ലൈംഗിക ചിന്ത : യുവാക്കളോട് ചില കാര്യങ്ങള്‍

ഞാന്‍ കോളേജില്‍ പഠിക്കുന്ന യുവാവാണ്, ഇസ്ലാമികമായി ജീവിക്കാന്‍ ശ്രമിക്കുന്നു, കൃത്യമായി നമസ്കരിക്കാറുണ്ട്, കഴിവിന്റെ പരമാവധി മറ്റ് സല്‍ക൪മ്മങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ എന്റെ മനസ്സിലേക്ക് ഇടക്കിടക്ക് ലൈംഗിക ചിന്ത കടന്നു വരുന്നു. ഞാന്‍ എന്തുചെയ്യും?

നമ്മുടെ നാടുകളില്‍ ദീനിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒട്ടുമിക്ക യുവാക്കളും ഉത്തരം തേടുന്ന ഒരു ചോദ്യമാണ് ഇത്. ഇത്തരം യുവാക്കള്‍ക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

1. കണ്ണുകളെ നിയന്ത്രിക്കുക

മനസ്സിലുണ്ടാകുന്ന ലൈംഗിക ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രധാന കാരണം അശ്ലീലതകള്‍ കാണുന്നതാണ്. അതില്‍ നിന്നും കണ്ണുകളെ നിയന്ത്രിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ലൈംഗിക ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും.

ഒരു സത്യവിശ്വാസി ഒരിക്കലും അശ്ലീലതകള്‍ കാണുകയില്ല. എന്നാല്‍ അന്യസ്ത്രീകളേയും യുവതികളേയും നിരന്തരം നോല്‍ക്കുന്നതും അവരുമായി നിരന്തരം സമ്പ൪ക്കം പുല൪ത്തുന്നതും ലൈംഗിക ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും കാരണമാണ്. അതുകൊണ്ടാണ് സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ അന്യസ്ത്രീകളെതൊട്ട് താഴ്ത്തുവാന്‍ അല്ലാഹു കല്‍പ്പിച്ചിട്ടുള്ളത്

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍: 24/30)

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക, പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം.

عَنْ أَبِي زُرْعَةَ، عَنْ جَرِيرٍ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ نَظْرَةِ الْفَجْأَةِ فَقَالَ: اصْرِفْ بَصَرَكَ

അബ്ദുല്ലാഹില്‍ ബജലീ (റ) പറയുന്നു: ‘പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാന്‍ നബിയോട് (സ്വ) ചോദിച്ചു. അപ്പോള്‍ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.’ (മുസ്‌ലിം)

ഇമാം നവവി (റഹി) പറഞ്ഞു:പെട്ടെന്നുള്ള നോട്ടം എന്നത്, ഉദ്ദേശമൊന്നുമില്ലാതെ അന്യ സ്ത്രീയുടെ നേര്‍ക്ക് അവന്റെ നോട്ടം ഉണ്ടാവുകയെന്നതാകുന്നു. അപ്പോള്‍ ആ നോട്ടത്തിന്റെ തുടക്കത്തില്‍ അവന്റെ മേല്‍ കുറ്റമില്ല.ഈ അവസ്ഥയില്‍ തന്റെ ദൃഷ്ടിയെ തിരിക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഈ അവസ്‌ഥയില്‍ (ദൃഷ്ടിയെ അവന്‍) തിരിക്കുകയാണെങ്കില്‍, അവന്റെ മേല്‍ കുറ്റമില്ല.ഇനി അവന്‍ നോട്ടം തുടരുകയാണെങ്കില്‍ ഈ ഹദീസനുസരിച്ച് അത് കുറ്റമാകുന്നു. (ശറഹു മുസ്ലിം)

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി (സ) അലി (റ) യോട് പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (സുനനു അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തു കൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :17/32)

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

നബി (സ്വ) അരുളിച്ചെയ്തതായി അബൂഹുറൈറ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: ‘… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

അന്യസ്ത്രീകളില്‍ നിന്ന് ദൃഷ്ടി താഴ്ത്തണമെന്ന് പറയുമ്പോള്‍ അത് അവരെ നേരില്‍ കാണുമ്പാള്‍ മാത്രമല്ല, ദൃശ്യമാധ്യമങ്ങളിലൂടെയായാലും കൂടിയാണ്. ടെലിവിഷനും സിനിമയും മൊബൈലും ഇന്റ൪നെറ്റും വ്യാപകമായ ഇന്നിന്റെ ലോകത്ത് ഇത് ഏറെ പ്രയാസകരമാണെങ്കിലും അത് പാലിക്കുന്ന ഒരാളിന് ലൈംഗിക ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും.

2.അന്യസ്ത്രീകളുമായി ആവശ്യത്തിന് മാത്രം സംസാരിക്കുകയും ഇടപെടുകയും ചെയ്യണം.

ﻳَٰﻨِﺴَﺎٓءَ ٱﻟﻨَّﺒِﻰِّ ﻟَﺴْﺘُﻦَّ ﻛَﺄَﺣَﺪٍ ﻣِّﻦَ ٱﻟﻨِّﺴَﺎٓءِ ۚ ﺇِﻥِ ٱﺗَّﻘَﻴْﺘُﻦَّ ﻓَﻼَ ﺗَﺨْﻀَﻌْﻦَ ﺑِﭑﻟْﻘَﻮْﻝِ ﻓَﻴَﻄْﻤَﻊَ ٱﻟَّﺬِﻯ ﻓِﻰ ﻗَﻠْﺒِﻪِۦ ﻣَﺮَﺽٌ ﻭَﻗُﻠْﻦَ ﻗَﻮْﻻً ﻣَّﻌْﺮُﻭﻓًﺎ

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ നിങ്ങള്‍ മറ്റു് ആരെപ്പോലെയുമല്ല . നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖു൪ആന്‍ : 33/32)

അന്യപുരുഷന്‍മാരോട് സ്ത്രീകള്‍ അനുനയത്തില്‍ സംസാരിച്ചാല്‍ മനസ്സില്‍ രോഗമുള്ളവ൪ക്ക് അവരോട് മോഹം തോന്നിയേക്കാം അഥവാ ലൈംഗിക ചിന്തയും വികാരവും ഉണ്ടായേക്കാം എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. അന്യസ്ത്രീകള്‍ നമ്മളോട് ഇപ്രകാരം അനുനയത്തില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസ കുറവിനനുസരിച്ച് നമുക്കും ലൈംഗിക ചിന്ത ഉണ്ടായേക്കാവുന്നതാണ്. മാത്രമല്ല ഇത്തരം സന്ദ൪ഭങ്ങളില്‍ പിശാച് ഇടപെടുകയും ചെയ്യും.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി ശൈത്വാൻ ഉണ്ടായിട്ടല്ലാതെ. (തിര്‍മിദി :1171)

قال سعيد بن المسيب رحمه الله : ما يئس الشيطان من ابن آدم قط إلا أتاه من قبل النساء

സഈദ്ബിനുൽ മുസയ്യബ് رحمه الله പറഞ്ഞു: ആദമിന്റെ മക്കളുടെ കാര്യത്തിൽ ശൈത്വാൻ തീരെ നിരാശനായിട്ടില്ല, സ്ത്രീകളുടെ ഭാഗത്തുകൂടി വരുന്ന കാര്യത്തിൽ.

അതുകൊണ്ടുതന്നെ അന്യസ്ത്രീകളോട് ഫോണിലൂടെയും നേരിട്ടും ആവശ്യത്തിന് മാത്രം സംസാരിക്കുകയും ഇടപെടുകയും ചെയ്യണം. കോളേജുകളിലും മറ്റും അന്യപെണ്‍കുട്ടികളുമായി ഇടപെടുമ്പോള്‍ ആരോടെങ്കിലും കൂടുതല്‍ അടുപ്പം മനസ്സില്‍ കൊണ്ടുനടക്കുന്ന സാഹചര്യം ഉണ്ടാകരുത്. നാം ഒരു യാത്ര ചെയ്യുമ്പോള്‍ വഴി ചോദിക്കുന്നതിനായി റോഡരുകില്‍ നില്‍ക്കുന്ന സ്ത്രീയോട് സംസാരിച്ച് പോകുമ്പോള്‍ ആ സ്ത്രീയെ പിന്നീട് മനസ്സില്‍ വെക്കാറില്ല. അതേപോലെയായിരിക്കണം അന്യപെണ്‍കുട്ടികളുമായി ഇടപെടുമ്പോള്‍ നാം സ്വീകരിക്കേണ്ട നിലപാട്.

3. സുന്നത്ത് നോമ്പുകള്‍ വ൪ദ്ധിപ്പിക്കുക

നോമ്പ് നോല്‍ക്കുന്നത് ശരീരത്തേയും മനസ്സിനേയും പിടിച്ച് നി൪ത്താനും ദേഹേച്ഛയുടെ കാഠിന്യം കുറക്കാനും വിശുദ്ധി കാത്തുസൂക്ഷിക്കാനും സഹായിക്കും.

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ

നബി (സ്വ) പറഞ്ഞു: അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)

4.ജീവിത ലക്ഷ്യത്തെ കുറിച്ച് ചിന്തിക്കുക

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ്ഗ പ്രവേശനമാണ്. അവിടേക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷാ കേന്ദ്രമായിട്ടാണ് ഐഹിക ജീവിതത്തെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അവന്റെ വിധിവിലക്കുകള്‍ പാലിച്ച് ദേഹേച്ഛകളില്‍ നിന്നും മനസ്സിനെ തടഞ്ഞുനി൪ത്തി ജീവിക്കുകയാണെങ്കില്‍ സ്വ൪ഗ്ഗത്തില്‍ കടക്കാവുന്നതാണെന്ന ചിന്ത അശ്ലീലതകളിലേക്ക് പോകുന്നതില്‍ നിന്നും അവനെ തടയുന്നതാണ്.

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰفَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ

അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ അവന് സ്വര്‍ഗം തന്നെയാണ് സങ്കേതം.(ഖു൪ആന്‍:79/40-41)

5. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലത്തെ കുറിച്ച് ഓ൪ക്കുക

ഒരു സത്യവിശ്വാസി അവന്റെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കുന്നതില്‍ ക്ഷമ കൈക്കൊള്ളുമ്പോള്‍ അല്ലാഹു അവന് പ്രതിഫലം നല്‍കുന്നതാണ്. കാരണം അല്ലാഹുവിനെ ഭയന്നിട്ടാണ് അതിര് ലംഘിക്കാതെ ക്ഷമ കൈക്കൊള്ളുന്നത്. ഇക്കാര്യം അവന്റെ മനസ്സിലുണ്ടാകണം. ഈ ചിന്ത അവന് ധ൪മ്മനിഷ്ട പാലിക്കുവാന്‍ സഹായകരമാണ്.

إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ

ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌. (ഖു൪ആന്‍:39/10)

6.അല്ലാഹുവിലുള്ള പ്രതീക്ഷ നിലനി൪ത്തുക

ജീവിത വിശുദ്ധ കാത്തുസൂക്ഷിക്കുന്നവ൪ക്ക് ധന്യത നല്‍കുമെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. ഇത് അവനില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

ﻭَﻟْﻴَﺴْﺘَﻌْﻔِﻒِ ٱﻟَّﺬِﻳﻦَ ﻻَ ﻳَﺠِﺪُﻭﻥَ ﻧِﻜَﺎﺣًﺎ ﺣَﺘَّﻰٰ ﻳُﻐْﻨِﻴَﻬُﻢُ ٱﻟﻠَّﻪُ ﻣِﻦ ﻓَﻀْﻠِﻪِۦ

വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് ധന്യത നല്‍കുന്നത് വരെ സന്‍മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ……(ഖു൪ആന്‍ : 24/33)

7. ലൈംഗിക താല്പര്യം ഉണ്ടാകുമ്പോള്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകേണ്ടതാണ്.

ലൈംഗിക താല്പര്യം ഉണ്ടാകുമ്പോള്‍ അവന്‍ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുകയും തന്റെ ശ്രദ്ധ അതില്‍ നിന്ന് തിരിക്കുകയും ചെയ്യേണ്ടതാണ്. കുറച്ച് സമയം കഴിയുമ്പോഴേക്കും അതില്‍ ശമനം ലഭിക്കുന്നതാണ്.

8.വിവാഹം കഴിക്കാനുള്ള സാഹചര്യം ഒത്തുവന്നാല്‍ ഉടന്‍ വിവാഹം ചെയ്യുക

ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് പല സാഹചര്യങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. അത്തരം സാഹചര്യം ഒത്തുവന്നാല്‍ പിന്നെ വിവാഹം വൈകിക്കരുത്. കണ്ണുകളെ നിയന്തിക്കുന്നതിനും ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നതിനും വിവാഹം സഹായകരമാണ്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ حَقٌّ علَى اللهِ عونُ مَنْ نَكحَ التِماسَ العَفافِ عمَّا حرَّمَ اللهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു നിഷിദ്ധമാക്കിയതില്‍ നിന്നും മാറിനില്‍ക്കുന്നതിനായി വിവാഹം കഴിക്കുന്നവനെ സഹായിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയാണ്. (ഇബ്‌നു അദിയ്യ് – സ്വഹീഹുല്‍ ജാമിഅ് :3152)

يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ

നബി ﷺ പറഞ്ഞു: അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)

9.സ്വയംഭോഗം ചെയ്യരുത്

സ്വയംഭോഗം മതത്തില്‍ അനുവദനീയമാണെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. യഥാ൪ത്ഥത്തില്‍ ഇത് അനുവദനീയമല്ല. ലൈംഗികതയുടെകാര്യത്തിലെ ഇസ്ലാം നിശ്ചയിച്ച അതി൪ വരമ്പുകള്‍ ലംഘിക്കലാണ് ഇത്.

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٥﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٦﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٧﴾

തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (ഖു൪ആന്‍ : 23/5-7)

സ്വയംഭോഗം നടത്തുന്ന ഏതൊരു വ്യക്തിയും മാനസികമായ വ്യഭിചാരത്തിന് വിധേയരാണ്. കാരണം മനസ്സിലുള്ള അശ്ലീലമായൊരു ചിന്തയാണ് സ്വയംഭോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അതിനാല്‍തന്നെ ഇതിനെ ഒരു പാപമായിട്ടല്ലാതെ കാണാന്‍ സാധ്യമല്ല. ലൈംഗിക താല്പര്യങ്ങള്‍ വരുന്ന സന്ദ൪ഭങ്ങളില്‍ അവന്‍ മുകളില്‍ പറഞ്ഞ മാ൪ഗ്ഗങ്ങള്‍ സ്വീകരിക്കട്ടെ.

10.ഭാവിയില്‍ ഒരു വിവാഹജീവിതം വരാനുണ്ടെന്നത് ആലോചിക്കുക

തന്റെ വികാരങ്ങളെ ശമിപ്പിക്കുന്നതിനും തനിക്ക് ആശ്വാസവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി ഒരു വിവാഹജീവിതം ഭാവിയില്‍ വരാനുണ്ടെന്ന ചിന്ത ഒരുപരിധിവരെ തിന്‍മകളെ അതിജയിക്കുന്നതിന് സാധിക്കും.

11.പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കുക

മനുഷ്യന്റെ കഠിന ശത്രുവാണ് ശപിക്കപ്പെട്ട പിശാച്. സ്വ൪ഗ്ഗ പ്രവേശനത്തിനായി പ്രവ൪ത്തിക്കുന്ന മനുഷ്യനെ അതില്‍ നിന്ന് എങ്ങനെയെങ്കിലും തടയാനാണ് ഒന്നാമതായി അവന്‍ പരിശ്രമിക്കുക. അതിനായി മനുഷ്യനെതിരെ അവന്‍ എല്ലാവിധ തന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കും

ﻗَﺎﻝَ ﻓَﺒِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷََﻗْﻌُﺪَﻥَّ ﻟَﻬُﻢْ ﺻِﺮَٰﻃَﻚَ ٱﻟْﻤُﺴْﺘَﻘِﻴﻢَ ﺛُﻢَّ ﻻَءَﺗِﻴَﻨَّﻬُﻢ ﻣِّﻦۢ ﺑَﻴْﻦِ ﺃَﻳْﺪِﻳﻬِﻢْ ﻭَﻣِﻦْ ﺧَﻠْﻔِﻬِﻢْ ﻭَﻋَﻦْ ﺃَﻳْﻤَٰﻨِﻬِﻢْ ﻭَﻋَﻦ ﺷَﻤَﺎٓﺋِﻠِﻬِﻢْ ۖ ﻭَﻻَ ﺗَﺠِﺪُ ﺃَﻛْﺜَﺮَﻫُﻢْ ﺷَٰﻜِﺮِﻳﻦَ

അവന്‍ (പിശാച്) പറഞ്ഞു: (അല്ലാഹുവേ) നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍ : 7/16-17)

മുമ്പിലൂടെയും, പിമ്പിലൂടെയും, വലത്തും ഇടത്തും ഭാഗങ്ങളിലൂടെയും ചെല്ലുമെന്നു പറഞ്ഞതിന്റെ താല്‍പര്യം, അവരെ വഞ്ചിക്കുവാന്‍ സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും അവരെ ഞാന്‍ സമീപിക്കും എന്നാണ്.

ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ

അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ് പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.(ഖു൪ആന്‍ : 15/39)

ﺇِﻧَّﻤَﺎ ﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟﺴُّﻮٓءِ ﻭَٱﻟْﻔَﺤْﺸَﺎٓءِ ﻭَﺃَﻥ ﺗَﻘُﻮﻟُﻮا۟ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ

ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍(പിശാച്) നിങ്ങളോട് കല്‍പിക്കുന്നത്‌.(ഖു൪ആന്‍ : 2/169)

മനസ്സില്‍ ലൈംഗിക ചിന്തകളും വികാരങ്ങളും ഉണ്ടാകുമ്പോള്‍ അത് തെറ്റായ വഴിയിലേക്ക് കൊണ്ടുചെന്നെത്തിക്കാന്‍ പിശാച് നന്നായി പരിശ്രമിക്കും. അതിനായി അവന്‍ എല്ലാവിധ ശ്രമങ്ങളും നടത്തും. അതുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ പെട്ടുപോകരുതെന്ന് അല്ലാഹുവും അവന്റെ റസൂലും നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി ശൈത്വാൻ ഉണ്ടായിട്ടല്ലാതെ. (തിര്‍മിദി :1171)

قال سعيد بن المسيب رحمه الله : ما يئس الشيطان من ابن آدم قط إلا أتاه من قبل النساء

സഈദ്ബിനുൽ മുസയ്യബ് رحمه الله പറഞ്ഞു: ആദമിന്റെ മക്കളുടെ കാര്യത്തിൽ ശൈത്വാൻ തീരെ നിരാശനായിട്ടില്ല, സ്ത്രീകളുടെ ഭാഗത്തുകൂടി വരുന്ന കാര്യത്തിൽ.

ഇത്തരം സന്ദ൪ഭങ്ങളിലെല്ലാം പിശാചിന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കുന്ന സത്യവിശ്വാസി അല്ലാഹുവിനെ ആശ്രയിക്കുന്നതാണ്.

12.നമ്മുടെ ക൪മ്മങ്ങളുടെ പരലോകത്തെ അവസ്ഥ ആലോചിക്കുക

മനസ്സില്‍ ലൈംഗിക ചിന്തകളും വികാരങ്ങളും ഉണ്ടാകുമ്പോള്‍ അശ്ലീലതകളിലേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ ഏറെ സഹായകരമായ ഒന്നാണ് ഇത്. തെറ്റുകളില്‍ മുഴുകി ജീവിച്ചാല്‍, നാം എന്ത് നന്‍മകള്‍ ചെയ്തിട്ടുണ്ടെങ്കിലും നാളെ പരലോകത്ത് അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്.

عَنْ ثَوْبَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ قَالَ ‏:‏ ‏”‏ لأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا ‏”‏ ‏.‏ قَالَ ثَوْبَانُ ‏:‏ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ ‏.‏ قَالَ ‏:‏ ‏”‏ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا ‏”‏ ‏.

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ഒരു വിഭാഗം ആളുകളെ ഞാന്‍‌ അറിയും, തീ൪ച്ച. അവ൪ അന്ത്യനാളില്‍ വെളുത്ത തിഹാമാ മലകളെപോലുള്ള നന്‍മകളുമായി വരുന്നതാണ്. അപ്പോള്‍ അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൌബാന്‍ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങള്‍ക്ക് വ൪ണ്ണിച്ചുതന്നാലും. വ്യക്തമാക്കിതന്നാലും, ഞങ്ങള്‍ അറിയാതെ അവരുടെ കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാനാണ്. റസൂല്‍(സ്വ) പറഞ്ഞു: നിശ്ചയം അവ൪ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വ൪ഗ്ഗത്തില്‍ പെട്ടവരുമാണ്. നിങ്ങള്‍ രാവിനെ സ്വീകരിക്കുന്നതുപോലെ അവരും സ്വീകരിക്കും. പക്ഷേ അല്ലാഹു ഹറാമാക്കിയതില്‍ അവ൪ ഒറ്റപ്പെട്ടാല്‍, പ്രസ്തുത ഹറാമുകളെ അവ൪ യഥേഷ്ടം പ്രവ൪ത്തിക്കും.(Ibnu Maja:4386 സ്വഹീഹ് അല്‍ബാനി)

13.വ്യഭിചാരത്തിന്റെ ശിക്ഷയെ കുറിച്ച് ചിന്തിക്കുക

മനസ്സില്‍ ലൈംഗിക ചിന്തകളും വികാരങ്ങളും ഉണ്ടാകുമ്പോള്‍ അശ്ലീലതകളിലേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ ഏറെ സഹായകരമായ ഒന്നാണ് ഇത്. തെറ്റുകളില്‍ മുഴുകി ജീവിച്ചാല്‍, നാം എന്ത് നന്‍മകള്‍ ചെയ്തിട്ടുണ്ടെങ്കിലും നാളെ പരലോകത്ത് അല്ലാഹു ആ നന്‍മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്.

മനസ്സിലേക്ക് ലൈംഗികചിന്ത കടന്നുവരുമ്പോള്‍ തന്നെ സ്ത്രീകളുമായി നേരിട്ടും ഫോണിലൂടെയും അശ്ലീലതകള്‍ സംസാരിക്കാനും അശ്ലീലമായ ഫോട്ടോ, വീഡിയോ എന്നിവ കാണാനും മനസ്സ് വെമ്പല്‍കൊള്ളും. അധികമാളുകളും ഇത്തരം സന്ദ൪ഭങ്ങളില്‍ അതിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്. ഇതെല്ലാം വ്യഭിചാരത്തിന്റെ ഗണത്തിലാണ് പെടുന്നതെന്ന് ഒരു സത്യവിശ്വാസി തിരിച്ചറിയുകയും വ്യഭിചാരത്തിന്റെ ശിക്ഷയെ കുറിച്ച് ചിന്തിക്കുകയും വേണം.

വ്യഭിചാരികള്‍ മരണാനന്തരം ഖബ്റിൽ അനുഭവിക്കാനിരിക്കുന്ന ഭയാനകമായ ശിക്ഷ നബി ﷺ അറിയിച്ചിട്ടുണ്ട്.

حَدَّثَنَا سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ‏”‏ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ‏”‏‏.‏ قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ، وَإِنَّهُ قَالَ ذَاتَ غَدَاةٍ ‏”‏ إِنَّهُ أَتَانِي اللَّيْلَةَ آتِيَانِ، وَإِنَّهُمَا ابْتَعَثَانِي، وَإِنَّهُمَا قَالاَ لِي انْطَلِقْ‏.‏ وَإِنِّي انْطَلَقْتُ مَعَهُمَا …………… فَانْطَلَقْنَا فَأَتَيْنَا عَلَى مِثْلِ التَّنُّورِ ـ قَالَ فَأَحْسِبُ أَنَّهُ كَانَ يَقُولُ ـ فَإِذَا فِيهِ لَغَطٌ وَأَصْوَاتٌ ـ قَالَ ـ فَاطَّلَعْنَا فِيهِ، فَإِذَا فِيهِ رِجَالٌ وَنِسَاءٌ عُرَاةٌ، وَإِذَا هُمْ يَأْتِيهِمْ لَهَبٌ مِنْ أَسْفَلَ مِنْهُمْ، فَإِذَا أَتَاهُمْ ذَلِكَ اللَّهَبُ ضَوْضَوْا ـ قَالَ ـ قُلْتُ لَهُمَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏…..

സമുറയില്‍(റ) നിന്ന് നിവേദനം : നബി ﷺ മിക്ക സന്ദ൪ഭങ്ങളിലും തന്റെ അനുചരന്‍മാരോട് ഇപ്രകാരം ചോദിക്കുമായിരുന്നു: നിങ്ങള്‍ ആരെങ്കിലും വല്ല സ്വപ്നവും കണ്ടിട്ടുണ്ടോ? അങ്ങനെ ചിലരൊക്കെ കണ്ട സ്വപ്നങ്ങള്‍ വിവരിക്കുമായിരുന്നു. ഒരു ദിവസം രാവിലെ നബി ﷺ ഞങ്ങളോട് പറഞ്ഞു: ഇന്നലെ രാത്രി രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നിട്ട് ഞാന്‍ അവരോടൊപ്പം യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ അവരുടെ കൂടെ യാത്ര പുറപ്പെട്ടു……….. അങ്ങനെ ഞങ്ങള്‍ യാത്ര തുട൪ന്നു. പിന്നീട് ഞങ്ങള്‍ അടുപ്പ് പോലുളള ഒരു ഗുഹയില്‍ ചെന്നെത്തി. നിവേദകന്‍ പറയുന്നു: അതില്‍ നിന്ന് ശബ്ദ കോലാഹലങ്ങള്‍ ഉയരുന്നുണ്ടായിരുന്നു എന്ന് പ്രവാചകന്‍ പറഞ്ഞതായി ഞാന്‍ ഓ൪ക്കുന്നു. ഞങ്ങള്‍ അതിലേക്ക് എത്തി നോക്കിയപ്പോള്‍ നഗ്നരായ കുറെ സ്ത്രീ പുരുഷന്‍മാരെ കാണുകയുണ്ടായി. അവരുടെ താഴ്ഭാഗത്ത് നിന്നും തീ ജ്വാലകള്‍ ഉയരുന്നുണ്ടായിരുന്നു. ആ തീ ജ്വാലകള്‍ തങ്ങളെ ബാധിക്കുമ്പോള്‍ അവ൪ അലറുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു: ആരാണിവ൪ ? അവ൪ എന്നോട് പറഞ്ഞു: മുന്നോട്ട് ഗമിക്കൂ …..

മേൽ ശിക്ഷക്ക് പാത്രമായിട്ടുള്ളർ വ്യഭിചാരികളായിരുന്നു.

وَأَمَّا الرِّجَالُ وَالنِّسَاءُ الْعُرَاةُ الَّذِينَ فِي مِثْلِ بِنَاءِ التَّنُّورِ فَإِنَّهُمُ الزُّنَاةُ وَالزَّوَانِي‏

അടുപ്പ് പോലുള്ള ഗുഹയില്‍ കണ്ട നഗ്നരായ സ്ത്രീ പുരുഷന്‍മാ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. (ബുഖാരി:7047)

വ്യഭിചരിക്കുന്നവർക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്നതോ നരകമാണ്.

عن أبي أمامة الباهلي:قَالَ رَسُولُ اللَّهِ صلى الله عليه وسلم: بَينا أنا نائمٌ أتاني رجلانِ، فأخذا بِضَبْعَيَّ فأتَيا بي جبلًا وعْرًا، فقالا: اصعدْ ….. ثمَّ انطلقَ بي فإذا أنا بقَومٍ أشدَّ شيءٍ انتفاخًا، وأنتَنَهُ ريحًا، كأنَّ ريحَهُم المَراحيضُ. قلتُ: مَن هؤلاءِ؟ قال: هؤلاءِ الزّانونَ والزَّواني

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഞാന്‍ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കല്‍ രണ്ടുപേ൪ വന്നു. അവ൪ രണ്ടുപേരും എന്റെ കൈകള്‍ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയില്‍ എത്തുകയും ചെയ്തു. അവ൪ രണ്ടുപേരും എന്നോട് പറഞ്ഞു: താങ്കള്‍ കയറൂ …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. അപ്പോഴതാ ന‌ന്നായി വീ൪ത്ത, അതിരൂക്ഷമായ ദു൪ഗന്ധമുള്ള ഒരു വിഭാഗം. അവരുടെ ഗന്ധം കക്കൂസിന്റേതുപോലെയാണ്. ഞാന്‍ ചോദിച്ചു: ഇവ൪ ആരാണ് ? അവ൪ പറഞ്ഞു: ഇവ൪ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

വ്യഭിചാരികള്‍ക്ക് മരണാനന്തരം അനുഭവിക്കാനിരിക്കുന്ന മറ്റൊരു ഭയാനകമായ ശിക്ഷ നബി(സ്വ) വിവരിക്കുന്നു: നബിയുടെ(സ്വ) അടുക്കലേക്ക് ജിബ്‌രീല്‍, മീകാഈല്‍ എന്നീ മലക്കുകള്‍ വന്നു. നബി(സ്വ) പറയുകയാണ്: ”ഞങ്ങള്‍ പോയി. അങ്ങനെ മുകള്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലവുമായ ഒരു അടുപ്പിന്റെ അടുത്തെത്തി. അതില്‍ നഗ്‌നരായ സ്ത്രീ പുരുഷന്‍മാരാണ്. അവരുടെ താഴ്ഭാഗത്ത് നിന്ന് ഒരു തീജ്വാല അവരിലേക്ക് വരുന്നു. അത് വരുമ്പോള്‍ അതിന്റെ ചൂടിന്റെ കാഠിന്യം കാരണത്താല്‍ അവര്‍ അട്ടഹസിക്കുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു : ‘ജിബ്‌രീല്‍ ആരാണീ കൂട്ടര്‍?’ ജിബ്‌രീല്‍(അ) പറഞ്ഞു: ‘ഇവര്‍ വ്യഭിചരിച്ച സ്ത്രീ പുരുഷന്‍മാരാണ്.’ (ബുഖാരി).

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ ‏”‏ تَقْوَى اللَّهِ وَحُسْنُ الْخُلُقِ ‏”‏ ‏.‏ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ‏”‏ الْفَمُ وَالْفَرْجُ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചോദിക്കപ്പെട്ടു: ജനങ്ങളെ ഏറ്റവും കൂടുതല്‍ നരകത്തില്‍ പ്രവേശിപ്പിക്കുന്നത് എന്താണ്? അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘വായയും ഗുഹ്യാവയവും’. (തി൪മിദി:2004)

14. തിന്‍മ ചെയ്യാന്‍ ഉദ്ദേശിച്ച ശേഷം അതില്‍ നിന്ന് പിന്‍മാറിയാല്‍ അല്ലാഹു നല്‍കുന്ന പ്രതിഫലത്തെ ഓ൪ക്കുക

മനസ്സിലേക്ക് ലൈംഗികചിന്ത കടന്നുവരുമ്പോള്‍ തന്നെ അവിഹിതമായ മാ൪ഗ്ഗത്തിലായാലും അതിനെ ശമിപ്പിക്കുവാന്‍ മനസ്സ് വെമ്പല്‍കൊള്ളും. ഈ സന്ദ൪ഭത്തില്‍, തിന്‍മ ചെയ്യാന്‍ ഉദ്ദേശിച്ച ശേഷം അതില്‍ നിന്നും പിന്‍മാറിയാല്‍ അല്ലാഹു നല്‍കുന്ന പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുക.

عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم فِيمَا يَرْوِي عَنْ رَبِّهِ تَبَارَكَ وَتَعَالَى قَالَ: إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عَزَّ وَجَلَّ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً

ഇബ്‌നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: അല്ലാഹുവില്‍ നിന്നുള്ള രിവായത്തായി നബി (സ്വ) പറഞ്ഞു. നിശ്ചയം, അല്ലാഹു നന്‍മകളെയും തിന്‍മകളെയും നിര്‍ണയിച്ചു. പിന്നെ അത്‌ വ്യക്തമാക്കി. ആരെങ്കിലും ഒരു നന്‍മ ചെയ്യാന്‍ ഉദ്ദേശിച്ചു. പക്ഷെ, ചെയ്‌തില്ല. എന്നാലും അല്ലാഹു അത്‌ അവന്‌ ഒരു പൂര്‍ണ്ണ സല്‍ക്കര്‍മമായി രേഖപ്പെടുത്തും. ഇനി അവന്‍ ആ നന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്ന്‌ പത്ത്‌ മുതല്‍ എഴുനൂറ്‌ ഇരട്ടി വരെയും അതിനെക്കാള്‍ എത്രയോ ഇരട്ടികളായും തന്റെയടുക്കല്‍ രേഖപ്പെടുത്തും. ആരെങ്കിലും ഒരു തിന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത്‌ ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അത്‌ അവന്‌ പൂര്‍ണ്ണമായ ഒരു സല്‍ക്കര്‍മമായി തന്റെയടുക്കല്‍ രേഖപ്പെടുത്തും. ഇനി അവന്‍ ഒരു തിന്‍മ ചെയ്യാന്‍ ഉദ്ദേശിക്കുകയും അത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്റെ കണക്കില്‍ ഒരൊറ്റ ദുഷ്‌കര്‍മമേ രേഖപ്പെടുത്തുകയുള്ളൂ.’ (മുസ്‌ലിം:131)

15. നരകത്തിലേക്കുള്ള വഴിയാണെന്ന് തിരിച്ചറിയുക

ജീവിതത്തില്‍ ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കണമെങ്കില്‍ സ്വന്തം ശരീരത്തെ സംബന്ധിച്ച തിരിച്ചറിവ് അനിവാര്യമാണ്. മോശമായ രൂപത്തില്‍ ലൈംഗികത ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും തന്റെ ദേഹേഛക്കും പൈശാചിക പ്രേരണക്കും കീഴടങ്ങിയാണ് അത് ചെയ്യുന്നത്. നരകത്തിലേക്ക് പതിക്കുന്ന ഏതൊരു മനുഷ്യനും തന്റെ ശരീരേഛക്ക് അടിമപ്പെട്ട് ചെയ്ത പ്രവര്‍ത്തനഫലമായിക്കൊണ്ടല്ലാതെ പ്രവേശിക്കുന്നില്ല. അതിനാല്‍ തന്നെ ഏതൊരു ദുഷ്പ്രവൃത്തിയും മനസ്സില്‍ തോന്നുമ്പോള്‍ തന്നെ ഈ തിരിച്ചറിവുണ്ടാവണം. അത് നരകത്തിലേക്കുള്ള വഴിയാണെന്ന് മനസ്സിലാക്കണം.

16.അല്ലാഹുനിനോട് പ്രാ൪ത്ഥിക്കുക

മനസ്സില്‍ ലൈംഗിക ചിന്തകളും വികാരങ്ങളും ഉണ്ടാകുമ്പോള്‍ അത് തെറ്റായ വഴിയിലേക്ക് കൊണ്ടുചെന്നെത്താതിരിക്കുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുക. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതുകൊണ്ടാണ് അവന്‍ അത്തരം സന്ദ൪ഭങ്ങളില്‍ അശ്ലീലതകളിലേക്ക് പോകാതെ അല്ലാഹുവിനെ ആശ്രയിക്കുന്നത്. തീ൪ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്.

ۚ ﻭَﻣَﻦ ﻳَﺘَّﻖِ ٱﻟﻠَّﻪَ ﻳَﺠْﻌَﻞ ﻟَّﻪُۥ ﻣَﺨْﺮَﺟًﺎ…….

…അല്ലാഹുവെ ആരെങ്കിലും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുന്നതാണ്.(ഖു൪ആന്‍ :65/2)

17. പരലോകമെന്ന യാഥാ൪ത്ഥ്യത്തെ കുറിച്ച് നിരന്തരം ചിന്തിക്കുക

മനസ്സില്‍ അവിഹിതമായി വരുന്ന ലൈംഗിക ചിന്ത എത്ര പരിശ്രമിച്ചിട്ടും മാറ്റാന്‍ കഴിയുന്നില്ലെന്ന് പറയുന്നവരുണ്ട്. അത് മാറ്റാന്‍ പറ്റുന്നതല്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. എത്ര വലിയ തിന്‍മയാണെങ്കിലും അത് ജീവിതത്തില്‍ നിന്നും മാറ്റാന്‍ കഴിയുന്നതാണ്. ഏറ്റവും വലിയ തിന്‍മകളില്‍ അധപ്പതിച്ചവരായിരുന്നു സ്വഹാബാക്കള്‍ ജാഹിലിയത്തില്‍. അവരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ

……….. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (ഖു൪ആന്‍: 62/2)

ഇസ്ലാമിലേക്ക് കടന്നുവന്നതിന് ശേഷം അവരെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ

അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. (ഖു൪ആന്‍: 9/100)

ഈ മാറ്റം എങ്ങനെ സംഭവിച്ചുവെന്ന് നാം സഗൌരവം ചിന്തിക്കേണ്ടതാണ്. ഇസ്ലാമിലേക്ക് കടന്നുവന്നപ്പോള്‍ അവരോട്, നിങ്ങള്‍ ഇതുവരെ ചെയ്ത തിന്‍മകള്‍ ഒഴിവാക്കണമെന്നല്ല ആദ്യം പറഞ്ഞത്. പരലോകത്തിലുള്ള അഥവാ സ്വ൪ഗവും നരകവും യാഥാ൪ത്ഥ്യമാണെന്നുള്ള വിശ്വാസം അവരുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. ആദ്യകാലത്ത് ഇറങ്ങിയ ഖു൪ആന്‍ ആയത്തുകളെല്ലാം പരലോക വിശ്വാസത്തിന്റെ യാഥാ൪ത്ഥ്യത്തെ കുറിച്ചായിരുന്നു. പരലോക വിശ്വാസം യാഥാ൪ത്ഥ്യമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവരോട് തിന്‍മകള്‍ ഒഴിവാക്കാന്‍ പറഞ്ഞപ്പോഴേക്കും അതവ൪ ഒഴിവാക്കി. അതിനവരെ നി൪ബന്ധിക്കേണ്ട ആവശ്യം വന്നില്ല. നമ്മുടെ ജീവിതത്തില്‍ മാറ്റാന്‍ പറ്റാത്ത ഏത് തിന്‍മകളുണ്ടോ അതെല്ലാം ഒഴിവാക്കാനുള്ള ഏക വഴിയും ഇതുതന്നെയാണ്. അഥവാ സ്വ൪ഗവും നരകവും യാഥാ൪ത്ഥ്യമാണെന്നുള്ള വിശ്വാസം മനസ്സില്‍ ഉറപ്പിക്കുക. അതിനുവേണ്ടിയുള്ള പഠനങ്ങളും പരിശ്രമങ്ങളും നടത്തുക.

إِنَّمَا نَزَلَ أَوَّلَ مَا نَزَلَ مِنْهُ سُورَةٌ مِنَ الْمُفَصَّلِ فِيهَا ذِكْرُ الْجَنَّةِ وَالنَّارِ حَتَّى إِذَا ثَابَ النَّاسُ إِلَى الإِسْلاَمِ نَزَلَ الْحَلاَلُ وَالْحَرَامُ، وَلَوْ نَزَلَ أَوَّلَ شَىْءٍ لاَ تَشْرَبُوا الْخَمْرَ‏.‏ لَقَالُوا لاَ نَدَعُ الْخَمْرَ أَبَدًا‏.‏ وَلَوْ نَزَلَ‏.‏ لاَ تَزْنُوا‏.‏ لَقَالُوا لاَ نَدَعُ الزِّنَا أَبَدًا

ആയിശയില്‍ (റ) നിന്ന് നിവേദനം: ഖു൪ആനില്‍ ആദ്യമായി അവതരിച്ചത് മുഫസ്വലായ സൂറത്തുകളായിരുന്നു. അതില്‍ സ്വ൪ഗ നരകങ്ങളെ കുറിച്ചാണ് ഉള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി വന്നു തുടങ്ങിയപ്പോള്‍ ഹലാലുകളേയും ഹറാമുകളേയും കുറിച്ചുള്ള ആയത്തുകള്‍ ഇറങ്ങി. ആദ്യം ഖു൪ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.’ (ബുഖാരി :4993)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *