തൗഹീദ് : പഠനവും പ്രവര്‍ത്തനവും

മുഹമ്മദ്  നബി ﷺ മക്കയിൽ ജനങ്ങളെ  13 വർഷക്കാലം തൗഹീദിലേക്ക് ക്ഷണിച്ചു. അതിന്റെ പേരിൽ നബി ﷺയും സ്വഹാബികളും നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും, മദീനയിലേക്ക് ഹിജ്റ നടത്തുകയും ചെയ്തു. അതിന് ശേഷം മദീനയിൽ വെച്ച് വിശുദ്ധ ഖുർആനിൽ അല്ലാഹു  കല്‍പ്പിക്കുന്നത് കാണുക:

فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ അറിയുക. (ഖു൪ആന്‍:47/19)

തൗഹീദിന്റെ പേരിൽ നാടും കുടുംബവും വെടിഞ്ഞ ഒരു സമൂഹത്തോട് നിങ്ങൾ ‘തൗഹീദ് പഠിക്കണം’ എന്ന് കൽപ്പിക്കുന്നത്.

الْعِلْمُ لَا بُدَّ فِيهِ مِنْ إِقْرَارِ الْقَلْبِ وَمَعْرِفَتِهِ، بِمَعْنَى مَا طَلَبَ مِنْهُ عِلْمُهُ، وَتَمَامُهُ أَنْ يَعْمَلَ بِمُقْتَضَاهُ. وَهَذَا الْعِلْمُ الَّذِي أَمَرَ اللَّهُ بِهِ -وَهُوَ الْعِلْمُ بِتَوْحِيدِ اللَّهِ- فَرْضُ عَيْنٍ عَلَى كُلِّ إِنْسَانٍ، لَا يَسْقُطُ عَنْ أَحَدٍ، كَائِنًا مَنْ كَانَ، بَلْ كُلُّ مُضْطَرٍّ إِلَى ذَلِكَ.

ഹൃദയത്തിന്റെ അംഗീകാരവും, അറിവ് താൽപര്യപ്പെടുന്നത് മനസ്സിലാക്കലും അറിവിൽ അനിവാര്യമാണ്  അതനുസരിച്ച് പ്രവർത്തിക്കുകകൂടി ചെയ്യുമ്പോൾ അറിവ് പൂർത്തിയായി. ഇതാണ് അല്ലാഹു നിർദേശിച്ച അറിവ് എന്നത്. ആ അറിവ് അവന്റെ ഏകത്വത്തെക്കുറിച്ചുള്ളതാണ്. എല്ലാ മനുഷ്യനും നിർബന്ധമായ അറിവ്. ഒരാൾക്കും അത് നഷ്ടപ്പെട്ടുകൂടാ. എല്ലാവരും അത് അറിയാൻ നിർബന്ധിതരാണ്. (തഫ്സീറുസ്സഅ്ദി)

അപ്പോൾ തൗഹീദിന്റെ വാക്യമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അര്‍ത്ഥവും ആശയവും പഠിക്കണം. അല്ലാഹുവിന്റെ മഹത്വവും പൂർണതയും മനസ്സിലാക്കിത്തരുന്ന അവന്റെ നാമങ്ങൾ, വിശേഷണങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കണം. അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും അവനുള്ള ആരാധനകൾ നിഷ്കളങ്കമാക്കുന്നതിനും വേണ്ട കാര്യങ്ങൾ പഠിക്കണം. അല്ലാഹുവിനെ ഏകനാക്കേണ്ട ഇബാദത്തുകൾ ഏതെല്ലാമാണെന്ന് പഠിക്കണം. ഇവയെല്ലാം അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാകുന്നു. മാത്രമല്ല, തൗഹീദിന്റെ പൂർത്തീകരണത്തിന് ആവശ്യമായ പഠനമാണ് ഇതെല്ലാം.

عَنْ عُثْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ ‏.‏

ഉസ്മാന്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് അറിഞ്ഞുകൊണ്ടാണ് മരണപ്പെട്ടത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. (മുസ്‌ലിം: 26)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

അബൂഹുറൈററ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്‌, നൂറിൽ നിന്ന് ഒന്ന് കുറവ്‌ , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി:2736)

. قال الإمام ابن القيم رحمه الله في معنى الإحصاء أنه ثلاث مراتب: 1- إحصاء ألفاظها وعدها. 2- فهم معانيها ومدلولها. 3- دعاء الله سبحانه وتعالى بها والتعبد بمقتضاها

ഇമാം ഇബ്‌നുല്‍ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെ ഇഹ്‌സ്വാഅ് ചെയ്യല്‍ ചില മര്‍തബകളിലായിട്ടാണ്. അവ ഇപ്രകാരമാണ്:

ഒന്ന്: അവ എണ്ണിത്തിട്ടപ്പെടുത്തുകയും (പഠിച്ച്) മനഃപാഠമാക്കുകയും ചെയ്യുക.
രണ്ട്: അവയുടെ അര്‍ത്ഥവും (ആശയവും) തേട്ടവും അറിയുക.
മൂന്ന്: അവകൊണ്ട് ദുആഅ് ചെയ്യുക.

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഉണ്ടെന്നും, അവ സൂക്ഷ്‌മമായി പഠിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും നബി ﷺ അരുളിച്ചെയ്‌തതായി അബൂഹുറൈററ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ബുഖാരിയും, മുസ്‌ലിമും (رحمهما الله) രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ഗ്രഹിക്കുകയും, അവയെക്കുറിച്ചു ബോധവാനായിരിക്കുകയും ചെയ്യുക എന്നത്രെ, അവയെ സൂക്ഷിച്ചു പഠിക്കുക എന്നതിന്റെ താല്‍പര്യം. അല്ലാതെ – ചിലര്‍ ധരിച്ചുവശായതുപോലെ – ആ പേരുകള്‍ മനഃപ്പാഠമാക്കിവെച്ചു ഉരുവിടുക എന്നല്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അല്ലാഹുവിന്റെ വിശേഷഗുണങ്ങൾ അറിയുക എന്നത് പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിലെ കാരണങ്ങളിൽ ഒന്നാണ്:

اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖുര്‍ആൻ:65/12)

അല്ലാഹുവിനെ കുറിച്ച്  നേടുന്ന ഈ അറിവാണ് തഖ്‌വയുടെ പ്രേരണ.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا

നബി ﷺ പറഞ്ഞു: നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവും സൂക്ഷിക്കുന്നതും, അവനെ കുറിച്ച് ഏറ്റവും അറിവുള്ളതും എനിക്കാണ്. (ബുഖാരി: 20)

തൗഹീദിനെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗം തന്നെയാണ് തൗഹീദിന് വിരുദ്ധമാകുന്ന കാര്യങ്ങളെ കുറിച്ചുള്ള പഠനവും. തൗഹീദിന് എതിരാകുന്ന ശിർകിനെ കുറിച്ച് അറിഞ്ഞില്ലെങ്കിൽ അതിൽ വീണുപോകാൻ സാധ്യതയുണ്ട്. ശിർകിനെ കുറിച്ചും, എപ്പോഴാണ് ശിർക് സംഭവിക്കുക എന്നും, ശിർകിലേക്ക് നയിക്കുന്ന വഴികൾ ഏതെല്ലാമാണെന്നും പഠിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.

قَالَ عُمَرُ بْنُ الخَطَّابِ: إِنَّمَا تُنْقَضُ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ.

ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ജാഹിലിയത്ത് എന്താണെന്ന് മനസ്സിലാക്കാത്തവർ ഇസ്ലാമിക സമൂഹത്തിൽ വളർന്നു വന്നാൽ ഇസ്ലാമിന്റെ ഇഴകള്‍ (പിരികള്‍) ഓരോന്നായി അഴിഞ്ഞ് പോകും.

തൗഹീദ് മനസ്സിലാക്കി കഴിഞ്ഞാൽ അത് പ്രാവർത്തികമാക്കുക എന്നത് പ്രധാനമാണ്. അറിഞ്ഞത് പ്രവർത്തിച്ചില്ലെങ്കിൽ അത് കൊണ്ട് യാതൊരു ഉപകാരവും പരലോകത്ത് ഉണ്ടാകുന്നതല്ല. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഈ രണ്ട് അടിസ്ഥാനങ്ങൾ തൗഹീദിന്റെ അടിത്തറയാണ്.

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدُونِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി… ……….(ഖു൪ആന്‍:16/36)

അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കുക എന്നീ രണ്ട് അടിസ്ഥാനങ്ങളിൽ സംഭവിക്കുന്ന വീഴ്ച വളരെ ഗുരുതരമാണ്. അത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാനുള്ള കവാടമാണ്.

ഈ രണ്ട് അടിസ്ഥാനങ്ങളും പാലിക്കുന്നവര്‍ക്ക് ഉന്നതമായ പ്രതിഫലമുണ്ട്. . അവർ ഒരിക്കലും നരകത്തിൽ ശാശ്വതരാകില്ല. മറ്റ് തിന്മകൾ അവർ ചെയ്തിട്ടുണ്ടെങ്കിൽ ഒന്നുകിൽ അല്ലാഹു അവർക്ക് പൊറുത്തു നൽകിയേക്കാം. അല്ലെങ്കിൽ അവരെ നിശ്ചിത കാലാവധി വരെ നരകത്തിൽ ശിക്ഷിച്ചതിന് ശേഷം പിന്നീട് അവന്റെ കാരുണ്യത്താൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ شَعِيرَةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ بُرَّةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ ذَرَّةٍ مِنْ خَيْرٍ ‏”‏‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്; അവന്റെ ഹൃദയത്തിൽ ഒരു ഗോതമ്പ് മണിയോളം നന്മയെങ്കിലും ഉണ്ടെങ്കിൽ. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്; അവന്റെ ഹൃദയത്തിൽ ഒരു ചോളമണിയോളം നന്മയുണ്ടെങ്കിൽ. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവർ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്; അവന്റെ ഹൃദയത്തിൽ ഒരു ചെറിയ ഉറുമ്പിനോളം നന്മയുണ്ടെങ്കിൽ. (ബുഖാരി: 44)

അല്ലാഹു നിർബന്ധമാക്കിയ കൽപ്പനകൾ പ്രവർത്തിക്കുകയും, അവൻ നിഷിദ്ധമാക്കിയ  കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക എന്നത് പ്രവര്‍ത്തിക്കേണ്ട തൗഹീദിൽ പെട്ടതാണ്. അഞ്ച് നേരത്തെ നിസ്കാരവും സകാത്തും റമദാനിലെ നോമ്പുമെല്ലാം നിർബന്ധമായ കൽപ്പനകളിൽ പെട്ടതാണ്; അവയെല്ലാം അല്ലാഹു കൽപ്പിച്ചതു പോലെ പ്രാവർത്തികമാക്കുക. നിഷിദ്ധമാക്കിയ കാര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക. ഇവര്‍ക്കുള്ള പ്രതിഫലം സ്വർഗമാണ്. അയാൾ ഒരിക്കലും നരകത്തിൽ പ്രവേശിക്കപ്പെടുകയില്ല.

عَنْ طَلْحَةَ بْنِ عُبَيْدِ اللَّهِ، قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم مِنْ أَهْلِ نَجْدٍ، ثَائِرُ الرَّأْسِ، يُسْمَعُ دَوِيُّ صَوْتِهِ، وَلاَ يُفْقَهُ مَا يَقُولُ حَتَّى دَنَا، فَإِذَا هُوَ يَسْأَلُ عَنِ الإِسْلاَمِ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ‏”‏ خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ ‏”‏‏.‏ فَقَالَ هَلْ عَلَىَّ غَيْرُهَا قَالَ ‏”‏ لاَ، إِلاَّ أَنْ تَطَوَّعَ ‏”‏‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَصِيَامُ رَمَضَانَ ‏”‏‏.‏ قَالَ هَلْ عَلَىَّ غَيْرُهُ قَالَ ‏”‏ لاَ، إِلاَّ أَنْ تَطَوَّعَ ‏”‏‏.‏ قَالَ وَذَكَرَ لَهُ رَسُولُ اللَّهِ صلى الله عليه وسلم الزَّكَاةَ‏.‏ قَالَ هَلْ عَلَىَّ غَيْرُهَا قَالَ ‏”‏ لاَ، إِلاَّ أَنْ تَطَوَّعَ ‏”‏‏.‏ قَالَ فَأَدْبَرَ الرَّجُلُ وَهُوَ يَقُولُ وَاللَّهِ لاَ أَزِيدُ عَلَى هَذَا وَلاَ أَنْقُصُ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَفْلَحَ إِنْ صَدَقَ ‏”‏‏.‏

ത്വൽഹത്ത്ബ്നു ഉബൈദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: പാറിപ്പറക്കുന്ന മുടിയുമായി നജ്ദ് പ്രദേശത്തുനിന്ന് ഒരാൾ നബി ﷺ യുടെ അടുത്തുവന്നു. അയാളുടെ ശബ്ദത്തിന്റെ മുഴക്കം കേൾക്കുമായിരുന്നു. അയാൾ പറയുന്നതെന്തെന്ന് മനസ്സിലാകുമായിരുന്നില്ല. അടുത്തേക്ക് വന്ന് ഇസ്‌ലാമിനെക്കുറിച്ച് ചോദിച്ചു തുടങ്ങി. അപ്പോൾ നബി ﷺ പറഞ്ഞു: ഒരു ദിവസം രാപ്പകലുകളിലായി അഞ്ചു തവണ നമസ്കരിക്കണം. അപ്പോൾ അദ്ദേഹം ചോദിച്ചു. അതല്ലാത്തതെന്തെങ്കിലും എനിക്ക് നിർബന്ധമുണ്ടോ? നബി ﷺ പറഞ്ഞു. ഇല്ല, നീ ഐഛികമായി നിർവ്വഹിക്കുന്നതൊഴികെ. നബി ﷺ തുടർന്നു പറഞ്ഞു. റമദാൻ വ്രതവും (നിർബന്ധമാണ്). അയാൾ ചോദിച്ചു. അതല്ലാത്തതെന്തെങ്കിലും എനിക്ക് നിർബന്ധമുണ്ടോ? നബി ﷺ പറഞ്ഞു. ഇല്ല, ഐഛികമായി നീ നിർവ്വഹിക്കുന്നതൊഴികെ. ത്വൽഹത്ത് رَضِيَ اللَّهُ عَنْهُ പറയുന്നു. പിന്നീട് സക്കാത്തിനെ കുറിച്ച് നബി ﷺ അദ്ദേഹത്തോട് പറഞ്ഞു. ഇതല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? അദ്ദേഹം ചോദിച്ചു. നബി ﷺ പറഞ്ഞു. ഇല്ല, ഐഛികമായി നീ ചെയ്യുന്നതൊഴികെ. ത്വൽഹത്ത് رَضِيَ اللَّهُ عَنْهُ പറയുന്നു. അല്ലാഹുവാണ സത്യം, ഞാൻ ഇതിൽ കൂടുതലാക്കുകയോ കുറക്കുകയോ ചെയ്യുകയില്ല എന്ന്പറഞ്ഞു കൊണ്ട് അയാൾ തിരിച്ചുപോയി. നബി ﷺ പറഞ്ഞു. അയാൾ പറഞ്ഞത് ശരിയാണെങ്കിൽ അയാൾ വിജയിച്ചു (അയാൾക്ക് സ്വര്‍ഗം ലഭിക്കും). (ബുഖാരി: 46)

അപ്രകാരംതന്ന സുന്നത്തായ കർമ്മങ്ങൾ ഒരാൾ ശ്രദ്ധിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതും, മക്രൂഹായ  കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതും പ്രവര്‍ത്തിക്കേണ്ട തൗഹീദിൽ പെട്ടതാണ്. അല്ലാഹുവിന്റെ കൽപ്പനകൾ ഒന്നു പോലും വിട്ടൊഴിയാതെ നിറവേറ്റാൻ പരിശ്രമിക്കുക. അങ്ങനെ പരിപൂർണ്ണ അടിമയായി മാറുക. ഹൃദയം അല്ലാഹുവിൽ മാത്രം കേന്ദ്രീകരിച്ച് അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുക.

ചുരുക്കത്തിൽ മൂന്ന് കാര്യങ്ങളുടെ കലർപ്പുകളിൽ നിന്ന് തൗഹീദിനെ കാത്തുരക്ഷിച്ചവൻ തൗഹീദ് സാക്ഷാത്കരിച്ചിരിക്കുന്നു.

(1) ശിർക് (അല്ലാഹുവിൽ പങ്ക് ചേര്‍ക്കൽ)

(2) ബിദ്അത് (മതത്തിൽ പഠിപ്പിക്കപ്പെടാത്ത പുത്തനാചാരങ്ങൾ)

(3) തിന്മകൾ

ഒരാളിൽ വലിയ ശിർക് സംഭവിച്ചാൽ അത് അവന്റെ തൗഹീദിനെ തീർത്തും ഇല്ലാതെയാക്കും. ചെറിയ ശിർക് തൗഹീദിലുണ്ടായിരിക്കേണ്ട പൂർണ്ണതയെ നശിപ്പിക്കും. ബിദ്അതുകൾ തൗഹീദിന്റെ അന്തസ്സത്തയെ അപകടപ്പെടുത്തും. തിന്മകൾ തൗഹീദിന്റെ പ്രതിഫലത്തിൽ കുറവ് വരുത്തുകയും ചെയ്യും. ഈ പറഞ്ഞതിൽ നിന്നെല്ലാം ഒരാൾ ശുദ്ധമായാൽ അയാളുടെ തൗഹീദ് പൂർണ്ണവും സുരക്ഷിതവുമാകും.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *