സാമൂഹിക നന്മക്കും കുടുംബ ഭദ്രതക്കും വ്യക്തിവിശുദ്ധിക്കും വേണ്ടി ഇസ്‌ലാം നിഷിദ്ധമാക്കിയ ഒന്നാണ് പരസ്ത്രീ പുരുഷ ബന്ധം. ഇന്ന് സമൂഹത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇത്. അന്യസ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കുന്നതും അന്യപുരുഷനെ സ്ത്രീ സ്പര്‍ശിക്കുന്നതും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അപ്രകാരം അന്യസ്ത്രീയും അന്യപുരുഷനും ഒറ്റക്കാകുന്നതും ഇസ്‌ലാം കര്‍ശനമായി വിരോധിച്ചിട്ടുണ്ട്.

عن معقل بن يسار رضي الله عنه قال: قال رسول الله صلى الله عليه وسلم: لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له

മഅ്ഖില്‍ ബിന്‍ യസ്സാറിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പ൪ശിക്കുന്നതിനേക്കാള്‍, ഇരുമ്പിന്റെ സൂചി കൊണ്ട് തലയില്‍ തറക്കുന്നതാണ് അയാള്‍ക്ക് ഉത്തമമായിട്ടുള്ളത്. (ത്വബ്‌റാനി – സ്വഹീഹുല്‍ ജാമിഅ്)

قَالَتْ عَائِشَةُ – وَلاَ وَاللَّهِ مَا مَسَّتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم يَدَ امْرَأَةٍ قَطُّ ‏.‏ غَيْرَ أَنَّهُ يُبَايِعُهُنَّ بِالْكَلاَمِ

ആയിശ(റ) പറയുന്നു: അല്ലാഹുവാണെ സത്യം നബിﷺയുടെ കരം ഒരു (അന്യ) സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവർ അദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്. (മുസ്‌ലിം:1866)

قَالَ رَسُولَ اللَّهِ صلى الله عليه وسلم : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി പിശാച്‌ ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَدْخُلَنَّ رَجُلٌ بَعْدَ يَوْمِي هَذَا عَلَى مُغِيبَةٍ إِلاَّ وَمَعَهُ رَجُلٌ أَوِ اثْنَانِ ‏‏

നബി ﷺ പറഞ്ഞു: എന്റെ ഈ ദിവസത്തിന് ശേഷം ഒന്നോ രണ്ടോ ആള്‍ കൂട്ടിനില്ലാതെ ഒരാളും ഒരു അന്യസ്ത്രീയുടെ അടുക്കല്‍ പ്രവേശിക്കരുത്. (മുസ് ലിം: 2173)

عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ‏

ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)

എന്നാല്‍ ഇന്ന് പല മുസ്ലിം പുരുഷന്‍മാ൪ക്കും പരസ്ത്രീകള്‍ ആരൊക്കെയാണെന്നോ പല മുസ്ലിം സ്ത്രീകള്‍ക്കും പരപുരുഷന്‍മാ൪ ആരൊക്കെയാണെന്നോ അറിയില്ല. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് / അവള്‍ക്ക് വിവാഹബന്ധം നിഷിദ്ധമായവ൪(മഹ്‌റം) അല്ലാത്തവരെല്ലാം അന്യ സ്ത്രീയും അന്യ പുരുഷനും ആകുന്നു. സത്യവിശ്വാസിക്ക് മഹ്‌റം ആയവരോടല്ലാതെ ഇടകലരാവതല്ല. അതുകൊണ്ടുതന്നെ ആരൊക്കെയാണ് തനിക്ക് മഹ്‌റം ആയിട്ടുള്ളവരെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്.

പുരുഷന് മഹ്‌റം ആയിട്ടുള്ളവര്‍

ഒരു പുരുഷന് മൂന്ന് വിഭാഗം ആളുകളിലൂടെയാണ് മഹ്‌റമായ ആളുകളെ ലഭിക്കുന്നത്: (ഒന്ന്) രക്തബന്ധം. (രണ്ട്) മുലകുടിബന്ധം. (മൂന്ന്) വിവാഹബന്ധം.

രക്തബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാക്കപ്പെട്ടവ൪

ഏഴ് വിഭാഗം സ്ത്രീകളാണ് രക്തബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാക്കപ്പെട്ടവ൪.

(1) മാതാവ്: സ്വന്തം മാതാവിന് പുറമെ, മാതാവിന്‍റെയും, പിതാവിന്‍റെയും മാതാക്കളും ഇതില്‍ ഉള്‍പെടും.

(2) പുത്രിമാര്‍: സ്വന്തം പുത്രിമാര്‍ക്ക് പുറമെ, മക്കളുടെ പുത്രിമാരും അതിന് താഴോട്ടുള്ളവരും (പേരമക്കള്‍) ഇതില്‍ ഉള്‍പെടുന്നു.

(3) സഹോദരിമാര്‍: സ്വന്തം സഹോദരിമാരും മാതാവോ പിതാവോ വഴിക്കുള്ള എല്ലാ സഹോദരികളും ഇതില്‍ ഉള്‍പെടുന്നു. മാതാവ് വഴിക്കുള്ള സഹോദരി എന്നാല്‍ അവള്‍ നമ്മുടെ ഉമ്മയുടെ മകളാണ്, എന്നാല്‍ വാപ്പ നമ്മുടെ വാപ്പയല്ല (ഉമ്മയുടെ മറ്റൊരു മകള്‍). പിതാവ് വഴിക്കുള്ള സഹോദരി എന്നാല്‍ അവള്‍ നമ്മുടെ വാപ്പയുടെ മകളാണ്, എന്നാല്‍ ഉമ്മ നമ്മുടെ ഉമ്മയല്ല (വാപ്പയുടെ മറ്റൊരു മകള്‍). ഉമ്മയുടെ സഹോദരിമാരുടെയോ വാപ്പയുടെ സഹോദരന്‍മാരുടെയോ മക്കളല്ല മാതാവോ പിതാവോ വഴിക്കുള്ള സഹോദരികളെന്ന് പ്രത്യേകം അറിഞ്ഞിരിക്കുക.

(4) പിതാവിന്റെ സഹോദരിമാര്‍ (അമ്മായിമാ൪): ഇതില്‍ എല്ലാ തരം വാപ്പമാരുടെ സഹോദരികളും ഇതില്‍ ഉള്‍പെടും.

(5) മാതാവിന്റെ സഹോദരിമാര്‍ (ഇളയമ്മമാരും, മൂത്തമ്മമാരും): ഇതില്‍ എല്ലാ തരം ഉമ്മാമമാരുടെ സഹോദരികളും ഉള്‍പെടും.

(6) സഹോദരന്മാരുടെ പുത്രികള്‍, പേരമക്കള്‍ : സ്വന്തം സഹോദരന്മാരുടെ പുത്രികളും മാതാവോ പിതാവോ വഴിക്കുള്ള സഹോദരന്മാരുടെ പുത്രികളും ഇതില്‍ ഉള്‍പെടുന്നു.

(7) സഹോദരിമാരുടെ പുത്രികള്‍, പേരമക്കള്‍ : സ്വന്തം സഹോദരിമാരുടെ പുത്രികളും മാതാവോ പിതാവോ വഴിക്കുള്ള സഹോദരിമാരുടെ പുത്രികളും ഇതില്‍ ഉള്‍പെടുന്നു.

മേല്‍ പറഞ്ഞവയെല്ലാം സ്ഥിരമായി നിഷിദ്ധമായ വിവാഹ ബന്ധങ്ങളില്‍ പെട്ടതാണ്. ഒരിക്കലും വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത ബന്ധങ്ങളെയാണ് സ്ഥിരമായി വിലക്കപ്പെട്ട വിവാഹ ബന്ധങ്ങള്‍ എന്നു പറയുന്നത്. അതുകൊണ്ടുതന്നെ മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ട സ്ത്രീകളെല്ലാം പുരുഷന് എന്നും മഹ്റമായിരിക്കും.

ഇതിനുള്ള തെളിവ് കാണുക:

حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ

നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദര പുത്രിമാ൪, സഹോദരീ പുത്രിമാ൪, എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍ :4/23)

മുലകടിബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാക്കപ്പെട്ടവ൪

ഒരു സ്ത്രീ ഒരു കുഞ്ഞിന് മുലപ്പാലൂട്ടുമ്പോള്‍ അവള്‍ ആ കുട്ടിയെ പ്രസവിച്ചതിന് സമാനമായ ഒരു ബന്ധം അവ൪ തമ്മിലുണ്ടാകുന്നു. ഒരു സ്ത്രീയുടെ മുലകുടിച്ച കുട്ടിക്ക്, അത് ആണാവട്ടെ, പെണ്ണാവട്ടെ ആ മുലകൊടുത്ത സ്ത്രീ മാതാവും, ആ സ്ത്രീയുടെ അപ്പോഴത്തെ ഭര്‍ത്താവ് പിതാവും ആയിത്തീരുന്നു. മുലകൊടുത്ത സ്ത്രീയുടെ സന്താനങ്ങള്‍ മുലകുടിച്ച കുഞ്ഞിന്റെ സഹോദരങ്ങളുമാകും. അവ൪ കുഞ്ഞിന്റെ മുമ്പുള്ളവരോ ശേഷമുള്ളവരോ എന്ന വ്യത്യാസമില്ല.

വിവാഹ വിഷയത്തില്‍ രക്തബന്ധം പോലെതന്നെയുള്ള ഒരു ബന്ധമായിട്ടാണ് മുലകുടി ബന്ധത്തെയും ഇസ്‌ലാം കണക്കാക്കുന്നത്. വിവാഹം പാടില്ലായ്മ, പരസ്പരം കൂടിക്കലര്‍ന്നുകൊണ്ടുള്ള പെരുമാറ്റം എന്നിവയില്‍ രണ്ടു ബന്ധങ്ങളും ഒരുപോലെയാകുന്നു.

ഏഴ് വിഭാഗം സ്ത്രീകളാണ് ഒരു പുരുഷന് രക്തബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാക്കപ്പെട്ടവരായിട്ടുള്ളത്. മുലകുടിബന്ധം നിമിത്തവും ഈ ഏഴ് വിഭാഗം സ്ത്രീകള്‍ പുരുഷന് വിവാഹത്തിന് നിഷിദ്ധമാണ്. അതായത് ഒരു പുരുഷന് മുലകുടി ബന്ധത്തിൽ പെട്ട മാതാവും മുലകുടി ബന്ധത്തിൽ പെട്ട മകളും മുലകുടി ബന്ധത്തിൽ പെട്ട സഹോദരിയും മുലകുടി ബന്ധത്തിൽ പെട്ട പിതാവിന്റെ സഹോദരിയും മുലകുടി ബന്ധത്തിൽ പെട്ട മാതാവിന്റെ സഹോദരിയും മുലകുടി ബന്ധത്തിൽ പെട്ട സഹോദരന്റെ മകളും മുലകുടി ബന്ധത്തിൽ പെട്ട സഹോദരിയുടെ മകളും മഹ്റമാണ്. രക്തബന്ധത്തിലൂടെ നിഷിദ്ധമാകുന്നതെല്ലാം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകുന്നു.

ഇതിനുള്ള തെളിവ് കാണുക:

حُرِّمَتْ عَلَيْكُمْ أُمَّهَٰتُكُمْ وَبَنَاتُكُمْ وَأَخَوَٰتُكُمْ وَعَمَّٰتُكُمْ وَخَٰلَٰتُكُمْ وَبَنَاتُ ٱلْأَخِ وَبَنَاتُ ٱلْأُخْتِ وَأُمَّهَٰتُكُمُ ٱلَّٰتِىٓ أَرْضَعْنَكُمْ وَأَخَوَٰتُكُم مِّنَ ٱلرَّضَٰعَةِ

…… നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍ :4/23)

عَنْ عَائِشَةَ، قَالَتْ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم: ‏ يَحْرُمُ مِنَ الرَّضَاعَةِ مَا يَحْرُمُ مِنَ الْوِلاَدَةِ

‏ആയിശയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു :നിശ്ചയമായും, ജനനംകൊണ്ട് നിഷിദ്ധമാക്കുന്നതെന്തോ അതു മുലകുടികൊണ്ടും നിഷിദ്ധമാക്കും. (മുസ്ലിം:1444)

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: يَحْرُمُ مِنَ الرَّضَاعِ مَا يَحْرُمُ مِنَ النَّسَبِ ‏

ആയിശയില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു :നിശ്ചയമായും, കുടുംബബന്ധംകൊണ്ട് നിഷിദ്ധമാക്കുന്നതെന്തോ അതു മുലകുടികൊണ്ടും നിഷിദ്ധമാക്കും. (നസാഇ:3302)

വിവാഹ ബന്ധം നിമിത്തം നിഷിദ്ധമാക്കപ്പെട്ടവര്‍

(1) ഭാര്യയുടെ മാതാവ്: ഭാര്യയുടെ മാതാവിന്റെ മാതാവ് എന്നിങ്ങനെ മുകളിലേക്കും ഈ നിയമം ബാധകമാണ്. ഭാര്യയുടെ മരണശേഷമോ ഭാര്യയെ വിവാഹമോചനം നടത്തിയ ശേഷമോ ആയാലും ഭാര്യാമാതാവിനെ വിവാഹം കഴിക്കാന്‍ പാടില്ല. ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ലെങ്കിലും ഭാര്യയുടെ മാതാക്കള്‍ നിഷിദ്ധം തന്നെയാണെന്നത്രെ ബലപ്പെട്ട അഭിപ്രായം.

ഭാര്യയുടെ ഉമ്മ മഹ്റമാണോ?

ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിള്വഹുല്ലാഹ്) പറയുന്നു:  ഞാനൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ, അവളുടെ ഉമ്മ എനിക്ക് മഹ്റമാണ്. ഞാൻ എന്റെ ഭാര്യയെ ത്വലാഖ് ചൊല്ലുകയോ അല്ലെങ്കിൽ അവൾ മരണപ്പെടുകയോ ചെയ്താലും അവളുടെ ഉമ്മ എനിക്ക് മഹ്റം തന്നെയാണ്. ഞാനെന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയാൽ, അവൾക്ക് പിന്നെ എന്റെ മുന്നിൽ വരാൻ പൂർണ്ണ ഹിജാബ് വേണം. എന്നാൽ അവളുടെ ഉമ്മക്ക് പൂർണ ഹിജാബില്ലാതെ തന്നെ എന്റെ മുന്നിൽ വരാവുന്നതാണ്. അതുപോലെത്തന്നെ, അവളുടെ ഉമ്മക്ക് എന്റെ കൂടെ തനിച്ച് യാത്ര ചെയ്യലും അനുവദനീയമാണ്. കാരണം, അവർ എനിക്ക് മഹ്റമാണ്. (https://youtu.be/90lr1iyXze4)

(2) ഭാര്യയുടെ മകള്‍ (ഭാര്യമാര്‍ക്ക് മുന്‍വിവാഹത്തില്‍ ജനിച്ച പെണ്‍മക്കള്‍ – മക്കളുടെ മക്കള്‍) : ഒരു സ്ത്രീയെ ഒരാള്‍ വിവാഹം കഴിച്ചതുകൊണ്ട് മാത്രം അവളുടെ മുന്‍ വിവാഹത്തില്‍ ജനിച്ച മകള്‍ നിഷിദ്ധമാകുകയില്ല. ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കില്‍ മാത്രമെ ഇവര്‍ നിഷിദ്ധമാകുകയുള്ളൂ. ലൈംഗികബന്ധം നടന്ന ശേഷം ഭാര്യ മരിച്ചാലും ഈ നിയമം പാലിക്കപ്പെടേണ്ടതാണ്. ലൈംഗികബന്ധത്തിന് മുമ്പായി അവള്‍ മരണപ്പെടുകയോ വിവാഹമോചനം ചെയ്യപ്പെടുകയോ ചെയ്താല്‍ പിന്നീട് ആ സ്ത്തീയുടെ മകളെ അവന് വേണമെങ്കില്‍ വിവാഹം കഴിക്കാം.

(3) പുത്രന്‍മാരുടെ ഭാര്യമാര്‍ : മകന്‍ അവരെ വിവാഹമോചനം നടത്തുകയോ മകന്‍ മരണപ്പെടുകയോ ചെയ്ത ശേഷമാണെങ്കിലും അവരെ വിവാഹം കഴിക്കുന്നത് പിതാക്കള്‍ക്ക് നിഷിദ്ധമാണ്.പുത്രന്മാര്‍ എന്ന വാക്കില്‍ പൗത്രന്മാരും ഉള്‍പ്പെടും:

ഇതിനുള്ള തെളിവ് കാണുക:

حُرِّمَتْ عَلَيْكُمْ …… وَأُمَّهَٰتُ نِسَآئِكُمْ وَرَبَٰٓئِبُكُمُ ٱلَّٰتِى فِى حُجُورِكُم مِّن نِّسَآئِكُمُ ٱلَّٰتِى دَخَلْتُم بِهِنَّ فَإِن لَّمْ تَكُونُوا۟ دَخَلْتُم بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَٰٓئِلُ أَبْنَآئِكُمُ ٱلَّذِينَ مِنْ أَصْلَٰبِكُمْ وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

…….. നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). (ഖു൪ആന്‍ :4/23)

(4) പിതാവ് വിവാഹം കഴിച്ച സ്തീകള്‍

പിതാവ് വിവാഹം കഴിച്ച മറ്റ് സ്തീകളെ മക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പാടുള്ളതല്ല. പിതാവ് അവരെ വിവാഹമോചനം നടത്തുകയോ പിതാവ് മരണപ്പെടുകയോ ചെയ്ത ശേഷമാണെങ്കിലും അവരെ വിവാഹം കഴിക്കുന്നത് മക്കള്‍ക്ക് നിഷിദ്ധമാണ്.

ഇതിനുള്ള തെളിവ് കാണുക:

وَلَا تَنكِحُوا۟ مَا نَكَحَ ءَابَآؤُكُم مِّنَ ٱلنِّسَآءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُۥ كَانَ فَٰحِشَةً وَمَقْتًا وَسَآءَ سَبِيلًا

നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌; മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :4/22)

പിതാക്കള്‍ ( آبَاء ) എന്ന വാക്കില്‍ പിതാമഹന്മാരും ഉള്‍പ്പെടുന്നതാണ്. വിവാഹം കഴിച്ചവര്‍ ( مانكح ) എന്ന് പറഞ്ഞതില്‍ വിവാഹാനന്തരം സംയോഗം നടന്നിട്ടില്ലാത്ത ഭാര്യമാരും ഉള്‍പ്പെടുമെന്നും പണ്ഡിതന്മാര്‍ മനസ്സിലാക്കിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും അതു തന്നെയാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ :4/22)

മേല്‍ വിവരിച്ചതില്‍ ഭാര്യയുടെ മാതാവും പുത്രന്‍മാരുടെ ഭാര്യമാരും പിതാവിന്റെ ഭാര്യമാരും നികാഹിന്റെ കരാറോടെതന്നെ മഹ്‌റമാകും. എന്നാൽ ഭാര്യയുടെ പെൺ മക്കൾ ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിന് ശേഷമേ മഹ്‌റമാവുകയുള്ളൂ.

(5) രണ്ട് സഹോദരികളെ ഒരുമിച്ച് വിവാഹം കഴിക്കല്‍ : രണ്ട് സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യുകയോ ഒരുവള്‍ വിവാഹത്തിലിരിക്കെ മറ്റെവളെ കൂടി വിവാഹം കഴിക്കുകയോ ചെയ്യുക പാടുള്ളതല്ല.

ഇത് കുടുംബ ബന്ധത്തിലുള്ള സഹോദരികളെയും, മുലകുടി ബന്ധത്തിലുള്ള സഹോദരികളെയും ബാധിക്കുന്നതാണ് എന്നത്രെ ശരിയായ അഭിപ്രായം. (അമാനി തഫ്സീ൪ – ഖു൪ആന്‍ :4/23)

ഇതിനുള്ള തെളിവ് കാണുക:

حُرِّمَتْ عَلَيْكُمْ ….. وَأَن تَجْمَعُوا۟ بَيْنَ ٱلْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

…….. രണ്ട് സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :4/23)

രണ്ട് സഹോദരികളെ വിവാഹത്തില്‍ ഒരുമിച്ചു കൂട്ടുന്നതിനെപ്പറ്റി മാത്രമേ ഇവിടെ വ്യക്തമാക്കപ്പെട്ടിട്ടുള്ളൂ. എങ്കിലും ഒരു സ്ത്രീയയെയും അവളുടെ പിതൃ-മാതൃ സഹോദരിയെയും, ഒരു സ്ത്രീയയെയും അവളുടെ സഹോദര-സഹോദരി പുത്രിയെയും ഒരുമിച്ചുകൂട്ടുവാന്‍ പാടില്ലെന്നു നബി ﷺ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تُنْكَحُ الْمَرْأَةُ عَلَى عَمَّتِهَا وَلاَ الْعَمَّةُ عَلَى بِنْتِ أَخِيهَا وَلاَ الْمَرْأَةُ عَلَى خَالَتِهَا وَلاَ الْخَالَةُ عَلَى بِنْتِ أُخْتِهَا وَلاَ تُنْكَحُ الْكُبْرَى عَلَى الصُّغْرَى وَلاَ الصُّغْرَى عَلَى الْكُبْرَى ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഒരു സ്ത്രീയും അവളുടെ പിതൃസഹോദരിയോട് കൂടി വിവാഹിതയാകാന്‍ പാടില്ല. (ഇരുവരും ഒരാളുടെ ഭാര്യയാകരുത് എന്ന൪ത്ഥം). ഒരു സ്ത്രീയും അവളുടെ മാതൃസഹോദരിയോട് കൂടിയും ഒരു മൂത്ത സഹോദരി ഇളയവളോട് ഒപ്പമോ ഇളയവള്‍ മൂത്തവളോട് ഒപ്പമോ ഒരുമിക്കാന്‍ പാടുള്ളതല്ല. (അബൂദാവൂദ് : 2065)

عَنْ أَبِي هُرَيْرَةَ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ يُجْمَعُ بَيْنَ الْمَرْأَةِ وَعَمَّتِهَا، وَلاَ بَيْنَ الْمَرْأَةِ وَخَالَتِهَا‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഒരാള്‍ക്ക് ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരിയെയും (ഭാര്യായി) ഒരുമിച്ച് വെക്കാന്‍ പാടില്ല. ഒരു സ്ത്രീയെയും അവളുടെ മാതൃസഹോദരിയെയും (ഒരുമിച്ച് വെക്കാന്‍ പാടില്ല) (ബുഖാരി:5109)

ഭാര്യ മരിച്ചതിന് ശേഷം അവളുടെ സഹോദരിയെ വിവാഹം ചെയ്യുന്നതിന് വിരോധമില്ല. നബിﷺയുടെ മകള്‍ റുഖ്യയെയും അവരുയെ മരണശേഷം നബിﷺയുടെ മറ്റൊരു മകളായ ഉമ്മു കുല‍്‍സുവിനെയും(റ) ഉസ്മാന്‍(റ) വിവാഹം ചെയ്തത് ചരിത്രത്തില്‍ പ്രസിദ്ധമാണ്.

അതിനാൽ ഭാര്യയുടെ സഹോദരിമാരും അവളുടെ പിതാവിന്റെയും മാതാവിന്റെയും സഹോദരിമാരും എന്നെന്നേക്കും വിവാഹബന്ധം നിഷിദ്ധമായവരല്ല. അതിനാൽ അവർ മഹ്റമാവില്ല. അതിനാൽ ഒരു പുരുഷന് അവരുമായി ഒറ്റക്കാകാനോ മഹ്റമുകളെ പോലെ അവരോട് ഇടപഴുകുവനോ പാടില്ല.

സ്ത്രീക്ക് മഹ്‌റം ആയിട്ടുള്ളവര്‍

ഒരു സ്ത്രീയുടെ മഹ്റമായിട്ടുള്ളവർ അവളുടെ ഭർത്താവും എന്നെന്നേക്കും വിവാഹ ബന്ധം നിഷിദ്ധമായിട്ടുള്ള മറ്റെല്ലാ പുരുഷന്മാരുമാണ് . ഒരു സ്ത്രീക്കും മൂന്ന് വിഭാഗം ആളുകളിലൂടെയാണ് മഹ്‌റമായ ആളുകളെ ലഭിക്കുന്നത്: 1) രക്തബന്ധം. 2) മുലകുടിബന്ധം. 3) വിവാഹബന്ധം.

രക്തബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാക്കപ്പെട്ടവ൪

(1) പിതാവ്: സ്വന്തം പിതാവിന് പുറമെ, മാതാവിന്‍റെയും, പിതാവിന്‍റെയും പിതാക്കളും (വല്ല്യുപ്പമ്മാർ) ഇതില്‍ ഉള്‍പെടും.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു: ഉമ്മയുടെ ഉമ്മയുടെ സഹോദരങ്ങളും, ഉമ്മയുടെ ഉപ്പയുടെ സഹോദരങ്ങളും ഒരു സ്ത്രീക്ക് മഹ്റമുകളാണ്. ഉമ്മയുടെ ഉപ്പയുടെ സഹോദരങ്ങൾ നിങ്ങളുടെ ഉപ്പയുടെ സഹോദരങ്ങളെ പോലെയും, ഉമ്മയുടെ ഉമ്മയുടെ സഹോദരങ്ങൾ നിങ്ങളുടെ ഉമ്മയുടെ സഹോദരങ്ങളെ പോലെയുമാണ്. അതുപോലെത്തന്നെ, ഉപ്പയുടെ ഉപ്പയുടെ സഹോദരങ്ങളും ഉപ്പയുടെ ഉമ്മയുടെ സഹോദരങ്ങളും നിങ്ങൾക്ക് മഹറ്മുകളാണ്. ഇവരുടെയൊക്കെ പരമ്പര എത്ര മുകളിലേക്ക് പോയാലും കാര്യം ഇങ്ങനെ തന്നെയാണ്. (https://bit.ly/2P8mGRL)

(2) മകന്‍: സ്വന്തം മക്കള്‍ക്ക് പുറമെ, മകളുടെ മകനും മകന്റെ മകനും (പേരമക്കള്‍) ഇതില്‍ ഉള്‍പെടുന്നു.

(3) സഹോദരന്‍: സ്വന്തം സഹോദരന്‍മാരും മാതാവോ പിതാവോ വഴിക്കുള്ള എല്ലാ സഹോദരന്‍മാരും ഇതില്‍ ഉള്‍പെടുന്നു. മാതാവ് വഴിക്കുള്ള സഹോദരന്‍ എന്നാല്‍ അവന്‍ നമ്മുടെ ഉമ്മയുടെ മകനാണ്, എന്നാല്‍ വാപ്പ നമ്മുടെ വാപ്പയല്ല (ഉമ്മയുടെ മറ്റൊരു മകന്‍). പിതാവ് വഴിക്കുള്ള സഹോദരന്‍ എന്നാല്‍ അവന്‍ നമ്മുടെ വാപ്പയുടെ മകനാണ്, എന്നാല്‍ ഉമ്മ നമ്മുടെ ഉമ്മയല്ല (വാപ്പയുടെ മറ്റൊരു മകന്‍). ഉമ്മയുടെ സഹോദരിമാരുടെയോ വാപ്പയുടെ സഹോദരന്‍മാരുടെയോ മക്കളല്ല മാതാവോ പിതാവോ വഴിക്കുള്ള സഹോദന്‍മാരെന്ന് പ്രത്യേകം അറിഞ്ഞിരിക്കുക.

(4) പിതാവിന്റെ സഹോദരന്‍മാ൪ (എളാപ്പമാർ, മൂത്താപ്പമാർ ) : പിതാക്കളില്‍ പിതാമഹന്മാരും മാതാമഹന്മാരും ഉള്‍പെടുന്നതുകൊണ്ട് അവരുടെ സഹോദരന്‍മാരും ഇതില്‍ ഉള്‍പെടുന്നു.

(5) മാതാവിന്റെ സഹോദരന്‍മാ൪ (അമ്മാവന്മാർ) : ഇതില്‍ എല്ലാ തരം ഉമ്മാമമാരുടെ സഹോദരന്‍മാരും ഉള്‍പെടും.

(6) സഹോദരന്മാരുടെ പുത്രന്‍മാ൪, പേരമക്കള്‍ : സ്വന്തം സഹോദരന്മാരുടെ പുത്രന്‍മാരും മാതാവോ പിതാവോ വഴിക്കുള്ള സഹോദരന്മാരുടെ പുത്രന്‍മാരും ഇതില്‍ ഉള്‍പെടുന്നു.

(7) സഹോദരിമാരുടെ പുത്രന്‍മാ൪, പേരമക്കള്‍ : സ്വന്തം സഹോദരിമാരുടെ പുത്രന്‍മാരും മാതാവോ പിതാവോ വഴിക്കുള്ള സഹോദരിമാരുടെ പുത്രന്‍മാരും ഇതില്‍ ഉള്‍പെടുന്നു.

മുലകുടി ബന്ധം നിമിത്തം നിഷിദ്ധമാക്കപ്പെട്ടവര്‍ :

(1) മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവ്

(2) മുലയൂട്ടിയ സ്ത്രീയുടെ പിതാവ്

(3) മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ പിതാവ്

(4) മുലയൂട്ടിയ സ്ത്രീയുടെ സഹോദരന്‍

(5) മുലയൂട്ടിയ സ്ത്രീയുടെ മകന്‍

(6) മുലയൂട്ടിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ സഹോദരന്‍

വിവാഹ ബന്ധം നിമിത്തം നിഷിദ്ധമാക്കപ്പെട്ടവര്‍ :

(1) ഭർത്താവിന്റെ പിതാവ്

(2) മകളുടെ ഭർത്താവ് ( മരുമകൻ )

(3) ഭർത്താവിന് വേറെ ഭാര്യയിലുള്ള മകൻ.

ഈ മൂന്ന് ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.

(4) ഉമ്മയുടെ ഭർത്താവ്’ : ( സ്വന്തം വാപ്പയല്ലാത്ത) അദ്ദേഹം മഹ്റം ആവണമെങ്കിൽ ഉമ്മയും അയാളും തമ്മി ൽ ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.

സത്യവിശ്വാസികളെ, ഒരു പുരുഷന്റെയും സ്ത്രീയുടെയും മഹ്റം ആരൊക്കെയാണെന്നാണ് മേല്‍ വിവരിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ മഹ്റം എന്നതില്‍ എളാമ്മയുടെയോ മൂത്തമ്മയുടെ മകള്‍ ഇല്ല, എളാപ്പയുടെയോ മൂത്താപ്പയുടെയോ മകള്‍ ഇല്ല, അമ്മാവന്റെയോ അമ്മായിന്റെയോ മകള്‍ ഇല്ല, സഹോദന്റെ ഭാര്യ ഇല്ല, ഭാര്യയുടെ സഹോദരി ഇല്ല എന്ന കാര്യം പ്രത്യേകം ഓ൪ക്കുക. ഇവരെല്ലാം പുരുഷന് അന്ന്യപുരുഷന്മാർ ആണ്. അതേപോലെ സ്ത്രീകളുടെ മഹ്റം എന്നതില്‍ എളാമ്മയുടെയോ മൂത്തമ്മയുടെ മകന്‍ ഇല്ല, എളാപ്പയുടെയോ മൂത്താപ്പയുടെയോ മകന്‍ ഇല്ല, അമ്മാവന്റെയോ അമ്മായിന്റെയോ മകന്‍ ഇല്ല, സഹോദരിയുടെ ഭ൪ത്താവ് ഇല്ല, ഭ൪ത്താവിന്റെ സഹോദരി ഇല്ല എന്ന കാര്യവും പ്രത്യേകം ഓ൪ക്കുക. ഇവരെല്ലാം സ്ത്രീക്ക് അന്യപുരുഷന്മാർ ആണ്. ഇവരോട് മഹ്റമുകളെ പോലെ അടുത്ത് ഇടപഴുകുന്നതിനോ ഇവരോടൊപ്പെ ഒറ്റക്കാകുന്നതിനോ പാടുള്ളതല്ല. ഓരോ രക്ഷിതാക്കളും ഇത് ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്.

അതേപോലെ അന്യനാട്ടിലേക്ക്, അന്യസംസ്ഥാനങ്ങളിലേക്ക് പോലും പെണ്‍കുട്ടികളെ ഒറ്റക്ക് യാത്ര ചെയ്യിക്കുന്ന രക്ഷിതാക്കളും ഈ വസ്തുതകള്‍ തിരിച്ചറിയുക.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ ‏”‏ لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ، وَلاَ تُسَافِرَنَّ امْرَأَةٌ إِلاَّ وَمَعَهَا مَحْرَمٌ ‏”‏‏.‏ فَقَامَ رَجُلٌ فَقَالَ يَا رَسُولَ اللَّهِ، اكْتُتِبْتُ فِي غَزْوَةِ كَذَا وَكَذَا، وَخَرَجَتِ امْرَأَتِي حَاجَّةً‏.‏ قَالَ ‏”‏ اذْهَبْ فَحُجَّ مَعَ امْرَأَتِكَ ‏”‏‏.‏

ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: പ്രസംഗിച്ച് കൊണ്ടിരിക്കെ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു. ‘മഹ്‌റമിന്റെ കൂടെയല്ലാതെ ഒരു സ്ത്രീ യാത്ര ചെയ്യരുത്.’ അപ്പോള്‍ ഒരാള്‍ എഴുന്നേറ്റ് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ! എന്റെ ഭാര്യ ഹജ്ജിനായി പുറപ്പെട്ടിരിക്കുന്നു. ഞാനാകട്ടെ, ഇന്ന യുദ്ധത്തിന് പോകാനായി പേര് നല്‍കുകയും ചെയ്തിരിക്കുന്നു’. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ പുറപ്പെടുക. എന്നിട്ട് നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ് നിര്‍വഹിക്കുക’. (ബുഖാരി : 3006)

അവള്‍ ഒറ്റക്കാണോ എങ്കില്‍ നീ കൂടെ പോകണമെന്നോ, അവളുടെ കൂടെ വേറെ വല്ല വിശ്വസ്തരായ പുരുഷന്‍മാരോ ബന്ധുക്കളോ ഉണ്ടെങ്കിലോ, അവള്‍ വിശ്വസ്തരായ സ്ത്രീകളുടെ സംഘത്തിലാണെങ്കിലോ നീ കൂടെ പോകേണ്ടതില്ലെന്നോ നീ യുദ്ധത്തിന് തന്നെ പോയ്‌കൊള്ളുക എന്നോ, ഇത് ഇസ്‌ലാമിക ഭരണമുള്ള രാജ്യവും മക്ക നിര്‍ഭയ ഭൂമിയുമാണ് അതിനാല്‍ മഹ്‌റം വേണ്ടതില്ലെന്നോ നബി ﷺ പറഞ്ഞില്ലെന്നുള്ളത് പ്രത്യേകം ഓ൪ക്കുക.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *