വിധിയിലുള്ള വിശ്വാസം

വിധിയിൽ വിശ്വസിക്കുക; അതിലെ ഗുണത്തിലും ദോഷത്തിലും

രക്ഷാസംഘമായ അഹലുസ്സുന്നത്തിവൽ ജമാഅത്ത് നന്മയായും തിന്മയായും ഉള്ള വിധിയിൽ വിശ്വസിക്കുന്നു. ഈ വിശ്വാസം രണ്ട് നിലയിലാണ്. ഓരോ വിധിയിലും രണ്ട് സംഗതികകളെ ഉൾകൊള്ളുന്നു.

(ഒന്നാമത്തേതിൽ) സൃഷ്ടികൾ എന്ത് പ്രവർത്തിക്കുന്നുവെന്നതിനെ സംബന്ധിച്ചും സർവ്വജ്ഞനായ അല്ലാഹു അവൻ്റെ ‘ക്വദീമായ ഇൽമ്’ എന്ന വിശേഷണംകൊണ്ട് പണ്ടുപണ്ടേ അറിഞ്ഞിട്ടുള്ളവനാണ് എന്നും ശേഷം പടപ്പുകളുടെ വിധികൾ (مقادير الخلائق) അവരുടെ പുണ്യം, പാപം, ഉപജീവനം, ആയുസ്സ് മുതലായ സർവ്വസംഗതികളും കണിശമായി അവൻ പണ്ടുപണ്ടേ അറിഞ്ഞിട്ടുണ്ട് എന്നും അതിനെ അവൻ لوح المحفوظ ൽ (സംരക്ഷിത ഫലകത്തിൽ) എഴുതിയിട്ടുണ്ടെന്നും വിശ്വസിക്കുക.

അല്ലാഹു ആദ്യമായി പടച്ചത് പേനയാകുന്നു. അനന്തരം അതിനോട് കൽപ്പിച്ചു, “എഴുതുക” എന്ന്. “ഞാൻ എന്താണ് എഴുതേണ്ടത്?” എന്ന് അതു ചോദിച്ചു. “ഖിയാമത്ത് നാൾ വരെ സംഭവിക്കാനിരിക്കുന്ന സംഗതികൾ എല്ലാം എഴുതുക” എന്ന് അല്ലാഹു പറഞ്ഞു. അതിനാൽ മനുഷ്യന് സംഭവിച്ച യാതൊന്നും അവന് ഒഴിഞ്ഞു പോവുകയില്ല. അവന് ഒഴിവായ യാതൊന്നും അവന് എത്തുകയുമില്ല. പേനകൾ മഷിവറ്റി ഉണങ്ങിക്കഴി ഞ്ഞു. ഏടുകൾ ചുരുട്ടി വെയ്ക്കപ്പെടുകയും ചെയ്‌തു.

അല്ലാഹു പറയുന്നു:

أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ആകാശത്തിലും ഭൂമിയിലും ഉള്ളതല്ലാം അല്ലാഹു അറിയുന്നു എന്ന് നീ മനസ്സിലാക്കിയിട്ടില്ലേ? നിശ്ചയമായും അതൊക്കെയും കിതാബിലുണ്ട്. നിശ്ചയമായും അതെല്ലാം (അറിയലും കിതാബിൽ രേഖപ്പെടുത്തലും) അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. (ഖുർആൻ:22/70)

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ഭൂമിയിലാകട്ടെ, നിങ്ങളുടെ ശരീരങ്ങളിലാകട്ടെ, യാതൊരു മുസീബത്തും സംഭവിക്കുകയില്ല, അവയെല്ലാം സൃഷ്ടിക്കുന്നതിന് മുമ്പായ് അല്ലാഹു രേഖപ്പെടുത്തിയിട്ടല്ലാതെ; നിശ്ചയമായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. (ഖുർആൻ:57/22)

അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തിൽ സർവകാര്യങ്ങളും രേഖപ്പെടുത്തി എന്ന ഈ സംഗതി പല സ്ഥലങ്ങളിൽ മൊത്തമായും വിശദമായുമുണ്ട്.

▪️لوح المحفوظ ൽ അവൻ ഉദ്ദേശിച്ചതെല്ലാം എഴുതിയിട്ടുണ്ട്.

▪️ഗർഭസ്ഥ ശിശുവിൻ്റെ ശരീരം ഗർഭാശയത്തിൽ രൂപപ്പെട്ടാൽ അതിൽ റൂഹിനെ ഊതുന്നതിന് മുമ്പായി അതിൻ്റെ അടുക്കലേക്ക് ഒരു മലക്കിനെ അയക്കുന്നു. അവൻ്റെ ആഹാരം, അവൻ്റെ ആയുസ്സ്, അവന്റെ പ്രവൃത്തികൾ, അവൻ സന്മാർഗിയോ ദുർമാർഗിയോ എന്നുള്ളത്, ഈ നാല് സംഗതികളും മറ്റും എഴുതുവാനായി ആ മലക്കിനോട് കൽപിക്കുന്നതാകുന്നു.

▪️ഈ ഖദറിനെ പണ്ട് കാലത്ത് ഖദരിയ്യാക്കളിലെ തീവ്രവാദികൾ നിഷേധിച്ചിരുന്നു. ഇന്ന് അത് നിഷേധിക്കുന്നവർ കുറവാകുന്നു.

(രണ്ടാമത്തെനില): നടപ്പിലാകുന്ന അല്ലാഹുവിൻ്റെ മശീഅത്തും സമ്പൂർണമായ അവന്റെ കഴിവുമാകുന്നു.

▪️അല്ലാഹു ഏതൊന്ന് ഉദേശിച്ചുവോ അത് സംഭവിക്കും. അവൻ ഉദ്ദേശിക്കാത്തത് യാതൊന്നും സംഭവിക്കുകയില്ല എന്ന വിശ്വാസമാകുന്നു അത്.

▪️ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, യാതൊരു അനക്കവും അടക്കവും ഇല്ല; അല്ലാഹുവിൻ്റെ നിശ്ചയമനുസരിച്ചല്ലാതെ. അവൻ ഉദ്ദേശിക്കാതെ യാതൊന്നും അവൻ്റെ ആധിപത്യത്തിൽ സംഭവിക്കുകയില്ല.

▪️അസ്തിത്വമുള്ളതും ഇല്ലാത്തതുമായ എല്ലാത്തിനേക്കാളും ശക്തിയുള്ളവനാകുന്നു അവൻ.

▪️ഭൂമിയിലാകട്ടെ, ആകാശത്തിലാവട്ടെ, യാതൊരു സാധനവും ഇല്ല, അവയുടെ സൃഷ്ടാവ് അല്ലാഹു അല്ലാതെ. അവനല്ലാതെ യാതൊരു സ്രഷ്ടാവുമില്ല. അവനല്ലാതെ യാതൊരു രക്ഷിതാവുമില്ല.

ശറഉം (മതപരമായ വിധിയും) ഖദറും (പ്രാപഞ്ചിക വിധിയും) തമ്മിൽ വൈരുദ്ധ്യമില്ല

അവരോട് അവനെ അനുസരിക്കുവാനും അവൻ്റെ റസൂൽമാരെ അനുസരിക്കാനും അടിമകളോട് അവൻ കൽപിക്കുകയും അനുസരക്കേടിനെ വിരോധിക്കുകയും ചെയ്‌തിരിക്കുന്നു. ഭക്തന്മാരെയും പുണ്യവാന്മാരെയും നീതിമാന്മാരെയും അവൻ സ്നേഹിക്കുന്നു.

വിശ്വസിക്കുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്‌തവരെ സംബന്ധിച്ച് അവൻ തൃപ്‌തിപ്പെടും. കാഫിറുകളെ അവൻ സ്നേഹിക്കുകയില്ല. തോന്നിവാസി (അധർമ്മകാരി)കളായ ആളുകളെ അവൻ തൃപ്തിപ്പെടുകയില്ല. നീചപ്രവൃത്തി അവൻ ആജ്ഞാപിക്കുകയില്ല. കുഫ്റിനെ അവൻ്റെ അടിമകൾക്ക് അവൻ പൊരുത്തപ്പെടുകയില്ല. കുഴപ്പത്തെ അവൻ ഇഷ്ടപ്പെടുകയില്ല.

അടിമകളുടെ പ്രവൃത്തികൾ യഥാർത്ഥത്തിൽ അവരിലേക്ക് ചേർക്കുന്നതും ഇച്ഛക്കനുസൃതമായി അവർ പ്രവർത്തിക്കുന്നവരാണ് എന്നത് വിധിയെ സ്ഥിരീകരിക്കുന്നതിനെ നിരാകരിക്കുന്നില്ല

▪️അടിമകൾ യഥാർത്ഥത്തിൽ പ്രവൃത്തികൾ ചെയ്യുന്നവരാണ്. അല്ലാഹു ആകട്ടെ അവരുടെ പ്രവർത്തികളുടെ സ്രഷ്ടാവുമാണ്.

▪️മുഅ്മിനും കാഫിറും സന്മാർഗിയും ദുർമാർഗിയും നമസ്കരിക്കുന്നവനും നോമ്പ് നോൽക്കുന്നവനും എല്ലാം അടിമയാകുന്നു.

▪️അടിമകൾക്ക് അവരുടെ പ്രവൃത്തികൾ ചെയ്യാൻ ശക്തിയുണ്ട്. അവർക്ക് ارادة ഉം ഉണ്ട്. എന്നാൽ അവരുടെ സ്രഷ്ടാവും അവരുടെ قدرة ന്റെയും  ارادة ന്റെയും സ്രഷ്‌ടാവും അല്ലാഹു തന്നെ.

അല്ലാഹു പറയുന്നു:

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ‎﴿٢٨﴾‏ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَٰلَمِينَ ‎﴿٢٩﴾‏

നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ചൊവ്വെ നടക്കാൻ ആർ ഉദ്ദേശിക്കുന്നുവോ അവർക്ക്, ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുമ്പോഴല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്നില്ല. (ഖുർആൻ:81/28-29)

ഖദറിനെ സംബന്ധിച്ചുള്ള ഈ നില ഖദരിയ്യാക്കൾ പൊതുവെ കളവാക്കുന്നു. ഈ സമുദായത്തിലെ മജൂസികൾ എന്ന് റസൂൽ ﷺ പറഞ്ഞിട്ടുള്ളത് അവരെ സംബന്ധിച്ചാണ്. ഖദറിനെ സ്ഥിരീകരിക്കുന്നവരിൽ ഒരു കക്ഷി വളരെ അതിരുകവിയുകയും അടിമകളുടെ കഴിവിനേയും ചിന്താ സ്വാതന്ത്രത്തേയും നിഷേധിച്ച് കളയുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിൻ്റെ പ്രവൃത്തികളിൽനിന്നും വിധികളിൽനിന്നും അവയിലെ പൊരുളുകളും താൽപര്യങ്ങളും അവർ ഒഴിവാക്കുന്നു.

 

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ العقيدة الواسطية ൽ നിന്നും

വിവര്‍ത്തനം: കെ.ഉമര്‍ മൗലവി رحمه الله

 

കുറിപ്പ്

മനുഷ്യൻ അവന്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവന്റെ ഹിതമനുസരിച്ചു നടക്കുന്നുവെന്നും; അവന്റെ പ്രവർത്തനം അവന്റെ സൃഷ്ടി തന്നെയാണെന്നും; അതിൽ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കില്ലെന്നുമൊക്കെ വാദിച്ചവരായിരുന്നു ‘ഖദ്രിയ്യാക്കൾ’.

മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്ര്യമോ കഴിവോ ഇല്ലെന്നും കേവലം കാറ്റിൽപ്പെട്ട ഇലപോലെ അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവമാത്രമാണെന്നും വാദിച്ചവരായിരുന്നു ‘ജബ്രിയ്യാക്കൾ’

ഈ രണ്ട് വാദവും ശരിയല്ല. മനുഷ്യന് പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശവും കഴിവും ഉണ്ട്. എന്നാൽ മനുഷ്യന്റെ ഉദ്ദേശത്തിന്റെയും കഴിവിന്റെയും സൃഷ്ടാവ് അല്ലാഹുവാണ്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *