നിർവചനവും മതവിധിയും
‘വദാഅ’ എന്ന പദത്തിൽനിന്ന് വ്യുൽപന്നമായതാണ് ‘വുദൂഅ്.’ വൃത്തിയും ഭംഗിയുമാണ് വദാഅ. അല്ലാഹുവിനുള്ള ഇബാദത്തെന്ന നിലയ്ക്ക് മതം നിഷ്‌കർശിച്ച രീതിയിൽ മുഖം, കൈകൾ, തല, കാലുകൾ എന്നീ നാല് അവയവങ്ങളിൽ വെള്ളം ഉപയോഗിക്കലാണ് വുദൂഇന്റെ സാങ്കേതികഭാഷ്യം.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. (ഖുർആൻ:5/6)
വുളൂഇനെ നിർബന്ധമാക്കുന്ന കാര്യങ്ങൾ
അവ മൂന്ന് കാര്യങ്ങൾ ആകുന്നു
(ഒന്ന്) നമസ്കാരം
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. (ഖുർആൻ:5/6)
عَنْ أَبِي هُرَيْرَةَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تُقْبَلُ صَلاَةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (ചെറിയ) അശുദ്ധിയായവരില്‍ നിന്നും വുളു ചെയ്യുന്നതുവരെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.(ബുഖാരി:135)
قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ وَلاَ صَدَقَةٌ مِنْ غُلُولٍ
നബി ﷺ പറഞ്ഞു:വുളൂഅ് ഇല്ലാതെയുള്ള നമസ്കാരവും മോഷണത്തിൽ നിന്നുള്ള സ്വദഖയും സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം:224)
(രണ്ട്) കഅ്ബക്ക് ചുറ്റും ത്വവാഫ്
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الطواف صلاة إلا أن الله أحل فيه الكلام فمن تكلم فيه فلا يتكلم إلا بخير
നബി ﷺ പറഞ്ഞു: ത്വവാഫ് നമസ്കാരമാകുന്നു, എന്നാൽ അല്ലാഹു അതിൽ (ത്വവാഫിൽ) സംസാരം അനുവദനായമാക്കി. അതിനാൽ അതിൽ നിങ്ങൾ സംസാരിക്കുന്നുവെങ്കിൽ നൻമയല്ലാതെ സംസാരിക്കരുത്.
അപ്പോൾ നമസ്കാരത്തിലന്നപോലെ ത്വവാഫിനും വുളൂഅ് നിർബന്ധമാണ്.
عَنْ أَبِيهِ، عَنْ عَائِشَةَ ـ رضى الله عنها ـ أَنَّهَا قَالَتْ قَدِمْتُ مَكَّةَ وَأَنَا حَائِضٌ، وَلَمْ أَطُفْ بِالْبَيْتِ، وَلاَ بَيْنَ الصَّفَا وَالْمَرْوَةِ، قَالَتْ فَشَكَوْتُ ذَلِكَ إِلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ “ افْعَلِي كَمَا يَفْعَلُ الْحَاجُّ غَيْرَ أَنْ لاَ تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي ”.
ആയിശ رضى الله عنها യിൽ നിന്ന് നിവേദനം: അവർ പറയുന്നു: ഞാന്‍ മക്കയില്‍ വന്നത് ആര്‍ത്തവകാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍ നടക്കുകയോ ചെയ്തിരുന്നില്ല. അവർ പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി ﷺ യോട് ആവലാതിപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി:1650)
(മൂന്ന്) ഖുർആൻ സ്പർശിക്കൽ
إِنَّهُۥ لَقُرْءَانٌ كَرِيمٌ ﴿٧٧﴾ فِى كِتَٰبٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ ﴿٧٩﴾
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല. (ഖുർആൻ:56/77-79)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : لا تمس القرآن إلا وأنت طاهر
നബി ﷺ പറഞ്ഞു: നീ ശുദ്ധനായികൊണ്ടല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുത്. (ത്വബ്റാനി)
ഇവിടെ വുളൂഅ് എന്ന് വന്നിട്ടില്ലാത്തതിനാലും ശുദ്ധി എന്നർത്ഥം വരുന്ന طاهر എന്ന പദം ഉപയോഗിച്ചതിനാലും പൊതുവെയുള്ള ശുദ്ധിയാണ് വിവക്ഷയെന്നും വുളൂഅ് നിർബന്ധമില്ലെന്നുമുള്ള ചർച്ചയും പണ്ഢിത ലോകത്തുണ്ട്. الله أعلم
വുളൂഇന്റെ ശ്രേഷ്ടതകൾ
عَنْ نُعَيْمٍ الْمُجْمِرِ، قَالَ رَقِيتُ مَعَ أَبِي هُرَيْرَةَ عَلَى ظَهْرِ الْمَسْجِدِ، فَتَوَضَّأَ فَقَالَ إِنِّي سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ إِنَّ أُمَّتِي يُدْعَوْنَ يَوْمَ الْقِيَامَةِ غُرًّا مُحَجَّلِينَ مِنْ آثَارِ الْوُضُوءِ، فَمَنِ اسْتَطَاعَ مِنْكُمْ أَنْ يُطِيلَ غُرَّتَهُ فَلْيَفْعَلْ
നുഐമുബ്നു മുജ്മിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അബൂഹുറൈറ رَضِيَ اللَّهُ عَنْهُപറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: എന്റെ ഉമ്മത്തിനെ ഖിയാമത്ത് നാളിൽ വുളൂഇന്റെ അടയാളത്തിനാൽ കൈ കാൽ മുഖം വെളുത്തവരെ എന്ന് വിളിക്കപ്പെടും. നിങ്ങളിൽ നിന്ന് ആർക്കെങ്കിലും വുളൂഅ് ചെയ്യുമ്പോൾ കൈ കാൽ മുഖങ്ങളെ കയറ്റി കഴുകാൻ സാധിക്കുമെങ്കിൽ അവൻ അപ്രകാരം ചെയ്തു കൊള്ളട്ടെ. (ബുഖാരി: 136)
قَالَ عَنْ أَبِي هُرَيْرَةَ : سَمِعْتُ خَلِيلِي صلى الله عليه وسلم يَقُولُ : تَبْلُغُ الْحِلْيَةُ مِنَ الْمُؤْمِنِ حَيْثُ يَبْلُغُ الْوَضُوءُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്‍റെ ഖലീലായ നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: വുളുഇന്‍റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)
عَنْ أَبِي حَازِمٍ، قَالَ كُنْتُ خَلْفَ أَبِي هُرَيْرَةَ وَهُوَ يَتَوَضَّأُ لِلصَّلاَةِ فَكَانَ يَمُدُّ يَدَهُ حَتَّى تَبْلُغَ إِبْطَهُ فَقُلْتُ لَهُ يَا أَبَا هُرَيْرَةَ مَا هَذَا الْوُضُوءُ فَقَالَ يَا بَنِي فَرُّوخَ أَنْتُمْ هَا هُنَا لَوْ عَلِمْتُ أَنَّكُمْ هَا هُنَا مَا تَوَضَّأْتُ هَذَا الْوُضُوءَ سَمِعْتُ خَلِيلِي صلى الله عليه وسلم يَقُولُ تَبْلُغُ الْحِلْيَةُ مِنَ الْمُؤْمِنِ حَيْثُ يَبْلُغُ الْوَضُوءُ
അബൂ ഹാസിം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ അബു ഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ പിന്നിൽ നിൽക്കുകയാണ്. അദ്ദേഹം വുളൂഅ് ചെയുമ്പോൾ കൈ കഴുകുന്ന സമയത്ത് കക്ഷം വരെ നീട്ടി കഴുകുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഇതെന്തൊരു വുളു ആണ്.? അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ? നിങ്ങൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ വുളൂഅ് തന്നെ എടുക്കില്ലായിരുന്നു. എന്റെ കൂട്ടുകാരനായ ഹബീബായ മുഹമ്മദ് നബി ﷺ തങ്ങൾ പറഞ്ഞു : സത്യവിശ്വാസിയുടെ വുളുവിന്റെ തിളക്കം അവന്റെ വുളൂഅ് എവിടെവരെ ചെയ്തുവോ അത്രവരേയും ഉണ്ടായിരിക്കും. (മുസ്ലിം: 250)
عَنْ عُثْمَانَ بْنِ عَفَّانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ
ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വുളുഅ് ചെയ്യുകയും അത് നന്നാക്കി തീർക്കുകയും ചെയ്താൽ അയാളുടെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറപ്പെട്ട് തന്റെ നഖങ്ങൾക്ക് അടിയിലൂടെ പുറത്ത് പോകുന്നതാണ്. (മുസ്‌ലിം 245)
حَدَّثَنَا سُوَيْدُ بْنُ سَعِيدٍ، عَنْ مَالِكِ بْنِ أَنَسٍ، ح وَحَدَّثَنَا أَبُو الطَّاهِرِ، – وَاللَّفْظُ لَهُ – أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ، عَنْ مَالِكِ بْنِ أَنَسٍ، عَنْ سُهَيْلِ بْنِ أَبِي صَالِحٍ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ – أَوِ الْمُؤْمِنُ – فَغَسَلَ وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ كَانَ بَطَشَتْهَا يَدَاهُ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – فَإِذَا غَسَلَ رِجْلَيْهِ خَرَجَتْ كُلُّ خَطِيئَةٍ مَشَتْهَا رِجْلاَهُ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വിശ്വാസി വുളൂഅ് ചെയ്യുമ്പോൾ മുഖം കഴുകിയാൽ അയാൾ മുഖം കൊണ്ട് ചെയ്ത പാപങ്ങളെല്ലാം പ്രസ്തുത വെള്ളം ഒലിച്ച് പോകുന്നതോടെ പുറത്ത് പോകുന്നതാണ്. കൈകൾ കഴുകുമ്പോൾ കൈ കൊണ്ട് ചെയ്ത പാപങ്ങളും പുറത്ത് പോകുന്നു. കാലുകൾ കഴുകുമ്പോൾ കാലുകൊണ്ട് സ്പർശിച്ച മുഴുവൻ പാപങ്ങളും അയാളുടെ കാലിൽ നിന്ന് പുറത്ത് പോകുന്ന അവസാനത്തെ ജലത്തുള്ളിയോടൊപ്പം പുറത്ത് പോകുന്നതാണ്. അങ്ങിനെ അയാൾ പരിപൂര്‍ണ്ണ പാപവിമുക്തമായിട്ടായിരിക്കും വുളൂഅ് കഴിഞ്ഞ് വരുന്നത്. (മുസ്‌ലിം: 244)
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : اسْتَقِيمُوا وَلَنْ تُحْصُوا وَاعْلَمُوا أَنَّ خَيْرَ أَعْمَالِكُمُ الصَّلاَةُ وَلاَ يُحَافِظُ عَلَى الْوُضُوءِ إِلاَّ مُؤْمِنٌ
സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നേരെ ചൊവ്വേ നിലകൊള്ളുക (നിങ്ങളുടെ പ്രതിഫലം) കണക്കാക്കാൻ കഴിയുന്നതല്ല. അറിയുക: നിങ്ങളുടെ കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാണ്. വിശ്വാസി അല്ലാതെ വുളൂഇൽ സൂക്ഷ്മത പുലർത്തുകയില്ല. (ഇബ്നുമാജ:277)
വുളൂഇന്റെ ശ൪ത്വുകള്‍
1.ഇസ്ലാം
2.ബുദ്ധി
3.വകതിരിവ്
4.നിയ്യത്ത്
عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)
നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. നിയ്യത്ത് ഉച്ചരിക്കല്‍ ബിദ്അത്താണ്. ഉദ്ദേശക്കുക എന്നതാണ് നിയ്യത്തിന്റെ ഭാഷാ൪ത്ഥം. മനസ്സില്‍ ഒരു കാര്യം തീരുമാനിക്കലാണ് നിയ്യത്ത്.
വുളൂഇന് മുന്‍പ് നിയ്യത് ഉണ്ടായിരിക്കണം. അശ്രദ്ധമായോ മറ്റെന്തെങ്കിലും ചിന്തയോടെയോ മറ്റാരാടെങ്കിലും സംസാരിച്ചുകൊണ്ടോ വുളൂഅ് ചെയ്യുന്നത് ശരിയല്ല. വുളൂഇന്റെ ആദ്യാവസാനം വുളൂഅ് ചെയ്യുകയാണെന്ന ബോധ്യം ഉണ്ടാകണം.
5.വെള്ളം ശുദ്ധിയുള്ളതാകലും അനുവദനീയമാകലും
കിണറ്റിലെ വെള്ളം, മഴവെള്ളം, സംസം വെള്ളം, നദികളില വെള്ളം, കടല്‍ വെള്ളം എന്നിവയൊക്കെ വുളൂഇന് ഉപയോഗിക്കാം.
6.മലമൂത്ര വിസർജജനം ചെയ്തവർ അതിൽനിന്നും ശുദ്ധിയാകൽ
7.ശരീരത്തിൽ വെള്ളം ചേരുന്നതിന് തടസ്സമാകുന്ന വസ്തുക്കൾ നീക്കം ചെയ്യൽ
വുളൂഇന്റ അവയവങ്ങളില്‍ എല്ലാം വെള്ളം നനയല്‍ നിര്‍ബന്ധമാണ്. അതിന് തടസ്സമാകുന്ന എന്തെങ്കിലും ശരീരത്തില്‍ ഉണ്ടെങ്കില്‍ അവ നീക്കിയതിന് ശേഷമാണ് വുളൂഅ് ആരംഭിക്കേണ്ടത്. അല്ലാത്തപക്ഷം വുളൂഅ് ശരിയാകുകയില്ല. ചില എണ്ണകൾ, രാസവസ്തുക്കൾ എന്നിവ ഉദാഹരണം.
നെയില്‍ പോളിഷ് ഉള്ളപ്പോള്‍ വുളൂവെടുത്താല്‍ ശരിയാകുമോ?
إذا كان للطلاء جرم على سطح الأظافر فلا يجزئها الوضوء دون إزالته قبل الوضوء وإذا لم يكن له جرم أجزأها الوضوء كالحناء.
നെയില്‍ പോളിഷ് നഖത്തിന് മേല്‍ വെള്ളം തട്ടുന്നത് തടയുമെങ്കില്‍ പോളിഷ് നീക്കാതെ വുളുവെടുത്താല്‍ ശരിയാകില്ല. എന്നാല്‍ മൈലാഞ്ചി പോലെ വെള്ളം എത്തുന്നത് തടയാത്ത തരം പോളിഷാണെങ്കില്‍ വുളൂഅ് ശരിയാകും. (ലജ്നത്തുദ്ദാഇമ: 6504)
8.നിത്യ അശുദ്ധിയുള്ളവൻ സമയമായതിനു ശേഷം മാത്രം വുളൂഅ് ചെയ്യൽ
9.വുളൂഇന്റെ അവസാനം വരെ നിയ്യത്ത് നിലനിർത്തൽ
10.വുളൂഇനെ നിർബന്ധമാക്കുന്ന (വുളൂഇനെ നഷ്ടപ്പെടുത്തുന്ന) കാര്യങ്ങൾ നിലയ്ക്കൽ
മല-മൂത്ര വിസര്‍ജനം നടത്തുകയോ, കീഴ്വായു പോവുകയോ തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ് വുളൂഅ് നിര്‍ബന്ധമാകുന്നത്. ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം വിരമിച്ചതിനു ശേഷമേ വുളൂഅ് ആരംഭിക്കാന്‍ പാടുള്ളൂ. ഉദാഹരണത്തിന് മല-മൂത്ര വിസര്‍ജനം നടത്തുന്ന ഒരാള്‍ അത് പൂർത്തിയാക്കി ശുദ്ധിയാകുന്നതു വരെ വുളൂഅ് എടുക്കാന്‍ പാടില്ല. അതുപോലെതന്നെയാണ് മറ്റ് കാര്യങ്ങളിലും.
വുളൂഇന്റെ ഫർളുകൾ
അവ ആറ് കാര്യങ്ങൾ ആകുന്നു
1. മുഖം കഴുകല്‍
സാധാരണ തലയിൽ മുടി മുളക്കുന്ന ഭാഗം മുതൽ താടിയെല്ലിന്റെ താഴ്ഭാഗം വരെ നീളത്തിലും രണ്ട് ചെവിക്കുറ്റികള്‍ക്കിടയിൽ വീതിയിലും ഒരു പ്രാവശ്യം കഴുകൽ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങൾ കഴുകുക. (ഖുർആൻ:5/6)
മുഖം കഴുകലിൽ വായിൽ വെള്ളം കൊള്ളലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ഉൾപ്പെടും.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا تَوَضَّأْتَ فَمَضْمِضْ
നബി ﷺ പറഞ്ഞു: നീ വുളൂവെടുത്താൽ വായിൽ വെള്ളം ചുഴറ്റി തുപ്പുക. (അബൂദാവൂദ്:144)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَإِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ مَاءً ثُمَّ لْيَنْتَثِرْ
നബി ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾ വുളൂവെടുത്താൽ മൂക്കിൽ വെള്ളം കയറ്റുകയും അത് ചീറ്റുകളും ചെയ്യട്ടെ. (മുസ്ലിം:237)
ആദ്യം വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുകയാണ് വേണ്ടത്. പിന്നീട് മൂക്കില്‍ വെള്ളം കയറ്റി പുറത്തേക്ക് ചീറ്റണം.
വായും മൂക്കും കഴുകുന്നതിന് ഒരു കോരല്‍ വെള്ളം മതിയാകും. വായിലേക്ക് വെള്ളം കൊണ്ടു പോയതിനു ശേഷം കയ്യില്‍ ബാക്കിയുള്ള വെള്ളം മൂക്കിലേക്ക് കയറ്റുകയാണ് ചെയ്യേണ്ടത്. വായിലും മൂക്കിലും വെള്ളം കയറ്റുന്നതിനു വലതു കയ്യും, മൂക്കില്‍ നിന്ന് വെള്ളം ചീറ്റിക്കളയുമ്പോള്‍ ഇടതു കയ്യും ഉപയോഗിക്കുന്നത് സുന്നത്താണ്. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുന്നതും സുന്നത്താണ്. ശേഷമാണ് മുഖം കഴുകേണ്ടത്.
താടിരോമങ്ങള്‍ക്കിടയില്‍ വിരല്‍ കോര്‍ത്ത് വെള്ളം ചേര്‍ത്ത് കഴുകല്‍ നബി ﷺ യുടെ സുന്നത്തില്‍ പെട്ടതാകുന്നു.
മുഖം കഴുകുന്നതിന്റെ ഭാഗമായി കഴുത്തും പിരടിയും കഴുകൽ ബിദ്അത്താണ്.
2. ഇരു കൈയ്യുകളും മുട്ടുകൾ ഉൾപ്പെടുത്തി കഴുകുക
വിരലുകളുടെ അറ്റം മുതല്‍ രണ്ട് കൈകളും മുട്ടുകള്‍ ഉള്‍പ്പെടുത്തി കഴുകുക. വുളൂഇനെ കുറിച്ച് പരാമർശിക്കുന്ന സൂറ: മാഇദയിലെ ആറാമത്തെ ആയത്തിൽ ഇപ്രകാരമുണ്ട്:
وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ
മുട്ടുവരെ രണ്ടുകൈകളും കഴുകുക. (ഖുർആൻ:5/6)
അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ വുളൂഇന്റെ രീതി വിവരിക്കവെ അബൂഹുറൈറ رضى الله عنه പറഞ്ഞു:
ثُمَّ غَسَلَ يَدَهُ الْيُمْنَى حَتَّى أَشْرَعَ فِي الْعَضُدِ
പിന്നീട് അദ്ദേഹം വലതു കൈ കണം കയ്യില്‍ പ്രവേശിക്കുന്നതുവരെ കഴുകി. (മുസ്ലിം)
3.തല തടവൽ
വുളൂഇനെ കുറിച്ച് പരാമർശിക്കുന്ന സൂറ: മാഇദയിലെ ആറാമത്തെ ആയത്തിൽ ഇപ്രകാരമുണ്ട്:
وَٱمْسَحُوا۟ بِرُءُوسِكُمْ
നിങ്ങളുടെ തല തടവുകയും ചെയ്യുക. (ഖുർആൻ:5/6)
കൈകള്‍ വെള്ളത്തില്‍ മുക്കി തലതടവുക. തല കഴുകരുത്. അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ വുളൂഇന്റെ രീതി വിവരിക്കവെ അബ്ദുല്ലാഹ് ഇബ്നു സെയ്ദ് رضى الله عنه പറഞ്ഞു
ثُمَّ مَسَحَ رَأْسَهُ بِيَدَيْهِ، فَأَقْبَلَ بِهِمَا وَأَدْبَرَ، بَدَأَ بِمُقَدَّمِ رَأْسِهِ، حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى الْمَكَانِ الَّذِي بَدَأَ مِنْهُ
പിന്നീട് പ്രവാചകന്‍ തന്റെ കൈകള്‍ പിന്നോട്ടും മുന്നോട്ടും കൊണ്ടു പോയി തലതടവി. തലയുടെ മുന്നില്‍നിന്ന് ആരംഭിക്കുകയും പിരടിവരെ തടവുകയും ആരംഭിച്ചിടത്തേക്ക് തിരിച്ച് കൊണ്ടുവരികയും ചെയ്തു. (ബുഖാരി:185)
തലയുടെ മുന്‍ഭാഗം മുതല്‍ പിരടി വരെ തടവുക, ശേഷം തടവല്‍ ആരംഭിച്ചിടത്തേക്ക് തിരിച്ച് തടവുക. അതിന് ശേഷം ചെവിതടവുക. നബി ﷺ യുടെ വുളൂഇനെക്കുറിച്ച് അബ്ദുല്ലാഹ് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിവരിച്ചത് ഇപ്രകാരമാകുന്നു:
ثُمَّ مَسَحَ بِرَأْسِهِ فَأَدْخَلَ إِصْبَعَيْهِ السَّبَّاحَتَيْنِ فِي أُذُنَيْهِ وَمَسَحَ بِإِبْهَامَيْهِ عَلَى ظَاهِرِ أُذُنَيْهِ وَبِالسَّبَّاحَتَيْنِ بَاطِنَ أُذُنَيْهِ
(പ്രവാചകന്‍ വുളൂഅ് ചെയുന്ന അവസരത്തില്‍) തല തടവി, പിന്നീട് ചൂ ണ്ടുവിരലുകള്‍ രണ്ടുചെവികള്‍ക്കുള്ളില്‍ പ്രവേശിപ്പിച്ചു. തന്റെ തള്ള വിരലുകള്‍ കൊണ്ട് ചെവികള്‍ക്ക് പുറത്തും ചൂണ്ടുവിരലുകൾ കൊണ്ട് ചെവിയുടെ ഉള്‍ഭാഗവും തടവി. (അബൂദാവൂദ്:135)
തല തടവല്‍ എന്നതിൽ പെട്ടതാണ് ഇരുചെവികളും തടവലും.
വുദ്വൂഅ് ചെയ്യുമ്പോൾ ചെവി തടവാൻ വേറെ വെള്ളം എടുക്കേണ്ടതുണ്ടോ? അതല്ല, തല തടവിയതിന്റെ ബാക്കി വെള്ളം കൊണ്ട് തടവിയാൽ മതിയോ?
قَالَ الشيخ ابن عثيمين: لا يلزم أخذ ماء جديد للأذنين، بل ولا يستحب، لأن جميع الواصفين لوضوء النبي صلى الله عليه وسلم لم يذكروا أنه كان يأخذ ماء جديدًا لأذنيه، فالأفضل أن يَمسح أذنيه ببقية البلل الذي بقي بعد مسح رأسه.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ചെവികൾ തടവാൻ വേണ്ടി പുതിയ വെള്ളം എടുക്കേണ്ട ആവശ്യമില്ല. അത് സുന്നത്തുമല്ല. ചെവി തടവാൻ നബിﷺ പുതിയ വെള്ളം എടുത്തതായി, അവിടുത്തെ വുദ്വൂഅ് വിശദീകരിച്ച് തന്നവരാരും പറഞ്ഞിട്ടില്ല. അതുകൊണ്ട്, തല തടവിയതിന് ശേഷം കൈകളിൽ അവശേഷിക്കുന്ന നനവ് കൊണ്ട് തന്നെ ചെവികൾ കൂടി തടവലാണ് ഏറ്റവും ഉത്തമം. فقه العبادات للشيخ ابن عثيمين(ص113)
4.രണ്ടുകാലുകളും നെരിയാണികള്‍ ഉള്‍പ്പെടുത്തി കഴുകല്‍
വുളൂഇനെ കുറിച്ച് പരാമർശിക്കുന്ന സൂറ: മാഇദയിലെ ആറാമത്തെ ആയത്തിൽ ഇപ്രകാരമുണ്ട്:
وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ
നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. (ഖുർആൻ:5/6)
ثُمَّ غَسَلَ رِجْلَهُ الْيُمْنَى إِلَى الْكَعْبَيْنِ ثَلاَثَ مَرَّاتٍ ثُمَّ غَسَلَ الْيُسْرَى مِثْلَ ذَلِكَ
പിന്നീട് പ്രവാചകന്‍ തന്റെ വലതുകാല്‍ ഞെരിയാണിയുള്‍പ്പെടുത്തി മൂന്ന് തവണ കഴുകി, ശേഷം ഇടതുകാലും അപ്രകാരം കഴുകി. (മുസ്ലിം:226)
കഴുകുമ്പോള്‍ മേല്‍ ഭാഗവും അടിഭാഗവും കഴുകണം. വിരലിന്റെ അറ്റം മുതൽ നെരിയാണി വരെയാണ് കഴുകേണ്ടത്. നെരിയാണിയും കഴുകേണ്ടതുണ്ട്. ശേഷം അതേ പ്രകാരം ഇടതുകാലും കഴുകണം.
ചിലര്‍ കാലിന്റെ മടമ്പ് കഴുകുന്നതിലും അവിടെ വെള്ളമെത്തിക്കുന്നതിലും അശ്രദ്ധ കാണിക്കാറുണ്ട്. അത് വുളൂഇനെ ബാത്വിലാക്കും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَيْلٌ لِلأَعْقَابِ مِنَ النَّارِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:(വുളൂഅ് ചെയ്യുമ്പോള്‍ നനയാത്ത) മടമ്പുകാലുകള്‍ക്ക് നരക ശിക്ഷയുണ്ട്. (മുസ്ലിം:242)
5,ഫര്‍ളുകള്‍ ക്രമ പ്രകാരം ചെയ്യല്‍.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തുടങ്ങിയതുകൊണ്ട് തുടങ്ങുക. അല്ലാഹു പറഞ്ഞു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قُمْتُمْ إِلَى ٱلصَّلَوٰةِ فَٱغْسِلُوا۟ وُجُوهَكُمْ وَأَيْدِيَكُمْ إِلَى ٱلْمَرَافِقِ وَٱمْسَحُوا۟ بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى ٱلْكَعْبَيْنِ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. (ഖുർആൻ:5/6)
ജാബിര്‍ رضى الله عنه വില്‍ നിന്നും ഇമാം മുസ്‌ലിം رحمه الله ഉദ്ധരിക്കുന്ന ഹദീഥില്‍ നബി ﷺ പറഞ്ഞു:
أَبْدَأُ بِمَا بَدَأَ اَللَّهُ بِهِ
അല്ലാഹു ആരംഭിച്ചതു കൊണ്ട് ഞാന്‍ ആരംഭിക്കുന്നു. (മുസ്ലിം)
6.വുളൂഇന്റെ ഫര്‍ളുകള്‍ ഇടമുറിയാതെ ചെയ്യുക.
അഥവാ വുളൂഇന്റെ ഫര്‍ളുകള്‍ തുടര്‍ച്ചയായി ചെയ്യുക. പരമാവധി വുളൂഇന്റെ ഒരു അവയവം കഴുകിയ വെള്ളം ഉണങ്ങും മുമ്പ് അടുത്തത് ആരംഭിക്കുക. എന്നാല്‍ ഒരാള്‍ ഒരു അവയവം ശുദ്ധിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ മുമ്പ് ശുദ്ധിയാക്കിയ അവയവം ഉണങ്ങി, അല്ലെങ്കില്‍ പെട്ടെന്ന് വെള്ളം നിലച്ചുപോയി, താമസംവിനാ വെള്ളം ലഭിക്കുകയും ചെയ്തു, അത്തരം ഇടമുറിച്ചില്‍ കൊണ്ട് കുഴപ്പമില്ല.
തീപൊള്ളലേല്‍ക്കുക അല്ലെങ്കില്‍ ബാന്റേജിടുക തുടങ്ങിയ കാരണങ്ങളാല്‍ ഒരാള്‍ക്ക് വെള്ളം ഉപയോഗിക്കുവാന്‍ കഴിയാതെ വന്നാല്‍ അതിന്മേല്‍ തടവിയാല്‍ മതിയാകും. നിര്‍ബന്ധമായി വെള്ളമെത്തേണ്ട ഒരു അവയവം മനപ്പൂര്‍വ്വം ഒരാള്‍ ഉപേക്ഷിച്ച് നമസ്‌കരിച്ചാല്‍ അയാള്‍ പ്രസ്‌തൂത നമസ്‌കാരം മടക്കി നിര്‍വ്വഹിക്കണം. കാരണം ഒരാള്‍ നമസ്കരിക്കുന്നത് നബി ﷺ കണ്ടു, അയാളുടെ പുറം കാലില്‍ ഒരു ദിര്‍ഹമിന്റെ വലിപ്പത്തില്‍ വെള്ളം നനഞ്ഞിരുന്നില്ല. അപ്പോള്‍ അദ്ദേഹത്തോട് നബി വുളൂഉം നമസ്‌കാരവും മടക്കി നിര്‍വ്വഹിക്കുവാന്‍ കല്‍ വിച്ചു. (അഹ്മദ്)
കൈപ്പത്തി കഴുക എന്നത് സുന്നത്താണ്. അതുകൊണ്ടാണ് അതിവിടെ പരാമർശിക്കാത്തത്. എന്തുകൊണ്ടാണ് ഇവിടെ ഫർളും സുന്നത്തുമെന്ന വേർതിരിവ് ഉണ്ടായതെന്ന് ചിന്തിക്കുന്നവരുണ്ട്. അതിന് പലകാരണങ്ങളുണ്ട്. അതിൽപെട്ട ഒന്നാണ്, വെള്ളം കുറച്ചുമാത്രമുള്ള അവസരത്തിൽ ഫർള് മാത്രം ചെയ്ത് വുളൂഅ് നിർവ്വഹിക്കാം. അതല്ലാത്ത അവസരങ്ങളിലൊക്കെ സുന്നത്തുകൾ കൂടി ഉൾപ്പെടുത്തി വുളൂഅ് പരിപൂർണ്ണമാക്കാം.
വുളൂഇന്റെ സുന്നത്തുകള്‍
1. ബിസ്മില്ലാഹ് പറയൽ
ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് വുളൂഇന്റെ ആരംഭത്തില്‍ ബിസ്മില്ലാഹ് പറയൽ വാജിബാകുന്നു.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ صَلاَةَ لِمَنْ لاَ وُضُوءَ لَهُ وَلاَ وُضُوءَ لِمَنْ لَمْ يَذْكُرِ اسْمَ اللَّهِ تَعَالَى عَلَيْهِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:വുളൂഅ് ഇല്ലാത്തവന് നമസ്‌കാരമില്ല, ആരംഭത്തില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കാത്തവന് (പൂര്‍ണ്ണ) വുളൂഅ് ഇല്ല. (അബൂദാവൂദ്:101)
മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഇത് സുന്നത്താകുന്നു. അതിന് അവര്‍ തെളിവ് പിടിക്കുന്നത് നബി ﷺ യുടെ വുളൂഇന്റെ രൂപം ഉദ്ധരിച്ചവരില്‍ അധികമാളുകളും നബി ﷺ ബിസ്മില്ലാഹ് ചൊല്ലിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ്.
ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു : ബിസ്മില്ലാഹ് പറയൽ നിര്‍ബന്ധമായിരുന്നുവെങ്കില്‍ അത് നമ്മെ (വിശുദ്ധ ഖുര്‍ആനിലും, തിരുസുന്നത്തിലും) ഉണര്‍ത്തുമായിരുന്നു.
2.മിസ്‌വാക്ക് (ദന്ത ശുദ്ധീകരണം) ചെയ്യല്‍
വുളൂഇന്റെ അവസരത്തില്‍ മിസ്‌വാക്ക് ചെയ്യൽ സുന്നത്താകുന്നു.
لولا أن أشق على أمتي لفرضت عليهم السواك عند كل صلاة كما فرضت عليهم الوضوء
നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിന്റെ കൂടെയും മിസ്‌വാക് ചെയ്യല്‍ നി൪ബന്ധമാക്കുമായിരുന്നു, അവരുടെ മേല്‍ വുളൂഅ് നി൪ബന്ധമാക്കിയതുപോലെ.
3. രണ്ട് മുന്‍കൈകളും കഴുകുക.
വുളൂഅ് ആരംഭിക്കുന്നതിന് മുമ്പ് മൂന്‍കൈകള്‍ രണ്ടും മുന്ന് പ്രാവശ്യം കഴുകല്‍ സുന്നത്താകുന്നു.
عن أوس بن أوس الثقفي قال : رأيت رسول الله صلى الله عليه وسلم توضأ فاستوكف ثلاثا أي غسل كفيه
ഔസ് ബ്നു ഔസ് അഥഖഫി رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ വുളൂഅ് ചെയ്യുന്നത് ഞാൻ കണ്ടു അപ്പോൾ അദ്ദേഹം തന്നെ കൈപ്പടങ്ങൾ രണ്ടും മൂന്നു പ്രാവശ്യം കഴുകി (അഹമ്മദ്, നസാഇ)
ഉറക്കത്തിൽ നിന്ന് എഴുന്നേറ്റയാള്‍ ഇപ്രകാരം മുന്‍കൈകള്‍ കഴുകുകതന്നെ വേണം. കാരണം നബി ﷺ പറഞ്ഞു:
وإذا استيقظ أحدكم من نومه فليغسل يديه قبل أن يدخلهما في الإناء ثلاثا
നിങ്ങളിലാരെങ്കിലും ഉറക്കില്‍നിന്ന് എഴുന്നേറ്റാല്‍ (വെള്ള) പാത്രത്തിലേക്ക് കൈകള്‍ പ്രവേശിപ്പിക്കുന്നതിന്മുമ്പ് മൂന്ന് പ്രാവശ്യം കഴുകുക. (ബുഖാരി)
കൈവിരലുകള്‍ ഇടകോര്‍ത്തു കഴുകല്‍ സുന്നത്താകുന്നു.
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: إِذَا قُمْتَ إِلَى الصَّلاَةِ فَأَسْبِغِ الْوُضُوءَ وَاجْعَلِ الْمَاءَ بَيْنَ أَصَابِعِ يَدَيْكَ وَرِجْلَيْكَ
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ നമസ്‌കരിക്കുവാന്‍ ഉദ്ദേശിച്ചാല്‍ വുളൂഅ് എടുക്കുക, കൈകാലുകളുടെ വിരലുകള്‍ക്കിടയില്‍ വെള്ളം ചേര്‍ത്ത് കഴുകുകയും ചെയ്യുക. (ഇബ്നു മാജ:447)
4.മൂക്കില്‍ വെള്ളം കയറ്റി ചീറ്റല്‍
പരമാവധി മൂക്കില്‍ വെള്ളം കയറ്റി ചീറ്റല്‍ സുന്നത്താകുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فمضمض واستنشق، واستنثر من ثلاث غرفات
നബി ﷺ പറഞ്ഞു: നീ മൂന്ന് കോരല്‍ വെള്ളംകൊണ്ട് വായില്‍ വെള്ളം കൊള്ളുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക. (അബൂ ദാവൂദ്)
عَنْ لَقِيطِ بْنِ صَبِرَةَ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي عَنِ الْوُضُوءِ . قَالَ : أَسْبِغِ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِي الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا
ലഖീത്വ് ബ്നു സ്വബീറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ….. ഞാൻ ചോദിച്ചു: പ്രവാചകരേ, എനിക്ക് വുളൂഇനെ സംബന്ധിച്ച് പറഞ്ഞ് തരിക. നബി ﷺ പറഞ്ഞു: നീ സമ്പൂർണമായി വുളൂഅ ചെയ്യുക. വിരലുകൾ വിടർത്തി കഴുകുക, നോമ്പുകാരനല്ലങ്കിൽ മൂക്കിൽ നല്ലപോലെ വെള്ളം കയറ്റി ചീറ്റുക. (അബൂദാവൂദ്: 2366)
عن عائشة أم المؤمنين قَالَ رَسُولُ اللَّهِ صلى الله عليه وسلم : المضمَضةُ والاستنشاقُ مِن الوضوءِ الَّذي لابُدَّ منهُ
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റി വൃത്തിയാക്കലും വുളൂഇൽ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങളിൽപെട്ടതാണ്. (ദാറഖുത്നി)
5.താടിരോമങ്ങള്‍ ചികറ്റിക്കഴുകുക
വുളൂഇല്‍ മുഖം കഴുകുന്ന അവസരത്തില്‍ നബി ﷺ താടി രോമങ്ങള്‍ ഇടകോര്‍ത്ത് കഴുകുമായിരു ന്നു.
عَنْ أَنَسٍ يَعْنِي ابْنَ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا تَوَضَّأَ أَخَذَ كَفًّا مِنْ مَاءٍ فَأَدْخَلَهُ تَحْتَ حَنَكِهِ فَخَلَّلَ بِهِ لِحْيَتَهُ وَقَالَ “ هَكَذَا أَمَرَنِي رَبِّي عَزَّ وَجَلَّ ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ വുളൂഅ് ചെയ്യുമ്പോൾ ഒരു കോരൽ വെള്ളം എടുക്കുകയും തന്റെ താടിയുടെ അടിയിലൂടെ പ്രവേശിപ്പിക്കുകയും താടി വിടർത്തി കഴുകുകയും ചെയ്യുമായിരുന്നു. അവിടുന്ന് പറയുകയും ചെയ്തു : എന്റെ റബ്ബ് എന്നോട് ഇപ്രകാരമാണ് കൽപിച്ചിരിക്കുന്നത്. (അബൂദാവൂദ്:145)
قَالَ الشيخ ابن عثيمين: تخليل اللحية يكون أثناء غسل الوجه؛ لأن ما ظهر من اللحية من الوجه فيكون تخليلها تبعاً لغسل الوجه أي مع غسل الوجه.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: മുഖം കഴുകുമ്പോഴാണ് താടിയുടെ തിക്കകറ്റേണ്ടത്. കാരണം, താടിരോമങ്ങൾ മുഖത്തിന്റെ ഭാഗമാണ്. അപ്പോൾ, മുഖം കഴുകുന്നതിനൊപ്പമാണ് താടിയുടെ തിക്കകറ്റേണ്ടത്. (نور على الدرب)
6. കൈകാല്‍ വിരലുകള്‍ അകറ്റി കഴുകുക
കൈകാലുകള്‍ കഴുകുന്ന അവസരത്തില്‍ വിരലുകള്‍ അകറ്റിക്കഴുകല്‍ സുന്നത്താകുന്നു.
عَنِ ابْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِذَا تَوَضَّأْتَ فَخَلِّلْ بَيْنَ أَصَابِعِ يَدَيْكَ وَرِجْلَيْكَ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നീ വുളൂഅ് എടുക്കുമ്പോള്‍ കൈകാല്‍ വിരലുകള്‍ വിടര്‍ത്തി കഴുകുക. (തിര്‍മിദി:39)
7. അവയവങ്ങള്‍ തേച്ചുകഴുകുക.
അവയവങ്ങളില്‍ വെള്ളം ഒഴുക്കുന്നതോടൊപ്പം കൈകൊണ്ട് തേച്ച് കഴുകുകയും ചെയ്യുക.
عن عبد الله بن زيد – رضي الله عنه – : أن النبي صلى الله عليه وسلم أُتِيَ بِثُلُثَيْ مُدٍّ فجعل يَدْلُكُ ذِرَاعَه
അബ്ദുല്ലാഹ് ഇബ്നു സെയ്ദ് رضي الله عنه പറയുന്നു: നബി ﷺ ക്ക് ഒരു മുദ്ദിന്റെ മൂന്നില്‍ രണ്ട് ഭാഗം വെള്ളം കൊണ്ടുവരപ്പെട്ടു. അതില്‍നിന്ന് അദ്ദേഹം വുളൂഅ് എടുത്തു. തന്റെ മുഴം കൈകള്‍ ഉരച്ച് കഴുകുവാന്‍ തുടങ്ങി. (ഇബ്നു ഹിബ്ബാൻ)
8. വലതുഭാഗം കൊണ്ട് ആരംഭിക്കുക
വുളൂഇന്റെ അവയങ്ങളില്‍ വലതു കൊണ്ട് ആരംഭിക്കല്‍ സുന്നത്താകുന്നു.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحِبُّ التَّيَمُّنَ فِي طُهُورِهِ وَتَرَجُّلِهِ وَتَنَعُّلِهِ
ആഇശ رَضِيَ اللَّهُ عَنْهَا യിൽ നിന്ന് നിവേദനം:അവർ പറയുന്നു: നബി ﷺ ശുദ്ധീകരണത്തിലും മുടി ചീകുന്നതിലും ചെരുപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി: 5854)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا لَبِسْتُمْ وَإِذَا تَوَضَّأْتُمْ فَابْدَءُوا بِأَيَامِنِكُمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുളൂഅ് ചെയ്യുമ്പോഴും വലതു ഭാഗത്ത് നിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്: 4141)
9. വുളൂഇന് ശേഷമുള്ള ‘ദികര്‍’ ചൊല്ലല്‍.
أَشْهَدُ أَنْ لاََ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു
യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ ثُمَّ يَقُولُ حِينَ يَفْرُغُ مِنْ وُضُوئِهِ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ إِلاَّ فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ
നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഒരാള്‍ വുളൂഅ് ചെയ്യുന്നു. വുളൂഇനെ നന്നാക്കുന്നു. വുളൂഇല്‍നിന്ന് വിരമിച്ചശേഷം ‘അല്ലാഹു അല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും യാതൊരു പങ്കുകാരുമില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് നബി ﷺ അവന്റെ ദൂതനും ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു’ എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താന്‍ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്” (അബൂദാവൂദ്: 169)
ഇമാം തി൪മിദിയുടെ റിപ്പോ൪ട്ടില്‍ ഈ പ്രാ൪ത്ഥന കൂടി വന്നിട്ടുണ്ട്.
اَللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ
അല്ലാഹുമ്മ ജ്അല്‍നീ മിനത്തവ്വാബീന, വജ്അല്‍നീ മിനല്‍ മുതത്വഹ്ഹിരീന്‍
അല്ലാഹുവേ, നീ എന്നെ ധാരളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ.
10. രണ്ടോ മൂന്നോ തവണ കഴുകല്‍.
ഒരു പ്രാവശ്യം കഴുകല്‍ നിര്‍ബന്ധമാണ്. രണ്ടും മൂന്നും പ്രാവശ്യം കഴുകല്‍ സുന്നത്താകുന്നു.
عَنْ عَبْدِ اللَّهِ بْنِ زَيْدٍ، أَنَّ النَّبِيَّ صلى الله عليه وسلم تَوَضَّأَ مَرَّتَيْنِ مَرَّتَيْنِ.
അബ്ദുല്ലാഹിബ്നു സൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ (അവയവങ്ങൾ) ഈരണ്ട് തവണ കഴുകിക്കൊണ്ട് വൂളു ചെയ്യുകയുണ്ടായി. (ബുഖാരി:158)
عَنْ أَبِي أَنَسٍ، أَنَّ عُثْمَانَ، تَوَضَّأَ بِالْمَقَاعِدِ فَقَالَ أَلاَ أُرِيكُمْ وُضُوءَ رَسُولِ اللَّهِ صلى الله عليه وسلم ثُمَّ تَوَضَّأَ ثَلاَثًا ثَلاَثًا .
അബൂഅനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉസ്മാൻ رَضِيَ اللَّهُ عَنْهُ മഖായിദില്‍ വുളൂഅ് ചെയ്യുമ്പോള്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂൽﷺ വുളൂഅ് ചെയ്തതു ഞാന്‍ കാണിച്ചുതരട്ടെയോ? പിന്നീടു അദ്ദേഹം (ഓരോ ഭാഗവും) മൂന്ന് പ്രാവശ്യം കഴുകിക്കൊണ്ട് വുളു ചെയ്തു. (മുസ്ലിം:230)
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു:വുദ്വൂഇന്റെ അവയവങ്ങൾ ഒരു തവണ പൂർണമായി കഴുകുക എന്നതാണ് നിർബന്ധമായ കാര്യം. ഒരുതവണ കഴുകിയാൽ അത് തന്നെ മതിയാകുന്നതാണ്. എന്നാൽ, രണ്ട് തവണ കഴുകുന്നതാണ് ഒരു തവണ കഴുകുന്നതിനേക്കാൾ നല്ലത്. അതുപോലെ, മൂന്ന് തവണ കഴുകുന്നതാണ് രണ്ട് തവണ കഴുകുന്നതിനെക്കാളും നല്ലത്. എന്നാൽ, ഒരു അവയവം നാല് തവണ കഴുകാൻ പാടില്ല. (https://binothaimeen.net/content/11121)
എന്നാല്‍ തലമുഴുവനും രണ്ട് ചെവികള്‍ ഉള്‍പ്പെടുത്തി ഒരു തവണയാണ് തടവേണ്ടത്. ഒന്നിലധികം തവണ തടവല്‍ സുന്നത്തല്ല.
ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: തടവേണ്ട അവയവങ്ങൾ എല്ലാ അവസ്ഥയിലും ഒറ്റത്തവണയാണ് തടവേണ്ടത്. “തടവേണ്ടവയൊക്കെ ഒറ്റത്തവണയാണ് തടവേണ്ടത്” എന്നത് ശുദ്ധീകരണത്തിന്റെ അദ്ധ്യായത്തിലുള്ള ഒരു പൊതുനിയമമാണ്. അപ്പോൾ തല തടവേണ്ടത് ഒരു തവണയാണ്, പ്ലാസ്റ്ററിന് മുകളിൽ തടവേണ്ടത് ഒരു തവണയാണ്, പാദരക്ഷയുടെ മുകളിൽ തടവേണ്ടത് ഒരു തവണയാണ്. വുദ്വൂഇന്റെ സമയത്ത് തടവേണ്ടതായിട്ട് എന്തുണ്ടോ, അതൊക്കെ ഒറ്റത്തവണയാണ് തടവേണ്ടത്. (https://youtu.be/ZRJ9nExqKX4)
വുളൂഇന്റെ രൂപം
1. നിയ്യത്ത് കരുതുക.
2.ബിസ്മില്ലാഹ് ചൊല്ലൽ
3.വുളൂഇന്റെ ആദ്യത്തില്‍ മുന്‍ കൈകള്‍ മുന്ന് പ്രാവശ്യം കഴുകല്‍
4.വായില്‍ വെള്ളം ചുഴറ്റി തുപ്പലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും (മൂന്ന് പ്രാവശ്യം)
5. മുഖം മുന്ന് പ്രാവശ്യം കഴുകുക
6. രണ്ട് കൈകള്‍ മുട്ടുകള്‍ ഉള്‍പ്പെടുത്തി മൂന്ന് പ്രാവശ്യം കഴുകുക
7. തലമുഴുവനും രണ്ട് ചെവികള്‍ ഉള്‍പ്പെടുത്തി ഒരു തവണ തടവുക
8. രണ്ടുകാലുകള്‍ നെരിയാണികള്‍ ഉള്‍പ്പെടുത്തി മൂന്ന് പ്രാവശ്യം കഴുകുക
വുളൂഅ് ചെയ്യുമ്പോൾ ഓരോ അവയവങ്ങൾ കഴുകുന്നതിനിടയിലും പ്രത്യേക പ്രാർത്ഥനയുണ്ടോ?
സഊദി അറേബ്യയിലെ പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:
വുളൂഅ് ചെയ്യുന്നതിനിടയിൽ നബിﷺയിൽ നിന്ന് ഒരു പ്രാർത്ഥനയും സ്ഥിരപ്പെട്ടിട്ടില്ല. വുളൂഇന്റെ ഓരോ അവയവങ്ങൾ കഴുകുമ്പോഴും പ്രാർത്ഥിക്കുന്ന ആളുകളുണ്ട്. അത് ബിദ്അത്താണ്. അവർ മുഖം കഴുകുമ്പോൾ
اللهم بيض وجهي يوم تسود الوجوه
അല്ലാഹുവേ, മുഖങ്ങൾ കറുക്കുന്ന ദിവസം നീ എന്റെ മുഖത്തെ പ്രകാശിപ്പിക്കേണമേ” എന്നും, കൈകൾ കഴുകുമ്പോൾ
اللهم أعطني كتابي بيميني ولا تعطني كتابي بشمالي
അല്ലാഹുവേ, വലതുകൈയിൽ ഗ്രന്ഥം നൽകേണമേ, ഇടതുകൈയിൽ നൽകരുതേ” എന്നുമൊക്കെ പ്രാർത്ഥിക്കുന്നു.
ഓരോ അവയവങ്ങൾ കഴുകുമ്പോഴും ഇങ്ങനെ പ്രത്യേകമായി പ്രാർത്ഥിക്കുന്നത് കാണാം. അതൊക്കെ ബിദ്അത്താണ്. വുളൂഅ് തുടങ്ങുമ്പോൾ ബിസ്മി ചൊല്ലാനും വുളൂഅ് കഴിഞ്ഞാൽ, അതിനു ശേഷമുള്ള പ്രാർത്ഥന ചൊല്ലാനും മാത്രമാണ് അല്ലാഹുവും റസൂലുംﷺ പഠിപ്പിച്ചിട്ടുള്ളത്. (https://bit.ly/3yQCyK2)
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി رحمه الله പറയുന്നു: “വുളൂഇന്റെ ഓരോ അവയവങ്ങൾ കഴുകുമ്പോഴും പ്രാർത്ഥിക്കുന്ന വിഷയത്തിൽ നബിﷺയിൽ നിന്ന് ഒന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.” (അൽ അദ്കാർ: പേജ് 30)
വുദ്വൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നതിന്റെ വിധിയെന്താണ്? അത് മക്റൂഹാണോ?
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله പറയുന്നു:
ليس بمكروه؛ الكلام في أثناء الوضوء ليس بمكروه، لكن في الحقيقة أنه يشغل المتوضئ؛ لأن المتوضئ ينبغي له عند غسل وجهه أن يستحضر أنه يمتثل إلى أمر الله، وعند غسل يديه ومسح رأسه وغسل رجليه يستحضر هذه النية، فإذا كلمه أحد وتكلم معه انقطع هذا الاستحضار، وربما يشوش عليه أيضاً، وربما يحدث له الوسواس بسببه، فالأولى أن لا يتكلم حتى ينتهي من الوضوء، لكن لو تكلم فلا شيء عليه.
വുളൂഅ് ചെയ്യുന്നതിനിടയിൽ സംസാരിക്കുന്നത് മക്റൂഹ് (വെറുക്കപ്പെട്ട കാര്യം) ഒന്നുമല്ല. എന്നാൽ, വുളൂഅ് ചെയ്യുന്നതിനിടയിലുള്ള സംസാരം വുളൂഅ് എടുക്കുന്നവനെ അശ്രദ്ധയിലാക്കും എന്നതാണ് സത്യം. കാരണം, അല്ലാഹുവിന്റെ കൽപന അനുസരിച്ച് ചെയ്യുന്ന ഒരു കർമ്മമാണ് ഇത് എന്ന നിയ്യത്താണ് മുഖം കഴുകുമ്പോഴും കൈകൾ കഴുകുമ്പോഴും തല തടവുമ്പോഴും കാൽ കഴുകുമ്പോഴുമൊക്കെ ഒരാൾക്ക് ഉണ്ടാകേണ്ടത്. ആ മനസ്സാന്നിധ്യത്തോട് കൂടിയായിരിക്കണം ഒരാൾ വുളൂഅ് നിർവഹിക്കേണ്ടത്. വുളൂഅ് ചെയ്യുന്നതിനിടയിൽ മറ്റൊരാളുമായി സംസാരിക്കുമ്പോൾ ഈ മനസ്സാന്നിധ്യം നഷ്ടപ്പെടും. മാത്രമല്ല, വുളൂഇന്റെ ഇടയിലുള്ള സംസാരം കൊണ്ട് ചിലപ്പോൾ വുളൂഇന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവുകയോ വസ്‌വാസ് ഉണ്ടാവുകയോ ഒക്കെ ചെയ്യാം. അതിനാൽ, വുളൂഅ് പൂർത്തിയാകുന്നത് വരെ ഒന്നും സംസാരിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇനിയൊരാൾ വുളൂഇനിടയിൽ സംസാരിക്കുകയാണെങ്കിൽ, അതിന് കുറ്റമൊന്നുമില്ല. (https://binothaimeen.net/content/12484)
വിഗ്ഗ് ധരിച്ച് തല തടവിയാൽ വുളൂഅ് ശരിയാവുമോ?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: ഒന്നാമതായി, വിഗ്ഗ് ധരിക്കൽ അനുവദനീയമല്ല. പ്രത്യേകിച്ച് പുരുഷന്മാർക്ക് കഷണ്ടി എന്നത് ഒരു ന്യൂനതയൊന്നുമല്ല. കഷണ്ടി ഭംഗിയല്ലേ? ഇനിയൊരാൾക്ക് വേണമെങ്കിൽ മുടി നട്ടുപിടിപ്പിക്കാവുന്നതാണ്. എന്നാൽ, വിഗ്ഗ് ധരിക്കൽ അനുവദനീയമല്ല.ഒരാൾ വിഗ്ഗ് ധരിച്ചിട്ടുണ്ടെങ്കിൽ വുളൂഇന്റെ സമയത്ത് നിർബന്ധമായും അയാൾ അത് ഊരിമാറ്റണം. (https://youtu.be/-5bLRV4BbtM)
വുളൂഅ് ചെയ്യുമ്പോൾ ഔറത്ത് പൂർണ്ണമായി മറക്കേണ്ടതുണ്ടോ?
വുളൂഅ് ചെയ്യുമ്പോൾ ഔറത്ത് പൂർണ്ണമായി മറയണമെന്നില്ല. കുളിച്ച് കഴിഞ്ഞ ശേഷം കുളിക്കാൻ ഉപയോഗിച്ച വസ്ത്രം ധരിച്ച് വുളൂഅ് ചെയ്യുന്നവരുണ്ട്. അതിൽ കുഴപ്പമില്ല. പൂർണനഗ്നനായി വുളൂഅ് ചെയ്താൽപോലും വുളൂഅ് നിഷ്ഫലമാകില്ല എന്ന് പണ്ഢിതൻമാർ വിവരിച്ചത് കാണാം.
ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: നഗ്നത മറക്കാതെ വുളൂഅ് ചെയ്യുന്നതിന് പ്രശ്നമൊന്നുമില്ല. എന്നാൽ വസ്ത്രമുടുത്തതിന് ശേഷം വുളൂഅ് ചെയ്യുന്നതാണ് ഏറ്റവും നല്ലതും പരിപൂർണതയും. (https://bit.ly/3vEhqWI)
ടോയ്ലെറ്റിനുള്ളിൽ വെച്ച് വുളൂഅ് ചെയ്യുന്നതിന്റെ വിധിയെന്ത്
ഇബ്നു ഉഥൈമീന്‍ رحمه الله പറയുന്നു: ടോയ്‌ലെറ്റിനകത്ത് വെച്ച് വുളൂഅ് ചെയ്യുന്നത് കൊണ്ട് പ്രശ്നമില്ല. അയാളുടെ വുളൂഅ് സ്വീകാര്യമാണ്. എന്നാൽ പള്ളിയുടെ ടോയ്ലറ്റുകളിൽ വെച്ച് വുളൂഅ് എടുക്കുന്നത് ഒഴിവാക്കണം. കാരണം, ആളുകൾ പുറത്ത് കാത്തിരിക്കുന്നുണ്ടാവും. അവരെ പ്രയാസപ്പെടുത്തരുത്. അതിനാൽ പെട്ടെന്ന് ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങുകയും വുളൂഇനു വേണ്ടി പ്രത്യേകമായി ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക. (https://youtu.be/x3vJ5a7qHEk)
വുളൂഇല്‍ മക്റൂഹായ കാര്യങ്ങള്‍
1. അനാവശ്യമായി മൂന്നില്‍ കൂടുതല്‍ തവണ കഴുകല്‍
വുളൂഇന്റെ അവയവങ്ങള്‍ കഴുകുന്ന എണ്ണത്തിലോ, തല തടവുന്നതിന്റെ എണ്ണത്തിലോ നബി ﷺ യില്‍ നിന്ന് സ്ഥിരപ്പെട്ടതിനെക്കാള്‍ ആരെങ്കിലും അധികരിപ്പിക്കുകയോ, അവിടുന്ന് പഠിപ്പിച്ച അതിരുകളെക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ അവന്‍ മതത്തില്‍ അതിര് കവിഞ്ഞതിലൂടെ തെറ്റ് ചെയ്തിരിക്കുന്നു.
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ ـ صلى الله عليه وسلم ـ فَسَأَلَهُ عَنِ الْوُضُوءِ فَأَرَاهُ ثَلاَثًا ثَلاَثًا ثُمَّ قَالَ : هَذَا الْوُضُوءُ فَمَنْ زَادَ عَلَى هَذَا فَقَدْ أَسَاءَ وَتَعَدَّى أَوْ ظَلَمَ .
അംറ് ബ്നു ശുഐബ് رَضِيَ اللَّهُ عَنْهُ തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാവില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു : ഒരു അഅ്റാബി നബി ﷺ യുടെ അടുക്കല്‍ വന്നിട്ട്, വുളൂഇനെ കുറിച്ച് ചോദിച്ചു. നബി ﷺ അദ്ദേഹത്തിന് മൂന്ന് തവണ (അവയവങ്ങള്‍ കഴുകി) അത് കാണിച്ചു കൊടുത്തു. ശേഷം പറഞ്ഞു : ഇതാണ് വുളൂഅ്. ആരെങ്കിലും ഇതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അവന്‍ തിന്‍മ ചെയ്തു, അതിരു വിട്ടു, ആക്രമിച്ചു. (ഇബ്നുമാജ:1/457)
2.വുളൂഇന്റെ സുന്നത്ത് ഒഴിവാക്കുക
വുളൂഇൽ സുന്നത്ത് ഒഴിവാക്കുന്നത് പ്രതിഫലം കുറയുന്നതിന് കാരണമാകും.
3. വെള്ളം ദുര്‍വ്യയം ചെയ്യല്‍
عَنْ أَنَسًا قَالَ: كَانَ النَّبِيُّ صلى الله عليه وسلم يَغْسِلُ ـ أَوْ كَانَ يَغْتَسِلُ ـ بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ، وَيَتَوَضَّأُ بِالْمُدِّ.
അനസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഒരു സാഅ് മുതൽ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂഅ് ചെയ്യുകയും ചെയ്‌തിരുന്നു. (ബുഖാരി: 201)
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رضي الله عنهما : أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ بِسَعْدٍ وَهُوَ يَتَوَضَّأُ فَقَالَ : مَا هَذَا السَّرَفُ يَا سَعْدُ ؟ قَالَ : أَفِي الْوُضُوءِ سَرَفٌ ؟ قَالَ : نَعَمْ ، وَإِنْ كُنْتَ عَلَى نَهْرٍ جَارٍ
അബ്ദില്ലാഹിബ്നു അംറ് ബ്നു ആസ് رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: സഅദ് رَضِيَ اللَّهُ عَنْهُ വുളൂഅ് ചെയ്തുകൊണ്ടിരിക്കെ അതുവഴി ചെന്ന നബി ﷺ ചോദിച്ചു. ‘ഇതെന്ത് ദുര്‍വ്യയമാണ് സഅദേ’? അദ്ദേഹം തിരിച്ചുചോദിച്ചു: ‘വുളുവിലും അമിതവ്യയമുണ്ടോ?’നബി ﷺ പറഞ്ഞു: ‘ഉണ്ട്, ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ നിന്നായാലും.'(അഹ്മദ്)
4.നജസുള്ള സ്ഥലത്ത് വുളൂഅ് ചെയ്യല്‍.
നജസ് ശരീരത്തില്‍ ഏല്‍ക്കുന്നത് ഭയക്കുന്നതിനാലാണ് ഇത്.
വുളൂഅ് മുറിയുന്ന കാര്യങ്ങള്‍
1. മുന്‍പിന്‍ ദ്വാരങ്ങളിലൂടെ കാഷ്ഠം, മൂത്രം പോലെയുള്ള വല്ലതും പുറപ്പെടല്‍.
أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ
…….. അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ …….. (ചെയ്തിട്ട് വെള്ളം ലഭിച്ചില്ലെങ്കിൽ തയമ്മും ചെയ്യുക) (ഖുർആൻ:5/6)
മുന്‍-പിന്‍ ദ്വാരങ്ങളിലൂടെ പുറപ്പെടുന്നത് നജസായാലും അല്ലെങ്കിലും വുളൂഅ് മുറിയും. പുറപ്പെടുന്നത് മനിയ്യ് (ബീജം) ആണെങ്കില്‍ അപ്പോള്‍ കുളി നിര്‍ബന്ധമാകും.
എന്നാൽ മദ്‌യ് (ബീജമല്ലാത്ത ദ്രാവകം) വന്നാൽ കുളിക്കേണ്ടതില്ല. ലിഗം കഴികിയ ശേഷം വുളൂഅ് ചെയ്താൽ മതി.
عَنْ عَلِيٍّ، قَالَ كُنْتُ رَجُلاً مَذَّاءً فَأَمَرْتُ رَجُلاً أَنْ يَسْأَلَ النَّبِيَّ صلى الله عليه وسلم لِمَكَانِ ابْنَتِهِ فَسَأَلَ فَقَالَ “ تَوَضَّأْ وَاغْسِلْ ذَكَرَكَ ”.
അലി رَضِيَ اللَّهُ عَنْهُ പറയുന്നു:ഞാൻ ധാരാളമായി മദ്‌യ് പുറപ്പെടുന്ന ആളായിരുന്നു. നബി ﷺ യുടെ മകളെ വിവാഹം ചെയ്തിരുന്നതിനാൽ (ലജ്ജ കാരണം) ഇതേക്കുറിച്ച് നബി ﷺ യോട് ചോദിക്കാൻ ഞാൻ ഒരാളോട് ആവശ്യപ്പെട്ടു. അപ്പോൾ ആ മനുഷ്യൻ നബി ﷺ യോട് അതിനെ ക്കുറിച്ച് ചോദിച്ചു. നബി ﷺ മറുപടി പറഞ്ഞു: നിങ്ങളുടെ അവയവം (ലിംഗം) കഴുകിയ ശേഷം വുളൂഅ് ചെയ്യുക. (ബുഖാരി:269)
2.കീഴ്വായു പുറപ്പെടൽ
عَنْ هَمَّامِ بْنِ مُنَبِّهٍ، أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ تُقْبَلُ صَلاَةُ مَنْ أَحْدَثَ حَتَّى يَتَوَضَّأَ ”. قَالَ رَجُلٌ مِنْ حَضْرَمَوْتَ مَا الْحَدَثُ يَا أَبَا هُرَيْرَةَ قَالَ فُسَاءٌ أَوْ ضُرَاطٌ.
ഹമ്മാമ് رَضِيَ اللَّهُ عَنْهُ നിവേദനം: അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നതായി അദ്ദേഹം കേട്ടു. നബി ﷺ പറഞ്ഞു: വുളൂഅ് എടുക്കുന്നതുവരെ ചെറിയ അശുദ്ധിയുള്ളവന്‍റെ നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. അപ്പോള്‍ ഒരു ഹളറമൌത്തുകാരന്‍ ഹസ്രത്ത് അബൂഹുറൈറ യോട് ചോദിച്ചു: ഓ, അബുഹുറൈറ! എങ്ങിനെയാണ് ചെറിയ അശുദ്ധിയുണ്ടാവുക? അദ്ദേഹം പറഞ്ഞു: ശബ്ദത്തോട് കൂടിയോ അല്ലാതെയോ വായു പുറത്തുപോവക. (ബുഖാരി:135)
2. ഗാഡമായ ഉറക്കം
عَنْ عَلِيِّ بْنِ أَبِي طَالِبٍ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وِكَاءُ السَّهِ الْعَيْنَانِ فَمَنْ نَامَ فَلْيَتَوَضَّأْ
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കണ്ണുകള്‍ മല ദ്വാരത്തിന്റെ അടപ്പാകുന്നു, അതിനാല്‍ ആരെങ്കിലും ഉറങ്ങിയാല്‍ അവന്‍ വുളൂഅ് ചെയ്യട്ടെ. (അബൂദാവൂദ്:203)
നേരിയ ഉറക്കം വുളൂഇനെ നഷ്ടപ്പെടുത്തുകയില്ല.
3. ബോധം നശിക്കല്‍.
ഭ്രാന്ത്, ബോധക്ഷയം, ലഹരി, രോഗം തുടങ്ങിയ കാരണങ്ങളാല്‍ ബോധം നഷ്ടപ്പെട്ടാല്‍ അത് ഉറക്കിനേക്കാള്‍ വുളൂഇനെ നഷ്ടപ്പെടുത്തുവാന്‍ കാരണമാകും. മാത്രവുമല്ല, വുളൂഇനെ നഷ്ടപ്പെടുത്തുന്ന വല്ലതും തന്നില്‍ നിന്ന് സംഭവിച്ചിട്ടുണ്ടോയെന്ന് അവന് അറിയുകയുമില്ല.
4, ലൈംഗീകാവയവങ്ങള്‍ സ്പര്‍ശിക്കല്‍,
കൈപള്ള കൊണ്ട് മറകൂടാതെ മനുഷ്യരുടെ മുന്‍ദ്വാരമോ പിന്‍ദ്വാരമോ സ്പര്‍ശിച്ചാല്‍ അത് വുളൂഇനെ നഷ്ടപ്പെടുത്തും
عَنْ بُسْرَةَ بِنْتِ صَفْوَانَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِذَا مَسَّ أَحَدُكُمْ ذَكَرَهُ فَلْيَتَوَضَّأْ
ബുസ്റത്ത് ബിൻത് സഫ്വാൻ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ തന്റെ ഗുഹ്യാവയവം സ്പര്‍ശിച്ചാല്‍ അവന്‍ വുളൂഅ് ചെയ്യട്ടെ. (ഇബ്നുമാജ:479)
5, ഒട്ടകത്തിന്റെ മാംസം ഭക്ഷിക്കല്‍:
ഒട്ടകത്തിന്റെ മാംസം വേവിച്ചതാണെങ്കിലും അല്ലെങ്കിലും അത് ഭക്ഷിച്ചാല്‍ വുളൂഅ് നഷ്ടപ്പെടും.
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْوُضُوءِ مِنْ لُحُومِ الإِبِلِ فَقَالَ ” تَوَضَّئُوا مِنْهَا ” . وَسُئِلَ عَنِ الْوُضُوءِ مِنْ لُحُومِ الْغَنَمِ فَقَالَ ” لاَ تَتَوَضَّئُوا مِنْهَا ”
ബറാഇബ്നു ആസിബില്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഒട്ടക മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ ﷺ ചോദിക്കപ്പെട്ടു: അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യുക. ആട് മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍ നബി ﷺ ചോദിക്കപ്പെട്ടു:അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യേണ്ടതില്ല. (തി൪മിദി:81 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
6. ഇസ്‌ലാം മതം ഉപേക്ഷിക്കല്‍:
അഥവാ ഇസ്ലാമില്‍ നിന്ന് പുറത്താക്കുന്ന കാര്യങ്ങള്‍ (നവാഖിദുല്‍ ഇസ്ലാം) പ്രവൃത്തിക്കലാകുന്നു.
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.(ഖു൪ആന്‍:39/65)
അപ്പോള്‍ ശിര്‍ക്ക് കര്‍മ്മങ്ങളെ തകര്‍ക്കും; വുളൂഅ് ഒരു കര്‍മ്മമാണ്.
വസ്ത്രത്തിലോ ശരീരത്തിലോ കുട്ടിയുടെ മൂത്രം വീണാൽ വുളൂഅ് മുറിയുമോ?
വസ്ത്രത്തിലോ ശരീരത്തിലോ കുട്ടിയുടെ മൂത്രമായി എന്നതുകൊണ്ട് വുളൂഅ് നഷ്ടപ്പെടുന്നില്ല.വുളൂഅ് അതുപോലെത്തന്നെ ബാക്കിയാണ്.
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: ഒരാൾ വുളൂഅ് ചെയ്തതിനു ശേഷം അയാളുടെ ശരീരത്തിലോ വസ്ത്രത്തിലോ കുട്ടിയുടെ മൂത്രമോ അല്ലെങ്കിൽ മറ്റേതെങ്കിലും നജസോ ആയാൽ, നജസായ ഭാഗം വൃത്തിയാക്കിയാൽ മതി.അല്ലാതെ വീണ്ടും വുളൂഅ് ചെയ്യേണ്ട ആവശ്യമില്ല. (https://bit.ly/2NrJ1JV)
വുളുവോടെ ഭക്ഷണം കഴിച്ചാല്‍ ഭക്ഷണശേഷം വീണ്ടും വുളു എടുക്കണോ?
നമസ്കാരത്തിനായി വുളു എടുത്തയാള്‍ ഭക്ഷണം കഴിച്ചാല്‍ ഭക്ഷണശേഷം വീണ്ടും വുളു എടുക്കേണ്ടതില്ല.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّهُ سَأَلَهُ عَنِ الْوُضُوءِ مِمَّا مَسَّتِ النَّارُ، فَقَالَ لاَ قَدْ كُنَّا زَمَانَ النَّبِيِّ صلى الله عليه وسلم لاَ نَجِدُ مِثْلَ ذَلِكَ مِنَ الطَّعَامِ إِلاَّ قَلِيلاً، فَإِذَا نَحْنُ وَجَدْنَاهُ لَمْ يَكُنْ لَنَا مَنَادِيلُ، إِلاَّ أَكُفَّنَا وَسَوَاعِدَنَا وَأَقْدَامَنَا، ثُمَّ نُصَلِّي وَلاَ نَتَوَضَّأُ
ജാബിർ رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹത്തോട് അഗ്നികൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ (വീണ്ടും) വുളൂഅ് എടുക്കണമോ എന്ന് ചോദിച്ചു. അപ്പോള്‍ ജാബിര്‍ رضى الله عنه പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഞങ്ങളുടെ കൈപ്പടവും കൈത്തണ്ടയും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാല്‍ (ശുചീകരിക്കാന്‍) കര്‍ച്ചീഫോ മറ്റോ ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങള്‍ നമസ്കരിക്കും. വുളൂഅ് എടുക്കാറില്ല. (ബുഖാരി. 5457)
എന്നാല്‍ ഒട്ടക മാംസം കഴിക്കുകയാണെങ്കില്‍ വീണ്ടും വുളൂഅ് എടുക്കേണ്ടതുണ്ട്.
ഛർദ്ദിച്ചാൽ വുളൂഅ് മുറിയുമോ?
ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു:
القول الراجح أن القيء لا ينقض الوضوء سواءا كان قليلاً أم كثيراً، وذلك لأنه لا دليل على كونه ناقضاً، فالأصل بقاء الوضوء، وهذه قاعدة مفيدة لطالب العلم وغيره، أن ما ثبت بدليل لا يمكن أن ينقض إلا بدليل، وليس عن النبي صلى الله عليه وسلم دليل على أن القيء ناقضٌ للوضوء،
ഛർദ്ദിച്ചത് അൽപ്പമായാലും അധികമായാലും വുളൂഅ് മുറിയില്ലെന്നതാണ് പ്രബലാഭിപ്രായം. കാരണം, ഛർദ്ദിച്ചാൽ വുളൂഅ് മുറിയുമെന്നതിന് തെളിവില്ല. ഒരാൾ വുളൂഅ് എടുത്തതിന് ശേഷം, എന്തെങ്കിലും കാരണം കൊണ്ട് ആ വുളൂഅ് മുറിയുമെന്നതിന് തെളിവ് വേണം. (ഇതൊരു കർമ്മശാസ്ത്ര നിയമമാണ്). ദീൻ പഠിക്കുന്ന വിദ്യാർഥികൾക്കും അല്ലാത്തവർക്കും വളരെ ഉപകാരപ്രദമായ ഒരു നിയമമാണിത്. തെളിവു കൊണ്ട് സ്ഥിരപ്പെട്ട ഒരു കാര്യം മുറിഞ്ഞുവെന്ന് പറയാനും തെളിവ് വേണം. ചർദ്ദിച്ചാൽ വുളൂഅ് മുറിയുമെന്നതിന് നബിﷺയിൽ നിന്ന് തെളിവൊന്നും വന്നിട്ടില്ല. (https://binothaimeen.net/content/13476)
വുളൂഇന് ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്കാരത്തിന്റെ ശ്രേഷ്ടത
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ لِبِلاَلٍ عِنْدَ صَلاَةِ الْفَجْرِ يَا بِلاَلُ حَدِّثْنِي بِأَرْجَى عَمَلٍ عَمِلْتَهُ فِي الإِسْلاَمِ، فَإِنِّي سَمِعْتُ دَفَّ نَعْلَيْكَ بَيْنَ يَدَىَّ فِي الْجَنَّةِ ” قَالَ مَا عَمِلْتُ عَمَلاً أَرْجَى عِنْدِي أَنِّي لَمْ أَتَطَهَّرْ طُهُورًا فِي سَاعَةِ لَيْلٍ أَوْ نَهَارٍ إِلاَّ صَلَّيْتُ بِذَلِكَ الطُّهُورِ مَا كُتِبَ لِي أَنْ أُصَلِّيَ قَالَ أَبُو عَبْدِ اللَّهِ دَفَّ نَعْلَيْكَ يَعْنِي تَحْرِيكَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ബിലാൽ رَضِيَ اللَّهُ عَنْهُ വിനോട് ചോദിച്ചു: ബിലാൽ, ഇസ്ലാമിൽ നീ ചെയ്തിട്ടുളള അമലുകളിൽ കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന അമലേതാണ്.? നീ എന്നോട് പറയൂ. നിശ്ചയം എന്റെ മുൻവശത്തായി സ്വർഗ്ഗത്തിൽ നിന്റെ രണ്ടു ചെരിപ്പിന്റെ ശബ്ദം ഞാൻ കേട്ടു. ബിലാൽ رَضِيَ اللَّهُ عَنْهُ പറഞ്ഞു: രാത്രിയിലോ പകലോ ഏത് അവസരത്തിലും ഞാൻ വുളൂഅ് ചെയ്താൽ എനിക്ക് നിശ്ചയിക്കപ്പെട്ടത്ര ഞാൻ നമസ്കരിക്കുമായിരുന്നു. കൂടുതൽ പ്രതിഫലമാഗ്രഹിക്കാവുന്ന ഇതല്ലാതെ മറ്റൊരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. (ബുഖാരി: 1149)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ رَسُولَ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ إِلاَّ وَجَبَتْ لَهُ الْجَنَّةُ ”
ഉഖ്ബത് ബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിം കൃത്യമായി വുളൂഅ് ചെയ്തുകൊണ്ട് തന്റെ ഹൃദയവും മുഖവും മുന്നിടിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്കരിക്കുകയാണെങ്കിൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കുകയില്ല. (മുസ്ലിം:234)
വുളൂഅ് ഉത്തമമായ കാര്യങ്ങൾ
1. ഉറങ്ങാൻ പോകുമ്പോൾ
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ
അല്‍ബറാഇബ്‌നു ആസിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: താങ്കള്‍ താങ്കളുടെ വിരിപ്പിലേക്ക് (ഉറങ്ങുന്നതിനായി) ചെല്ലുവാന്‍ ഉദ്ദേശിച്ചാല്‍ നമസ്കാരത്തിന് വുളു ചെയ്യുന്നതുപോലെ വുളു ചെയ്യുക.(ബുഖാരി:247)
ഉറങ്ങുമ്പോള്‍ വുളു എടുക്കുന്നതിലൂടെ മലക്കിന്റെ പ്രാ൪ത്ഥന അവന് ലഭിക്കുവാന്‍ കാരണമാകുന്നു.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَاتَ طَاهِرًا بَاتَ فِي شِعَارِهِ مَلَكٌ ، فَلَمْ يَسْتَيْقِظْ إِلا قَالَ الْمَلَكُ : اللَّهُمَّ اغْفِرْ لِعَبْدِكَ فُلانٍ ، فَإِنَّهُ بَاتَ طَاهِرًا
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ’ആരെങ്കിലും ശുദ്ധിയോടുകൂടി രാത്രി കഴിച്ചുകൂട്ടിയാല്‍ അവന്റെ അടിവസ്ത്രത്തില്‍ ഒരു മലക്ക് ഉണ്ടായിരിക്കും.അവന്‍ ഉറക്കം ഉണ൪ന്നാല്‍ മലക്ക് ഇപ്രകാരം പറയും: അല്ലാഹുവേ നിന്റെ ഇന്ന അടിമക്ക് നീ പാപമോചനം നല്‍കേണമേ, കാരണം അവന്‍ ശുദ്ധിയുള്ളവനായിട്ടാണ് രാത്രി കഴിച്ചുകൂട്ടിയത്.(സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
2. ജനാബത്തുകാരന്‍ വീണ്ടും സംയോഗത്തിനോ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഉദ്ദേശിക്കുന്നുവെങ്കിൽ
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا أَتَى أَحَدُكُمْ أَهْلَهُ ثُمَّ أَرَادَ أَنْ يَعُودَ فَلْيَتَوَضَّأْ
അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിൽ ആരെങ്കിലും തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അത് ആവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അവൻ വുളൂഅ് ചെയ്യട്ടെ. (മുസ്ലിം:308)
ജനാബത്തുകാരനായ (വലിയ അശുദ്ധി) ഒരാള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് കുളിക്കാന്‍ കഴിയുമെങ്കില്‍ കുളിക്കാവുന്നതാണ്. എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് കുളി നി൪ബന്ധമില്ല. കുളിക്കുന്നതിന് മുമ്പായി ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുകയാണെങ്കില്‍ വുളൂഅ് എടുത്തിരിക്കണം.
عَنْ عَائِشَةَ، – رضى الله عنها – قَالَتْ كَانَ النَّبِيُّ صلى الله عليه وسلم – وَقَالَ عَمْرٌو كَانَ رَسُولُ اللَّهِ صلى الله عليه وسلم – إِذَا أَرَادَ أَنْ يَأْكُلَ أَوْ يَنَامَ وَهُوَ جُنُبٌ تَوَضَّأَ – زَادَ عَمْرٌو فِي حَدِيثِهِ – وُضُوءَهُ لِلصَّلاَةِ .
ആയിശാ رضى الله عنها പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ജുനാബത്തുകാരൻ ആയിരിക്കുമ്പോൾ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഉദ്ദേശിച്ചാൽ വുളൂഅ് ചെയ്യുമായിരുന്നു. ‘ നമ്സകാരത്തിനായി ചെയ്യുന്നതുപോലെ’. (നസാഇ:255)
عَنْ عَبْدِ اللَّهِ بْنِ أَبِي قَيْسٍ، قَالَ سَأَلْتُ عَائِشَةَ كَيْفَ كَانَ نَوْمُ رَسُولِ اللَّهِ صلى الله عليه وسلم فِي الْجَنَابَةِ أَيَغْتَسِلُ قَبْلَ أَنْ يَنَامَ أَوْ يَنَامُ قَبْلَ أَنْ يَغْتَسِلَ قَالَتْ كُلُّ ذَلِكَ قَدْ كَانَ يَفْعَلُ رُبَّمَا اغْتَسَلَ فَنَامَ وَرُبَّمَا تَوَضَّأَ فَنَامَ
അബ്ദില്ലാഹിബ്നു ഖബ്സ് رَضِيَ اللَّهُ عَنْهُ പറയുന്നു: ആയിശാ رضى الله عنها യോട് ഞാൻ ചോദിച്ചു:വലിയ അശുദ്ധി ഉള്ളപ്പോള്‍ നബി ﷺ യുടെ ഉറക്കം എപ്രകാരമായിരുന്നു? ഉറങ്ങുന്നതിന് മുമ്പ് കുളിക്കുമായിരുന്നോ അതോ കുളിക്കുന്നതിന് മുമ്പ് ഉറങ്ങുമായിരുന്നോ? ആയിശാ رضى الله عنها പറഞ്ഞു:അതെല്ലാം നബി ﷺ ചെയ്തിരുന്നു.ചിലപ്പോള്‍ കുളിക്കും, പിന്നീട് ഉറങ്ങും. മറ്റ് ചിലപ്പോള്‍ വുളുവെടുത്ത് ഉറങ്ങും.(നസാഇ:404 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عُمَرَ بْنَ الْخَطَّابِ، سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَيَرْقُدُ أَحَدُنَا وَهْوَ جُنُبٌ قَالَ: نَعَمْ إِذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ وَهُوَ جُنُبٌ
ഉമ൪ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു:വലിയ അശുദ്ധിയുള്ള ഒരാള്‍ക്ക് ഉറങ്ങാമോ? നബി ﷺ പറഞ്ഞു:അതെ, അവന്‍ വുളു എടുത്താല്‍ വലിയ അശുദ്ധി ഉള്ളവനായ അവസ്ഥയില്‍ ഉറങ്ങാം. (ബുഖാരി:287)
3. ദിക്ർ ചൊല്ലുമ്പോൾ, ക്വുർആൻ പാരായണം ചെയ്യുമ്പോൾ.
മുസ്ഹഫ് സ്പര്‍ശിക്കുന്നതിന് വുളൂഅ് നിര്‍ബന്ധമാണെന്ന കാര്യം മേൽ സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ സുന്നത്തായി പരാമര്‍ശിച്ചത് ക്വുർആൻ പാരായണം ചെയ്യുന്നതിനെ കുറിച്ചാണ്.
4. എല്ലാ നമസ്‌കാരവേളകളിലും.
عن أبي هريرة ـ رضي الله عنه ـ قال: قال رسول الله صلى الله عليه وسلم: لولا أن أشق على أمتي لأمرتهم عند كل صلاة بوضوء، ومع كل وضوء بسواك
അബൂഹുറൈറ رضي الله عنه യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന് ഞാൻ ഞെരുക്കമുണ്ടാക്കുന്നുവെന്ന ഭയം എനിക്ക് ഇല്ലായിരുന്നുവെങ്കിൽ എല്ലാ നമസ്‌കാരത്തിനും വുളൂഅ് ഞാൻ അവരോട് കൽപിക്കുമായിരുന്നു. എല്ലാ വുളൂഅിനും മിസ്വാക്ക് ചെയ്യുന്നതിനോടൊപ്പം. (صحيح الترغيب والترهيب)
നബിﷺ ഓരോ നമസ്‌കാരത്തിനും വുദൂഅ് പുതുക്കൽ നിത്യമാക്കിയിരുന്നു.
kanzululoom.com