പ്രപഞ്ചവും അതിന്റെ പ്രകൃതിയും

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

ആകാശം, ഭൂമി, ഗോളങ്ങൾ, മൃഗങ്ങൾ, മരങ്ങൾ, കര, കടൽ, മലക്കുകൾ മനുഷ്യർ ജിന്നുകൾ തുടങ്ങി പ്രപഞ്ചത്തിലുള്ളവയെല്ലാം അല്ലാഹുവിന്ന് കീഴ്പ്പെടുന്നവരാണ്. അല്ലെങ്കിൽ കീഴ്പ്പെടേണ്ടവരാണ്. അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ കൽപനയത്രെ അത്.

أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ

അപ്പോള്‍ അല്ലാഹുവിന്‍റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (ഖു൪ആന്‍:2/83)

മനുഷ്യരടക്കം ആകാശ ഭൂമികളിലുള്ളവരെല്ലാം തന്നെ അല്ലാഹു നിശ്ചയിച്ചു വെച്ച നിയമ വ്യവസ്ഥകള്‍ക്ക് വിധേയരായിക്കൊണ്ടാണ് നിലകൊള്ളുന്നത്. ഇഷ്ടപ്രകാരമായാലും ശരി നിര്‍ബ്ബന്ധിതമായിട്ടായാലും ശരി, ആ നിയമവ്യവസ്ഥക്ക് കീഴൊതുങ്ങുകയല്ലാതെ ഒരാള്‍ക്കും ഗത്യന്തരമില്ല.

അനുസരണപൂര്‍വ്വമോ നിര്‍ബന്ധ പൂര്‍വ്വമോ ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന് കീഴൊതുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം എല്ലാവരും അവന്‍റെ ഭരണ വ്യവസ്ഥകള്‍ക്കും അവന്‍ നിയമിച്ച പ്രകൃതി വ്യവസ്ഥകള്‍ക്കും തികച്ചും വിധേയരായിക്കൊണ്ടല്ലാതെ, അതില്‍നിന്ന് സ്വല്‍പെമങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു മിടിയിടപോലും നിലകൊള്ളുവാന്‍ ആര്‍ക്കും സാധ്യമല്ല എന്നത്രെ. സത്യവിശ്വാസി, അവിശ്വാസി, പ്രകൃതിവാദി, ബഹുദൈവവാദി, ദൈവനിഷേധീ എന്നിങ്ങനെയുള്ള തരവ്യത്യാസങ്ങളോ, മനുഷ്യന്‍, ജിന്നുകള്‍, മലക്കുകള്‍, ജീവജന്തുക്കള്‍, നിര്‍ജ്ജീവ വസ്തുക്കള്‍ എന്നിങ്ങനെയുള്ള വര്‍ഗ വ്യത്യാസമോ കൂടാതെ സകലവസ്തുക്കളും ഈ അര്‍ത്ഥത്തില്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടവരാകുന്നു. (അമാനി തഫ്സീര്‍)

وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَٰنِتُونَ

അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു. (ഖു൪ആന്‍:2/116)

وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു.) അവര്‍ അഹങ്കാരം നടിക്കുന്നില്ല. (ഖു൪ആന്‍:16/49)

ആകാശഭൂമികളില്‍ ജീവവസ്തുക്കളായി അല്ലാഹു സൃഷ്‌ടിച്ച എല്ലാ വസ്തുക്കളും – ആത്മീയ ജീവികളായ മലക്കുകള്‍പോലും – അല്ലാഹുവിന്റെ നിയമ ചട്ടങ്ങള്‍ക്കു തികച്ചും കീഴൊതുങ്ങിയും അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങിയുംകൊണ്ടാണ് കഴിയുന്നത്. ആരും ഇതില്‍നിന്നു ഒഴിവില്ല. അപ്പോള്‍, വിശേഷബുദ്ധിയും, അഭിപ്രായ സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ പ്രത്യേകിച്ചും അവന്റെ മുമ്പില്‍ തലകുനിക്കുവാനും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങളനുസരിച്ചു ജീവിക്കുവാനും അര്‍ഹരല്ലേ? (അമാനി തഫ്സീര്‍)

أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (ഖു൪ആന്‍:22/18)

ജീവി, നിര്‍ജീവി, വിശേഷബുദ്ധിയുള്ളത്, ഇല്ലാത്തത്, ചെറിയത്, വലിയത് എന്നീ വ്യത്യാസങ്ങളോ, ജഡവസ്തു, ആത്മീയവസ്തു, ഭൂലോകവസ്തു, ഉപരിലോകവസ്തു എന്നിങ്ങനെയുള്ള വ്യത്യാസങ്ങളോ കൂടാതെ, സകലവസ്തുക്കളും അല്ലാഹുവിന് സുജൂദ് ചെയ്യുന്നവയാണ്. ഓരോന്നും, അതതില്‍നിന്ന് അവന്‍ ഉദ്ദേശിക്കുന്നപ്രകാരം അവന്റെ സര്‍വ്വനിയമത്തിനും, ചട്ടത്തിനും തികച്ചും വിധേയമാണ്. അതില്‍നിന്ന് അല്‍പംപോലും പതറുവാന്‍ അവയ്ക്ക് സാധ്യമല്ല …….

അല്ലാഹുവിന്റെ ഭരണ വ്യവസ്ഥയും, ഓരോ വസ്തുവിനും അവന്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള പ്രകൃതി നിയമവും അനുസരിക്കുക, അതിന് പൂര്‍ണ്ണവിധേയമായി നിലകൊള്ളുക, എന്നീ അര്‍ത്ഥത്തിലുള്ള സുജൂദിന് (തലകുനിക്കലിന്) മേല്‍പറഞ്ഞ എല്ലാ വസ്തുക്കളും വിധേയരാകുന്നു. യാതൊന്നും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ഓരോന്നിന്റെയും സുജൂദ് എപ്രകാരം പ്രകടമാക്കുമെന്ന് തിട്ടപ്പെടുത്തുവാന്‍ നമുക്ക് കഴിവില്ല. അവയുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന്നേ അതറിയുകയുള്ളു …….

എന്നാല്‍, വിശേഷബുദ്ധിയുള്ളവരോട് – മനുഷ്യരോട് വിശേഷവും – മേല്‍പറഞ്ഞ അനുസരണമാകുന്ന സുജൂദിന് പുറമെ, കീഴ്വണക്കത്തിന്റെ – അഥവാ ആരാധനയുടെ – സുജൂദുകൂടി കല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ അതിന് കടമപ്പെട്ടവരുമാകുന്നു. ഈ സുജൂദിന്റെ നിര്‍വ്വഹണത്തില്‍ മനുഷ്യന് താല്‍ക്കാലിക സ്വാതന്ത്രം (الاختيار) അനുവദിക്കപ്പെട്ടിരിക്കുകയാണ്. അതു നിര്‍വ്വഹിക്കുവാനും, നിര്‍വ്വഹിക്കാതിരിക്കുവാനും അവന് സാധിക്കുന്നു …….

അല്ലാഹുവിന്റെ കല്‍പന അനുസരിക്കാതെ, അവന്റെ മുമ്പില്‍ തലകുനിക്കാതെ ആരുണ്ടോ, അവന്‍ നിന്ദ്യനും, നികൃഷ്ടനുമാണ്. അല്ലാഹുവില്‍നിന്ന് നിന്ദ്യതയുടെ മുദ്ര അടിക്കപ്പെട്ടിട്ടുള്ളവനെ ഒരു കാലത്തും ഉന്നതിയിലേക്കും, മാന്യതയിലേക്കും കൊണ്ടുവരുക ആരാലും സാധ്യമല്ല. (അമാനി തഫ്സീര്‍)

وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ

അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു.) (ഖു൪ആന്‍:13/15)

അല്ലാഹുവിന്റെ ആധിപത്യത്തിന് വഴിപ്പെട്ടവയാണ് എല്ലാം. അല്ലാഹുവിന്റെ ഉദ്ദേശപ്രകാരവും കൽപനപ്രകാരവും അവ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്വം അവ നിർവഹിക്കുന്നു. കൃത്യവും സസൂക്ഷ്‌മവുമായ വ്യവസ്ഥയിലൂടെയാണ് എല്ലാം.

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا ‎

ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:17/44)

സംസാരിക്കുന്നവയും അല്ലാത്തവയും ജീവനുള്ളതും ഇല്ലാത്തവയും റബ്ബിന്റെ പ്രാപഞ്ചിക കൽപനകൾക്ക് വിധേയമാണ് എന്നു പറഞ്ഞാൽ സർവതും അല്ലാഹുവിന്റെ ഖാലിഖിയ്യത്തിനേയും (സ്യഷ്ടിപ്പ്) തദ്ബീറിനേയും (നിയന്ത്രണം) അംഗീകരിക്കുന്നവയാണ് എന്നർത്ഥം.

ശൈഖുൽ ഇസ്‌ലാം ഇബ്നു‌ തൈമിയ്യ رحمه الله പറയുന്നു.അല്ലാഹു പരിശുദ്ധവാനാണ്. അവൻ ഏകനും അടക്കി ഭരിക്കുന്നവനും  സ്യഷ്ട‌ാവും രൂപപ്പെടുത്തുന്നവനുമാണ്. അവനല്ലാത്തവരെല്ലാം സൃഷ്ടികളും ആവശ്യക്കാരും ഭരിക്കുന്നവരുമാണ്. അവൻ റബ്ബുൽ ആലമീനാണ്. അവനെക്കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവും ഇല്ല. പ്രപഞ്ചത്തിലുള്ളതെല്ലാം അവന് കീഴൊതുങ്ങിയവരാണ്. സ്വമേധയാലോ നിർബന്ധത്താലോ അല്ലാഹുവിൻ്റെ തീരുമാനങ്ങളിൽ നിന്നും നിശ്ചയങ്ങളിൽനിന്നും പുറത്തുപോകാൻ ഒരു സൃഷ്ടിക്കും സാധ്യമല്ല. (മജ്‌മൂഉൽ ഫതാവാ: 10/200)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.