ബയ്ഇന്റെ നിർവചനം
ഒരു വസ്തു സ്വീകരിച്ച് മറ്റൊരു വസ്തു നൽകുന്നതിനാണ് ബയ്അ് (വ്യാപാരം) എന്നു ഭാഷയിൽ പറയുക.
സമ്പത്ത് സമ്പത്തുമായി അല്ലെങ്കിൽ ഒരു വസ്തുവിന്റെ അനുവദനീയമായ പ്രയോജനവുമായി അന്യോന്യം എന്നെന്നേക്കുമായി പലിശയായോ ദാനമായോ അല്ലാതെ കൈമാറ്റം ചെയ്യുന്നതിനാണ് ‘ബയ്അ്’ എന്നു സാങ്കേതികമായി പറയുക; അത് കടമായിട്ടാണെങ്കിലും ശരി.
ബയ്ഇന്റെ മതവിധി
വ്യാപാരം അനുവദനീയമാകുന്നു. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു:
وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ
കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:2/275)
عن ابن عمر رضي الله عنهما، أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: إذا تبايع الرجلان فكل واحدٍ منهما بالخيار ما لم يتفرقا وكانا جميعاً.
ഇബ്‌നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: രണ്ടുപേർ ക്രയവിക്രയം ചെയ്താൽ പരസ്പരം പിരിഞ്ഞുപോകുന്നതുവരെ ഇരുവർക്കും ഖിയാർ (കച്ചവടം ഉറപ്പിക്കുവാനും റദ്ദാക്കുവാനുമുള്ള അവകാശം) ഉണ്ട്. (ബുഖാരി, മുസ്ലിം)
ജനങ്ങളുടെ ആവശ്യം കച്ചവടത്തെ തേടുന്നു. കാരണം, അപരന്റെ കൈയിലുള്ളതിൽ മനുഷ്യൻ ആവശ്യക്കാരനാണ്. അവന്റെ അഭിവൃദ്ധി അതുമായി ബന്ധപ്പെട്ടുകിടക്കുന്നു. ശരിയായ മാർഗേണ അതിലേക്ക് എത്തുവാനും അത് ഉപയോഗപ്പെടുത്തുവാനും കച്ചവടമല്ലാതെ മറ്റൊരു മാർഗമില്ല. അതിനാൽ ഉദ്ദിഷ്ടലക്ഷ്യം നേടുവാൻ കച്ചവടം അനുവദനീയമാകണമെന്നതും നിയമമാകണമെന്നതുമാണ് യുക്തിയുടെ തേട്ടം.
ബയ്ഇന്റെ റുക്‌നുകൾ
കച്ചവടത്തിന്റെ റുക്‌നുകൾ മൂന്ന് ആകുന്നു. ആക്വിദ്, മഅ്ക്വൂദുൻ അലയ്ഹി, സ്വീഗഃ എന്നിവയാണവ.
ആക്വിദ് (ഇടപാടുകാരൻ): വിൽക്കുന്നവനെയും വാങ്ങുന്നവനെയും അത് ഉൾകൊള്ളുന്നു.
മഅ്ക്വൂദുൻ അലയ്ഹി വിൽപനച്ചരക്കാണ് (വിൽക്കുന്ന ചരക്കും വാങ്ങുന്ന വിലയും)
സ്വീഗഃ ഈജാബും ക്വബൂലുമാണ് (വിൽക്കുമ്പോഴും വാങ്ങുമ്പോഴും പറയേണ്ട വാചകം). ഞാൻ വിറ്റിരിക്കുന്നു എന്നു പറയും പോലെ വിൽക്കുന്നവനിൽനിന്ന് വരേണ്ട വാചകമാണ് ഈജാബ്. ഞാൻ വാങ്ങിയിരിക്കുന്നു എന്നു പറയും പോലെ വാങ്ങുന്നവനിൽനിന്ന് വരേണ്ട വാചകമാണ് ക്വബൂൽ. ഇതു വാക്കാലുള്ള സ്വീഗഃയാകുന്നു.
എന്നാൽ പ്രവൃത്തിയാലുള്ള സ്വീഗഃ മുആത്വാത്താണ് അഥവാ കൊള്ളക്കൊടുക്കകൾ. സംസാരമൊന്നും കൂടാതെ വാങ്ങുന്നവൻ ചരക്കിന്റെ തുക വിൽക്കുന്നവനു നൽകുകയും അപ്പോൾ അവൻ ചരക്ക് വാങ്ങുന്നവനു നൽകുകയും ചെയ്യുന്നതുപോലെ.
വ്യപാരത്തിനു സാക്ഷിനിർത്തൽ
കച്ചവടത്തിനു സാക്ഷിനിർത്തൽ സുന്നത്താകുന്നു. അത് നിർബന്ധമല്ല. അല്ലാഹു പറഞ്ഞു:
وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ
എന്നാൽ നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോൾ സാക്ഷി നിർത്തേണ്ടതാണ്. (ഖു൪ആന്‍:2/282)
ഇടപാടുകളുടെ അവസരത്തിൽ സാക്ഷിനിറുത്തുവാൻ അല്ലാഹു കൽപിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുത കൽപന സുന്നത്താകുന്നു. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാകുന്നു:
فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ ٱلَّذِى ٱؤْتُمِنَ أَمَٰنَتَهُۥ
ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേൽപിച്ചാൽ ആ വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റുകയും തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. (ഖു൪ആന്‍:2/283)
അപ്പോൾ ഈ കൽപന കൊള്ളക്കൊടുക്കകൾ രേഖാമൂലമാക്കുന്നതിനും ഗുണപ്രദമാകുന്നതിനുമുള്ള നിർദേശ കൽപന മാത്രമാണെന്ന് അറിയിക്കുന്നു.
عن عمارة بن خزيمة، أن عمّه حدَّثه -وهو من أصحاب النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أنه عليه الصلاة والسلام ابتاع فرساً من أعرابي، واستتبعه ليقبض ثمن فرسِه، فأسرع النبيُّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – وأبطأ الأعرابي، وطفق الرجال يتعرضون للأعرابي فَيَسُومُونَه بالفرس، وهم لا يشعرون أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ابتاعه.
സ്വഹാബിയായ തന്റെ പിതൃവ്യൻ പറഞ്ഞതായി ഉമാറ ഇബ്‌നുഖുസയ്മ(റ)യിൽനിന്നു നിവേദനം: തിരുനബിﷺ ഒരു അഅ്‌റാബിയിൽനിന്ന് ഒരു കുതിരയെ വിലയ്ക്കു വാങ്ങി. തന്റെ കുതിരയുടെ വില സ്വീകരിക്കുവാൻ കൂടെ വരുവാൻ തിരുമേനി അഅ്‌റാബിയോട് ആവശ്യപ്പെട്ടു. അങ്ങനെ തിരുനബി ധൃതിയിലും അഅ്‌റാബി സാവകാശത്തിലും നടന്നു. തിരുമേനിﷺ കുതിരയെ വിലയ്ക്കു വാങ്ങിയത് അറിയാതെ ആളുകൾ അഅ്‌റാബിയോട് കുതിരക്കു വിലപേശുവാൻ തുടങ്ങി. (رواه أحمد (٥/ ٢١٥)، وأبو داود برقم (٣٦٠٧)، والنسائي (٧/ ٣٠١)، وصححه الشيخ الألباني (صحيح سنن النسائي برقم ٤٣٣٢).)
തങ്ങൾക്കിടയിൽ യാതൊരു തെളിവുമില്ലാതെയാണ് തിരുനബിﷺ അഅ്‌റാബിയിൽനിന്ന് കുതിരയെ വാങ്ങിയത്. കച്ചവടത്തിൽ അതു നിർബന്ധമായിരുന്നുവെങ്കിൽ സാക്ഷിനിറുത്തിയിട്ടല്ലാതെ തിരുമേനി കുതിരയെ വാങ്ങുമായിരുന്നില്ല.
തിരുനബിﷺ ജീവിച്ചനാളിൽ സ്വഹാബിമാർ അങ്ങാടികളിൽ അന്യോന്യം ഇടപാടു നടത്തുമായിരുന്നു. തിരുനബി അവരോടു സാക്ഷിനിറുത്തുവാൻ ആജ്ഞാപിച്ചതായോ അവർ സാക്ഷിനിറുത്തിയ തായോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, ദൈനംദിന ജീവിതത്തിൽ അങ്ങാടികളിൽ കച്ചവടങ്ങൾ ജനങ്ങൾക്കിടയിൽ കൂടുതലായി നടക്കുന്ന കാര്യമാണ്. ഓരോ കാര്യത്തിനും അവർ സാക്ഷി നിറുത്തുകയാണെങ്കിൽ അതു പ്രയാസത്തിലേക്കും ഞെരുക്കത്തിലേക്കുമെത്തിക്കും.
എന്നാൽ തുകക്ക് അവധി പറഞ്ഞുകൊണ്ട്, രേഖാമൂലമാക്കൽ ആവശ്യമായ വലിയ ഇടപാടുകളാണെങ്കിൽ എഴുതിവെക്കലും അതിനു സാക്ഷിയെ നിറുത്തലും അനിവാര്യമാണ്; ഇടപാടുകാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ രേഖാമൂലത്തെ അവലംബിക്കുന്നതിനുവണ്ടി.
വ്യാപാരത്തിൽ ഖിയാർ
കൊള്ളക്കൊടുക്കകളിൽ വിൽക്കുന്നവനും വാങ്ങുന്നവനുമെല്ലാം കച്ചവടം നടത്തുവാനും റദ്ദാക്കുവാനും അവകാശമുണ്ടാകലാണ് ‘ഖിയാർ.’
റുക്‌നുകളും ശർത്ത്വുകളും പൂർത്തിയായിക്കൊണ്ട് എപ്പോഴാണോ ഇടപാടു നടക്കുന്നത് അതോടെ കച്ചവടമുറച്ചു എന്നതാണ് വ്യാപാര കരാറിന്റെ അടിസ്ഥാനം. ഇടപാടുകാരിലൊരാൾക്കും അത് ലംഘിക്കുവാൻ അർഹതയില്ല.
എന്നാൽ വിട്ടുവീഴ്ചയുടെയും എളുപ്പത്തിന്റെയും മതമായ ഇസ്‌ലാം അതിലെ മുഴുവൻ വ്യക്തികളുടെയും നന്മകളും സാഹചര്യങ്ങളും പരിഗണിച്ചു. ഒരു മുസ്‌ലിം ഏതെങ്കിലും കാരണത്തിന് ഒരു ചരക്ക് കൊള്ളുകയോ അല്ലെങ്കിൽ കൊടുക്കുകയോ ചെയ്യുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്താൽ അവന് ഖിയാർ (കച്ചവടം നടത്തുവാനും റദ്ദാക്കുവാനുമുള്ള അവകാശം) ഇസ്‌ലാം അനുവദിച്ചു; അവന്റെ വിഷയത്തിൽ ചിന്തിക്കുവാനും അവനു ഗുണപ്രദമായ കാര്യം നോക്കുവാനുമാണത്. അതിൽപിന്നെ തനിക്ക് അനുചിതമായി തോന്നുന്നതനുസരിച്ച് അവനു കച്ചവടത്തിലേക്കുവരാം അല്ലെങ്കിൽ അതിൽനിന്നു മടങ്ങാം.
ഖിയാറിന്റെ വിഭജനങ്ങൾ
(ഒന്ന്) ഖിയാറുൽമജ്‌ലിസ്: അന്യോന്യം ഇടപാട് നടക്കുന്ന സ്ഥലമാണത്. വിറ്റയാളും വാങ്ങിയയാളും ഇടപാടു നടന്ന സ്ഥലത്തുനിന്ന് പിരിഞ്ഞുപോകാത്ത കാലത്തോളം അവരോരുത്തർക്കും കച്ചവടം ഉറപ്പിക്കുവാനും ദുർബലമാക്കുവാനുമുള്ള അവകാശമുണ്ടായിരിക്കും.
عن ابن عمر رضي الله عنهما، أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال:البيعان بالخيار ما لم يتفرقا.
ഇബ്‌നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: വിറ്റവനും വാങ്ങിയവനും പരസ്പരം പിരിഞ്ഞുപോകുന്നതുവരെ ഇരുവർക്കും ഖിയാർ (കച്ചവടം ഉറപ്പിക്കുവാനും റദ്ദാക്കുവാനുമുള്ള അവകാശം) ഉണ്ട്. (ബുഖാരി, മുസ്ലിം)
(രണ്ട്) ഖിയാറുശ്ശർത്വ്: വിൽക്കുന്നവനും വാങ്ങുന്നവനും, അല്ലെങ്കിൽ അവരിലൊരാൾ കച്ചവടം ഉറപ്പിക്കുവാനോ അല്ലെങ്കിൽ റദ്ദാക്കുവാനോവേണ്ടി ഖിയാറിന് ഒരു നിർണിത കാലം നിബന്ധന വെക്കലാണത്. ഇടപാട് നടന്നതു മുതൽ അവർക്കിടയിൽ നിർണയിക്കപ്പെട്ട കാലപരിധി അവസാനിച്ചാൽ ഇടപാട് റദ്ദാക്കപ്പെടുകയില്ല. അത് ഉറപ്പിക്കൽ നിർബന്ധമായിത്തീരും.
അതിന്റെ ഉദാഹരണം: ഒരാൾ മറ്റൊരാളിൽനിന്ന് ഒരു കാറ് വാങ്ങുകയും ഒരു മാസക്കാലം എനിക്ക് ഖിയാറു വേണമെന്ന് പറയുകയും ചെയ്യുക. അയാൾ കച്ചവടത്തിൽനിന്ന് ഒരു മാസത്തിനുള്ളിൽ മടങ്ങിയാൽ അയാൾക്കത് ആകാവുന്നതാണ്. അവൻ മടങ്ങിയില്ലെങ്കിൽ മാസം അവസാനിക്കുന്നതോടെ കാറ് വാങ്ങൽ അവന് അനിവാര്യമായി.
(മൂന്ന്) ഖിയാറുൽ അയ്ബ്: കച്ചവടച്ചരക്കിൽ ന്യൂനത കാണപ്പെടുകയും വ്യാപാരി അതിനെക്കുറിച്ച് പറയാതിരിക്കുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് അറിയാതിരിക്കുകയോ ചെയ്യുകയും ഈ ന്യൂനത കാരണത്താൽ ചരക്കിന്റെ വില ഇടിയുകയും ചെയ്താൽ വാങ്ങിയവനുള്ള ഖിയാറാണത്. വ്യാപാരികളായി ഗണിക്കപ്പെടുന്നവരിൽ പരിചയ സമ്പന്നരെയാണ് ന്യൂനത മനസ്സിലാക്കുവാൻ അവലംബിക്കേണ്ടത്. അവർ ന്യൂനതയായി എണ്ണിയതുകൊണ്ട് ഖിയാർ സ്ഥിരപ്പെടും. ഇല്ലെങ്കിൽ ഖിയാറുണ്ടാവില്ല.
ഈ ഖിയാർ വാങ്ങുന്നവനുള്ളതാണ്. അവനുദ്ദേശിച്ചാൽ കച്ചവടം ഉറപ്പിക്കുകയും ന്യൂനതക്ക് പകരം സ്വീകരിക്കുകയും ചെയ്യാം. ന്യൂനതയില്ലാത്ത ചരക്കിനുള്ള തുകയും ന്യൂനതയുണ്ടായിരിക്കെ ചരക്കിനുള്ള തുകയും തമ്മിലുള്ള വ്യത്യാസമാണ് പകരം പറ്റേണ്ടത്. അവനുദ്ദേശിക്കുന്നുവെങ്കിൽ ചരക്കു മടക്കിക്കൊടുത്ത് കച്ചവടക്കാരനു താൻ കൊടുത്ത സംഖ്യ തിരിച്ചു വാങ്ങാവുന്നതുമാണ്.
(നാല്) ഖിയാറുത്തദ്‌ലീസ്: വാങ്ങുന്നവൻ വില വർധിപ്പിക്കുവാൻ വേണ്ടി ചരക്കിന്റെ ദൂഷ്യവശങ്ങൾ വ്യാപാരി മറച്ചുവെക്കലാണത്. ഇങ്ങനെ ചെയ്യുന്നത് നിഷിദ്ധമാകുന്നു. തിരുനബിﷺ പറഞ്ഞു:
من غَشَّنا فليس منَّا
വല്ലവനും നമ്മെ വഞ്ചിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല. (മുസ്ലിം)
ഉദാഹരണം: കച്ചവടക്കാരന്റെയടുത്ത് ഉൾഭാഗത്ത് ധാരാളം ന്യൂനതകളുള്ള ഒരു കാറുണ്ട്. കുറവുകളില്ലാത്ത കാറാണെന്ന നിലയ്ക്ക് വാങ്ങുന്നവനെ പറ്റിക്കുവാൻവേണ്ടി അതിന്റെ പുറംഭാഗം തിളക്കമുള്ളതാക്കി നിറഭംഗിയിൽ അയാൾ അത് പ്രദർശിപ്പിക്കുവാൻ തുനിയുന്നു. അതിനാൽ ഒരാളത് വാങ്ങുന്നു. ഈ അവസ്ഥയിൽ ചരക്കു തിരിച്ചേൽപിക്കുവാനും പണം മടക്കിവാങ്ങുവാനും വാങ്ങിയവന് അവകാശമുണ്ടായിരിക്കും.
കച്ചവടത്തിന്റെ നിബന്ധനകൾ
കച്ചവടം സാധുവാകുന്നതിന് താഴെ വരുന്ന നിബന്ധനകളുണ്ട്:
ഒന്ന്) വാങ്ങുന്നവനും വിൽക്കുന്നവനുമിടയിൽ പരസ്പര സംതൃപ്തി.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَأْكُلُوٓا۟ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ إِلَّآ أَن تَكُونَ تِجَٰرَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ إِنَّ ٱللَّهَ كَانَ بِكُمْ رَحِيمًا
സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. (ഖു൪ആന്‍:4/29)
عن أبي سعيد الخدري – رضي الله عنه – أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: إنما البيع عن تراض
അബൂസഈദിൽഖുദ്‌രി رضى الله عنه വിൽ നിന്നു നിവേദനം: തിരുനബിﷺ പറഞ്ഞു: നിശ്ചയം, വ്യാപാരം പരസ്പര തൃപ്തിയിലാകുന്നു. ( رواه ابن ماجه برقم (٢١٨٥)، وابن حبان (١١/ ٣٤٠)، والبيهقي (٦/ ١٧). وصححه الألباني، انظر إرواء الغليل (٥/ ١٢٥).)
ആയതിനാൽ ഇടപാടുകാരിൽ ഒരാൾ അന്യായമായി നിർബന്ധിക്കപ്പെട്ടാൽ കച്ചവടം സാധുവാകില്ല. ന്യായമായ നിലയ്ക്കാണ് നിർബന്ധിപ്പിക്കലെങ്കിൽ ഇടപാടു ശരിയാകുന്നതായിരിക്കും; തന്റെ കടംവീട്ടുവാൻ വല്ലതും വിൽക്കുവാൻ ഒരു വ്യക്തിയെ ഭരണാധികാരി നിർബന്ധിപ്പിക്കുന്നതുപോലെ.
രണ്ട്) പ്രായപൂർത്തിയാവുക, ബുദ്ധിയുണ്ടാവുക, സ്വതന്ത്രനാവുക, തന്റേടമുള്ളവനാവുക എന്നിവകൊണ്ട് ഇടപാടുകാരൻ സമ്പത്തു കൈകാര്യം ചെയ്യൽ അനുവദനീയമായവനാവുക.
മൂന്ന്) വിൽപനക്കാരൻ ചരക്ക് ഉടമപ്പെടുത്തിയവനാവുകയോ അല്ലെങ്കിൽ വകീല്, വസ്വിയ്യ്, വലിയ്യ്, മേൽനോട്ടക്കാരൻ പോലെ ചരക്ക് ഉടമപ്പെടുത്തിയവന്റെ സ്ഥാനത്ത് നിൽക്കുന്നവനോ ആവുക. ഒരു വ്യക്തിയും താനുടമപ്പെടുത്താത്തത് യാതൊന്നും വിൽക്കുന്നത് ശരിയാവുകയില്ല. ഹകീം ഇബ്‌നു ഹിസാം رضى الله عنه വിനോടു തിരുനബിﷺ പറഞ്ഞു:
لا تبع ما ليس عندك
താങ്കളുടെ പക്കലില്ലാത്തത് താങ്കൾ വിൽക്കരുത്. [إرواء الغليل (٥/ ١٣٢).]
നാല്) വിൽക്കപ്പെടുന്ന ചരക്ക്, ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, വീട്ടുസാധനങ്ങൾ പോലുള്ള ഉപകയോഗിക്കൽ അനുവദനീയമായവ ആയിരിക്കണം. അതിനാൽ തന്നെ മദ്യം, പന്നി, ശവം, സംഗീത- വാദ്യോപകരണങ്ങൾ പോലുള്ള ഉപയോഗിക്കൽ നിഷിദ്ധമായവ വിൽപന നടത്തൽ സാധുവാകുകയില്ല.
عن جابر – رضي الله عنه – قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: إن الله حرَّم بيع الخمر، والميتة، والخنزير، والأصنام.
ജാബിര്‍ رضى الله عنه വിൽ നിന്നു നിവേദനം: തിരുദൂതർﷺ പറഞ്ഞു: മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് നിശ്ചയം അല്ലാഹു ഹറാമാക്കിയിരിക്കുന്നു. (ബുഖാരി, മുസ്ലിം)
عن ابن عباس رضي الله عنهما أن النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – قال: إن الله إذا حَرَّم على قوم أكل شيء حرَّم ثمنه.
ഇബ്‌നുഅബ്ബാസ് رضى الله عنه വിൽ നിന്നു നിവേദനം: തിരുനബിﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ഒരു വസ്തു ഭക്ഷിക്കുന്നത് ഒരു വിഭാഗത്തിനു ഹറാമാക്കിയാൽ അതു വിറ്റു കിട്ടുന്ന വിലയും അവൻ ഹറാമാക്കും. (അബൂദാവൂദ്, അഹ്മദ്)
നായയെ വിൽക്കലും അനുവദനീയമാകില്ല. അബൂമസ്ഊദ് رضى الله عنه വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
نهى رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – عن ثمن الكلب …
നായയെ വിറ്റുകിട്ടുന്ന വില അല്ലാഹുവിന്റെ തിരുദൂതർ വിരോധിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം)
അഞ്ച്) വ്യപാരച്ചരക്ക് കൈപ്പറ്റുവാൻ കഴിയുന്നതായിരിക്കണം. കാരണം കൈപ്പറ്റുവാനാകാത്തത് നിലവിലില്ലാത്തതു പോലെയാണ്. ഇത് ‘ബയ്ഉൽഗററി’ൽ (വഞ്ചനയിലധിഷ്ഠിതമായ കച്ചവടം) ഉൾപെട്ടതായിരിക്കെ ആ വിൽപന സാധുവാകുകയില്ല. കാരണം വാങ്ങുന്നവൻ വില നൽകുകയും ചരക്ക് കൈപ്പറ്റാതിരിക്കുകയും ചെയ്‌തേക്കും. അതുകൊണ്ടുതന്നെ വെള്ളത്തിലുള്ള മത്സ്യത്തെ പിടിക്കുന്നതിനുമുമ്പു വിൽക്കുന്നതും കാരക്കയിലുള്ള കുരു, അന്തരീക്ഷത്തിലുള്ള പക്ഷി, അകിട്ടിലുള്ള പാൽ, കാലിയുടെ വയറ്റിലുള്ള കുട്ടി, ഓടിപ്പോയ മൃഗം എന്നിവ വിൽക്കുന്നതും അനുവദനീയമല്ല.
അബൂഹുറയ്‌റഃയിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
نهى رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – عن بيع الغرر
തിരൂദൂതർﷺ വഞ്ചനയിലധിഷ്ഠിതമായ കച്ചവടം വിരോധിച്ചിരിക്കുന്നു. (മുസ്ലിം)
ആറ്) വിൽപനച്ചരക്ക് അറിയപ്പെട്ടതാകണം. കാഴ്ചയിലൂടെയോ സാക്ഷ്യത്തിലൂടെയോ അല്ലെങ്കിൽ മറ്റുള്ള ചരക്കുകളിൽനിന്ന് കച്ചവടം ഉറപ്പിക്കപ്പെടുന്ന ചരക്കിനെ വ്യതിരിക്തമാക്കുന്ന വിവരണം കൊണ്ടോ വാങ്ങുന്നവനും വിൽക്കുന്നവനും കച്ചവടം ഉറപ്പിക്കുമ്പോൾ ചരക്ക് നിജപ്പെട്ടതാകണം. കാരണം അറിയായ്മ വഞ്ചനയിലധിഷ്ഠിതമാകുന്നു. അതാകട്ടെ വിരോധിക്കപ്പെട്ടതുമാകുന്നു. അതിനാൽ തന്നെ താൻ കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ കാണുകയും ഓർമ നഷ്ടപ്പെടുകയും ചെയ്ത യാതൊന്നും അതു മജ്‌ലിസുൽഅക്വ്‌ദ് (കച്ചവടമുറപ്പിക്കുന്ന വേദി) മറഞ്ഞതായിരിക്കെ വാങ്ങൽ സാധുവാകുകയില്ല.
ഏഴ്) വിൽക്കപ്പെടുന്ന ചരക്കിന്റെ വില നിർണയിച്ചുകൊണ്ടും വില മനസ്സിലാക്കിക്കൊണ്ടും അതിന്റെ തുക അറിയപ്പെട്ടതാകണം.
വിരോധിക്കപ്പെട്ട കച്ചവടങ്ങൾ
യുക്തിജ്ഞനും നിയാമകനുമായ അല്ലാഹു ചില കച്ചവടങ്ങളെ വിരോധിച്ചു. നിർബന്ധമായ ഒരു ആരാധന നിർവഹിക്കുന്നതിനെ തൊട്ട് വ്യാപൃതമാക്കുന്നതുപോലെ, കച്ചവടത്തെ തുടർന്ന് പരമപ്രധാനമായത് പാഴാക്കലും അല്ലെങ്കിൽ കച്ചവടത്തെ തുടർന്ന് മറ്റുള്ളവർക്ക് ഉപദ്രവങ്ങൾ ഏൽപിക്കലും ഉണ്ടായാലാണത്. വിരോധിക്കപ്പെട്ട അത്തരം കച്ചവടങ്ങളിൽ പെട്ടതാണ് താഴെ പറയുന്നവ:
1. വെള്ളിയാഴ്ച ജുമുഅ തുടങ്ങാനുള്ള ബാങ്കിനു ശേഷമുള്ള ക്രയവിക്രയങ്ങൾ.
ജുമുഅ നമസ്‌കാരം നിർബന്ധമായവരിൽനിന്ന് ബാങ്കിനു ശേഷമുള്ള ക്രയവിക്രയങ്ങൾ സാധുവാകുകയില്ല. അല്ലാഹു പറഞ്ഞു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. (ഖുർആൻ:62/9)
ഈ സമയത്ത് കച്ചവടം നടത്തുന്നത് അല്ലാഹു വിരോധിച്ചു. ഇടപാട് നിഷിദ്ധമെന്നും സാധുവല്ലെന്നു മാണ് ഈ വിരോധം തേടുന്നത്.
2. അല്ലാഹുവിനു ധിക്കാരം പ്രവർത്തിക്കുവാൻ ഉപയോഗിക്കുന്നവർക്ക്, അല്ലെങ്കിൽ നിഷിദ്ധങ്ങളിൽ ഉപയോഗിക്കുന്നവർക്ക് അതിനുള്ള വസ്തുക്കളെ വിൽക്കൽ.
പഴച്ചാറുകൊണ്ട് മദ്യം ഉണ്ടാക്കുന്നവന് പഴങ്ങൾ വിൽക്കലും പാത്രങ്ങൾകൊണ്ടു മദ്യം സേവിക്കു ന്നവന് പാത്രം വിൽക്കലും ഫിത്‌നയുടെ സമയത്ത് മുസ്‌ലിംകൾക്കിടയിൽ ആയുധങ്ങൾ വിൽക്കലും സാധുവല്ല. അല്ലാഹു പറഞ്ഞു:
وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ
പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. (ഖു൪ആന്‍ :5/2)
3. സഹോദരനു വിറ്റത് ദുർബലപ്പെടുത്തിക്കൊണ്ട് വിൽപന നടത്തൽ.
ഒരു വസ്തു പത്തു രൂപക്ക് വാങ്ങിയവനോട് ഇതുപോലെയുള്ളത് ഇതിനെക്കാൾ കുറഞ്ഞനിരക്കിൽ ഞാൻ തരാം, അല്ലെങ്കിൽ ഈ വിലയ്ക്ക് ഇതിനെക്കാൾ മുന്തിയ സാധനം ഞാൻ തരാം എന്നു പറയുന്നതുപോലെ.
عن ابن عمر رضي الله عنهما، قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: ولا يبع بعضكم على بيع بعض.
ഇബ്‌നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ചിലർ ചിലർക്കു വിറ്റത് ദുർബലപ്പെടുത്തിക്കൊണ്ട് തന്റെ ചരക്ക് വിൽക്കരുത്. (ബുഖാരി, മുസ്ലിം)
4. അശ്ശിറാഅ് അലശ്ശിറാഅ്
വാങ്ങുന്നവനും വിൽക്കുന്നവനും ഒരു വില പറഞ്ഞ് ഉറപ്പിച്ച ശേഷം വസ്തു വിറ്റവനോട്, നീ കച്ചവടം അസാധുവാക്കുക; ഞാൻ കൂടുതൽ വിലയ്ക്ക് നിന്നോടത് വാങ്ങാം എന്നു പറയുന്നതുപോലെ. മുകളിൽ ഉദ്ധരിച്ച ഹദീസിൽ വന്ന നിരോധത്തിൽ ഈ രൂപവും ഉൾപെടുന്നു.
5. ബയ്ഉൽ ഈനഃ
അതിന്റെ രൂപം: ഒരു വ്യക്തി നിർണിത വിലയ്ക്ക് ഒരു വസ്തു അവധി വെച്ച് മറ്റൊരു വ്യക്തിക്ക് വിൽക്കുകയും ശേഷം അതു വിറ്റവൻ വാങ്ങിയവനിൽനിന്ന് കുറഞ്ഞ വിലയ്ക്ക് റൊക്കം പണം കൊടുത്ത് വാങ്ങുകയും അവധിയെത്തിയാൽ വാങ്ങിയവൻ ആദ്യം നിശ്ചയിച്ച വില നൽകുകയും ചെയ്യുക.
ഉദാഹരണമായി, അയാൾ ഒരു വർഷ ശേഷം അമ്പതിനായിരം നൽകണമെന്ന നിലയ്ക്ക് ഒരു ഭൂമി വിൽക്കുന്നു. ശേഷം അയാൾ നാൽപതിനായിരം റൊക്കം പണം നൽകി വാങ്ങിയവനിൽനിന്ന് ഭൂമി തിരികെ വാങ്ങുന്നു. വർഷം തികയുമ്പോൾ നൽകേണ്ടവിധം വാങ്ങിയവന്റെ ഉത്തരവാദിത്തത്തിൽ അമ്പതിനായിരം ശേഷിക്കുന്നു. വാങ്ങുന്നവൻ ചരക്കിന്റെ സ്ഥാനത്ത് റൊക്കം പണം സ്വീകരിക്കുന്നു എന്നതിനാലാണ് ഈ ഇടപാടിന് ഈനഃ എന്നു പേരുവെക്കപ്പെട്ടത്. പലിശയിലേക്ക് എത്തിച്ചേരുവാനുള്ള തന്ത്രമാണെന്നതിനാൽ ഈ കച്ചവടം ഹറാമാക്കപ്പെട്ടിരിക്കുന്നു.
عن ابن عمر رضي الله عنهما، قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: (إذا تبايعتم بالعينة، وأخذتم أذناب البقر، وتركتم الجهاد، سَلَّط الله عليكم ذلاً لا يرفعه حتى ترجعوا إلى دينكم.
ഇബ്‌നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ഈനഃ കച്ചവടത്തിൽ ഏർപ്പെടുകയും പശുക്കളുടെ വാലിൽ പിടിച്ചു തൂങ്ങുകയും കൃഷികൊണ്ടു(മാത്രം) സംതൃപ്തരാവുകയും ജിഹാദ് ഉപേക്ഷിക്കുകയുമായാൽ അല്ലാഹു നിങ്ങളിൽ നിന്ദ്യത അടിച്ചേൽപിക്കു ന്നതാണ്; നിങ്ങൾ മതത്തിലേക്ക് മടങ്ങുന്നതുവരെ അവൻ അതിനെ ഉയർത്തുകയില്ല. (അഹ്മദ്, അബൂദാവൂദ്)
6. ചരക്ക് കൈകൊള്ളുന്നതിനു മുമ്പ് വിൽപന നടത്തൽ.
ഉദാഹരണം: ഒരാൾ മറ്റൊരാളിൽനിന്ന് ഒരു ചരക്ക് വാങ്ങി, അത് കൈപ്പറ്റുകയും ഉടമസ്ഥതയിലാക്കുകയും ചെയ്യുന്നതിനുമുമ്പ് അതിനെ വിൽപന നടത്തുക.
عن أبي هريرة – رضي الله عنه – قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: من ابتاع طعاماً فلا يبعه حتى يقبضه.
അബൂഹുറൈറ رضى الله عنه വിൽ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ഭക്ഷണം വാങ്ങിയാൽ അത് കൈപ്പറ്റുന്നതുവരെ അത് വിൽക്കരുത്. (ബുഖാരി, മുസ്ലിം)
عن زيد بن ثابت – رضي الله عنه -: أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – نهى أن تباع السلع حيث تبتاع، حتى يحوزها التجار إلى رحالهم.
സെയ്ദ് ഇബ്‌നു സാബിത് رضى الله عنه വിൽ നിന്നു നിവേദനം: കച്ചവടക്കാർ ചരക്കുകൾ അവരുടെ സ്ഥലങ്ങളിലേക്കു കൊണ്ടുപോകാതെ വാങ്ങിയേടത്തു വെച്ചുതന്നെ വിൽക്കുന്നതു തിരുദൂതർ നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്)
അതിനാൽ വല്ലവനും വല്ലതും വാങ്ങിയാൽ അത് പൂർണമായി കൈപ്പറ്റുന്നതുവരെ വിൽക്കുവാൻ പാടുള്ളതല്ല.
7. വിളവ് ഉറപ്പാകുന്നതിനുമുമ്പ് ഫലങ്ങളുടെ വിൽപന.
ഫലങ്ങൾ കൈകൊള്ളുന്നതിനു മുമ്പ് അവയ്ക്കു നാശം ഭവിക്കുമെന്നും കേടുപാട് നേരിടുമെന്നുമുള്ള ഭയത്താൽ ഫലങ്ങളുടെ നിലനിൽപ് വ്യക്തമാകുന്നതിനുമുമ്പ് അവ വിൽക്കുന്നത് അനുവദനീയമല്ല.
عن أنس – رضي الله عنه – قال: قال رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: أرأيتَ إن منع الله الثمرة، بم يأخذ أحدكم مال أخيه؟
അനസ് رضى الله عنه വിൽ നിന്നു നിവേദനം: തിരുദൂതർﷺ പറഞ്ഞു: അല്ലാഹു ഫലം തടഞ്ഞാൽ തന്റെ സഹോദരന്റെ സമ്പത്ത് എങ്ങനെയാണ് നിങ്ങളിലൊരാൾ വസൂലാക്കുന്നത്? (ബുഖാരി, മുസ്ലിം)
عن ابن عمر رضي الله عنهما، قال: نهى رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – عن بيع الثمار حتى يبدو صلاحها، نهى البائع والمبتاع.
ഇബ്‌നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം: ഫലങ്ങളുടെ നിലനിൽപ്പ് വ്യക്തമാകുന്നതുവരെ ഫലങ്ങൾ വിൽക്കുന്നത് അല്ലാഹുവിന്റെ തിരുദൂതർﷺ വിരോധിച്ചു. വിൽക്കുന്നതിനെയും വാങ്ങുന്നതിനെയും തിരുമേനി വിരോധിക്കുകയുണ്ടായി. (ബുഖാരി, മുസ്ലിം)
ഈത്തപ്പഴങ്ങൾക്ക് മഞ്ഞയും ചുവപ്പും വർണം വരിക, മുന്തിരി കറുക്കുകയും അതിൽ മധുരം പ്രകടമാവുകയും ചെയ്യുക, ധാന്യം ഉറക്കുകയും ഉണങ്ങുകയും ചെയ്യുക… ഇതുപോലെ ഇതര ഫലങ്ങളിലും അവയുടെ നിലനിൽപ്പ് വ്യക്തമാകുന്നത് അറിയപ്പെടും.
8. നജശ്.
വിൽപനയ്ക്ക് വെച്ച ചരക്ക് വാങ്ങുവാനുദ്ദേശമില്ലാതെ അതിന്റെ വില കൂട്ടിപ്പറയലാണ് നജശ്. ചരക്കിന്റെ വിഷയത്തിൽ ഇതരരെ (ഉപഭോക്താവിനെ) പറ്റിക്കുവാനും അതിൽ താൽപര്യം ജനിപ്പി ക്കുവാനും അതിന്റെ വില ഉയർത്തുവാനും മാത്രമാണ് അയാളത് ചെയ്യുന്നത്.
عن ابن عمر رضي الله عنهما: أن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – نهى عن النجش.
ഇബ്‌നു ഉമര്‍ رضى الله عنه വിൽ നിന്നു നിവേദനം: അല്ലാഹുവിന്റ തിരുദൂതർﷺ നജശിനെ വിരോധിച്ചു. (ബുഖാരി, മുസ്ലിം)
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com