اللعان لغة: مصدر لاعَنَ، مأخوذ من اللعن وهو الطرد والإبعاد.
ലാഅന’ (لاَعَنَ)എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ലിആൻ’(لِعَان). അത് ലഅ്നിൽനിന്ന് എടുക്കപ്പെട്ടതാകുന്നു. വെടിയുക, ദൂരെയാക്കുക എന്നൊക്കെയാണ് അത് അർഥമാക്കുന്നത്.
وشرعاً: شهادات مؤكدات بالأيمان، مقرونة باللعن من جهة الزوج وبالغضب من جهة الزوجة، قائمة مقام حد القذف في حق الزوج، ومقام حد الزنى في حق الزوجة. وسُمِّي اللعان بذلك؛ لقول الرجل في الخامسة: أن لعنة الله عليه إن كان من الكاذبين، ولأن أحدهما كاذب لا محالة، فيكون ملعوناً.
ശപഥങ്ങൾകൊണ്ട് ശക്തിപ്പെടുത്തപ്പെടുന്ന, ഭർത്താവിന്റെ ഭാഗത്തുനിന്ന് ശാപവും ഭാര്യയുടെ ഭാഗത്തുനിന്ന് കോപവും ചേർത്തുകൊണ്ടുള്ള സാക്ഷ്യമൊഴികളാണ് സാങ്കേതികമായി ലിആൻ. ഭർത്താവിന്റെയടുക്കൽ വ്യഭിചാരാരോപണത്തിന്റെ ശിക്ഷയുടെ സ്ഥാനത്തും ഭാര്യയുടെയടുക്കൽ വ്യഭിചാരശിക്ഷയുടെ സ്ഥാനത്തുമാണ് ഈ സാക്ഷ്യങ്ങൾ നിലക്കൊള്ളുന്നത്. പുരുഷൻ (തന്റെ ഭാര്യ ജാരസംസർഗത്തിലേർപ്പെട്ടുവെന്ന് കുറ്റാരോപണം നടത്തിയതിൽ താൻ സത്യവാനാണെന്ന് നാലു പ്രാവശ്യം അല്ലാഹുവിന്റെ പേരിൽ സാക്ഷ്യം വഹിച്ച്) അഞ്ചാമത്തെതിൽ ‘താൻ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിന്റെ ‘ലഅ്നത്ത്’ (ശാപം) എന്റെമേൽ ഭവിക്കട്ടെ’ എന്നു പ്രാർഥിക്കുന്നതിനാലാണ് ‘ലിആൻ’ എന്ന് ഇതിനു പേരുവെക്കപ്പെട്ടത്. അവർ രണ്ടുപേരിലൊരാൾ വ്യാജവാദിയാണെന്നത് ഉറപ്പ്. അതിനാൽ അയാൾ ശാപാർഹനുമാണ്.
ലിആനിന്റെ തെളിവുകൾ
ലിആൻ മതപരമാണെന്നതിന് ക്വുർആനിലും ഹദീസിലും തെളിവുണ്ട്. അല്ലാഹു പറഞ്ഞു:
وَٱلَّذِينَ يَرْمُونَ أَزْوَٰجَهُمْ وَلَمْ يَكُن لَّهُمْ شُهَدَآءُ إِلَّآ أَنفُسُهُمْ فَشَهَٰدَةُ أَحَدِهِمْ أَرْبَعُ شَهَٰدَٰتِۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلصَّٰدِقِينَ ﴿٦﴾ وَٱلْخَٰمِسَةُ أَنَّ لَعْنَتَ ٱللَّهِ عَلَيْهِ إِن كَانَ مِنَ ٱلْكَٰذِبِينَ ﴿٧﴾ وَيَدْرَؤُا۟ عَنْهَا ٱلْعَذَابَ أَن تَشْهَدَ أَرْبَعَ شَهَٰدَٰتِۭ بِٱللَّهِ ۙ إِنَّهُۥ لَمِنَ ٱلْكَٰذِبِينَ ﴿٨﴾ وَٱلْخَٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيْهَآ إِن كَانَ مِنَ ٱلصَّٰدِقِينَ ﴿٩﴾
തങ്ങളുടെ ഭാര്യമാരുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, അവരവര്‍ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായും താന്‍ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു. അഞ്ചാമതായി, താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) തീര്‍ച്ചയായും അവന് കളവ് പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന് അല്ലാഹുവിന്റെ പേരില്‍ അവള് നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. അഞ്ചാമതായി അവന് സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ കോപം തന്റെ മേല്‍ ഭവിക്കട്ടെ എന്ന് (പറയുകയും വേണം.) (ഖുർആൻ: 24/6-9)
സഹ്ൽ ഇബ്നുസഅ്ദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസും ലിആനിന്റെ വിഷയത്തിൽ തെളിവാണ്:
أن رجلاً من الأنصار جاء إلى رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فقال: يا رسول الله، أرأيت رجلاً وجد مع امرأته رجلاً أيقتله أم كيف يفعل؟ فأنزل الله في شأنه ما ذكر في القرآن من أمر المتلاعنين. فقال النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: (قد قضى الله فيك وفي امرأتك) قال: فتلاعنا في المسجد وأنا شاهد.
അൻസ്വാരികളിൽപെട്ട ഒരു വ്യക്തി തിരുദൂതരുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഒരു വ്യക്തി തന്റെ ഭാര്യയുടെ കൂടെ ഒരാളെ കണ്ടാൽ അവനെ വധിക്കേണമോ അതല്ലെങ്കിൽ എപ്രകാരമാണു ചെയ്യേണ്ടത്?’ അപ്പോൾ അയാളുടെ വിഷയത്തിൽ ലിആൻ ചെയ്തുകൊണ്ട് പരസ്പരം വേർപിരിയുന്ന ദമ്പതികളുടെ കാര്യത്തിൽ വിശുദ്ധക്വുർആനിൽ പരാമർശിച്ച വചനങ്ങൾ അവ തീർണമായി. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘താങ്കളുടെയും താങ്കളുടെ ഭാര്യയുടെയും വിഷയത്തിൽ അല്ലാഹു തീർപ്പുണ്ടാക്കിയിരിക്കുന്നു.’ (സഹ്ൽ) പറയുന്നു: ‘ഞാൻ സാക്ഷിയായിരിക്കെ അവർ രണ്ടു പേരും പള്ളിയിൽവെച്ചു ലിആൻ നടത്തി.’
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
فتلاعنا، وأنا مع الناس عند رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ഞാൻ ജനങ്ങളോടൊപ്പം തിരുദൂതരുടെ അടുക്കലായിരിക്കെ അവർ രണ്ടുപേരും ലിആൻ നടത്തി. (ബുഖാരി, മുസ്ലിം)
ലിആൻ മതപരമാക്കിയതിലെ യുക്തി
തന്റെ ഭാര്യയുടെ വ്യഭിചാരത്താൽ ദുരാക്ഷേപം തനിക്കു വന്നണയാതിരിക്കുക, തന്റെ കിടപ്പറ അലങ്കോലപ്പെടാതിരിക്കുക, ജാരസന്താനം തന്നിലേക്ക് ചേർക്കപ്പെടാതിരിക്കുക തുടങ്ങിയവയാണ് ഭർത്താവിനെ സംബന്ധിച്ചിടത്തോളം ലിആൻ മതപരമാക്കിയതിലുള്ള പൊരുൾ. ഭാര്യ തെറ്റുകാരിയായിട്ടും മിക്കവാറും അവൾക്കെതിരിൽ തെളിവ് സ്ഥാപിക്കുവാൻ ഭർത്താവിനു സാധിച്ചുകൊള്ളണമെന്നില്ല. അവളുടെ തെറ്റ് അവൾ അംഗീകരിക്കുകയുമില്ല. അവൾക്കെതിരിലുള്ള അവന്റെ മൊഴി അസ്വീകാര്യവു മായിരിക്കും. അപ്പോൾ കടുത്ത ഭാഷ്യത്തിലുള്ള ശപഥങ്ങൾക്കൊണ്ട് അവർ സത്യം ചെയ്യൽ മാത്രമാണ് ശേഷിക്കുന്നത്.
ലിആൻ മതപരമാക്കിയതിലൂടെ അവന്റെ പ്രശ്നത്തിനു പരിഹാരവും പ്രയാസം ഒഴിവാക്കലും കുറ്റാരോപണം നടത്തിയതിന്റെ ശിക്ഷ ഭർത്താവിൽനിന്ന് തടുക്കലുമായി. ഭർത്താവിനു താനല്ലാതെ മറ്റൊരു സാക്ഷിയില്ലാത്തതിനാൽ ഭർത്താവിന്റെ ശപഥങ്ങളെ അതുപോലുള്ള ആ വർത്തിച്ചുള്ള ശപഥങ്ങൾകൊണ്ട് ചെറുക്കുവാൻ അവൾക്ക് അവസരം നൽകപ്പെട്ടു. അതിലൂടെ അവളിൽനിന്ന് വ്യഭിചാര ശിക്ഷ ഒഴിവാക്കപ്പെടും. അവളുടെ സത്യവും സാക്ഷ്യവുമില്ലായിരുന്നുവെങ്കിൽ അവൾക്ക് ശിക്ഷ അനിവാര്യമായിരുന്നു. ഭർത്താവ് സത്യവും സാക്ഷ്യവും വിസമ്മതിച്ചിരുന്നുവെങ്കിൽ ജാരസംസർഗത്തിൽ ഏർപ്പെട്ടുവെന്ന കുറ്റാരോപണത്തിന്റെ ശിക്ഷ അവന് അനിവാര്യമാകുമായിരുന്നു. അവൻ സത്യം ചെയ്തതിൽ പിന്നെ അവൾ സത്യത്തിനു വിസമ്മതിച്ചാൽ അവളുടെ വിസമ്മതത്തോടൊപ്പം അവന്റെ സത്യങ്ങൾ ശക്തവും വ്യക്തവുമായ തെളിവുകളായി. അവയ്ക്ക് എതിർമൊഴിയില്ല. അന്നേരം അവളുടെമേൽ വ്യഭിചാരത്തിനുള്ള ശിക്ഷ നടപ്പിലാക്കപ്പെടും.
ലിആനിന്റെ നിബന്ധനയും രീതിയും
ലിആൻ സാധുവാകുവാനുള്ള ശർത്വുകൾ:
1. വിധിവിലക്കുകൾ ബാധകമായ (പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള) ഭാര്യഭർത്താക്കന്മാർ തമ്മിലായിരിക്കണം ലിആൻ.
2. ‘ഓ വ്യഭിചാരിണീ,’ ‘നീ വ്യഭിചരിക്കുന്നത് ഞാൻ കണ്ടു,’ ‘നീ വ്യഭിചരിച്ചു’ എന്നിങ്ങനെ പറഞ്ഞുകൊണ്ട് ഭർത്താവ് ഭാര്യ ജാരസംസർഗത്തിലേർപ്പെട്ടുവെന്ന കുറ്റാരോപണം നടത്തണം.
3. ഭർത്താവിന്റെ ഈ ആരോപണത്തിൽ ഭാര്യ അയാളെ കളവാക്കണം. ലിആൻ നടത്തിത്തീരുവോളം അവൾ അവനെ കളവാക്കുന്നത് തുടരുകയും വേണം.
4. ഒരു ന്യായാധിപന്റെ വിധിയിൽ ലിആൻ പൂർത്തിയാക്കണം.
ന്യായാധിപന്റെ സമക്ഷം ഒരു വിഭാഗം ആളുൾക്കു മുന്നിൽവെച്ച് അവൻ പറയണം: ‘എന്റെ ഭാര്യയായ ഇന്നവളെ കുറിച്ച് ഞാൻ നടത്തിയ വ്യഭിചാരാരോപണത്തിൽ ഞാൻ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്നത് ഞാൻ അല്ലാഹുവിന്റെ പേരിൽ സാക്ഷ്യം വഹിക്കുന്നു.’ ഇത് അയാൾ നാലു പ്രവശ്യം പറയണം. അവൾ സന്നിഹിതയാണെങ്കിൽ അവളിലേക്ക് വിരൽ ചൂണ്ടുകയും അവളുടെ അസാന്നിധ്യത്തിൽ അവളെ തിരിച്ചറിയും വിധം അവളുടെ പേരു പറയുകയും വേണം. ന്യായാധിപൻ കളവിന്റെ വിഷയത്തിൽ അവനെ ഉപദേശിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്ത ശേഷം അഞ്ചാമത്തെ സാക്ഷ്യത്തിൽ ‘ഞാൻ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിന്റെ ശാപം എന്റെമേൽ ഭവിക്കട്ടെ’ എന്ന് കൂടുതലായി പറയണം.
പിന്നീട് ഭാര്യ നാലു പ്രാവശ്യം ‘എന്നെ വ്യഭിചാരാരോപണം നടത്തിയതിൽ അവൻ കള്ളം പറഞ്ഞിരിക്കുന്നു എന്നതിനു ഞാൻ അല്ലാഹുവിന്റെ പേരിൽ സാക്ഷ്യം വഹിക്കുന്നു’ എന്നു പറയുകയും അഞ്ചാമത്തെ സാക്ഷ്യത്തിൽ ‘അവൻ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിന്റെ കോപം എന്റെമേൽ ഭവിക്കട്ടെ’ എന്ന് കൂടുതലായി പറയുകയും വേണം.
ലിആനിനെ തുടർന്നുള്ള മതവിധികൾ
ലിആൻ പൂർണമായാൽ താഴെവരുന്ന വിധികൾ അതിനെ തുടർന്നുവരും:
1. ഭർത്താവിനെ തൊട്ട് വ്യഭിചാരാരോപണത്തിന്റെ ശിക്ഷ ഒഴിവാകും.
2. ഭാര്യഭർത്താക്കന്മാർക്കിടയിൽ ബന്ധവിഛേദവും എക്കാലവും അവൾ അവന് നിഷിദ്ധമെന്നതും സ്ഥിരപ്പെടും; അധികാരി അവർക്കിടയിൽ വേർപ്പെടുത്തിയില്ലെങ്കിലും ശരി.
3. അവളുടെ കുഞ്ഞിനെ ഭർത്താവിലേക്കു ചേർക്കപ്പെടുകയില്ല. ഭാര്യയിലേക്കാണ് ചേർക്കപ്പെടുക. കുഞ്ഞ് തന്റെതല്ലെന്ന് തുറന്നടിക്കൽ ലിആനിന്റെ തേട്ടമാകുന്നു. അഥവാ, എന്റെ ഭാര്യയെ കുറിച്ച് ഞാൻ നടത്തിയ വ്യഭിചാരാരോപണത്തിൽ ഞാൻ സത്യവാന്മാരുടെ കൂട്ടത്തിലാകുന്നു എന്നതും ഇത് എന്റെ കുഞ്ഞ് അല്ലെന്നതും ഞാൻ അല്ലാഹുവിന്റെ പേരിൽ സാക്ഷ്യം വഹിക്കുന്നു എന്ന് അവൻ പറയുന്നതുപോലെ. ഇബ്നുഉമറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – لاعن بين رجل وامرأته ففرق بينهما، وألحق الولد بالمرأة
തിരുനബിﷺ ഒരു വ്യക്തിയുടെയും അയാളുടെ ഭാര്യയുടെയുമിടയിൽ ലിആൻ നടപ്പിലാക്കി. തുടർന്ന് അവരെ പരസ്പരം വേർപിരിക്കുകയും കുഞ്ഞിനെ ഭാര്യയിലേക്ക് ചേർക്കുകയുമുണ്ടായി. [رواه البخاري برقم (٥٣١٥)، ومسلم برقم (١٤٩٤).]
4. ഭാര്യയുടെമേൽ വ്യഭിചരിച്ചതിനുള്ള ശിക്ഷ നിർബന്ധമാകും. എന്നാൽ അവളും ലിആൻ നടത്തിയാൽ ശിക്ഷ ഒഴിവാകും. കാരണം അവൻ ശപഥം ചെയ്യുന്നതോടൊപ്പം ശപഥങ്ങളിൽനിന്നുള്ള അവളുടെ ഒഴിവാകൽ അവളിൽ ശിക്ഷ നടപ്പാക്കുന്നതിനെ അനിവാര്യമാക്കുന്ന ശക്തവും വ്യക്തവുമായ തെളിവാകുന്നു.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com