മുഹമ്മദ് നബി ﷺ : വഹ്‌യിന്റെ തുടക്കം ‍

നാൽപ്പതാമത്തെ വയസ്സിലാണ് മുഹമ്മദ് നബി  ﷺ ക്ക് പ്രവാചകത്വം ലഭിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന വിഗ്രഹാരാധനയും വഴിപിഴച്ച പല മാര്‍ഗങ്ങളും സമൂഹത്തില്‍നിന്നും അകന്നുമാറി ഏകാന്തനായി ജീവിക്കുന്നതിന് നബി  ﷺ യെ പ്രേരിപ്പിച്ചിരുന്നു. അതിനായി മക്കയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ജബൽ നൂർ പർവ്വത മുകളിലുള്ള ഹിറാ ഗുഹ അവിടുന്ന് കണ്ടെത്തി. അങ്ങനെ  ശാന്തമായ അന്തരീക്ഷത്തിലേക്ക് മാറിനിന്നുകൊണ്ട് അല്ലാഹുവിന്റെ ആധിപത്യത്തെക്കുറിച്ചും അവന്റെ കഴിവുകളെക്കുറിച്ചുമൊക്കെ ആലോചിച്ചുകൊണ്ട് അവിടുന്ന് ആരാധനയിൽ കഴിച്ചുകൂട്ടി. അവിടെ നിന്ന് തിരിച്ചുവന്നാല്‍ കഅ്ബ ത്വവാഫ് ചെയ്യുകയും ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ഏകാന്തവാസത്തിനായി ഹിറാ ഗുഹ തെരഞ്ഞെടുക്കാന്‍ കാരണം അവിടെനിന്നു നോക്കിയാല്‍ കഅ്ബ നന്നായി തെളിഞ്ഞ് കാണാമായിരുന്നു എന്നതാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

അല്ലാഹു നല്‍കാന്‍ പോകുന്ന ആത്മീയ ജീവനിലേക്ക് നബി ﷺ അടുത്തു തുടങ്ങിയപ്പോള്‍ തനിച്ചിരിക്കാനുള്ള താല്‍പര്യം വീണ്ടും വീണ്ടും ശക്തിപ്പെടാന്‍ തുടങ്ങി. ഭക്ഷണവും വെള്ളവുമെല്ലാം പത്‌നി ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും. അതുമായി അവിടുന്ന് ഹിറാഅ് ഗുഹയിലേക്ക് പോകും. പാഥേയം തീര്‍ന്നാല്‍ വീട്ടിലേക്ക് മടങ്ങിവരും. ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ ധാരാളം രാത്രികള്‍ വീട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ കഴിഞ്ഞു.

നുബുവ്വത്ത് (പ്രവാചകത്വം) ലഭിക്കാന്‍ പോകുന്നതിന്റെ പല അടയാളങ്ങളും നബി ﷺ യില്‍ ഉണ്ടാകാന്‍ തുടങ്ങി. നബി ﷺ ക്ക് താന്‍ നബിയാകാന്‍ പോകുന്നു എന്നതിനെപ്പറ്റി അറിവില്ലായിരുന്നെങ്കിലും പലതരത്തിലുള്ള പ്രത്യേകതകളും അവിടുത്തെ ജീവിതത്തില്‍ സംഭവിക്കാന്‍ തുടങ്ങി. നബി ﷺ മക്കയിലൂടെ നടന്നുപോകുമ്പോള്‍ ഒരു കല്ല് അവിടുത്തോട് സലാം പറയാന്‍ തുടങ്ങിയത് അതില്‍പെട്ട ഒരു പ്രത്യേകതയായിരുന്നു. അതിനെപ്പറ്റി നബി ﷺ പറയുന്നത് കാണുക:

عَنْ جَابِرِ بْنِ سَمُرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنِّي لأَعْرِفُ حَجَرًا بِمَكَّةَ كَانَ يُسَلِّمُ عَلَىَّ قَبْلَ أَنْ أُبْعَثَ إِنِّي لأَعْرِفُهُ الآنَ

ജാബിറുബ്‌നു സമുറ(റ)വില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: ‘ഞാന്‍ (പ്രവാചകനായി) നിയോഗിക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറയാറുണ്ടായിരുന്ന മക്കയിലെ ഒരു കല്ലിനെപ്പറ്റി തീര്‍ച്ചയായും എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും ഞാന്‍ അതിനെ തിരിച്ചറിയുന്നു. (മുസ്ലിം:2277)

40 വയസ്സ് പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ സാധാരണ റമദാന്‍ മാസത്തില്‍ ഹിറയിലേക്ക് പുറപ്പെടാറുള്ളതുപോലെ നബി ﷺ പുറപ്പെട്ടു. അല്ലാഹുവിന്റെ കല്‍പനപ്രകാരം ജിബ്‌രീല്‍ അവിടെ കടന്നുവന്നു. പ്രവാചകത്വത്തിന്റെ വെളിച്ചം പ്രകാശിക്കുവാന്‍ തുടങ്ങി. പ്രവാചകത്വം കൊണ്ട് അല്ലാഹു പ്രവാചകനെ ആദരിച്ചു. അന്ത്യദിനം വരെയുള്ള ആളുകള്‍ക്ക് മുഴുവനായി കാരുണ്യത്തിന്റെ തിരുദൂതനായി മുഹമ്മദ് നബിﷺയെ അല്ലാഹു നിയോഗിച്ചു. റമദാന്‍ മാസം ഒരു തിങ്കളാഴ്ച ദിവസമായിരുന്നു അത്. ഖുര്‍ആനിന്റെ അവതരണത്തിന് തുടക്കം കുറിക്കുന്നത് പരിശുദ്ധ റമദാന്‍ മാസത്തിലായിരുന്നു എന്ന് വ്യക്തം. അല്ലാഹു പറയുന്നു:

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍ …….(ഖു൪ആന്‍ :2/185)

عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّرَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ الاِثْنَيْنِ فَقَالَ ‏ : فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَىَّ

അബൂക്വതാദ(റ) പറയുന്നു: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ‘അത് ഞാന്‍ ജനിച്ച ദിവസമാണ്. ആ ദിവസമാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അന്നാണ് എനിക്ക് വഹ്‌യ് ഇറങ്ങിയത്’. (മുസ്‌ലിം: 1162).

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ بُعِثَ رَسُولُ اللَّهِ صلى الله عليه وسلم لأَرْبَعِينَ سَنَةً، فَمَكُثَ بِمَكَّةَ ثَلاَثَ عَشْرَةَ سَنَةً يُوحَى إِلَيْهِ، ثُمَّ أُمِرَ بِالْهِجْرَةِ فَهَاجَرَ عَشْرَ سِنِينَ، وَمَاتَ وَهُوَ ابْنُ ثَلاَثٍ وَسِتِّينَ‏.‏

ഇബ്നു അബ്ബാസ്(റ) പറയുന്നു: ‘നാല്‍പതാമത്തെ വയസ്സിലാണ് മുഹമ്മദ് നബി ﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. മക്കയില്‍ 13 വര്‍ഷത്തോളം വഹ്‌യ് നല്‍കപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹം ജീവിച്ചു. ശേഷം ഹിജ്‌റക്കുള്ള കല്‍പന നല്‍കപ്പെട്ടു. പത്തുവര്‍ഷം മദീനയില്‍ ജീവിക്കുകയും അറുപത്തിമൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്തു” (ബുഖാരി 3902,)

പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് നബി ﷺ ഇടയ്ക്കിടക്ക് ചില സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഈ സ്വപ്‌നങ്ങള്‍ പ്രഭാതം പൊട്ടിവിടരുന്നതുപോലെ സത്യമായി പുലരുകയും ചെയ്യും! ഇത് പ്രവാചകത്വത്തിന്റെ തുടക്കത്തിനുള്ള ഒരു അടയാളമായിരുന്നു. ഈ കാര്യം നബി ﷺ ക്ക് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. മറഞ്ഞകാര്യങ്ങള്‍ അവിടുത്തേക്ക് സ്വന്തമായി അറിയില്ലല്ലോ. ഇങ്ങനെ, ഒരുദിവസം പെട്ടന്ന് ഗുഹയില്‍വെച്ച് ആ യഥാര്‍ത്ഥം സംഭവിച്ചു. മലക്ക് വന്ന് ഞാന്‍ ജിബ്രീലാണെന്നും, താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിന്റെ റസൂലാണെന്നും സന്തോഷവാര്‍ത്ത അറിയിച്ചു. ആഇശ(റ) അതിനെപ്പറ്റി നമുക്ക് പറഞ്ഞുതരുന്നത് കാണുക:

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، أَنَّهَا قَالَتْ أَوَّلُ مَا بُدِئَ بِهِ رَسُولُ اللَّهِ صلى الله عليه وسلم مِنَ الْوَحْىِ الرُّؤْيَا الصَّالِحَةُ فِي النَّوْمِ، فَكَانَ لاَ يَرَى رُؤْيَا إِلاَّ جَاءَتْ مِثْلَ فَلَقِ الصُّبْحِ، ثُمَّ حُبِّبَ إِلَيْهِ الْخَلاَءُ، وَكَانَ يَخْلُو بِغَارِ حِرَاءٍ فَيَتَحَنَّثُ فِيهِ ـ وَهُوَ التَّعَبُّدُ ـ اللَّيَالِيَ ذَوَاتِ الْعَدَدِ قَبْلَ أَنْ يَنْزِعَ إِلَى أَهْلِهِ، وَيَتَزَوَّدُ لِذَلِكَ، ثُمَّ يَرْجِعُ إِلَى خَدِيجَةَ، فَيَتَزَوَّدُ لِمِثْلِهَا، حَتَّى جَاءَهُ الْحَقُّ وَهُوَ فِي غَارِ حِرَاءٍ، فَجَاءَهُ الْمَلَكُ فَقَالَ اقْرَأْ‏.‏ قَالَ ‏”‏ مَا أَنَا بِقَارِئٍ ‏”‏‏.‏ قَالَ ‏”‏ فَأَخَذَنِي فَغَطَّنِي حَتَّى بَلَغَ مِنِّي الْجَهْدَ، ثُمَّ أَرْسَلَنِي فَقَالَ اقْرَأْ‏.‏ قُلْتُ مَا أَنَا بِقَارِئٍ‏.‏ فَأَخَذَنِي فَغَطَّنِي الثَّانِيَةَ حَتَّى بَلَغَ مِنِّي الْجَهْدَ، ثُمَّ أَرْسَلَنِي فَقَالَ اقْرَأْ‏.‏ فَقُلْتُ مَا أَنَا بِقَارِئٍ‏.‏ فَأَخَذَنِي فَغَطَّنِي الثَّالِثَةَ، ثُمَّ أَرْسَلَنِي فَقَالَ ‏{‏اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الإِنْسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الأَكْرَمُ‏}‏ ‏”‏‏.‏ فَرَجَعَ بِهَا رَسُولُ اللَّهِ صلى الله عليه وسلم يَرْجُفُ فُؤَادُهُ، فَدَخَلَ عَلَى خَدِيجَةَ بِنْتِ خُوَيْلِدٍ رضى الله عنها فَقَالَ ‏”‏ زَمِّلُونِي زَمِّلُونِي ‏”‏‏.‏ فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ الرَّوْعُ، فَقَالَ لِخَدِيجَةَ وَأَخْبَرَهَا الْخَبَرَ ‏”‏ لَقَدْ خَشِيتُ عَلَى نَفْسِي ‏”‏‏.‏ فَقَالَتْ خَدِيجَةُ كَلاَّ وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ‏.‏ فَانْطَلَقَتْ بِهِ خَدِيجَةُ حَتَّى أَتَتْ بِهِ وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى ابْنَ عَمِّ خَدِيجَةَ ـ وَكَانَ امْرَأً تَنَصَّرَ فِي الْجَاهِلِيَّةِ، وَكَانَ يَكْتُبُ الْكِتَابَ الْعِبْرَانِيَّ، فَيَكْتُبُ مِنَ الإِنْجِيلِ بِالْعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ، وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ ـ فَقَالَتْ لَهُ خَدِيجَةُ يَا ابْنَ عَمِّ اسْمَعْ مِنَ ابْنِ أَخِيكَ‏.‏ فَقَالَ لَهُ وَرَقَةُ يَا ابْنَ أَخِي مَاذَا تَرَى فَأَخْبَرَهُ رَسُولُ اللَّهِ صلى الله عليه وسلم خَبَرَ مَا رَأَى‏.‏ فَقَالَ لَهُ وَرَقَةُ هَذَا النَّامُوسُ الَّذِي نَزَّلَ اللَّهُ عَلَى مُوسَى صلى الله عليه وسلم يَا لَيْتَنِي فِيهَا جَذَعًا، لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَوَمُخْرِجِيَّ هُمْ ‏”‏‏.‏ قَالَ نَعَمْ، لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلاَّ عُودِيَ، وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا مُؤَزَّرًا‏.‏ ثُمَّ لَمْ يَنْشَبْ وَرَقَةُ أَنْ تُوُفِّيَ وَفَتَرَ الْوَحْىُ‏.‏

നബി ﷺ യുടെ പത്‌നി ആഇശ(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലി ﷺ ന് ആദ്യമായി വഹ്‌യിന് തുടക്കം കുറിച്ചത് സത്യസന്ധമായ സ്വപ്‌നത്തിലൂടെയായിരുന്നു. നബി ﷺ (ഒരു) സ്വപ്‌നവും കാണാറില്ലായിരുന്നു; പ്രഭാതം പൊട്ടിവിടരുന്നതുപോലെ (ആ) സ്വപ്‌നം പുലരാതെയല്ലാതെ. പിന്നീട് അവിടുത്തേക്ക് ഏകാന്തവാസം ഇഷ്ടമാക്കപ്പെട്ടു. അങ്ങനെ നബി ﷺ ഹിറാഅ് ഗുഹയില്‍ ആരാധനയിലായി കുറെ രാത്രികള്‍ കുടുംബത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് കഴിച്ചുകൂട്ടും. അതിനുള്ള പാഥേയം അവിടുന്ന് കരുതിയിരുന്നു. പിന്നീട് ഖദീജ(റ)യുടെ അടുക്കലേക്ക് മടങ്ങും. അങ്ങനെ അവിടുത്തേക്ക് സത്യം വെളിപ്പെടുന്നതുവരെ അതുപോലെയുള്ള പാഥേയം ഒരുക്കുമായിരുന്നു. (അങ്ങനെ) അദ്ദേഹം ഹിറാഅ് ഗുഹയില്‍ ആയിരിക്കെ മലക്ക് വന്നു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘വായിക്കുക.’ അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ നബി ﷺ പറഞ്ഞു: ‘എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു.’ എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നത് വരെ രണ്ടാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് പറഞ്ഞു: ‘വായിക്കുക.’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ വായിക്കുന്നവനല്ല.’ എനിക്ക് വിഷമം ഉണ്ടാകുന്നതുവരെ മൂന്നാമതും (മലക്ക്) എന്നെ പിടിക്കുകയും പൊതിയുകയും ചെയ്തു. പിന്നെ എന്നെ വിട്ടു. എന്നിട്ട് (മലക്ക്) പറഞ്ഞു: ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു” (സൂറ അലക്വ് 1-5).

നബി ﷺ അതുമായി പേടിച്ച് മടങ്ങി. അങ്ങനെ ഖദീജ(റ)യുടെ അടുക്കല്‍ പ്രവേശിച്ചു. എന്നിട്ട് അവിടുന്ന് അവരോട് പറഞ്ഞു: ‘എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ.’ അങ്ങനെ അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അദ്ദേഹം ഖദീജ(റ)യോട് പറഞ്ഞു: ‘ഖദീജാ, എനിക്ക് എന്തുപറ്റി? ഞാന്‍ എന്റെ കാര്യത്തില്‍ പേടിക്കുന്നു!’ എന്നിട്ട് അവരോട് ആ വിവരം അറിയിച്ചു. ഖദീജ(റ) പറഞ്ഞു: ‘അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ (സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ (സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.’ എന്നിട്ട് ഖദീജ(റ) അദ്ദേഹത്തെ തന്റെ പിതൃവ്യനായ വറക്വതുബ്‌നു നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം അറബിയില്‍ എഴുതും. ഇഞ്ചീലില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചത് അറബിയില്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹം വലിയ പ്രായമുള്ള, അന്ധത ബാധിച്ച ആളായിരുന്നു. ഖദീജ(റ) പറഞ്ഞു: ‘ഓ, പിതൃവ്യ പുത്രാ, താങ്കളുടെ സഹോദര പുത്രനില്‍നിന്ന് (അദ്ദേഹം പറയുന്നത്) കേട്ടാലും.’ വറക്വത് പറഞ്ഞു: ‘ഓ, സഹോദര പുത്രാ, എന്താണ് താങ്കള്‍ കണ്ടത്?’ അപ്പോള്‍ നബി ﷺ കണ്ടതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ വറക്വത് പറഞ്ഞു: ‘ഇത് മൂസായുടെമേല്‍ ഇറക്കപ്പെട്ട മലക്കാകുന്നു. നിന്റെ സമൂഹം നിന്നെ പുറത്താക്കുന്ന സമയത്ത്…’ റസൂല്‍ ﷺ ചോദിച്ചു: ‘അവര്‍ എന്നെ പുറത്താക്കുമെന്നോ?’ വറക്വത് പറഞ്ഞു: ‘അതെ, നിനക്ക് കൊണ്ടു വന്നതുമായി വന്നിട്ടുള്ള ഏതൊരാളും ഉപദ്രവിക്കപ്പെടാതെ വന്നിട്ടില്ല. നിന്നെ (അവര്‍ ഉപദ്രവിക്കുന്ന) ദിവസത്തില്‍ ഞാന്‍ ജീവിച്ചിരിക്കുന്നവനാണെങ്കില്‍ നിന്നെ ഞാന്‍ ബലിഷ്ഠമായി സഹായിക്കുക തന്നെ ചെയ്യും.’ പിന്നീട് താമസിയാതെ വറക്വത് മരണപ്പട്ടു. അങ്ങനെ നബി ﷺ ദുഃഖിതനാകുന്നതുവരെ വഹ്‌യ് (അല്‍പ കാലം) നിന്നു” (ബുഖാരി:3)

നബി ﷺ ഒരിക്കലും പ്രവാചകത്വത്തെയോ തനിക്ക് വേദഗ്രന്ഥം ഇറക്കപ്പെടുന്നതിനെ പറ്റിയോ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് ഖുര്‍ആന്‍ നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നത്.

وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَٰبُ إِلَّا رَحْمَةً مِّن رَّبِّكَ

നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (അതു ലഭിച്ചു) (ഖുർആൻ:28/86)

وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ – صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ

അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌. (ഖുർആൻ:42/52-53)

ഹിറാ ഗുഹയില്‍വച്ച് ലഭിച്ച ആദ്യ വഹ്‌യിനു ശേഷം അല്‍പകാലത്തേക്ക് വഹ്‌യ് ഉണ്ടായില്ല. വഹ്‌യ് നിലച്ച ആ കാലം ‘ഫത്‌റതുല്‍ വഹ്‌യ് എന്നാണ് അറിയപ്പെടുന്നത്. അത് എത്ര കാലമായിരുന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇതു സംബന്ധമായി വന്ന റിപ്പോര്‍ട്ടുകളെ പരിശോധിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: ‘എന്നാല്‍ വഹ്‌യ് നിലച്ച ആ കാലം ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇബ്‌നു സഅദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത്; അത് (ആ കാലം ഏതാനും) ദിവസങ്ങളായിരുന്നു എന്നാണ്.’

അത് എത്ര ദിവസമാണെന്ന് ക്ലിപ്തമല്ല. മൂന്നുദിവസം, പത്തുദിവസം, പതിനഞ്ചുദിവസം, നാല്‍പതു ദിവസം, ആറുമാസം എന്നൊക്കെ അഭിപ്രായപ്പെട്ടവരുണ്ട്. രണ്ടരവര്‍ഷം എന്നും മൂന്നുവര്‍ഷം എന്നുമൊക്കെ യാതൊരു നിലയ്ക്കും സ്വീകാര്യയോഗ്യമല്ലാത്ത അഭിപ്രായം പറഞ്ഞവരുമുണ്ട്.

അല്‍പനാളുകളിലെ ഇടവേളക്ക് ശേഷം വീണ്ടും ദിവ്യബോധനം വരാന്‍ ആരംഭിച്ചു. എന്തിനായിരുന്നു ഈ അല്‍പകാലത്തെ ഇടവേള എന്നതിനെ സംബന്ധിച്ച് ഇബ്‌നു ഹജര്‍(റഹി) പറയുന്നു:”അത് (വഹ്‌യ് കുറച്ചുകാലം വരാതെ പിന്നീട് വരാന്‍ തുടങ്ങിയത്) നബിﷺക്ക് ഉണ്ടായ പേടി നീങ്ങിപ്പോകുന്നതിനു വേണ്ടിയും ഇനിയും അത് തുടര്‍ന്നിരുന്നെങ്കില്‍ എന്ന ആഗ്രഹം അവിടുത്തേക്ക് ഉണ്ടാകുന്നതിന് വേണ്ടിയും ആയിരുന്നു.”

അങ്ങനെ പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം നബിﷺക്ക് ബോധ്യപ്പെട്ടു. അതിനുശേഷം നബി ﷺ വഹ്‌യിനെ പ്രതീക്ഷിക്കുകയും അതിന് വേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യുക പതിവായി. അതിനായി നബിﷺ ഹിറാ ഗുഹയില്‍ പോയി ഇരിക്കലും പതിവായിരുന്നു. രണ്ടാമത് വഹ്‌യ് വരുന്ന സന്ദര്‍ഭത്തെ പറ്റി നബി ﷺ തന്നെ നമുക്ക് പറഞ്ഞുതരുന്നത് കാണുക:

أَنَّ جَابِرَ بْنَ عَبْدِ اللَّهِ الأَنْصَارِيَّ، – وَكَانَ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم كَانَ يُحَدِّثُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم وَهُوَ يُحَدِّثُ عَنْ فَتْرَةِ الْوَحْىِ – قَالَ فِي حَدِيثِهِ ‏”‏ فَبَيْنَا أَنَا أَمْشِي سَمِعْتُ صَوْتًا مِنَ السَّمَاءِ فَرَفَعْتُ رَأْسِي فَإِذَا الْمَلَكُ الَّذِي جَاءَنِي بِحِرَاءٍ جَالِسًا عَلَى كُرْسِيٍّ بَيْنَ السَّمَاءِ وَالأَرْضِ ‏”‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ فَجُئِثْتُ مِنْهُ فَرَقًا فَرَجَعْتُ فَقُلْتُ زَمِّلُونِي زَمِّلُونِي ‏.‏ فَدَثَّرُونِي فَأَنْزَلَ اللَّهُ تَبَارَكَ وَتَعَالَى ‏{‏ يَا أَيُّهَا الْمُدَّثِّرُ – قُمْ فَأَنْذِرْ – وَرَبَّكَ فَكَبِّرْ – وَثِيَابَكَ فَطَهِّرْ – وَالرُّجْزَ فَاهْجُرْ‏}‏ ‏

ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ) പറഞ്ഞു: ‘നബി ﷺ വഹ്‌യ് നിലച്ചതിനെ പറ്റി സംസാരിക്കവെ (ഇപ്രകാരം) പറഞ്ഞു: ഞാന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേള്‍ക്കാനിടയായി. അപ്പോള്‍ ഞാന്‍ എന്റെ ദൃഷ്ടി ഉയര്‍ത്തി. അപ്പോഴതാ ഹിറാഇല്‍ എന്റെ അടുത്തു വന്ന മലക്ക് ആകാശത്തിന്റെയും ഭൂമിയുടെയും ഇടയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. അപ്പോള്‍ ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്നെ പുതപ്പിക്കൂ, നിങ്ങള്‍ എന്നെ പുതപ്പിക്കൂ.’ അപ്പോള്‍ അല്ലാഹു (ഈ സൂക്തങ്ങള്‍) അവതരിപ്പിച്ചു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.’ (മുസ്ലിം:161)

عن جابر بن عبدالله قال:  حُبِسَ الوحيُ عن رسولِ اللهِ ﷺ في أوَّلِ أمْرِه وحُبِّبَ إليه الخَلاءُ، فجَعَلَ يَخلو في حِراءٍ، فبَينَما هو مُقبِلٌ مِن حِراءٍ: إذا أنا بحِسٍّ مِن فَوْقي، فرَفَعْتُ رَأْسي، فإذا الذي أتاني بحِراءٍ فَوقَ رَأْسي على كُرْسيٍّ، قال: فلمّا رَأيتُه جُئِثْتُ على الأرضِ، فلمّا أفَقتُ أتَيتُ أهْلي مُسرِعًا، فقلتُ: دَثِّروني، دَثِّروني، فأتاني جِبريلُ فقال: {ياأَيُّها الْمُدَّثِّرُ – قُمْ فَأَنْذِرْ – وَرَبَّكَ فَكَبِّرْ – وَثِيابَكَ فَطَهِّرْ – والرُّجْزَ فاهْجُرْ} [المدثر: ١-٥].

ജാബിര്‍ബിന്‍ അബ്ദുല്ല(റ) പറയുന്നു: ”ആദ്യകാലങ്ങളില്‍ അല്‍പദിവസങ്ങള്‍ നബിﷺക്ക് വഹ്‌യ് വരാതെയായി. അങ്ങനെ വീണ്ടും തനിച്ചിരിക്കാന്‍ നബിﷺക്ക് ഇഷ്ടമായി തോന്നി. ആദ്യത്തേതു പോലെ ത്തന്നെ നബിﷺ ഹിറാ ഗുഹയിലേക്ക് പോയി. നബിﷺ പറയുന്നു: ‘അങ്ങനെയിരിക്കെ ഞാന്‍ ഹിറയില്‍ നിന്നും തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ എന്തോ ഒന്ന് മുകള്‍ഭാഗത്ത് എനിക്ക് അനുഭവപ്പെട്ടു. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ ഹിറയില്‍ എന്റെ അടുക്കലേക്ക് വന്ന അതേ വ്യക്തി എന്റെ തലക്കുമുകളില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അതുകണ്ട വേളയില്‍ ഞാന്‍ ഭൂമിയിലേക്ക് വീണു പോയി. എന്റെ ബോധം തെളിഞ്ഞപ്പോള്‍ കുടുംബത്തിന്റെ അടുക്കലേക്ക് ഞാന്‍ ഓടിവന്നു. ഞാന്‍ പറഞ്ഞു: എനിക്ക് പുതച്ചു താ, എനിക്ക് പുതച്ചു താ. ആ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ എന്റെ അടുക്കലേക്ക് വന്നു കൊണ്ട് പാരായണം ചെയ്തു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക”(അല്‍മുദ്ദഥിര്‍: 1- 5)(അഹ്മദ്: 15033).

രണ്ടാം തവണ വഹ്‌യ് ഇറങ്ങിയപ്പോഴും അവിടുന്ന് നന്നായി പേടിച്ചു. ആദ്യത്തേതുപോലെത്തന്നെ പേടിച്ച് കുടുംബത്തിലേക്ക് ഓടുകയും അവര്‍ അദ്ദേഹത്തെ പുതപ്പിക്കുകയും ചെയ്തു. അങ്ങനെ കിടക്കുന്ന സന്ദര്‍ഭത്തിലാണ് ഈ സൂക്തങ്ങള്‍ ഇറക്കപ്പെടുന്നത്. പേടിച്ച് പുതപ്പിനുള്ളില്‍ കിടക്കേണ്ടവനല്ല താങ്കളെന്നും, എഴുന്നേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടവനാണെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രബോധനം നടത്തേണ്ടതിനാല്‍ ശുദ്ധികൈവരിക്കണമെന്നും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെ ഒഴിവാക്കണമെന്നും കല്‍പിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ വഹ്‌യ്. ‘ഇക്വ്‌റഅ്’ എന്ന കല്‍പനയിലൂടെ നബിയും ‘എഴുന്നേല്‍ക്കൂ, താക്കീത് ചെയ്യൂ’ എന്ന കല്‍പനയിലൂടെ റസൂലും ആയി മാറി എന്നര്‍ഥം.പന്നീട് വഹ്‌യ് തുടരെത്തുടരെ വന്നുകൊണ്ടിരുന്നു.

മറ്റൊരു സന്ദര്‍ഭത്തിലും ഇതുപോലെ നബിﷺക്ക് വഹ്‌യ് വരാത്ത ഇടവേള ഉണ്ടായിരുന്നു. അത് രണ്ടോ മൂന്നോ ദിവസം മാത്രമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ശത്രുക്കള്‍ അവിടുത്തെ നന്നായി പരിഹസിക്കാനും കുത്തിപ്പറയാനും തുടങ്ങി. മുഹമ്മദിനെ അവന്റെ റബ്ബ് ഒഴിവാക്കിയിരിക്കുന്നു എന്ന് അവര്‍ നബിﷺയെ പറ്റി പറയാന്‍ തുടങ്ങി. അപ്പോഴാണ് അല്ലാഹു താഴെ കാണുന്ന സൂക്തങ്ങള്‍ ഇറക്കിയത് എന്ന് ചരിത്രത്തില്‍ കാണാം.

وَٱلضُّحَىٰ – وَٱلَّيْلِ إِذَا سَجَىٰ – مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ

പൂര്‍വ്വാഹ്നം തന്നെയാണ സത്യം; രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. (ഖുർആൻ :93/1-3)

വഹ്‌യ്‌ന്റെ ഇടവേളക്ക് ശേഷം ആദ്യമായി ഇറങ്ങിയ വചനങ്ങളായിരുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം തുടങ്ങുവാനുള്ള കല്‍പനകളും നിര്‍ദേശങ്ങളുമാണ് അല്‍പാല്‍പമായി ഈ വചനങ്ങളില്‍ അടങ്ങിയിട്ടുള്ളത്. നബിﷺ പ്രബോധനം ആരംഭിച്ചു. മരണം വരെ (23 വര്‍ഷം) ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. സൂറഃ അല്‍മുദ്ദസ്സഥ്ഥിറിന്റെ തൊട്ടുപിറകെയായി സൂറഃ അല്‍മുസ്സമ്മിലും അവതരിച്ചു:

ﻳَٰٓﺄَﻳُّﻬَﺎ ٱﻟْﻤُﺰَّﻣِّﻞُ ﻗُﻢِ ٱﻟَّﻴْﻞَ ﺇِﻻَّ ﻗَﻠِﻴﻼً ﻧِّﺼْﻔَﻪُۥٓ ﺃَﻭِ ٱﻧﻘُﺺْ ﻣِﻨْﻪُ ﻗَﻠِﻴﻼً ﺃَﻭْ ﺯِﺩْ ﻋَﻠَﻴْﻪِ ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً

ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ.രാത്രി അല്‍പ സമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക.അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക.അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക. (ഖുർആൻ:73/1-4)

പ്രവാചകത്വത്തിന് മുമ്പ് ഹിറാഗുഹയില്‍ തനിച്ചിരുന്നുകൊണ്ട് അല്ലാഹു തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ആരാധനകള്‍ ചെയ്യുകയായിരുന്നു നബിയുടെ പതിവ്. എന്നാല്‍ പ്രവാചകത്വത്തിന് ശേഷം മറ്റുള്ള ആളുകളില്‍ നിന്ന് വ്യത്യസ്തമായിക്കൊണ്ട് നബിﷺ തന്റെ ജീവിതം രാത്രിനമസ്‌കാരത്തിലൂടെ മുന്നോട്ടുകൊണ്ടുപോയി. അല്ലാഹു പറയുന്നു:

ﻭَﻣِﻦَ ٱﻟَّﻴْﻞِ ﻓَﺘَﻬَﺠَّﺪْ ﺑِﻪِۦ ﻧَﺎﻓِﻠَﺔً ﻟَّﻚَ ﻋَﺴَﻰٰٓ ﺃَﻥ ﻳَﺒْﻌَﺜَﻚَ ﺭَﺑُّﻚَ ﻣَﻘَﺎﻣًﺎ ﻣَّﺤْﻤُﻮﺩًا

രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതുമായി (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള (ഐഛികമായുള്ള) ഒരു പുണ്യകര്‍മ്മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം. (ഖുർആൻ :17/79)

 ഖിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം) ആദ്യകാലങ്ങളില്‍ നബിയെ സംബന്ധിച്ചടത്തോളം നിര്‍ബന്ധമായ കാര്യം ആയിരുന്നു. കാലില്‍ നീരുവരുമാറ് നബി ﷺ ആ നമസ കാരം തുടരുകയും ചെയ്തിട്ടുണ്ട്. പിന്നീടാണ് അത് ഐഛികമായി നിശ്ചയിക്കപ്പെട്ടത്:

ﺇِﻥَّ ﺭَﺑَّﻚَ ﻳَﻌْﻠَﻢُ ﺃَﻧَّﻚَ ﺗَﻘُﻮﻡُ ﺃَﺩْﻧَﻰٰ ﻣِﻦ ﺛُﻠُﺜَﻰِ ٱﻟَّﻴْﻞِ ﻭَﻧِﺼْﻔَﻪُۥ ﻭَﺛُﻠُﺜَﻪُۥ ﻭَﻃَﺎٓﺋِﻔَﺔٌ ﻣِّﻦَ ٱﻟَّﺬِﻳﻦَ ﻣَﻌَﻚَ ۚ ﻭَٱﻟﻠَّﻪُ ﻳُﻘَﺪِّﺭُ ٱﻟَّﻴْﻞَ ﻭَٱﻟﻨَّﻬَﺎﺭَ ۚ ﻋَﻠِﻢَ ﺃَﻥ ﻟَّﻦ ﺗُﺤْﺼُﻮﻩُ ﻓَﺘَﺎﺏَ ﻋَﻠَﻴْﻜُﻢْ ۖ

നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവനറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. (ഖുർആൻ :73/20)

عَنْ سَعْدَ بْنَ هِشَامِ قَالَ: فَقُلْتُ أَنْبِئِينِي عَنْ قِيَامِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَقَالَتْ أَلَسْتَ تَقْرَأُ ‏{‏ يَا أَيُّهَا الْمُزَّمِّلُ‏}‏ قُلْتُ بَلَى ‏.‏ قَالَتْ فَإِنَّ اللَّهَ عَزَّ وَجَلَّ افْتَرَضَ قِيَامَ اللَّيْلِ فِي أَوَّلِ هَذِهِ السُّورَةِ فَقَامَ نَبِيُّ اللَّهِ صلى الله عليه وسلم وَأَصْحَابُهُ حَوْلاً وَأَمْسَكَ اللَّهُ خَاتِمَتَهَا اثْنَىْ عَشَرَ شَهْرًا فِي السَّمَاءِ حَتَّى أَنْزَلَ اللَّهُ فِي آخِرِ هَذِهِ السُّورَةِ التَّخْفِيفَ فَصَارَ قِيَامُ اللَّيْلِ تَطَوُّعًا بَعْدَ فَرِيضَةٍ ‏.‏

സഅ്ദുബ്‌നു ഹിശാം(റ) പറയുന്നു: നബിﷺയുടെ നമസ്‌കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആഇശ(റ) ഇപ്രകാരം മറുപടി പറഞ്ഞു: ”സൂറതു മുസ്സമ്മില്‍ നീ ഓതാറില്ലേ?” ഞാൻ പറഞ്ഞു: ”അതെ, ഓതാറുണ്ട്.” അപ്പോള്‍ ആഇശ(റ) പറഞ്ഞു: ”ഈ സൂറത്ത് ഇറങ്ങിയ ആദ്യ സന്ദര്‍ഭത്തില്‍ അല്ലാഹു നബിക്ക് ക്വിയാമുല്ലൈല്‍ നിര്‍ബന്ധമാക്കിയിരുന്നു. അങ്ങനെ ഒരുവര്‍ഷത്തോളം നബിയും സ്വഹാബികളും അത് നിര്‍വഹിച്ചു. അതിനുശേഷം ഈ സൂറത്തിന്റെ അവസാനത്തില്‍ ലഘൂകരണ വചനങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. അതോടുകൂടി നിര്‍ബന്ധത്തിനു ശേഷം ഐഛികമായി അത് മാറി” (മുസ്ലിം: 746).

ചുരുക്കത്തില്‍, വ്യത്യസ്ത ഘട്ടങ്ങളിലൂടെ പ്രവാചകത്വത്തിന്റെ തുടക്കം കടന്നുപോയി. മുഹമ്മദ് നബിﷺക്ക് പ്രവാചകത്വം എന്ന വലിയ ഉത്തരവാദിത്തം ലോകത്തിന് താക്കീത് നല്‍കുവാന്‍ വേണ്ടി അല്ലാഹു തആലാ ഏല്‍പിച്ചു:

ﺗَﺒَﺎﺭَﻙَ ٱﻟَّﺬِﻯ ﻧَﺰَّﻝَ ٱﻟْﻔُﺮْﻗَﺎﻥَ ﻋَﻠَﻰٰ ﻋَﺒْﺪِﻩِۦ ﻟِﻴَﻜُﻮﻥَ ﻟِﻠْﻌَٰﻠَﻤِﻴﻦَ ﻧَﺬِﻳﺮًا

തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *