സുന്നത്ത് : നിര്‍വ്വചനങ്ങൾ

“സുന്നത്ത്” എന്നാല്‍, ഭാഷയില്‍ മാര്‍ഗ്ഗം – അഥവാ നടപടി എന്നര്‍ത്ഥം. നല്ലമാര്‍ഗ്ഗമായാലും ചീത്തമാര്‍ഗ്ഗമായാലും ഭാഷയില്‍ വ്യത്യാസമില്ല. താഴെ പറയുന്ന ഹദീസുകൾ ഈ അര്‍ത്ഥത്തിലാകുന്നു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَعُمِلَ بِهَا بَعْدَهُ كُتِبَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا وَلاَ يَنْقُصُ مِنْ أُجُورِهِمْ شَىْءٌ وَمَنْ سَنَّ فِي الإِسْلاَمِ سُنَّةً سَيِّئَةً فَعُمِلَ بِهَا بَعْدَهُ كُتِبَ عَلَيْهِ مِثْلُ وِزْرِ مَنْ عَمِلَ بِهَا وَلاَ يَنْقُصُ مِنْ أَوْزَارِهِمْ شَىْءٌ ‏‏

നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്ലാമിൽ ഒരു നല്ല സുന്നത്ത് നടപ്പിലാക്കിയാല്‍, അതിന് ശേഷം അത് പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍, നല്ല പ്രവൃത്തി ചെയ്തവനെപോലെയുള്ള പ്രതിഫലം (നടപ്പിലാക്കിയവന്) ലഭിക്കുന്നതാണ്. അതു അവരുടെ (തുടങ്ങുന്നവരുടെ) പ്രതിഫലത്തില്‍ ഒരു കുറവും വരുത്തുന്നതല്ല. ആരെങ്കിലും ഇസ്ലാമിൽ ഒരു ചീത്ത സുന്നത്ത് നടപ്പിലാക്കിയാല്‍, അതിനുശേഷം അത് പ്രാവര്‍ത്തികമാക്കപ്പെട്ടാല്‍, അതുചെയ്യുന്നവരുടേതിന് തുല്ല്യമായ പാപഭാരം നടപ്പിലാക്കിയവന്റെ മേലും ചാര്‍ത്തപ്പെടും. അത് അവരുടെ കുറ്റത്തില്‍ നിന്ന് കുറവുവരുത്തുകയില്ല. (മുസ്‌ലിം: 1017)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ‏”‏‏.‏ قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ‏”‏ فَمَنْ ‏”‏‏.

അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍ഗാമികളുടെ സുന്നത്ത് പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാല്‍ അവ൪ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ മുന്‍ഗാമികളെന്നാല്‍ ജൂതക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു : അവരല്ലാതെ പിന്നെ ആര്? (ബുഖാരി:7320)

ഹദീസ് പണ്ഡിതന്‍മാര്‍ സ്വീകരിച്ച സാങ്കേതികാര്‍ത്ഥത്തില്‍,  സുന്നത്തില്‍ ഉള്‍പ്പെടുന്നത് ഇതാണ്.

ما أُثِرَ عَنْ النَّبِيِّ- ﷺ- من قول أو فعل أو تقرير أو صفة خَلْقِيَّة أو خُلُقِيَّة أو سيرة

നബി ﷺ യുടെ വാക്ക്, പ്രവൃത്തി, സ്ഥിരീകരണം (അംഗീകരണം), പ്രകൃതിപരമോ സ്വഭാവപരമോ ആയ ഗുണവിശേഷം, ജീവിതചര്യ എന്നിവയെപ്പറ്റി ഉദ്ധരിക്കപ്പെടുന്നതെല്ലാം.

ചില പണ്ഡിതന്‍മാരുടെ അടുക്കല്‍, “ഹദീസും”, “സുന്നത്തും” പര്യായ പദങ്ങളത്രെ.

ഉസ്വൂലിന്‍റെ (ഇസ്ലാമിലെ കര്‍മ്മശാസ്ത്ര നിദാനത്തിന്‍റെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്ന സാങ്കേതികാര്‍ത്ഥത്തില്‍, നബി ﷺ യുടെ വാക്കും, പ്രവൃത്തിയും, സ്ഥിരീകരണവുമാണ് (قول أو فعل أو تقرير) സുന്നത്ത്. മിക്കപ്പോഴും “ഹദീസും” ഈ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്നു.

താഴെ പറയുന്നത് പോലെയുള്ള ഹദീസുകള്‍ വാക്ക് മൂലമുള്ള സുന്നത്തുകൾക്ക് ഉദാഹരണമാകുന്നു.

قَالَ رَسُولَ اللَّهِ صلى الله عليه وسلم : إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

നബി ﷺ  പറഞ്ഞു: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും.  (ബുഖാരി, മുസ്‌ലിം)

നമസ്കാരം, ഹജ്ജ്, നോമ്പ് മുതലായ ആരാധനാ കര്‍മ്മങ്ങളിലും മറ്റും നബി ﷺ അനുഷ്ഠിച്ചതായി പ്രസ്താവിക്കുന്ന ഹദീസുകള്‍ പ്രവൃത്തിമൂലമുള്ള സുന്നത്തുകൾ ആകുന്നു.

സഹാബികളില്‍ നിന്നുണ്ടാകുന്ന വല്ല പ്രവൃത്തിയെക്കുറിച്ചും നബി ﷺ ക്ക് അതൃപ്തിയില്ലെന്നോ, അല്ലെങ്കില്‍ തൃപ്തിയുണ്ടെന്നോ മനസ്സിലാക്കുന്ന വിധം അവിടുന്നു മൗനം അവലംബിക്കുമ്പോള്‍ അതു അംഗീകരണ രൂപത്തിലുള്ള സുന്നത്താകുന്നു. ഒരു ഉദാഹരണം കാണുക:

عَنِ ابْنِ عُمَرَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم لَنَا لَمَّا رَجَعَ مِنَ الأَحْزَابِ ‏ “‏ لاَ يُصَلِّيَنَّ أَحَدٌ الْعَصْرَ إِلاَّ فِي بَنِي قُرَيْظَةَ ‏”‏‏.‏ فَأَدْرَكَ بَعْضُهُمُ الْعَصْرَ فِي الطَّرِيقِ فَقَالَ بَعْضُهُمْ لاَ نُصَلِّي حَتَّى نَأْتِيَهَا، وَقَالَ بَعْضُهُمْ بَلْ نُصَلِّي لَمْ يُرَدْ مِنَّا ذَلِكَ‏.‏ فَذُكِرَ لِلنَّبِيِّ صلى الله عليه وسلم فَلَمْ يُعَنِّفْ وَاحِدًا مِنْهُمْ‏.‏

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: അഹ്സാബ് യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ നബി ﷺ ഞങ്ങളോട് പറഞ്ഞു: ‘ബനൂഖുറൈള:യില്‍ വെച്ചല്ലാതെ നിങ്ങളാരും അസര്‍ നമസ്കരിക്കരുത്’. വഴിയിൽ വെച്ച് അവർക്ക് അസർ നമസ്കാര സമയം സംജാതമായി. അവരിൽ ചിലർ പറഞ്ഞു: അവിടെ എത്തുന്നതുവരെ നാം നമസ്കാരം നിര്‍വ്വഹിക്കുന്നില്ല. [അവര്‍ ഈ കല്‍പനക്ക് അതിന്‍റെ ബാഹ്യത്തിലുള്ള അര്‍ത്ഥം തന്നെ കല്‍പിച്ചു. സൂര്യന്‍ അസ്തമിച്ചിട്ടും അവിടെ എത്തിയ ശേഷമേ അവര്‍ അസര്‍ നമസ്കരിച്ചുള്ളു] മറ്റ് ചിലർ പറഞ്ഞു:   ഞങ്ങൾ നമസ്കരിക്കുന്നു. ഞങ്ങൾ വാചാരിക്കുന്നത് അതല്ല. [ധൃതഗതിയില്‍ അവിടെ എത്തിച്ചേരണമെന്നാണതിന്‍റെ താല്‍പര്യമെന്നും, വഴിമദ്ധ്യേ നമസ്കരിക്കുന്നതിനു വിരോധമില്ലെന്നും വേറെ ചിലര്‍ മനസ്സിലാക്കി. അവര്‍ വഴിയില്‍ വെച്ചു സമയത്തുതന്നെ നമസ്കരിക്കയും ചെയ്തു.] രണ്ടു കൂട്ടര്‍ ചെയ്തതും നബി ﷺ അറിഞ്ഞു. രണ്ടില്‍ ഒരു കൂട്ടരെയും അവിടുന്നു ആക്ഷേപിക്കയുണ്ടായില്ല. (ബുഖാരി)

മേല്‍കണ്ട നിര്‍വചനങ്ങള്‍ക്കു പുറമെ, മതത്തില്‍ അംഗീകൃതമായ തെളിവ് മുഖേന സ്ഥാപിതമായ കാര്യം എന്ന അര്‍ത്ഥത്തിലും “സുന്നത്ത്” ഉപയോഗിക്കപ്പെടാറുണ്ട്. തെളിവ് ഖുര്‍ആനോ, ഹദീസോ, ഇജ്തിഹാദോ ആകാവുന്നതാണ്. ‘മുസ്ഹഫി’ല്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചതും മറ്റും ഇതിന് ഉദാഹരണമാകുന്നു. താഴെ പറയുന്ന ഹദീസിൽ കാണുന്നതും ഈ അര്‍ത്ഥത്തിലുള്ള സുന്നത്താകുന്നു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ

നബി ﷺ പറഞ്ഞു: നിശ്ചയം, നിങ്ങളില്‍ ആരാണോ എനിക്ക് ശേഷം ജീവിക്കുന്നത് അവര്‍ക്ക് ധാരാളം ഭിന്നതകള്‍ കാണാം. അപ്പോള്‍ എന്‍റെ സുന്നത്തും സച്ചരിതരായ എന്‍റെ ഖുലഫാഉറാഷിദുകളുടെ (സഹാബികൾ) സുന്നത്തും നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക.. (ഇബ്നുമാജ 1/145)

നിര്‍ബ്ബന്ധത്തിന്‍റെ നിലക്കല്ലാതെ നബി ﷺ യില്‍നിന്നു സ്ഥിരപ്പെട്ട കാര്യം എന്ന അര്‍ത്ഥത്തിലും ഫുഖഹാക്കള്‍ സുന്നത്തു ഉപയോഗിക്കാറുണ്ടു. ‘സുന്നത്തിന്‍റെ ത്വലാഖ് (വിവാഹമോചനം) എന്നും, ‘ബിദ്അത്തിന്‍റെ ത്വലാഖു’ എന്നും പറയപ്പെടുന്നത് ഈ അര്‍ത്ഥത്തിലാകുന്നു.

 

www.kanzululoom.com

 

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.