അല്ലാഹു നേരിട്ട് സംസാരിച്ച പ്രവാചകൻ

അല്ലാഹു തന്റെ മനുഷ്യരായ ദൂതന്മാരോട് സംസാരിക്കുന്നത് അഥവാ സന്ദേശം കൈമാറുന്നത് മൂന്ന് രൂപത്തിലാണ്.

ﻭَﻣَﺎ ﻛَﺎﻥَ ﻟِﺒَﺸَﺮٍ ﺃَﻥ ﻳُﻜَﻠِّﻤَﻪُ ٱﻟﻠَّﻪُ ﺇِﻻَّ ﻭَﺣْﻴًﺎ ﺃَﻭْ ﻣِﻦ ﻭَﺭَآﺉِ ﺣِﺠَﺎﺏٍ ﺃَﻭْ ﻳُﺮْﺳِﻞَ ﺭَﺳُﻮﻻً ﻓَﻴُﻮﺣِﻰَ ﺑِﺈِﺫْﻧِﻪِۦ ﻣَﺎ ﻳَﺸَﺎٓءُ ۚ ﺇِﻧَّﻪُۥ ﻋَﻠِﻰٌّ ﺣَﻜِﻴﻢٌ

(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുകയെന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :42/51)

അല്ലാഹു നേരിട്ട് സംസാരിച്ച പ്രവാചകനാണ് മൂസാ നബി عليه السلام. ഈ ആയത്തിൽ പറഞ്ഞപോലെ ഒരു മറയുടെ പുറകില്‍ നിന്നായിക്കൊണ്ട്.

മൂസാ عليه السلام ജനനം മുതൽ ഫിർഔനിന്റെ കുടുംബത്തോടൊപ്പം കൊട്ടാരത്തിലാണ് താമസിച്ചത്. മൂസാ عليه السلام യുടെ യുവത്വ കാലത്ത് അദ്ധഹത്തിന്റെ കൈയ്യാൽ ഒരു ഖിബ്ത്തി കൊല്ലപ്പെടുന്നുണ്ട്. അതിനെ തുടര്‍ന്ന് അദ്ധേഹം ഫിർഔന്‍ കൊല്ലുമെന്ന് ഭയന്ന് മദ്‌യൻ എന്ന സ്ഥലത്തേക്ക് പോയി. അവിടെ വെച്ച് അദ്ധേഹം വിവാഹം ചെയ്യുകയും പത്ത് വര്‍ഷത്തോളം അവിടെ താമസിച്ചശേഷം കുടുംബത്തോടൊപ്പം ഈജിപ്തിലേക്ക് പുറപ്പെടുന്നു. ഈ യാത്രയിലാണ് അല്ലാഹു അദ്ധേഹത്തോട് ഒരു മറയുമില്ലാതെ സംസാരിക്കുന്നതും അദ്ധേഹം പ്രവാചകനായി തെരഞ്ഞെടുക്കപ്പെടുന്നതും. അല്ലാഹു പറയുന്നു:

فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ

അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ? (ഖു൪ആന്‍:28/29)

ഈ സംഭവം സൂറഃ ത്വാഹയില്‍ ഇപ്രകാരം വായിക്കാം:

إِذْ رَءَا نَارًا فَقَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًا لَّعَلِّىٓ ءَاتِيكُم مِّنْهَا بِقَبَسٍ أَوْ أَجِدُ عَلَى ٱلنَّارِ هُدًى ‎

അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. (ഖു൪ആന്‍:20/10)

മൂസാ عليه السلام അവിടെ ദര്‍ശിച്ച തീയാകട്ടെ, അതു സാധാരണ അറിയപ്പെടുന്ന തീയല്ലായിരുന്നു. അതിന്‍റെ യാഥാര്‍ത്ഥ്യം അല്ലാഹുവിനേ അറിയുകയുള്ളു. അവിടെവെച്ചാണ് മറ്റാര്‍ക്കും ലഭിക്കാത്ത ആ ഭാഗ്യം – അല്ലാഹുവിന്‍റെ സംസാരം കേട്ടാസ്വദിക്കുവാനുള്ള മഹാഭാഗ്യം – മൂസാ عليه السلام നബിക്കു സിദ്ധിച്ചതു എന്നുമാത്രമേ നാം മനസ്സിലാക്കേണ്ടതുള്ളൂ. (അമാനി തഫ്സീര്‍)

മൂസാ عليه السلام നബിയെ അഭിമുഖീകരിച്ച് സൂ: അഅ്റാഫ്‌ : 144 ല്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:

قَالَ يَٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِى وَبِكَلَٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّٰكِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (ഖു൪ആന്‍:7/144)

സൂറ: മര്‍യമിൽ അല്ലാഹു പറയുന്നു:

وَنَٰدَيْنَٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَٰهُ نَجِيًّا

പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു. (ഖു൪ആന്‍:19/52)

അങ്ങനെ മൂസാ عليه السلام ആ തീ കാണുന്ന ഭാഗത്തേക്ക് നടന്നു.

فَلَمَّآ أَتَىٰهَا نُودِىَ مِن شَٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَٰلَمِينَ

അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു. (ഖു൪ആന്‍:28/30)

فَلَمَّآ أَتَىٰهَا نُودِىَ يَٰمُوسَىٰٓ ‎﴿١١﴾‏ إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًى ‎﴿١٢﴾‏ وَأَنَا ٱخْتَرْتُكَ فَٱسْتَمِعْ لِمَا يُوحَىٰٓ ‎﴿١٣﴾‏ إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ ‎﴿١٤﴾

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ് നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു. ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക. തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍:20/11-14)

ഭൂമിയില്‍ വെച്ച് അല്ലാഹു നേരിട്ട് സംസാരിച്ച ഒരു വ്യക്തിയാണ് മൂസാനബി عليه السلام. വഹ്‌യ് അഥവാ ദിവ്യബോധനം നല്‍കപ്പെടുമ്പോള്‍ ആദ്യമായി മൂസാനബി عليه السلام ക്ക് അല്ലാഹു നല്‍കിയ വഹ്‌യ് തൗഹീദ് (ലാ ഇലാഹ ഇല്ലല്ലാഹ്) ആയിരുന്നു. അതിനോട് ചേര്‍ത്ത് പറയുന്നത് നമസ്‌കാരത്തെക്കുറിച്ചാണ്. നമസ്‌കാരം എന്ന മഹത്തായ കര്‍മത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ഭം അറിയിക്കുന്നുണ്ട്. നമസ്‌കാരം അല്ലാഹുവിനെ ഓര്‍ക്കുന്നതിന് വേണ്ടിയാണെന്ന പരാമര്‍ശം ശ്രദ്ധേയമാണ്.

തുടര്‍ന്ന് പറയുന്നത് അന്ത്യനാളിനെ കുറിച്ചാണ്:

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسِۭ بِمَا تَسْعَىٰ ‎﴿١٥﴾‏ فَلَا يَصُدَّنَّكَ عَنْهَا مَن لَّا يُؤْمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرْدَىٰ ‎﴿١٦﴾

തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌. (ഖു൪ആന്‍:20/15-16)

അല്ലാഹുവില്‍ വിശ്വാസമില്ലാത്തവര്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നത് കണ്ട്, അതില്‍ വിശ്വാസി വഞ്ചിതനാകരുത്. അല്ലാഹുവില്‍ വിശ്വാസമുള്ളവരുടെ ജീവിതരീതി അല്ലാഹു നല്‍കിയ മാര്‍ഗ ദര്‍ശനമനുസരിച്ചുള്ളതാണെങ്കില്‍ അല്ലാഹുവില്‍ വിശ്വാസമില്ലാത്തവരുടെ ജീവിതരീതി ദേഹേച്ഛക്കനുസൃതമായിരിക്കും.

ഇനി, അദ്ദേഹത്തിലൂടെ അല്ലാഹു ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ ചില അസാധാരണ സംഭവങ്ങള്‍ വെളിപ്പെടുത്തുവാന്‍ പോകുകയാണ്. അതാകട്ടെ അദ്ധേഹത്തിന്റെ പ്രവാചകത്വത്തിനുള്ള തെളിവുമാണ്.

وَمَا تِلْكَ بِيَمِينِكَ يَٰمُوسَىٰ ‎﴿١٧﴾‏ قَالَ هِىَ عَصَاىَ أَتَوَكَّؤُا۟ عَلَيْهَا وَأَهُشُّ بِهَا عَلَىٰ غَنَمِى وَلِىَ فِيهَا مَـَٔارِبُ أُخْرَىٰ ‎﴿١٨﴾

(അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?  അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്‌. (ഖു൪ആന്‍:20/17-18)

മൂസാ عليه السلام യുടെ കയ്യിലുള്ള ആ വടിയിലൂടെ ഇതുവരെയും അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു. ഇവിടെ മൂസാ عليه السلام ആ വടിയുടെ പ്രത്യേകതകളായി പറഞ്ഞതെല്ലാം ഏതൊരാള്‍ക്കും ചെയ്യാവുന്നതാണ്. അത് സൃഷ്ടികളുടെ കരങ്ങളാല്‍ സാധിക്കുന്നതാണ്. അസാധാരണമായ യാതൊന്നും ഈ പറഞ്ഞതില്‍ ഇല്ല. എന്നാല്‍ ഇനിയാണ് ആ വടിയിലൂടെ ചില അസാധാരണ സംഭവങ്ങള്‍ പ്രകടമാകാന്‍ പോകുന്നത്.

തന്റെ കയ്യിലുള്ള വടി നിലത്തിടുവാന്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു. മൂസാ عليه السلام അക്ഷരം പ്രതി അനുസരിച്ചു. അപ്പോഴതാ അത് വലിയ ഒരു പാമ്പായി ഓടുന്നു.

قَالَ أَلْقِهَا يَٰمُوسَىٰ ‎﴿١٩﴾‏ فَأَلْقَىٰهَا فَإِذَا هِىَ حَيَّةٌ تَسْعَىٰ ‎﴿٢٠﴾‏ قَالَ خُذْهَا وَلَا تَخَفْ ۖ سَنُعِيدُهَا سِيرَتَهَا ٱلْأُولَىٰ ‎﴿٢١﴾

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ. അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു. അവന്‍ പറഞ്ഞു: അതിനെ പിടിച്ച് കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്‌. (ഖു൪ആന്‍:20/19-21)

ആ ഭാഗം സൂറത്തുല്‍ ക്വസ്വസ്വില്‍ അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ

നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:28/31)

വടി നിലത്തിട്ടപ്പോള്‍ പാമ്പായി മാറി. ഇത് കണ്ട മൂസാ عليه السلام നന്നായി പേടിച്ചു. കാരണം ഇത് അപ്രതീക്ഷിതവും അസാധാരണവുമാണ്. പേടിക്കേണ്ടതില്ലെന്നും അതിനെ നീ പിടിക്കണമെന്നും നാം അതിനെ പൂര്‍വ സ്ഥിതിയിലേക്ക് തന്നെ മാറ്റുന്നതാണെന്നും പറഞ്ഞ് അല്ലാഹു അദ്ദേഹത്തെ സമാധാനിപ്പിച്ചു.

പ്രവാചകന്മാരും ഔലിയാക്കളും സദാസമയം മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വിശ്വസിക്കുന്നവരുണ്ട്. മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമെ അറിയൂ. മൂസാ നബി عليه السلام ക്ക് മറഞ്ഞ കാര്യം അറിയുമായിരുന്നുവെങ്കില്‍ പേടിക്കേണ്ട കാര്യം ഇല്ലായിരുന്നു. അദ്ദേഹത്തിന് അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് അറിയാത്തതിനാലാണല്ലോ ഇങ്ങനെ അദ്ദേഹം പേടിച്ചത്. മറഞ്ഞകാര്യം അല്ലാഹുവിനല്ലാതെ അറിയില്ലെന്ന വിശ്വാസത്തിനാണ് ഇതെല്ലാം തെളിവ്.

ഫിര്‍ഔന്‍ അടക്കമുള്ളവരിലേക്കാണ് മൂസാ عليه السلام പ്രവാചകനായി അയക്കപ്പെടുന്നത്. അദ്ധേഹം അങ്ങോട്ട് പോകുന്നതിന് മുമ്പായി അദ്ദേഹത്തിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്ന മുഅ്ജിസതുകളില്‍ ഒന്നായ, അദ്ദേഹത്തിന്റെ കയ്യിലുള്ള വടി നിലത്തിട്ടാല്‍ പാമ്പാകുക എന്നത് ആദ്യം കാണിച്ചു കൊടുത്തു. പിന്നെയും അല്ലാഹു അദ്ദേഹത്തിന് ചില മുഅ്ജിസതുകള്‍ കാണിച്ചു കൊടുത്തു.

وَٱضْمُمْ يَدَكَ إِلَىٰ جَنَاحِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ءَايَةً أُخْرَىٰ ‎﴿٢٢﴾‏ لِنُرِيَكَ مِنْ ءَايَٰتِنَا ٱلْكُبْرَى ‎﴿٢٣﴾

നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്‌. അത് മറ്റൊരു ദൃഷ്ടാന്തമത്രെ. നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്‌. (ഖു൪ആന്‍:20/22-23)

‏ ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَٰسِقِينَ

നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്‌. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു. (ഖു൪ആന്‍:28/32)

മൂസാ عليه السلام യോട് തന്റെ വലതുകൈ ഇടത് കൈയുടെ കക്ഷത്തേക്ക് പ്രവേശിക്കുവാന്‍ പറഞ്ഞു. എന്നിട്ട് കൈ അവിടെ നിന്നും എടുത്താല്‍ നല്ല വെള്ള നിറത്തില്‍ ശോഭ പരത്തുന്നതാണ്. ശേഷം അല്ലാഹു ഇപ്രകാരം കല്‍പിച്ചു:

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ

നീ ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. (ഖു൪ആന്‍:20/24)

മൂസാ  عليه السلام നിര്‍വ്വഹിക്കേണ്ടിയിരിക്കുന്ന ഭാരമേറിയ ചുമതല ശരിക്കു നിറവേറ്റുവാന്‍ ആവശ്യമായ സഹായവും, ചുറ്റുപാടും നല്‍കുവാനായി അദ്ദേഹം മേല്‍പ്രകാരം അല്ലാഹുവോടു പ്രാര്‍ത്ഥിച്ചു.

قَالَ رَبِّ ٱشْرَحْ لِى صَدْرِى ‎﴿٢٥﴾‏ وَيَسِّرْ لِىٓ أَمْرِى ‎﴿٢٦﴾‏ وَٱحْلُلْ عُقْدَةً مِّن لِّسَانِى ‎﴿٢٧﴾‏ يَفْقَهُوا۟ قَوْلِى ‎﴿٢٨﴾

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ. എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.  എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.  ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌. (ഖു൪ആന്‍:20/25-28)

وَٱجْعَل لِّى وَزِيرًا مِّنْ أَهْلِى ‎﴿٢٩﴾‏ هَٰرُونَ أَخِى ‎﴿٣٠﴾‏ ٱشْدُدْ بِهِۦٓ أَزْرِى ‎﴿٣١﴾‏ وَأَشْرِكْهُ فِىٓ أَمْرِى ‎﴿٣٢﴾‏ كَىْ نُسَبِّحَكَ كَثِيرًا ‎﴿٣٣﴾‏ وَنَذْكُرَكَ كَثِيرًا ‎﴿٣٤﴾‏ إِنَّكَ كُنتَ بِنَا بَصِيرًا ‎﴿٣٥﴾

എന്‍റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ. അതായത് എന്‍റെ സഹോദരന്‍ ഹാറൂനെ. അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കുകയും, എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.  ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാനും, ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി. തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:20/29-35)

മൂസാ عليه السلام യുടെ അപേക്ഷകളെല്ലാം അല്ലാഹു സ്വീകരിച്ചു. അല്ലാഹു പറയുന്നു:

قَالَ قَدْ أُوتِيتَ سُؤْلَكَ يَٰمُوسَىٰ

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:20/36)

അതു മാത്രമല്ല, അതുപോലെ മുമ്പും വലിയ വലിയ അനുഗ്രഹങ്ങള്‍ പലതും അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടെന്നു അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. (37 മുതലുള്ള ആയത്ത് കാണുക)

ഇതിനുപുറമെ, രണ്ടാം തവണ അല്ലാഹു മൂസാനബി عليه السلام യോട് നേരിട്ട് സംസാരിക്കുന്നത് വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്.

وَوَٰعَدْنَا مُوسَىٰ ثَلَٰثِينَ لَيْلَةً وَأَتْمَمْنَٰهَا بِعَشْرٍ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرْبَعِينَ لَيْلَةً ۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخْلُفْنِى فِى قَوْمِى وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ ٱلْمُفْسِدِينَ ‎﴿١٤٢﴾‏ وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِىٓ أَنظُرْ إِلَيْكَ ۚ قَالَ لَن تَرَىٰنِى وَلَٰكِنِ ٱنظُرْ إِلَى ٱلْجَبَلِ فَإِنِ ٱسْتَقَرَّ مَكَانَهُۥ فَسَوْفَ تَرَىٰنِى ۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلْجَبَلِ جَعَلَهُۥ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّآ أَفَاقَ قَالَ سُبْحَٰنَكَ تُبْتُ إِلَيْكَ وَأَنَا۠ أَوَّلُ ٱلْمُؤْمِنِينَ ‎﴿١٤٣﴾‏

മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക. നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു. (ഖു൪ആന്‍:7/142-143)

ഫിര്‍ഔനിൽ നിന്നും രക്ഷപെട്ട്, ബനൂഇസ്‌റാഈല്യരേയും കൊണ്ട് മൂസാനബി عليه السلام ചെയ്ത യാത്രയിലെ ഒരും രംഗമാണിത്. അല്ലാഹു മൂസാനബി عليه السلام ക്ക് തൗറാത്ത് നല്‍കാന്‍ തീരുമാനിച്ചു. അത് നല്‍കുന്നതിനായി അദ്ദേഹത്തെ അല്ലാഹു സീനാ പര്‍വതത്തിലേക്ക് വിളിച്ചു. അതിനായി അദ്ദേഹത്തോട് നാല്‍പത് ദിവസം നോമ്പും ഇബാദത്തുകളും ചെയ്തു കഴിയാനായി അല്ലാഹു കല്‍പിക്കുകയും ചെയ്തു. നാല്‍പത് ദിവസം അല്ലാഹുവിന്റെ കല്‍പന പ്രകാരം കഴിച്ചു കൂട്ടി. അത് പൂര്‍ത്തിയായതിന് ശേഷം തൗറാത്ത് സ്വീകരിക്കുന്നതിനായി സഹോദരന്‍ ഹാറൂനിനെ ഈ ജനതയുടെ നേതൃത്വം ഏല്‍പിച്ച് അദ്ദേഹം പുറപ്പെട്ടു. അങ്ങനെ വീണ്ടും അദ്ധേഹത്തോട് അല്ലാഹു നേരില്‍ സംസാരിച്ചു.

അല്ലാഹു നേരില്‍ സംസാരിച്ചു എന്ന മഹത്തായ ഭാഗ്യം ലഭിച്ച സന്ദര്‍ഭത്തില്‍ മൂസാനബി عليه السلام യുടെ ഉള്ളില്‍ ഒരു ആഗ്രഹം ഉദിക്കുകയായി. അല്ലാഹുവിനെ ഒന്ന് കാണുക എന്നതായിരുന്നു ആ ആഗ്രഹം. തന്റെ ആഗ്രഹം സാധിപ്പിച്ചുതരാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ അല്ലാഹു അദ്ദേഹത്തോട് തന്നെ ഇവിടെ വെച്ച് കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. കാരണം അല്ലാഹു ഇഹലോകത്ത് ഓരോന്നിനും ഓരോ വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരമേ ഇവിടെ എന്തും സംഭവിക്കുകയുള്ളൂ. അല്ലാഹുവിനെ കാണുന്നതിനുള്ള ഒരു വ്യവസ്ഥയിലല്ല ഈ ലോകത്ത് അവന്‍ നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. മൂസാ عليه السلام ആവശ്യപ്പെട്ടത് ആ വ്യവസ്ഥക്ക് എതിരായതിനാല്‍ അത് അസാധ്യമാണെന്ന് അല്ലാഹു തെളിയിച്ച് കൊടുത്തു. അല്ലാഹു പര്‍വതത്തില്‍ വെളിപ്പെട്ടു. അപ്പോള്‍ എന്താണ് സംഭവിച്ചത്? ബലവത്തായ ആ പര്‍വതം തകര്‍ന്ന് പൊടിയായി. ബലവത്തായ വലിയ ഒരു പര്‍വതത്തിന് പോലും താങ്ങാന്‍ കഴിയാത്ത ഒന്നിനെ മൂസാനബി عليه السلام ക്ക് എങ്ങനെ കാണാന്‍ കഴിയും. ഇത് കണ്ട മൂസാ عليه السلام യും ബോധരഹിതനായി നിലം പതിച്ചു. ബോധം തെളിഞ്ഞ ശേഷം മൂസാ عليه السلام അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തി. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്തു.

അല്ലാഹുവിന്റെ പ്രകാശമാണ് അല്ലാഹുവിന്റെ മറ. ആ പ്രകാശത്തെ സംബന്ധിച്ച് നബിﷺ പറഞ്ഞത് കാണുക:

….. حِجَابُهُ النُّورُلَوْ كَشَفَهُ لأَحْرَقَتْ سُبُحَاتُ وَجْهِهِ مَا انْتَهَى إِلَيْهِ بَصَرُهُ مِنْ خَلْقِهِ

അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു. ആ പ്രകാശത്തെ അവന്‍ തുറന്ന് വിട്ടാല്‍ അവന്റെ സൃഷ്ടികളില്‍ നിന്ന് (ഏതൊന്നിലേക്ക്) അവന്റെ ദൃഷ്ടി എത്തുന്നുവോ അവയെ മുഴുവന്‍ അവന്റെ തിരുമുഖത്തിന്റെജ്യോതിസ്സ് കരിച്ച് കളയുന്നതാണ്. (മുസ്ലിം:179)

അല്ലാഹുവിനെ കാണണമെന്ന് മൂസാ عليه السلام ആവശ്യപ്പെട്ടതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല ചെയ്തത്, അത് സാധ്യമല്ലെന്ന് തെളിയിച്ചുകൊടുക്കുകയും ശേഷം അദ്ദേഹത്തോട് ഇപ്രകാരം പറയുകയുമാണ് ചെയ്തത്.

قَالَ يَٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِى وَبِكَلَٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّٰكِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (ഖു൪ആന്‍:7/144)

വിശ്വാസികള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയുന്നതാണ്. അതിനുള്ള പ്രയത്‌നം നമ്മില്‍ നിന്ന് ഉണ്ടാകണം.  അല്ലാഹുവിലുള്ള വിശ്വാസവും അതില്‍ തന്നെ അവനെ ഏകനാക്കുന്നതിലും നാം കണിശത നല്‍കുക. സൽപ്രവര്‍ത്തനങ്ങളിൽ മുന്നേറുക.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *