ഒരു അടിമയെ സംബന്ധിച്ചിടത്തോളം, അല്ലാഹുവിന്റെ തൗഫീഖ് ഇല്ലാതെ അവന് യാതൊന്നും ചെയ്യാൻ കഴിയില്ല.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ
സത്യവിശ്വാസികളേ, പിശാചിന്റെ കാല്പാടുകള് പിന്‍പറ്റരുത്. വല്ലവനും പിശാചിന്റെ കാല്പാടുകള് പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന് (പിശാച്) കല്പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖുർആൻ:24/21)
ആരുടെ ആത്മാവിനെ ശുദ്ധീകരിക്കാൻ അല്ലാഹു തൗഫീഖ് കൊടുത്തുവോ അവൻ വിജയിച്ചു.
قَدْ أَفْلَحَ مَن تَزَكَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. (ഖു൪ആന്‍:87/14-15)
അല്ലാഹു തന്റെ ദാസനു നൽകുന്ന തൗഫീഖിന്റെ ഏറ്റവും ഉയർന്നനില, അവനെ വിശ്വാസത്തെയും അനുസരണത്തെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും, അവിശ്വാസത്തെയും അനുസരണക്കേടിനെയും വെറുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. നബി ﷺ യുടെ സ്വഹാബിമാര്‍ക്ക് ലഭിച്ച തൗഫീഖാണിത്.
قال ابن القيم رحمه الله: “يخاطب اللهُ جل وعلا عباده المُؤْمِنِين، فيقول: لولا توفيقي لَكُمْ لما أَذْعَنَتْ نُفُوسُكمْ لِلإيمان، فلم يكن الإيمان بمشورتكم وتوفيق أنفسكم، ولكني حببته إليكم وزينته في قلوبكم، وكرَّهت إليكم ضده الكفر والفسوق.
സർവ്വശക്തനായ അല്ലാഹു തന്റെ വിശ്വാസികളായ ദാസന്മാരെ അഭിസംബോധന ചെയ്തു പറയുന്നു: എന്റെ തൗഫീഖ് ഇല്ലായിരുന്നെങ്കില്‍ നിങ്ങളുടെ ആത്മാക്കള്‍ സത്യവിശ്വാസത്തിന് കീഴ്പെടുമായിരുന്നില്ല. സത്യവിശ്വാസം നിങ്ങളുടെ കൂടിയാലോചനയിലും നിങ്ങളുടെ തൗഫീഖിലും ആയിരുന്നില്ല. എന്നാൽ ഞാൻ അതിനെ നിങ്ങൾക്ക് പ്രിയങ്കരമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെകൊണ്ട് അലങ്കരിക്കുകയും ചെയ്തു. അവിശ്വാസവും അധർമ്മവും നിങ്ങൾക്ക് വെറുപ്പുണ്ടാക്കുകയും ചെയ്തു. [مدارج السالكين” (1 /447).]
പണ്ഢിതൻമാര് പറഞ്ഞു:
التوفيق هو: جعل الله فعل عباده موافقًا لما يحبه ويرضاه.
തൗഫീഖ് എന്നാൽ അല്ലാഹു ഇഷ്ടപ്പെടുന്ന മാർഗത്തിൽ അവൻ തൃപ്തിപ്പെടുന്ന രൂപത്തിൽ ഒരു അടിമ പ്രവർത്തിക്കാൻ സൗഭാഗ്യം ഉണ്ടാകലാണ്.
തൗഫീഖ് അല്ലാഹുവിൽ നിന്ന് മാത്രം തേടാവുന്ന ഒന്നാണ്. അല്ലാഹുവിന് മാത്രമേ അത് നൽകാൻ കഴിയൂ.
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. (ഖുർആൻ:28/56)
ഈ ആയത്തിൽ പരാമർശിച്ചിരിക്കുന്ന ഹിദായത്തിനായാണ് പണ്ഡിതന്മാർ ഹിദായത്തുത്തൗഫീഖ് എന്ന് വിളിക്കുന്നത്.
قَالَ يَٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَرَزَقَنِى مِنْهُ رِزْقًا حَسَنًا ۚ وَمَآ أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَآ أَنْهَىٰكُمْ عَنْهُ ۚ إِنْ أُرِيدُ إِلَّا ٱلْإِصْلَٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
അദ്ദേഹം (ശുഐബ് നബി عليه السَّلام) പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന് എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേനയല്ലാതെ എനിക്ക് തൗഫീഖ് ഇല്ല. അവന്റെ മേലാണ് ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖുർആൻ:11/88)
قال ابنُ القيّم رحمه الله :وقد أجمع العارفون على أن كل خير فأصله بتوفيق الله للعبد, وكل شر فأصله خذلانه لعبده, وأجمعوا أن التوفيق أن لا يكللك الله الى نفسك, وأن الخذلان هو أن يخلي بينك وبين نفسك, فاذا كان كل خير فأصله التوفيق, وهو بيد الله لا بيد العبد,فمفتاحه الدعاء والافتقار وصدق اللجأ والرغبة والرهبة اليه. فمتى أعطى العبد هذا المفتاح فقد أراد أن يفتح له, ومتى أضلّه عن المفتاح بقي باب الخير مرتجا دونه.
ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ആത്മീയ ജ്ഞാനികൾ (ആരിഫീങ്ങൾ) എല്ലാവരും ഏകോപിച്ച ഒരു കാര്യമുണ്ട്: എല്ലാ നന്മകളുടെയും അടിസ്ഥാനം അല്ലാഹു അടിമയ്ക്ക് നൽകുന്ന തൗഫീഖ് ആണ്. എല്ലാ തിന്മകളുടെയും അടിസ്ഥാനം അല്ലാഹു അടിമയെ കൈവിടുന്നതാണ്.
അവർ ഏകോപിച്ച മറ്റൊരു കാര്യം: തൗഫീഖ് എന്നാൽ അല്ലാഹു നിന്നെ നിന്റെ സ്വന്തം نفس (മനസ്സ്) ലേക്ക് ഏൽപ്പിക്കാതിരിക്കലാണ്. കൈവിടുക എന്നാൽ അല്ലാഹു നിന്നെ നിന്റെ മനസ്സിനും നിനക്കുമിടയിൽ വിട്ടുനൽകലാണ്.
എല്ലാ നന്മകളുടെയും അടിസ്ഥാനം ‘തൗഫീഖ്’ ആണെങ്കിൽ, അത് അടിമയുടെ കയ്യിലല്ലാതെ അല്ലാഹുവിന്റെ കയ്യിലാണെങ്കിൽ, അതിന്റെ താക്കോൽ എന്നത് പ്രാര്‍ത്ഥനയും, അല്ലാഹുവിലേക്കുള്ള നിരാശ്രയത്വവും, അവനിലേക്കുള്ള സത്യസന്ധമായ അഭയം തേടലും, ഭയഭക്തിയോടുള്ള ആഗ്രഹവുമാണ്. എപ്പോഴാണോ ഒരടിമയ്ക്ക് ഈ താക്കോൽ നൽകപ്പെടുന്നത്, അപ്പോഴെല്ലാം അല്ലാഹു അവന് (നന്മയുടെ വാതിലുകൾ) തുറന്നു കൊടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നു. എപ്പോഴാണോ ആ താക്കോൽ അവന് നഷ്ടപ്പെടുന്നത്, അപ്പോൾ നന്മയുടെ വാതിലുകൾ അവന് മുന്നിൽ അടഞ്ഞു കിടക്കുന്നതാണ്. (അൽഫവാഇദ്)
عَنْ أبي بكرة رضي الله عنه قال: قَالَ رَسُولُ اللَّهِ صلى الله عليه وسلم “ دَعَوَاتُ الْمَكْرُوبِ اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لاَ إِلَهَ إِلاَّ أَنْتَ ” .
അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുരിതത്തിൽ അകപ്പെട്ടവന്റെ പ്രാര്‍ത്ഥന: ‘അല്ലാഹുവേ, നിന്റെ കാരുണ്യമാണ് ഞാൻ പ്രതീക്ഷിക്കുന്നത്, കണ്ണ് ഇമവെട്ടുന്നത്രയും നിമിഷം പോലും (നിന്റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക് ഏല്‍പ്പിക്കരുതേ. എന്റെ എല്ലാ കാര്യങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. നീയല്ലാതെ ആരാധനക്ക് അര്ഹനില്ല’. (അബൂദാവൂദ്: 5090)
ഒരു വ്യക്തി എത്ര വലിയ സൽകർമ്മം ചെയ്താലും, ആ കർമ്മം ചെയ്യാൻ അവന് ശക്തിയും താൽപര്യവും നൽകിയത് അല്ലാഹുവാണ്. ഈ പ്രപഞ്ചത്തിൽ അല്ലാഹുവിൻ്റെ ഇച്ഛയില്ലാതെ യാതൊന്നും സംഭവിക്കില്ല. അതിനാൽ, നന്മ ചെയ്യാൻ സാധിക്കുക എന്നത് തന്നെ അല്ലാഹു നൽകിയ തൗഫീഖ് ആണ്. നന്മ ചെയ്യാനും അല്ലാഹുവിലേക്ക് അടുക്കാനും, അതുവഴി ഇഹപര വിജയം നേടാനും ഒരാൾക്ക് ലഭിക്കുന്ന ദൈവികമായ സഹായവും സൗഭാഗ്യവുമാണ് അല്ലാഹുവിന്റെ തൗഫീഖ്. ഇത് ഉൾക്കൊണ്ടവന് ആത്മപ്രശംസയിൽ (ഉജ്ബിൽ) നിന്നും, തൻ്റെ കഴിവിനെക്കുറിച്ചുള്ള അഹങ്കാരത്തിൽ നിന്നും അകന്ന് നിൽക്കാനും കഴിയുന്നു.
www.kanzululoom.com