ഈ പ്രപഞ്ചവും അതിലെ സൃഷ്ടിജാലങ്ങലും ഒരു ആകസ്മികതയുടെ ഉല്‍പന്നങ്ങളല്ലെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാളും അംഗീകരിക്കും. ഓരോന്നും കൃത്യമായ ലക്ഷ്യത്തിലും ഉദ്ദേശ്യത്തിലും സൃഷ്ടിക്കപ്പെട്ടതാണെന്ന് ചിന്തിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമില്ല.
തന്നെ സൃഷ്ടിച്ച രക്ഷിതാവിനെ അറിഞ്ഞുള്‍ക്കൊണ്ട് അംഗീകരിക്കുകയും അവന്ന് കീഴ്‌പെടുകയും ചെയ്യലാണ് മനുഷ്യന്റെ ബാധ്യത. ഈ ബാധ്യത നിറവേറ്റുന്നവന്‍ മുസ്‌ലിമും അല്ലാത്തവന്‍ നിഷേധിയുമാണ്. മനുഷ്യനല്ലാത്ത, ദൃശ്യലോകത്തിലെ സൃഷ്ടികളെല്ലാം അല്ലാഹുവിന് കീഴ്‌പെടുകയും ചെയ്തിരിക്കുന്നു. ബുദ്ധിയും വിവേകവും ചിന്താശേഷിയും നല്‍കപ്പെട്ട മനുഷ്യനാണ് രക്ഷിതാവിനെ മറക്കുകയും ധിക്കരിക്കുകയും ചെയ്യുന്നത്; അവന്റെ നിയമങ്ങളെയും വിധിവിലക്കുകളെയും ചോദ്യം ചെയ്യുകയോ എതിര്‍ക്കുയോ ചെയ്യുന്നത്.അല്ലാഹു ചോദിക്കുന്നു:
أَفَغَيْرَ دِينِ ٱللَّهِ يَبْغُونَ وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ
അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (ഖു൪ആന്‍ : 3/83)
ഇതര സൃഷ്ടിജാലങ്ങള്‍ സ്രഷ്ടാവിന് കീഴൊതുങ്ങി സമര്‍പ്പിതമായ പോലെ മനുഷ്യനും തന്റെ ജീവിതത്തെ റബ്ബിന് സമര്‍പ്പിക്കണം. ആകാശഭൂമികളും സൂര്യചന്ദ്രനക്ഷത്രാതികളും അവയുടെ പ്രകൃതത്തിനനുസരിച്ച് അല്ലാഹുവിന് കീഴ്‌പെടുന്നവ (മുസ്‌ലിം)യായി മാറിയിട്ടുണ്ടെങ്കില്‍ മനുഷ്യന്റെ പ്രകൃതിക്കും കഴിവിനും ചേര്‍ന്ന നിയമങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യനും മുസ്‌ലിമാകേണ്ടതുണ്ട്. മനുഷ്യന്‍ തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യമായ ഈ യാഥാര്‍ഥ്യം തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും അത് പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണ് അല്ലാഹു ക്വുര്‍ആനിലൂടെ ആവശ്യപ്പെടുന്നത്.
قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُۥ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ أَوَّلُ ٱلْمُسْلِمِينَ ﴿١٦٣﴾
പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. (ഖു൪ആന്‍ : 6/162-163)
രക്ഷിതാവിനോടുള്ള ഈ ബാധ്യത നിറവേറ്റുന്നതിലും അങ്ങനെ അവന് കീഴ്‌പെടുന്നതിലും മറ്റേതൊരു സൃഷ്ടിയെക്കാളും മുമ്പെയാണ് ഞാനുള്ളത് എന്ന് പ്രഖ്യാപിക്കുവാന്‍ നമുക്കാവണം. നമുക്ക് സ്രഷ്ടാവിനെ മനസ്സിലാക്കാനുള്ള ബുദ്ധിയും അവന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ചറിയുവാനും പ്രവര്‍ത്തിക്കുവാനുമുള്ള കണ്ണും കാതും ഹൃദയവും മസ്തിഷ്‌കവും അടക്കമുള്ള എല്ലാം നല്‍കിയത് അവനാണല്ലോ. അതിനാല്‍ നാം അവന്റെ മുമ്പിലാണ് കീഴ്‌പെടേണ്ടത്. അതാണ് നന്ദിയുള്ള അടിമയുടെ അടയാളം.
ഇത് കേവലം നാവുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒതുങ്ങേണ്ടതല്ല. ഹൃദയത്തിലുണ്ടെന്ന് അഭിമാനിക്കുകയും എന്നാല്‍ പ്രാവര്‍ത്തിക രംഗത്ത് നിഴലിക്കാതിരിക്കുകയും ചെയ്യുന്നതുമായിക്കൂടാ. യഥാര്‍ഥ മുസ്‌ലിം അല്ലാഹുവിന്റെ കല്‍പനകളും വിരോധങ്ങളും പാലിക്കുകയും നിയമ പരിധികളെ ലംഘിക്കാതിരിക്കുകയും ചെയ്ത് തന്റെ ജീവിതത്തിന്റെ ദൗത്യം ഇതാണെന്ന് തിരിച്ചറിഞ്ഞ് മനസ്സംതൃപ്തിയോടെ രക്ഷിതാവിന് സര്‍വം സമര്‍പിക്കുന്നവനാണ്. അല്ലാഹു പറയുന്നു:
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍’. (ഖു൪ആന്‍ : 24/51)
അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധി സ്വീകരിക്കുകയും അതിന് കീഴ്‌പെടുകയും ചെയ്യാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്താല്‍ ഞങ്ങള്‍ അതിന് തയ്യാറാണെന്നല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയുവാനുണ്ടാവില്ല. ഭൗതികമായി ചിന്തിക്കുമ്പോള്‍ അതില്‍ നഷ്ടമുണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ ശാശ്വത സുഖജീവിതത്തിനു വേണ്ടി നൈമിഷിക നേട്ടങ്ങളെ വെടിയുവാന്‍ തയ്യാറാകുന്ന വിശാസിക്ക് അതില്‍ നഷ്ടബോധം തോന്നുകയില്ല.
കൈക്കുഞ്ഞുമായി മനുഷ്യവാസമില്ലാത്ത മരുഭൂമിയിലേക്ക് ഭാര്യയെയും കൂട്ടി രക്ഷിതാവിന്റെ കല്‍പന പ്രാവര്‍ത്തികമാക്കുവാന്‍ ധൃതികാണിച്ച ഇബ്‌റാഹീം നബി عليه السلام യില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത് സര്‍വവും അല്ലാഹുവിന് സമര്‍പിച്ച മുസ്‌ലിമിനെയാണ്.
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَٰلَمِينَ
നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. (ഖു൪ആന്‍: 2/131)
മിനായിലെ മലമടക്കുകളിലൂടെ മകന്റെ കയ്യും പിടിച്ച് ധൃതിയില്‍ നടക്കുമ്പോള്‍ ലക്ഷ്യം തെറ്റിക്കാന്‍ ദുര്‍ബോധനമുവാമായി വന്ന പിശാചിനെ കല്ലെറിഞ്ഞാട്ടി, കൈകാലുള്‍ ബന്ധിച്ച് കണ്ണും മുഖവും മൂടി പൊന്നുമോന്റെ നെറ്റിത്തടം മണ്ണിലേക്ക് ചേര്‍ത്ത് വലതു കയ്യില്‍ കഠാര ഉയര്‍ത്തിയപ്പോള്‍, രണ്ട് പേരുടെയും നിഷ്‌കളങ്കമായ സമര്‍പ്പണമാണ്-ഇസ്‌ലാമാണ്-അവിടെ നാം കാണുന്നത്.
فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ ﴿١٠٣﴾ وَنَٰدَيْنَٰهُ أَن يَٰٓإِبْرَٰهِيمُ ﴿١٠٤﴾ قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿١٠٥﴾
അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്) കീഴ്‌പെടുകയും അവനെ നെറ്റി(ചെന്നി)മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇ്ബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്’. (ഖു൪ആന്‍: 37/103-105)
നമ്മള്‍ മുസ്‌ലിംകളാണെന്ന് നാം അവകാശപ്പെടുന്നു; അതില്‍ അഭിമാനിക്കുന്നു. നമ്മുടെ ജീവിതം നാം സ്രഷ്ടാവിന് സമര്‍പിച്ചിട്ടുണ്ടോ? അവന്‍ അനുഗ്രഹമായിത്തന്ന കണ്ണും കാതും നാവും ബുദ്ധിയും ആരോഗ്യവും സമ്പത്തും ജീവിതവും നാം അവന് സമര്‍പ്പിച്ചുവോ? അവ നല്‍കിയ സ്രഷ്ടാവിനോട് നാം നന്ദി കാണിക്കുന്നുണ്ടോ?
പ്രശ്‌നം വിശ്വാസ ദാര്‍ഢ്യത്തിന്റെത് തന്നെ. വിശ്വാസം ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും പ്രതീകങ്ങളാവാന്‍ യഥാര്‍ഥ മുഅ്മിനുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജീവതിത്തിലെ വലിയ സ്വപ്‌നമായ വിവാഹ ജീവിത്തിലേക്ക് പ്രവേശിച്ച ആദ്യനാളില്‍ തന്നെ, ഒഴിവാകുവാന്‍ മതിയായ കാരണമുണ്ടായിട്ടും ആരും നിര്‍ബന്ധിക്കാതെ തന്നെ ഉഹ്ദിലേക്കുള്ള പടപ്പുറപ്പാടിന് ആഹ്വാനമുണ്ടായപ്പോള്‍ തന്റെ ജീവിതം ദൈവമാര്‍ഗത്തില്‍ സമര്‍പിക്കേണ്ട സമയമായെന്ന് സ്വയം മനസ്സിലാക്കുവാനും രണാങ്കണത്തിലേക്ക് പുറപ്പെടുവാനും ഹന്‍ദ്വലത്ത്ബിന്‍ അബീ ആമിറിന് സാധിച്ചു. ആകാശത്ത് വെച്ച് മലക്കുകളുടെ കരങ്ങളാല്‍ കുളിപ്പിക്കപ്പെട്ട്, സ്വര്‍ഗം ഉറപ്പ് വരുത്തി, ‘മലക്കുകള്‍ കുളിപ്പിച്ചയാള്‍’ എന്ന ഖ്യാതി നേടാന്‍ അദ്ദേഹത്തിനായി. إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ (തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്) എന്ന് ഇബ്‌റാഹീം നബി عليه السلام യോടും ഇസ്മാഈല്‍ നബി عليه السلام യോടും പറഞ്ഞത് അല്ലാഹു മലക്കുകളുടെ കരങ്ങളിലൂടെ കാണിച്ചു.
സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ധാരാളം സമ്പത്ത് ഹിജ്‌റയിലൂടെ തന്റെ ജീവിതം അല്ലാഹുവിന് വേണ്ടി സമര്‍പിക്കുവാന്‍ വേണ്ടി അബൂമുന്‍ദിര്‍ رَضِيَ اللَّهُ عَنْهُ മക്കയില്‍ ഉപേക്ഷിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അബൂമുന്‍ദിറിന്റെ കച്ചവടം ലാഭകരമായിരിക്കുന്നു.’ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ (തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്) എന്ന് ഇബ്‌റാഹീം നബി عليه السلام യോടും ഇസ്മാഈല്‍ നബി عليه السلام യോടും പറഞ്ഞത് അല്ലാഹു നബി ﷺ യുടെ നാവിലൂടെ കാണിച്ചു.
‘തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’ എന്ന് ആത്മാര്‍ഥമായി പറയുവാന്‍ നമുക്ക് കഴിയണം. മുന്‍ഗാമികള്‍ക്ക് അതിന് കഴിഞ്ഞത് അല്ലാഹുവിനെ അറിഞ്ഞുള്‍ക്കൊണ്ട് വിശ്വസിക്കുവാന്‍ കഴിഞ്ഞതും അന്ത്യദിനത്തെയും പരലോകത്തെയും പറ്റിയുള്ള ദൃഢമായ ഉറപ്പും ഓര്‍മയുമുണ്ടായിരുന്നതിനാലാണ്.
അല്ലാഹുവിനെ അറിഞ്ഞ്, അവന്റെ മഹത്ത്വം മനസ്സിലാക്കി ആത്മാര്‍ഥമായി വിശ്വാസം ഉള്‍ക്കൊണ്ടപ്പോള്‍ സര്‍വവും അവന്ന് സമര്‍പിക്കുവാനും അവന്റെ ഏത് കല്‍പനയും സന്തോഷത്തോടെ നിറവേറ്റുവാനും അവര്‍ക്ക് കഴിഞ്ഞു. കരുണാനിധിയായ (അര്‍റ്വഹീം) അല്ലാഹുവിനെ തിരിച്ചറിഞ്ഞപ്പോള്‍, അവന്റെ കാരുണ്യം നഷ്ടപ്പെട്ടാലുള്ള നിര്‍ഭാഗ്യം വ്യക്തമായപ്പോള്‍ അവന്റെ കാരുണ്യം നേടാന്‍ പര്യാപത്മായ വഴികള്‍ അവര്‍ തേടി.
الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ
“കാരുണ്യം കാണിക്കുന്നവരോട് പരമകാരുണികന്‍ കാരുണ്യം കാണിക്കും. നിങ്ങള്‍ ഭൂമിയിലുള്ളവരോട് ടാരുണ്യം കാണിക്കുവിന്‍; (എങ്കില്‍) ആകാശത്തുള്ളവന്‍ നിങ്ങളോട് കാരുണ്യം കാണിക്കും“ എന്ന നബിവചനം അവര്‍ മനസാവാചാകര്‍മണാ ഉള്‍ക്കൊണ്ടു. അത് അവര്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി.
ഏറെ സ്‌നേഹിക്കുന്നവനായ (അല്‍വദൂദ്) അല്ലാഹുവിനെ അറിഞ്ഞപ്പോള്‍ അവന്റെ സ്‌നേഹത്തിനും പൊരുത്തത്തിനും വേണ്ട കാര്യങ്ങള്‍ അവര്‍ അന്വേഷിച്ചു.
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍: 3/131)
ഇത് അക്ഷരാര്‍ഥത്തില്‍ അവര്‍ ഉള്‍ക്കൊണ്ടു. തങ്ങളുടെ വാക്കും നോക്കും ചലനങ്ങളും അവര്‍ മതശാസനകള്‍ക്ക് വിധേയമായി മാത്രമാക്കി. അല്ലാഹുവിന്റെ പൊരുത്തം മാത്രമുദ്ദേശിച്ച് ചെയ്യേണ്ട മുഴുവന്‍ കര്‍മങ്ങളും ആത്മാര്‍ഥമായും അര്‍പണബോധത്തോടും കൂടി അവര്‍ നിര്‍വഹിച്ചു.
സമ്പത്തിനോട് ഇഷ്ടവും ആവശ്യവുമുണ്ടായിട്ടും അനാഥര്‍ക്കും അഗതികള്‍ക്കും ബന്ധനസ്ഥര്‍ക്കും വേണ്ടി അവര്‍ അകമിഞ്ഞ് ചെലവഴിച്ചത് സമൂഹത്തില്‍ അറിയപ്പെടാനും ആദരിക്കപ്പെടാനും വേണ്ടിയായിരുന്നില്ല; പരലോക വിജയം ആഗ്രഹിച്ച് മാത്രമായിരുന്നു. അല്ലാഹു അവരുടെ ഈ സദ്ഗുണം എടുത്തു പറയുന്നത് കാണുക:
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا ﴿٨﴾ إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا ﴿٩﴾ إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا ﴿١٠﴾
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു. (ഖു൪ആന്‍: 76/8-10)
സമര്‍പണത്തിലൂടെ സുരക്ഷിതമായ ഹൃദയം മാത്രം ശാശ്വത സമാധാനത്തിന്റെ വിലയായി സ്വീകരിക്കുന്ന പരലോകം മുന്നില്‍ കണ്ടപ്പോള്‍ ആ സരണിയില്‍ അണിചേരാന്‍ അവര്‍ സന്നദ്ധരായി.
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨﴾ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ﴿٨٩﴾
അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ (ഖു൪ആന്‍: 26/88-89)
അങ്ങനെയുള്ള ഹൃദയത്തിന്റെ ഉടമകളായി മാറുവാനാണ് നാം പരിശ്രമിക്കേണ്ടത്. അതിന് ബോധപൂര്‍വമുള്ള പരിശ്രമം അനിവാര്യമാണ്.
ഹംസ മദീനി
kanzululoom.com