നബി ﷺ ക്ക് വഹ്‌യ് ലഭിച്ചിരുന്ന രൂപങ്ങൾ

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. അത് തികച്ചും ദിവ്യ വെളിപാടിലൂടെയാണ് (വഹ്‌യ്) നബി ﷺ ക്ക് ലഭിച്ചത്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ജിബ്‌രീല്‍ عليه السلام എന്ന മലക്ക് മുഖാന്തരമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നബി നബി ﷺ ക്ക് ഖുര്‍ആന്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റനേകം വഹ്‌യുകളും ലഭിക്കാറുണ്ടായിരുന്നു.

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ

മിഖ്ദാമി ബ്നു മഅ്ദീകരിബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു (അബൂദാവൂദ് : 4604 – സ്വഹീഹ് അല്‍ബാനി)

വഹ്‌യ് (وحى) എന്ന വാക്കിന് ‘സ്വകാര്യ ഭാഷണം, രഹസ്യബോധനം, ഗൂഢസംസാരം’ എന്നൊക്കെ ഭാഷയില്‍ അര്‍ത്ഥമാകുന്നു. നബിമാര്‍ക്ക് അല്ലാഹു സന്ദേശം നല്‍കുന്നതിനെ ഉദ്ദേശിച്ചാണ് സാധാരണ ‘വഹ്‌യ്’ എന്നു പറഞ്ഞുവരുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍:48/27 ന്റെ വിശദീകരണത്തിൽ നിന്നും)

മുഹമ്മദ് നബി ﷺ ക്ക് വഹ്‌യ് ലഭിച്ചിരുന്ന വ്യത്യസ്തങ്ങളായ രൂപങ്ങൾ സൂചിപ്പിക്കുന്നു.

(ഒന്ന്) സ്വപ്നം

പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് നബി ﷺ ഇടയ്ക്കിടക്ക് ചില സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു. ഈ സ്വപ്‌നങ്ങള്‍ പ്രഭാതം പൊട്ടിവിടരുന്നതുപോലെ സത്യമായി പുലരുകയും ചെയ്യും! ഇത് പ്രവാചകത്വത്തിന്റെ തുടക്കത്തിനുള്ള ഒരു അടയാളമായിരുന്നു.

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، أَنَّهَا قَالَتْ أَوَّلُ مَا بُدِئَ بِهِ رَسُولُ اللَّهِ صلى الله عليه وسلم مِنَ الْوَحْىِ الرُّؤْيَا الصَّالِحَةُ فِي النَّوْمِ، فَكَانَ لاَ يَرَى رُؤْيَا إِلاَّ جَاءَتْ مِثْلَ فَلَقِ الصُّبْحِ

നബി ﷺ യുടെ പത്‌നി ആയിശ رضى الله عنها പറഞ്ഞു: ”അല്ലാഹുവിന്റെ റസൂൽ ﷺ ക്ക് ആദ്യമായി വഹ്‌യിന് തുടക്കം കുറിച്ചത് സത്യസന്ധമായ സ്വപ്‌നത്തിലൂടെയായിരുന്നു. നബി ﷺ ഒരു സ്വപ്‌നവും കാണാറില്ലായിരുന്നു; പ്രഭാതം പൊട്ടിവിടരുന്നതുപോലെ (ആ) സ്വപ്‌നം പുലരാതെയല്ലാതെ. (ബുഖാരി:3)

സ്വപ്നങ്ങൾ വഹ്‌യിന്‍റെ ഇനങ്ങളായി പിൽകാലഘട്ടങ്ങളിലും നിലനിന്നിട്ടുണ്ട്. നബി ﷺ സഹാബികളോന്നിച്ച് മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായി ഹിജ്റ പോയതിന് ശേഷം മദീനയില്‍ വെച്ച് അവിടുന്ന് സ്വപ്നം കണ്ടു. ഹജ്ജും ഉംറയും നി൪വ്വഹിച്ചതിന് ശേഷം ചെയ്യാറുള്ളതുപോലെ ചിലര്‍ മുടികളഞ്ഞവരും, മറ്റു ചിലര്‍ മുടി വെട്ടിയവരുമായിക്കൊണ്ട്  സമാധാനപൂര്‍വ്വം സത്യ്വവിശ്വാസികള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതായിരുന്നു നബി ﷺ സ്വപ്നം കണ്ടത്. സ്വപ്നം കാണുന്ന അവസരത്തില്‍ മക്കയില്‍ ശത്രുക്കളുടെ സാന്നിദ്ധ്യമുള്ള സാഹചര്യവുമാണ്.

അങ്ങനെ, മക്കായിലേക്ക് ഉംറഃ നി൪വ്വഹിക്കുവാനായി നബി ﷺ ആയിരത്തിനാന്നൂറില്‍പരം സഹാബികളോടൊന്നിച്ച് പുറപ്പെട്ടുവെങ്കിലും ശത്രുക്കള്‍ വഴിയില്‍ വെച്ച് അവരെ തടഞ്ഞു. അത് അവസാനം ഹുദൈബിയ്യ സന്ധിയില്‍ എത്തിച്ചു. ആ വ൪ഷം അവ൪ക്ക് ഉംറ നി൪വ്വഹിക്കാനാകാതെ തിരിച്ചു മടങ്ങേണ്ടി വന്നു. എന്നാല്‍ അടുത്ത വ൪ഷം സമാധാനത്തോടെ നിരായുധരായി അവ൪ക്ക് ഉംറ നി൪വ്വഹിക്കാന്‍ കഴിഞ്ഞു. അതെ, നബി ﷺ യുടെ സ്വപ്നം യാഥാ൪ത്ഥ്യമായിരിക്കുന്നു. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:

لَّقَدْ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءْيَا بِٱلْحَقِّ ۖ لَتَدْخُلُنَّ ٱلْمَسْجِدَ ٱلْحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا۟ فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا

അല്ലാഹു അവന്റെ ദൂതന്ന് സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. (ഖു൪ആന്‍:48/27)

നബി ﷺ ക്ക് ശേഷം പ്രവാചകനാണെന്ന് വാദിച്ച് രംഗപ്രവേശനം നടത്തിയവരാണ് അനസിയും മുസൈലിമത്തല്‍ കദ്ദാബും. അവരുടെ നാശത്തെ കുറിച്ച് നബി ﷺ സ്വപ്നം കണ്ടതും പുല൪ന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: بَيْنَمَا أَنَا نَائِمٌ رَأَيْتُ فِي يَدَىَّ سِوَارَيْنِ مِنْ ذَهَبٍ، فَأَهَمَّنِي شَأْنُهُمَا، فَأُوحِيَ إِلَىَّ فِي الْمَنَامِ أَنِ انْفُخْهُمَا، فَنَفَخْتُهُمَا فَطَارَا فَأَوَّلْتُهُمَا كَذَّابَيْنِ يَخْرُجَانِ بَعْدِي ‏”‏‏.‏ فَكَانَ أَحَدُهُمَا الْعَنْسِيَّ وَالآخَرُ مُسَيْلِمَةَ الْكَذَّابَ صَاحِبَ الْيَمَامَةِ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ ഉറക്കത്തിലായിരിക്കെ എന്റെ കൈയില്‍ രണ്ട് സ്വ൪ണ വളകളുള്ളതായി ഞാന്‍ (സ്വപ്നം) കണ്ടു. അത് എന്നെ മനപ്രയാസത്തിലാക്കി. അപ്പോള്‍ ഉറക്കത്തില്‍തന്നെ (സ്വപ്നത്തില്‍) എനിക്ക് വഹ്’യ് നല്‍കപ്പെട്ടു., അതില്‍ രണ്ടിലും ഊതുന്നതിനായി. അങ്ങനെ അവ രണ്ടിലും ഞാന്‍ ഊതി. അപ്പോള്‍ അത് രണ്ടും പാറിപ്പോയി. (അവിടുന്ന് പറഞ്ഞു:) അത് രണ്ടിനെ കുറിച്ചം ഞാന്‍ വിശദീകരിച്ചു തരാം. എനിക്ക് ശേഷം പുറപ്പെടുന്ന രണ്ട് കള്ള(പ്രവാചക)ന്‍മാരാണവ൪ അവരില്‍ ഒരാള്‍ അനസിയും മറ്റേയാള്‍ യമാമയില്‍ നിന്നുള്ള മുസൈലിമത്തല്‍ കദ്ദാബുമാണ്. (ബുഖാരി:3621)

അല്ലാഹുവില്‍ നിന്ന് ഇപ്രകാരം ദിവ്യസന്ദേശങ്ങള്‍ ലഭിച്ചിട്ടുള്ളതിന് വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും ധാരാളം തെളിവുകളുണ്ട്. ഇബ്രാഹിം عليه السلام തന്റെ മകനെ ബലി അറുക്കുണമെന്ന അല്ലാഹുവിന്റെ കല്പന സ്വപ്നത്തിലൂടെയാണ് വന്നിരുന്നത്.

ﻓَﻠَﻤَّﺎ ﺑَﻠَﻎَ ﻣَﻌَﻪُ ٱﻟﺴَّﻌْﻰَ ﻗَﺎﻝَ ﻳَٰﺒُﻨَﻰَّ ﺇِﻧِّﻰٓ ﺃَﺭَﻯٰ ﻓِﻰ ٱﻟْﻤَﻨَﺎﻡِ ﺃَﻧِّﻰٓ ﺃَﺫْﺑَﺤُﻚَ ﻓَﭑﻧﻈُﺮْ ﻣَﺎﺫَا ﺗَﺮَﻯٰ ۚ ﻗَﺎﻝَ ﻳَٰٓﺄَﺑَﺖِ ٱﻓْﻌَﻞْ ﻣَﺎ ﺗُﺆْﻣَﺮُ ۖ ﺳَﺘَﺠِﺪُﻧِﻰٓ ﺇِﻥ ﺷَﺎٓءَ ٱﻟﻠَّﻪُ ﻣِﻦَ ٱﻟﺼَّٰﺒِﺮِﻳﻦَ

എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. (ഖു൪ആന്‍ :37/102)

(രണ്ട്) നബി ﷺ യുടെ ഹൃദയത്തിൽ മലക്ക് ഇട്ടുകൊടുക്കുന്ന സന്ദേശങ്ങൾ

വാക്കുകളോ സംസാരങ്ങളോ ഇല്ലാതെ നബി ﷺ യുടെ ഹൃദയത്തിൽ മലക്ക് ഇട്ടുകൊടുക്കുന്ന സന്ദേശങ്ങൾ വഹ്‌യിന്റെ ഇനത്തിൽ പെട്ടതാണ്.

عَنْ أَبِي أُمَامَةَ الْبَاهِلِيِّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إنَّ رُوحَ القُدُسِ نَفَثَ فِي روعِي أنَّ نَفْساً لَنْ تَمُوتَ حَتَّى تَسْتَكْمِلَ أَجَلَهَا، وَتَسْتَوْعِبَ رِزْقَهَا، فَاتَّقُوا اللهَ، وَأَجْمِلُوا فِي الطَّلَبِ، وَلاَ يَحْمِلَنَّ أَحَدَكُمُ اسْتِبْطَاءُ الرِّزْقِ أَنْ يَطْلُبَهُ بِمَعْصِيَةٍ، فَإِنَّ اللهَ تَعَالَى لاَ يُنَالُ مَا عِنْدَهُ إلاَّ بِطَاعَتِهِ

അബൂഉമാമ അൽ ബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റൂഹുൽ ഖുദുസ് (ജിബ്രീൽ) എന്റ ഹൃദയത്തിൽ ഇട്ടുതന്നിരിക്കുന്നു. ഒരു ആത്മാവും തനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഉപജീവനം തേടിപ്പിടിക്കാതെ മരിക്കുകയില്ല. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഉപജീവനം അന്വേഷിക്കുന്നത് മാന്യമായ രൂപത്തിലാക്കുക. നിങ്ങളിൽ ആരും അനുസരണക്കേടുകളിലൂടെ അവന്റെ ഉപജീവനം തേടാൻ നിർബന്ധിതരാകരുത്. തീർച്ചയായും അല്ലാഹുവിന്റെ അടുക്കലുള്ളത് അവനെ അനുസരിക്കുന്നതിലൂടെ അല്ലാതെ നേടാനാവില്ല. (صحيح الجامع ٢٠٨٥ )

(മൂന്ന്) മലക്ക് മനുഷ്യന്റെ രൂപത്തിലെത്തി നൽകുന്ന സന്ദേശങ്ങൾ

ഈ വിഷയത്തിലെ പ്രസിദ്ധമായ ഹദീസാണ് ‘ഹദീസു ജിബ്‌രീല്‍’ എന്നറിയപ്പെടുന്ന ഹദീസ്. ആളുകള്‍ക്ക് ദീന്‍ പഠിപ്പിക്കുന്നതിനായി ജിബ്‌രീല്‍ عليه السلام മനുഷ്യ രൂപത്തില്‍ നബി ﷺ യുടെ അടുക്കല്‍ വരികയും ജിബ്‌രീൽ عليه السلام ചോദിക്കുകയും നബി ﷺ മറുപടി നൽകുകയും ചെയ്തതിനാലാണ് ഇപ്രകാരം പേര് ലഭിച്ചത്.

عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صلى الله عليه و سلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه و سلم . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللَّهِ صلى الله عليه و سلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا. قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ!قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ. قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك. قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ. ثُمَّ انْطَلَقَ، فَلَبِثْتُ مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنْ السَّائِلُ؟. ‫‬قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ “.

ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യോടൊപ്പം ഞങ്ങള്‍ ഒരു ദിവസം ഇരിക്കെ, തനി വെള്ള വസ്ത്രം ധരിച്ച്, കറുത്ത മുടികളുള്ള ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങളില്‍ ആര്‍ക്കും തന്നെ അദ്ദേഹത്തെ പരിചയമില്ല, മാത്രമല്ല അദ്ധേഹത്തില്‍ യാത്രയുടെ ഒരു ലക്ഷണവുമില്ല. അങ്ങിനെ തന്റെ കാല്‍മുട്ടുകള്‍ നബി ﷺ യുടെ കാല്‍മുട്ടിനോടു ചേര്‍ത്ത് കൈകള്‍ തുടയില്‍ വെച്ച് നബി ﷺ യുടെ അടുത്തിരുന്ന് ചോദിച്ചു: ‘അല്ലയോ മുഹമ്മദ്, ഇസ്ലാം എന്താണെന്ന് അറിയിച്ച് തന്നാലും?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഇസ്ലാം എന്നാല്‍, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ്‌ അവന്റെ റസൂല്‍(ദൂതന്‍) ആണെന്നും നീ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിലനിര്‍ത്തലും, നിര്‍ബന്ധദാനമായ സകാത്ത് കൊടുക്കലും, റമളാന്‍ മാസത്തില്‍ വൃതമനുഷ്ടിക്കലും, കഴിയുമെങ്കില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം ചെയ്യലുമാകുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ സത്യം പറഞ്ഞു’. അദ്ദേഹം ചോദിക്കുകയും സത്യപ്പെടുത്തുകയും ചെയ്തത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അല്‍ഭുതമായി. ‘ഈമാന്‍ എന്താണെന്ന അറിയിച്ച്‌ തന്നാലും’ എന്ന് അദ്ദേഹം വീണ്ടും നബിയോട് ആവശ്യപ്പെട്ടു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഈമാന്‍ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിശ്വസിക്കലാകുന്നു. നീ ഖദ്റില്‍, അതിന്റെ നന്‍മയിലും അതിന്റെ തിന്‍മയിലും വിശ്വസിക്കലുമാണ് ഈമാന്‍.’ അദ്ദേഹം പറഞ്ഞു: ‘നീ സത്യം പറഞ്ഞു’. അദ്ദേഹം പറഞ്ഞു: ‘ഇഹ്സാന്‍ എന്താണെന്ന് അറിയിച്ച്‌ തന്നാലും’. നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കുക, ഇനി നിനക്ക് അല്ലാഹുവിനെ കാണാന്‍ സാധ്യമല്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു: ‘അന്ത്യനാളിനെ കുറിച്ച് അറിയിച്ചു തരിക’. നബി ﷺ പറഞ്ഞു: ‘ചോദിക്കപ്പെട്ടവന്‍ ചോദിച്ചവനെക്കാള്‍ ഈ കാര്യത്തില്‍ അറിവുള്ളവനല്ല’. ‘എന്നാല്‍ അതിന്റെ അടയാളത്തെപറ്റി അറിയിച്ച് തന്നാലും’ എന്ന് അദ്ദേഹം പറഞ്ഞു. നബി ﷺ പറഞ്ഞു: ‘അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കലാകുന്നു, നഗ്ന പാദകരും, ആട്ടിടയന്മാരും, പാവപ്പെട്ടവരും കെട്ടിടങ്ങളില്‍ പരസ്പരം മത്സരിക്കുക എന്നിവ അതിന്റെ അടയാളത്തില്‍പെട്ടതാണ്.’ തുടര്‍ന്നദ്ദേഹം അവിടെ നിന്നും അപ്രത്യക്ഷനായി. ഞാന്‍ അല്‍പനേരം അവിടെ തന്നെ ചിലവഴിച്ചു. പിന്നെ നബി ﷺ ചോദിച്ചു, അല്ലയോ ഉമറെ, അതാരാണെന്ന് നിനക്കറിയാമോ? അല്ലാഹുവും അവന്റെ പ്രവാചകനും അറിയുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം പഠിപ്പിച്ച് തരുവാന്‍ വേണ്ടി ജിബ്‌രീല്‍  ആകുന്നു ആ വന്നത്.’ (മുസ്ലിം:8)

മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഹദീഥില്‍ കണ്ടുവല്ലോ. വളരെസുന്ദരനും, സുമുഖനുമായിരുന്ന ദഹിയ്യത്തുല്‍ കല്‍ബീ  رَضِيَ اللهُ عَنْهُ എന്ന സ്വഹാബിയുടെ രൂപത്തില്‍ ജിബ്‌രീല്‍ عليه السلام വന്നിരുന്നതായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്വഹാബികള്‍ ആ ‘മനുഷ്യനെ’ കണ്ടിട്ടുള്ളതായും, അദ്ദേഹത്തിന്‍റെ സംസാരം കേട്ടതായും ഹദീഥുകളില്‍ വന്നിരിക്കുന്നു. പക്ഷേ, പിന്നീട് നബി ﷺ അവര്‍ക്ക് പറഞ്ഞു കൊടുത്തതിനു ശേഷമേ അത് മലക്കായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നുള്ളൂ. (അമാനി തഫ്സീ൪ – ആമുഖത്തിൽ നിന്നും)

(നാല്) മണിനാദത്തിന് സമാനമായി

نْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّ الْحَارِثَ بْنَ هِشَامٍ ـ رضى الله عنه ـ سَأَلَ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَيْفَ يَأْتِيكَ الْوَحْىُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَحْيَانًا يَأْتِينِي مِثْلَ صَلْصَلَةِ الْجَرَسِ ـ وَهُوَ أَشَدُّهُ عَلَىَّ ـ فَيُفْصَمُ عَنِّي وَقَدْ وَعَيْتُ عَنْهُ مَا قَالَ، وَأَحْيَانًا يَتَمَثَّلُ لِيَ الْمَلَكُ رَجُلاً فَيُكَلِّمُنِي فَأَعِي مَا يَقُولُ ‏”‏‏.‏ قَالَتْ عَائِشَةُ رضى الله عنها وَلَقَدْ رَأَيْتُهُ يَنْزِلُ عَلَيْهِ الْوَحْىُ فِي الْيَوْمِ الشَّدِيدِ الْبَرْدِ، فَيَفْصِمُ عَنْهُ وَإِنَّ جَبِينَهُ لَيَتَفَصَّدُ عَرَقًا‏.

ആയിശ رضى الله عنها യില്‍ നിന്നും നിവേദനം: ഹാരിസുബ്‌നു ഹിശാം رَضِيَ اللَّهُ عَنْهُ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് താങ്കള്‍ക്ക് വഹ്‌യ് വരുന്നത്?” അപ്പോള്‍ നബി ﷺ പറഞ്ഞു: ചിലപ്പോള്‍ മണിനാദം പോലെയായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രയാസകരമായിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ എന്നില്‍നിന്നും വിയര്‍പ്പുകള്‍ പൊടിയും. അപ്പോഴേക്കും മലക്ക് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കും. ആയിശ رضى الله عنها പറയുന്നു: അതിശക്തമായ തണുപ്പുള്ള ദിവസവും വഹ്‌യ് ഇറങ്ങുമ്പോള്‍ നബി ﷺ വിയര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാചകന്റെ നെറ്റിത്തടങ്ങളിലും വിയര്‍പ്പ് കാണാമായിരുന്നു. (ബുഖാരി: 2)

എന്താണ് ഈ ഭാരം? മണി അടിക്കുന്ന ശബ്ദം എങ്ങിനെ ഉണ്ടാകുന്നു? അതില്‍ നിന്ന് എങ്ങിനെയാണ് തിരുമേനിക്ക് കാര്യം മനസ്സിലാവുക? എന്നീ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുക നമുക്ക് സാദ്ധ്യമല്ല. ആത്മീയ ലോകത്തിനും, ഭൗതികലോക ത്തിനുമിടക്ക്, അഥവാ ദിവ്യലോകത്തിനും, മനുഷ്യലോകത്തിനുമിടക്ക് നടക്കുന്ന ഒരു വാര്‍ത്താ ബന്ധമാണത്. അതിനെ പറ്റി അല്ലാഹുവും, അവന്‍റെ റസൂലും പറഞ്ഞു തന്നത് മാത്രം മനസ്സിലാക്കുവാനേ നമുക്ക് നിവൃത്തിയുള്ളൂ. (അമാനി തഫ്സീ൪ – ആമുഖത്തിൽ നിന്നും)

(അഞ്ച്) മലക്ക് നേരിട്ട് അതിന്റെ ശരിയായ രൂപത്തിലെത്തി നൽകുന്ന സന്ദേശങ്ങൾ

أَنَّ جَابِرَ بْنَ عَبْدِ اللَّهِ الأَنْصَارِيَّ، – وَكَانَ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم كَانَ يُحَدِّثُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم وَهُوَ يُحَدِّثُ عَنْ فَتْرَةِ الْوَحْىِ – قَالَ فِي حَدِيثِهِ ‏”‏ فَبَيْنَا أَنَا أَمْشِي سَمِعْتُ صَوْتًا مِنَ السَّمَاءِ فَرَفَعْتُ رَأْسِي فَإِذَا الْمَلَكُ الَّذِي جَاءَنِي بِحِرَاءٍ جَالِسًا عَلَى كُرْسِيٍّ بَيْنَ السَّمَاءِ وَالأَرْضِ ‏”‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ فَجُئِثْتُ مِنْهُ فَرَقًا فَرَجَعْتُ فَقُلْتُ زَمِّلُونِي زَمِّلُونِي ‏.‏ فَدَثَّرُونِي فَأَنْزَلَ اللَّهُ تَبَارَكَ وَتَعَالَى ‏{‏ يَا أَيُّهَا الْمُدَّثِّرُ – قُمْ فَأَنْذِرْ – وَرَبَّكَ فَكَبِّرْ – وَثِيَابَكَ فَطَهِّرْ – وَالرُّجْزَ فَاهْجُرْ‏}‏ ‏

ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ‘നബി ﷺ വഹ്‌യ് നിലച്ചതിനെ പറ്റി സംസാരിക്കവെ (ഇപ്രകാരം) പറഞ്ഞു: ഞാന്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേള്‍ക്കാനിടയായി. അപ്പോള്‍ ഞാന്‍ എന്റെ ദൃഷ്ടി ഉയര്‍ത്തി. അപ്പോഴതാ ഹിറാഇല്‍ എന്റെ അടുത്തു വന്ന മലക്ക് ആകാശത്തിന്റെയും ഭൂമിയുടെയും ഇടയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു. അപ്പോള്‍ ഞാന്‍ പേടിച്ചു. ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ എന്നെ പുതപ്പിക്കൂ, നിങ്ങള്‍ എന്നെ പുതപ്പിക്കൂ.’ അപ്പോള്‍ അല്ലാഹു (ഈ സൂക്തങ്ങള്‍) അവതരിപ്പിച്ചു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.’ (മുസ്ലിം:161)

عن جابر بن عبدالله قال: حُبِسَ الوحيُ عن رسولِ اللهِ ﷺ في أوَّلِ أمْرِه وحُبِّبَ إليه الخَلاءُ، فجَعَلَ يَخلو في حِراءٍ، فبَينَما هو مُقبِلٌ مِن حِراءٍ: إذا أنا بحِسٍّ مِن فَوْقي، فرَفَعْتُ رَأْسي، فإذا الذي أتاني بحِراءٍ فَوقَ رَأْسي على كُرْسيٍّ، قال: فلمّا رَأيتُه جُئِثْتُ على الأرضِ، فلمّا أفَقتُ أتَيتُ أهْلي مُسرِعًا، فقلتُ: دَثِّروني، دَثِّروني، فأتاني جِبريلُ فقال: {ياأَيُّها الْمُدَّثِّرُ – قُمْ فَأَنْذِرْ – وَرَبَّكَ فَكَبِّرْ – وَثِيابَكَ فَطَهِّرْ – والرُّجْزَ فاهْجُرْ} [المدثر: ١-٥].

ജാബിര്‍ബിന്‍ അബ്ദുല്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ആദ്യകാലങ്ങളില്‍ അല്‍പദിവസങ്ങള്‍ നബി ﷺ ക്ക് വഹ്‌യ് വരാതെയായി. അങ്ങനെ വീണ്ടും തനിച്ചിരിക്കാന്‍ നബി ﷺ ക്ക് ഇഷ്ടമായി തോന്നി. ആദ്യത്തേതു പോലെ തന്നെ നബി ﷺ ഹിറാ ഗുഹയിലേക്ക് പോയി. നബി ﷺ പറയുന്നു: ‘അങ്ങനെയിരിക്കെ ഞാന്‍ ഹിറയില്‍ നിന്നും തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ എന്തോ ഒന്ന് മുകള്‍ഭാഗത്ത് എനിക്ക് അനുഭവപ്പെട്ടു. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ ഹിറയില്‍ എന്റെ അടുക്കലേക്ക് വന്ന അതേ വ്യക്തി എന്റെ തലക്കുമുകളില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അതുകണ്ട വേളയില്‍ ഞാന്‍ ഭൂമിയിലേക്ക് വീണു പോയി. എന്റെ ബോധം തെളിഞ്ഞപ്പോള്‍ കുടുംബത്തിന്റെ അടുക്കലേക്ക് ഞാന്‍ ഓടിവന്നു. ഞാന്‍ പറഞ്ഞു: എനിക്ക് പുതച്ചു താ, എനിക്ക് പുതച്ചു താ. ആ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ എന്റെ അടുക്കലേക്ക് വന്നു കൊണ്ട് പാരായണം ചെയ്തു: ‘ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക”(അല്‍മുദ്ദഥിര്‍: 1- 5)(അഹ്മദ്: 15033)

(ആറ്) അല്ലാഹു നേരിട്ട് നൽകുന്ന സന്ദേശങ്ങൾ
(ഏഴ്) അല്ലാഹു നബിയോട് സംസാരിച്ച് നൽകുന്ന സന്ദേശങ്ങൾ

നബി ﷺ യുടെ മിഅ്റാജ് യാത്രയിൽ വെച്ച് ലഭിച്ച സന്ദേശങ്ങൾ ഉദാഹരണമാണ്. മിഅ്‌റാജിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു ഈ ഉമ്മത്തിന് ആദ്യമായി നിര്‍ബന്ധമാക്കിയത് 50 നേരത്തെ നമസ്‌കാരമായിരുന്നു. മിഅ്റാജ് യാത്ര വിവരിക്കുന്ന സുദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം.

فَأَوْحَى اللَّهُ إِلَىَّ مَا أَوْحَى فَفَرَضَ عَلَىَّ خَمْسِينَ صَلاَةً فِي كُلِّ يَوْمٍ وَلَيْلَةٍ فَنَزَلْتُ إِلَى مُوسَى صلى الله عليه وسلم فَقَالَ مَا فَرَضَ رَبُّكَ عَلَى أُمَّتِكَ قُلْتُ خَمْسِينَ صَلاَةً ‏.‏ قَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ فَإِنَّ أُمَّتَكَ لاَ يُطِيقُونَ ذَلِكَ فَإِنِّي قَدْ بَلَوْتُ بَنِي إِسْرَائِيلَ وَخَبَرْتُهُمْ ‏.‏ قَالَ فَرَجَعْتُ إِلَى رَبِّي فَقُلْتُ يَا رَبِّ خَفِّفْ عَلَى أُمَّتِي ‏.‏ فَحَطَّ عَنِّي خَمْسًا

……… അപ്പോൾ അല്ലാഹു എനിക്ക് വഹ്‌യ് നൽകുകയും രാത്രിയും പകലും അമ്പത് നമസ്‌കാരം അവൻ എനിക്ക് നിർബന്ധമാക്കുകയും ചെയ്തു. അപ്പോൾ ഞാൻ മൂസായുടെ അടുത്തേക്ക് ചെന്നു, അദ്ദേഹം ചോദിച്ചു: നിങ്ങളുടെ രക്ഷിതാവ് എന്താണ് നിങ്ങളുടെ ഉമ്മത്തോട് നിർബന്ധമാക്കിയിരിക്കുന്നത്? ഞാൻ പറഞ്ഞു: അമ്പത് (നേരത്തെ) നമസ്കാരം. മൂസാ عليه السلام പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങുകയും (എണ്ണം) കുറയ്ക്കാൻ അപേക്ഷിക്കുകയും ചെയ്യുക, കാരണം നിങ്ങളുടെ സമുദായത്തിന് ഈ ഭാരം താങ്ങാൻ കഴിയില്ല. ഞാൻ ഇസ്രായീൽ മക്കളെ പരീക്ഷിക്കുകയും ഞാൻ അവരോടു പറയുകയും ചെയ്തതുപോലെ (അത്തരം വലിയ ഭാരം താങ്ങാൻ കഴിയാത്തവിധം അവർ ദുർബലരാണെന്ന് കണ്ടെത്തി). നബി ﷺ പറഞ്ഞു: പറഞ്ഞു: ഞാൻ എൻറെ റബ്ബിന്റെ അടുത്തേക്ക് മടങ്ങിപ്പോയി പറഞ്ഞു: എൻറെ റബ്ബേ, എൻറെ ഉമ്മത്തിന്‌ കാര്യങ്ങൾ എളുപ്പമാക്കണമേ. അങ്ങനെ (അല്ലാഹു) എനിക്ക് (നമസ്കാരം) അഞ്ച് (ആയി) കുറച്ചു …. (മുസ്ലിം:162)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *