കൂട്ടംകൂട്ടമായി നരകത്തിലേക്കും സ്വര്‍ഗത്തിലേക്കും

വിശുദ്ധ ഖുര്‍ആൻ സൂറ: സുമറിന്റെ അവസാന ആയത്തുകളിൽ നരകത്തിലേക്കും സ്വർഗ്ഗത്തിലേക്കും കൂട്ടംകൂട്ടമായി ആളുകളെ നയിക്കുന്ന കാര്യം പരാമർശിച്ചിരിക്കുന്നു. നമ്മിൽ പലർക്കും സുപരിചിതമായ ആയത്തുകളാണ് ഇവ. കാരണം ജമാഅത്ത് നമസ്കാരങ്ങളിൽ മിക്ക വഖ്തുകളിലും ഈ ആയത്തുകൾ ഇമാമുമാർ പാരായണം ചെയ്യാറുണ്ട്. പ്രസ്തുത ആയത്തുകളുടെ അർത്ഥവും ആശയവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആദ്യമായി ഈ ആയത്തുകൾ കാണുക:

وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ ءَايَٰتِ رَبِّكُمْ وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَٰذَا ۚ قَالُوا۟ بَلَىٰ وَلَٰكِنْ حَقَّتْ كَلِمَةُ ٱلْعَذَابِ عَلَى ٱلْكَٰفِرِينَ ‎﴿٧١﴾‏ قِيلَ ٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَٰلِدِينَ فِيهَا ۖ فَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ‎﴿٧٢﴾

സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍ അതിന്നടുത്തു വന്നാല്‍ അതിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. ‘നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കുകയും, നിങ്ങള്‍ക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടില്ലേ’ എന്ന് അതിന്‍റെ (നരകത്തിന്‍റെ) കാവല്‍ക്കാര്‍ അവരോട് ചോദിക്കുകയും ചെയ്യും. അവര്‍ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.  (അവരോട്‌) പറയപ്പെടും: നിങ്ങള്‍ നരകത്തിന്‍റെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍ നിത്യവാസികളായിരിക്കും. എന്നാല്‍ അഹങ്കാരികളുടെ പാര്‍പ്പിടം എത്ര ചീത്ത! (ഖു൪ആന്‍:39/71-72)

وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ ‎﴿٧٣﴾‏ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَٰمِلِينَ ‎﴿٧٤﴾‏

തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന് വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത് വരുമ്പോള്‍ അവരോട് അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക. അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!  (ഖു൪ആന്‍:39/73-74)

സ്വര്‍ഗ്ഗക്കാരേയും നരകക്കാരേയും കൂട്ടംകൂട്ടമായി ഒരേപോലെയായിരിക്കല്ല കൊണ്ടുപോകുന്നത്. അല്ലാഹു പറഞ്ഞതുപോലെ:

يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا ‎﴿٨٥﴾‏ وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ‎﴿٨٦﴾

ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം.  കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ച് കൊണ്ട് പോകുകയും ചെയ്യുന്ന ദിവസം. (ഖു൪ആന്‍:19/85-86)

അവിശ്വാസികൾ നരകത്തിലേക്കും, സത്യവിശ്വാസികൾ സ്വർഗ്ഗത്തിലേക്കും കൂട്ടം കൂട്ടമായി നയിക്കപ്പെടുമെന്ന് പറഞ്ഞതുകൊണ്ട്‌ രണ്ടു കൂട്ടരുടേയും വരവ്‌ ഒരേ പ്രകാരത്തിലായിരിക്കുമെന്നു ധരിക്കാവതല്ല. അവിശ്വാസികൾ, കുറ്റവാളികളും നിന്ദ്യരുമായതുകൊണ്ട് അവരെ നരകത്തിലേക്ക് നിർബ്ബന്ധപൂർവ്വം ബലം പ്രയോഗിച്ചായിരിക്കും കൊണ്ടുവരുന്നത്‌. (അമാനി തഫ്സീര്‍)

{وَسِيقَ الَّذِينَ كَفَرُوا إِلَى جَهَنَّمَ} أَيْ: سَوْقًا عَنِيفًا، يُضْرَبُونَ بِالسِّيَاطِ الْمُوجِعَةِ، مِنَ الزَّبَانِيَةِ الْغِلَاظِ الشِّدَادِ، إِلَى شَرِّ مَحْبَسٍ وَأَفْظَعِ مَوْضِعٍ، وَهِيَ جَهَنَّمُ الَّتِي قَدْ جَمَعَتْ كُلَّ عَذَابٍ، وَحَضَرَهَا كُلُّ شَقَاءٍ، وَزَالَ عَنْهَا كُلُّ سُرُورٍ، كَمَا قَالَ تَعَالَى: {يَوْمَ يُدَعُّونَ إِلَى نَارِ جَهَنَّمَ دَعًّا} أَيْ: يُدْفَعُونَ إِلَيْهَا دَفْعًا، وَذَلِكَ لِامْتِنَاعِهِمْ مِنْ دُخُولِهَا.

{സത്യനിഷേധികൾ കൂട്ടംകൂട്ടമായി നരകത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും} പ്രയാസകരമായി തെളിച്ചുകൊണ്ടുപോകും. ബലവന്മാരായ മലക്കുകൾ ചാട്ടവാറുകൾകൊണ്ട് അടിച്ചു വേദനിപ്പിക്കും. ഏറെ പ്രയാസമായ തടങ്കലിൽ മോശമായ സ്ഥലത്ത് എല്ലാ ദുരന്തങ്ങളും ഒത്തുചേരുന്ന നരകത്തിലാണത്. ഒരു സന്തോഷത്തിനും അവിടെ അവസരമില്ല. {അവർ നരകാഗ്നിയിലേക്ക് ശക്തിയായ പിടിച്ചു തള്ളപ്പെടുന്ന ദിവസം (52:13)} പ്രവേശിക്കാൻ വിസമ്മതിക്കുന്നതുകൊണ്ടാണ് അങ്ങനെ ബലത്തോടുകൂടി തള്ളിവിടുന്നത്. (തഫ്സീറുസ്സഅദി)

കൂട്ടം കൂട്ടമായി വ്യത്യസ്ത സംഘങ്ങളായിട്ടാണ് അവരെ നരകത്തിലേക്ക് കൊണ്ടുപോകുന്നത്. ഓരോ കൂട്ടത്തിലും അവർ പരസ്പരം തിന്മകളാൽ സമാനരായിരിക്കും. അവർ പരസ്പരം ശപിച്ചുകൊണ്ടിരിക്കുകയും ചിലർ ചിലരിൽനിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യും. അങ്ങനെ അവർ അതിനടുത്ത് വന്നാൽ അതിന്റെ വാതിൽ തുറക്കപ്പെടും. അതിന്റെ കാവൽക്കാർ അവരോട് ചോദിക്കും: ‘നിങ്ങളിൽപെട്ട, നിങ്ങൾക്കറിയാവുന്ന സത്യസന്ധരായ ദൂതന്മാർ നിങ്ങളുടെ അടുക്കൽ വന്നിട്ടില്ലേ? അവരിൽ അല്ലാഹു ഏൽപിച്ച വ്യക്തമായ പ്രമാണവും ദൃഢമായ സത്യവും നിങ്ങളെ അറിയിച്ചിരുന്നില്ലേ? ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങളെ അവര്‍ താക്കീത് ചെയ്തില്ലേ? നിങ്ങൾ അവരെ നിർബന്ധമായി പിൻപറ്റുകയും സൂക്ഷ്മത കൈക്കൊള്ളുകയും ആ ദിനത്തിലെ ശിക്ഷയെ ഭയപ്പെടുകയും  ചെയ്യേണ്ടിയിരുന്നു. എന്നാൽ നിങ്ങൾ വിപരീത പാതയാണ് സ്വീകരിച്ചിരുന്നത്.

അപ്പോൾ അവരുടെ തെറ്റുകൾ അംഗീകരിച്ചു കൊണ്ടുതന്നെ അവർ പറയും: ‘അതെ, വ്യക്തമായ തെളിവും ദൃഷ്ടാന്തവുമായി ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാർ വന്നിരുന്നു. ശരിയായി അവർ ഞങ്ങൾക്ക് വിശദീകരിച്ചു തരികയും ചെയ്തു. ഈ ദിവസത്തിന്റെ ഭയാനകതയെ കുറിച്ച് ഞങ്ങൾക്ക് അവർ താക്കീത് നൽകിയിരുന്നു.’ പക്ഷേ, സത്യനിഷേധികളുടെമേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി.

{وَلَكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ} أَيْ: بِسَبَبِ كُفْرِهِمْ وَجَبَتْ عَلَيْهِمْ كَلِمَةُ الْعَذَابِ، الَّتِي هِيَ لِكُلِّ مَنْ كَفَرَ بِآيَاتِ اللَّهِ، وَجَحَدَ مَا جَاءَتْ بِهِ الْمُرْسَلُونَ، فَاعْتَرَفُوا بِذَنْبِهِمْ وَقِيَامِ الْحُجَّةِ عَلَيْهِمْ.

{പക്ഷേ, സത്യനിഷേധികളുടെമേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടുപോയി} അവരുടെ നിഷേധമാണ് അതിന്റെ കാരണം. ശിക്ഷയുടെ വചനം അവരുടെമേൽ പുലർന്നു. അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നവരും പ്രവാചകന്മാർ കൊണ്ടുവരുന്നത് നിഷേധിക്കുന്നവരുമായ സർവരുടെയും കാര്യമിതാണ്. അവർക്കെതിരെ വന്ന തെളിവും അവരുടെ കുറ്റങ്ങളും അവരേറ്റെടുത്തു. (തഫ്സീറുസ്സഅദി)

ദൈവദൂതൻമാർ വരാത്തതുകൊണ്ടോ, അല്ലാഹുവിന്റെ ലക്ഷ്യങ്ങളും സന്ദേശങ്ങളും ലഭിക്കാത്തതുകൊണ്ടോ അല്ല തങ്ങൾ പിഴച്ചുപോയിട്ടുള്ളതെന്നും, പക്ഷെ തങ്ങളുടെ അവിശ്വാസം നിമിത്തം തങ്ങൾ ശിക്ഷക്കു ബാധ്യസ്ഥരായതാണെന്നും അവര്‍ ഇപ്പോൾ സമ്മതിച്ചു പറയുന്നു. എന്നാൽ, അവർ സത്യനിഷേധികളായിത്തീരുവാനുള്ള മൂലകാരണം, സത്യത്തിനു നേരെ കണ്ണടച്ച് അഹംഭാവം കൈക്കൊണ്ടതാണെന്നു അവസാനത്തെ വാക്യത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു. (അമാനി തഫ്സീര്‍)

‘നിങ്ങൾ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക’ എന്ന് അവരെ നിന്ദ്യരും നിസ്സാരരുമാക്കുന്നവിധം പറയപ്പെടും. ഓരോ വിഭാഗവും അവർക്ക് അനുയോജ്യമായ കവാടങ്ങളിലൂടെ പ്രവേശിക്കും. അവര്‍ അതിൽ നിത്യവാസികളായിരിക്കും. എക്കാലത്തും അവിടംവിട്ട് അവർ പോകില്ല. ഒരു സമയത്തും ശിക്ഷ അവർക്ക് ഒരിടവേള നൽകില്ല. അവർ തിരിഞ്ഞു നോക്കപ്പെടില്ല. അഹങ്കാരികളുടെ പാർപ്പിടമായ നരകം എത്ര ചീത്ത സങ്കേതം.

തുടർന്ന് പറയുന്നത് സ്വർഗക്കാരെ കുറിച്ചാണ്. സത്യവിശ്വാസികളെ സ്വർഗ്ഗത്തിലേക്കു വളരെ മാന്യമായ നിലയിൽ സ്വാഗതം ചെയ്തുകൊണ്ടായിരിക്കും കൊണ്ടുപോകുന്നത്‌.  ശ്രേഷ്ഠരായ സംഘമായി സന്തോഷിച്ച് ആഹ്ലാദിച്ചുകൊണ്ട് അവർ ഒരുമിച്ചു കൂട്ടപ്പെടും. ഓരോ സംഘവും അവർക്ക് പറ്റിയവരോടൊപ്പമായിരിക്കും. അവരുടെ പ്രവർത്തനങ്ങളിൽ സമാനതകളുണ്ടാകും. ആ സന്തോഷ പരിസരങ്ങളിൽ അവരെത്തിയാൽ അവർക്കുവേണ്ടി സ്വര്‍ഗ കവാടങ്ങൾ തുറന്നു വെക്കപ്പെട്ടിട്ടുണ്ടാകും. അതിന്റെ കാവൽക്കാർ അവരോട് പറയും: ‘നിങ്ങൾക്ക് സ്വാഗതം. നിങ്ങൾക്ക് മംഗളം.’ എല്ലാ ദുരന്തങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അല്ലാഹുവിനെ സ്‌നേഹിച്ചും ഭയപ്പെട്ടും നിങ്ങളുടെ നാവുകൾ അവനെ സ്മരിച്ചും നിങ്ങളുടെ ശരീരാവയവഹങ്ങൾ അവനെ അനുസരിച്ചും നിങ്ങൾ സംശുദ്ധരായതിനാൽ  നിത്യവാസികളെന്ന നിലയിൽ നിങ്ങളതിൽ പ്രവേശിച്ചുകൊള്ളുക. അത് വിശിഷ്ട വീടാണ്. വിശിഷ്ടരെ മാത്രമെ അതിൽ അനുവദിക്കൂ.

 അതിലവർ പ്രവേശിക്കുമ്പോൾ അതിനവരെ അർഹരാക്കിയ രക്ഷിതാവായ അല്ലാഹുവിനെ അവർ വാഴ്ത്തും. അവർക്ക് അതിന് അനുഗ്രഹവും അതിലേക്ക് മാർഗം കാണിക്കുകയും ചെയ്തവാണവൻ. അല്ലാഹു തന്റെ വാഗ്ദാനം സത്യമായി പാലിച്ചു. അതായത്: പ്രവാചകന്മാരുടെ നാവിലൂടെ അവൻ ഉറപ്പു നൽകിയിരുന്നു;  വിശ്വസിക്കുകയും നല്ലവരാവുകയും ചെയ്താൽ സ്വർഗം തരാമെന്ന്, അതവൻ പൂർത്തിയാക്കി. സ്വർഗഭൂമി അവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത്  താമസിക്കാവുന്ന വിധം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

{فَنِعْمَ أَجْرُ الْعَامِلِينَ} الَّذِينَ اجْتَهَدُوا بِطَاعَةِ رَبِّهِمْ، فِي زَمَنٍ قَلِيلٍ مُنْقَطِعٍ، فَنَالُوا بِذَلِكَ خَيْرًا عَظِيمًا بَاقِيًا مُسْتَمِرًّا.

{അപ്പോൾ പ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം} കുറഞ്ഞ കാലം അവർ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ കഠിന പരിശ്രമം നടത്തി. അതിനാൽ വലിയ നേട്ടവും ലഭിച്ചു; അവശേഷിക്കുന്നതും സുസ്ഥിരമായതും. (തഫ്സീറുസ്സഅദി)

وَهَذِهِ الدَّارُ الَّتِي تَسْتَحِقُّ الْمَدْحَ عَلَى الْحَقِيقَةِ، الَّتِي يُكْرِمُ اللَّهُ فِيهَا خَوَاصَّ خَلْقِهِ، وَرَضِيَهَا الْجَوَّادُ الْكَرِيمُ لَهُمْ نُزُلًا وَبَنَى أَعْلَاهَا وَأَحْسَنَهَا، وَغَرَسَهَا بِيَدِهِ، وَحَشَاهَا مِنْ رَحْمَتِهِ وَكَرَامَتِهِ مَا بِبَعْضِهِ يَفْرَحُ الْحَزِينُ، وَيَزُولُ الْكَدَرُ، وَيَتِمُّ الصَّفَاءُ.

ഈ ഭവനം യഥാർഥത്തിൽ പ്രശംസിക്കപ്പെടേണ്ടതുതന്നെ. തന്റെ സൃഷ്ടികളിൽ ചിലരെ പ്രത്യേകം ആദരിക്കാനുള്ളതാണത്. ഔദാര്യവാൻ അവർക്ക് നൽകിയ വിരുന്ന്. അവനതിനെ ഉന്നതവും മനോഹരവുമാക്കി നിർമിച്ചു. തന്റെ അനുഗ്രഹങ്ങളാൽ കവചിതമാക്കി. ദുഃഖിതനെ സന്തോഷിപ്പിക്കും. വിഷമങ്ങളെല്ലാം നീങ്ങും. (തഫ്സീറുസ്സഅദി)

ചില കാര്യങ്ങൾ കൂടി

(ഒന്ന്) വാതിലുകൾ തുറക്കുന്നത്

നരകം കുറ്റവാളികള്‍ക്കുള്ള കാരാഗൃഹമാണല്ലോ. അവരെ നരകത്തിന്റെ പടിവാതുക്കല്‍ കൊണ്ടുചെല്ലുമ്പോള്‍ മാത്രമാണ് അതിന്റെ കവാടം തുറക്കപ്പെടുന്നത്. സ്വര്‍ഗ്ഗമാകട്ടെ, സജ്ജനങ്ങളുടെ ആതിഥേയ സ്ഥാനവും. അതിനാല്‍ അവരുടെ വരവ് പ്രമാണിച്ചു അതു നേരത്തെത്തന്നെ അവരെ സ്വാഗതം ചെയ്‌വാനായി തുറന്നുവെച്ചിരിക്കും. അവിശ്വാസികള്‍ നരകത്തിങ്കല്‍ ചെന്നാല്‍ വാതിലുകള്‍ തുറക്കപ്പെടും (إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا) എന്നും, സജ്ജനങ്ങള്‍ സ്വര്‍ഗത്തില്‍ വരുകയും അതിന്റെ വാതിലുകള്‍ തുറക്കപ്പെട്ടിരിക്കുകയും ചെയ്‌താല്‍ (إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا) എന്നും വ്യത്യസ്ത രൂപത്തില്‍ പറഞ്ഞിരിക്കുന്നതു ഇതാണു സൂചിപ്പിക്കുന്നത്. (അമാനി തഫ്സീര്‍)

وَقَالَ فِي النَّارِ {فُتِحَتْ أَبْوَابُهَا} وَفِي الْجَنَّةِ {وَفُتِحَتْ بِالْوَاوِ،} إِشَارَةً إِلَى أَنَّ أَهْلَ النَّارِ، بِمُجَرَّدِ وُصُولِهِمْ إِلَيْهَا، فُتِحَتْ لَهُمْ أَبْوَابُهَا مِنْ غَيْرِ إِنْظَارٍ وَلَا إِمْهَالٍ، وَلِيَكُونَ فَتْحُهَا فِي وُجُوهِهِمْ، وَعَلَى وُصُولِهِمْ، أَعْظَمَ لِحَرِّهَا، وَأَشَدَّ لِعَذَابِهَا.

നരകം പറഞ്ഞപ്പോൾ: (അതിന്റെ കവാടങ്ങൾ തുറക്കപ്പെടും) എന്നാണ്. സ്വർഗം പറഞ്ഞപ്പോഴാകട്ടെ (തുറന്നുവെക്കപ്പെടുകയും ചെയ്യും). ഈ പ്രയോഗത്തിലെ വ്യത്യാസം; നരകം എത്തുമ്പോഴാണ് തുറക്കുന്നത്. കാത്തിരിപ്പോ സാവകാശമോ ഇല്ല. അവരുടെ മുമ്പിൽ വെച്ചാണ് തുറക്കുന്നത്. അവരെത്തിക്കഴിഞ്ഞ ശേഷം. അതിന്റെ ചൂടും ശിക്ഷയുടെ കാഠിന്യവുമാണ് കാരണം. (തഫ്സീറുസ്സഅദി)

കുറ്റവാളികള്‍ എത്തുമ്പോള്‍ ദുൻയാവിൽ കാരാഗൃഹ കവാടം തുറക്കപ്പെടുകയും അവര്‍ കടന്നുകഴിഞ്ഞാല്‍ അടച്ചുപൂട്ടുകയും ചെയ്യുമല്ലോ. പിന്നെ അവര്‍ക്ക് അവിടെ നിന്ന് പുറത്ത് കടക്കാൻ കഴിയുകയില്ല.

وَأَمَّا الْجَنَّةُ، فَإِنَّهَا الدَّارُ الْعَالِيَةُ الْغَالِيَةُ، الَّتِي لَا يُوصَلُ إِلَيْهَا وَلَا يَنَالُهَا كُلُّ أَحَدٍ، إِلَّا مَنْ أَتَى بِالْوَسَائِلِ الْمُوَصِّلَةِ إِلَيْهَا، وَمَعَ ذَلِكَ، فَيَحْتَاجُونَ لِدُخُولِهَا لِشَفَاعَةِ أَكْرَمِ الشُّفَعَاءِ عَلَيْهِ، فَلَمْ تُفْتَحْ لَهُمْ بِمُجَرَّدِ مَا وَصَلُوا إِلَيْهَا، بَلْ يَسْتَشْفِعُونَ إِلَى اللَّهِ بِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، حَتَّى يَشْفَعَ، فَيُشَفِّعُهُ اللَّهُ تَعَالَى.

എന്നാൽ, സ്വർഗം. അത് ഉന്നതവും വിലയേറിയതുമാണ്. എല്ലാവർക്കും അതിൽ എത്തിപ്പെടാനാവില്ല. അതിന് തക്കതായ കാരണമുണ്ടാവണം. ആദരണീയരായ ശിപാർശകരും ആവശ്യമാണ്. അവർ എത്തി എന്നതല്ല തുറക്കാൻ കാരണം. മുഹമ്മദ് നബിﷺയുടെ അല്ലാഹുവിലേക്കുള്ള ശിപാർശ അവൻ സ്വീകരിക്കണം. നരകത്തിനും സ്വർഗത്തിനും വാതിലുകളുണ്ടെന്നും അത് തുറക്കപ്പെടുകയും അടക്കപ്പെടുകയും ചെയ്യുമെന്നും ഈ വചനങ്ങൾ വ്യക്തമാക്കുന്നു. അവയ്ക്ക് കാവൽക്കാരുമുണ്ട്. അവ രണ്ടും പ്രത്യേക ഭവനങ്ങളാണ്. രണ്ടിലും അവകാശികൾ മാത്രമെ പ്രവേശിക്കൂ. മറ്റു സ്ഥലങ്ങളും വീടുകളും പോലെയല്ല. (തഫ്സീറുസ്സഅദി)

(രണ്ട്) ദുഖവും സന്തോഷവും

അവിശ്വാസികള്‍ നരകത്തില്‍ ചെല്ലുമ്പോള്‍ അതിലെ പാറാവുകാര്‍ അവരോടു ചോദിക്കുന്ന ചോദ്യം അവര്‍ക്കു കൂടുതല്‍ നിരാശയും സങ്കടവും ഉണ്ടാക്കുന്നതാണ്. നിത്യവാസികളെന്ന നിലക്കാണു നിങ്ങളുടെ പ്രവേശനം – അഥവാ നിങ്ങള്‍ക്ക് ഇനി രക്ഷയില്ല – എന്ന വാക്കു കേള്‍ക്കുമ്പോള്‍ വിശേഷിച്ചും.

നേരെമറിച്ച് സ്വര്‍ഗ്ഗത്തിലേക്കു വരുന്നവരോടു അതിലെ പാറാവുകാര്‍ പറയുന്നതോ? അനുമോദനത്തിന്റെയും ആശംസയുടെയും ശാന്തിയുടെയും വാക്യങ്ങളാണ്. നിത്യവാസികളെന്ന അനുമോദനമാകട്ടെ, മേല്‍ക്കുമേല്‍ സന്തോഷവും അന്തസ്സും വര്‍ദ്ധിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ ആളുകള്‍ സ്വര്‍ഗ്ഗത്തിലും, നരകത്തിന്റെ ആള്‍ക്കാര്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍, ‘ഹേ, സ്വര്‍ഗ്ഗക്കാരേ, എനി മരണമില്ല. ഹേ, നരകക്കാരേ എനി മരണമില്ല’ എന്ന പ്രഖ്യാപനം ചെയ്യും.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِذَا صَارَ أَهْلُ الْجَنَّةِ إِلَى الْجَنَّةِ، وَأَهْلُ النَّارِ إِلَى النَّارِ، جِيءَ بِالْمَوْتِ حَتَّى يُجْعَلَ بَيْنَ الْجَنَّةِ وَالنَّارِ، ثُمَّ يُذْبَحُ، ثُمَّ يُنَادِي مُنَادٍ يَا أَهْلَ الْجَنَّةِ لاَ مَوْتَ، يَا أَهْلَ النَّارِ لاَ مَوْتَ، فَيَزْدَادُ أَهْلُ الْجَنَّةِ فَرَحًا إِلَى فَرَحِهِمْ‏.‏ وَيَزْدَادُ أَهْلُ النَّارِ حُزْنًا إِلَى حُزْنِهِمْ ‏”

ഇബ്നു ഉമര്‍ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വ൪ഗീയവാസികള്‍ സ്വ൪ഗത്തിലും നരകവാസികള്‍ നരകത്തിലുമായിക്കഴിഞ്ഞാല്‍ മരണത്തെ കൊണ്ടുവരികയും നരകത്തിനും സ്വ൪ഗത്തിനും ഇടയില്‍ വെക്കുകയും തുട൪ന്ന് അതിനെ അറുക്കുകയും ചെയ്യുന്നു. പിന്നീട് ഒരാള്‍ വിളിച്ച് പറയും. ഹേ, സ്വ൪ഗീയവാസികളേ ഇനി മരണമില്ല, ഹേ നരകവാസികളേ ഇനി മരണമില്ല. അപ്പോള്‍ സ്വ൪ഗീയവാസികള്‍ക്ക് സന്തോഷത്തിനുമേല്‍ സന്തോഷം വ൪ദ്ധിക്കുകയും നരകവാസികള്‍ക്ക് ദുഖത്തിനുമേല്‍ അവരുടെ ദുഖം വ൪ദ്ധിക്കുകയും ചെയ്യുന്നതാണ്. (ബുഖാരി:6548)

(മൂന്ന്) സ്വര്‍ഗ നരകങ്ങളുടെ വാതിലുകൾ

നരകത്തിന് ഏഴ് വാതിലുകളാണുള്ളതെന്നും, ഓരോ വാതിലിലൂടെയും പ്രവേശിക്കുന്നവര്‍ കുറ്റവാളികളില്‍ നിന്നുള്ള ഓരോ പ്രത്യേക വിഭാഗക്കാരായിരിക്കുമെന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു.

وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ‎﴿٤٣﴾‏ لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ‎﴿٤٤﴾

തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌. (ഖുര്‍ആൻ:15/43-44)

സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ എട്ടെണ്ണമാണെന്നും, ഓരോന്നിലൂടെയും പ്രവേശിക്കുന്നവര്‍ അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് സ്ഥാനവ്യത്യാസമുള്ളവരായിരിക്കുമെന്നും നബിവചനങ്ങളില്‍നിന്നും മനസ്സിലാക്കാം. നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ധര്‍മ്മസമരം ആദിയായ സല്‍ക്കര്‍മ്മങ്ങളില്‍ നിരതരായവര്‍ക്കു അതതിന്റെ പേരില്‍ നിശ്ചയിക്കപ്പെട്ട പ്രത്യേകം കവാടങ്ങളില്‍നിന്നു സ്വാഗതം ലഭിക്കുമെന്നും എല്ലാ വാതിലുകളില്‍നിന്നും വിളിച്ചു സ്വാഗതം ചെയ്യപ്പെടുന്ന ആളുകളും ഉണ്ടായിരിക്കുമെന്നും, പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

عَنْ سَهْلِ بْنِ سَعْدٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ فِي الْجَنَّةِ ثَمَانِيَةُ أَبْوَابٍ، فِيهَا باب يُسَمَّى الرَّيَّانَ لاَ يَدْخُلُهُ إِلاَّ الصَّائِمُونَ ‏

സഹ്ൽ ഇബ്നു സഅ്ദ്  رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗത്തിന് എട്ട് കവാടങ്ങളുണ്ട്‌.അതില്‍ ഒരു വാതിലിന് ‘റയ്യാന്‍’ എന്ന് വിളിക്കപ്പെടും. അതിലൂടെ നോമ്പുകാരനല്ലാതെ പ്രവേശിക്കുകയില്ല. (ബുഖാരി:3257)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَنْ أَنْفَقَ زَوْجَيْنِ فِي سَبِيلِ اللَّهِ نُودِيَ مِنْ أَبْوَابِ الْجَنَّةِ يَا عَبْدَ اللَّهِ، هَذَا خَيْرٌ‏.‏ فَمَنْ كَانَ مِنْ أَهْلِ الصَّلاَةِ دُعِيَ مِنْ باب الصَّلاَةِ، وَمَنْ كَانَ مِنْ أَهْلِ الْجِهَادِ دُعِيَ مِنْ باب الْجِهَادِ، وَمَنْ كَانَ مِنْ أَهْلِ الصِّيَامِ دُعِيَ مِنْ باب الرَّيَّانِ، وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ باب الصَّدَقَةِ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും രണ്ട് ഇണകളെ ചെലവഴിച്ചാല്‍ സ്വര്‍ഗത്തിന്റെ കവാടത്തിലൂടെ അവന്‍ വിളിക്കപ്പെടും: ഹേ, അല്ലാഹുവിന്റെ അടിമേ, ഇത് ഒരു നന്മയാകുന്നു. ആരാണോ നമസ്ക്കാരക്കാരില്‍ പെട്ടത് അവന്‍ ബാബുസ്വലാത്തിലൂടെ ക്ഷണിക്കപ്പെടും. ആരാണോ ജിഹാദ് ചെയ്യുന്നവരില്‍പെട്ടത് അവന്‍ ബാബുല്‍ജിഹാദിലൂടെ ക്ഷണിക്കപ്പെടും.ആരാണോ നോമ്പുകാരില്‍പെട്ടത് അവന്‍ ബാബു൪റയ്യാനിലൂടെ ക്ഷണിക്കപ്പെടും.ആരാണോ സ്വദഖ നല്‍കുന്നവരില്‍പെട്ടത് അവന്‍ ബാബുസ്വദഖയിലൂടെ ക്ഷണിക്കപ്പെടും. (ബുഖാരി:1897)

قَالَ أَبُو بَكْرٍ الصِّدِّيقُ : يَا رَسُولَ اللَّهِ مَا عَلَى أَحَدٍ يُدْعَى مِنْ تِلْكَ الْأَبْوَابِ مِنْ ضَرُورَةٍ ، فَهَلْ يُدْعَى أَحَدٌ مِنْ تِلْكَ الْأَبْوَابِ كُلِّهَا ؟ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” نَعَمْ وَأَرْجُو أَنْ تَكُونَ مِنْهُمْ ” ،

അബൂബക്കർ رضي الله عنه ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, സ്വ൪ഗ്ഗത്തിലേക്ക് വിളിക്കപ്പെടുന്ന വ്യക്തിക്ക് എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടണമെന്ന യാതൊരു അനിവാര്യതയുമില്ലല്ലോ (ഏതെങ്കിലും ഒന്നിലൂടെ വിളിക്കപ്പെട്ടാല്‍തന്നെ മതിയാവില്ലേ), വല്ലവരും അതില്‍ എല്ലാ കവാടങ്ങളിലൂടെയും വിളിക്കപ്പെടുമോ? നബി ﷺ പറഞ്ഞു: അതെ(വിളിക്കപ്പെടും) താങ്കള്‍ അവരില്‍ ആകട്ടേയെന്ന് ഞാന്‍ ആശിക്കുന്നു. (മുസ്ലിം 1027)

സ്വര്‍ഗ്ഗത്തിന്റെയും, നരകത്തിന്റെയും വാതിലുകളെപ്പറ്റി പറയുമ്പോള്‍, അവ രണ്ടും കേവലം രണ്ടു വമ്പിച്ച കെട്ടിടങ്ങള്‍ മാത്രമായിരിക്കുമെന്നു ധരിക്കാവതല്ല. സ്വര്‍ഗ്ഗത്തിന്റെ വിശാലത ആകാശഭൂമികളുടെ വിശാലതപോലെയാണ് എന്നത്രെ അല്ലാഹു പറയുന്നത്.

سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)

ഹദീസിലും ഇതു സംബന്ധിച്ചു പലതും കാണാം. ചുരുക്കത്തില്‍, സ്വര്‍ഗ്ഗം മനുഷ്യന്റെ ഭാവനക്കും അനുമാനത്തിനും അതീതവും അതിവിശാലവുമായ ഒരു മഹാലോകമത്രെ. സ്വര്‍ഗ്ഗത്തിന്റെ ഓരോ വാതിലിന്റെയും വിസ്താരം മക്കാ, ബുസ്രാ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ദൂരംപോലെയാണ്  എന്നും നാല്‍പത് കൊല്ലത്തെ വഴി ദൂരമുണ്ടെന്നും  മറ്റുമുള്ള ഹദീസുകളും ഇവിടെ സ്മരണീയമാകുന്നു.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ وَالَّذِي نَفْسِي بِيَدِهِ إِنَّ مَا بَيْنَ الْمِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ كَمَا بَيْنَ مَكَّةَ وَحِمْيَرَ، أَوْ كَمَا بَيْنَ مَكَّةَ وَبُصْرَى

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുഹമ്മദിന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം,സ്വർഗ്ഗത്തിന്റെ വാതില്‍ കട്ടിലകൾക്കിടയിലെ ദൂരം മക്കയുടേയും ഹിംയറിന്റേയും അല്ലെങ്കിൽ മക്കയുടേയും ബുസ്റയുടേയും ഇടയിലുള്ള പോലുള്ള ദൂരമാണ്. (ബുഖാരി:4712)

ഉത്ബ ഇബ്നു ഗസ്വാൻ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം ﷺ പറഞ്ഞു:

وَلَقَدْ ذُكِرَ لَنَا أَنَّ مَا بَيْنَ مِصْرَاعَيْنِ مِنْ مَصَارِيعِ الْجَنَّةِ مَسِيرَةُ أَرْبَعِينَ سَنَةً وَلَيَأْتِيَنَّ عَلَيْهَا يَوْمٌ وَهُوَ كَظِيظٌ مِنَ الزِّحَامِ

സ്വർഗ്ഗത്തില്‍ രണ്ട് വാതില്‍ കട്ടിലകൾക്കിടയിലുള്ള ദൂരം നാല്‍പത് വ൪ഷത്തെ വഴിദൂരമാണെന്നും (ആളുകളാല്‍) തിങ്ങിനിറയുന്ന ഒരു ദിനം അതിന് വരുമെന്നും ഞങ്ങളോട് പറയപ്പെട്ടിരിക്കുന്നു. (മുസ്ലിം)

അപ്പോള്‍, വാതിലുകള്‍ എന്നു പറഞ്ഞത് വമ്പിച്ച ചില പ്രവേശനമാര്‍ഗ്ഗങ്ങളെയാണ് കുറിക്കുന്നതെന്നു മനസ്സിലാക്കാം. നരകത്തിന്റെ വിശാലതയെ സംബന്ധിച്ചും തന്നെ ഏറെക്കുറെ ഇപ്പറഞ്ഞതില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയുന്നതാണ്.

സമസ്ത സൃഷ്ടികളുടെയും വിചാരണയും വിധിയും അവസാനിച്ചു. അവരവരുടെ വിധി എന്നെന്നേക്കുമായി നടപ്പില്‍ വരുത്തുകയും ചെയ്തു. എനിയൊരു പുനര്‍വിചാരണയുടെയോ, അപ്പീല്‍ കോടതിയുടെയോ നാമം പോലും പറയുവാനില്ല. ഗൗരവമേറിയ – അതിലപ്പുറം ഗൗരവമേറിയ ഒരു സംഭവവും നടക്കാനില്ലതന്നെ – ആ ഘട്ടത്തില്‍ മലക്കുകളുടെ പ്രതികരണമെന്തായിരിക്കുമെന്നു അടുത്ത വചനത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നു. ഈ ആയത്തോടെ സൂറ:സുമര്‍ അവസാനിക്കുന്നു.

وَتَرَى ٱلْمَلَٰٓئِكَةَ حَآفِّينَ مِنْ حَوْلِ ٱلْعَرْشِ يُسَبِّحُونَ بِحَمْدِ رَبِّهِمْ ۖ وَقُضِىَ بَيْنَهُم بِٱلْحَقِّ وَقِيلَ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ‎

മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട് സിംഹാസനത്തിന്‍റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക് കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയപ്പെടുകയും ചെയ്യും. (ഖു൪ആന്‍:39/75)

മലക്കുകള്‍ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ട് സിംഹാസനത്തിന്‍റെ ചുറ്റും വലയം ചെയ്യുന്നുണ്ടാകും.

حَافِّينَ مِنْ حَوْلِ الْعَرْشِ أَيْ: قَدْ قَامُوا فِي خِدْمَةِ رَبِّهِمْ، وَاجْتَمَعُوا حَوْلَ عَرْشِهِ، خَاضِعِينَ لِجَلَالِهِ، مُعْتَرِفِينَ بِكَمَالِهِ، مُسْتَغْرِقِينَ بِجَمَالِهِ

(സിംഹാസനത്തിന് ചുറ്റും വലയം ചെയ്യുന്നതായി) തങ്ങളുടെ രക്ഷിതാവിന് സേവനം ചെയ്യുന്നവരായി. സിംഹാസനത്തിന് ചുറ്റും ഒരുമിച്ചുകൂടിയവരായി, അവന്റെ മഹത്ത്വത്തിന് കീഴൊതുങ്ങിയവരായി, അവന്റെ പൂർണത അംഗീകരിച്ചവരായി, അവന്റെ സൗന്ദര്യത്തിൽ മുഴുകിയവരായി. (തഫ്സീറുസ്സഅദി)

{وَقِيلَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} لَمْ يَذْكُرِ الْقَائِلَ مَنْ هُوَ، لِيَدُلَّ ذَلِكَ عَلَى أَنَّ جَمِيعَ الْخَلْقِ نَطَقُوا بِحَمْدِ رَبِّهِمْ وَحِكْمَتِهِ عَلَى مَا قَضَى بِهِ عَلَى أَهْلِ الْجَنَّةِ وَأَهْلِ النَّارِ، حَمْدَ فَضْلٍ وَإِحْسَانٍ، وَحَمْدَ عَدْلٍ وَحِكْمَةٍ.

{ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി എന്ന് പറയുകയും ചെയ്യും} ഇവിടെ, പറയുന്നതാരാണെന്ന് പറഞ്ഞില്ല. എല്ലാവരും പറയുമെന്നർഥം. അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കും; സ്വർഗ-നരകക്കാരെ വേർതിരിക്കുന്നതിലെ അവന്റെ യുക്തിയെ. അവന്റെ ഔദാര്യത്തെയും നീതിയെയും അവർ പുകഴ്ത്തും. (തഫ്സീറുസ്സഅദി)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *