അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയോ കുറവുകള്‍ പരതുകയോ മറ്റുള്ളവരുടെ അവസ്ഥകളും ഇടപാടുകളും ചികഞ്ഞുനോക്കുകയോ സത്യവിശ്വാസികൾക്ക് പാടില്ലാത്തതാണ്. തെറ്റുധാരണയുടെ അടിസ്ഥാനത്തിലായാലും ദുരുദ്ദേശ്യത്തോടെ ആര്‍ക്കെങ്കിലും നഷ്ടം ഏല്പിക്കാന് വേണ്ടി ആയാലും, അല്ലെങ്കില്‍ കേവലം ജിജ്ഞാസയെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആയാലും ഈ പ്രവര്‍ത്തനം ഒരവസരത്തിലും പാടില്ല. മറയ്ക്ക് പിന്നിലൂടെ എത്തിനോക്കി മറ്റുള്ളവരുടെ കുറവുകൾ അന്വേഷിക്കുന്നതും സംസാരം ഒളിഞ്ഞ് കേള്ക്കുകന്നതും അന്യരുടെ വ്യക്തിപരമായ കത്തുകള്‍ വായിക്കുന്നതുമെല്ലാം അങ്ങേയറ്റം ദുഷിച്ച ദുഃസ്വഭാവങ്ങളാണ്. അല്ലാഹു സത്യവിശ്വാസികളെ വിളിച്ച് പറയുന്നു:
ﻭَﻻَ ﺗَﺠَﺴَّﺴُﻮا۟
നിങ്ങള്‍ ചാരവൃത്തി നടത്തരുത്. (ഖുർആൻ:49/12)
രഹസ്യമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ചാരവൃത്തി എന്ന് പറയുന്നത്. തിന്മകൾ അന്വേഷിക്കുന്നതിനാണ് ഈ വാക്ക് കൂടുതലും പ്രയോഗിക്കപ്പെടാറുള്ളത്.
لَا تُفَتِّشُوا عَنْ عَوْرَاتِ الْمُسْلِمِينَ، وَلَا تَتَّبِعُوهَا، وَاتْرُكُوا الْمُسْلِمَ عَلَى حَالِهِ، وَاسْتَعْمِلُوا التَّغَافُلَ عَنْ أَحْوَالِهِ الَّتِي إِذَا فَتَّشْتَ، ظَهَرَ مِنْهَا مَا لَا يَنْبَغِي.
മുസ്ലിംകളുടെ സ്വകാര്യതകളെ നിങ്ങള്‍ ചുഴിഞ്ഞ് അന്വേഷിക്കരുത്. അതിന്റെ പുറകെ പോവുകയും ചെയ്യരുത്. മുസ്ലിമിനെ അവന്റെ അവസ്ഥയില്‍ വിട്ടേക്കുക. അവന്റെ വീഴ്ചകളെ ശ്രദ്ധിക്കാതിരിക്കുക. അന്വേഷിച്ച് പോയാല്‍ ആവശ്യമില്ലാത്ത പലതും വെളിവാകും. (തഫ്സീറുസ്സഅ്ദി)
തെറ്റായ ധാരണ, നീചമായ മനസ്ഥിതി, മാന്യൻമാരെ അപമാനിക്കുന്നതിലുള്ള താല്പര്യം ആദിയായ ദുർഗുണങ്ങളിൽനിന്നു ഉടലെടുക്കുന്ന ദുസ്വഭാവമാണ് ചാരവേല. അഥവാ അന്യന്റെ രഹസ്യങ്ങളും ഉള്ളുകള്ളികളും ആരായുക, അതിനായി ഇറപാർത്തും, ഗൂഢാന്വേഷണങ്ങൾ നടത്തിയും കൊണ്ടിരിക്കുക മുതലായവ. ഇതിന്റെ അനന്തരഫലം ആർക്കും അജ്ഞാതമല്ല. ജനമദ്ധ്യേ കുഴപ്പവും, ശത്രുതയും ഉണ്ടാക്കുവാൻ മാത്രമേ ഇത് പര്യാപ്തമാകുകയുള്ളു. അൽപം മാന്യതയോ, സൽബുദ്ധിയോ ഉള്ളവരാരും അതിനു മുതിരുകയില്ലതന്നെ. ‘വിശ്വസിച്ചവരേ’ എന്നു വിളിച്ചുകൊണ്ട് ഇത്തരം കാര്യങ്ങൾ ഓരോന്നോരോന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കയാൽ ഓരോ മുസ്ലിമും അവയുടെ ഗൗരവത്തെപ്പറ്റി സദാ ഓർമ വെച്ചിരിക്കേണ്ടതാണ്. والله موفق (അമാനി തഫ്സീര്‍)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ وَلاَ تَحَسَّسُوا وَلاَ تَجَسَّسُوا وَلاَ تَنَافَسُوا وَلاَ تَحَاسَدُوا وَلاَ تَبَاغَضُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങൾ ഊഹത്തെ സൂക്ഷിക്കുക. കാരണം, ഊഹം വർത്തമാനങ്ങളിൽവെച്ച് ഏറ്റവും കളവായതാകുന്നു. നിങ്ങൾ ജനങ്ങളുടെ ന്യൂനതകൾ ചികയരുത്, ചാരവൃത്തി നടത്തുകയും ചെയ്യരുത്, അന്യോന്യം വഴക്കുകൂടുകയും അരുത്, അസൂയപ്പെടുകയും അരുത്, വിദ്വേഷം വെക്കുകയും അരുത്, (സഹകരിക്കാതെ) പിന്നോക്കം വെക്കുകയും അരുത്. അല്ലാഹുവിന്റെ അടിയാൻമാരെ, നിങ്ങൾ സഹോദരൻമാരായിരിക്കണം. (മുസ്ലിം:2563)
മുസ്ലിം സമൂഹത്തിലെ വ്യക്തികൾക്കിടയിൽ പരസ്പരം അകൽച്ചയുണ്ടാക്കുന്നതും ബന്ധം മുറിക്കുന്നതുമായ കാര്യങ്ങളെല്ലാം നിഷിദ്ധമാണ്. ചാരവൃത്തി അതിൽ പെട്ടതാണ്.
عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : …. وَمَنِ اسْتَمَعَ إِلَى حَدِيثِ قَوْمٍ وَهُمْ لَهُ كَارِهُونَ أَوْ يَفِرُّونَ مِنْهُ، صُبَّ فِي أُذُنِهِ الآنُكُ يَوْمَ الْقِيَامَةِ،
ഇബ്നുഅബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു കൂട്ടർക്ക് മറ്റുള്ളവർ കേൾക്കുന്നതിൽ വെറുപ്പുള്ള (സ്വകാര്യ) കാര്യങ്ങൾ ആരെങ്കിലും (കട്ടു)കേട്ടാൽ പരലോകത്ത് (നരക ശിക്ഷയായി) അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കപ്പെടുന്നതാണ്. (ബുഖാരി: 7042)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ يَا مَعْشَرَ مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلِ الإِيمَانُ قَلْبَهُ لاَ تَغْتَابُوا الْمُسْلِمِينَ وَلاَ تَتَّبِعُوا عَوْرَاتِهِمْ فَإِنَّهُ مَنِ اتَّبَعَ عَوْرَاتِهِمْ يَتَّبِعِ اللَّهُ عَوْرَتَهُ وَمَنْ يَتَّبِعِ اللَّهُ عَوْرَتَهُ يَفْضَحْهُ فِي بَيْتِهِ ” .
അബൂബര്‍സ رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹൃദയത്തിലേക്ക് ഈമാന്‍ പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ! നിങ്ങള്‍ മുസ്ലിംകളെക്കുറിച്ച് പരദൂഷണം പറഞ്ഞു നടക്കരുത്. അവരുടെ കുറവ് അന്വേഷിച്ച് പിറകെ നിങ്ങള്‍ നടക്കുകയുമരുത്. കാരണം ആരാണോ അവരുടെ കുറവുകള്‍ അന്വേഷിച്ച് അവരുടെ പിറകെ നടക്കുന്നത് അവരുടെ കുറവുകള്‍ അല്ലാഹു പിന്തുടര്ന്ന് പിടിക്കും. ആരുടെ കുറവുകളാണോ അല്ലാഹു പിന്തുടര്ന്ന് പിടികൂടുന്നത് അവനെ തന്റെ ഭവനത്തില്‍ വെച്ച് അല്ലാഹു വഷളാക്കും. (അബൂദാവൂദ്:4880 – സ്വഹീഹ് അല്‍ബാനി)
عَنْ مُعَاوِيَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّكَ إِنِ اتَّبَعْتَ عَوْرَاتِ النَّاسِ أَفْسَدْتَهُمْ أَوْ كِدْتَ أَنْ تُفْسِدَهُمْ.
മുആവിയ رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നീ ജനങ്ങളുടെ കുറവുകള്‍ പരതി നടക്കുന്നുവെങ്കില്‍ നീ അവരെ നാശത്തിലാക്കും. അല്ലെങ്കില്‍ നാശത്തിന്റെ വക്കിലെത്തിക്കും. (അബൂദാവൂദ്:4888 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي، أُمَامَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ الأَمِيرَ إِذَا ابْتَغَى الرِّيبَةَ فِي النَّاسِ أَفْسَدَهُمْ.
അബൂബര്‍സ رضى الله عنه വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ഭരണാധികാരി, ജനങ്ങളിലുള്ള സംശയകരമായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയാല്‍ അയാൾ അവരെ നശിപ്പിച്ചുകളയും. (അബൂദാവൂദ്:4889)
ഈ ദുസ്സ്വഭാവത്തെ ഇമാം ദഹബി رحمه الله യുടെ അല്കബാഇറില് വന്‍പാപമായി എണ്ണിയിട്ടുണ്ട്.
www.kanzululoom.com