മുശ്‌രിക്കുകളോടുള്ള ചോദ്യം

قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَٰوَٰتِ ۖ ٱئْتُونِى بِكِتَٰبٍ مِّن قَبْلِ هَٰذَآ أَوْ أَثَٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَٰدِقِينَ

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ. (ഖു൪ആന്‍:46/4)

അതായത്, (പറയുക:) യാതൊരു ഉപകാരമോ ഉപദ്രവമോ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽപോ ഉടമപ്പെടുത്താത്ത സമന്മാരെയും ബിംബങ്ങളെയും അല്ലാഹുവിൽ പങ്കാളിയാക്കുകയും ചെയ്യുന്നവരോട് അവരുടെ ബിംബങ്ങളുടെ കഴിവുകേടിനെ വ്യക്തമാക്കിക്കൊടുത്തുകൊണ്ട് പറയുക. ആരാധനയ്ക്ക് യാതൊരു അവകാശവും അവയ്ക്കില്ല.

{ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അതല്ല, ആകാശങ്ങളുടെ സൃഷ്ടിപ്പിൽ വല്ല പങ്കും അവർക്കുണ്ടോ?}

ആകാശഭൂമി ഗോളങ്ങളിൽ വല്ലതും അവർ സൃഷ്ടിച്ചുവോ?

പർവതങ്ങളെ അവരാണോ സൃഷ്ടിച്ചത്?

നദികളൊഴുക്കിയത് അവരാണോ?

അവർ ഭൂമിയിലുടനീളം മൃഗങ്ങളെ വിന്യസിച്ചുവോ?

മരങ്ങൾ അവർ മുളപ്പിച്ചുവോ?

ഇവയിലേതെങ്കിലും സൃഷ്ടിക്കാൻഅവർ സഹായിച്ചിട്ടുണ്ടോ?

അതിലവർക്കൊന്നുമില്ലെന്ന് മറ്റുള്ളവരെക്കാൾ അവർ അംഗീകരിക്കും. ഇത് അല്ലാഹു ഒഴികെയുള്ള എല്ലാറ്റിനുമുള്ള ആരാധനയും നിരർഥകമാണെന്നതിന് ഖണ്ഡിതമായ തെളിവാണ്.

രേഖാപരമായ തെളിവും അവർക്കില്ലെന്നാണ് തുടർന്ന് പറയുന്നത്. {ഇതിന് മുമ്പുള്ള ഏതെങ്കിലും ഗ്രന്ഥം നിങ്ങൾ കൊണ്ടുവരൂ} ശിർക്കിലേക്ക് ക്ഷണിക്കുന്ന ഒരു ഗ്രന്ഥം. {അല്ലെങ്കിൽ അറിവിന്റെ വല്ല അംശമോ} ഇതിൽ കൽപിക്കുന്ന പ്രവാചക പൈതൃക വിജ്ഞാനങ്ങളിൽ നിന്ന്. {നിങ്ങൾ സത്യവാന്മാരാണെങ്കിൽ} ഏതെങ്കിലും ഒരു പ്രവാചകനിൽനിന്ന് അത്തരം ഒരു തെളിവ് കൊണ്ടുവരാൻ അവർക്കാവില്ലെന്നത് വ്യക്തമായും ഖണ്ഡിതമായും നമുക്ക് പറയാനാവും. അവരെല്ലാവരും ക്ഷണിച്ചത് തങ്ങളുടെ രക്ഷിതാവിന്റെ ഏകത്വത്തിലേക്കും ശിർക്കിനെ വിരോധിച്ചുമായിരുന്നു എന്ന്. അതുതന്നെയാണ് അവരിൽനിന്ന് ഉദ്ധരിക്കപ്പെടുന്ന സുപ്രധാനമായ അറിവും. അല്ലാഹു പറയുന്നു:

ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)

എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് പറഞ്ഞത് ഇപ്രകാരമാണ്:

ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻣَﺎ ﻟَﻜُﻢ ﻣِّﻦْ ﺇِﻟَٰﻪٍ ﻏَﻴْﺮُﻩُ

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ഒരു ആരാധ്യനില്ല……(ഖു൪ആന്‍ :7/59)

ബഹുദൈവ വിശ്വാസത്തിനുവേണ്ടി വാദിക്കുന്ന മുശ്‌രിക്കുകൾ ഒരു തെളിവിനെയോ പ്രമാണത്തെയോ അവലംബിക്കാത്തവരാണെന്ന് വ്യക്തം. അവർ അവലംബിക്കുന്നതാകട്ടെ പിഴച്ച ബുദ്ധിയെയും പിഴച്ച ചിന്തകളെയും അവരുടെ വിചാരങ്ങളെയും മാത്രമാണ്. അവരുടെ സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനവും അവരുടെ വിജ്ഞാനങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അന്വേഷണവും അവരുടെ വിശ്വാസത്തിന്റെ തകരാറ് നിനക്ക് മനസ്സിലാക്കിത്തരും. ജീവിതം മുഴുവൻ ഇത്തരം ആരാധനയിൽ ചെലവഴിച്ചവരുടെ അവസ്ഥ ചിന്തിക്കുമ്പോൾ വല്ല പ്രയോജനവും ഇഹത്തിലോ പരത്തിലോ അവന് ലഭിച്ചുവോ?

അതാണ് അല്ലാഹു പറയുന്നത്:

وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ‎

അല്ലാഹുവിനു പുറമെ, ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. (ഖു൪ആന്‍:46/5)

അതായത് : ഈ ലോകത്ത് കഴിച്ചുകൂട്ടുന്ന കാലമത്രയും ഒരു അണുത്തൂക്കം പ്രയോജനം അതുകൊണ്ടുണ്ടാവില്ല. അവരുടെ ഒരു പ്രാർഥനയും അവർ കേൾക്കില്ല. അവരുടെ ഒരു വിളിക്കും അവർ ഉത്തരം നൽകുകയുമില്ല. ഇതാണ് ഇഹലോകത്ത് അവരുടെ അവസ്ഥ. ഉയിർത്തെഴുന്നേൽപ് ദിനത്തിൽ അവരുടെ ശിർക്കിനെ അവർ നിഷേധിക്കും.

وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ‎﴿٦﴾

മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും. (ഖു൪ആന്‍:46/6)

അതായത്: അവർ പരസ്പരം ശപിക്കും. അന്യോന്യം ഒഴിഞ്ഞുമാറുകയും ചെയ്യും

അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ നിരര്‍ത്ഥതയാണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങള്‍ മാത്രമല്ല, അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ഖിയാമാത്തുനാള്‍ വരെ – ലോകാവസാനം വരെ- അവര്‍ ആ വിളിക്ക് ഉത്തരം ചെയ്കയില്ല. അതിരിക്കട്ടെ, വിളിക്കപ്പെടുന്നതു അവര്‍ അറിയുമോ? അതുമില്ല. ഇഹത്തിലെ സ്ഥിതിയാണിത്. എനി പരലോകത്തു എല്ലാവരും സമ്മേളിക്കുന്ന അവസരത്തിലോ? വിളിക്കപ്പെട്ടിരുന്നവര്‍ വിളിച്ചവരുടെ ശത്രുക്കളായിത്തീരുകയും, അവരുടെ ആ ആരാധനയെ – തങ്ങള്‍ അതറിയുകയോ അനുകൂലിക്കുകയോ ചെയ്യുന്നവരല്ലെന്നു – നിഷേധിച്ചു പറയുകയുമാണ് ചെയ്യുക!

അതായത്, നിങ്ങള്‍ ഞങ്ങളെ ആരാധിക്കണമെന്ന് ഞങ്ങളൊരിക്കലും ഇവരോട് പറഞ്ഞിട്ടില്ല; ഇവര്‍ ഞങ്ങളെ ആരാധിച്ചുകൊണ്ടിരുന്ന കാര്യം ഞങ്ങളറിഞ്ഞിട്ടുമില്ല. അവരുടെ ഈ മാര്‍ഗഭ്രംശത്തിന് ഉത്തരവാദികള്‍ അവര്‍ തന്നെയാണ്. അതിന്റെ തിക്തഫലം അവര്‍ തന്നെ അനുഭവിക്കണം. ഈ കുറ്റത്തില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല.

 

അവലംബം:തഫ്സീറുസ്സഅ്ദി, അമാനി തഫ്സീര്‍

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *