ജാഹിലിയ്യഃ കാലഘട്ടത്തിലെ ഇരുട്ടിന്റെ കാഠിന്യം എന്തായിരുന്നു എന്നറിയുമ്പോഴാണ് നബി ﷺ  യിലൂടെ വന്നെത്തിയ പ്രകാശത്തിന്റെ വലിപ്പവും ശക്തിയും തിരിച്ചറിയാൻ കഴിയൂ. ജാഹിലിയ്യഃ കാലത്തെ കുറിച്ച് ഒരു ചെറുവിവരണം.

عن عمر بن الخطاب رضي الله عنه: إنما تنقض عرى الإسلام عروة عروة إذا نشأ في الإسلام من لا يعرف الجاهلية

ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ജാഹിലിയത്ത് എന്താണെന്ന് മനസ്സിലാക്കാത്തവർ ഇസ്ലാമിക സമൂഹത്തിൽ വളർന്നു വന്നാൽ ഇസ്ലാമിന്റെ ഇഴകള്‍ (പിരികള്‍) ഓരോന്നായി അഴിഞ്ഞ് പോകും.

ഇസ്ലാമിന്റെയും അന്തിമ പ്രവാചകനായ മുഹമ്മദ് നബിയുടെയും മഹത്വവും മേൻമയും പരിപൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കിൽ നബി ജനിച്ചു വളര്‍ന്ന കാലഘട്ടം – ജാഹിലിയ്യഃ കാലഘട്ടം – മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിന് മുൻപുള്ള ആ കാലഘട്ടം അറിയുമ്പോഴാണ്  അന്ധകാരനിബിഢമായിരുന്ന ഒരു ജനതയുടെ നടുവിൽ നിന്നാണ് പരിശുദ്ധമായ ആദര്‍ശവും പരിശുദ്ധ ജീവിതവും ഉയർന്നു വന്നത് എന്ന് ബോധ്യപ്പെടുകയുള്ളൂ.

നബി ﷺ നിയോഗിക്കപ്പെട്ട ആറാം നൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും തകർന്നടിഞ്ഞ കാലഘട്ടങ്ങളിലൊന്നാണ്. ഇസ്‌ലാമിനു മുമ്പുള്ള അറബികളുടെ ജീവിതം വളരെ മോശമായിരുന്നു. കൂരാകൂരിരുട്ടിലും ഏറ്റവും വലിയ കുഴപ്പങ്ങളിലും മ്ലേഛ സ്വഭാവങ്ങളിലും ആറാടിയിരുന്നവരായിരുന്നു അവര്‍. എല്ലാ മേഖലകളിലും പിശാച് അവരുടെ ജീവിതത്തെ നശിപ്പിച്ചു. തൗഹീദിനുപകരം ശിര്‍ക്കും അറിവിന് പകരം അജ്ഞതയും ഐക്യത്തിനുപകരം ഛിദ്രതയും നിര്‍ഭയത്ത്വത്തിനു പകരം ഭയവും നീതിക്കും നന്മക്കും പകരം ശത്രുതയും അക്രമവും നിറഞ്ഞതായിരുന്നു ജാഹിലിയ്യഃ (അജ്ഞാന) കാലഘട്ടം. അജ്ഞതയുടെ അങ്ങേയറ്റമായിരുന്നു അവരുടെ ജീവിതം. നീതിരഹിതമായ വിധികല്‍പിക്കലും അവസാനമില്ലാത്ത പ്രതികാരചിന്തയും കുത്തഴിഞ്ഞ ലൈംഗികതയും അവരുടെ മുഖമുദ്രയായിരുന്നു.

സത്യനിഷേധവും ബഹുദൈവാരാധനയും അക്രമവും അവരില്‍ വ്യാപകമായിരുന്നു. കുടുംബങ്ങളും ഗോത്രങ്ങളും സമൂഹങ്ങളും ഇതില്‍നിന്ന് ഒഴിവായിരുന്നില്ല. എല്ലാ വീടുകളിലും വിഗ്രഹം. ഓരോ ഗോത്രത്തിനും വിഗ്രഹം. അല്ലാഹുവിന്ന് പുറമെ അവ ആരാധിക്കപ്പെട്ടു. അറബികളിലേക്ക് ആദ്യമായി ശിർക് (ബഹുദൈവാരാധന) കൊണ്ടുവരുന്നത് അംറു ബ്നു ലുഹയ്യ് അൽ-ഖുസാഈ എന്ന വ്യക്തിയാണ്. കഅ്ബയുടെ സംരക്ഷണം ഏൽപ്പിക്കപ്പെട്ടിരുന്ന ഖുസാഅഃ ഗോത്രത്തിന്റെ നേതാവായിരുന്നു അയാൾ. ഒരിക്കൽ ശാമിലേക്ക് സന്ദർശനത്തിനായി പോയപ്പോൾ വിഗ്രഹാരാധകരായ അമാലീഖുകാരെ ഇദ്ദേഹം കണ്ടുമുട്ടി. അവരിൽ നിന്ന് ഹുബ്‌ൽ എന്ന പേരുള്ള ഒരു വിഗ്രഹവുമായാണ് അയാൾ മക്കയിലേക്ക് തിരിച്ചെത്തിയത്. അറബികളോട് താൻ കൊണ്ടുവന്ന വിഗ്രഹത്തെ ആരാധിക്കാൻ അയാൾ കൽപ്പിച്ചു. അങ്ങനെ അറബികൾക്കിടയിൽ വിഗ്രഹാരാധന ആരംഭിച്ചു. അംറു ബ്നു ലുഹയ്യിന് നരകത്തിൽ ലഭിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നബി പറഞ്ഞിട്ടുള്ളത് പരിശോധിച്ചാൽ അയാൾ ചെയ്തതിന്റെ ഗൗരവം വ്യക്തമാകും.

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «رَأَيْتُ عَمْرَو بْنَ عَامِرِ بْنِ لُحَيٍّ الخُزَاعِيَّ يَجُرُّ قُصْبَهُ فِي النَّارِ وَكَانَ أَوَّلَ مَنْ سَيَّبَ السَّوَائِبَ»

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അംറു ബ്നു ലുഹയ്യ് അൽ-ഖുസാഇയെ ഞാൻ നരകത്തിൽ കണ്ടു. തന്റെ ആമാശയം വലിച്ചിഴച്ചു കൊണ്ടാണ് അവനുള്ളത്. അവനാകുന്നു ആദ്യമായി (വിഗ്രഹങ്ങൾക്ക് നേർച്ചയായി നേരുന്ന ഒട്ടകമായ) സാഇബതിനെ നിശ്ചയിച്ചത്. (ബുഖാരി: 3333, മുസ്ലിം: 2856)

പിൽക്കാലഘട്ടത്തിൽ മറ്റ് വിഗ്രഹങ്ങളും കടന്നുകൂടി.

عَنْ أَبِي رَجَاءٍ العُطَارِدِيِّ يَقُولُ: كُنَّا نَعْبُدُ الحَجَرَ، فَإِذَا وَجَدْنَا حَجَرًا هُوَ أَخْيَرُ مِنْهُ أَلْقَيْنَاهُ، وَأَخَذْنَا الآخَرَ، فَإِذَا لَمْ نَجِدْ حَجَرًا جَمَعْنَا جُثْوَةً مِنْ تُرَابٍ، ثُمَّ جِئْنَا بِالشَّاةِ فَحَلَبْنَاهُ عَلَيْهِ، ثُمَّ طُفْنَا بِهِ.

അബൂ റജാഅ് അൽ ഉത്വാരിദി  رَحِمَهُ اللَّهُ  പറയുന്നു: ഞങ്ങൾ കല്ലുകളെ ആരാധിച്ചിരുന്നു. ഒരു കല്ലിനെക്കാൾ നല്ല മറ്റേതെങ്കിലും കല്ല്‌ കണ്ടാൽ ആദ്യത്തേത്ത് ഞങ്ങൾ ഉപേക്ഷിക്കുകയും, പുതിയതിനെ ആരാധിക്കുകയും ചെയ്യും. ഇനി ഞങ്ങൾക്ക് ഒരു കല്ലും കണ്ടെത്താനായില്ലെങ്കിൽ കുറച്ച് മണ്ണ് വാരിക്കൂട്ടുകയും, അതിന്റെ മുകളിൽ ഒരു ആടിനെ ബലിയർപ്പിക്കുകയും, ആ മൺകൂനയെ ത്വവാഫ് നടത്തുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങൾ. (ബുഖാരി: 4376)

عَنْ السَّائِبِ بْنِ عَبْدِ اللَّهِ، قَالَ: [كَانَ] لِي حَجَرٌ أَنَا نَحَتُّهُ بِيَدَيَّ أَعْبُدُهُ مِنْ دُونِ اللَّهِ تَبَارَكَ وَتَعَالَى، فَأَجِيءُ بِاللَّبَنِ الْخَاثِرِ الَّذِي أَنْفَسُهُ عَلَى نَفْسِي، فَأَصُبُّهُ عَلَيْهِ، فَيَجِيءُ الْكَلْبُ فَيَلْحَسُهُ، ثُمَّ يَشْغَرُ فَيَبُولُ.

സാഇബ് ബ്നു അബ്ദില്ല പറയുന്നു: ജാഹിലിയ്യതിൽ എനിക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. അല്ലാഹുവിന് പുറമെ അതിനെയായിരുന്നു ഞാൻ ആരാധിച്ചിരുന്നത്. എനിക്ക് ഏറെ വിലപ്പെട്ട, നല്ല കട്ടിയുള്ള പാൽ ഞാൻ അതിന്റെ മേൽ അഭിഷേകം നടത്തുമായിരുന്നു. ചിലപ്പോൾ വല്ല നായയും വരുകയും, അത് നക്കിത്തുടക്കുകയും ചെയ്യും. പിന്നീട് ഒരു കാല് പൊക്കിവെച്ച് അതിന്മേല്‍ മൂത്രമൊഴിക്കുകയും ചെയ്യും! (അഹ്മദ്: 15504)

മദ്യപാനം മദ്യം ജാഹിലിയ്യത്തിൽ അങ്ങേയറ്റം പ്രചാരം നേടിയിരുന്നു. അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു യാതൊരു അതിരുകളുമില്ലാത്ത മദ്യപാനം. മദ്യം നിർമ്മിക്കുന്നതിനെ കുറിച്ചും, അതിനായി കൂടിയിരിക്കുന്നതിനെ കുറിച്ചുമുള്ള അറബികവിതകൾ അവർക്കിടയിൽ ധാരാളമുണ്ടായിരുന്നു. ആ കാലഘട്ടത്തിലെ അറബ് സാഹിത്യത്തിലും ചരിത്രത്തിലും സംസ്കാരത്തിലും മദ്യം ചെലുത്തിയ സ്വാധീനം തീർത്തും പ്രകടമാണ്.

ഖതാദഃ  رَحِمَهُ اللَّهُ  പറയുന്നു: ജാഹിലിയ്യതിലെ ജനങ്ങൾ തന്റെ സമ്പത്തും കുടുംബവും വെച്ച് ചൂതാടുമായിരുന്നു. അവസാനം സമ്പത്തെല്ലാം നഷ്ടപ്പെട്ട് പാപ്പരായി, തന്റെ സ്വത്തെല്ലാം മറ്റൊരാളുടെ കയ്യിലിരിക്കുന്നത് നോക്കിയിരിക്കും. അവർക്കിടയിൽ ശത്രുതയും വെറുപ്പും വളർത്തുന്നതിൽ ചൂതാട്ടത്തിന് പങ്കുണ്ടായിരുന്നു. (തഫ്സീറു ത്വബരി: 5/36)

عَنْ عَائِشَةَ زَوْجِ النَّبِيِّ -ﷺ- أَخْبَرَتْهُ: أَنَّ النِّكَاحَ فِي الجَاهِلِيَّةِ كَانَ عَلَى أَرْبَعَةِ أَنْحَاءٍ: … وَنِكَاحُ الرَّابِعِ: يَجْتَمِعُ النَّاسُ الكَثِيرُ، فَيَدْخُلُونَ عَلَى المَرْأَةِ، لاَ تَمْتَنِعُ مِمَّنْ جَاءَهَا، وَهُنَّ البَغَايَا، كُنَّ يَنْصِبْنَ عَلَى أَبْوَابِهِنَّ رَايَاتٍ تَكُونُ عَلَمًا، فَمَنْ أَرَادَهُنَّ دَخَلَ عَلَيْهِنَّ»

ആഇശ  رَضِيَ اللَّهُ عَنْهَا  പറയുന്നു: ജാഹിലിയ്യതിൽ നാല് തരത്തിൽ ബന്ധങ്ങൾ സംഭവിച്ചിരുന്നു… നാലാമത്തെ രൂപം: ഒരു സ്ത്രീയുമായി തന്നെ ധാരാളം പുരുഷന്മാർ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നതായിരുന്നു. തന്റെയടുക്കൽ വരുന്ന ഒരു പുരുഷനെയും അവൾ തടഞ്ഞു വെക്കുകയില്ല. വ്യഭിചാരികളായി അറിയപ്പെട്ടിരുന്നവരായിരുന്നു അവർ. (അവരെ തിരിച്ചറിയുന്നതിനായി) തങ്ങളുടെ വാതിലുകൾക്ക് മേൽ അവർ അടയാളമെന്നോണം കൊടി തൂക്കുമായിരുന്നു. ഉദ്ദേശിക്കുന്നവർക്കെല്ലാം ആ വീട്ടിൽ പ്രവേശിക്കാമായിരുന്നു. (ബുഖാരി: 5127)

സ്ത്രീകൾക്ക് യാതൊരു പരിഗണനയോ സ്ഥാനമോ ജാഹിലിയ്യഃ സമൂഹത്തിൽ ഉണ്ടായിരുന്നില്ല. ഉപഭോഗവസ്തുവായി മാത്രം സ്ത്രീകളെ അവര്‍ ഉപയോഗിച്ചു.

പെണ്‍കുട്ടികള്‍ പിറക്കുന്നത് അവര്‍ക്ക് അപമാനമായി തോന്നി. പലരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി.

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ‎﴿٥٨﴾‏ يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ‎﴿٥٩﴾

അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്‍റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം! (ഖുർആൻ:16/58-59)

وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ‎

അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക. (ഖുർആൻ:6/137)

ഇതിന് പുറമെ ദാരിദ്ര്യം ഭയന്നു കൊണ്ടും, ഭാവിയിൽ വന്നേക്കാവുന്ന അധിക ചിലവ് പേടിച്ചു കൊണ്ടും കുട്ടികളെ കൊലപ്പെടുത്തുന്നവരും അവർക്കിടയിൽ ഉണ്ടായിരുന്നു.

وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا

ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്‌. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. (ഖുർആൻ:17/31)

ഇഛകളെ പിന്‍പറ്റി എല്ലാ തെറ്റുകളിലും അവര്‍ വിഹരിച്ചു. ഹറാം-ഹലാല്‍ വേര്‍തിരിവുകള്‍ അവര്‍ക്കിടയില്‍ ഇല്ലാതായി. ആരാധനകളിലും സ്വഭാവങ്ങളിലും അല്ലാഹുവിന്റെ നിയന്ത്രണ രേഖകള്‍ വിട്ടുകടന്നു. വാക്കിലും പ്രവൃത്തിയിലും ഭക്ഷണത്തിലും പാനീയത്തിലും നികാഹിലും സമ്പത്തിലും അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. മദ്യത്തെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അവര്‍ കണ്ടു. പുരുഷന്മാര്‍ക്ക് ഇഷ്ടംപോലെ സ്ത്രീസുഹൃത്തുക്കള്‍. സ്ത്രീകള്‍ക്ക് പുരുഷ സുഹൃത്തുക്കള്‍. വ്യഭിചാരത്തിന് സ്ത്രീകളെ നിര്‍ബന്ധിപ്പിച്ചു. പലിശ അനുവദനീയമാക്കി. ഇരട്ടിയിരട്ടിയായി പലിശ വാങ്ങി. ചത്ത ജീവികളെ അവര്‍ ഭക്ഷിച്ചു. ശവമെന്ന് പറഞ്ഞാല്‍ അല്ലാഹു അറുത്തതാണെന്ന് പിശാച് അവര്‍ക്ക് ഓതിക്കൊടുത്തു.

അവരുടെ ഹൃദയം കടുത്തുപോയി. അക്രമം, കൊള്ള, കൊല, വഴിതടയല്‍… ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. പൂര്‍വപിതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം കൊണ്ടു; അത് എത്ര മോശമാണെങ്കിലും ശരി.

وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ٱلشَّيْطَٰنُ يَدْعُوهُمْ إِلَىٰ عَذَابِ ٱلسَّعِيرِ

അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?) (ഖുർആൻ:31/21)

യുദ്ധം അവര്‍ക്ക് വിനോദവും ആവേശവുമായിരുന്നു. ചതിയിലും അക്രമത്തിലും അവര്‍ അഭിമാനം കൊണ്ടു. സദസ്സുകളിലും വഴികളിലും ക്ലാസുകളിലും യുദ്ധമാഹാത്മ്യങ്ങള്‍ എടുത്തു പറഞ്ഞ് ആത്മനിര്‍വൃതിയടഞ്ഞു. ശക്തവാന്‍ ദുര്‍ബലനെ അടക്കിവാണു. രക്തച്ചൊരിച്ചില്‍ പ്രശ്‌നമല്ലായിരുന്നു അവര്‍ക്ക്. കാരണത്താലും അല്ലാതെയും യുദ്ധങ്ങള്‍ക്ക് അവര്‍ തിരികൊളുത്തി. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളും അവര്‍ക്കിടയിലുണ്ടായിരുന്നു. അവയില്‍ കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. പവിത്രതകള്‍ കളങ്കമാക്കപ്പെട്ടു.

എല്ലാതിന്മകളും നിഷിദ്ധങ്ങളും പിശാച് അവര്‍ക്ക് അലങ്കാരമാക്കി തോന്നിപ്പിച്ചു. മൃഗങ്ങളെക്കാള്‍ തരം താഴ്ന്നവരായി അവര്‍.

وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ

തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. (ഖുർആൻ:34/20)

وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ

തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (ഖു൪ആന്‍:62/2)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ إِذَا سَرَّكَ أَنْ تَعْلَمَ جَهْلَ الْعَرَبِ فَاقْرَأْ مَا فَوْقَ الثَّلاَثِينَ وَمِائَةٍ فِي سُورَةِ الأَنْعَامِ

ഇബ്നു അബ്ബാസ്  رَضِيَ اللَّهُ عَنْهُمَا  പറയുന്നു: അറബികളുടെ വിവരക്കേട് അറിയാൻ നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂറതുൽ അൻആമിലെ 130 നു ശേഷമുള്ള ആയത്തുകൾ പാരായണം ചെയ്യുക. (ബുഖാരി: 3524)

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *