സൗഭാഗ്യത്തിലേക്കുള്ള പാത

സൗഭാഗ്യം എന്നത് ഒരു മുഖ്യവിഷയവും ഉന്നതലക്ഷ്യവുമാണ്. അത് തേടിപ്പിടിക്കുന്നതില്‍ മനുഷ്യരാശി മുഴുവനും ബദ്ധശ്രദ്ധരാണ്. അത് അന്വേഷിക്കുന്നവരില്‍ ധനികനും ദരിദ്രനും വൈദ്യനും രോഗിയും പണ്ഡിതനും പാമരനുമെല്ലാം മുന്‍പന്തിയിലുണ്ട്. സൗഭാഗ്യം ഒരമൂല്യനിധിയാണ്. പൂര്‍വിക ഏടുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന അധ്യായങ്ങളിലൊന്നാണത്. എഴുത്തുകാരും ചിന്തകരും സൗഭാഗ്യം വിഷയമാക്കിട്ടുണ്ട്. സാഹിത്യകാരന്മാരും കവികളും അതിനെക്കുറിച്ചു വര്‍ണിച്ചു. നിരവധി ഗവേഷണ പഠനങ്ങള്‍ ആ വിഷയത്തിലുണ്ടായി. ഓരോരുത്തരും ആ വിഷയത്തെ നോക്കിക്കണ്ടത് അവരുടെ വീക്ഷണ കോണിലൂടെയാണ്. ഒരുപാടു പേര്‍ അതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടെങ്കിലും അതിന്റെ മര്‍മമറിഞ്ഞവര്‍ തുലോം വിരളമാണ്.

ഒരു കവിതാശകലത്തില്‍ കണ്ടത്: ‘സൗഭാഗ്യത്തെക്കുറിച്ച് ഒരുപാട് തിരഞ്ഞുനോക്കി. മാസ്മരിക ഗുഹകളിലൊന്നും അത് കാണാനൊത്തില്ല. ഇരുള്‍മൂടിയ രാത്രികളോട് അതിനെക്കുറിച്ചു ചോദിച്ചുകൊണ്ടേയിരിക്കുന്നൂ. ഒടുവില്‍ ബോധ്യപ്പെട്ടത് അത് കാലത്തിന്റെയും ഇഹലോകത്തിന്റെയും ഒരു രഹസ്യമാണെന്നാണ്.’

സ്വന്തത്തോട് തന്നെയുള്ള ചോദ്യം; പണക്കൂമ്പാരത്തിന്റെയോ രമ്യഹര്‍മ്യങ്ങളുടെയോ ഷെയര്‍മാര്‍ക്കറ്റുകളുടെയോ റിയല്‍എസ്‌റ്റേറ്റ് സാമ്രാജ്യങ്ങളുടെയോ കവാടങ്ങളിലൂടെ കടന്നുവരുന്നതാണോ സൗഭാഗ്യം?

അതോ ഇവയെല്ലാം അതിന്റെ ചെറിയൊരംശമോ? നാണയത്തുട്ടുകള്‍ ഒരിക്കലും സൗഭാഗ്യം സഫലമാക്കില്ല. അവ കേവലം നാഡീവിജ്രംഭനങ്ങളെ ശാന്തമാക്കുമെന്നു മാത്രം.

സൗഭാഗ്യമെന്നത് പ്രശസ്തിയോ താരപ്രഭയോ വ്യക്തിഗത നേട്ടങ്ങളോ ഏതെങ്കിലും മേഖലകളില്‍ മുദ്രപതിപ്പിക്കലോ ആണോ? അതോ ഇവയെല്ലാം കേവലം പ്രൊഫഷണലിസത്തിന്റെ മാത്രം ഭാഗമോ?

അതല്ല, സൗഭാഗ്യമെന്നത് ലക്ഷ്യത്തിലും ചിന്തയിലും ഒത്തു വരുന്ന പരസ്പരം സ്‌നേഹിക്കുന്ന നിന്റെ സ്വപ്‌ന നായികയെ വേളി കഴിക്കലാണോ? അതോ സാമൂഹികവും കുടുംബപരവുമായ ഒരു ഭാഗിക ഭാഗ്യം മാത്രമോ? യഥാര്‍ഥത്തില്‍ സൗഭാഗ്യമെന്നത് കേവല ധനസമാഹരണമോ പ്രശസ്തിയോ സ്വപ്‌ന ഭവനത്തില്‍ ജീവിതപങ്കാളിയുമൊത്തു കഴിയലോ അല്ല. കാരണം ഇവയെല്ലാം കരഗതമാകുന്ന മുറക്ക് പഴയതാകും. ഇതെല്ലാം കിട്ടിയിട്ടും ഭാഗ്യം വന്നില്ലല്ലോ എന്ന് വിലപിക്കുന്നവരാണധികവും. മറ്റൊരര്‍ഥത്തില്‍ മാനസിക സംഘര്‍ഷങ്ങളും വ്യഥകളും അലട്ടുന്നവരാണവര്‍. അല്ലാഹു രക്ഷിക്കട്ടെ.

നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത എണ്ണിക്കണക്കാക്കാനാവാത്ത, ഒരു ആത്മീയ സത്തയാണ് സൗഭാഗ്യം. അങ്ങാടിയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതോ ലബോറട്ടറികളില്‍ ടെസ്റ്റു ചെയ്തു കണ്ടെത്താവുന്നതോ ഒന്നുമല്ല. ഒരുപക്ഷേ, ഭൗതിക വിഭവങ്ങള്‍ വളരെ പരിമിതമായ ഗ്രാമീണ കര്‍ഷകനോ ആട്ടിടയനോ അനുഭവപ്പെടുന്ന ഒരാന്തരിക ആസ്വാദനവും ഹൃദയ ശാന്തിയുമാണത്. ഒരു ശസ്ത്രക്രിയ നടത്തുന്ന വിദഗ്ധ ഭിഷഗ്വരനോ ആകാശഗമനം നടത്തുന്ന ബാഹ്യാകാശ യാത്രികനോ ഇത് കിട്ടിക്കൊള്ളണമെന്നില്ല.

കണക്കറ്റ സമ്പത്തിന്റെ സാമ്രാജ്യം കൈവശമുള്ള ഒരു ധനികന് കരഗതമാകാത്തതും ഏവരാലും തള്ളിമാറ്റപ്പെടുന്ന, എന്നാല്‍ പടച്ചവന്റെ അടുക്കല്‍ സ്വീകാര്യതയുള്ള ഒരു പരമദരിദ്രന്‍ അഭിരമിക്കുന്ന ഒരു മഹനീയ അനുഗ്രഹമാണ് സൗഭാഗ്യം.

ഹൃദയന്തരാളത്തില്‍നിന്ന് ചിന്തയിലേക്കും അവിടെനിന്ന് മുഖകാന്തിയിലേക്കും പിന്നീട് നയ നിലപാടിലേക്കും പ്രസരിക്കുന്ന ഒരു ഒഴുക്കാണത്. നിന്റെ ഉന്നത അനുഭവങ്ങളിലോ, മനോഹര ഭാവനകളിലോ, ഇന്ദ്രിയ ധര്‍മങ്ങളിലോ അത് പ്രതിഫലിക്കുന്നില്ലെങ്കില്‍ കാവ്യഖണ്ഡങ്ങളില്‍ അത് തിരഞ്ഞാല്‍ കണ്ടെത്തി എന്നുവരില്ല.

സൗഭാഗ്യം വിശ്വാസത്തിന്റെ ഉല്‍പന്നമാണ്. വിനയത്തോടെ, താഴ്മയോടെ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചു ദൈവസാമീപ്യം നേടലാണതിന്റെ അന്തസ്സത്ത. അല്ലാഹു ഓഹരി ചെയ്തുതന്നതില്‍ തൃപ്തി വേണം. അവന്റെ വിധി നിര്‍ണയങ്ങള്‍ സമ്മതമാവണം. അപരാധങ്ങളില്‍ കരയണം. സത്യവും നന്മയും യശസ്സും തേടിപ്പിടിക്കണം. ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടണം. അപ്പോഴാണ് മനശ്ശാന്തിയും ഹൃദയവിശാലതയും ആത്മസംതൃപ്തിയും ലഭിക്കുക. അല്ലാഹുവിലേക്കുള്ള നിന്റെ പ്രയാണത്തില്‍ കടമ്പകള്‍ വിലങ്ങായിട്ടുണ്ടെങ്കിലും അവ തരണംചെയ്യാന്‍ നിനക്കാവും.

ഒരു അടിമ സൗഭാഗ്യത്തിലാണെന്നതിന്റെ ലക്ഷണം പ്രവാചക ചര്യക്കനുസരിച്ചു അല്ലാഹുവിനോടുള്ള ആരാധനാകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവന്നു കിട്ടുന്ന അനുഗ്രഹവും എളുപ്പവുമാണ്. നല്ലവരോടൊത്തുള്ള സഹവാസവും സല്‍സ്വഭാവത്തോടെ സമസൃഷ്ടികളോടുള്ള പെരുമാറ്റവും അവര്‍ക്കു ചെയ്തുകൊടുക്കുന്ന നന്മകളുമാണ്. തന്റെ സമയത്തിന്റെ വിലയറിഞ്ഞുള്ള ജീവിതവും മുസ്‌ലിം പ്രശ്‌നങ്ങളോടുള്ള ജാഗ്രതയും അവനില്‍ പ്രകടമാകും.

സൗഭാഗ്യത്തിന്റെ അളവുകോലുകളില്‍ പെട്ടതാണ് ഉള്ളും പുറവും തമ്മില്‍ പൊരുത്തപ്പെടലും അല്ലാഹുവിനോടുള്ള സ്‌നേഹവും മാന്യമായ സംസാരവും ഗാംഭീര്യമുള്ള നിലപാടുകളും മനുഷ്യത്വവും ഉദാരതയും പ്രകടമാവുന്ന പെരുമാറ്റവും തന്റെ നിവാസദേശത്തിന്റെ നിര്‍ഭയത്വവും സമാധാനവും ശാരീരിക, മാനസിക ഐശ്വര്യങ്ങളുമെല്ലാം.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ مُعَافًى فِي جَسَدِهِ عِنْدَهُ قُوتُ يَوْمِهِ فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا

നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും അവന്റെ പരിവാരങ്ങളില്‍ നിര്‍ഭയനും ദേഹസൗഖ്യം അനുഭവിക്കുന്നവനും അന്നന്നത്തെ ആഹാരം മുമ്പിലുള്ളവുനുമാണെങ്കില്‍ അവനാണ് ഇഹലോകം മുഴുവനും അധീനപ്പെട്ടു കിട്ടിയവന്‍. (തിര്‍മിദി)

അല്ലാഹുവിനോടുള്ള അടിമത്തത്തില്‍ ഗതിമാറാതിരിക്കലാണ് സൗഭാഗ്യ സമാരംഭത്തിന്റെ ലക്ഷണം.

ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

ശാശ്വത സൗഭാഗ്യം ഉറപ്പുവരുത്താന്‍ ആരാധനയുടെ ഉമ്മറത്ത് അവന്റെ വഴിമാറാത്ത സാന്നിധ്യം വേണം. (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, മദാരികുസ്സാലികീന്‍ 1/439).

സൗഭാഗ്യത്തിലേക്കു കൈപിടിച്ച് കൊണ്ടുപോകുന്ന ഒരുപാധിയാണു വിശുദ്ധ ക്വുര്‍ആന്‍.

സൗഭാഗ്യത്തിന്റെ പരമകാഷ്ഠ സ്വര്‍ഗമാണ്.

وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍ

എന്നാല്‍ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്. (ഖു൪ആന്‍ :11/108)

അല്ലാഹുമായിട്ടുള്ള ബന്ധമാണ് സൗഭാഗ്യത്തിന്റെ കൊടുമുടി. അവന്‍ പകുത്തു നല്‍കിയതില്‍ പൂര്‍ണ തൃപ്തിവേണം. ശയ്യയിലേക്കു വീഴുമ്പോള്‍ ഹൃദയം നിര്‍വൃതി കൊള്ളണം. ആരോടും അനീതി ചെയ്യാത്ത ദിവസമെന്നുറപ്പാക്കണം. സൗഭാഗ്യം അന്വേഷിച്ചു കാതങ്ങള്‍ താണ്ടേണ്ട. അത് തന്റെ ചുറ്റുവട്ടത്തിലും മനസ്സിലും ചിന്തയിലും തന്നെയാണുള്ളത്. കണ്ണട കണ്ണില്‍ കയറ്റിവച്ചു കണ്ണട തിരഞ്ഞിട്ടു കാര്യമില്ല.

 

ഡോക്ടര്‍ സഅദുല്ലാഹ്, ബഹ്‌റൈന്‍

വിവര്‍ത്തനം : പി. എന്‍. അബ്ദുല്ലത്വീഫ് മദനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *