നബി ﷺ മദീനയിലേക്ക് ഹിജ്‌റഃ വരുമ്പോള്‍, മദീനയില്‍ നിന്ന് രണ്ടു നാഴിക തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്വുബായില്‍ ഇറങ്ങി അല്‍പദിവസം അവിടെ താമസിക്കുകയുണ്ടായി. ആ അവസരത്തില്‍ നിര്‍മിക്കപ്പെട്ടതും, ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ടതുമായ പള്ളിയത്രെ ക്വുബായിലെ പള്ളി. പിന്നീടാണ് തിരുമേനി മദീനയിലേക്ക് പോയതും, അവിടത്തെ പള്ളി ‘അല്‍മസ്‌ജിദുന്നബവീ’ സ്ഥാപിച്ചതും. നബി ﷺ കാല്‍നടയായും, വാഹനമേറിയും ഇടക്കിടെ ക്വുബാ പള്ളിയില്‍ വന്നു സന്ദര്‍ശനം നടത്തിപ്പോയിരുന്നതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. (അമാനി തഫ്സീര്‍:9/108)
നബി ﷺ മക്കയിൽനിന്ന് ഹിജ്റ ചെയ്ത വിവരം മദീനയിലെ മുസ്‌ലിംകൾ കേട്ടിരുന്നു. ഹർറയിൽ വെച്ച് അവര്‍ നബി ﷺ യെ സ്വീകരിച്ചു. നബി ﷺ അവരുടെ കൂടെ സഞ്ചരിച്ച് ബനൂഅംറ്‌ബ്‌നു ഔഫിന്റെ വാസസ്ഥലത്തെത്തി. നബി ﷺ യുടെ ഹിജ്റ വിവരിക്കുന്ന സുദീര്‍ഘമായ ഹദീസിൽ ഇപ്രകാരം കാണാം:
فَلَبِثَ رَسُولُ اللَّهِ صلى الله عليه وسلم فِي بَنِي عَمْرِو بْنِ عَوْفٍ بِضْعَ عَشْرَةَ لَيْلَةً وَأُسِّسَ الْمَسْجِدُ الَّذِي أُسِّسَ عَلَى التَّقْوَى، وَصَلَّى فِيهِ رَسُولُ اللَّهِ صلى الله عليه وسلم، ثُمَّ رَكِبَ رَاحِلَتَهُ …..
പത്തിലധികം ദിവസങ്ങൾ അല്ലാഹുവിൻ്റെ റസൂൽ ﷺ ബനൂഅംറ്ബ് ഔഫിന്റെ വാസസ്ഥലത്ത് താമസിച്ചു. തഖ്‌വയിൽ സ്ഥാപിതമായ മസ്‌ജിദ് അവിടെ നിർമിച്ചു. അവിടെ വെച്ച് അല്ലാഹുവിൻ്റെ റസൂൽ ﷺ നമസ്കരിച്ചു. പിന്നീട് തന്റെ വാഹനപ്പുറത്തുകയറി പുറപ്പെട്ടു. (ബുഖാരി:3906)
ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിതമായ മസ്‌ജിദുഖുബായെ കുറിച്ചാണ് ഹദീസിൽ ‘തഖ്‌വയിൽ സ്ഥാപിതമായ മസ്‌ജിദ്’ എന്ന് പറഞ്ഞിട്ടുള്ളത്.
കപടവിശ്വാസികള്‍ ഖുബായില്‍ സ്ഥാപിച്ചതും مَسْجِد الضِرَار (മസ്‌ജിദു-ദ്ദ്വിറാര്‍) അഥവാ ഉപദ്രവത്തിന്‍റെ പള്ളി എന്ന പേരില്‍ അറിയപ്പെട്ടതുമായ ഒരു കുപ്രസിദ്ധ സ്ഥാപനത്തെ കുറിച്ച് പരാമര്‍ശിക്കവെ, വിശുദ്ധ ഖുര്‍ആൻ മസ്‌ജിദുഖുബായെ സൂചിപ്പിച്ചിട്ടുണ്ട്.
وَٱلَّذِينَ ٱتَّخَذُوا۟ مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقَۢا بَيْنَ ٱلْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَآ إِلَّا ٱلْحُسْنَىٰ ۖ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ ﴿١٠٧﴾ لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ ﴿١٠٨﴾
ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ തഖ്‌വയിൽമേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖുര്‍ആൻ:9/107-108)
തഖ്‌വയിൽ സ്ഥാപിതമായ പള്ളി എന്ന ഈ ആയത്തിലെ വിശേഷണവും മസ്‌ജിദുഖുബായെ കുറിച്ചാണ്.
നബിﷺ ആഴ്ചയിലൊരിക്കൽ ഖുബാ പളളി സന്ദർശിക്കുകയും അവിടെ നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
عَنِ ابْنِ، عُمَرَ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْتِي مَسْجِدَ قُبَاءٍ رَاكِبًا وَمَاشِيًا فَيُصَلِّي فِيهِ رَكْعَتَيْنِ .
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ കാൽനടയായും വാഹനത്തിലേറിയും ഖുബായിൽ സന്ദർശിക്കുകയും അവിടെ രണ്ടു റകഅത്ത് നമസ്‌കരിക്കുകയും ചെയ്തിരുന്നു. (മുസ്ലിം: 1399)
മസ്‌ജിദുഖുബാഇലെ നമസ്കാരത്തിന് ശ്രേഷ്ടതയുണ്ട്.
عَنْ سَهْلُ بْنُ حُنَيْفٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ أَتَى مَسْجِدَ قُبَاءٍ، فَصَلَّى فِيهِ صَلاَةً، كَانَ لَهُ كَأَجْرِ عُمْرَةٍ
സഹ്ൽ ബ്നു ഹുനൈഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും തന്റെ താമസ സ്ഥലത്തുനിന്ന് വുദൂഅ് ചെയ്തു ഖുബാ മസ്ജിദിൽ വന്ന് നമസ്കരിച്ചാൽ അവന് ഒരു ഉംറ നിർവഹിച്ച പ്രതിഫലമുണ്ട്. (ഇബ്നുമാജ:1412)
عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ، قَالَ قَالَ أَبِي قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ خَرَجَ حَتَّى يَأْتِيَ هَذَا الْمَسْجِدَ مَسْجِدَ قُبَاءٍ فَصَلَّى فِيهِ كَانَ لَهُ عِدْلَ عُمْرَةٍ ” .
അബൂഉമാമ ബ്നു സഹ്ൽ ബ്നു ഹുനൈഫ് رَضِيَ اللَّهُ عَنْهُ പറയുന്നു:എന്റെ പിതാവ് എന്നോട് പറഞ്ഞു: നബി ﷺ പറഞ്ഞു: ആരെങ്കിലും പുറപ്പെട്ട് ഖുബാ മസ്ജിദിൽ വന്ന് നമസ്കരിച്ചാൽ അവന് ഒരു ഉംറക്ക് തുല്ല്യമായ പ്രതിഫലമുണ്ട്. (നസാഇ:699)
www.kanzululoom.com