മുഹമ്മദ് നബി ﷺ കഴിഞ്ഞാൽ ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടനായ വ്യക്തിയാണ് അബൂബക്കർ സിദ്ദീഖ് رضي الله عنه വാണ്. അദ്ദേഹത്തിനും ഉമർ ബ്നു ഖത്വാബ് رضي الله عنه വിനും ശേഷം ഈ ഉമ്മത്തിൽ അടുത്ത സ്ഥാനമുള്ളയാളാണ് ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ
عَنِ ابْنَ عُمَرَ قَالَ كُنَّا نَقُولُ وَرَسُولُ اللَّهِ صلى الله عليه وسلم حَىٌّ أَفْضَلُ أُمَّةِ النَّبِيِّ صلى الله عليه وسلم بَعْدَهُ أَبُو بَكْرٍ ثُمَّ عُمَرُ ثُمَّ عُثْمَانُ رضى الله عنهم أَجْمَعِينَ .
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ജീവിച്ചിരിക്കെ ഞങ്ങൾ പറയുമായിരുന്നു, നബി ﷺ യുടെ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ടൻ നബി ﷺ കഴിഞ്ഞാൽ അബൂബക്കർ, പിന്നെ ഉമർ, പിന്നെ ഉസ്മാൻ. (അബൂദാവൂദ്:4628 – സ്വഹീഹ് അൽബാനി)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كُنَّا نُخَيِّرُ بَيْنَ النَّاسِ فِي زَمَنِ النَّبِيِّ صلى الله عليه وسلم فَنُخَيِّرُ أَبَا بَكْرٍ، ثُمَّ عُمَرَ بْنَ الْخَطَّابِ، ثُمَّ عُثْمَانَ بْنَ عَفَّانَ رضى الله عنهم.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ ചിലരെ ഞങ്ങള്‍ മഹത്വപ്പെടുത്താറുണ്ട്. അബൂബക്കറിനെ ഞങ്ങള്‍ മഹത്വപ്പെടുത്തും. ശേഷം ഉമറിനെ. ശേഷം ഉസ്മാനെ. (ബുഖാരി:3655)
ഖുറൈശി ഗോത്രത്തിലെ ഉമയ്യ വംശക്കാരനാണ് ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ. നബി ﷺ ജനിച്ച് ആറ് വര്‍ഷം കഴിഞ്ഞാണ് അദ്ധേഹം ജനിക്കുന്നത്. അബ്‌ദുല്‍ മുത്വലിബിന്റെ പൗത്രി അര്‍വയാണ് മാതാവ്. അബൂബക്‌ര്‍ رَضِيَ اللَّهُ عَنْهُവിന്റെ പ്രബോധനത്താലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഇസ്ലാമിലേക്ക് കടന്നുവന്ന നാലാമത്തെയാളാണ് അദ്ധേഹമെന്ന് പറയപ്പെടുന്നു. ഇസ്‌ലാം സ്വീകരിച്ചതിനാല്‍ സ്വന്തം കുടുംബക്കാരും നാട്ടുകാരും, അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ചു. നബി ﷺ ക്ക് പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന് നബി ﷺ യുമായി വിവാഹ ബന്ധം ഉണ്ടായിരുന്നു. നബി ﷺ യുടെ പുത്രി റുഖിയ്യ رَضِيَ اللَّهُ عَنْها യെ അദ്ദേഹം വിവാഹം ചെയ്‌തിരുന്നു. ഇസ്ലാമിന്റെ പേര്ൽ മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹം ഭാര്യയും നബിപുത്രിയുമായ റുഖിയ്യ رَضِيَ اللَّهُ عَنْها യോടൊപ്പം എത്യോപ്യയിലേക്ക് ഹിജ്‌റ പോയി. പിന്നീട് മദീനയിലേക്കുള്ള ഹിജ്റയിലും അവർ പങ്കെടുത്തു. ബദര്‍ യുദ്ധകാലത്ത് റുഖിയ്യ رَضِيَ اللَّهُ عَنْها മരിച്ചപ്പോള്‍ നബി ﷺ ന്റെ ഇളയപുത്രി ഉമ്മു കുല്‍സും رَضِيَ اللَّهُ عَنْها യെ വിവാഹം ചെയ്‌തു. നബി ﷺ യുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്‌തതിനാല്‍ അദ്ധേഹത്തിന് ‘ദുന്നൂറൈന്‍’ എന്ന പേര്‍ സിദ്ധിച്ചു.
ജാഹിലിയത്തിലും ധാർമ്മിക ജീവിതം നയിച്ച വ്യക്തിയായിരുന്നു ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ. പിൽക്കാലത്ത് അദ്ധഹംതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
فَوَاللَّهِ مَا زَنَيْتُ فِي جَاهِلِيَّةٍ وَلاَ فِي إِسْلاَمٍ وَلاَ ارْتَدَدْتُ مُنْذُ بَايَعْتُ رَسُولَ اللَّهِ صلى الله عليه وسلم وَلاَ قَتَلْتُ النَّفْسَ الَّتِي حَرَّمَ اللَّهُ فَبِمَ تَقْتُلُونَنِي
അല്ലാഹുവാണ് സത്യം ജാഹിലിയത്തിലും ഇസ്ലാമിലും ഞാൻ വ്യഭിചരിച്ചിട്ടില്ല. അല്ലാഹു സന്മാർഗം നൽകിയത് മുതൽ മറ്റൊരു ദീനിനെ പകരമായി ഞാൻ ആഗ്രഹിച്ചിട്ടില്ല. അല്ലാഹു പവിത്രമാക്കിയ ഒരു ജീവനേയും ഞാൻ കൊന്നിട്ടുമില്ല. പിന്നെന്തിനാണ് അവർ എന്നെ കൊല്ലുന്നത്.
ഹിജ്റ ചെയ്ത് മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് കുടിവെളളത്തിന്റെ കാര്യത്തിൽ ചില പ്രതിസന്ധികളുണ്ടായിരുന്നു. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഉസ്മാൻ رَضِيَ اللَّهُ عَنْهُ തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്തു.
أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ حَفَرَ رُومَةَ فَلَهُ الْجَنَّةُ . فَحَفَرْتُهَا
നബി ﷺ പറഞ്ഞു: വല്ലവനും റൂമാ കിണര്‍ (വാങ്ങി) കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്. ഉസ്മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: അങ്ങനെ ഞാനാണത് (വാങ്ങി) കുഴിച്ചത്. (ബുഖാരി 2778)
ബദ്ര്‍ ഒഴികെയുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഭാര്യ റുഖിയ്യ رَضِيَ اللَّهُ عَنْها ക്ക് കഠിനമായ രോഗം ബാധിച്ചതിനാലാണ് ബദ്‌റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. രോഗിയായ ഭാര്യയെ പരിചരിച്ചതിന് ബദ്ര്‍ യോദ്ധാക്കള്‍ക്ക് ലഭിക്കുന്ന പ്രതിഫലം അദ്ദേഹത്തിനും ലഭിക്കുമെന്ന് നബി ﷺ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
ഹിജ്‌റ ആറാംവര്‍ഷം നടന്ന ഹുദൈബിയ്യാ സന്ധിയില്‍ ഖുറൈശികളുമായി സംഭാഷണം നടത്താന്‍ മധ്യസ്ഥനായി മക്കയിലേക്ക് നബി ﷺ നിയോഗിച്ചത് ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിനെയാണ്. അവിടെ വെച്ച് ഉസ്മാൻ رَضِيَ اللَّهُ عَنْهُ കൊല്ലപ്പെട്ടുവെന്ന വാർത്ത പരന്നു. അപ്പോൾ നബി ﷺ മുസ്ലിംകളെ പ്രതിജ്ഞയ്ക്ക്(ബൈഅത്) വേണ്ടി ക്ഷണിച്ചു. ഒരിക്കലും പിന്തിരിഞ്ഞുപോവുകയില്ലെന്നും മരണംവരെ പോരാടുമെന്നും ആ മരത്തിന്റെ ചുവട്ടിൽവെച്ച് അവർ പ്രതിജ്ഞ ചെയ്തു. അപ്പോൾ നബി ﷺ തന്റെ സ്വന്തം കൈ പിടിച്ചു പറഞ്ഞു: ‘ഇത് ഉസ്മാനു വേണ്ടിയാണ്.’ അതോടെ ഉസ്ന്മാൻ رَضِيَ اللَّهُ عَنْهُ ബൈഅത്തു രിള്’വാനിൽ പങ്കെടുത്ത സ്വഹാബിമാരില്‍ പെട്ടയാളായി.
ഹിജ്‌റ ഏഴാം വര്‍ഷം നടന്ന ഖൈബർ യുദ്ധത്തിലും ഹിജ്‌റ എട്ടാം വര്‍ഷം നടന്ന ഹുനൈൻ യുദ്ധത്തിലും വിഭവങ്ങളൊരുക്കുന്നതില്‍ ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന് ഗണ്യമായ പങ്കുണ്ടായിരുന്നു. ഹിജ്‌റ: ഒമ്പതാം വര്‍ഷത്തിലുണ്ടായ തബൂക്ക് യുദ്ധം, ക്ഷാമവും വരള്‍ച്ചയുമുള്ള അവസരത്തിലായിരുന്നു. സാമ്പത്തിക വിഷമം മൂലം സൈനികനീക്കത്തിന് നബി ﷺ വളരെ വിഷമിച്ചു. ഈ ഘട്ടത്തില്‍ ഉസ്മാൻ رَضِيَ اللَّهُ عَنْهُ ആയിരം ദീനാർ യുദ്ധഫണ്ടിലേക്ക് ദാനം ചെയ്തു.
أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ جَهَّزَ جَيْشَ الْعُسْرَةِ فَلَهُ الْجَنَّةُ . فَجَهَّزْتُهُمْ
നബി ﷺ പറഞ്ഞു: ഞെരുക്കത്തിന്റെ ഘട്ടത്തിൽ സൈന്യത്തെ സജ്ജരാക്കുന്നവന് സ്വർഗം നൽകപ്പെടും. ഉസ്മാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: അങ്ങനെ ഞാൻ അവരെ സജ്ജരാക്കി. (ബുഖാരി 2778)
عَنْ عَبْدِ الرَّحْمَنِ ابْنِ سَمُرَةَ، قَالَ جَاءَ عُثْمَانُ إِلَى النَّبِيِّ صلى الله عليه وسلم بِأَلْفِ دِينَارٍفِي كُمِّهِ حِينَ جَهَّزَ جَيْشَ الْعُسْرَةِ فَنَثَرَهَا فِي حِجْرِهِ . قَالَ عَبْدُ الرَّحْمَنِ فَرَأَيْتُ النَّبِيَّ صلى الله عليه وسلم يُقَلِّبُهَا فِي حِجْرِهِ وَيَقُولُ “ مَا ضَرَّ عُثْمَانَ مَا عَمِلَ بَعْدَ الْيَوْمِ ” . مَرَّتَيْنِ . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ مِنْ هَذَا الْوَجْهِ .
അബ്ദിറഹ്മാൻ ബ്നു സമുറ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ അടുത്തേക്ക് ആയിരം ദിനാറുമായി ഉസ്മാൻ വന്നു, അദ്ദേഹത്തിന്റെ വസ്ത്രത്തിലാക്കികൊണ്ട്. ദുരിതത്തിന്റെ സൈന്യത്തെ ഒരുക്കുന്നതിനായി. അങ്ങനെ അത് നബി ﷺ യുടെ മടിയിലേക്ക് വെച്ചു. അബ്ദിറഹ്മാൻ ബ്നു സമുറ رَضِيَ اللَّهُ عَنْهُ പറയുന്നു: അപ്പോൾ നബി ﷺ അത് പിടിച്ച് ഇപ്രകാരം പറഞ്ഞു:”ഈ ദിവസത്തിന് ശേഷം ഉസ്മാൻ എന്ത് ചെയ്താലും അദ്ദേഹത്തെ ഒരു ഉപദ്രവവും ബാധിക്കുകയില്ല.” അവിടുന്ന് അത് രണ്ട് പ്രാവശ്യം പറഞ്ഞു. (തിർമിദി:3701)
ഖബ്റിന്റെ അടുത്ത് എത്തിയാല്‍ തന്റെ താടി നനയുമാറ് ഉസ്മാൻ رَضِيَ اللَّهُ عَنْهُ കരയുമായിരുന്നു.
عَنْ هَانِئًا، مَوْلَى عُثْمَانَ قَالَ كَانَ عُثْمَانُ إِذَا وَقَفَ عَلَى قَبْرٍ بَكَى حَتَّى يَبُلَّ لِحْيَتَهُ فَقِيلَ لَهُ تُذْكَرُ الْجَنَّةُ وَالنَّارُ فَلاَ تَبْكِي وَتَبْكِي مِنْ هَذَا فَقَالَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: إِنَّ الْقَبْرَ أَوَّلُ مَنَازِلِ الآخِرَةِ فَإِنْ نَجَا مِنْهُ فَمَا بَعْدَهُ أَيْسَرُ مِنْهُ وَإِنْ لَمْ يَنْجُ مِنْهُ فَمَا بَعْدَهُ أَشَدُّ مِنْهُ
ഹാനിഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉസ്മാൻ رَضِيَ اللَّهُ عَنْهُ ഖബറിന്റെ അടുത്ത എത്തിയാല്‍ തന്റെ താടി നനയുമാറ് കരയുമായിരുന്നു. ആളുകള്‍ ചോദിച്ചു: സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു. അതെന്തുകൊണ്ടാണ് ? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി ﷺ പറഞ്ഞിരിക്കുന്നു :പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബ൪. ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിന് ശേഷമുള്ളതെല്ലാം അവന് അതിനേക്കാള്‍ എളുപ്പമാണ്. ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്. (തിര്‍മുദി : 2308).
ഏറെ ലജ്ജാശീലമുള്ള വ്യക്തിയായിരുന്നു ഉസ്മാൻ رَضِيَ اللَّهُ عَنْهُ.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَرْحَمُ أُمَّتِي بِأُمَّتِي أَبُو بَكْرٍ وَأَشَدُّهُمْ فِي أَمْرِ اللَّهِ عُمَرُ وَأَصْدَقُهُمْ حَيَاءً عُثْمَانُ وَأَقْرَؤُهُمْ لِكِتَابِ اللَّهِ أُبَىُّ بْنُ كَعْبٍ وَأَفْرَضُهُمْ زَيْدُ بْنُ ثَابِتٍ وَأَعْلَمُهُمْ بِالْحَلاَلِ وَالْحَرَامِ مُعَاذُ بْنُ جَبَلٍ أَلاَ وَإِنَّ لِكُلِّ أُمَّةٍ أَمِينًا وَإِنَّ أَمِينَ هَذِهِ الأُمَّةِ أَبُو عُبَيْدَةَ بْنُ الْجَرَّاحِ
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തിൽ, എന്റെ ഉമ്മത്തിനോട് ഏറ്റവും കരുണയുള്ളത് അബൂബക്കറാണ്, അല്ലാഹുവിന്റെ കൽപ്പനയുടെ കാര്യത്തിൽ അവരിൽ ഏറ്റവും കഠിനമായത് ഉമർ ആണ്, അവരിൽ ലജ്ജാശീലത്തിലെ സത്യസന്ധൻ ഉസ്മാൻ ആണ്. അവരിൽ ഏറ്റവും മികച്ച ഖുർആൻ പാരായണം ചെയ്യുന്ന വ്യക്തി ഉബയ്യ് ബ്നു കഅ്ബ് ആണ്. അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ച് അവരിൽ ഏറ്റവും അറിവുള്ളത് സൈദ് ബ്നു സാബിത്താണ്. അവരിൽ ഹലാൽ-ഹറാമിന്റെ കാര്യങ്ങളിൽ ഏറ്റവും അറിവുള്ളയാൾ മുആദ് ബ്നു ജബൽ ആണ്. തീർച്ചയായും, ഓരോ രാജ്യത്തിനും ഒരു വിശ്വസ്തൻ ഉണ്ട്, ഈ ജനതയിലെ വിശ്വസ്തൻ അബൂ ഉബൈദ ബ്നു അൽ-ജറാഹ് ആണ്. (തിർമിദി:3791)
عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم مُضْطَجِعًا فِي بَيْتِي كَاشِفًا عَنْ فَخِذَيْهِ أَوْ سَاقَيْهِ فَاسْتَأْذَنَ أَبُو بَكْرٍ فَأَذِنَ لَهُ وَهُوَ عَلَى تِلْكَ الْحَالِ فَتَحَدَّثَ ثُمَّ اسْتَأْذَنَ عُمَرُ فَأَذِنَ لَهُ وَهُوَ كَذَلِكَ فَتَحَدَّثَ ثُمَّ اسْتَأْذَنَ عُثْمَانُ فَجَلَسَ رَسُولُ اللَّهِ صلى الله عليه وسلم وَسَوَّى ثِيَابَهُ – قَالَ مُحَمَّدٌ وَلاَ أَقُولُ ذَلِكَ فِي يَوْمٍ وَاحِدٍ – فَدَخَلَ فَتَحَدَّثَ فَلَمَّا خَرَجَ قَالَتْ عَائِشَةُ دَخَلَ أَبُو بَكْرٍ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ ثُمَّ دَخَلَ عُمَرُ فَلَمْ تَهْتَشَّ لَهُ وَلَمْ تُبَالِهِ ثُمَّ دَخَلَ عُثْمَانُ فَجَلَسْتَ وَسَوَّيْتَ ثِيَابَكَ فَقَالَ “ أَلاَ أَسْتَحِي مِنْ رَجُلٍ تَسْتَحِي مِنْهُ الْمَلاَئِكَةُ ” .
ആഇശ رَضِيَ اللَّهُ عَنْها യില്‍ നിന്ന് നിവേദനം : നബി ﷺ എന്റെ വീട്ടില്‍ ഒരു കട്ടിലിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലില്‍ നിന്ന് തുണി അൽപം നീങ്ങിയിട്ടുണ്ട്. അപ്പോൾ അബൂബക്കർ സിദ്ദീഖ് വന്നു മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. അദ്ദേഹത്തിന് അനുമതി നൽകപ്പെട്ടു. നബി ﷺ അതേ അവസ്ഥയില്‍തന്നെ അദ്ദേഹത്തോട് സംസാരിച്ചു. ശേഷം ഉമ൪ വന്ന് അനുവാദം ചോദിച്ചു. അദ്ദേഹത്തിന് അനുമതി നൽകപ്പെട്ടു. നബി ﷺ അതേ അവസ്ഥയില്‍തന്നെ അദ്ദേഹത്തോടും സംസാരിച്ചു. ശേഷം ഉസ്മാന്‍ വന്ന് മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു. ഉടനെ നബി ﷺ എഴുന്നേറ്റിരുന്ന് കാലിലെ തുണി നേരെയാക്കി. അങ്ങനെ ഉസ്മാന്‍ വീട്ടില്‍ പ്രവേശിച്ച് നബി ﷺ യോട് സംസാരിച്ചു. അദ്ദേഹം തിരിച്ച് പോയപ്പോള്‍ ആഇശ رَضِيَ اللَّهُ عَنْها ചോദിച്ചു: അബൂബക്ക൪ വന്നപ്പോള്‍ അങ്ങ് അനങ്ങുകയോ വസ്ത്രം ശരിയാക്കുകയോ ചെയ്തില്ല, ശേഷം ഉമ൪ വന്നപ്പോഴും അങ്ങ് അനങ്ങുകയോ വസ്ത്രം ശരിയാക്കുകയോ ചെയ്തില്ല, ശേഷം ഉസ്മാന്‍ വന്നപ്പോള്‍ അങ്ങ് എഴുന്നേറ്റിരുന്ന് വസ്ത്രം നേരെയാക്കി. അപ്പോള്‍ നബി ﷺ പറഞ്ഞു: മലക്കുകള്‍ പോലും ലജ്ജിക്കുന്ന ഒരാളെ തൊട്ട് ഞാന്‍ എങ്ങനെ ലജ്ജിക്കാതിരിക്കും. (മുസ്ലിം:2401)
ഞാൻ അതേ കിടപ്പിൽ കിടന്നിരുന്നെങ്കിൽ ഉസ്മാൻ رَضِيَ اللَّهُ عَنْهُ മുറിയിൽ പ്രവേശിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ ലജ്ജ അതിന് അനുവദിക്കില്ല. പറയാൻ വന്ന കാര്യം പറയാനാവാതെ അദ്ദേഹം മടങ്ങിപ്പോകുമായിരുന്നു എന്ന൪ത്ഥം.
ഉസ്മാൻ رَضِيَ اللَّهُ عَنْهُ ശഹീദാകുമെന്നും നബി ﷺ സൂചന നൽകിയിരുന്നു.
عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ “ اثْبُتْ أُحُدُ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ ”.
അനസ് ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍ رَضِيَ اللَّهُ عَنْهُمْ എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉഹ്ദ്, അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീഖും രണ്ട് ശഹീദുകളുമല്ലാതെയില്ല.(ബുഖാരി:3675)
عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي حَائِطٍ مِنْ حِيطَانِ الْمَدِينَةِ، فَجَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صلى الله عليه وسلم ” افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ ”. فَفَتَحْتُ لَهُ، فَإِذَا أَبُو بَكْرٍ، فَبَشَّرْتُهُ بِمَا قَالَ النَّبِيُّ صلى الله عليه وسلم فَحَمِدَ اللَّهَ، ثُمَّ جَاءَ رَجُلٌ فَاسْتَفْتَحَ، فَقَالَ النَّبِيُّ صلى الله عليه وسلم ” افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ ”. فَفَتَحْتُ لَهُ، فَإِذَا هُوَ عُمَرُ، فَأَخْبَرْتُهُ بِمَا قَالَ النَّبِيُّ صلى الله عليه وسلم فَحَمِدَ اللَّهَ، ثُمَّ اسْتَفْتَحَ رَجُلٌ، فَقَالَ لِي ” افْتَحْ لَهُ وَبَشِّرْهُ بِالْجَنَّةِ عَلَى بَلْوَى تُصِيبُهُ ”. فَإِذَا عُثْمَانُ، فَأَخْبَرْتُهُ بِمَا قَالَ رَسُولُ اللَّهِ صلى الله عليه وسلم فَحَمِدَ اللَّهَ ثُمَّ قَالَ اللَّهُ الْمُسْتَعَانُ.
അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യോടൊപ്പം മദീനയിലെ ഒരു തോട്ടത്തിലായിരുന്നു. അപ്പോൾ ഒരാൾ വന്നിട്ട് വാതിൽ തുറന്ന് (അകത്തേക്ക് പ്രവേശിക്കുന്നതിന്) അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുക്കുക, അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്തയും അറിയിക്കുക. അങ്ങനെ ഞാൻ അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുത്തു. അത് അബൂബക്കർ ആയിരുന്നു. നബി ﷺ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തിന് (സ്വർഗമുണ്ടെന്ന) സന്തോഷ വാർത്തയും അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ഒരാൾ വന്നിട്ട് വാതിൽ തുറന്ന് (അകത്തേക്ക് പ്രവേശിക്കുന്നതിന്) അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുക്കുക, അദ്ദേഹത്തിന് സ്വർഗമുണ്ടെന്ന് സന്തോഷ വാർത്തയും അറിയിക്കുക. അങ്ങനെ ഞാൻ അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുത്തു. അത് ഉമർ ആയിരുന്നു. നബി ﷺ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തിന് (സ്വർഗമുണ്ടെന്ന) സന്തോഷ വാർത്തയും അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ഒരാൾ വന്നിട്ട് വാതിൽ തുറന്ന് (അകത്തേക്ക് പ്രവേശിക്കുന്നതിന്) അനുവാദം ചോദിച്ചു. നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് വാതിൽ തുറന്ന് കൊടുക്കുക, അദ്ദേഹത്തിന് അദ്ദേഹത്തെ ബാധിക്കാൻ പോകുന്ന ഒരു പരീക്ഷണവുമായി സ്വർഗത്തിൽ പ്രവേശിക്കുന്നതിന്റെ സന്തോഷവാർത്ത അറിയിക്കുക. അത് ഉസ്മാൻ ആയിരുന്നു, നബി ﷺ പറഞ്ഞതുപോലെ ഞാൻ അദ്ദേഹത്തിന് (പരീക്ഷണവും സ്വർഗമുണ്ടെന്ന) സന്തോഷ വാർത്തയും അറിയിച്ചു. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ അല്ലാഹുവിന്റെ സഹായം തേടുന്നു.” (ബുഖാരി: 3693)
മുഹമ്മദ് നബി ﷺ യുടെ വിയോഗശേഷം അബൂബക്‌ര്‍ رضي الله عنه വിന്റെയും ഉമര്‍ رضي الله عنه വിന്റെയും ഖിലാഫത്ത് കാലത്ത് ഭരണകാര്യങ്ങളില്‍ രണ്ടുപേരും ഉസ്‌മാന്‍ رضي الله عنه വിനോട് കൂടിയാലോചന നടത്താറുണ്ടായിരുന്നു. രണ്ടാം ഖലീഫ ഉമർ رضي الله عنه നു കുത്തേറ്റ് രോഗശയ്യയില്‍ കിടക്കുമ്പോള്‍ അടുത്ത ഖലീഫ ആരായിരിക്കണമെന്ന് പ്രമുഖ സ്വഹാബിമാര്‍ അദ്ദേഹവുമായി ആലോചിച്ചു. അദ്ദേഹം യോഗ്യരായ ആറുപേരുടെ ഒരു ശൂറാ രൂപികരിച്ചുകൊണ്ട് പറഞ്ഞു: ഇവരില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കുക. ഇവരെ തൃപ്‌തിപ്പെട്ടുകൊണ്ടാണ് നബി ﷺ മരണപ്പെട്ടത്. ഉസ്‌മാന്‍, അലി, ത്വല്‍ഹത്ത്, സുബൈര്‍, അബ്‌ദുര്‍റഹ്മാനുബ്‌നു ഔഫ്, സഅ്‌ദുബ്‌നു അബീവഖാസ്വ് എന്നിവരായിരുന്നു അവര്‍. ഈ സമിതി ഉമര്‍ رضي الله عنه വിന്റെ മരണശേഷം യോഗം ചേര്‍ന്ന്, ചര്‍ച്ചകള്‍ക്കുശേഷം ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിനെ ഖലീഫയായി തെരഞ്ഞെടുത്തു. ഇസ്‌ലാമികസമൂഹത്തില്‍ വന്ന ഖുലഫാഉര്‍റാശിദുകളില്‍ മൂന്നാമനാണ് ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍ رضي الله عنه.
ഇസ്‌ലാമിക സാമ്രാജ്യത്തിന് വളരെയേറെ വികാസം ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലത്തുണ്ടായി. പേർഷ്യൻ സാമ്രാജ്യം പൂർണമായും കീഴ്പെടുത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഇസ്ലാമിക രാജ്യത്ത് ആദ്യമായി നാവികസേനയെ സജ്ജമാക്കിയത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. അത് നബി ﷺ നേരത്തെ പ്രവചിച്ചിട്ടുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് മസ്ജിദുൽ ഹറവും പരിസരവും വികസിപ്പിച്ചു.
വിശുദ്ധ ഖുർആൻ ആദ്യമായി ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിച്ചത് അബൂബക്കർ رضي الله عنه വിന്റെ കാലത്തായിരുന്നു. ഖുർആൻ മനഃപാഠമാക്കിയിരുന്ന പലരും യുദ്ധങ്ങളിൽ പങ്കെടുക്കുകയും രക്തസാക്ഷികളാകുകയും ചെയ്തു. മനഃപാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്ന് പ്രധാനമായും പരിശുദ്ധ ഖുർആൻന്റെ ഉറവിടം. ഈ സാഹചര്യത്തിലാണ് ക്വുർആനിന്റെ ക്രോഡീകരണ ക്രമം അറിയാവുന്ന ഇവർ മരണപ്പെട്ടാൽ ക്വുർആൻ സംരക്ഷണത്തിന് പ്രയാസമുണ്ടാകും എന്ന് മനസ്സിലാക്കിയ ഉമർ رَضِيَ اللَّهُ عَنْهُ അബൂബക്കർ رَضِيَ اللَّهُ عَنْهُനോട് ക്വുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ നിർദ്ദേശം വെക്കുന്നത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ അതിനോട് ആദ്യം വൈമനസ്യം കാണിച്ചുവെങ്കിലും അതിന്റെ ഗൗരവം മനസ്സിലായപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചു.
അങ്ങനെ നബി ﷺ യുടെ വേര്‍പാടിന്റെ തൊട്ടടുത്തവര്‍ഷം (ഹിജ്‌റ:11) തന്നെ അബൂബക്കര്‍ സിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന്റെ കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഖുര്‍ആന്‍ ഒരു ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുകയും ചെയ്തു. ഖുര്‍ആന്‍ മുഴുവന്‍ ഭാഗവും നാം ഇന്നു കാണുന്ന പ്രകാരം ഒരു ഏടില്‍ സമാഹൃതമായി. ഈ ഏടിന്ന് അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ ‘മുസ്വ്ഹഫ്’ (المصحف – രണ്ട് ചട്ടക്കിടയില്‍ ഏടാക്കി വെക്കപ്പെട്ടത്) എന്ന് നാമകരണവും ചെയ്തു. അദ്ദേഹത്തിന്‍റെ വിയോഗം വരെ അദ്ദേഹവും, പിന്നീട് ഉമർ رَضِيَ اللَّهُ عَنْهُ വും അത് സൂക്ഷിച്ചുപോന്നു. ഉമര്‍ رَضِيَ اللَّهُ عَنْهُ വിന്‍റെ വിയോഗാനന്തരം അദ്ദേഹത്തിന്‍റെ മകളും, നബി ﷺ യുടെ പത്‌നിയുമായിരുന്ന ഹഫ്‌സ رضي الله عنها യുടെ അടുക്കലായിരുന്നു ആ മുസ്വ്ഹഫ്.
ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന്‍റെ ഖിലാഫത്തു കാലമായപ്പോഴേക്ക് അതിവിദൂര പ്രദേശങ്ങളായ പല നാട്ടിലും ഇസ്‌ലാമിന് പ്രചാരം സിദ്ധിക്കുകയും, മുസ്‌ലിംകള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്തുവല്ലോ. പലപ്രദേശക്കാരും, ഭാഷക്കാരുമായ ആളുകള്‍ ഖുർആൻ പാരായണം ചെയ്യുമ്പോള്‍, അവര്‍ക്കിടയില്‍ വായനയില്‍ അല്‍പാല്‍പ വ്യത്യാസങ്ങള്‍, അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതായി ഹുദൈഫത്തുബ്‌നുല്‍യമാന്‍ رَضِيَ اللَّهُ عَنْهُ മനസ്സിലാക്കി. വിദൂരസ്ഥലങ്ങളില്‍പോയി യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു സ്വഹാബിയായിരുന്നു ഹുദൈഫഃ رَضِيَ اللَّهُ عَنْهُ. ഈ നില തുടരുന്ന പക്ഷം, ജൂതരും, ക്രിസ്ത്യാനികളും അവരുടെ വേദഗ്രന്ഥങ്ങളില്‍ ഭിന്നിച്ചതുപോലെ, മുസ്‌ലിംകളും ഭാവിയില്‍ ഭിന്നിച്ചുപോകുവാന്‍ ഇടയുണ്ടെന്ന് അദ്ദേഹം ഉഥ്മാന്‍ رَضِيَ اللَّهُ عَنْهُ വിനെ ധരിപ്പിച്ചു. ഉടനടി ഇതിന് പരിഹാരമുണ്ടാക്കണമെന്നുണര്‍ത്തി. അങ്ങിനെ, അദ്ദേഹം ഹഫ്‌സ رضي الله عنها യുടെ പക്കല്‍ നിന്ന് ആ ‘മുസ്വ്ഹഫ്’ അതിന്‍റെ പലപകര്‍പ്പുകളും എടുക്കുവാന്‍ ഒരു സംഘം സ്വഹാബികളെ ഏല്‍പ്പിച്ചു. ഈ സംഘത്തിന്‍റെ തലവനും സൈദുബ്‌നുഥാബിത് رَضِيَ اللَّهُ عَنْهُ തന്നെ ആയിരുന്നു.
പകര്‍പ്പുകള്‍ എടുത്ത ശേഷം മുസ്വ്ഹഫ് ഹഫ്‌സ رضي الله عنها ക്ക് തന്നെ തിരിച്ചു കൊടുക്കുകയും പകര്‍ത്തെടുത്ത കോപ്പികള്‍ നാടിന്‍റെ നാനാഭാഗത്തുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇനി ഖുര്‍ആന്‍ പാരായണം പ്രസ്തുത മുസ്വ്ഹഫുകളിലെ ക്രമമനുസരിച്ചായിരിക്കണമെന്ന് ഖലീഫഃ വിളംബരപ്പെടുത്തുകയും ചെയ്തു. ഉഥ്മാന്‍ ഹഫ്‌സ رضي الله عنها ന്‍റെ കാലത്ത് പല രാജ്യങ്ങളിലേക്കും അയച്ച ഈ മുസ്വ്ഹഫുകളില്‍ നിന്നുള്ള നേര്‍പകര്‍പ്പുകളാണ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്വ്ഹഫുകള്‍. ഇക്കാരണംകൊണ്ടാണ് മുസ്വ്ഹഫുകള്‍ക്ക് ‘ഉഥ്മാനി മുസ്വ്ഹഫ്’ (المصحف العثماني) എന്ന് പറയപ്പെടുന്നത്.
ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലം പകുതിപിന്നിട്ടപ്പോഴേക്കും രാജ്യത്ത് ആഭ്യന്തരകുഴപ്പങ്ങളുണ്ടായി.അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കൊക്കെ വിയോജിപ്പുണ്ടായിരുന്നു. അതോടൊപ്പം അബ്‌ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ അവന്‍ ദുഷിച്ച ചിന്താഗതികള്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഖലീഫയാകേണ്ടത് അലി رَضِيَ اللَّهُ عَنْهُ വാണെന്നും ഉസ്‌മാന്‍, അലിയുടെ ആ പദവി തട്ടിയെടുത്തതാണെന്നും അവന്‍ പ്രചരിപ്പിച്ചു. കുഴപ്പക്കാര്‍ ഉസ്‌മാന്‍ رَضِيَ اللَّهُ عَنْهُ വിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ മദീനയില്‍ എത്തി. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം ഒഴിയുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അവര്‍ അദ്ദേഹത്തിന്റെ വീടുവളഞ്ഞു. ദിവസങ്ങളോളം അദ്ദേഹത്തെ ഉപരോധിച്ചു. ഹിജ്‌റ: 35 ല്‍ ദുല്‍ഹിജ്ജ 18 ന് അവര്‍ വീട്ടിലേക്ക് തള്ളിക്കയറി ദാരുണമാം വിധം അദ്ദേഹത്തെ വധിച്ചു. അന്ന് അദ്ദേഹത്തിന് 82 വയസ്സ് പ്രായമുണ്ടായിരുന്നു. മദീനയിലെ ബഖീഅ് ഖബര്‍സ്ഥാനില്‍ അദ്ദേഹത്തിന്റെ ജനാസ മറമാടി.
ഇന്നും ഉസ്മാൻ رَضِيَ اللَّهُ عَنْهُ വിനെ അധിക്ഷേപിക്കുന്ന കക്ഷികൾ ലോകത്തുണ്ട്. അവർ മുസ്ലിം സമൂഹത്തിലേക്ക് പല പേരുകളിൽ കടന്നു വന്നിട്ടുണ്ട്. അത്തരം ആളുകളുടെ കെണികളിൽ മുസ്ലിംകൾ പെട്ടുപോകരുത്. അത്തരം പിഴച്ച കക്ഷികളിൽ പെട്ട ഒരാൾ പിൽക്കാലത്ത് ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിനോട് ഉസ്മാൻ رَضِيَ اللَّهُ عَنْهُ മോശക്കാരനാണെന്ന തരത്തിൽ സംസാരിക്കുമ്പോൾ അദ്ദേഹം കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ്.
عَنْ عُثْمَانَ بْنِ مَوْهَبٍ، قَالَ جَاءَ رَجُلٌ حَجَّ الْبَيْتَ فَرَأَى قَوْمًا جُلُوسًا فَقَالَ مَنْ هَؤُلاَءِ الْقُعُودُ قَالُوا هَؤُلاَءِ قُرَيْشٌ. قَالَ مَنِ الشَّيْخُ قَالُوا ابْنُ عُمَرَ. فَأَتَاهُ فَقَالَ إِنِّي سَائِلُكَ عَنْ شَىْءٍ أَتُحَدِّثُنِي، قَالَ أَنْشُدُكَ بِحُرْمَةِ هَذَا الْبَيْتِ أَتَعْلَمُ أَنَّ عُثْمَانَ بْنَ عَفَّانَ فَرَّ يَوْمَ أُحُدٍ قَالَ نَعَمْ. قَالَ فَتَعْلَمُهُ تَغَيَّبَ عَنْ بَدْرٍ فَلَمْ يَشْهَدْهَا قَالَ نَعَمْ. قَالَ فَتَعْلَمُ أَنَّهُ تَخَلَّفَ عَنْ بَيْعَةِ الرُّضْوَانِ فَلَمْ يَشْهَدْهَا قَالَ نَعَمْ. قَالَ فَكَبَّرَ. قَالَ ابْنُ عُمَرَ تَعَالَ لأُخْبِرَكَ وَلأُبَيِّنَ لَكَ عَمَّا سَأَلْتَنِي عَنْهُ، أَمَّا فِرَارُهُ يَوْمَ أُحُدٍ فَأَشْهَدُ أَنَّ اللَّهَ عَفَا عَنْهُ، وَأَمَّا تَغَيُّبُهُ عَنْ بَدْرٍ فَإِنَّهُ كَانَ تَحْتَهُ بِنْتُ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ مَرِيضَةً، فَقَالَ لَهُ النَّبِيُّ صلى الله عليه وسلم ” إِنَّ لَكَ أَجْرَ رَجُلٍ مِمَّنْ شَهِدَ بَدْرًا وَسَهْمَهُ ”. وَأَمَّا تَغَيُّبُهُ عَنْ بَيْعَةِ الرُّضْوَانِ فَإِنَّهُ لَوْ كَانَ أَحَدٌ أَعَزَّ بِبَطْنِ مَكَّةَ مِنْ عُثْمَانَ بْنِ عَفَّانَ لَبَعَثَهُ مَكَانَهُ، فَبَعَثَ عُثْمَانَ، وَكَانَ بَيْعَةُ الرُّضْوَانِ بَعْدَ مَا ذَهَبَ عُثْمَانُ إِلَى مَكَّةَ فَقَالَ النَّبِيُّ صلى الله عليه وسلم بِيَدِهِ الْيُمْنَى ” هَذِهِ يَدُ عُثْمَانَ ”. فَضَرَبَ بِهَا عَلَى يَدِهِ فَقَالَ ” هَذِهِ لِعُثْمَانَ ”. اذْهَبْ بِهَذَا الآنَ مَعَكَ.
ഉസ്മാൻ ബ്നു മവ്ഹബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: (അല്ലാഹുവിന്റെ) ഭവനത്തിൽ ഹജ്ജ് നിർവഹിക്കാൻ ഒരാൾ വന്നു. ചിലർ ഇരിക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞു: “ആരാണ് ഈ ഇരിക്കുന്നവർ?”. ചിലർ പറഞ്ഞു: അവർ ഖുറൈശികളുടെ ആളുകളാണ്. അയാൾ പറഞ്ഞു: “ആരാണ് ഈ വൃദ്ധൻ?” അവർ പറഞ്ഞു: ഇബ്നു ഉമർ. അയാൾ ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു: എനിക്ക് താങ്കളോട് ഒരു കാര്യം ചോദിക്കാനുണ്ട്, അതിനെക്കുറിച്ച് എനിക്ക് പറഞ്ഞുതരുമോ? ഈ (പവിത്രമായ) ഭവനത്തിന്റെ പവിത്രതയോടുള്ള ബഹുമാനത്തോടെ ഞാൻ നിങ്ങളോട് ചോദിക്കുന്നു, ഉസ്മാൻ ബ്നു അഫ്ഫാൻ ഉഹ്ദ് ദിനത്തിൽ പിന്തിരിഞ്ഞോടിയില്ലെയോ? ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അതെ. അയാൾ ചോദിച്ചു: അദ്ദേഹം (ഉസ്മാൻ) ബദ്ർ (യുദ്ധത്തിൽ) പങ്കെടുത്തിട്ടില്ലെന്നത് നിങ്ങൾക്കറിയാമോ? ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അതെ. അയാൾ ചോദിച്ചു: ബൈഅത്തു രിള്’വാനിൽ (ഹുദൈബിയയിലെ പ്രതിജ്ഞ) പങ്കെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നും, അദ്ദേഹം അതിന് സാക്ഷ്യം വഹിച്ചില്ലെന്നും നിങ്ങൾക്കറിയാമോ? ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അതെ. അയാൾ പറഞ്ഞു: അല്ലാഹു അക്ബർ. ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: (അവിടെ നിൽക്കൂ); നിങ്ങൾ ചോദിച്ചത് ഞാൻ നിങ്ങളെ അറിയിക്കുകയും വിശദീകരിക്കുകയും ചെയ്യാം. ഉഹ്ദ് ദിനത്തിൽ അദ്ദേഹം (ഉസ്മാനൻ) ഓടിപ്പോയതിനെ സംബന്ധിച്ചിടത്തോളം, അല്ലാഹു അദ്ദേഹത്തിന് മാപ്പ് നൽകിയെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ബദ്‌റിലെ അദ്ദേഹത്തിന്റ അഭാവത്തിന്റെ കാരണം, അദ്ദേഹം അല്ലാഹുവിന്റെ റസൂലിന്റെ മകളെ വിവാഹം ചെയ്തിരുന്നു. അവർ രോഗിയായിരുന്നു. (അവരെ അദ്ദേഹത്തിന് പരിചരിക്കേണ്ടി വന്നു). നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ബദ്‌റിൽ സന്നിഹിതനായ ഒരാളുടെ പ്രതിഫലവും അവന്റെ ഓഹരിയും നിങ്ങൾക്കുമുണ്ട്. ബൈഅത്തു രിള്’വാനിലെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ സംബന്ധിച്ചിടത്തോളം, ഉസ്മാൻ ബ്നു അഫ്ഫാനെക്കാൾ മക്കക്കാർ ബഹുമാനിക്കുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഉസ്മാന് പകരം ആ മനുഷ്യനെ പ്രവാചകൻ അയക്കുമായിരുന്നു. അങ്ങനെ നബി ﷺ അദ്ദേഹത്തെ (ഉസ്മാനെ മക്കയിലേക്ക്) അയച്ചു, ഉസ്മാൻ മക്കയിലേക്ക് പോയതിന് ശേഷം ബൈഅത്തു രിള്’വാൻ നടന്നു. നബി ﷺ തന്റെ വലതുകൈ ഉയർത്തി പറഞ്ഞു. ‘ഇത് ഉസ്മാന്റെ കൈയാണ്,’ അത് തന്റെ മറ്റേ കൈയ്യിൽ തട്ടികൊണ്ട് പറഞ്ഞു: “ഇത് ഉസ്മാന് വേണ്ടിയുള്ളതാണ്.’ “ഇബ്നു ഉമർ ( ആ മനുഷ്യനോട്) പറഞ്ഞു: ഈ വിവരങ്ങൾ എടുത്ത ശേഷം ഇപ്പോൾ പോകൂ. (ബുഖാരി:4066)
kanzululoom.com