വിശുദ്ധ ഖുർആനിൽ ഏഴ് ആയത്തുകളുണ്ട്. അവ ഓരോന്നും തുടങ്ങുന്നത് ولو ترى إذ (ആ രംഗം നീ കണ്ടിരുന്നെങ്കില്‍ …) എന്ന പരാമര്‍ശത്തോടെയാണ്. അക്രമികളുടെയും കുറ്റവാളികളുടെയും സത്യനിഷേധികളുടെയും അവസ്ഥകളെയാണ് അവിടെ ചിത്രീകരിക്കുന്നത്. ഈ ദുനിയാവിൽ നിന്നുള്ള തങ്ങളുടെ വിടവാങ്ങൽ സമയമടുത്തുവെന്ന തിരിച്ചറിവിൽ തുടങ്ങുന്ന ആ രംഗം, പിന്നീട് അവരുടെ ആത്മാവ് പിടിക്കാൻ മലക്കുകൾ ഹാജരാകുന്നതിലൂടെയും, മരണവേദനയുമായി അവർ മല്ലിടുന്നതിലൂടെയും കടന്നുപോകുന്നു. തുടർന്ന് സർവ്വാധിനാഥനായ റബ്ബിന്റെ മുന്നിൽ വിചാരണക്കായി അവരെ കൊണ്ടുപോകുന്നതും, ഒടുവിൽ തങ്ങൾ ചെയ്തുകൂട്ടിയ പ്രവർത്തികൾക്കുള്ള പ്രതിഫലമായി നരകത്തിലേക്ക് എറിയപ്പെടുന്നതിന് മുന്നോടിയായി അതിന് മുന്നിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ അവ വിവരിക്കുന്നു.
പ്രസ്തുത ആയത്തുകളിൽ ഒന്ന് സത്യനിഷേധികളുടെ അവസ്ഥയെ ചിത്രീകരിക്കുന്നു. ഈ നശ്വരമായ ദുനിയാവിൽ നിന്നുള്ള തങ്ങളുടെ വിടവാങ്ങൽ അടുത്തുവെന്ന് തിരിച്ചറിയുമ്പോൾ അവരിൽ പരിഭ്രാന്തിയും കടുത്ത ഭയവും അലയടിക്കുന്നു. കളിയും തമാശയും വിനോദവുമായിട്ടായിരുന്നു അവർ ഈ ജീവിതത്തെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ ആയുസ്സ് അവസാനിക്കാറായിരിക്കുന്നു, ശാശ്വത ലോകത്തേക്കുള്ള യാത്രയ്ക്കുള്ള സമയമായിക്കഴിഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾ അത് നടപ്പിലാക്കുന്ന സമയം കാത്തിരിക്കുന്ന അവസ്ഥയ്ക്ക് സമാനമാണിത്. വിശുദ്ധ ഖുർആൻ ആ അവസ്ഥയെ ഇപ്രകാരം വിവരിക്കുന്നു:
وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍ قَرِيبٍ
അവര്‍ (സത്യനിഷേധികള്‍) പരിഭ്രാന്തരായിപോയ സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍ എന്നാല്‍ അവര്‍ (പിടിയില്‍ നിന്ന്) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്ത് നിന്ന് തന്നെ അവര്‍ പിടിക്കപ്പെടും. (ഖു൪ആന്‍:34/51)
അക്രമികളും സത്യനിഷേധികളും കുറ്റവാളികളും ഇപ്പോൾ ആരും കൊതിക്കാത്ത ഒരു അവസ്ഥയിലാണ്; തങ്ങളെ കാത്തിരിക്കുന്ന കാര്യങ്ങളിൽ നിന്ന് അവർക്ക് രക്ഷയില്ല, തങ്ങളിൽ വന്നുഭവിക്കുന്ന വിധിയിൽ നിന്ന് ഓടിപ്പോകാനാവില്ല, തങ്ങൾക്കായി ഒരുക്കിവെച്ചിട്ടുള്ള ശിക്ഷയിൽ നിന്ന് സംരക്ഷിക്കാൻ ആരുമില്ല. അവരുടെ ആത്മാവ് പിടികൂടാനും ലോകരക്ഷിതാവിന്റെ മുൻപിലേക്ക് അവരെ കൊണ്ടുപോകാനുമായി അല്ലാഹുവിന്റെ സൈന്യം (മലക്കുകൾ) എത്തിക്കഴിഞ്ഞു.
രണ്ട്, കുറ്റവാളികളെയും അക്രമികളെയും സത്യനിഷേധികളെയും ചിത്രീകരിക്കുന്നു; അല്ലാഹുവിന്റെ സൈന്യം (മലക്കുകൾ) അവരെ വളഞ്ഞിരിക്കുന്നു. അവർ അവരുടെ ആത്മാക്കളെ പിടിച്ചെടുക്കുകയും, തങ്ങൾ ചെയ്തുകൂട്ടിയ പ്രവർത്തികൾക്കുള്ള ശിക്ഷ ഏറ്റുവാങ്ങുന്നതിനായി കുറ്റവാളികളെ നീതിപീഠത്തിന് മുന്നിലേക്ക് കൊണ്ടുപോകുന്നതുപോലെ അവരെ കൊണ്ടുപോവുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:8/50)
മൂന്ന്, ഒരുപടി കൂടി മുന്നോട്ട് പോയിക്കൊണ്ട്, അക്രമികളും സത്യനിഷേധികളും കുറ്റവാളികളും മരണവേദന അനുഭവിക്കുന്ന അവസ്ഥയെ നമ്മുടെ മുന്നിൽ ചിത്രീകരിക്കുന്നു. മലക്കുകൾ അവരെ വളയുകയും അവരുടെ അവസ്ഥയെ പരിഹസിക്കുകയും ചെയ്യുന്നു. തങ്ങളെ വലയം ചെയ്തിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ അവരെ വെല്ലുവിളിക്കുകയും, അവരെ കാത്തിരിക്കുന്ന കഠിനമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ
ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.) (ഖു൪ആന്‍:6/93)
നാല്, തുടർന്ന് ഖുർആൻ നമ്മെ മറ്റൊരു ചിത്രത്തിലേക്ക് കൊണ്ടുപോകുന്നു; കുറ്റവാളികളും അക്രമികളും സത്യനിഷേധികളും വിധികർത്താക്കളിൽ വെച്ച് ഏറ്റവും വലിയ വിധികർത്താവായ അല്ലാഹുവിന്റെ മുൻപിൽ ഹാജരാക്കപ്പെട്ടിരിക്കുന്നു. അവർ ചെയ്തുകൂട്ടിയ പ്രവർത്തികളെക്കുറിച്ച് അവരോട് ചോദിക്കാനാണത് – അവൻ അവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനായിരിക്കെത്തന്നെ. അല്ലാഹു പറയുന്നു:
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:6/30)
സത്യനിഷേധികൾ ഇപ്പോൾ – അതുപോലെതന്നെ അക്രമികളും കുറ്റവാളികളും – അല്ലാഹുവിന്റെ മുമ്പിലാണുള്ളത്. അവർക്ക് വേണ്ടി വാദിക്കാൻ അവിടെ ആരുമില്ല, അവരെ സഹായിക്കാൻ അവിടെ ആരുമില്ല, അവരെ ഒന്ന് ശ്രദ്ധിക്കാൻ പോലും അവിടെ ആരുമില്ല. ഭൗതിക ലോകത്ത് അവരെ സഹായിച്ചിരുന്നവർ അവരെ കൈവിട്ടു കഴിഞ്ഞു.
അഞ്ച്, ഒഴിഞ്ഞുമാറാൻ കഴിയാത്ത ഈ സാഹചര്യത്തിന് മുമ്പിൽ, കുറ്റവാളികളും അക്രമികളും സത്യനിഷേധികളും തങ്ങളുടെ കുറ്റകൃത്യങ്ങൾ തലതാഴ്ത്തി നിന്ന് ഏറ്റുപറയുന്ന അവസ്ഥയെ മറ്റൊരു സൂക്തം ചിത്രീകരിക്കുന്നു. കാരണം, അവിടെ നിഷേധിക്കാനോ കള്ളം പറയാനോ വിധികർത്താവിനെ സ്വാധീനിക്കാനോ വഴിയില്ല; ആന്തരികമായോ ബാഹ്യമായോ ഉള്ള യാതൊരു സഹായവും അവിടെ ലഭ്യമല്ല. അവർ തങ്ങളുടെ പാപങ്ങൾ സമ്മതിക്കുന്നു; സാഹചര്യം ശരിയാക്കാനും നേർവഴിയിലേക്ക് മടങ്ങാനുമായി വീണ്ടും ദുനിയാവിലേക്ക് തിരിച്ചയക്കാൻ അവർ ആഗ്രഹിക്കുന്നു. പക്ഷേ, അതെവിടെ സാധിക്കില്ല.
وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَٰلِحًا إِنَّا مُوقِنُونَ
കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട,് ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!) (ഖു൪ആന്‍:32/12)
ആറ്, കുറ്റവാളികളും അക്രമികളും സത്യനിഷേധികളും ലോകരക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുമ്പോൾ, അവൻ അവരോട് ചോദ്യങ്ങൾ ഉന്നയിക്കുന്നു. ആ സമയത്ത് അവർ പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങുന്നു. തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകളുടെ ഉത്തരവാദിത്തം തങ്ങൾക്ക് ദുനിയാവിൽ സഹായികളായിരുന്നവരുടെ മേൽ കെട്ടിവെക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു. അല്ലാഹു പറയുന്നു:
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ
(നബിയേ,) ഈ അക്രമികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍! അവരില്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്‍റെ മേല്‍ കുറ്റം ആരോപിച്ച് കൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവര്‍ വലുപ്പം നടിച്ചിരുന്നവരോട് പറയും: നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ. (ഖു൪ആന്‍:34/31)
കുറ്റവാളികളും അക്രമികളും സത്യനിഷേധികളും തങ്ങളുടെ കൈകൾ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ കെട്ടിവെക്കാൻ ആഗ്രഹിക്കുന്നു.
സത്യനിഷേധികളുടെയും കുറ്റവാളികളുടെയും അക്രമികളുടെയും അവസ്ഥ വിവരിക്കുന്ന രംഗങ്ങളിലെ അവസാനത്തെ ദൃശ്യം, അവർ നരകാഗ്നിക്ക് മുൻപിൽ നിൽക്കുന്നതാണ്. തങ്ങൾ ചെയ്തുകൂട്ടിയ പ്രവർത്തികൾക്കുള്ള പ്രതിഫലമായി അതിലേക്ക് എറിയപ്പെടാൻ തയ്യാറായി നിൽക്കുന്ന ആ രംഗം അതീവ ഭയാനകമാണ്.
وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ
അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു. (ഖു൪ആന്‍:6/27)
ഭയാനകമായ ഈ സാഹചര്യത്തിന് മുൻപിൽ, കുറ്റവാളികളും അക്രമികളും സത്യനിഷേധികളും വീണ്ടും ആ പഴയ ആഗ്രഹം ആവർത്തിക്കുന്നു; ഇസ്‌ലാമിനെയും ഈമാനിനെയും സത്യപ്പെടുത്താനായി ദുനിയാവിലേക്ക് ഒരിക്കൽ കൂടി മടങ്ങാൻ അവർ കൊതിക്കുന്നു. എന്നാൽ അതെവിടെ സാധിക്കാൻ! ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ വേളയിൽത്തന്നെ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാണല്ലോ അവർ ഇനി അങ്ങോട്ട് (ഭൂമിയിലേക്ക്) മടങ്ങില്ല എന്ന്.
ഈ സൂക്തങ്ങളിൽ അഭിസംബോധന ചെയ്തിരിക്കുന്നത് നബി ﷺ യെയാണെങ്കിലും, യഥാർത്ഥത്തിൽ അത് അദ്ദേഹത്തിന്റെ ഉമ്മത്തിനുള്ള സന്ദേശമാണ്. അവ ഏതെങ്കിലും പ്രത്യേക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടതാണെങ്കിലും, അവ നൽകുന്ന സന്ദേശം പൊതുവായതാണ്. അത് എല്ലാ വ്യക്തികളെയും, എല്ലാ കാലഘട്ടങ്ങളെയും, എല്ലാത്തരം അക്രമികളെയും കുറ്റവാളികളെയും സത്യനിഷേധികളെയും ഉൾക്കൊള്ളുന്നതാണ്.
www.kanzululoom.com