ഹൃദയം സ്രഷ്ടാവിൽ ഐശ്വര്യം കണ്ടെത്തിയാൽ സൃഷ്ടികളിൽ നിന്ന് സ്വയംപര്യാപ്തനാകും

ഹൃദയം അല്ലാഹുവിനെക്കൊണ്ടല്ലാതെ ഐശ്വര്യം നേടുകയില്ല. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് തന്നെ തനിക്ക് പ്രയോജനകരമായത് നേടാനും, ദോഷകരമായത് തടയാനും ആവശ്യക്കാരനായിട്ടാണ്. അവന്റെ ആത്മാവ് എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണത്. അതിന് ഒരു ലക്ഷ്യം അനിവാര്യമാണ്. അതിലേക്ക് അത് സമാധാനം കണ്ടെത്തുകയും ശാന്തമാവുകയും ചെയ്യും. അവനല്ലാത്ത ഏതൊരു ആരാധ്യനും നാശത്തിനാണ് കാരണമാകുന്നത്:

…لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا…

…ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു… (ഖുർആൻ:21/22)

അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് സഹായം തേടുകയും ചെയ്യുന്നതിലൂടെയല്ലാതെ ഹൃദയങ്ങൾക്ക് നന്മ ലഭിക്കുകയില്ല. അതിനാൽ, ഹൃദയം അവനിലേക്ക് ആരാധ്യനെന്ന നിലയിൽ ദരിദ്രനാണ്, റബ്ബ് എന്ന നിലയിലും ദരിദ്രനാണ്. അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. അവനിൽ നിന്നല്ലാതെ മറ്റൊരു അഭയസ്ഥാനവുമില്ല (മജ്മൂഉൽ ഫതാവ 1/55, 10/198, ജാമിഉൽ മസാഇൽ 3/54, 5/252 എന്നിവ നോക്കുക. ഈ നിയമം മുൻപത്തെ നിയമത്തിന്റെ പൂർത്തീകരണമാണ്).

അടിമ അല്ലാഹുവിന് ദീൻ നിഷ്കളങ്കമാക്കിയിട്ടില്ലെങ്കിൽ അവൻ മറ്റുള്ളവരെ ആരാധിക്കും. ആരാധനയിലും സഹായതേട്ടത്തിലും അവനോട് പങ്കുചേർക്കും. ഇത് തന്റെ സൗഭാഗ്യത്തെക്കുറിച്ചുള്ള അജ്ഞതയും, സ്വന്തത്തോട് ചെയ്യുന്ന അക്രമവും കൊണ്ടാണ്. അവൻ അക്രമിയും അജ്ഞനുമാണ്. അല്ലെങ്കിൽ, അവന്റെ സൗഭാഗ്യം എന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോട് മാത്രം സഹായം തേടുകയും ചെയ്യുക എന്നതിലാണ്. അവനെ ആരാധിക്കുന്നതിലൂടെ അവൻ മറ്റൊരു ആരാധ്യനിൽ നിന്ന് ഐശ്വര്യം നേടുന്നു. അവനോട് സഹായം തേടുന്നതിലൂടെ അവൻ മറ്റൊരു സഹായിയിൽ നിന്ന് ഐശ്വര്യം നേടുന്നു.

അതുകൊണ്ടാണ് മുശ്‌രിക്കിന് (ബഹുദൈവാരാധകൻ) കൺകുളിർമ്മ നൽകുന്നതും ഹൃദയത്തിന് ഐശ്വര്യം നൽകുന്നതുമായ ഒന്നും ലഭിക്കാത്തത്. കാരണം, അല്ലാഹു തന്റെ അടിമകളെ സൃഷ്ടിച്ചത് ഫിത്റത്തിൽ (പ്രകൃതി) ഹുനഫാഅ് (ഋജുമനസ്കർ) ആയിട്ടാണ്. നബി ﷺ പറഞ്ഞു:

كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ

എല്ലാ കുട്ടിയും ഫിത്റത്തിലാണ് ജനിക്കുന്നത്. (ബുഖാരി 1385, മുസ്‌ലിം 2658).

ഹൃദയം സൃഷ്ടിക്കപ്പെട്ടത് ഇസ്‌ലാമിന്റെ ഫിത്റത്തിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും കീഴൊതുങ്ങാതിരിക്കുക എന്നതാണ്. അതിനാൽ, അതിന്റെ ഫിത്റത്ത് പ്രകാരം അത് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ആഗ്രഹിക്കുന്നു. അല്ലാഹു മാത്രം അതിന്റെ ആരാധ്യനാകുമ്പോഴല്ലാതെ അതിന്റെ ഹൃദയം സമാധാനിക്കുകയോ, അതിന് ആനന്ദവും സന്തോഷവും ലഭിക്കുകയോ ഇല്ല.

അവനല്ലാത്ത ഏതൊരു ആരാധ്യനും നാശത്തിനാണ് കാരണമാകുന്നത്. അതുകൊണ്ട് ഹൃദയത്തിന് നന്മയോ, പൂർണ്ണതയോ, സൗഭാഗ്യമോ ലഭിക്കുകയില്ല. ഇത് ലഭിച്ചില്ലെങ്കിൽ അത് ദാഹത്തിലും വെപ്രാളത്തിലുമായിരിക്കും. അപ്പോൾ അത് സമാധാനം കണ്ടെത്താനും ആനന്ദിക്കാനും വേണ്ടി എന്തെങ്കിലും തേടും. അപ്പോൾ തിന്മകളിൽ മുഴുകുകയല്ലാതെ മറ്റൊന്നും അതിന് മുന്നിൽ കാണുകയില്ല!

അതുകൊണ്ട്, എല്ലാ സൃഷ്ടികളിൽ നിന്നും ഹൃദയം ഐശ്വര്യം നേടണമെങ്കിൽ അല്ലാഹു മാത്രം അതിന്റെ മൗലാ (യജമാനൻ) ആകണം. അവനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്. അവനോടല്ലാതെ സഹായം തേടരുത്. അവനിലല്ലാതെ ഭരമേൽപ്പിക്കരുത്. അവൻ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമല്ലാതെ മറ്റൊന്നിലും സന്തോഷിക്കരുത്. അവൻ വെറുക്കുന്നതും കോപിക്കുന്നതുമല്ലാതെ മറ്റൊന്നും വെറുക്കരുത്. അവന്റെ പ്രീതിക്ക് വേണ്ടിയല്ലാതെ മറ്റാർക്കും വലാഅ് (കൂറ്) നൽകരുത്. അവന്റെ പ്രീതിക്ക് വേണ്ടിയല്ലാതെ മറ്റാരോടും ശത്രുത പുലർത്തരുത്. അവന് വേണ്ടിയല്ലാതെ സ്നേഹിക്കരുത്. അവന് വേണ്ടിയല്ലാതെ വെറുക്കരുത്. അവന് വേണ്ടിയല്ലാതെ നൽകരുത്. അവന് വേണ്ടിയല്ലാതെ തടയരുത്.

അവനോടുള്ള ഇഖ്‌ലാസ്വിന്റെയും സ്നേഹത്തിന്റെയും തോതനുസരിച്ച് അവനോടുള്ള ഉബൂദിയ്യത്ത് പൂർണ്ണമാവുകയും, സൃഷ്ടികളിൽ നിന്നുള്ള ഐശ്വര്യം പൂർണ്ണമാവുകയും ചെയ്യും.

ചിലർ പറഞ്ഞു: “അടിമ പൂർണ്ണമായി അല്ലാഹുവിലേക്ക് തിരിഞ്ഞാൽ, അവന് ആദ്യം ലഭിക്കുന്ന പ്രയോജനം, അവനല്ലാത്ത മറ്റെല്ലാവരിൽ നിന്നും അവന് ഐശ്വര്യം (സ്വയം പര്യാപ്തത) നൽകപ്പെടുമെന്നതാണ്.” (ഇബ്നു റജബ് തന്റെ റസാഇലിൽ (3/340) ഉദ്ധരിച്ചത്).

അടിമക്ക് അല്ലാഹുവിന്റെ ഔദാര്യത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷ വർധിക്കുകയും, തന്റെ ആവശ്യം പൂർത്തീകരിക്കാനും പ്രയാസം നീക്കാനും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്തോറും അവനോടുള്ള ഉബൂദിയ്യത്തും, അവനല്ലാത്തവരിൽ നിന്നുള്ള സ്വാതന്ത്ര്യവും വർധിക്കും. സൃഷ്ടികളോടുള്ള പ്രതീക്ഷ അവരോടുള്ള ഉബൂദിയ്യത്തിന് കാരണമാകുന്നതുപോലെ, അവരിൽ നിന്നുള്ള നിരാശ ഹൃദയത്തിന് അവരിൽ നിന്ന് ഐശ്വര്യം നൽകും!

ഇപ്രകാരം പറയപ്പെട്ടതുപോലെ: നീ ഉദ്ദേശിക്കുന്നവനിൽ നിന്ന് ഐശ്വര്യം തേടുക (അവനെ ആശ്രയിക്കാതിരിക്കുക), നീ അവന്റെ തുല്യനാകും. നീ ഉദ്ദേശിക്കുന്നവന് ഔദാര്യം ചെയ്യുക, നീ അവന്റെ അമീറാകും (നായകൻ). നീ ഉദ്ദേശിക്കുന്നവനിലേക്ക് ആവശ്യക്കാരനാവുക, നീ അവന്റെ തടവുകാരനാകും. (ഇബ്നു തൈമിയ്യ മജ്മൂഉൽ ഫതാവയിൽ (1/52) ഉദ്ധരിച്ചത്).

തന്റെ റബ്ബിനോട് പൂർണ്ണമായ ദാരിദ്ര്യം സാക്ഷ്യപ്പെടുത്തുകയും, തന്റെ ബാഹ്യവും ആന്തരികവുമായ ഓരോ അണുവും റബ്ബ് എന്ന നിലയിലും ആരാധ്യനായ ഇലാഹ് എന്ന നിലയിലും അവനിലേക്ക് ആവശ്യക്കാരാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നതിലൂടെയല്ലാതെ അടിമക്ക് ഈ സ്ഥാനത്തേക്ക് ഉയരാൻ സാധ്യമല്ല. അതിനാൽ അവന് അവനെക്കൂടാതെ ഐശ്വര്യമില്ല, അവനെക്കൂടാതെ അസ്തിത്വവുമില്ല.

ഇത് അവന് ശരിയാകണമെങ്കിൽ രണ്ട് അറിവുകൾ അനിവാര്യമാണ്: റുബൂബിയ്യത്തിന്റെയും (റബ്ബിന്റെ അധികാരം) ഉലൂഹിയ്യത്തിന്റെയും (ആരാധനക്കുള്ള അവകാശം) യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവ്, ആത്മാവിന്റെയും ഉബൂദിയ്യത്തിന്റെയും യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവ്. ഈ രണ്ട് അറിവുകൾക്കും അതിന്റെ അവകാശം നൽകിയാൽ അവൻ ഈ ദാരിദ്ര്യത്താൽ വിശേഷിപ്പിക്കപ്പെടും. അപ്പോൾ അവൻ എത്ര വലിയ ഐശ്വര്യവാനായ ദരിദ്രനാണ്! എത്ര വലിയ പ്രതാപിയായ വിനയാന്വിതനാണ്! എത്ര വലിയ ശക്തനായ ദുർബലനാണ്! എത്ര വലിയ കൂട്ടുകാരനുള്ള ഏകാകിയാണ്! അവൻ സമ്പത്തില്ലാത്ത ഐശ്വര്യവാനും, അധികാരമില്ലാത്ത ശക്തനും, കുടുംബമില്ലാത്ത പ്രതാപിയും, ആയുധങ്ങളില്ലാത്ത സംരക്ഷിക്കപ്പെട്ടവനുമാണ്. അവന്റെ കണ്ണ് അല്ലാഹുവിനെക്കൊണ്ട് കുളിർത്തു. അതിനാൽ എല്ലാ കണ്ണുകളും അവനെക്കൊണ്ട് കുളിർത്തു. അവൻ അല്ലാഹുവിനെക്കൊണ്ട് ഐശ്വര്യം നേടി. അതിനാൽ ഐശ്വര്യവാന്മാർ അവനിലേക്ക് ദരിദ്രരായി!

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: “സൃഷ്ടികളോട് മനുഷ്യൻ പരാതിപ്പെട്ടാൽ, അവരുടെ ദോഷം അവരുടെ ഉപകാരത്തേക്കാൾ അടുത്താണ്. എന്നാൽ പ്രതാപവാനും പരിശുദ്ധനാമങ്ങളുള്ളവനും അവനല്ലാതെ മറ്റൊരാരാധ്യനില്ലാത്തവനുമായ സ്രഷ്ടാവിനോട് സൃഷ്ടി പരാതിപ്പെടുകയും, തന്റെ ആവശ്യം അവനോട് പറയുകയും, തന്റെ പാപങ്ങൾക്ക് അവനോട് പൊറുക്കലിനെ തേടുകയും ചെയ്താൽ അവൻ അവനെ ശക്തിപ്പെടുത്തുകയും, ഹിദായത്ത് നൽകുകയും, അവന്റെ കുറവ് നികത്തുകയും, അവനെ ഐശ്വര്യവാനാക്കുകയും, അവനിലേക്ക് അടുപ്പിക്കുകയും, അവനെ സ്നേഹിക്കുകയും, അവനെ തിരഞ്ഞെടുക്കുകയും ചെയ്യും. സൃഷ്ടിയോടാകട്ടെ, അടിമ തന്റെ ആവശ്യം പറഞ്ഞാൽ അവൻ അവനെ നിസ്സാരനാക്കുകയും വെറുക്കുകയും പിന്നീട് അവനിൽ നിന്ന് പിന്തിരിയുകയും ചെയ്യും!” (മജ്മൂഉൽ ഫതാവ 28/40).

അല്ലാഹുവിനെക്കൊണ്ട് ഐശ്വര്യം നേടാൻ സഹായിക്കുന്ന ഒരു കാര്യം, ആത്മാവിനെ പരിശീലിപ്പിക്കുകയും ദൃഢനിശ്ചയത്തോടെ പിടിക്കുകയും ചെയ്യുക എന്നതാണ്. അതായത്, സാധ്യമാകുന്നത്ര ജനങ്ങളിൽ നിന്ന് ഐശ്വര്യം തേടുകയും, അവർക്ക് മുന്നിൽ മുഖം കുനിക്കുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക. ഇത് ഹൃദയത്തിൽ നിന്ന് സൃഷ്ടികളോടുള്ള എല്ലാ ബന്ധവും തിരിഞ്ഞുനോട്ടവും പുറത്താക്കാൻ സഹായിക്കും. എല്ലാ ആവശ്യങ്ങളും ഒരിക്കലും മരിക്കാത്തവനായവനിലേക്ക് ബന്ധിപ്പിക്കാനും ഇത് സഹായിക്കും. ഇതായിരുന്നു നബി ﷺ തന്റെ സ്വഹാബത്തിനെ പഠിപ്പിച്ചിരുന്നത്. അവിടുന്ന് ﷺ ഇബ്നു അബ്ബാസിനോട് رَضِيَ اللَّهُ عَنْهُما പറഞ്ഞു:

إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ

നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. (തിർമിദി 2516, അഹ്‌മദ് 2669).

ഔഫ് ബ്നു മാലിക് അൽ-അശ്ജഇ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ, റസൂലുള്ളാഹി ﷺ തന്റെ സ്വഹാബികളിൽ ഒരു സംഘത്തോട് ജനങ്ങളോട് ഒന്നും ചോദിക്കില്ലെന്ന് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തു. അദ്ദേഹം പറയുന്നു: “ആ സംഘത്തിലെ ചിലരുടെ ചമ്മട്ടി താഴെ വീണാൽ, അത് എടുത്തുതരാൻ ആരോടും ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല.” (മുസ്‌ലിം 1043).

അബുൽ അബ്ബാസ് അൽ-ഖുർതുബി رَحِمَهُ اللَّهُ പറഞ്ഞു: “ബൈഅത്തിൽ അവിടുന്ന് ﷺ സ്വഹാബത്തിനോട് ‘ആരോടും ഒന്നും ചോദിക്കരുത്’ എന്ന് വാങ്ങിയത്, ഉന്നതമായ സ്വഭാവങ്ങൾ പഠിപ്പിക്കാനും, സൃഷ്ടികളുടെ ഔദാര്യങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് ഉയരാനും, ആവശ്യങ്ങളുടെ പ്രയാസങ്ങളിൽ ക്ഷമിക്കാൻ പഠിപ്പിക്കാനും, ജനങ്ങളിൽ നിന്ന് ഐശ്വര്യം നേടാനും, ആത്മാഭിമാനം വളർത്താനുമായിരുന്നു.” (അൽ-മുഫ്ഹിം 3/86).

عن ثوبان رضي الله عنه قال: قال رسول الله صلى الله عليه وسلم: من يتقبل لي بواحدة، وأتقبل له بالجنة؟ قال: قلت: أنا، قال: لا تسأل الناس شيئًا، فكان ثوبان يقع سوطه وهو راكب، فلا يقول لأحد: ناولنيه، حتى ينزل هو فيتناوله

സൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: റസൂലുള്ളാഹി ﷺ പറഞ്ഞു: “ആരെങ്കിലും എനിക്ക് ഒരുകാര്യം ഉറപ്പുനൽകിയാൽ ഞാൻ അവന് സ്വർഗ്ഗം ഉറപ്പുനൽകാം?” ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ ﷺ, ഞാൻ.” അവിടുന്ന് ﷺ പറഞ്ഞു: “ജനങ്ങളോട് ഒന്നും ചോദിക്കരുത്.” അതിന് ശേഷം, സൗബാന്റെ (رَضِيَ اللَّهُ عَنْهُ) ചമ്മട്ടി അദ്ദേഹം ഒട്ടകപ്പുറത്തായിരിക്കുമ്പോൾ താഴെ വീണാൽ, ഒട്ടകത്തെ ഇരുത്തി അദ്ദേഹം തന്നെ അത് എടുക്കുമായിരുന്നു. അത് എടുത്തുതരാൻ ആരോടും പറയുമായിരുന്നില്ല. (അഹ്‌മദ് 22405, ഇബ്നുമാജ 1837, നസാഇ 2590).

ചുരുക്കം: അടിമക്ക് തന്റെ റബ്ബിലുള്ള പ്രതീക്ഷയും പ്രാർത്ഥനയും അവനോടുള്ള ഉബൂദിയ്യത്തിന് കാരണമാകുന്നു.

അല്ലാഹുവിനോട് ചോദിക്കുന്നതിൽ നിന്നും അവനോട് പ്രാർത്ഥിക്കുന്നതിൽ നിന്നും പിന്തിരിയുന്നത് ഹൃദയം ഉബൂദിയ്യത്തിൽ നിന്ന് പിന്തിരിയാൻ കാരണമാകുന്നു.

ആരെങ്കിലും തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഒരു സൃഷ്ടിയുമായി ഹൃദയം ബന്ധിപ്പിച്ചാൽ, അവന്റെ ഹൃദയം അവന് കീഴൊതുങ്ങും. അവന്റെ അവസ്ഥയനുസരിച്ച് അവനോടുള്ള ഉബൂദിയ്യത്തും ഉണ്ടാകും.

സൃഷ്ടിയോടുള്ള ബന്ധം വർധിക്കുന്തോറും സ്രഷ്ടാവിനോടുള്ള വിനയത്തിൽ നിന്ന് അവൻ അഹങ്കരിക്കും. അപ്പോൾ അവൻ തേട്ടം, ദുആ, പ്രാർത്ഥന, അവനോടുള്ള കീഴൊതുക്കം എന്നിവയുടെ ആളായിരിക്കില്ല. കാരണം, സൃഷ്ടിയോടുള്ള ഉബൂദിയ്യത്ത് സ്രഷ്ടാവിനോടുള്ള ഉബൂദിയ്യത്തുമായി മത്സരിക്കുകയും അതിനെ ദുർബലപ്പെടുത്തുകയും, ചിലപ്പോൾ ഇല്ലാതാക്കുകയും ചെയ്യും!

തന്റെ ആവശ്യങ്ങൾ അടിമകളോട് ചോദിക്കുകയും, താൻ ഉദ്ദേശിക്കുന്നതെല്ലാം കയ്യിലുള്ളവനോട് ചോദിക്കുന്നതിൽ നിന്ന് പിന്തിരിയുകയും ചെയ്യുന്നവൻ എത്ര മോശപ്പെട്ടവനാണ്!

അവൻ ചോദ്യത്തെ അതിന്റെ സ്ഥാനത്തല്ലാതെ വെക്കുകയും, അതിന്റെ അർഹരല്ലാത്തവരോട് ചോദിക്കുകയും, തന്റെ തൗഹീദിനോടും ഇഖ്‌ലാസ്വിനോടും അല്ലാഹുവിനോടുള്ള ദാരിദ്ര്യത്തോടും അക്രമം കാണിക്കുകയും ചെയ്തു. ജനങ്ങളുടെ റബ്ബിനോട് ചോദിക്കുന്നതിന് പകരം ജനങ്ങളോട് ചോദിച്ച് ഐശ്വര്യം തേടി.

ഇതെല്ലാം തൗഹീദിന്റെ അവകാശത്തെ കുറക്കുകയും, അതിന്റെ പ്രകാശത്തെ കെടുത്തുകയും, അതിന്റെ ശക്തിയെ ദുർബലപ്പെടുത്തുകയും ചെയ്യും. (മദാരിജുസ്സാലികീൻ 2/222).

അല്ലാഹുവാണ് സഹായം തേടപ്പെടേണ്ടവൻ.

 

പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ

قواعد في فقه القلوب ൽ നിന്നും എടുത്തത്.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *