الألباني رحمه الله في (صحيح الترغيب) (528).]

ഇതൊരു കടുത്ത മുന്നറിയിപ്പാണ് . ഇപ്രകാരം പ്രവർത്തിക്കുന്ന ഒരാൾ മോശമായ അന്ത്യം സംഭവിച്ച്, മുഹമ്മദ് നബി ﷺ പഠിപ്പിച്ച ദീനിലല്ലാതെ മരണപ്പെട്ടുപോകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

عن أبي هريرة رضي الله عنه قال : أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَلَاثٍ وَنَهَانِي عَنْ ثَلَاثٍ … وَنَهَانِي عَنْ نَقْرَةٍ كَنَقْرَةِ الدِّيكِ ، وَإِقْعَاءٍ كَإِقْعَاءِ الْكَلْبِ ، وَالْتِفَاتٍ كَالْتِفَاتِ الثَّعْلَبِ )

അബൂഹുറൈററ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് മൂന്ന് കാര്യങ്ങൾ കൽപ്പിക്കുകയും മൂന്ന് കാര്യങ്ങളിൽ നിന്ന് എന്നെ വിലക്കുകയും ചെയ്തു. “കോഴി കൊത്തുന്നതുപോലെ കൊത്തി (നമസ്കരിക്കുന്നതിനെയും), (നമസ്കരികാരത്തിൽ) നായ ഇരിക്കുന്നതുപോലെ ഇരിക്കുന്നതിനെയും, കുറുക്കൻ നോക്കുന്നതുപോലെ ചുറ്റും നോക്കുന്നതിനെയും അവിടുന്ന് എന്നെ വിലക്കി. [رواه أحمد (2/311) ، وحسَّنه الألباني رحمه الله في (صفة الصلاة) ص (131) .]

عَنْ حُذَيْفَةَ، رَأَى رَجُلاً لاَ يُتِمُّ رُكُوعَهُ وَلاَ سُجُودَهُ، فَلَمَّا قَضَى صَلاَتَهُ قَالَ لَهُ حُذَيْفَةُ مَا صَلَّيْتَ ـ قَالَ وَأَحْسِبُهُ قَالَ ـ لَوْ مُتَّ مُتَّ عَلَى غَيْرِ سُنَّةِ مُحَمَّدٍ صلى الله عليه وسلم‏.‏

ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:റുകൂഉം സുജൂദും പൂർണ്ണമാക്കാതെ ഒരാൾ നമസ്കരിക്കുന്നത് ഹുദൈഫ رَضِيَ اللَّهُ عَنْهُ കണ്ടു. ആ വ്യക്തി നമസ്കാരം പൂർത്തിയാക്കിയപ്പോൾ ഹുദൈഫ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തോട് പറഞ്ഞു: ‘നീ നമസ്കരിച്ചിട്ടില്ല! നീ ഈ അവസ്ഥയിലാണ് മരിക്കുന്നതെങ്കിൽ, മുഹമ്മദ് നബി ﷺ യുടെ ചര്യയിലല്ല നീ മരണപ്പെടുക. (ബുഖാരി:389)

മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമുണ്ട്:

وَلَوْ مُتَّ مُتَّ عَلَى غَيْرِ الْفِطْرَةِ الَّتِي فَطَرَ اللَّهُ مُحَمَّدًا صلى الله عليه وسلم‏.‏

നീ ഈ അവസ്ഥയിലാണ് മരണപ്പെടുന്നതെങ്കിൽ, മുഹമ്മദ് നബി ﷺ യെ അല്ലാഹു ഏത് ഫിത്വറത്തിലാണോ (ശുദ്ധപ്രകൃതത്തിലാണോ) സൃഷ്ടിച്ചത്, ആ മാർഗ്ഗത്തിലല്ല നീ മരണപ്പെടുക. (ബുഖാരി:791)

عن طلق بن علي الحنفي رضي الله عنه قال : قال رسول الله صلى الله عليه وسلم : لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَى صَلَاةِ عَبْدٍ لَا يُقِيمُ فِيهَا صُلْبَهُ بَيْنَ رُكُوعِهَا وَسُجُودِهَا

നബി ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമയുടെ നമസ്കാരത്തിലേക്ക് നോക്കുകയില്ല; ആ അടിമ തന്റെ റുകൂഇനും സുജൂദിനും ഇടയിൽ നട്ടെല്ല് നേരെയാക്കി നിൽക്കുന്നില്ലെങ്കിൽ. [ رواه أحمد (4/22) ، وصححه لغيره الألباني رحمه الله في (الصحيحة) (2536) .]

عن عائشة رضي الله عنها قالت :وَكَانَ إِذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ لَمْ يَسْجُدْ حَتَّى يَسْتَوِيَ قَائِمًا وَكَانَ إِذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ لَمْ يَسْجُدْ حَتَّى يَسْتَوِيَ جَالِسًا

ആയിശാ رَضِيَ اللَّهُ عَنْها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ റുകൂഇൽ നിന്ന് തല ഉയർത്തിയാൽ പൂർണ്ണമായി നിവർന്നു നിൽക്കാതെ സുജൂദ് ചെയ്യാറുണ്ടായിരുന്നില്ല. അതുപോലെ, സുജൂദിൽ നിന്ന് തല ഉയർത്തിയാൽ പൂർണ്ണമായി ഇരിക്കാതെ അദ്ദേഹം അടുത്ത സുജൂദ് ചെയ്യാറുണ്ടായിരുന്നില്ല. (മുസ്ലിം:498)

റുകൂഉം സുജൂദും, അവയിൽ നിന്നുള്ള ഉയര്‍ത്തലും പൂർണ്ണമാക്കണമെന്നും, നമസ്കാരം ശരിയാകാൻ ഇവ അനിവാര്യമായ ഘടകങ്ങളാണെന്നും വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അതിനാൽ ഓരോ മുസ്‌ലിമും തന്റെ നമസ്കാരത്തിൽ റുകൂഉം സുജൂദും, അവയിൽ നിന്നുള്ള എഴുന്നേൽക്കലുമെല്ലാം പൂർണ്ണമായും ഭംഗിയായും നിർവ്വഹിക്കാൻ ബാധ്യസ്ഥനാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ, നബി ﷺ പഠിപ്പിച്ച മാതൃക പിന്തുടർന്ന് വേണം ഇത് ചെയ്യാൻ. നബി ﷺ പറഞ്ഞു:

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

ഞാൻ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങളും നമസ്കരിക്കുവീൻ. (ബുഖാരി,മുസ്ലിം)

قال أبو يوسف رحمه الله: تعديل أركان الصلاة – وهو الطمأنينة في الركوع والسجود ، وكذا إتمام القيام بينهما ، وإتمام القعود بين السجدتين – فرضٌ تبطل الصلاة بتركه.

(ഇമാം അബൂ ഹനീഫ رحمه الله യുടെ ശിഷ്യനായ) അബൂയൂസുഫ്  رحمه الله പറഞ്ഞു: നമസ്കാരത്തിലെ റുക്നുകളെ കൃത്യമാക്കൽ – അതായത് റുകൂഇലും സുജൂദിലും ത്വുമഅ്‌നീനത്ത് പാലിക്കൽ, അതുപോലെ റുകൂഇൽ നിന്ന് നിവർന്നു നിൽക്കലും സുജൂദുകൾക്കിടയിൽ ഇരുത്തവും പൂർണ്ണമാക്കൽ – എന്നിവ  നിർബന്ധമാണ്. അവ ഉപേക്ഷിച്ചാൽ നമസ്കാരം അസാധുവാകും.

പല പണ്ഡിതന്മാരും അദ്ദേഹത്തിൽ നിന്ന് ഈ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.

ഓരോ മുസ്‌ലിമും തന്റെ നമസ്കാരത്തെ അതിന്റെ ശ൪ത്വുകള്‍, റുക്നുകള്‍, വാജിബുകള്‍, സുന്നത്തുകള്‍ എന്നിവ പാലിച്ചുകൊണ്ട് പൂർണ്ണമായി കാത്തുസൂക്ഷിക്കേണ്ടത് നിർബന്ധമാണ്. അന്ത്യനാളിൽ ഒരു അടിമയുടെ കർമ്മങ്ങളിൽ നിന്ന് ഏറ്റവും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് നമസ്കാരത്തെ കുറിച്ചായിരിക്കും.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിച്ചു.അത് മോശമായാല്‍ അവന്‍ നഷ്ടക്കാരനും,നിര്‍ഭാഗ്യവാനുമായി….. ( തിര്‍മിദി 413)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *