അല്ലാഹുവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് രാവും പകലും. വിശുദ്ധ ഖുർആനിൽ നിരവധി തവണ ഇക്കാര്യം ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ

രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. (ഖു൪ആന്‍:17/12)

രാവിനും പകലിനും അല്ലാഹു ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ അവ മറികടക്കില്ല. ഓരോന്നിനും ഒരു സമയവും അധികാര പരിധിയുമുണ്ട്. ഒന്നുണ്ടാകുമ്പോൾ മറ്റൊന്ന് അപ്രത്യക്ഷമാകുന്നു.

‏ لَا ٱلشَّمْسُ يَنۢبَغِى لَهَآ أَن تُدْرِكَ ٱلْقَمَرَ وَلَا ٱلَّيْلُ سَابِقُ ٱلنَّهَارِ ۚ وَكُلٌّ فِى فَلَكٍ يَسْبَحُونَ

സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. (ഖു൪ആന്‍:36/40)

{രാവ് പകലിനെ മറികടക്കുന്നതുമല്ല} അതിന്റെ സമയം അവസാനിക്കും മുമ്പ് മറ്റേതിന് കടന്നുവരാനാകില്ല. (തഫ്സീറുസ്സഅ്ദി)

{ഓരോന്നും ഓരോ ഭ്രമണപഥത്തിൽ നീന്തിക്കൊണ്ടിരിക്കുന്നു} അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സ്രഷ്ടാവിന്റെ മഹത്ത്വത്തിനും വിശേഷണങ്ങൾക്കും ഏറ്റവും പ്രത്യക്ഷമായ തെളിവുകളാണിവയെല്ലാം. പ്രത്യേകിച്ചും ഈ സന്ദർഭത്തിൽ അവന്റെ ശക്തി, ജ്ഞാനം, അറിവ് എന്നിവയ്ക്കുള്ള തെളിവ്. (തഫ്സീറുസ്സഅ്ദി)

يُكَوِّرُ ٱلَّيْلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيْلِ

രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. (ഖു൪ആന്‍:39/5)

ഓരോന്നും മറ്റൊന്നിൽ പ്രവേശിക്കുന്നു. ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് വരുമ്പോഴും അവ സംഗമിക്കുന്നില്ല. മറിച്ച് ഒന്നുവന്നാൽ മറ്റൊന്ന് അതിന്റെ അധികാരമൊഴിഞ്ഞുപോകുന്നു. (തഫ്സീറുസ്സഅ്ദി)

നിശ്ചിത സമയം കഴിയുമ്പോൾ രാവും പകലും മാറി വരുന്നതില്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ടെന്നും വിശുദ്ധ ഖുർആന്‍ പറഞ്ഞിട്ടുണ്ട്.

إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. (ഖു൪ആന്‍:3/190)

يُقَلِّبُ ٱللَّهُ ٱلَّيْلَ وَٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ

അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്‌.(ഖു൪ആന്‍:24/44)

രാവും പകലും മാറി വരുന്നത് അല്ലാഹുവിന്റെ കാരുണ്യത്തില്‍ പെട്ടതാണ്.

قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَٰمَةِ مَنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ – قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَٰمَةِ مَنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ – وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹു അല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ട് വന്നു തരിക? എന്നിരിക്കെ നിങ്ങള്‍ കേട്ടുമനസ്സിലാക്കുന്നില്ലേ? പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രികൊണ്ട് വന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി.(ഖു൪ആന്‍:28/71-73)

وقال في الليل { أَفَلَا تَسْمَعُونَ } وفي النهار { أَفَلَا تُبْصِرُونَ } لأن سلطان السمع أبلغ في الليل من سلطان البصر، وعكسه النهار.

രാത്രിയുടെ കാര്യത്തിൽ അല്ലാഹു പറഞ്ഞു:أَفَلَا تَسْمَعُونَ – നിങ്ങൾ കേട്ടുമനസ്സിലാക്കുന്നില്ലേ?- പകലിന്റെ കാര്യത്തിൽ അല്ലാഹു പറഞ്ഞു: أَفَلَا تُبْصِرُونَ – നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ?- കാരണം, തീർച്ചയായും കേൾവി കൂടുതൽ വ്യക്തമാകുന്നത് പകലിനേക്കാൾ രാത്രിയിലാണ്, പകലിൽ നേരെ തിരിച്ചും|കാഴ്ച്ച വ്യക്തമാകുന്നത്. (തഫ്സീറുസ്സഅദി)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:അല്‍പമൊന്നു ചിന്തിച്ചുനോക്കുക; മുഴുവന്‍ സമയവും ഭൂലോകമാകെ രാത്രിയായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ മുഴുവന്‍ സമയവും പകലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ?! പകല്‍വെളിച്ചത്തില്‍ വിവിധ രംഗങ്ങളില്‍ വ്യാപരിച്ചും, അത്യദ്ധ്വാനം ചെയ്തും പോരുന്ന മനുഷ്യ ന് സ്വൈര്യപൂര്‍വ്വം വിശ്രമംകൊള്ളുവാന്‍ ഉതകുന്ന – അല്ല; അതിനു നിര്‍ബ്ബന്ധിതനാകുന്ന – രാത്രിയും, ശാന്തമായ വിശ്രമത്തിനുശേഷം തിരിച്ചുകിട്ടിയ ഉണര്‍വ്വും, ഉന്മേഷവും ഉപയോഗപ്പെ ടുത്തികൊണ്ട് ആയിരമായിരം കാര്യങ്ങളില്‍ വിഹരിക്കേണ്ടതിന് അനിവാര്യമായ പകലും മാറി മാറി ലഭിക്കാത്ത ഒരു ഭൂലോകത്തെപ്പറ്റി സങ്കല്‍പ്പിച്ചുനോക്കുക! മനുഷ്യനെന്നുവേണ്ടാ,ഇതരജീ വികള്‍ക്കുപോലും ഇവിടെ ജീവിക്കുവാന്‍ സാദ്ധ്യമാകുമോ?! ഒരിക്കലുമില്ല! ഈ ഒരേ അനുഗ്രഹ ത്തിന്‍റെ പേരില്‍ മാത്രം രാവും പകലും മനുഷ്യന്‍ അല്ലാഹുവിനെ സ്തുതിക്കുവാനും അവനോട് നന്ദിയുള്ളവനായിരിക്കുവാനും കടപ്പെട്ടവനത്രെ.(അമാനി തഫ്സീ൪ – ഖു൪ആന്‍:28/71-73 ന്റെ വിശദീകരണം)

ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَأَنَّ ٱللَّهَ سَمِيعٌۢ بَصِيرٌ

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍. (ഖു൪ആന്‍ : 22/61)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:രാവ് പകലിലും, പകല്‍ രാവിലും കടത്തുന്നു എന്നു പറഞ്ഞതിന്റെ പ്രത്യക്ഷത്തിലുള്ള സാരം: രാവ് അവസാനിക്കുമ്പോഴേക്ക് പകലും, പകല്‍ അവസാനിക്കുമ്പോഴേക്ക് രാവും വരത്തക്കവണ്ണം, ഒന്നിന്റെ അവസാനത്തോടുകൂടി മറ്റേതിന്റെ ആരംഭവും ഏര്‍പ്പെടുത്തുന്നു എന്നായിരിക്കാം. രാപ്പകലുകള്‍ സമമായിരിക്കാത്തകാലത്തു് ഒന്നു ചുരുങ്ങിയും, മറ്റേതു വര്‍ദ്ധിച്ചും കൊണ്ടിരിക്കുമല്ലോ. അപ്പോള്‍, ഒന്നില്‍ കുറവുള്ളത് മറ്റേതില്‍ വര്‍ദ്ധിപ്പിക്കുകയും, ഒന്നിന്റെ വര്‍ദ്ധനവ് മറ്റേതില്‍ കുറയ്ക്കുകയും ചെയ്യുന്നു എന്നും ആയിരിക്കാം. ഏതായാലും, രാപ്പകലുകള്‍ നിയന്ത്രിക്കുന്നതും, രാപ്പകലുകളിലായി ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അല്ലാഹു തന്നെ. ആയതുകൊണ്ടാണ്‌ മേല്‍പറഞ്ഞ ഭരണനിയമങ്ങള്‍ അവന്‍ നടപ്പില്‍ വരുത്തുന്നത്.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 22/61 ന്റെ വിശദീകരണം)

രാവിന്റെ പ്രത്യേകത അതിന്റെ ശാന്തതയാണ്. മനുഷ്യരും മരങ്ങളും ജീവജാലങ്ങളും എല്ലാം വിശ്രമിക്കുന്ന സമയമാണത്.

وَجَعَلَ ٱلَّيْلَ سَكَنًا

രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. (ഖു൪ആന്‍:6/96)

രാത്രിയെ ഒരു വസ്ത്രമാക്കുകയും ചെയ്തിരിക്കുന്നുവെന്ന് അല്ലാഹു പറയുന്നുണ്ട്. വസ്ത്രം മനുഷ്യന് നഗ്നത മറയ്ക്കുവാനും, ദേഹരക്ഷക്കും ഉപകരിക്കുന്നതുപോലെ രാത്രിയും നമുക്ക് മറവും രക്ഷയും നല്‍കുന്നു.

وَجَعَلْنَا ٱلَّيْلَ لِبَاسًا

രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തിരിക്കുന്നു (ഖു൪ആന്‍:78/10)

ശാന്തത, സ്വസ്ഥത, വിശ്രമം എന്നിവക്കു ഉതകുമാറ് രാത്രിയെ ഇരുട്ടുമയമാക്കിതുപോലെ ഉപജീവന മാര്‍ഗ്ഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളും അന്വേഷിച്ചു നേടിയെടുക്കുവാന്‍ സാധിക്കുമാറ് പകലിനെ അല്ലാഹു വെളിച്ചമയമാക്കി.

وَجَعَلْنَا ٱلَّيْلَ وَٱلنَّهَارَ ءَايَتَيْنِ ۖ فَمَحَوْنَآ ءَايَةَ ٱلَّيْلِ وَجَعَلْنَآ ءَايَةَ ٱلنَّهَارِ مُبْصِرَةً

രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു.…. ഖു൪ആന്‍:17/12)

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا

അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:79/30)

وَجَعَلْنَا ٱلنَّهَارَ مَعَاشًا

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.(ഖു൪ആന്‍:78/11)

രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിയതിലും ആളുകള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്ന് വിശുദ്ധ ഖുർആന്‍ പറഞ്ഞിട്ടുണ്ട്.

هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَسْمَعُونَ

അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിത്തന്നത്‌. തീര്‍ച്ചയായും കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:10/67)

أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يُؤْمِنُونَ

രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:27/86)

ٱللَّهُ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ‎

അല്ലാഹുവാകുന്നു നിങ്ങള്‍ക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കു ശാന്തമായി വസിക്കാന്‍ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍. തീര്‍ച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല. (ഖു൪ആന്‍:40/61)

{അല്ലാഹുവാകുന്നു നിങ്ങൾക്കുവേണ്ടി രാത്രിയെ ഉണ്ടാക്കിത്തന്നവൻ} അതായത് നിങ്ങൾക്കുവേണ്ടി രാത്രിയെ അവൻ ഇരുണ്ടതാക്കി. {നിങ്ങൾക്കതിൽ ശാന്തമായി വസിക്കാൻ} നിങ്ങളുടെ ചലനങ്ങളവസാനിപ്പിച്ച്, തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് ദോഷകരമായിത്തീരും. അങ്ങനെ നിങ്ങൾ നിങ്ങളുടെ വിരിപ്പിലേക്കെത്തുന്നു. അല്ലാഹു നിങ്ങൾക്ക് ഉറക്കം നൽകുന്നു. അതുമൂലം മനസ്സും ശരീരവും വിശ്രമിക്കുന്നു. അതില്ലാതെ മനുഷ്യജീവിതം നിലനിർത്തുക സാധ്യമല്ല. എല്ലാവരും തന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തുന്ന സമയം, ജോലി കുറയുന്ന, ചിന്തിക്കാൻ അവസരം നൽകുന്ന സമയം.

അങ്ങനെ അല്ലാഹു നിങ്ങൾക്കാക്കിത്തന്നു {പകലിനെ വെളിച്ചമുള്ളതിലേക്ക്} ഭ്രമണപഥത്തിൽ പ്രകാശിച്ച് സൂര്യൻ നിലകൊള്ളുമ്പോൾ ഭൗതികവും മതപരവുമായ തിരക്കുകളിലേക്ക് എഴുന്നേറ്റുവരുന്നു. ദിക്‌റുകളും ക്വുർആൻ പാരായണവും നമസ്‌കാരവുമായി ചിലർ. വിജ്ഞാനത്തിലും പഠനത്തിലും വ്യാപൃതമാകുന്നവർ, കച്ചവടത്തിലേർപ്പെടുന്നവർ, കെട്ടിട നിർമാണവും ലോഹവിപണനങ്ങളും ചെയ്യുന്നവർ, കടലിലും കരയിലും യാത്ര ചെയ്യുന്നവർ, കൃഷിപ്പണിയിലും കന്നുകാലി വളർത്തലിലും ഏർപ്പെടുത്തുന്നവർ. {തീർച്ചയായും അല്ലാഹു ജനങ്ങളോട് ഔദാര്യമുള്ളവനാകുന്നു}വളരെയധികം, എല്ലാവരോടും. {ജനങ്ങളോട്} ഇതുപോലുള്ള ധാരാളം അനുഗ്രഹങ്ങൾ അവൻ അവർക്ക് നൽകുന്നു. പ്രയാസങ്ങൾ ഒഴിവാക്കിക്കൊടുക്കുന്നു. ഇതുമൂലം അവർ അവനെ സ്മരിക്കാനും നന്ദി ചെയ്യാനും ബാധ്യസ്ഥരായിത്തീരുന്നു. {പക്ഷേ, മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല} അജ്ഞതയും അക്രമവും മൂലം. {നന്ദിയുള്ളവർ എന്റെ ദാസന്മാരിൽ അപൂർവവുമത്രെ} അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അംഗീകരിക്കുകയും അവന് കീഴ്‌പ്പെടുകയും അവനെ സ്‌നേഹിക്കുകയും തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന അടിമകൾ, അപൂർവമാണ്. (തഫ്സീറുസ്സഅ്ദി)

ഉറങ്ങുവാനും, വിശ്രമിക്കുവാനും തക്കവണ്ണം രാത്രിയെ ശാന്തമായമായും, ജോലി ചെയ്‌വാനും, ഉപജീവനമാര്‍ഗ്ഗമന്വേഷിക്കുവാനും ഉപയുക്തമായ നിലയില്‍ പകലിനെ വെളിച്ചം നിറഞ്ഞതായും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഓരോരുവനും, നിത്യം കണ്ടനുഭവിച്ച് വരുന്നതാണ്. ഇതെല്ലം എങ്ങിനെ, ആര് എന്തിനായി ഏര്‍പ്പെടുത്തിയെന്നൊക്കെ മനുഷ്യന്‍ ചിന്തിക്കേണ്ടതുണ്ട്. രാപ്പകലുകളുടെ യാഥാര്‍ത്ഥ്യങ്ങളെയും, അവയുടെ ക്രമീകരണ വ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങളെയും സംബന്ധിച്ച്‌ ചിന്തിച്ചാല്‍ തന്നെയും അല്ലാഹുവിന്റെ ശക്തിമാഹാത്മ്യം ബോധ്യപ്പെടുകയും അവന്‌ പങ്കാളികള്‍ ഉണ്ടായിരിക്കുക സാധ്യമല്ലെന്ന്‌ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയുകയും ചെയ്യും. അതെ, ചിന്തിക്കുന്ന മനുഷ്യര്‍ കുഫ്റില്‍ നിന്നും ശി൪ക്കില്‍ നിന്നും വിട്ട് തൌഹീദിന്റെ തീരത്തണയും. ആകാശഭൂമികള്‍ ഉള്‍കൊള്ളുന്ന വസ്‌തുക്കളും, രാവിലും പകലിലുമായി ഒതുങ്ങുന്ന വസ്‌തുക്കളുമെല്ലാം അല്ലാഹുവിന്റെ ഉടമയിലും നിയന്ത്രണത്തിലും അധികാരത്തിലും ഉള്ളവയാണെന്നും അവയില്‍ നടക്കുന്നതെല്ലാം അവന്‍മാത്രം കേട്ടും അറിഞ്ഞും കൊണ്ടിരിക്കുന്നുവെന്നും അവന്‍ തിരിച്ചറിയുന്നു.

وَلَهُۥ مَا سَكَنَ فِى ٱلَّيْلِ وَٱلنَّهَارِ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ

അവന്‍റെതാകുന്നു രാത്രിയിലും പകലിലും അടങ്ങിയതെല്ലാം. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖു൪ആന്‍:6/13)

സത്യവിശ്വാസികളെ, എത്ര കാലമായി നാം രാവും പകലും അനുഭവിക്കുന്നു. എന്നാൽ അതിനെ കുറിച്ച് നാം എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? സൂര്യനും ചന്ദ്രനും റബ്ബിന്റെ വലിയ ആയത്തുകൾ തന്നെയാണ്. അവയുടെ ചലനമാണ് രാപ്പലുകൾ മാറി വരുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. അതേപോലെ സൂര്യന്റെ പ്രകാശം ഭൂമിയുടെ ഒരു വശത്ത് പതിക്കാതിരിക്കുമ്പോഴാണല്ലോ അവിടെ രാത്രിയുണ്ടാവുന്നത്. എന്തുകൊണ്ടാണവിടെ പ്രകാശം പതിക്കാത്തത്? നേർരേഖയിൽ മാത്രം സഞ്ചരിക്കുന്ന സ്വഭാവത്തിലാണ് അല്ലാഹു പ്രകാശത്തെ പടച്ചത്. പ്രകാശത്തിന് ഈ ഒരു ഗുണമുള്ളതു കൊണ്ടാണ് നിഴൽ ഉണ്ടാവുന്നത്. ഒരർത്ഥത്തിൽ ഭൂമിയുടെ നിഴലല്ലേ രാത്രി എന്നു പറയുന്നത്? ഭൂമിയുടെ ആകൃതിയും ഇതിൽ പ്രധാന ഘടകം തന്നെയാണ്. എന്നാൽ നിഴൽ എന്ന ഒന്നില്ലെങ്കിൽ മറ്റെന്തുണ്ടായാലും രാവും പകലും ഉണ്ടാവില്ല. നിഴൽ അഥവാ തണൽ അല്ലാഹു ഉണ്ടാക്കിയതാവട്ടെ ചെറിയൊരു സംഗതി കൊണ്ടും. പ്രകാശത്തോട് നേരെ മാത്രം പോകാൻ പറഞ്ഞു. നിസ്സാര കാര്യങ്ങൾ കൊണ്ട് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതാണ് റബ്ബിന്റെ സൃഷ്ടിപ്പ്.

أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُۥ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا – ثُمَّ قَبَضْنَٰهُ إِلَيْنَا قَبْضًا يَسِيرًا

നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച് നീ ചിന്തിച്ച് നോക്കിയിട്ടില്ലേ? എങ്ങനെയാണ് അവന്‍ നിഴലിനെ നീട്ടിയത് എന്ന്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട് നാം സൂര്യനെ അതിന്ന് തെളിവാക്കി. പിന്നീട് നമ്മുടെ അടുത്തേക്ക് നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു. (ഖു൪ആന്‍:25/45-46)

فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ

….. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍:23/12)

وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! (ഖു൪ആന്‍:75/9)

അവ രണ്ടും സൃഷ്ടിക്കപ്പെട്ടതു മുതല്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ അന്ത്യനാളില്‍ അല്ലാഹു അവയെ ഒരുമിച്ചുകൂട്ടും. ചന്ദ്രന് ഗ്രഹണം ബാധിക്കുകയും സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുകയും ചെയ്യും. തുടര്‍ന്ന് അവ രണ്ടും നരകത്തില്‍ എറിയപ്പെടും. അവയും അല്ലാഹുവിന് കീഴ്‌പ്പെടുത്തപ്പെട്ട രണ്ടു അടിമകളാണെന്ന് അടിമകള്‍ കാണാനും അവ രണ്ടിനെയും ആരാധിച്ചവര്‍ നിഷേധികളാണെന്ന് മനസ്സിലാക്കാനും വേണ്ടി. (തഫ്സീറുസ്സഅ്ദി)

 

 

 

www.kanzululoom.com

                                

 

Leave a Reply

Your email address will not be published. Required fields are marked *