അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതും സ്ത്രീകള്‍ക്ക് പാടുണ്ടോ? എന്നുള്ളത് നമ്മുടെ നാട്ടിലെ ഒരു ത൪ക്ക വിഷയമാണ്. സ്ത്രീകള്‍ ജുമുഅ – ജമാഅത്തുകള്‍ക്ക് പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മറുവിഭാഗം അത് അനുവദനീയമെന്ന് വാദിക്കുന്നു. മതകാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍:4/59)
മതകാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണമെന്ന് പറയുമ്പോള്‍ ഭിന്നിപ്പുണ്ടാകുന്ന വിഷയത്തെക്കുറിച്ച് ഖു൪ആനും സുന്നത്തും കല്‍പിച്ചിരിക്കുന്ന വിധിയെന്തോ അത് സ്വീകരിക്കണമെന്നര്‍ത്ഥം. അത് സ്വീകരിക്കുന്ന വിഷയത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വൈമനസ്യവും തോന്നാന്‍ പാടില്ല.
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഖു൪ആന്‍:59/7)
وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)
സ്ത്രീകള്‍ ജുമുഅ – ജമാഅത്തിന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖു൪ആനില്‍ ഖണ്ഢിതമായ പരാമ൪ശങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ മുന്‍സമുദായങ്ങളില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനായി സ്ത്രീകള്‍ പള്ളികളില്‍ വന്നിരുന്നുവെന്ന് വിശുദ്ധ ഖു൪ആനില്‍ സൂചന കാണാം. ലോക മുസ്ലിംകള്‍ക്ക് മാതൃകയായി വിശുദ്ധ ഖുര്‍ആനില്‍ എടുത്തു പറയപ്പെട്ട മറിയമിനോട്(റ) അല്ലാഹു പറയുന്നത് കാണുക.
يَٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ
മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക. (ഖു൪ആന്‍:3/43)
പള്ളികളില്‍ നമസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെകൂടെ നമസ്കരിക്കാനാണ് അല്ലാഹു മറിയമിനോട്(റ) ഇവിടെ നിര്‍ദ്ദേശിക്കുന്നത്. തഫ്സീര്‍ ഇബ്നു കസീര്‍ ഈ ആയത്തി വിശദീകരിച്ചു കൊണ്ട് പറയുന്നു :
أي: كوني منهم
അതായത് നീ അവരില്‍ ഉള്‍പ്പെട്ടവളായി നിര്‍വ്വഹിക്കുക. (തഫ്സീര്‍ ഇബ്നു കസീര്‍ : 363)
أمرت بالصلاة في الجماعة
അവര്‍ ജമാഅത്തായി നമസ്കരിക്കുവാന്‍ കല്‍പിക്കപ്പെട്ടു. (തഫ്സീര്‍ ബൈളാവി: 1 /38 )
ഇനി ഹദീസുകള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ അഞ്ച് നേരത്തെ ഫ൪ള് നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയുടെ(സ്വ)വ്യക്തമായ പരാമ൪ശങ്ങള്‍ വന്നിട്ടുള്ളതായി കാണാം. അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ പള്ളിയില്‍ പോയി ജമാഅത്തായി നി൪വ്വഹിക്കുന്നതും ജുമുഅയില്‍ പങ്കെടുക്കുന്നതും സ്ത്രീകള്‍ക്ക് അനുവദനീയമാണെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവ൪ക്ക് പുരുഷന്‍മാരെ പോലെ നി൪ബന്ധമില്ല. സ്ത്രീകള്‍ ജുമുഅ – ജമാഅത്തില്‍ പങ്കെടുക്കുന്നതിനായി അനുവാദം ചോദിച്ചാല്‍ അനുമതി നല്‍കണമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ بِاللَّيْلِ إِلَى الْمَسْجِدِ فَأْذَنُوا لَهُنَّ
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങളുടെ ഭാര്യമാ൪ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവ൪ക്ക് അനുവാദം നല്‍കുവിന്‍. (ബുഖാരി:865)
عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ: إِذَا اسْتَأْذَنَكُمْ نِسَاؤُكُمْ إِلَى الْمَسَاجِدِ فَأْذَنُوا لَهُنَّ
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങളുടെ ഭാര്യമാ൪ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവ൪ക്കക അനുവാദം നല്‍കുവിന്‍. (അഹ്മദ്:5211)
എത്രത്തോളമെന്ന് വെച്ചാല്‍ പള്ളിയിലേക്ക് രാത്രി പോകുന്നതിനാണ് അനുവാദം ചോദിച്ചതെങ്കില്‍പോലും അനുമതി നല്‍കണമെന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്.
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: ائْذَنُوا لِلنِّسَاءِ بِاللَّيْلِ إِلَى الْمَسَاجِدِ
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) അരുളി: നിങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോവാന്‍ രാത്രിയില്‍ (പോലും) അനുമതി നല്‍കുവിന്‍. (ബുഖാരി:899)
ഏതെങ്കിലും ഒരു സ്ത്രീ ഇസ്ലാമിക മര്യാദകള്‍ പാലിച്ച് ജുമുഅക്കോ ജമാഅത്തിനോ അനുവാദം ചോദിച്ചാല്‍ അവളെ തടയാനും പാടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ അടിയാത്തികള്‍ക്ക് അല്ലാഹുവിന്റെ പള്ളികളെ വിലക്കരുതേ (മുസ്ലിം:442)
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ: لاَ تَمْنَعُوا إِمَاءَ اللَّهِ أَنْ يُصَلِّينَ فِي الْمَسْجِدِ
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ അടിയാത്തികളായ സ്ത്രീകളെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നതില്‍ നിന്ന് നിങ്ങള്‍ തടയരുത്. ( ഇബ്‌നുമാജ :16 – അഹമ്മദ് :1327-അഹ്മദ്: 1335- ബസ്സാര്‍: 151)
ഭാര്യമാരെ ഭർത്താക്കൻമാർ തടയാൻ സാധ്യതയുള്ളതു കൊണ്ട് അവരുടെ കാര്യം പ്രത്യേകം നബി ﷺ നിർദേശിച്ചു:
عَنْ سَالِمٍ، عَنْ أَبِيهِ، عَنِ النَّبِيِّ صلى الله عليه وسلم : إِذَا اسْتَأْذَنَتِ امْرَأَةُ أَحَدِكُمْ إِلَى الْمَسْجِدِ فَلاَ يَمْنَعْهَا
സാലിം (റ) തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ (സ്വ) അരുളി: നിങ്ങളിലൊരാളുടെ ഭാര്യ പള്ളിയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടുക്കരുത് .(ബുഖാരി : 5238)
عَنْ بِلاَلِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنَ الْمَسَاجِدِ إِذَا اسْتَأْذَنُوكُمْ فَقَالَ بِلاَلٌ: وَاللَّهِ لَنَمْنَعُهُنَّ . فَقَالَ لَهُ عَبْدُ اللَّهِ: أَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم وَتَقُولُ أَنْتَ لَنَمْنَعُهُنَّ
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: സ്ത്രീകൾക്ക് പള്ളിയിലേക്ക് പോകാനുള്ള അവരുടെ അവകാശം അവർ ചോദിച്ചാൽ അവരെ നിങ്ങൾ തടയരുത്. (ഇബ്നു ഉമറിന്റെ മകൻ) ബിലാൽ പറഞ്ഞു: അല്ലാഹുവാണെ സത്യം, ഞങ്ങൾ അവരെ തടയുകതന്നെ ചെയ്യും. അപ്പോൾ ഇബ്നുഉമർ (റ) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞുവന്ന് പറയുന്നു, അപ്പോൾ നീ അവരെ തടയുമെന്ന് പറയുന്നുവോ? (മുസ്‌ലിം : 442)
عَنِ ابْنِ عُمَرَ، قَالَ كَانَتِ امْرَأَةٌ لِعُمَرَ تَشْهَدُ صَلاَةَ الصُّبْحِ وَالْعِشَاءِ فِي الْجَمَاعَةِ فِي الْمَسْجِدِ، فَقِيلَ لَهَا: لِمَ تَخْرُجِينَ وَقَدْ تَعْلَمِينَ أَنَّ عُمَرَ يَكْرَهُ ذَلِكَ وَيَغَارُ قَالَتْ: وَمَا يَمْنَعُهُ أَنْ يَنْهَانِي قَالَ: يَمْنَعُهُ قَوْلُ رَسُولِ اللَّهِ صلى الله عليه وسلم “ لاَ تَمْنَعُوا إِمَاءَ اللَّهِ مَسَاجِدَ اللَّهِ ”.
ഇബ്‌നുഉമറില്‍(റ) നിന്നും നിവേദനം: ഉമറിന്റെ(റ) ഭാര്യ സുബ്ഹി നമസ്കാരത്തിനും ഇശാ നമസ്കാരത്തിനും പള്ളിയില്‍ ജമാഅത്തിന് പങ്കെടുക്കാറുണ്ട്. അപ്പോള്‍ അവരോട് പറയപ്പെട്ടു: എന്തിന് നിങ്ങള്‍ പുറപ്പെടണം. ഉമറിന് (റ) അത് വെറുപ്പാണെന്നും അഭിമാനരോഷുണ്ടെന്നും നിങ്ങള്‍ക്കറിയാമല്ലോ. ഉടനെ അവര്‍ പറയും. എന്നാല്‍ എന്തുകൊണ്ട് അദ്ദേഹം എന്നെ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിരോധിക്കുന്നില്ല? അപ്പോള്‍ പറഞ്ഞു: അല്ലാഹുവിന്റെ സൃഷ്ടികളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുതെന്ന് നബിയുടെ(സ്വ) പ്രഖ്യാപനം തന്നെ. (ബുഖാരി : 900)
നബിയുടെ(സ്വ) കൂടെ സ്വഹാബി വനിതകള്‍ ജമാഅത്ത് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنِّي لأَدْخُلُ فِي الصَّلاَةِ فَأُرِيدُ إِطَالَتَهَا، فَأَسْمَعُ بُكَاءَ الصَّبِيِّ، فَأَتَجَوَّزُ مِمَّا أَعْلَمُ مِنْ شِدَّةِ وَجْدِ أُمِّهِ مِنْ بُكَائِهِ
അനസില്‍ (റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: നമസ്കാരം ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു ഞാന്‍ നമസ്കാരത്തില്‍ പ്രവേശിക്കും. അപ്പോള്‍ കുട്ടികളുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കും. കുട്ടി കരയുമ്പോള്‍ മാതാവിന് ഉണ്ടാകുന്ന പ്രയാസം മനസ്സിലാക്കിയതിനാല്‍ നമസ്കാരം ഞാന്‍ ചുരുക്കും. (ബുഖാരി : 709)
عَنْ أُمِّ سَلَمَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا سَلَّمَ يَمْكُثُ فِي مَكَانِهِ يَسِيرًا. قَالَ ابْنُ شِهَابٍ فَنُرَى ـ وَاللَّهُ أَعْلَمُ ـ لِكَىْ يَنْفُذَ مَنْ يَنْصَرِفُ مِنَ النِّسَاءِ. عَنْ أُمِّ سَلَمَةَ، زَوْجِ النَّبِيِّ صلى الله عليه وسلم وَكَانَتْ مِنْ صَوَاحِبَاتِهَا قَالَتْ كَانَ يُسَلِّمُ فَيَنْصَرِفُ النِّسَاءُ، فَيَدْخُلْنَ بُيُوتَهُنَّ مِنْ قَبْلِ أَنْ يَنْصَرِفَ رَسُولُ اللَّهِ صلى الله عليه وسلم
ഉമ്മുസമലയിൽ (റ) നിന്നും നിവേദനം: നബി (സ്വ) (നമസ്കാരത്തിൽ നിന്നും) സലാം ചൊല്ലിയാല്‍ തന്റെ സ്ഥാനത്തുതന്നെ അല്‍പസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ് (റ) പറയുന്നു. സ്ത്രീകള്‍ എഴുന്നേറ്റ് പോകുവാന്‍ വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള്‍ ദര്‍ശിക്കുന്നു. ഉമ്മുസമലയിൽ (റ) നിന്നും നിവേദനം: നബി (സ്വ) സലാം വീട്ടിയാല്‍ സ്ത്രീകള്‍ പിരിഞ്ഞുപോയി അവരുടെ വീടുകളില്‍ പ്രവേശിക്കും, നബി (സ്വ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി : 849, 850)
عَنْ أُمِّ سَلَمَةَ،رضى الله عنها ـ قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا سَلَّمَ قَامَ النِّسَاءُ حِينَ يَقْضِي تَسْلِيمَهُ، وَمَكَثَ يَسِيرًا قَبْلَ أَنْ يَقُومَ. قَالَ ابْنُ شِهَابٍ فَأُرَى ـ وَاللَّهُ أَعْلَمُ ـ أَنَّ مُكْثَهُ لِكَىْ يَنْفُذَ النِّسَاءُ قَبْلَ أَنْ يُدْرِكَهُنَّ مَنِ انْصَرَفَ مِنَ الْقَوْمِ
ഉമ്മുസമലയിൽ (റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) സലാം വീട്ടുന്നതോടെ സ്ത്രീകള്‍ എഴുന്നേററ് പോവുമായിരുന്നു. സലാം വീട്ടിയ ഉടനെ എഴുന്നേല്‍ക്കുന്നതിനു മുന്‍പായി നബി(സ്വ) അല്‍പ്പസമയം അവിടെത്തന്നെ ഇരിക്കും. ഇമാം സുഹ്’രി പറയുന്നു: ജനങ്ങളില്‍ നിന്നും പിരിഞ്ഞുപോകുന്നവര്‍ തങ്ങളുമായി കൂടിക്കലരുന്നതിനു മുമ്പായി സ്ത്രീകള്‍ എഴുന്നേററു പോകുവാന്‍ വേണ്ടിയായിരുന്നു ആ ഇരുത്തമെന്ന് ഞാന്‍ കരുതുന്നു. (ബുഖാരി : 837)
عَنْ سَهْلٍ، قَالَ كَانَ رِجَالٌ يُصَلُّونَ مَعَ النَّبِيِّ صلى الله عليه وسلم عَاقِدِي أُزْرِهِمْ عَلَى أَعْنَاقِهِمْ كَهَيْئَةِ الصِّبْيَانِ، وَقَالَ لِلنِّسَاءِ لاَ تَرْفَعْنَ رُءُوسَكُنَّ حَتَّى يَسْتَوِيَ الرِّجَالُ جُلُوسًا.
സഹ്ലിൽ (റ) നിന്നും നിവേദനം: നബിയുടെ(സ്വ) കൂടെ നമസ്കരിച്ചിരുന്ന ചില പുരുഷന്മാർ കുട്ടികൾ ചെയ്യുന്നതുപോലെ (വസ്ത്രത്തിന്റെ കുറവ് കാരണം) അവരുടെ തുണിയുടെ ഇരുവശങ്ങളും കഴുത്തിലേക്ക് കെട്ടികൊണ്ടായിരുന്നു നമസ്കരിച്ചിരുന്നത്. അതിനാൽ പുരുഷന്മാർ (സുജൂദിൽനിന്നും) നേരെയിരിക്കുന്നതുവരെ, സ്ത്രീകളോട് തല ഉയർത്തരുതെന്ന് അവിടുന്ന് പറയുമായിരുന്നു.(ബുഖാരി : 362 – മുസ്‌ലിം : 441)
സുബ്ഹിയുടെയും, ഇശാഇന്റെയും ജമാഅത്തില്‍വരെ നബിയുടെ(സ്വ) കൂടെ സ്വഹാബി വനിതകള്‍ പങ്കെടുക്കാറുണ്ടായിരുന്നു.
عَنْ عَائِشَةَ، قَالَتْ، كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُولِ اللَّهِ صلى الله عليه وسلم صَلاَةَ الْفَجْرِ مُتَلَفِّعَاتٍ بِمُرُوطِهِنَّ، ثُمَّ يَنْقَلِبْنَ إِلَى بُيُوتِهِنَّ حِينَ يَقْضِينَ الصَّلاَةَ، لاَ يَعْرِفُهُنَّ أَحَدٌ مِنَ الْغَلَسِ
ആയിശയില്‍ (റ) നിന്ന് നിവേദനം: സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബിയുടെ(സ്വ) കൂടെ അവരുടെ പട്ടുപുതപ്പ് മൂടിപ്പുതച്ചു കൊണ്ട് സുബ്ഹ് നമസ്‌ക്കാരത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ അവര്‍ അവരുടെ വീടുകളിക്ക് പിരിഞ്ഞു പോകും. ഇരുട്ടുകാരണം അവരെ ആരും തിരിച്ചറിയുകയില്ല. (ബുഖാരി:578)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു ഹജ൪ അസ്ഖലാനി (റഹി) പറയുന്നു:
وَفِي الْحَدِيثِ اِسْتِحْبَابُ الْمُبَادَرَةِ بِصَلَاةِ الصُّبْحِ فِي أَوَّلِ الْوَقْتِ وَجَوَازُ خُرُوجِ النِّسَاءِ إِلَى الْمَسَاجِد لِشُهُودِ الصَّلَاة فِي اللَّيْل ، وَيُؤْخَذُ مِنْهُ جَوَازُهُ فِي النَّهَارِ مِنْ بَاب أَوْلَى لِأَنَّ اللَّيْلَ مَظِنَّةُ الرِّيبَةِ أَكْثَرَ مِنْ النَّهَارِ
ഈ ഹദീസില്‍ സുബ്ഹ് നമസ്‌ക്കാരം അതിന്റെ ആദ്യസമയത്തുതന്നെ നി൪വ്വഹിക്കല്‍ സുന്നത്താണെന്നും രാത്രികളില്‍ നമസ്‌ക്കാരത്തിന് വേണ്ടി സ്ത്രീകള്‍ക്ക് പള്ളിയിലേക്ക് പുറപ്പെടാമെന്നുമുണ്ട്. അപ്രകാരം പകലിനേക്കാല്‍ രാത്രിയാണ് കൂടുതല്‍ സംശയത്തിന് സാധ്യതയുള്ളത് എന്നിരിക്കെ പകലിലും നമസ്‌ക്കാരങ്ങള്‍ക്കായി പള്ളിയില്‍ പോകാമെന്ന് മനസ്സിലാകുന്നു. (ഫത്ഹുല്‍ബാരി:2/360)
عنَّ عَائِشَةَ، قَالَتْ لَقَدْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي الْفَجْرَ، فَيَشْهَدُ مَعَهُ نِسَاءٌ مِنَ الْمُؤْمِنَاتِ مُتَلَفِّعَاتٍ فِي مُرُوطِهِنَّ ثُمَّ يَرْجِعْنَ إِلَى بُيُوتِهِنَّ مَا يَعْرِفُهُنَّ أَحَدٌ.
ആയിശയിൽ (റ) നിന്നും നിവേദനം: റസൂൽ (സ്വ) സുബ്ഹി നമസ്കാരം നിർവഹിക്കവെ അദ്ദേഹത്തോടൊപ്പം സത്യവിശ്വാസികളായ സ്ത്രീകളും ശരീരം മുഴുവനും മറയുന്ന വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ പങ്കെടുത്തിരുന്നു. പിന്നീട് അവര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) തിരിച്ചറിയുമായിരുന്നില്ല.(ബുഖാരി : 372)
عَنْ زَيْنَبَ الثَّقَفِيَّةَ، كَانَتْ تُحَدِّثُ عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ : إِذَا شَهِدَتْ إِحْدَاكُنَّ الْعِشَاءَ فَلاَ تَطَيَّبْ تِلْكَ اللَّيْلَةَ
സൈനബില്‍ (റ) നിന്ന് നബി (സ്വ) പറയുന്നു: (സ്‌ത്രീകളേ) നിങ്ങള്‍ ഇശാ നമസ്‌കാരത്തിന് ഹാജരാകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ രാത്രിയില്‍ സുഗന്ധം ഉപയോഗിക്കരുത്. (മുസ്‌ലിം:443)
عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلاَ تَشْهَدْ مَعَنَا الْعِشَاءَ الآخِرَةَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദം: നബി(സ്വ) പറഞ്ഞു: ഏതെങ്കിലും സ്ത്രീ സുഗന്ധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ കൂടെ അവസാനത്തെ രാത്രി നമസ്കാരത്തിന് പങ്കെടുക്കരുത്. (മുസ്ലിം : 1026)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ دَخَلَ النَّبِيُّ صلى الله عليه وسلم فَإِذَا حَبْلٌ مَمْدُودٌ بَيْنَ السَّارِيَتَيْنِ فَقَالَ ” مَا هَذَا الْحَبْلُ ”. قَالُوا هَذَا حَبْلٌ لِزَيْنَبَ فَإِذَا فَتَرَتْ تَعَلَّقَتْ. فَقَالَ النَّبِيُّ صلى الله عليه وسلم ” لاَ، حُلُّوهُ، لِيُصَلِّ أَحَدُكُمْ نَشَاطَهُ، فَإِذَا فَتَرَ فَلْيَقْعُدْ ”
അനസില്‍ (റ) നിന്നും നിവേദനം: നബി (സ്വ) ഒരിക്കൽ പള്ളിയിൽ പ്രവേശിച്ചപ്പോൾ അവിടെ രണ്ടു തൂണുകൾക്കിടയിൽ ഒരു കയർ ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടു. നബി (സ്വ) ചോദിച്ചു: എന്താണീ കയർ? സഹാബികള്‍ പറഞ്ഞു. ഇത് സൈനബയുടെ കയറാണ്. അവർക്ക് (രാത്രിനമസ്ക്കാരത്തില്‍) ക്ഷീണം ബാധിക്കുമ്പോൾ ഈ കയറില്‍ പിടിക്കും. നബി (സ്വ) പറഞ്ഞു: (അങ്ങനെ) വേണ്ടതില്ല. അത് അഴിച്ചു കളയുവീൻ. നിങ്ങളിലോരോരുത്തരും അവരുടെ ഉന്മേഷാവസരത്തിൽ നമസ്ക്കരിക്കട്ടെ. ക്ഷീണം ബാധിച്ചാൽ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി : 1150 – മുസ്‌ലിം : 784)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റഹി) പറയുന്നു:
وَفِيهِ جَوَازُ التَّنَفُّلِ فِي الْمَسْجِدِ فَإِنَّهَا كَانَتْ تُصَلِّي النَّافِلَةَ فِيهِ فَلَمْ يُنْكِرْ عَلَيْهَا
ഈ ഹദീസിൽ സ്ത്രീകൾ സുന്നത്ത് നമസ്ക്കാരങ്ങൾ പള്ളിയിൽവെച്ച് നമസ്ക്കരിക്കൽ അനുവദനീയമാണെന്നുണ്ട്. കാരണം അവർ (നബിയുടെ ഭാര്യയായ സൈനബ്) സുന്നത്ത് നമസ്ക്കരിച്ചിരുന്നത് പള്ളിയിൽ വെച്ചായിരുന്നു. നബി(സ്വ) അവരെ തടഞ്ഞിട്ടില്ല. (ശറഹ് മുസ്ലിം)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജർ അസ്ഖലാനി(റഹി) പറയുന്നു: ഈ ഹദീസിൽ സ്ത്രീകൾ സുന്നത്ത് നമസ്ക്കാരങ്ങൾ പള്ളിയിൽവെച്ച് നമസ്ക്കരിക്കൽ അനുവദനീയമാണെന്നുണ്ട്. (ഫത്ഹുൽബാരി :4 / 58)
നബിയുടെ വഫാത്തിന് ശേഷവും നബിയുടെ(സ്വ) ഭാര്യമാ൪ പള്ളിയില്‍ നമസ്കരിക്കുകയും ഇഅ്ത്തികാഫ് ഇരിക്കുകയും ചെയ്തിരുന്നു.
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.
ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബിയുടെ(സ്വ) മരണശേഷം അവിടുത്തെ പത്‌നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു.(ബുഖാരി :2026)
عَنْ عَائِشَةَ، قَالَتِ اعْتَكَفَتْ مَعَ رَسُولِ اللَّهِ صلى الله عليه وسلم امْرَأَةٌ مِنْ أَزْوَاجِهِ، فَكَانَتْ تَرَى الدَّمَ وَالصُّفْرَةَ، وَالطَّسْتُ تَحْتَهَا وَهْىَ تُصَلِّي
ആയിശയില്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) കൂടെ അവിടുത്തെ ഒരു ഭാര്യ ഇഅ്തികാഫ് ഇരുന്നിരുന്നു. അവള്‍ മഞ്ഞകല൪ന്ന നിറമുള്ള രക്തം ദ൪ശിക്കാറുണ്ട്. അവള്‍ നമസ്ക്കരിക്കുമ്പോള്‍ തളിക അവളുടെ ചുവട്ടില്‍ ഉണ്ടായിരിക്കും. (ബുഖാരി:310)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു ഹജർ അസ്ഖലാനി(റഹി) പറയുന്നു:
وَفِي الْحَدِيثِ جَوَازُ مُكْثِ الْمُسْتَحَاضَةِ فِي الْمَسْجِدِ وَصِحَّةُ اعْتِكَافِهَا وَصَلَاتِهَا وَجَوَازُ حَدَثِهَا فِي الْمَسْجِدِ عِنْدِ أَمْنِ التَّلْوِيثِ
രക്തസ്രാവമുള്ള സ്ത്രീകള്ക്ക് പള്ളിയില്‍ താമസിക്കാമെന്നതിനും അവളുടെ ഇഅ്തികാഫും നമസ്ക്കാരവും സാധുവാകുമെന്നതിനും, അതുപോലെ പള്ളിയില്‍ വെച്ച് രക്തസ്രാവം ഉണ്ടാവുന്നതിനും വിരോധമില്ല എന്നതിനും ഈ ഹദീസില്‍ തെളിവുണ്ട്. പള്ളി മലിനമാകുന്നതിനെ കുറിച്ച് നിര്‍ഭയത്വം ഉള്ളപ്പോള്‍ ആണിത്. (ഫത്ഹുൽബാരി :1 / 412)
ജമാഅത്തിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ സ്വഫിന്റെ പുണ്യം വരെ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا وَشَرُّهَا آخِرُهَا وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا وَشَرُّهَا أَوَّلُهَا ” .
അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം: നബി (സ്വ) പറഞ്ഞു: പുരുഷന്മാരുടെ സ്വഫിൽ ഉത്തമമായത് ആദ്യത്തേതും, മോശമായിട്ടുള്ളത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫിൽ ഉത്തമം അവസാനത്തേതും മോശം ആദ്യത്തേതുമാണ്. (മുസ്‌ലിം : 440)
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റഹി) പറയുന്നു:
أَمَّا صُفُوفُ الرِّجَالِ فَهِيَ عَلَى عُمُومِهَا فَخَيْرُهَا أَوَّلُهَا أَبَدًا وَشَرُّهَا آخِرُهَا أَبَدًا أَمَّا صُفُوفُ النِّسَاءِ فَالْمُرَادُ بِالْحَدِيثِ صُفُوفُ النِّسَاءِ اللَّوَاتِي يُصَلِّينَ مَعَ الرِّجَالِ ، وَأَمَّا إِذَا صَلَّيْنَ مُتَمَيِّزَاتٍ لَا مَعَ الرِّجَالِ فَهُنَّ كَالرِّجَالِ خَيْرُ صُفُوفِهِنَّ أَوَّلُهَا وَشَرُّهَا آخِرُهَا ، وَالْمُرَادُ بِشَرِّ الصُّفُوفِ فِي الرِّجَالِ وَالنِّسَاءِ أَقَلُّهَا ثَوَابًا وَفَضْلًا وَأَبْعَدُهَا مِنْ مَطْلُوبِ الشَّرْعِ ، وَخَيْرُهَا بِعَكْسِهِ ، وَإِنَّمَا فَضَّلَ آخِرَ صُفُوفِ النِّسَاءِ الْحَاضِرَاتِ مَعَ الرِّجَالِ لِبُعْدِهِنَّ مِنْ مُخَالَطَةِ الرِّجَالِ وَرُؤْيَتِهِمْ وَتَعَلُّقِ الْقَلْبِ بِهِمْ عِنْدَ رُؤْيَةِ حَرَكَاتِهِمْ وَسَمَاعِ كَلَامِهِمْ وَنَحْوِ ذَلِكَ ، وَذَمَّ أَوَّلَ صُفُوفِهِنَّ لِعَكْسِ ذَلِكَ
പുരുഷന്മാരുടെ അണികളില്‍ എപ്പോഴും ശ്രേഷ്ഠം ആദ്യത്തെ വരിയാണ്. മോശം അവസാനത്തേതും. എന്നാല്‍ ഹദീസില്‍ പരാമര്‍ശിച്ച സ്ത്രീകളുടെ വരി എന്നതിന്റെ ഉദ്ദേശ്യം പുരുഷന്മാരുടെ പിന്നില്‍ നമസ്‌കരിക്കുന്ന സ്ത്രീകളുടെ വരികളാണ്. എന്നാല്‍ സ്ത്രീകള്‍, പുരുഷന്മാരുടെ പിന്നിലല്ലാതെ പ്രത്യേകമായി നമസ്‌കരിക്കുകയാണെങ്കില്‍ സ്ത്രീകളുടെ വരികള്‍ പുരുഷന്മാരുടെതുപോലെയാണ്. അതായത് നല്ലത് ആദ്യത്തേതും ചീത്ത അവസാനത്തേതും. പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഫുകളില്‍ മോശമായത് എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്, ശ്രേഷ്ടതയിലും പ്രതിഫലത്തിലും കുറവുള്ളതെന്നാണ്. ശറഇന്റെ തേട്ടം അതില്‍നിന്ന് അകന്നു നില്ക്കാനാണ്. അതിനെതിരാകലാണ് നന്മ. തീര്‍ച്ചയായും സ്ത്രീകളുടെ അണികളില്‍ അവസാനത്തേതിനു നബി(സ്വ) ശ്രേഷ്ഠത കല്പിച്ചത് പുരുഷന്മാരുമായി അകന്നത് കൊണ്ടും അവരെ കാണുന്നതില്‍ നിന്നും അവര്‍ വിദൂരമായത് കൊണ്ടും, പുരുഷന്മാരുടെ ചലനം കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്ത്രീകളുടെ മനസ്സ് പുരുഷന്മാരുമായി ബന്ധമുള്ള അവസ്ഥ കുറയുന്നതുകൊണ്ടുമാണ്. (ശറഹ് മുസ്ലിം)
ഹിജാബിന്റെ ആയത്തിന് ശേഷം സ്ത്രീകള്‍ക്ക് ജുമുഅ ജമാഅത്തുകള്‍ വിലക്കപ്പെട്ടിട്ടുണ്ടോ?
നബിയുടെ(സ്വ) ഭാര്യമാരും സ്വഹാബാ വനിതകളും ജുമുഅ ജമാഅത്തുകള്‍ക്ക് പള്ളിയില്‍ പോയത് ചൂണ്ടിക്കാണിക്കുമ്പോള്‍ അതെല്ലാം ഹിജാബിന്റെ ആയത്തിന് മുമ്പാണെന്നും ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷം അവരാരും പള്ളിയിലേക്ക് പോയിട്ടില്ലെന്ന് പൌരോഹിത്യം പ്രചരിപ്പിക്കാറുണ്ട്.
നബി(സ്വ) ജഹ്ശിന്റെ മകള്‍ സൈനബയെ(റ) വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ സദ്യക്ക് ക്ഷണിച്ച വ്യക്തികള്‍ പുറത്തു പോകാതെയും മറ്റും നബിക്ക്(സ്വ) പ്രയാസമായപ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്സാബിലെ 53 ാം വചനം അവതരിക്കുകയുണ്ടായി :
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَٰظِرِينَ إِنَىٰهُ وَلَٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا
സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. (ഖു൪ആന്‍:33/53)
ഈ സംഭവം വിവരിച്ചശേഷം ഇമാം ബുഖാരി(റഹി) പറയുന്നു :
وَأُنْزِلَتْ آيَةُ الْحِجَابِ
അങ്ങനെ ഹിജാബിന്റെ ആയത്ത് അവതരിക്കപ്പെട്ടു.(ബുഖാരി : 4794)
തഫ്സീര്‍ ഇബ്നു കസീര്‍ ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു :
هذه آية الحجاب
ഇതാണ് ഹിജാബിന്റെ ആയത്ത് (തഫ്സീര്‍ ഇബ്നു കസീര്‍ : 3/607)
ഈ സംഭവം നടന്നത് ഹിജ്റ: മൂന്നിനാണെന്നും അഞ്ചിനാണെന്നും പണ്ഡിതനമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഹിജാബിന്റെ ആയത്തിന്റെ ശേഷവും നബിയുടെ(സ്വ) ഭാര്യമാരും സ്വഹാബാ വനിതകളും ജുമുഅ ജമാഅത്തുകള്‍ക്ക് പള്ളിയില്‍ പോയിട്ടുണ്ട്. ഹിജാബിന്റെ ആയത്ത് ഇറങ്ങിയ ശേഷം അവരാരും പള്ളിയിലേക്ക് പോയിട്ടില്ലെന്നുള്ള പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ല.
أَنَّهُنَّ كُنَّ يَحْجُجْنَ وَيَطُفْنَ وَيَخْرُجْنَ إِلَى الْمَسَاجِدِ فِي عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَبعده
തീര്‍ച്ചയായിട്ടും അവര്‍ (നബിയുടെ ഭാര്യമാര്‍) ഹജ്ജ് ചെയ്തിരുന്നു, ത്വവാഫ് ചെയ്തിരുന്നു, അവര്‍ പള്ളിയിലേക്ക് പുറപ്പെട്ടു പോയിരുന്നു, നബിയുടെ(സ്വ) കാലത്തും നബിയുടെ(സ്വ) കാലശേഷവും. (ഫത്ഹുല്‍ബാരി: 9/337)
രണ്ടാം ഖലീഫ ഉമർ ؓയുടെ ഭാര്യ പള്ളിയിൽ വന്ന സംഭവം ഏറെ പ്രസിദ്ധമാണല്ലോ. ആത്തിക്കؓയെ ഉമർؓ വിവാഹം കഴിക്കുന്നതു തന്നെ പള്ളിയിൽ നമസ്ക്കരിക്കാൻ പോകുന്നത് തടയുകയില്ല എന്ന വാഗ്ദാനം നൽകിക്കൊണ്ടാണ്.
أّن عُمرَ ؓ لَمَّا خَطَبَهَا شَرَطَتْ عَلَيْهِ أَنْ لَا يَضْرِبَهَا ، وَلَا يَمْنَعَهَا مِنَ الْحَقِّ ، وَلَا مِنَ الصَّلَاةِ فِي الْمَسْجِدِ النَّبَوِيِّ ،
“നിശ്ചയം ഉമർؓ അവരെ (ആത്തിക്കؓയെ) വിവാഹാലോചന നടത്തിയപ്പോൾ അവർ നിബന്ധന വെച്ചു. അവരെ അടിക്കാനോ അവരുടെ അവകാശങ്ങൾ തടയാനോ, നബി ﷺയുടെ പള്ളിയിൽ നമസ്കരിക്കുന്നതിൽ നിന്ന് തനിക്ക് വിലക്ക് ഏർപ്പെടുത്താനോ പാടുള്ളതല്ല” (അൽഇസ്വാബ 4/474)
ഉമർؓ ആ കരാർ പാലിച്ചു. അതു കൊണ്ടാണല്ലോ അദ്ദേഹം കുത്തേറ്റ് വീണ് മരണമടയുന്ന സുബ്‌ഹി നമസ്‌കാരത്തിനും ആത്തിക്കؓ പള്ളിയിൽ സന്നിഹിതയായത്.
قَالَ : فَلَقَدْ طُعِنَ عُمَرُ وَإِنَّهَا لَفِي الْمَسْجِدِ
“ഉമർؓ വിന്ന് കുത്തേറ്റപ്പോൾ അവർ പള്ളിയിലുണ്ടായിരുന്നു.” (ഫത്‌ഹുൽ ബാരി 4/407)
عن بن عمر قال فطعن عمر وإنها لفي المسجد
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഉമറിന് (റ) കുത്തേറ്റ അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ആതിഖ (റ) പള്ളിയിലുണ്ടായിരുന്നു. (മുസ്നദ് അഹ്മദ് :4522)
സ്ത്രീകളുടെ ജുമുഅ
നബിയുടെ(സ്വ) കൂടെ സ്വഹാബികളായ സ്ത്രീകള്‍ ജുമുഅ നിര്‍വ്വഹിച്ചിരുന്നതായി ഹദീസുകളില്‍ കാണാം.
عَنِ الْحَسَنِ، قَالَ: كُنَّ نِسَاءُ الْمُهَاجِرِينَ يُصَلِّينَ الْجُمُعَةَ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ يَحْتَسِبْنَ بِهَا مِنَ الظُّهْرِ
മുഹാജിറുകളായ സ്വഹാബാ വനിതകള്‍ നബിയോടൊത്ത് (സ്വ) ജുമുഅ നമസ്ക്കരിച്ചിരുന്നു . അത് ളുഹ്ര്‍ നമസ്ക്കാരത്തിന് പകരമായി അവര്‍ പരിഗണിക്കുകയും ചെയ്തിരുന്നു. (മുസന്നഫ് ഇബ്നു അബീ ശൈബ ഹദീസ് : 5159)
ഉമ്മുഹിഷാം (റ) എന്ന സ്വഹാബി വനിത സൂറത്ത് ഖ്വാഫ് പാഠമാക്കിയതു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ചു നബി(സ) അതു ഓതിക്കേട്ടിരുന്നതില്‍ നിന്നാണെന്ന് അവര്‍ പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നുണ്ട്. (മുസ്‌ലിം:873)
قَالَ الشَّافِعِيُّ : وَلَا أُحِبُّ لِوَاحِدٍ مِمَّنْ لَهُ تَرْكُ الْجُمُعَةِ مِنْ الْأَحْرَارِ لِلْعُذْرِ وَلَا مِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْعَبِيدِ أَنْ يُصَلِّيَ الظُّهْرَ حَتَّى يَنْصَرِفَ الْإِمَامُ ، أَوْ يَتَوَخَّى انْصِرَافَهُ بِأَنْ يَحْتَاطَ حَتَّى يَرَى أَنَّهُ قَدْ انْصَرَفَ ; لِأَنَّهُ لَعَلَّهُ يَقْدِرُ عَلَى إتْيَانِ الْجُمُعَةِ فَيَكُونُ إتْيَانُهَا خَيْرًا لَهُ
ഇമാം ശാഫിഈ (റഹി) പറഞ്ഞു: ജുമുഅ ഉപേക്ഷിക്കൽ അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നത് വരെ കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത്.
قَالَ الشَّافِعِيُّ : وَمَنْ قُلْت لَا جُمُعَةَ عَلَيْهِ مِنْ الْأَحْرَارِ لِلْعُذْرِ بِالْحَبْسِ ، أَوْ غَيْرِهِ وَمِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْمَمَالِيكِ فَإِذَا شَهِدَ الْجُمُعَةَ صَلَّاهَا رَكْعَتَيْنِ وَإِذَا أَدْرَكَ مِنْهَا رَكْعَةً أَضَافَ إلَيْهَا أُخْرَى وَأَجْزَأَتْهُ عَنْ الْجُمُعَةِ
ഇമാം ശാഫിഈ (റഹി) പറഞ്ഞു: ജുമുഅ നിര്‍ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞ തടവുപുള്ളി പോലുള്ള പ്രതിബന്ധമുള്ള സ്വതന്ത്രപുരുഷന്‍, സ്ത്രീകള്‍, അടിമകള്‍, പ്രായപൂര്‍ത്തിയെത്താത്തവര്‍, എന്നിവര്‍ ജുമുഅക്ക് ഹാജര്‍ ആയാല്‍ അവര്‍ ജുമുഅയുടെ രണ്ട് റക്അത്ത് തന്നെ നമസ്‌കരിക്കണം. ഒരു റക്അത്താണ് അവര്‍ക്ക് (ഇമാമിനോടൊപ്പം ) ജുമുഅയായി കിട്ടിയതെങ്കില്‍ ഒരു റക്അത്ത് കൂടി അതിനോട് കൂട്ടി നമസ്കരിക്കണം. എങ്കില്‍ ജുമുഅ ആയിട്ട് അവര്‍ക്കതു മതിയാകുന്നതാണ്. (അല്‍ ഉമ്മ്)
قَالَ الشَّافِعِيُّ : وَهَكَذَا أُحِبُّ لِمَنْ حَضَرَ الْجُمُعَةَ مِنْ عَبْدٍ وَصَبِيٍّ وَغَيْرِهِ إلَّا النِّسَاءَ فَإِنِّي أُحِبُّ لَهُنَّ النَّظَافَةَ بِمَا يَقْطَعُ الرِّيحَ الْمُتَغَيِّرَةَ وَأَكْرَهُ لَهُنَّ الطِّيبَ وَمَا يُشْهَرْنَ بِهِ مِنْ الثِّيَابِ بَيَاضٍ ، أَوْ غَيْرِهِ فَإِنْ تَطَيَّبْنَ وَفَعَلْنَ مَا كَرِهْت لَهُنَّ لَمْ يَكُنْ عَلَيْهِنَّ إعَادَةُ صَلَاةٍ
സ്ത്രീകള്‍ ഒഴികെയുള്ള അടിമകളും, കുട്ടികളും, മറ്റുള്ളവരും (സുഗന്ധം പൂശി) ഹാജറാകുന്നതിനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ സ്ത്രീകള്‍ സുഗന്ധം ഉപയോഗിച്ച് ജുമഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവള്‍ ശരീരത്തിലെ ദുര്‍ഗന്ധങ്ങള്‍ ശരിക്ക് നീങ്ങുന്നതുവരെ ശരിയായ നിലക്ക് കുളിച്ച് ശുദ്ധിയായി പങ്കെടുക്കുന്നതിനെയാണ് ഞാനിഷ്ടപ്പെടുന്നത്. ഇനി ഞാന്‍ അവള്‍ക്ക് വെറുക്കുന്ന സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവള്‍ നമസ്‌കാരത്തിന്ന് വന്നാല്‍ അവള്‍ നമസ്‌കാരം മടക്കി നമസ്‌ക്കരിക്കേണ്ടതില്ല.(അല്‍ ഉമ്മ്)
ശാഫഈ മദ്ഹബിലെ പ്രശസ്ത പണ്ഡിതനും രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റഹി) പറയുന്നു:
وَقَدْ نَقَلَ ابْنُ الْمُنْذِرِ وَغَيْرُهُ الْإِجْمَاعَ عَلَى أَنَّهَا لَوْ حَضَرَتْ وَصَلَّتْ الْجُمُعَةَ جَازَ ، وَقَدْ ثَبَتَتْ الْأَحَادِيثُ الصَّحِيحَةُ الْمُسْتَفِيضَةُ أَنَّ النِّسَاءَ كُنَّ يُصَلِّينَ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسْجِدِهِ خَلْفَ الرِّجَالِ وَلِأَنَّ اخْتِلَاطَ النِّسَاءِ بِالرِّجَالِ إذَا لَمْ يَكُنْ خَلْوَةً لَيْسَ بِحَرَامٍ
തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും അവളത് നമസ്‌ക്കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നു മുന്‍ദിറും മററും ഉദ്ധരിച്ചിട്ടുണ്ട്. നബിയുടെ(സ്വ) പള്ളിയില്‍ നബിയുടെയും(സ്വ) പുരുഷന്‍മാരുടെയും പിന്നില്‍ നിന്നു കൊണ്ട് സ്ത്രീകള്‍ നമസ്‌ക്കരിച്ചിരുന്നു എന്നത് സഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. മാത്രമല്ല സ്ത്രീകളും പുരുഷന്‍മാരും ഇടകലരുക എന്നത് ഏകാന്തതയിലല്ലെങ്കില്‍ ഒരിക്കലും ഹറാമാകുന്നുമില്ല. (ശറഹുല്‍ മുഹദ്ദബ് : 4/484)
إذَا أَرَادَتْ الْمَرْأَةُ حُضُورَ الْجُمُعَةِ فَهُوَ كَحُضُورِهَا لِسَائِرِ الصَّلَوَاتِ
ഒരു സ്ത്രീ ജുമുഅക്ക് പോകാന്‍ ഉദ്ദേശിച്ചാല്‍ മറ്റു നമസ്കാരങ്ങള്‍ക്ക് പോകുന്നത് പോലെതന്നെയാണ് അവള്‍ ജുമുഅക്കും ഹാജറാകേണ്ടത്.(ശറഹുല്‍ മുഹദ്ദബ്)
സൂറ: അഹ്സാബിലെ 33 നമ്പർ ആയത്ത് സ്ത്രീകള്‍ ജുമുഅ ജമാഅത്തിന് പങ്കെടുക്കുന്നതിന് എതിരാണോ?
وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവിനെയയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. (ഖു൪ആന്‍: 33/33)
ഈ ആയത്ത് സ്ത്രീകള്‍ ജുമുഅ ജമാഅത്തിന് പങ്കെടുക്കുന്നതിന് എതിരാണെന്ന് ചില൪ പ്രചരിപ്പിക്കാറുണ്ട്. യഥാ൪ത്ഥത്തില്‍ ഈ ആയത്ത് സ്ത്രീകള്‍ ജുമുഅ ജമാഅത്തിന് പങ്കെടുക്കുന്നതിന് എതിരല്ലെന്ന് മാത്രമല്ല, അനുവദനീയമാണെന്നാണ് വരുന്നത്.
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുകസീർ(റഹി) പറയുന്നു:
وَقَوْله تَعَالَى : ” وَقَرْنَ فِي بُيُوتكُنَّ ” أَيْ اِلْزَمْنَ بُيُوتكُنَّ فَلَا تَخْرُجْنَ لِغَيْرِ حَاجَة وَمِنْ الْحَوَائِج الشَّرْعِيَّة الصَّلَاة فِي الْمَسْجِد بِشَرْطِهِ كَمَا قَالَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ” لَا تَمْنَعُوا إِمَاء اللَّه مَسَاجِد اللَّه وَلِيَخْرُجْنَ وَهُنَّ تَفِلَات “
‘സ്ത്രീകൾ വീടുകളില്‍ ഒതുങ്ങിക്കഴിയണം’ എന്നാല്‍, അത്യാവശ്യങ്ങൾക്കല്ലാതെ സ്ത്രീകൾ പുറത്ത് പോകാൻ പാടുള്ളതല്ല, നമസ്ക്കാരത്തിന് വേണ്ടി ശര്‍ത്വുകള്‍ പാലിച്ചുകൊണ്ട് പള്ളിയിൽ പോവുക എന്നത് ശറഹിൽ അനുവദിക്കപ്പെട്ടതാണ്. അല്ലാഹുവിന്റെ ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നും തടയരുത് എന്ന് നബി(സ്വ) പറഞ്ഞതുപോലെ അവർ ആഢംബരമില്ലാതെ പുറപ്പെടട്ടെ. ( തഫ്സീർ ഇബ്നുകസീർ )
മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു: സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണമെന്നു പറഞ്ഞതുകൊണ്ടു അവള്‍ ഒരിക്കലും, ഒരു കാര്യത്തിനും പുറത്തിറങ്ങിക്കൂടാ എന്നുദ്ദേശ്യമില്ല. നബിയുടെ(സ്വ) കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ നമസ്കാരത്തിനും ജുമുഅക്കും പോയിരുന്നതും, യുദ്ധയാത്രകളില്‍ പുരുഷന്‍മാരെ അനുഗമിച്ചിരുന്നതും മറ്റും പ്രസിദ്ധമാണ്. സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതു തടയരുതെന്നും പെരുന്നാളിന്റെ പ്രാര്‍ത്ഥനയോഗത്തില്‍ അവരെ പങ്കെടുപ്പിക്കണമെന്നുമുള്ള നബിവചനങ്ങളും പ്രസ്താവ്യമത്രെ. ചുരുക്കത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോട് കൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷന്‍മാരുമായി സമ്പര്‍ക്കത്തിന്നിടയാകുന്ന രംഗങ്ങളില്‍ പങ്കെടുക്കുക, ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്. (അമാനി തഫ്സീ൪: ഖു൪ആന്‍: 33/33 ന്റെ വിശദീകരണം)
‘സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം’ എന്ന ഹദീസിനെ കുറിച്ച് ചില കാര്യങ്ങള്‍
സ്ത്രീകള്‍ക്ക് അവരുടെ വീടാണ് ഉത്തമമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് സ്ത്രീകള്‍ ജുമുഅ – ജമാഅത്തില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും പൌരോഹിത്യം പ്രചരിപ്പിക്കാറുണ്ട്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ وَبُيُوتُهُنَّ خَيْرٌ لَهُنَّ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേതനം: നബി (സ്വ) അരുളി: നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്. അവര്‍ക്ക് അവരുടെ വീടാണ് ഉത്തമം. (അബൂദാവൂദ്:567)
ഈ ഹദീസിനെ കുറിച്ച് ചില പണ്ഢിതന്‍മാ൪ ദു൪ബലമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റ് ചില പണ്ഢിതന്‍മാ൪ സ്വഹീഹാണെന്നും പറഞ്ഞിട്ടുണ്ട്. ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി ഈ ഹദീസ് സ്വഹീഹെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ഇവിടെ സ്ത്രീകള്‍ക്ക് അവരുടെ വീടാണ് ഉത്തമമെന്നാണ് പറഞ്ഞിട്ടുള്ളത്. ചില൪ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് നിഷിദ്ധമാണെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല, ‘അവര്‍ക്ക് അവരുടെ വീടാണ് ഉത്തമം’ എന്നു പറഞ്ഞതിന്റെ മുമ്പുതന്നെ ‘നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്’ എന്നും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ വീടാണ് ഉത്തമമെന്നാണ് പറയുമ്പോള്‍തന്നെ പള്ളിയില്‍ പോകുന്നത് അനുവദനീയമാകുന്നു.
ഒരു കാര്യം ഇന്നരീതിയില്‍ ഉത്തമമാണെന്ന് പറയുമ്പോള്‍ അത് മറ്റൊരു രീതിയില്‍ അനുവദനീയമായതുകൊണ്ടാണ്. ഉദാഹരണത്തിന് സുന്നത്ത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നമസ്കരിക്കുന്നതാണ് ശ്രേഷ്ടമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതേപോലെ വെള്ള വസ്ത്രം ധരിക്കുന്നതാണ് ശ്രേഷ്ടമെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: صَلاَةُ الْمَرْءِ فِي بَيْتِهِ أَفْضَلُ مِنْ صَلاَتِهِ فِي مَسْجِدِي هَذَا إِلاَّ الْمَكْتُوبَةَ
സൈദുബ്‌നു സാബിതിൽ (റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മനുഷ്യന്‍ തന്റെ വീട്ടില്‍ വെച്ച് നമസ്കരിക്കുന്ന നമസ്കാരമാണ് പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന നമസ്കാരത്തേക്കാള്‍ ശ്രേഷ്ടതയുള്ളത്, നി൪ബന്ധ നമസ്കാരം ഒഴികെ. (അബൂദാവൂദ് 1044 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ الْبَسُوا مِنْ ثِيَابِكُمُ الْبَيَاضَ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക.അതാണ് നിങ്ങളുടെ വസ്ത്രങ്ങളിൽ ഉത്തമം. (അബൂദാവൂദ്: 3878)
സുന്നത്ത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നമസ്കരിക്കുന്നതാണ് ശ്രേഷ്ടമെന്ന് പറയുമ്പോള്‍ അത് പള്ളിയില്‍ വെച്ച് നി൪വ്വഹിക്കുന്നത് നിഷിദ്ധമാണെന്ന് അ൪ത്ഥമില്ല. സുന്നത്ത് നമസ്കാരങ്ങള്‍ പള്ളിയില്‍ വെച്ച് നമസ്കരിക്കുന്നത് അനുവദനീയമാണെന്നും എന്നാല്‍ വീട്ടില്‍ വെച്ച് നമസ്കരിക്കുന്നതാണ് ശ്രേഷ്ടമെന്നുമാണ് വരുന്നത്. അതേപോലെ വെള്ള വസ്ത്രം ധരിക്കുന്നതാണ് ശ്രേഷ്ടമെന്ന് പറയുമ്പോള്‍ മറ്റ് വസ്ത്രങ്ങളും അനുവദനീയമാണെന്നും എന്നാല്‍ ഏറ്റവും ശ്രേഷ്ടം വെള്ള വസ്ത്രം ധരിക്കുന്നതാണെന്നുമാണ്. ഇതേപോലെ സ്ത്രീകള്‍ക്ക് വീടാണ് ഉത്തമമെന്ന് പറയുമ്പോള്‍ പള്ളി അവ൪ക്ക് നിഷിദ്ധമാകുന്നില്ല. മാത്രമല്ല സ്ത്രീകള്‍ ജുമുഅ – ജമാഅത്തില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചുകൊണ്ട് അനേകം ഹദീസുകള്‍ സ്ഥിരപ്പെട്ട് വന്നിട്ടുമുണ്ട്.
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ പോയാല്‍ ഫിത്’ന ഉണ്ടാകുമെന്നോ?
ഇന്നത്തെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ പോയാല്‍ ഫിത്ന ഉണ്ടാകുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ സ്ത്രീകള്‍ അങ്ങാടിയില്‍ പോയാലോ വിവാഹ സല്‍ക്കാരങ്ങള്‍ക്കോ മറ്റോ പോയാലോ യാതൊരു ഫിത്നയും ഇക്കൂട്ട൪ കാണുന്നുമില്ല. യഥാ൪ത്ഥത്തില്‍ ഇന്നും പള്ളിയില്‍ പോകുന്ന സ്ത്രീകള്‍ക്ക് ഫിത്നകളെ ഭയക്കേണ്ടതില്ല. കാരണം ഇന്ന് പള്ളികളില്‍ സ്ത്രീ പുരുഷന്‍മാ൪ തമ്മില്‍ കൂടിക്കലരുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാ൪ക്കും പള്ളിയിലേക്ക് പ്രത്യേകം പ്രത്യേകം വഴിയും ടോയ്ലെറ്റ് സൌകര്യങ്ങളും ഹൌളും നമസ്കാര സ്ഥലവുമാണുള്ളത്. സ്ത്രീ പുരുഷന്‍മാ൪ പരസ്പരം കാണുന്നതുപോലുമില്ല. ഇതെല്ലാം ചില തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണെന്ന് തിരിച്ചറിയുക.
പള്ളിയില്‍ പോകുന്ന സ്ത്രീകളോട്
ഇസ്ലാമികമായ മര്യാദകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ പള്ളിയില്‍ പോയി ജുമുഅ – ജമാഅത്ത് – ഗ്രഹണ – പെരുന്നാള്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കുന്നത് അനുവദിച്ചിട്ടുള്ള കാര്യം തന്നെയാണ്. ഇസ്ലാമികമായ മര്യാദകള്‍ പാലിച്ചുകൊണ്ടുതന്നെയാണ് പള്ളിയിലേക്ക് പോകുന്നതെന്ന് ഓരോ സ്ത്രീയും ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍ ഇസ്ലാം നിഷ്ക൪ഷിച്ചിട്ടുള്ള വേഷങ്ങള്‍ ധരിക്കാതെ പള്ളിയില്‍ പോകുന്നവരുണ്ട്. അതേപോലെ പുറത്ത് പോകുമ്പോള്‍ അനിസ്ലാമിക വസ്ത്രങ്ങള്‍ ധരിച്ച് പോകുകയും പിന്നീട് പള്ളിയിലെത്തി അവിടെ വെച്ച് നമസ്കാര കുപ്പായം ധരിച്ച് നമസ്കരിക്കുന്നവരുമുണ്ട്. അത്തരം ആളുകള്‍ പള്ളിയിലേക്ക് പോകാത്തതാണ് നല്ലത്.
ഒരു സ്ത്രീ പുറത്ത് എവിടേക്ക് പോയാലും സുഗന്ധം പൂശാന്‍ പാടുള്ളതല്ല. പള്ളിയിലേക്ക് പോകുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
عَنْ زَيْنَبَ، امْرَأَةِ عَبْدِ اللَّهِ قَالَتْ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم : إِذَا شَهِدَتْ إِحْدَاكُنَّ الْمَسْجِدَ فَلاَ تَمَسَّ طِيبًا
അബ്ദില്ലയുടെ ഭാര്യ സൈനബില്‍ (റ) നിന്ന് നബി (സ്വ) പറഞ്ഞു: നിങ്ങളാരെങ്കിലും പള്ളിയിൽ ഹാജരാകുകയാണെങ്കിൽ അവൾ സുഗന്ധം പൂശരുത്. (മുസ്ലിം:443)
പണ്ഢിതന്‍മാരോട് സ്നേഹപൂ൪വ്വം
ഇസ്ലാമികമായ മര്യാദകള്‍ പാലിച്ചുകൊണ്ട് സ്ത്രീകള്‍ പള്ളിയില്‍ പോയി ജുമുഅ – ജമാഅത്ത് – ഗ്രഹണ – പെരുന്നാള്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കാമെന്നതിന് നൂറിലധികം തെളിവുകള്‍ കൊണ്ട് സ്ഥാപിക്കാവുന്നതാണ്. ഇസ്ലാമില്‍ ഒരു കാര്യം സ്ഥിരപ്പെടുന്നതിന് ഒരു തെളിവ് മാത്രം മതി. ഈ വിഷയത്തില്‍ ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്ന് നടിച്ച് ‘ഹറാം’ എന്ന് വിധി പറയുന്ന പണ്ഢിതന്‍മാരെ കാണാം. അല്ലാഹുവും അവന്റെ റസൂലും(സ്വ) അനുവദിച്ചിട്ടുള്ള ഒരു കാര്യം ഹറാമാണെന്ന് പറയുമ്പോള്‍ അതിന്റെ ഗൌരവം പണ്ഢിതന്‍മാ൪ ചിന്തിക്കുന്നുണ്ടോ?
സ്ത്രീകള്‍ ജുമുഅ – ജമാഅത്തിന് പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് വിധി പറയുമ്പോള്‍ ഈ വിഷയത്തിലെ അനവധി തെളിവുകള്‍ മറച്ചുവെച്ചുകൊണ്ട് മാത്രമേ വിധി പറയുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. അല്ലാഹു അവതരിപ്പിച്ച തെളിവുകളെ മറച്ച് വെക്കുന്നത് ജൂതക്രൈസ്തവരുടെ സ്വഭാവമാണെന്നാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്. (ഖു൪ആന്‍:5/15)
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ ചിലതില്‍ വിശ്വസിക്കുകയും ചിലത് അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നുള്ളത് ജൂതന്‍മാരുടെ സ്വഭാവമാണ്.
أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ
നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ? (ഖു൪ആന്‍:2/285)
അല്ലാഹു അനുവദിച്ചതിനെ വിരോധിക്കുകയും അല്ലാഹു വിരോധിച്ചതിനെ അനുവദിക്കുകയും ചെയ്യുന്നത് ക്രൈസ്തവ പുരോഹിതന്‍മാരുടെ ഏ൪പ്പാടാണെന്ന് നബി(സ്വ) വിശദീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ ജുമുഅ – ജമാഅത്തിന് പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് വിധി പറയുമ്പോള്‍ ആരുമായിട്ടാണ് സാമപ്പെടുന്നതെന്ന് ഗൌരവൂ൪വ്വം ഓ൪ക്കേണ്ടതാണ്.
kanzululoom.com
One Response
നല്ല കുറിപ്പ്… വിഷയ പഠനത്തിന് ഏറ്റവും അനുയോജ്യമായ തെളിവുകൾ കൃത്യമായി കൊടുത്തിട്ടുണ്ട്…
അഭിനന്ദനങ്ങൾ