സൂറ : ത്വാരിഖ്

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

വിശുദ്ധ ഖുർആനിലെ 86 ാ മത്തെ സൂറത്താണ് سورة الطارق (സൂറ: ത്വാരിഖ്). 17 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. الطارق എന്നാൽ ‘രാത്രിയില്‍ വരുന്നത്’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ രാത്രിയില്‍ വരുന്ന ഒന്നിനെ കൊണ്ട് സത്യം ചെയ്ത് വന്നിട്ടുള്ളതാണ് ഈ പേരിനാധാരം.

ആകാശത്തെ കൊണ്ടും, രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന ‘ത്വാരിഖ്’ എന്ന നക്ഷത്രത്തെ കൊണ്ടും സത്യം ചെയ്തുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. തുടര്‍ന്ന് ത്വാരിഖ് എന്താണെന്ന് അല്ലാഹു വിശദീകരിക്കുന്നു.

وَٱلسَّمَآءِ وَٱلطَّارِقِ ‎﴿١﴾‏ وَمَآ أَدْرَىٰكَ مَا ٱلطَّارِقُ ‎﴿٢﴾‏ ٱلنَّجْمُ ٱلثَّاقِبُ ‎﴿٣﴾

ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം. രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌. (ഖുർആൻ:86/1-3)

{النَّجْمُ الثَّاقِبُ}أَيِ: الْمُضِيءُ، الَّذِي يَثْقُبُ نُورُهُ، فَيَخْرُقُ السَّمَاوَاتِ فَيَنْفُذُ حَتَّى يَرَى فِي الْأَرْضِ ، وَالصَّحِيحُ أَنَّهُ اسْمُ جِنْسٍ يَشْمَلُ سَائِرَ النُّجُومِ الثَّوَاقِبِ.

{തുളച്ചുകയറുന്ന നക്ഷത്രമത്രെ അത്} പ്രകാശിക്കുന്നത് എന്നര്‍ഥം. അതിന്റെ പ്രകാശം തുളച്ചുകയറി ആകാശങ്ങളെ ഭേദിച്ച് കടന്നുപോകുന്നു; ഭൂമിയില്‍ നിന്ന് കാണത്തക്ക വിധം. യഥാര്‍ഥത്തില്‍ ഇത് (തുളച്ചുകയറുന്ന) നക്ഷത്രങ്ങളുടെ ഒരു വര്‍ഗനാമമാണ്. മറ്റു നക്ഷത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

{النَّجْمُ الثَّاقِبُ}أَيِ: هُوَ النَّجْمُ يَثْقُبُ السَّمَاءَ بِضِيَائِهِ المُتَوَهِّجِ.

{തുളച്ചുകയറുന്ന നക്ഷത്രമത്രെ അത്} പ്രഭാപൂരിതമായ പ്രകാശം കൊണ്ട് ആകാശത്തിൽ തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്. (തഫ്സീർ മുഖ്തസ്വർ)

وَقَدْ قِيلَ: إِنَّهُ” زُحَلُ “الَّذِي يَخْرُقُ السَّمَاوَاتِ السَّبْعَ وَيَنْفُذُهَا فَيَرَى مِنْهَا. وَسُمِّيَ طَارِقًا، لِأَنَّهُ يَطْرُقُ لَيْلًا.

ഏഴ് ആകാശങ്ങളെയും മുറിച്ചുകടക്കുന്ന (ശനി) (ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നതും വിദൂരതയിലുള്ളതുമായ നക്ഷത്രം) ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ വരുന്നതു കൊണ്ടാണ് ത്വാരിഖ് എന്ന പേര് വന്നത്. (തഫ്സീറുസ്സഅ്ദി)

ഈ കാര്യങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്ന കാര്യം ശ്രദ്ധേയമാണ്: മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചലനങ്ങളും ഒന്നൊഴിയാതെ വീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.

إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ

തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല. (ഖുർആൻ:86/4)

مَا مِنْ نَفْسٍ إِلَّا وَكَّلَ اللَّهُ بِهَا مَلَكًا يَحْفَظُ عَلَيْهَا أَعْمَالَهَا لِلْحِسَابِ يَوْمَ القِيَامَةِ.

അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതിനായി പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ അല്ലാഹു ഒരു മലക്കിനെ നിശ്ചയിച്ചിട്ടല്ലാതെ ഒരാളുമില്ല. (തഫ്സീർ മുഖ്തസ്വർ )

يَحْفَظُ عَلَيْهَا أَعْمَالَهَا الصَّالِحَةَ وَالسَّيِّئَةَ، وَسَتُجَازَى بِعَمَلِهَا الْمَحْفُوظِ عَلَيْهَا.

 നല്ലതും ചീത്തയുമായ അവന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും അതിന് പിന്നീട് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്റെ കര്‍മങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയും എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്ന ചില മലക്കുകള്‍ എല്ലാവരുടെയും കൂടെ ഉണ്ടെന്നു സൂ: ഇന്‍ഫിത്വാര്‍ 10ല്‍ കണ്ടുവല്ലോ. മനുഷ്യന്റെ മുമ്പിലൂടെയും പിമ്പിലൂടെയും അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്ന മലക്കുകള്‍ ഉണ്ടെന്ന്‍ സൂ: റഅ്ദ് 11ലും പ്രസ്താവിച്ചിരിക്കുന്നു. സൂക്ഷിച്ചുകൊണ്ടിരിക്കുന്ന പാറാവുകാരന്‍ (حافظ) എന്ന് ഇവിടെ പറഞ്ഞത് ഈ രണ്ടില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ഉദ്ദേശിച്ചാവാം. അല്ലാഹുവിനെത്തന്നെ ഉദ്ദേശിച്ചും ആവാം. ഏറ്റവും നല്ല പാറാവുകാരന്‍ അവന്‍ തന്നെയാണല്ലോ. (فالله خير حافظا) ഏതായാലും മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ചലനങ്ങളും ഒന്നൊഴിയാതെ വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്ന് അവനെ അല്ലാഹു ഉണര്‍ത്തുകയാണ്. (അമാനി തഫ്സീര്‍)

തുടര്‍ന്ന് മനുഷ്യൻ തന്റെ ഉത്ഭവത്തെയും സൃഷ്ടിപ്പിനെയും കുറിച്ച് ചിന്തിച്ചാൽ അല്ലാഹുവിന്റെ അപാരമായ ശക്തിയും മനുഷ്യന്റെ ദുർബലതയും ബോധ്യപ്പെടുമെന്ന് അറിയിക്കുന്നു.

فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ ‎﴿٥﴾‏ خُلِقَ مِن مَّآءٍ دَافِقٍ ‎﴿٦﴾‏ يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ‎﴿٧﴾

എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്‌ തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു. (ഖുർആൻ:86/5-7)

തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്ന് അതായത് ഇന്ദ്രിയത്തിൽ നിന്നാണ്  അല്ലാഹു മനുഷ്യവനെ സൃഷ്ടിച്ചത്. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നുവെന്നാണ് പറഞ്ഞിട്ടുള്ളത്. അതായത്:

يُحْتَمَلُ أَنَّهُ مِنْ بَيْنِ صُلْبِ الرَّجُلِ وَتَرَائِبِ الْمَرْأَةِ، وَهِيَ ثَدْيَاهَا.

പുരുഷന്റെ മുതുകിനും സ്ത്രീയുടെ നെഞ്ചെല്ലുകള്‍(സ്തനങ്ങള്‍)ക്കും ഇടയില്‍ നിന്നും എന്ന അര്‍ഥമായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. (തഫ്സീറുസ്സഅ്ദി)

يَخْرُجُ هَذَا المَاءُ مِنْ بَيْنِ العَمُودِ العَظْمِيِّ الفِقَرِيِّ لِلرَّجُلِ، وَعِظَامِ الصَّدْرِ.

പുരുഷൻ്റെ നട്ടെല്ലുകൾക്കും, (സ്ത്രീയുടെ) നെഞ്ചിലെ എല്ലുകൾക്കും ഇടയിൽ നിന്നാണ് ഈ ദ്രാവകം പുറത്തു വരുന്നത്. (തഫ്സീർ മുഖ്തസ്വർ)

ഭക്ഷ്യസത്തുക്കളില്‍ നിന്ന് ഉല്‍ഭൂതമാകുന്നതും, ശരീരാംശങ്ങളില്‍ നിന്നെല്ലാം ഒഴുകിവരുന്നതുമാണ് പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും. അതിന്റെ പ്രധാനകേന്ദ്രം പുരുഷന്റെ നട്ടെല്ലുകളും സ്ത്രീയുടെ മേലേ നെഞ്ചെല്ലുകളുമാകുന്നു. അവിടങ്ങളില്‍ നിന്നാണതു വെളിക്കുവരുന്നത്. അതു കൊണ്ടാണ് മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറപ്പെടുന്നുവെന്നു പറഞ്ഞിരിക്കുന്നത്. (അമാനി തഫ്സീര്‍)

പുരുഷന്റെതന്നെ മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്നും എന്നും ആകാം. തഫ്സീറുസ്സഅ്ദിയിൽ തന്നെ ഇപ്രകാരം കാണാം.

وَيُحْتَمَلُ أَنَّ الْمُرَادَ الْمَنِيَّ الدَّافِقَ، وَهُوَ مَنِيُّ الرَّجُلِ، وَأَنَّ مَحَلَّهُ الَّذِي يَخْرُجُ مِنْهُ مَا بَيْنَ صُلْبِهِ وَتَرَائِبِهِ، وَلَعَلَّ هَذَا أَوْلَى، فَإِنَّهُ إِنَّمَا وَصَفَ اللَّهُ بِهِ الْمَاءَ الدَّافِقَ، الَّذِي يَحُسُّ بِهِ وَيُشَاهِدُ دَفْقَهُ، هُوَ مَنِيُّ الرَّجُلِ، وَكَذَلِكَ لَفْظُ التَّرَائِبِ فَإِنَّهَا تُسْتَعْمَلُ فِي الرَّجُلِ، فَإِنَّ التَّرَائِبَ لِلرَّجُلِ، بِمَنْزِلَةِ الثَّدْيَيْنِ لِلْأُنْثَى، فَلَوْ أُرِيدَتِ الْأُنْثَى لَقِيلَ:” مِنْ بَيْنِ الصُّلْبِ وَالثَّدْيَيْنِ” وَنَحْوَ ذَلِكَ، وَاللَّهُ أَعْلَمُ.

തെറിച്ചുവീഴുന്ന ഇന്ദ്രിയമെന്നത് പുരുഷന്റെതാണ്. അത് പുറപ്പെടുന്ന സ്ഥാനം അവന്റെ മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്നാണ്. ഇതായിരിക്കാം കൂടുതല്‍ ശരി. തെറിച്ചുവീഴുന്ന ദ്രാവകമെന്നത് നമ്മുടെ അനുഭവത്തിലും കാഴ്ചയിലും ഉള്ളതു തന്നെയാണ്. ഇവിടെ നെഞ്ചെല്ല് എന്ന് പറഞ്ഞതും പുരുഷന്റെത് തന്നെയാണ്. സ്ത്രീകളുടെ സ്തനങ്ങളുടെ ഭാഗത്താണ് പുരുഷന്റെ ഈ നെഞ്ചെല്ല്. സ്ത്രീയെ ഇവിടെ ഉദ്ദേശിക്കപ്പെടുന്നുണ്ടെങ്കില്‍ സ്തനങ്ങളുടെയും മുതുകെല്ലിന്റെയും ഇടയില്‍ നിന്ന് എന്നോ മറ്റോ പറയേണ്ടിയിരുന്നു. (അല്ലാഹു അഅ്‌ലം) (തഫ്സീറുസ്സഅ്ദി)

മാതാപിതാക്കളുടെ ശരീരത്തില്‍ നിന്നു വാര്‍ന്നു തെറിച്ചുവീഴുന്ന ഒരു നിസ്സാരജലത്തിന്റെ ഏറ്റവും ചെറിയ ഒരു ബിന്ദുവില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കപ്പെട്ടവനായ മനുഷ്യനെ, മരണശേഷം അവന്റെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യുന്നതിനും അവക്ക് പ്രതിഫലം നൽകുന്നതിനുമായി അവനെ പുനർജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവൻ തന്നെയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ

അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു. (ഖുർആൻ:86/8)

فَالَّذِي أَوْجَدَ الْإِنْسَانَ مِنْ مَاءٍ دَافِقٍ، يَخْرُجُ مِنْ هَذَا الْمَوْضِعِ الصَّعْبِ، قَادِرٌ عَلَى رَجْعِهِ فِي الْآخِرَةِ، وَإِعَادَتِهِ لِلْبَعْثِ، وَالنُّشُورِ وَالْجَزَاءِ ،

തെറിച്ചുവീഴുന്ന ദ്രാവകത്തില്‍ നിന്നും മനുഷ്യനെ ഉണ്ടാക്കിയവന്‍, ഏറ്റവും സങ്കീര്‍ണമായ ഒരു സ്ഥാനത്തു നിന്ന് ആ ഇന്ദ്രിയത്തെ പുറത്തെത്തിച്ചവന്‍ പരലോകത്ത് അവനെ തിരിച്ചു കൊണ്ടുവരാനും ഉയര്‍ത്തെഴുന്നേല്‍പിക്കാനും ഒരുമിച്ച് കൂട്ടാനും പ്രതിഫലം നല്‍കാനുമെല്ലാം കഴിവുള്ളവന്‍ തന്നെയാണ്. (തഫ്സീറുസ്സഅ്ദി)

രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസമാണത്. ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെച്ച ഉദ്ദേശങ്ങളും വിശ്വാസങ്ങളും അന്ന് മറനീക്കി പുറത്തു കൊണ്ടു വരപ്പെടും. അതാണ് അല്ലാഹു പറയുന്നത്:

يَوْمَ تُبْلَى ٱلسَّرَآئِرُ ‎

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം. (ഖുർആൻ:86/9)

{يَوْمَ تُبْلَى السَّرَائِرُ} أَيْ: تُخْتَبَرُ سَرَائِرُ الصُّدُورِ، وَيَظْهَرُ مَا كَانَ فِي الْقُلُوبِ مِنْ خَيْرٍ وَشَرٍّ عَلَى صَفَحَاتِ الْوُجُوهِ قَالَ تَعَالَى: {يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ} فَفِي الدُّنْيَا، تَنْكَتِمُ كَثِيرٌ مِنَ الْأُمُورِ، وَلَا تَظْهَرُ عِيَانًا لِلنَّاسِ، وَأَمَّا يَوْمُ الْقِيَامَةِ، فَيَظْهَرُ بِرُّ الْأَبْرَارِ، وَفُجُورُ الْفُجَّارِ، وَتَصِيرُ الْأُمُورُ عَلَانِيَةً.

{രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം} നെഞ്ചകത്തുള്ള രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുകയും ഹൃദയത്തിലുള്ള നന്മ തിന്മകള്‍ മുഖത്ത് പ്രകടമാവുകയും ചെയ്യും. {ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍} ഇവിടെ ധാരാളം കാര്യങ്ങള്‍ ജനങ്ങളറിയാതെ മറച്ചുവെക്കാന്‍ കഴിയും. എന്നാല്‍, ഉയര്‍ത്തെഴുന്നേല്‍പു നാളില്‍ പുണ്യവാന്മാരുടെ പുണ്യങ്ങളും അധര്‍മകാരികളുടെ തിന്മകളും പരസ്യമായിത്തീരും.

അന്നത്തെ ദിവസം മനുഷ്യന്റെ അവസ്ഥയോ?

فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ ‎

അപ്പോള്‍ അവന് (മനുഷ്യന്‌) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല. (ഖുർആൻ:86/10)

فَمَا لَهُ مِنْ قُوَّةٍ يَدْفَعُ بِهَا وَلا نَاصِرٍ مِنْ خَارِجٍ يَنْتَصِرُ بِهِ، فَهَذَا الْقَسَمُ عَلَى حَالَةِ الْعَامِلِينَ وَقْتَ عَمَلِهِمْ وَعِنْدَ جَزَائِهِمْ.

{അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ സഹായിയോ ഉണ്ടായിരിക്കുകയില്ല} സ്വന്തം നിലക്കോ പുറത്തുനിന്നുള്ള സഹായത്താലോ ഉള്ള ഒരു ശക്തി അവനുണ്ടാകില്ലെന്നര്‍ഥം. (തഫ്സീറുസ്സഅ്ദി)

فَمَا لِلْإِنْسَانِ فِي ذَلِكَ اليَوْمِ مِنْ قُوَّةٍ يَمْتَنِعُ بِهَا مِنْ عَذَابِ اللَّهِ وَلَا مُعِينٍ يُعِينُهُ.

അന്നേ ദിവസം അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് തടുത്തു നിർത്തുന്ന ഒരു ശക്തിയോ, സഹായിക്കുന്ന ഒരു സഹായിയോ മനുഷ്യന് ഉണ്ടായിരിക്കുകയില്ല. (തഫ്സീർ മുഖ്തസ്വർ)

സ്വകാര്യജീവിതത്തില്‍ അവന്‍ നടത്തുന്ന എല്ലാ ഗൂഢപ്രവര്‍ത്തനങ്ങളും, അവന്റെ വിചാരം, വികാരം, ഉദ്ദേശ്യം, വിശ്വാസം മുതലായവയുമെല്ലാം ഖിയാമത്തുനാളില്‍ പരിശോധനാവിഷയമാകുന്നതും, അതനുസരിച്ച് നടപടി എടുക്കപ്പെടുന്നതുമാണ്. ഇന്ന് ഈ കാണുന്ന കഴിവും സ്വാധീനവും ഒന്നും തന്നെ അവന് അന്നുണ്ടായിരിക്കയില്ല. ആരും അവനെ രക്ഷിക്കുവാനും ഉണ്ടാകുന്നതല്ല. (അമാനി തഫ്സീര്‍)

ഇതുവരെ സത്യം ചെയ്ത് പറഞ്ഞത് പ്രവര്‍ത്തിക്കുന്നവരെയും അവരുടെ പ്രവര്‍ത്തനങ്ങെളയും പ്രതിഫലങ്ങെളയുമെല്ലാം കുറിച്ചാണ്. ഇനി സത്യം ചെയ്യുന്നത് വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ സാധ്യതയെക്കുറിച്ചാണ്.

وَٱلسَّمَآءِ ذَاتِ ٱلرَّجْعِ ‎﴿١١﴾‏ وَٱلْأَرْضِ ذَاتِ ٱلصَّدْعِ ‎﴿١٢﴾

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും, സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം. (ഖുർആൻ:86/11-12)

{وَالسَّمَاءِ ذَاتِ الرَّجْعِ وَالأَرْضِ ذَاتِ الصَّدْعِ} أَيْ: تَرْجِعُ السَّمَاءُ بِالْمَطَرِ كُلَّ عَامٍ، وَتَنْصَدِعُ الْأَرْضُ لِلنَّبَاتِ، فَيَعِيشُ بِذَلِكَ الْآدَمِيُّونَ وَالْبَهَائِمُ، وَتَرْجِعُ السَّمَاءُ أَيْضًا بِالْأَقْدَارِ وَالشُّؤُونِ الْإِلَهِيَّةِ كُلَّ وَقْتٍ، وَتَنْصَدِعُ الْأَرْضُ عَنِ الْأَمْوَاتِ،

{ആവര്‍ത്തിച്ച് മഴ പെയ്യിപ്പിക്കുന്ന ആകാശത്തെ കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം} എല്ലാ വര്‍ഷങ്ങളിലും ആകാശം മഴയെ ആവര്‍ത്തിച്ചുതരുന്നു. ഭൂമി സസ്യലതാദികള്‍ മുളക്കാന്‍ പിളരുന്നു. അവയാല്‍ മനുഷ്യരും മൃഗങ്ങളും ജീവിക്കുന്നു. ഓരോ സമയത്തും ആകാശം ദൈവികമായ വിധികളും കാര്യങ്ങളും കൊണ്ടുവരുന്നു. ഭൂമി മരിച്ചവര്‍ക്ക് വേണ്ടി കുഴികളായിത്തീരുന്നു. (തഫ്സീറുസ്സഅ്ദി)

ഈ കാര്യങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്ന കാര്യം ശ്രദ്ധേയമാണ്: ഈ ഖുർആൻ തമാശയോ അർത്ഥമില്ലാത്ത സംസാരമോ അല്ല. മറിച്ച് പ്രാധാന്യമേറിയതും, സത്യവുമായ സംസാരമത്രെ.

‏ إِنَّهُۥ لَقَوْلٌ فَصْلٌ ‎﴿١٣﴾‏ وَمَا هُوَ بِٱلْهَزْلِ ‎﴿١٤﴾

തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.  ഇതു തമാശയല്ല. (ഖുർആൻ:86/13-14)

إِنَّهُ أَيِ: الْقُرْآنُ لَقَوْلٌ فَصْلٌ أَيْ: حَقٌّ وَصِدْقٌ بَيِّنٌ وَاضِحٌ.

{തീര്‍ച്ചയായും ഇത്} അതായത് ക്വുര്‍ആന്‍. {നിര്‍ണായകമായ ഒരു വാക്കാകുന്നു} അതായത് സത്യവും യഥാര്‍ഥവും വ്യക്തവുമായത്. (തഫ്സീറുസ്സഅ്ദി)

إِنَّ هَذَا القُرْآنَ المُنَزَّلَ عَلَى مُحَمَّدٍ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لَقَوْلٌ يَفْصِلُ بَيْنَ الحَقِّ وَالبَاطِلِ، وَالصِّدْقِ وَالكَذِبِ.

മുഹമ്മദ് നബി ﷺ യുടെ മേൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ ശരിയെയും തെറ്റിനെയും, സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന വാക്ക് തന്നെയാകുന്നു. (തഫ്സീർ മുഖ്തസ്വർ)

മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചും അവന്റെ പുനരെഴുന്നേല്‍പിനെക്കുറിച്ചും അവന്റെ ചിന്ത തിരിക്കുവാന്‍ പോരുന്നതാണ് ഈ സത്യവാചകങ്ങള്‍. മനുഷ്യനു മരണശേഷം വീണ്ടും ഒരു ജീവിതമുണ്ടെന്നും, അവന്റെ കർമ്മങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും പറയുന്നത് കേവലം തമാശയോ വിനോദമോ ഒന്നുമല്ല. യാതൊരു നീക്കുപോക്കുമില്ലാത്ത വിധം ഖണ്ഡിതവും അവസാനത്തേതുമായ വാക്കാണത് എന്നത്രെ അല്ലാഹു സത്യം ചെയ്തു പറയുന്നത്. (അമാനി തഫ്സീര്‍)

എന്നാൽ പ്രവാചകനെ കളവാക്കുന്നവര്‍ സത്യത്തെ തടുക്കാനും, അസത്യത്തെ ശക്തിപ്പെടുത്താനുമുള്ള വലിയ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുമെന്നും അതിനെ കുറിച്ച് പ്രവാചകന്‍ ആശങ്കപ്പെടേണ്ടതില്ലേന്നും പറഞ്ഞ് സമാശ്വസിപ്പിച്ചാണ് ഈ സൂറത്ത് അവസാനിക്കുന്നത്.

إِنَّهُمْ يَكِيدُونَ كَيْدًا ‎﴿١٥﴾‏ وَأَكِيدُ كَيْدًا ‎﴿١٦﴾‏ فَمَهِّلِ ٱلْكَٰفِرِينَ أَمْهِلْهُمْ رُوَيْدَۢا ‎﴿١٧﴾‏

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക. (ഖുർആൻ:86/15-17)

സത്യപ്രബോധനത്തെയും, പ്രവാചകനെയും നിഷ്കാസനം ചെയ്യാനായി അവര്‍ ഗൂഢതന്ത്രങ്ങള്‍ പലതും നടത്തികൊണ്ടിരിക്കുകയാണ്. അവരെ പരാജയപ്പെടുത്തുവാനും മുട്ടുകുത്തിക്കുവാനുമുള്ള തന്ത്രങ്ങള്‍ ഞാനും നടത്തുന്നുണ്ട്. അതുകൊണ്ട് അവരുടെ കാര്യത്തില്‍ ധൃതിപ്പെടേണ്ടതില്ല. അല്‍പമൊന്നു ക്ഷമിച്ചേക്കുക. താമസിയാതെ അവരെ ഞാന്‍ പരാജയപ്പെടുത്തുകയും പിടികൂടുകയും ചെയ്യാതിരിക്കയില്ല എന്നു നബി ﷺ യെ സമാധാനിപ്പിക്കുകയാണ്. അല്ലാഹുവിന്റെ തന്ത്രം കുറിക്കു കൊള്ളുമെന്നു പറയേണ്ടതില്ല. അതു സംഭവിച്ചു കഴിയുകയും ചെയ്തുവല്ലോ. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.