മസ്ജിദുൽ ഹറം ജുമുഅ ഖുതുബ – 05 ഡിസംബർ 2025
ഖത്വീബ് : ശൈഖ് ബന്ദർ ബലീല
ഒന്നാം ഖുതുബ
അൽഹംദുലില്ലാഹ്. സർവ്വ സ്തുതികളും അല്ലാഹുവിനാണ്. സജ്ജനങ്ങളുടെ സംരക്ഷകനും, പശ്ചാത്തപിക്കുന്നവരെ സ്വീകരിക്കുന്നവനും, മനസ്സ് തകർന്നവരെ ആശ്വസിപ്പിക്കുന്നവനുമായ അല്ലാഹുവിന് സ്തുതി. അങ്ങേയറ്റം വിനയത്തോടുകൂടിയുള്ള സ്തുതികൾ അവന് നാം അർപ്പിക്കുന്നു. സാമീപ്യം സിദ്ധിച്ചവർ (മുഖർറബൂൻ) നന്ദി കാണിക്കുന്നത് പോലെ നാം അവനോട് നന്ദി കാണിക്കുന്നു. അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവർ പാപമോചനം തേടുന്നത് പോലെ നാം അവനോട് പാപമോചനം തേടുന്നു.
ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ പാപികൾക്ക് സാവകാശം നൽകി, അശ്രദ്ധരായവരെ പിന്തിപ്പിച്ചു, അവനിലേക്ക് മുന്നിട്ടു വരുന്നവർക്ക് പ്രതീക്ഷ നൽകി.
മുഹമ്മദ് നബി ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അന്ത്യനാളിന് മുമ്പായി ലോകർക്ക് കാരുണ്യമായും സൃഷ്ടികൾക്കാകമാനം മാർഗ്ഗദർശിയായും അല്ലാഹു അവിടുത്തെ നിയോഗിച്ചു. അവിടുത്തെ മേലും, അവിടുത്തെ പരിശുദ്ധരായ കുടുംബാംഗങ്ങൾ, ഉത്തമരായ സ്വഹാബികൾ, അന്ത്യനാൾ വരെ അവരെ നന്മയിൽ പിൻപറ്റിയവർ എന്നിവരുടെ മേലും അല്ലാഹുവിന്റെ സ്വലാത്തും സലാം (രക്ഷയും സമാധാനവും) ബറകത്തും ഉണ്ടാകട്ടെ.
ജനങ്ങളേ, എന്നോടും നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാൻ വസിയ്യത്ത് ചെയ്യുന്നു. അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമാറാകട്ടെ; നിങ്ങൾ അവനെ സൂക്ഷിക്കുക. നിങ്ങളുടെ റബ്ബിലേക്ക് നിങ്ങൾ മടങ്ങുക. അവന്റെ വിട്ടുവീഴ്ചയും തൃപ്തിയും നിങ്ങൾ തേടുക. അവന്റെ കാരുണ്യവും മാപ്പും തൃപ്തിയും നിങ്ങൾ ആഗ്രഹിക്കുക. തീർച്ചയായും അവനിലേക്ക് (പ്രാർത്ഥനയുമായി) കൈനീട്ടുന്നവരെ അവൻ തളളിക്കളയുകയില്ല. അവനോട് സ്വകാര്യമായി പ്രാർത്ഥിക്കുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നവരെ അവൻ നിരാശരാക്കുകയില്ല.
അല്ലാഹുവിന്റെ ദാസന്മാരേ, നിശ്ചയമായും അല്ലാഹു ഈ നഫ്സിനെ (മനസ്സിനെ) സൃഷ്ടിച്ചിട്ടുള്ളത് ആഗ്രഹങ്ങളിലേക്ക് ചായുന്ന പ്രകൃതത്തോടെയാണ്. ഇച്ഛകൾക്ക് മുമ്പിൽ അത് ദുർബലമാണ്. തിന്മകൾ പ്രവർത്തിക്കാനും തെറ്റുകളിൽ അകപ്പെടാനുമുള്ള പ്രവണത അതിനുണ്ട്. ഇത് വലിയ ചില യുക്തികൾക്കും മഹത്തായ ലക്ഷ്യങ്ങൾക്കും വേണ്ടിയാണ്. അല്ലാഹുവിന്റെ വിട്ടുവീഴ്ച, പാപമോചനം, സഹനം, കാരുണ്യം തുടങ്ങിയ വിശേഷണങ്ങളും അവന്റെ പൂർണ്ണതയുടെ ഗുണങ്ങളും വെളിപ്പെടുക എന്നതാണ് അതിൽ ഏറ്റവും മഹത്തായ കാര്യം.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ وَالَّذِي نَفْسِي بِيَدِهِ لَوْ لَمْ تُذْنِبُوا لَذَهَبَ اللَّهُ بِكُمْ وَلَجَاءَ بِقَوْمٍ يُذْنِبُونَ فَيَسْتَغْفِرُونَ اللَّهَ فَيَغْفِرُ لَهُمْ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നിങ്ങൾ പാപം ചെയ്യുന്നില്ലെങ്കിൽ അല്ലാഹു നിങ്ങളെ നീക്കം ചെയ്യുകയും, പകരം പാപം ചെയ്യുകയും എന്നിട്ട് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്ന മറ്റൊരു ജനതയെ അവൻ കൊണ്ടുവരുന്നതുമാണ്. അപ്പോൾ അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കും. മുസ്ലിം:2749)
അദൃശ്യമായ നിലയിൽ തന്നെ ഭയപ്പെടുന്നവർ ആരാണെന്ന് അല്ലാഹുവിന് അറിയുവാനും, പശ്ചാത്താപം, പാപമോചനം തേടൽ എന്നീ ആരാധനകൾ വഴി ദാസന്മാർ അവനിലേക്ക് അടുക്കുവാനും വേണ്ടിയാണിത്.
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : “ كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ ”
അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ മനുഷ്യരും തെറ്റ് ചെയ്യുന്നവരാണ്. തെറ്റ് ചെയ്യുന്നവരിൽ ഏറ്റവും ഉത്തമർ പശ്ചാത്തപിച്ച് മടങ്ങുന്നവരാണ്. (ഇമാം അഹ്മദ്, തിർമിദി).
അവർക്ക് (തെറ്റുകൾ സംഭവിക്കുമ്പോൾ) ഓർമ്മയുണ്ടാകുവാനും ഗുണപാഠം ഉൾക്കൊള്ളുവാനും വേണ്ടിയാണിത്. അല്ലാഹു ﷻ പറയുന്നു:
إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَٰٓئِفٌ مِّنَ ٱلشَّيْطَٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ
തീ൪ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല ദു൪ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവിനെ കുറിച്ച്) ഓര്‍മ വരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍കാഴ്‌ചയുള്ളവരാകുന്നു. (ഖു൪ആന്‍:7/201)
عن ابن عباس، عن النبي ﷺ قال: مَا مِنْ عَبْدٍ مُؤْمِنٍ إِلا وَلَهُ ذَنْبٌ يَعْتَادُهُ الْفَيْنَةَ بَعْدَ الْفَيْنَةِ، أَوْ ذَنْبٌ هُوَ مُقِيمٌ عَلَيْهِ لا يُفَارِقُهُ حَتَّى يُفَارِقَ، إِنَّ الْمُؤْمِنَ خُلِقَ مُفَتَّنًا تَوَّابًا نَسِيًّا إِذَا ذُكِّرَ ذَكَرَ
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു സത്യവിശ്വാസിക്കും ഒരു പാപമുണ്ടായിരിക്കും. ഇടക്കിടെ അവൻ അത് ചെയ്തുകൊണ്ടിരിക്കും. അല്ലെങ്കിൽ അവൻ സ്ഥിരമായി ചെയ്യുന്ന ഒരു പാപമുണ്ടായിരിക്കും. അവൻ മരിക്കുന്നത് വരെ അത് അവനെ വിട്ടുപിരിയുകയില്ല. നിശ്ചയമായും സത്യവിശ്വാസി പരീക്ഷണങ്ങൾക്ക് വിധേയനാകുന്നവനായും, (എന്നാൽ) പശ്ചാത്തപിക്കുന്നവനായും, (കാര്യങ്ങൾ) മറന്നുപോകുന്നവനായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവനെ ഓർമ്മിപ്പിക്കപ്പെട്ടാൽ അവൻ ഓർക്കുന്നതാണ്. (ത്വബ്റാനി)
അവർ അല്ലാഹുവിലേക്ക് താഴ്മയോടും വിനയത്തോടും കൂടി മടങ്ങുവാനും വേണ്ടിയാണിത്. അല്ലാഹു ﷻ പറയുന്നു:
وَقَطَّعْنَٰهُمْ فِى ٱلْأَرْضِ أُمَمًا ۖ مِّنْهُمُ ٱلصَّٰلِحُونَ وَمِنْهُمْ دُونَ ذَٰلِكَ ۖ وَبَلَوْنَٰهُم بِٱلْحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ സദ്‌വൃത്തരുണ്ട്. അതിന് താഴെയുള്ളവരും അവരിലുണ്ട്. അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി. (ഖു൪ആന്‍:7/168)
ഇവയെല്ലാം (തൗബയും ഇസ്തിഗ്ഫാറും) ഏറ്റവും മഹത്തായ ആരാധനകളിലും, ആകാശഭൂമികളുടെ രക്ഷിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട സാമീപ്യമാർഗ്ഗങ്ങളിലും പെട്ടതാണ്.
ശാരീരിക ഇച്ഛകളെ അതിജയിക്കുന്നതിനും ദേഹേച്ഛകൾക്കെതിരെ വിജയം നേടുന്നതിനും അനുസരിച്ചാണ് അല്ലാഹു ﷻ അവനിലേക്കുള്ള സാമീപ്യം നിശ്ചയിച്ചിരിക്കുന്നത്. ഈ മനുഷ്യ മനസ്സിന്റെ പ്രകൃതത്തെക്കുറിച്ചും, അതിൽ നിക്ഷേപിച്ചിട്ടുള്ള ആഗ്രഹങ്ങളെക്കുറിച്ചും അല്ലാഹുവിന് നന്നായി അറിയാവുന്നതുകൊണ്ട്, സംഭവിച്ചുപോയ പാപങ്ങളെയും തെറ്റുകളെയും പരിഹരിക്കുന്നതിനുള്ള കർമ്മങ്ങളും മാർഗ്ഗങ്ങളും അവൻ അവർക്ക് ഒരുക്കിക്കൊടുത്തിരിക്കുന്നു. അത്തരം മാർഗ്ഗങ്ങളിൽ ഏറ്റവും മഹത്തായതും, ദാസന്മാർക്ക് ഏറ്റവും എളുപ്പമുള്ളതും ലളിതമായതുമായ കാര്യമാണ് ‘തിന്മയെ നന്മ കൊണ്ട് പിന്തുടരുക’ (إتْباعُ السَّيِّئَةِ بِالحَسَنَة) എന്നത്. അതായത്, ഒരു തിന്മ സംഭവിച്ചാൽ അതിന് പിന്നാലെ ഒരു നന്മ ചെയ്യുക. അല്ലാഹു ﷻ പറയുന്നു:
وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ
പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക. തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്. (ഖു൪ആന്‍:11/114)
നബി ﷺ അവിടുത്തെ അനുചരനോട് കൽപ്പിച്ചതും ഇതായിരുന്നു. അല്ലാഹു നബി ﷺ യോട് പറഞ്ഞു:
ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ
ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖു൪ആന്‍:23/96)
عَنْ أَبِي ذَرٍّ، قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم :اتَّقِ اللَّهِ حَيْثُمَا كُنْتَ، وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ
അബൂദർറ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ എന്നോട് പറഞ്ഞു:നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മയെത്തുടർന്ന് നന്മ ചെയ്യുക; അത് (നന്മ) അതിനെ (തിന്മയെ) മായ്ച്ചുകളയും. ജനങ്ങളോട് സൽസ്വഭാവത്തോടെ പെരുമാറുക. (ഇമാം അഹ്മദ് മുസ്നദിൽ ഉദ്ധരിച്ചത്)
ഈ സമുദായത്തിൽ നിന്ന് രക്ഷപ്പെടുന്നവരുടെ ഗുണമായി അല്ലാഹു ഇതിനെ നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു ﷻ പറയുന്നു:
وَٱلَّذِينَ صَبَرُوا۟ ٱبْتِغَآءَ وَجْهِ رَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ أُو۟لَٰٓئِكَ لَهُمْ عُقْبَى ٱلدَّارِ
തങ്ങളുടെ രക്ഷിതാവിന്‍റെ പ്രീതി ആഗ്രഹിച്ച് കൊണ്ട് ക്ഷമ കൈക്കൊള്ളുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും, തിന്‍മയെ നന്മ കൊണ്ട് തടുക്കുകയും ചെയ്യുന്നവര്‍. അത്തരക്കാര്‍ക്ക് അനുകൂലമത്രെ ലോകത്തിന്‍റെ പര്യവസാനം. (ഖു൪ആന്‍:13/22)
മുൻകഴിഞ്ഞുപോയവരുടെ കാര്യത്തിലും അല്ലാഹു ഇത് പറഞ്ഞിട്ടുണ്ട്:
ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ ﴿٥٢﴾ وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ ﴿٥٣﴾ أُو۟لَٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿٥٤﴾
ഇതിന് മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്പെടുന്നവരായിരിക്കുന്നു. അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. (ഖു൪ആന്‍:28/52-54)
അല്ലാഹുവിന്റെ ദാസന്മാരേ, (പ്രായശ്ചിത്തമാകുന്ന) കർമ്മങ്ങൾ നിരവധിയാണ്. സാമീപ്യമാർഗ്ഗങ്ങൾ വൈവിധ്യപൂർണ്ണമാണ്. അവയെല്ലാം ‘തിന്മയെ നന്മ കൊണ്ട് പിന്തുടരുക’ എന്ന ഗണത്തിൽ ഉൾപ്പെടുന്നതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: അല്ലാഹു പാപങ്ങൾ മായ്ച്ചുകളയുകയും പദവികൾ ഉയർത്തുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഞാൻ അറിയിച്ചുതരാതിരിക്കുമോ?” അവർ പറഞ്ഞു: “അതെ, അല്ലാഹുവിന്റെ ദൂതരേ (അറിയിച്ചുതന്നാലും).” അവിടുന്ന് പറഞ്ഞു: “വിഷമകരമായ ഘട്ടങ്ങളിൽ വുദൂ (അംഗശുദ്ധി) പൂർണ്ണമായി നിർവ്വഹിക്കുക, പള്ളികളിലേക്ക് കൂടുതൽ കാൽവെയ്പുകൾ (നടക്കുക), ഒരു നമസ്കാരത്തിന് ശേഷം അടുത്ത നമസ്കാരത്തെ കാത്തിരിക്കുക. അതാണ് ‘രിബാത്വ്’, അതാണ് ‘രിബാത്വ്’ (ശത്രുസങ്കേതങ്ങളിൽ അതിർത്തി കാക്കുന്നതിന് തുല്യമായ പുണ്യം).” (മുസ്ലിം:251)
عَنْ أَبِي ذَرٍّ، يَرْفَعْهُ، قَالَ: ثُمَّ قَالَ بَعْدَ ذَلِكَ: لاَ أَعْلَمُهُ إِلاَّ رَفَعَهُ، قَالَ: إِفْرَاغُكَ مِنْ دَلْوِكَ فِي دَلْوِ أَخِيكَ صَدَقَةٌ، وَأَمْرُكَ بِالْمَعْرُوفِ وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةٌ، وَتَبَسُّمُكَ فِي وَجْهِ أَخِيكَ صَدَقَةٌ، وَإِمَاطَتُكَ الْحَجَرَ وَالشَّوْكَ وَالْعَظْمَ عَنْ طَرِيقِ النَّاسِ لَكَ صَدَقَةٌ، وَهِدَايَتُكَ الرَّجُلَ فِي أَرْضِ الضَّالَّةِ صَدَقَةٌ.
അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് നിന്റെ പാത്രത്തിൽ നിന്ന് (വെള്ളം) ഒഴിച്ചുകൊടുക്കൽ ധർമ്മമാണ്. നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും ധർമ്മമാണ്. നിന്റെ സഹോദരന്റെ മുഖത്തുനോക്കി നീ പുഞ്ചിരിക്കുന്നത് ധർമ്മമാണ്. ജനങ്ങളുടെ വഴിയിൽ നിന്ന് കല്ലും മുള്ളും എല്ലും നീക്കം ചെയ്യുന്നത് നിനക്ക് ധർമ്മമാണ്. വഴിതെറ്റിയ ഒരാൾക്ക് വഴികാണിച്ചുകൊടുക്കുന്നത് നിനക്ക് ധർമ്മമാണ്. (ബുഖാരി, തിർമിദി).
അല്ലാഹു പാപങ്ങൾ പൊറുക്കുകയും തെറ്റുകൾ മായ്ച്ചുകളയുകയും ചെയ്യുന്ന ഇത്തരം കർമ്മങ്ങളിൽ ഏറ്റവും മഹത്തായ കാര്യം ‘തൗഹീദ്’ എന്ന നന്മയാണ്. തൗഹീദ് എന്നാൽ എന്താണെന്ന് നിനക്കറിയാമോ?
عَنْ أَنَسِ بْنِ مَالِكٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ قَالَ اللَّهُ يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلاَ أُبَالِي يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ وَلاَ أُبَالِي يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً ” .
അനസ് ബിൻ മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: അല്ലാഹു പറയുന്നു: ഹേ ആദം സന്തതീ, നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന കാലത്തോളം, നിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ ഞാൻ നിനക്ക് പൊറുത്തുതരും; ഞാനത് കാര്യമാക്കില്ല. ഹേ ആദം സന്തതീ, നിന്റെ പാപങ്ങൾ ആകാശത്തോളം എത്തിയാലും, പിന്നീട് നീ എന്നോട് പാപമോചനം തേടിയാൽ നിനക്ക് ഞാൻ പൊറുത്തുതരും; ഞാനത് കാര്യമാക്കില്ല. ഹേ ആദം സന്തതീ, ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുക്കൽ വന്നാലും, എന്നോട് ഒന്നിനെയും പങ്കുചേർക്കാത്തവനായിട്ടാണ് (ശിർക്ക് ചെയ്യാത്തവനായി) നീ എന്നെ സമീപിക്കുന്നതെങ്കിൽ, ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്റെ അടുത്തേക്ക് വരുന്നതാണ്.” (തിർമിദി:3540).
അല്ലാഹുവിന്റെ ദാസന്മാരേ, പാപങ്ങൾ പൊറുപ്പിക്കുവാനും തെറ്റുകൾ മായ്ച്ചുകളയുവാനും നമുക്ക് എത്രമാത്രം ആവശ്യമുണ്ട്! പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. ആധുനിക സാങ്കേതികവിദ്യകൾ അതിപ്രസരം നടത്തിക്കൊണ്ടിരിക്കുന്ന, സത്യവിശ്വാസിയുടെ ഹൃദയത്തിൽ പായ നെയ്യും പോലെ കുഴപ്പങ്ങൾ (ഫിത്‌നകൾ) പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്. സംശയങ്ങളും (ശുബുഹാത്ത്) ദേഹേച്ഛകളും (ശഹവാത്ത്), നിയമലംഘനങ്ങളും നിഷിദ്ധകർമ്മങ്ങളും രാപ്പകലില്ലാതെ, രഹസ്യമായും പരസ്യമായും, അനുവാദമോ മുന്നറിയിപ്പോ കൂടാതെ കടന്നുവന്നുകൊണ്ടിരിക്കുന്നു.
അതുകൊണ്ട് പാപികളേ, വീഴ്ച വരുത്തിയവരേ, അല്ലാഹുവിന്റെ ആശ്വാസത്തിൽ നിന്ന് നിങ്ങൾ നിരാശരാകരുത്. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് നിങ്ങൾ പ്രതീക്ഷയറ്റു പോകരുത്. മറിച്ച്, നിങ്ങൾ ചെയ്തുപോകുന്ന ഓരോ പാപത്തെയും, ഭാവിയിൽ നിങ്ങൾ ചെയ്യാൻ പോകുന്ന സൽകർമ്മങ്ങൾക്കുള്ള ഒരു പ്രേരകശക്തിയാക്കി മാറ്റുക. നിങ്ങൾ എപ്പോഴും അല്ലാഹുവിന്റെ വിശാലതയിലും, പാപമോചനത്തിലും, കാവലിലും, കാരുണ്യത്തിലും ആയിരിക്കുവാൻ വേണ്ടിയാണത്. അപ്പോൾ അവന്റെ വിശാലമായ വിട്ടുവീഴ്ച നിങ്ങളെ ഉൾക്കൊള്ളുകയും, അവന്റെ സുരക്ഷിതമായ കോട്ട നിങ്ങളെ വലയം ചെയ്യുകയും ചെയ്യും.
അല്ലാഹുവേ, ഈ നിയന്ത്രിക്കാനാവാത്ത മനസ്സിന്റെ തിന്മയിൽ നിന്ന് ഞങ്ങളെ നീ കാക്കേണമേ.
اللَّهُمَّ اكْفِنَا شَرَّ هَذِهِ النَّفْسِ الْجَمُوحِ، وَوَفِّقْنَا لِلتَّوْبَةِ النَّصُوحِ، وَاجْعَلْنَا مِنَ الَّذِينَ إِذَا أَحْسَنُوا اسْتَبْشَرُوا، وَإِذَا أَسَاءُوا اسْتَغْفَرُوا
അല്ലാഹുവേ, ഈ നിയന്ത്രിക്കാനാവാത്ത മനസ്സിന്റെ തിന്മയിൽ നിന്ന് ഞങ്ങളെ നീ കാക്കേണമേ. ആത്മാർത്ഥമായ പശ്ചാത്താപത്തിന് (തൗബത്തുന്നസ്വൂഹ്) ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ. നന്മ ചെയ്‌താൽ സന്തോഷിക്കുകയും, തിന്മ ചെയ്‌താൽ പാപമോചനം തേടുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ.”
എനിക്കും നിങ്ങൾക്കും എല്ലാ മുസ്‌ലിംകൾക്കും വേണ്ടി ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു. നിങ്ങളും അവനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
രണ്ടാം ഖുതുബ
അൽഹംദുലില്ലാഹ്. തന്റെ ദാസന്മാർക്ക് ശിക്ഷ നൽകാൻ ധൃതി കാണിക്കാതെ സാവകാശം നൽകിയവനായ അല്ലാഹുവിന് സ്തുതി. അവർക്കുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള കർമ്മങ്ങൾ അവൻ അവർക്ക് നിയമമാക്കുകയും, അതിന് ഇരട്ടിയായി പ്രതിഫലം നൽകുകയും ചെയ്തു.
സ്വന്തം തെറ്റുകളെ ഭയപ്പെടുകയും പാപങ്ങളിൽ അസ്വസ്ഥരാവുകയും ചെയ്യുന്നവർക്ക് കാരുണ്യമായിക്കൊണ്ട് തന്റെ റബ്ബ് നിയോഗിച്ച പ്രവാചകന്റെ മേൽ സ്വലാത്തും സലാമും ഉണ്ടാകട്ടെ. അവിടുത്തെ മേലും, കുടുംബാംഗങ്ങൾ, സ്വഹാബികൾ, ഓതപ്പെടുന്നതും എഴുതപ്പെടുന്നതുമായ അല്ലാഹുവിന്റെ വചനങ്ങളിൽ അല്ലാഹു പ്രശംസിച്ചവരായ താബിഉകൾ എന്നിവരുടെ മേലും അല്ലാഹുവിന്റെ സ്വലാത്തും സലാം ബറകത്തും ഉണ്ടാകട്ടെ.
അല്ലാഹുവിന്റെ ദാസന്മാരേ, ഒരു സത്യവിശ്വാസി തെറ്റുകളുമായി ഇണങ്ങിപ്പോകുന്നതിനെ സൂക്ഷിക്കണം. പാപങ്ങളെ നിസ്സാരമായി കാണുന്നതിനെയും, തിന്മകൾ ശീലമാക്കുന്നതിനെയും അവൻ ഭയപ്പെടണം. കാരണം, അത് (അല്ലാഹുവിനാൽ) കൈവിട്ടുപോയതിന്റെ അടയാളമാണ്, (നന്മകൾ) തടയപ്പെട്ടതിന്റെ ലക്ഷണമാണ്, കാരുണ്യവാനായ റബ്ബിൽ നിന്നുള്ള അകൽച്ചയാണ്.
എന്നാൽ, ആർക്കെങ്കിലും തന്റെ തിന്മകൾ വേദനയുണ്ടാക്കുകയും, തെറ്റുകൾ സങ്കടപ്പെടുത്തുകയും, പാപങ്ങൾ മനസ്സിന് ഭാരമാവുകയും ചെയ്യുന്നുണ്ടെങ്കിൽ, അത് ഈമാനിന്റെ (വിശ്വാസത്തിന്റെ) അടയാളമാണ്. അത് റബ്ബിലേക്കുള്ള സാമീപ്യമാണ്. ഈയൊരു അവസ്ഥയിൽ തുടരുന്നിടത്തോളം ആ ദാസൻ വലിയൊരു നന്മയിലായിരിക്കും.
അബ്ദുല്ലാഹി ബിൻ ഉമർ رَضِيَ اللَّهُ عَنْهُ തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു, നബി ﷺ പറഞ്ഞു:
مَنْ سَرَّتْهُ حَسَنَتُهُ وَسَاءَتْهُ سَيِّئَتُهُ فَذَلِكُمُ الْمُؤْمِنُ
ആർക്കാണോ തന്റെ നന്മ സന്തോഷമുണ്ടാക്കുന്നത്, തന്റെ തിന്മ തനിക്ക് വിഷമമുണ്ടാക്കുന്നത്, അവനത്രെ സത്യവിശ്വാസി (മുഅ്മിൻ). (ഇമാം അഹ്മദ്, തിർമിദി).
സൃഷ്ടികളിൽ അത്യുത്തമരായ നബി ﷺയുടെ പേരിൽ നിങ്ങൾ സ്വലാത്തും സലാമും ചൊല്ലുക. നിങ്ങളുടെ റബ്ബ് നിങ്ങളോട് കൽപ്പിച്ച കാര്യമാണത്. അല്ലാഹു ﷻ പറഞ്ഞു:
ﺇِﻥَّ ٱﻟﻠَّﻪَ ﻭَﻣَﻠَٰٓﺌِﻜَﺘَﻪُۥ ﻳُﺼَﻠُّﻮﻥَ ﻋَﻠَﻰ ٱﻟﻨَّﺒِﻰِّ ۚ ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺻَﻠُّﻮا۟ ﻋَﻠَﻴْﻪِ ﻭَﺳَﻠِّﻤُﻮا۟ ﺗَﺴْﻠِﻴﻤًﺎ
തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)
اللَّهُمَّ صَلِّ وَسَلِّمْ وَزِدْ وَبَارِكْ عَلَى عَبْدِكَ وَرَسُولِكَ نَبِيِّنَا مُحَمَّدٍ، وَارْضَ اللَّهُمَّ عَنِ الْأَرْبَعَةِ الْخُلَفَاءِ الْأَئِمَّةِ الْحُنَفَاءِ، أَبِي بَكْرٍ وَعُمَرَ وَعُثْمَانَ وَعَلِيٍّ، وَعَنْ بَقِيَّةِ الْعَشَرَةِ وَأَصْحَابِ الشَّجَرَةِ، وَعَنْ سَائِرِ الصَّحَابَةِ أَجْمَعِينَ، وَعَنِ التَّابِعِينَ وَتَابِعِيهِمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ
അല്ലാഹുവേ, നിന്റെ ദാസനും ദൂതനുമായ ഞങ്ങളുടെ പ്രവാചകൻ മുഹമ്മദ് നബിﷺയുടെ മേൽ നീ കാരുണ്യവും രക്ഷയും അനുഗ്രഹവും വർദ്ധിപ്പിക്കേണമേ. നേർമാർഗ്ഗികളായ നാല് ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (رضي الله عنهم) എന്നിവരെയും, പത്ത് സ്വർഗ്ഗാവകാശികളിൽ ബാക്കിയുള്ളവരെയും, ബൈഅത്തു രിള്വാനിൽ പങ്കെടുത്ത സ്വഹാബികളെയും നീ തൃപ്തിപ്പെടേണമേ. മറ്റ് സ്വഹാബികളെയും, അന്ത്യനാൾ വരെ അവരെ നന്മയിൽ പിൻപറ്റിയവരെയും നീ തൃപ്തിപ്പെടേണമേ.
اللَّهُمَّ أَعِزَّ الْإِسْلَامَ وَالْمُسْلِمِينَ، وَاحْمِ حَوْزَةَ الدِّينِ، وَانْصُرْ عِبَادَكَ الْمُوَحِّدِينَ
അല്ലാഹുവേ, ഇസ്ലാമിനും മുസ്‌ലിംകൾക്കും നീ പ്രതാപം നൽകേണമേ. മതത്തിന്റെ അതിർത്തികളെ നീ സംരക്ഷിക്കേണമേ. ഏകദൈവാരാധകരായ (മുവഹ്ഹിദുകൾ) നിന്റെ ദാസന്മാരെ നീ സഹായിക്കേണമേ.
اللَّهُمَّ فَرِّجْ هَمَّ الْمَهْمُومِينَ مِنَ الْمُسْلِمِينَ، وَنَفِّسْ كَرْبَ الْمَكْرُوبِينَ، وَاقْضِ الدَّيْنَ عَنِ الْمَدِينِينَ، وَاشْفِ مَرْضَانَا وَمَرْضَى الْمُسْلِمِينَ
അല്ലാഹുവേ, മുസ്‌ലിംകളിൽ നിന്ന് വിഷമമനുഭവിക്കുന്നവരുടെ വിഷമങ്ങൾ നീ നീക്കിക്കൊടുക്കേണമേ. ദുരിതമനുഭവിക്കുന്നവരുടെ ദുരിതങ്ങൾ നീ അകറ്റേണമേ. കടബാധ്യതയുള്ളവരുടെ കടങ്ങൾ നീ വീട്ടി നൽകേണമേ. ഞങ്ങളിലെ രോഗികൾക്കും മുസ്‌ലിംകളിലെ രോഗികൾക്കും നീ ശമനം നൽകേണമേ.
اللَّهُمَّ آمِنَّا فِي أَوْطَانِنَا، وَأَصْلِحْ أَئِمَّتَنَا وَوُلَاةَ أُمُورِنَا، وَأَيِّدْ بِالْحَقِّ وَالتَّوْفِيقِ وَالتَّسْدِيدِ إِمَامَنَا وَوَلِيَّ أَمْرِنَا، خَادِمَ الْحَرَمَيْنِ الشَّرِيفَيْنِ. اللَّهُمَّ أَطِلْ عُمْرَهُ فِي صِحَّةٍ وَعَافِيَةٍ، وَنِعْمَةٍ سَابِغَةٍ دَافِيَةٍ. اللَّهُمَّ وَفِّقْهُ وَوَلِيَّ عَهْدِهِ الْأَمِينَ لِمَا فِيهِ صَلَاحُ الْبِلَادِ وَالْعِبَادِ، وَعِزٌّ لِلْإِسْلَامِ وَالْمُسْلِمِينَ يَا رَبَّ الْعَالَمِينَ
അല്ലാഹുവേ, ഞങ്ങളുടെ നാടുകളിൽ ഞങ്ങൾക്ക് നീ സുരക്ഷിതത്വം നൽകേണമേ. ഞങ്ങളുടെ ഭരണാധികാരികളെയും കൈകാര്യകർത്താക്കളെയും നീ നന്നാക്കേണമേ. ഞങ്ങളുടെ ഇമാമിനെയും (ഭരണാധികാരി), ഇരുഹറമുകളുടെ സേവകനെയും നീ സത്യത്തിലും തൗഫീഖിലും ഉറപ്പിച്ചു നിർത്തേണമേ. അല്ലാഹുവേ, അദ്ദേഹത്തിന് ആരോഗ്യത്തോടും സൗഖ്യത്തോടും കൂടിയുള്ള ദീർഘായുസ്സ് നീ നൽകേണമേ. അല്ലാഹുവേ, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വിശ്വസ്തനായ കിരീടാവകാശിക്കും രാജ്യത്തിനും ജനങ്ങൾക്കും നന്മയുള്ള കാര്യങ്ങൾക്കും, ഇസ്ലാമിനും മുസ്‌ലിംകൾക്കും പ്രതാപമുള്ള കാര്യങ്ങൾക്കും നീ തൗഫീഖ് നൽകേണമേ, ലോകരക്ഷിതാവേ.
اللَّهُمَّ احْفَظْ جُنْدَنَا الْمُرَابِطِينَ عَلَى الْحُدُودِ وَالثُّغُورِ، اللَّهُمَّ احْرُسْهُمْ بِعَيْنِكَ الَّتِي لَا تَنَامُ، وَاكْنُفْهُمْ بِرُكْنِكَ الَّذِي لَا يُرَامُ، يَا ذَا الْجَلَالِ وَالْإِكْرَامِ
അല്ലാഹുവേ, അതിർത്തികളിൽ കാവൽ നിൽക്കുന്ന ഞങ്ങളുടെ സൈനികരെ നീ സംരക്ഷിക്കേണമേ. അല്ലാഹുവേ, ഉറങ്ങാത്ത നിന്റെ കണ്ണുകൾ കൊണ്ട് അവർക്ക് നീ കാവൽ നൽകേണമേ. ആർക്കും തകർക്കാൻ കഴിയാത്ത നിന്റെ സംരക്ഷണം കൊണ്ട് അവരെ നീ പൊതിയേണമേ.
اللَّهُمَّ كُنْ لِإِخْوَانِنَا الْمُسْتَضْعَفِينَ فِي كُلِّ مَكَانٍ، مُؤَيِّدًا وَظَهِيرًا، وَمُعِينًا وَنَصِيرًا. اللَّهُمَّ كُنْ لَهُمْ فِي فِلَسْطِينَ، وَفِي السُّودَانِ، وَفِي كُلِّ مَكَانٍ. اللَّهُمَّ أَبْدِلْ ضُعْفَهُمْ قُوَّةً، وَخَوْفَهُمْ أَمْنًا، وَبُؤْسَهُمْ سَعَةً وَرَخَاءً يَا رَبَّ الْعَالَمِينَ
അല്ലാഹുവേ, എല്ലായിടത്തുമുള്ള മർദ്ദിതരായ ഞങ്ങളുടെ സഹോദരങ്ങൾക്ക് നീ കൂട്ടുണ്ടാകേണമേ. അവർക്ക് പിന്തുണയും സഹായവും വിജയവും നൽകുന്നവനായി നീ ഉണ്ടാകേണമേ. അല്ലാഹുവേ, ഫലസ്തീനിലും സുഡാനിലും മറ്റെല്ലാ സ്ഥലങ്ങളിലും അവർക്ക് നീ തുണയാകേണമേ. അല്ലാഹുവേ, അവരുടെ ബലഹീനതക്ക് പകരം നീ ശക്തി നൽകേണമേ. അവരുടെ ഭയത്തിന് പകരം നീ നിർഭയത്വം നൽകേണമേ. അവരുടെ കഷ്ടപ്പാടുകൾക്ക് പകരം നീ വിശാലതയും സൗകര്യവും നൽകേണമേ, ലോകരക്ഷിതാവേ.
اللَّهُمَّ اغْفِرْ لَنَا مَا قَدَّمْنَا وَمَا أَخَّرْنَا، وَمَا أَسْرَرْنَا وَمَا أَعْلَنَّا، وَمَا أَنْتَ أَعْلَمُ بِهِ مِنَّا، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ، لَا إِلَهَ إِلَّا أَنْتَ
അല്ലാഹുവേ, ഞങ്ങൾ മുമ്പ് ചെയ്തതും ഇനി ചെയ്യാൻ പോകുന്നതുമായ പാപങ്ങൾ നീ ഞങ്ങൾക്ക് പൊറുത്തുതരേണമേ. ഞങ്ങൾ രഹസ്യമാക്കിയതും പരസ്യമാക്കിയതും, ഞങ്ങളെക്കാൾ നിനക്ക് നന്നായി അറിയാവുന്നതുമായ എല്ലാ പാപങ്ങളും നീ ഞങ്ങൾക്ക് പൊറുത്തുതരേണമേ. നീയാണ് (ചിലരെ) മുന്തിക്കുന്നവനും (ചിലരെ) പിന്തിക്കുന്നവനും. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
اللَّهُمَّ هَيِّئْ لَنَا مِنَ الْأَعْمَالِ، وَيَسِّرْ لَنَا مِنَ الْأَقْوَالِ، مَا تُكَفِّرُ بِهِ عَنَّا الذُّنُوبَ، وَتَسْتُرُ بِهِ عَنَّا الْعُيُوبَ، وَتُفَرِّجُ بِهِ عَنَّا الْكُرُوبَ، وَتُبْعِدُ بِهِ عَنَّا الْخُطُوبَ، إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
അല്ലാഹുവേ, പാപങ്ങൾ മായ്ച്ചുകളയുന്നതും, ന്യൂനതകൾ മറച്ചുവെക്കുന്നതും, പ്രയാസങ്ങൾ നീക്കുന്നതും, ആപത്തുകൾ അകറ്റുന്നതുമായ വാക്കുകളും പ്രവർത്തികളും ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരേണമേ. നിശ്ചയമായും നീ അദൃശ്യകാര്യങ്ങൾ അറിയുന്നവനാണ്.
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നന്മ നൽകേണമേ, പരലോകത്തും നീ നന്മ നൽകേണമേ. നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാക്കേണമേ.
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ، وَسَلَامٌ عَلَى الْمُرْسَلِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
പ്രതാപത്തിന്റെ റബ്ബായ നിന്റെ രക്ഷിതാവ് അവർ വിശേഷിപ്പിക്കുന്നതിനെക്കാളൊക്കെ എത്രയോ പരിശുദ്ധനത്രെ. മുർസലുകൾക്ക് സലാം ഉണ്ടാവട്ടെ. ലോകരക്ഷിതാവായ അല്ലാഹുവിനാണ് സ്തുതി.
വിവര്‍ത്തനം : മുഹമ്മദ് അമീൻ
www.kanzululoom.com
2 Responses
ഏറെ ഫലപ്രദമായ ഖുത്വുബ.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
ما شاء الله
വളരെ മനോഹരം , ഇതു പോലെ qutubakal കൂടുതൽ ചെയ്യാൻ പറ്റുമോ ,