പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹുവിനോടാണ് ചോദിക്കാനുള്ളതും അവനില്‍നിന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നതും. അവന്‍ നിങ്ങളെ ഇഹലോകത്തും പരലോകത്തും അവന്‍റെ ഇഷ്ടദാസന്മാരില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ! പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുമേല്‍ ചൊരിയുമാറാകട്ടെ! അല്ലാഹു അനുഗ്രഹം ചെയ്താല്‍ നന്ദികാണിക്കുകയും പരീക്ഷിക്കപ്പെടുമ്പോള്‍ സഹനമവലംബിക്കുകയും തെറ്റു സംഭവിച്ചുപോയാല്‍ പൊറുക്കലിനെ തേടുകയും ചെയ്യുന്ന സദ് വൃത്തരില്‍ അവന്‍ നിങ്ങളെ ഉള്‍പ്പെടുത്തുമാറാകട്ടെ!
നിശ്ചയം, ഈ മൂന്ന് കാര്യങ്ങളാണ് ഒരു അടിമയുടെ സൗഭാഗ്യത്തിന്‍റെ മുഖമുദ്രയും ഇഹലോകത്തിലും പരലോകത്തിലുമുള്ള അവന്‍റെ വിജയത്തിന്‍റെ അടയാളവും. ഒരു ദാസന്ന് അതില്‍നിന്നും ഒരിക്കലും വേറിട്ടുനില്‍ക്കാനൊക്കുകയില്ല. മറിച്ച്, അവന്‍ എപ്പോഴും ഈ മൂന്ന് തട്ടുകള്‍ക്കിടയില്‍ തിരിഞ്ഞുമറിഞ്ഞുകൊണ്ടിരിക്കും, തീര്‍ച്ച!
അല്ലാഹുവില്‍നിന്ന് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍! അത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് നന്ദികാണിക്കുന്നതിലൂടെയാണ്. ആ നന്ദിപ്രകടനം മൂന്ന് സുപ്രധാന കാര്യങ്ങളിലാണ് നിലകൊള്ളുന്നത്.
1. മനസ്സ് കൊണ്ട് ആ അനുഗ്രഹത്തെ തിരിച്ചറിയല്‍.
2. നാവ് കൊണ്ട് അതിനെക്കുറിച്ച് സംസാരിക്കല്‍.
3. നല്‍കിയ അനുഗ്രഹ ദാതാവിന്‍റെ തൃപ്തിയില്‍ അവ വിനിയോഗിക്കല്‍.
ഈ മൂന്ന് കാര്യങ്ങള്‍ ഒരാള്‍ ചെയ്താല്‍ അയാള്‍ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു എന്നു പറയാം; ആ നന്ദിപ്രകടനത്തില്‍ വീഴ്ച വന്നിട്ടുണ്ട് എങ്കില്‍കൂടി. രണ്ടാമതു പറഞ്ഞത് അല്ലാഹുവില്‍നിന്നുള്ള പരീക്ഷണങ്ങളെ സംബന്ധിച്ചാണ്. അതില്‍ ഒരടിമയ്ക്ക് കരണീയമായിട്ടുള്ളത് പടച്ചവന്‍റെ തീരുമാനത്തില്‍ ക്ഷമിക്കുകയും അതിന് കീഴ്പ്പെടുകയുമാണ്.
‘ക്ഷമ’ അല്ലെങ്കില്‍ ‘സഹനം’ (സ്വബ്ര്‍) എന്നു പറഞ്ഞാല്‍ അല്ലാഹുവിന്‍റെ വിധിയില്‍ ദേഷ്യപ്പെടാതെ മനസ്സിനെ നിയന്ത്രിക്കലും അതില്‍ ആവലാതികളും സങ്കടങ്ങളും മറ്റുള്ളവരോട് പറയാതെ അതിനെ നിയന്ത്രിക്കലും അല്ലാഹുവിനെ ധിക്കരിക്കാതെ; അഥവാ മുഖത്തടിക്കുക, വസ്ത്രത്തിന്‍റെ മാറ് പിടിച്ചുകീറുക, മുടി പിടിച്ചുപറിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാതെ അവയവങ്ങളെ നിയന്ത്രിക്കുകയുമാണ്.
ക്ഷമ എന്നതിന്‍റെ കേന്ദ്രബിന്ദു ഈ മൂന്ന് കാര്യങ്ങളാണ്. അവ വേണ്ടപോലെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. പ്രയാസങ്ങള്‍ പ്രിയങ്കരമാവും. ഒരിക്കലും അല്ലാഹു ഒരാളെ നശിപ്പിക്കാനല്ല പരീക്ഷിക്കുന്നത് മറിച്ച്, ഒരാളുടെ ക്ഷമയും കീഴൊതുക്കവും സ്ഫുടം ചെയ്തെടുക്കാനാണ് പരീക്ഷണങ്ങള്‍. തീര്‍ച്ചയായും സന്തോഷവേളകളില്‍ അല്ലാഹുവിന് കീഴ്പ്പെടേണ്ടതാണ് എന്നപോലെ സന്താപവേളകളിലും ഒരാള്‍ അല്ലാഹുവിന് കീഴ്പ്പെടേണ്ടതാണ്. ഇഷ്ടകരമായ കാര്യങ്ങളിലും അനിഷ്ടകരമായ സംഗതികളിലും അവന് കീഴ്പ്പെടേണ്ടവനാണ് ഒരു വിശ്വാസി. ഭൂരിപക്ഷമാളുകളും തങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യങ്ങളില്‍ മാത്രമാണ് ആ കീഴൊതുങ്ങലിന് സന്നദ്ധമാകാറുള്ളത്. എന്നാല്‍ അനിഷ്ടകരമായ കാര്യങ്ങളിലെ കീഴൊതുക്കമാണ് ഏറ്റവും പ്രധാനം. അതിനനുസരിച്ചാണ് ആളുകളുടെ പദവി വ്യത്യാസപ്പെടുന്നതും അല്ലാഹുവിന്‍റെയടുക്കല്‍ അവര്‍ക്കുള്ളസ്ഥാനവും. ഉദാഹരണത്തിന്; നല്ല ചൂടുള്ള സമയത്ത് തണുത്തവെള്ളത്തില്‍ അംഗസ്നാനം ചെയ്യല്‍ അല്ലാഹുവിന്ന് കീഴൊതുങ്ങലാണ്. താന്‍ ഇഷ്ടപ്പെടുന്ന തന്‍റെ സുന്ദരിയായ ഇണയെ ഒരാള്‍ പ്രാപിക്കുന്നതും ഇതേ കീഴ്പ്പെടലാണ്. തനിക്കും തന്‍റെ ഭാര്യക്കും മക്കള്‍ക്കും സമ്പത്ത് ചെലവഴിക്കലും ഇതുപോലെതന്നെ.
എന്നാല്‍ കൊടുംതണുപ്പുള്ള സമയത്ത് തണുത്ത വെള്ളത്തില്‍ അംഗസ്നാനം ചെയ്യലും അല്ലാഹുവിന്ന് കീഴ്പ്പെടലാണ്. ആളുകളെയൊന്നും പേടിക്കേണ്ടതായ സാഹചര്യമില്ലാഞ്ഞിട്ടും, ശക്തമായ പ്രേരണകളും അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും തിന്മകള്‍ ചെയ്യാതെ ഒരാള്‍ മാറിനില്‍ക്കുന്നതും അല്ലാഹുവിനുള്ള കീഴ്പ്പെടലാണ്. പ്രയാസഘട്ടങ്ങളില്‍ ചെലവഴിക്കലും പടച്ചവന് കീഴ്പ്പെടലാണ്. പക്ഷേ, ഈ രണ്ടു തരം കീഴ്പ്പെടലുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്.
അതിനാല്‍ ആരെങ്കിലും ഈ രണ്ട് സന്ദര്‍ഭങ്ങളിലും അല്ലാഹുവിന് കീഴ്പ്പെട്ട് തന്‍റെ ബാധ്യത നിര്‍വഹിക്കുകയാണെങ്കില്‍ -അതായത്, ഇഷ്ടകരമായതിലും അനിഷ്ടകരമായതിലും – അവന് അല്ലാഹു മതിയായവനാണ്. അതാണ് അല്ലാഹുവിന്‍റെ ഈ വചനം അറിയിക്കുന്നതും:
أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُۥ ۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരുമില്ല. (ഖുർആൻ:39/36)
തന്‍റെ ദാസന് “അബ്ദഹു” എന്നിടത്ത് തന്‍റെ അടിമകള്‍ക്ക് “ഇബാദഹു” എന്ന ഒരു പാരായണവുമുണ്ട്. രണ്ടും സമമാണ്. കാരണം ഏകവചനം മറ്റൊന്നിലേക്കു ചേര്‍ത്ത് പ്രയോഗിച്ചാല്‍ ബഹുവചനത്തിന്‍റെ വ്യാപകാര്‍ഥം കിട്ടുമെന്നാണ് ഭാഷാശാസ്ത്രം.
അപ്പോള്‍ പരിപൂര്‍ണമായ പര്യാപ്തത പരിപൂര്‍ണമായ പ്രസ്തുത കീഴൊതുങ്ങലിലാണ്. ഒന്നിലെ അപൂര്‍ണത മറ്റേതിലും അപൂര്‍ണമായിരിക്കും. അതിനാല്‍ ആര്‍ക്കെങ്കിലും വല്ല നന്മയും ലഭിച്ചാല്‍ അതിന് അവന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. അതല്ലാത്തതാണ് കിട്ടിയതെങ്കില്‍ മറ്റാരെയും പഴിചാരേണ്ടതുമില്ല.
ഇപ്രകാരം പരിപൂര്‍ണമായി അല്ലാഹുവിന് കീഴൊതുങ്ങിയ അവന്‍റെ ദാസന്മാരെ സംബന്ധിച്ചിടത്തോളം അവരുടെമേല്‍ യഥാര്‍ഥ ശത്രുവിന് (പിശാചിന്) യാതൊരു ആധിപത്യവും ഉണ്ടാവുകയില്ല. അല്ലാഹു പറയുന്നു:
إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. (ഖുർആൻ:15/42)
അല്ലാഹു അവന്‍റെ ദാസന്മാരെ തനിക്ക് കീഴ്പ്പെടുത്തിത്തരികയില്ലെന്നും തനിക്ക് അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനാവില്ലെന്നും ഇബ്ലീസ് മനസ്സിലാക്കിയപ്പോള്‍ അല്ലാഹുവിനോട് ഇപ്രകാരം പറഞ്ഞു:
قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴿٨٣﴾
അവന്‍ (ഇബ്ലീസ്) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)
അല്ലാഹു പറഞ്ഞു:
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ ﴿٢٠﴾ وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ ﴿٢١﴾
തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. അവന് (ഇബ്ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്. നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍ :34/20-21)
തന്‍റെ ശത്രുവിന് സത്യവിശ്വാസികളായ ദാസന്മാരുടെമേല്‍ അല്ലാഹു ആധിപത്യം നല്‍കിയില്ല. മറിച്ച് സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലും കാവലിലുമാണുള്ളത്. ഇനി വല്ല അശ്രദ്ധനായ മനുഷ്യനെയും കള്ളന്മാര്‍ ചതിയില്‍പ്പെടുത്തുന്നതുപോലെ അവരില്‍ ആരെയെങ്കിലും ഇബ്ലിസ് ചതിയില്‍ പെടുത്തുകയാണെങ്കില്‍ അത് സൂക്ഷിക്കേണ്ടതാണ്. കാരണം തീര്‍ച്ചയായും ഒരു അടിമ അശ്രദ്ധയും മനസ്സിന്‍റെ മോഹങ്ങളും കോപവും കൊണ്ട് പരീക്ഷിക്കപ്പെടും. (പിശാച് എന്ന ശത്രു ഈ ദ്വാരങ്ങളിലൂടെ കടന്നുവന്നേക്കും; സുക്ഷിക്കുക എന്ന് സാരം).
ഇബ്ലീസ് ഒരാളുടെ അടുക്കല്‍ ചെല്ലുന്നത് ഈ മൂന്ന് വാതിലുകളിലൂടെയാണ്. ഒരാള്‍ എത്രതന്നെ ജാഗ്രതയും സൂക്ഷ്മതയും കൈക്കൊള്ളുന്ന ആളായിരുന്നാലും അയാള്‍ക്ക് മറവിയുണ്ടാകും. മനസ്സിന്‍റെ മോഹങ്ങളുണ്ടാവുക എന്നതും സ്വാഭാവികമാണ്. ദേഷ്യവും കോപവും മാനുഷ്യസഹജമാണുതാനും. മനുഷ്യകുലത്തിന്‍റെ ആദ്യപിതാവ് ആദം നല്ല സഹനശീലനും വിവേകിയും ബുദ്ധിമാനും സ്ഥൈര്യമുള്ളയാളും ഒക്കെയായിരുന്നു. എന്നിട്ടും ആ ശത്രു നിരന്തര പരിശ്രമത്തിലൂടെ ആദമിനെ അപായത്തില്‍ പെടുത്തിയത് അറിയുമല്ലോ! എന്നിരിക്കെ, കുറച്ചുമാത്രം വിവേകവും സഹനതയുമുള്ള, വളരെ നാമമാത്രമായ ചിന്തയും ബുദ്ധിയുമുള്ള ആളുകളെ സംമ്പന്ധിച്ച് നീ എന്താണ് കരുതുന്നത്?
പക്ഷേ, അല്ലാഹുവിന്‍റെ ശത്രു സത്യവിശ്വാസിയുടെ അടുക്കലേക്ക് ചതിയിലൂടെയും വഞ്ചനയിലൂടെയും അശ്രദ്ധകാരണങ്ങളാലും ഒക്കെയല്ലാതെ എത്തുകയില്ല. അങ്ങനെ അപ്രതീക്ഷിതമായി പിശാച് അവനെ കെണിയില്‍ പെടുത്തും. അതോടെ തന്‍റെ രക്ഷിതാവിനെ വിശ്വാസി കയ്യൊഴിക്കുമെന്ന് പിശാച് കരുതുകയും ചെയ്യും. ആ സംഭവം അവനെ ആകെ തകര്‍ത്തുകളയുമെന്നും അവന്‍ കണക്കുകൂട്ടും. എന്നാല്‍ അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവും വിട്ടുവീഴ്ചയും പൊറുത്തുകൊടുക്കലും എല്ലാം അതിനും അപ്പുറമാണ്.
അല്ലാഹു തന്‍റെ അടിമക്ക് നന്മ ഉദ്ദേശിക്കുകയാണെങ്കില്‍ പശ്ചാത്താപത്തിന്‍റെയും ഖേദത്തിന്‍റെയും കുറ്റബോധത്തിന്‍റെയും വിനയത്തിന്‍റെയും പ്രാര്‍ഥനയുടെയും സഹായതേട്ടത്തിന്‍റെയും പടച്ചവനിലേക്കുള്ള സത്യസന്ധമായ അഭയം പ്രാപിക്കലിന്‍റെയും നിരന്തരമായ കീഴൊതുക്കത്തിന്‍റെയും സാധിക്കുന്നത്ര നന്മകളിലൂടെ അല്ലാഹുവിലേക്ക് പരാമാവധി അടുക്കുവാനുള്ള ശ്രമത്തിന്‍റെയും തുടങ്ങി നന്മയുടെ അനേകം കവാടങ്ങള്‍ അവന് മുന്നില്‍ തുറന്നുകൊടുക്കും. എത്രത്തോളമെന്നാല്‍ ആ അബദ്ധം സംഭവിച്ചത് പടച്ചവന്‍റെ ധാരാളം അനുഗ്രഹത്തിന് കാരണമാകുവോളം അവന്‍ നന്മകളധികരിപ്പിക്കും. അപ്പോള്‍ അല്ലാഹുവിന്‍റെ ശത്രു നിരാശനായി ഇപ്രകാരം പറയുന്ന സ്ഥിതിവരെയുണ്ടാകും: “അയാളെ തെറ്റില്‍ വീഴ്ത്താതെ വിട്ടാല്‍ മതിയായിരുന്നു; കഷ്ടം!”
ഇതാണ് സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ പറഞ്ഞ ഈ വചനത്തിന്‍റെ പൊരുള്‍: “നിശ്ചയം! ചിലര്‍ ഒരു പാപം ചെയ്യും, അതുനിമിത്തം അയാള്‍ സ്വര്‍ഗത്തിലെത്തും. വേറെ ചിലരാകട്ടെ, ഒരു നന്മചെയ്യും. അതുനിമിത്തം നരരകത്തിലുമെത്തും.” ശ്രോതാക്കള്‍ അദ്ദേഹത്തോട് ചോദിച്ചു: “അതെങ്ങനെയാണ്?” അദ്ദേഹം പറഞ്ഞു: “അതായത്, ഒരു തെറ്റ് ചെയ്തുപോയ വിശ്വാസിയെ കുറ്റബോധം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതിനെക്കുറിച്ചോര്‍ത്ത് പേടിച്ച് കരയുകയും ഖേദിക്കുകയും ചെയ്യും. പടച്ചവന്‍റെ മുന്നില്‍ പാപിയായ താന്‍ നില്‍ക്കുന്നതിനെക്കുറിച്ചോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തും. മനസ്സ് ആകെ അസ്വസ്ഥമാകും. അങ്ങനെ ആ കുറ്റം അയാളുടെ വിജയത്തിന്‍റെയും മോക്ഷത്തിന്‍റെയും നിമിത്തമായി മാറും. കുറെ നന്മകള്‍ ചെയ്തതിലേറെ അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തെയാകെ അടിമുടി മാറ്റിക്കൊണ്ട് ഏറ്റവും ഉപകാരപ്രദമായ നന്മയായി അത് പരിണമിക്കുകയാണ്. അതായത്, അതിനോടനുബന്ധമായി സംഭവിച്ച ഈ നല്ല കാര്യങ്ങളെല്ലാം അയാളുടെ വിജയത്തിനും മോക്ഷത്തിനും സ്വര്‍ഗപ്രവേശത്തിനും കാരണമായി കലാശിക്കും.
എന്നാല്‍ ചിലര്‍ ചെയ്യുന്ന നന്മകള്‍ നേരെ മറിച്ചാണ്. അത് റബ്ബിനോടുകാണിച്ച വലിയ ദാക്ഷിണ്യമായി എടുത്തുപറയുകയും അതുമുഖേന അഹങ്കരിക്കുകയും താന്‍ കൊള്ളാവുന്നവനാണെന്ന് അയാള്‍ക്ക് സ്വയം തോന്നുകയും അതില്‍ നിഗളിക്കുകയും അത് വലുതായി കാണുകയും ഞാനിതൊക്കെ ചെയ്തു എന്ന് പാടിപ്പറഞ്ഞ് നടക്കുകയും ഒക്കെയാകുമ്പോള്‍ അത് അയാളില്‍ ഇട്ടുപോകുന്നത് അഹങ്കാരവും ദുരഭിമാനവും താനെന്ന ഭാവവുമൊക്കെയായിരിക്കും. അഥവാ അയാളെ നശിപ്പിക്കാന്‍ കാരണമായിത്തീരുന്ന കുറെ ദുര്‍ഗുണങ്ങള്‍.
ഈ സാധുവായ മനുഷ്യന് അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അയാളില്‍ വിനയവും എളിമത്വവും തന്‍റെ നിസ്സഹായതയും ഒക്കെ ബോധ്യപ്പെടുത്താവുന്ന കാര്യങ്ങള്‍കൊണ്ട് അവനെ അല്ലാഹു പരീക്ഷിക്കും. ഇനി അതല്ല അല്ലാഹു അയാള്‍ക്ക് ഉദ്ദേശിച്ചതെങ്കില്‍ അയാളുടെ അഹന്തയും അഹങ്കാരവുമായി അല്ലാഹു അയാളെ വിട്ടുകളയും. അതാണ് അയാളുടെ നാശം ഉറപ്പാക്കുന്ന കൊടും നിന്ദ്യത! (അല്ലാഹു കാക്കട്ടെ!)
അറിവുള്ളവരൊക്കെ ഐകകണ്ഠേന സമ്മതിക്കുന്ന സംഗതിയാണ്; നിശ്ചയം ‘തൗഫീക്വ്’ എന്നു പറഞ്ഞാല്‍ അല്ലാഹു നിന്നെ നിന്നിലേക്കുതന്നെ ഏല്‍പിക്കാതിരിക്കലാണ്. നിന്ദ്യതയെന്നതാകട്ടെ, അല്ലാഹു നിന്നെ നിന്നിലേക്കുതന്നെ ഏല്‍പിക്കലാണ് എന്നത്.
ആര്‍ക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ വിനയത്തിന്‍റെയും താഴ്മയുടെയും നിരന്തരമായി അല്ലാഹുവിലേക്ക് അഭയം തേടലിന്‍റെയും സഹായതേട്ടത്തിന്‍റെയുമൊക്കെ കവാടങ്ങള്‍ അയാള്‍ക്കു മുന്നില്‍ തുറന്നുകൊടുക്കും. സ്വന്തത്തിന്‍റെ ന്യൂനതകളും വിവരക്കേടും അന്യായങ്ങളും ശത്രുതയുമെല്ലാം അയാള്‍ സദാ കണ്ടുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ ഔദാര്യവും അനുഗ്രഹങ്ങളും കാരുണ്യവും നന്മകളും എല്ലാം എപ്പോഴും അയാളുടെ കണ്‍മുന്നിലുണ്ടാകും.
അതിനാല്‍ യഥാര്‍ഥ ജ്ഞാനി ഈ രണ്ട് ചിറകുകളിലുമായി അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും. അവയിലേതെങ്കിലുമൊന്ന് എപ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നുവോ അപ്പോള്‍ ചിറകൊടിഞ്ഞ പക്ഷിപോലെ അയാള്‍ക്ക് പറക്കാനാവുകയില്ല.
قال شيخ الإسلام : العارف يسير إلى الله بين مشاهدة المنة ومطالعة عيب النفس والعمل
ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹാവി رحمه الله പറയുന്നു: “യഥാര്‍ഥ ജ്ഞാനി അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ സദാ ദര്‍ശിച്ചും സ്വന്തം ന്യൂനതകളും വീഴ്ചകളും നിരന്തരം നിരീക്ഷിച്ചുമായിരിക്കും അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുക.”
ഇതാണ് നബി ﷺ പഠിപ്പിച്ച സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ എന്ന പ്രാര്‍ഥനയുടെ ആശയവും:
اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عهدك ووعدك ما استطعت أعوذ بك من شر ما صنعت أبوء بنعمتك علي وأبوء بذنبي فاغفر لي إنه لا يغفر الذنوب إلا أنت
അല്ലാഹുവേ, നീയാണ് എന്‍റെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയാണ്. ഞാന്‍ നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ്; എനിക്ക് സാധിക്കുന്നത്ര. ഞാന്‍ ചെയ്തുപോയ ദോഷങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷചോദിക്കുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു. അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ. തീര്‍ച്ചയായും നീയല്ലാതെ തെറ്റുകള്‍ പൊറുക്കുന്നവനായി മറ്റാരുമില്ല. (ബുഖാരി)
ഈ പ്രാര്‍ഥനയിലെ ‘നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും എന്‍റെ പാപങ്ങളുമായി ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു’ എന്ന വചനം റബ്ബിന്‍റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ന്യൂനതകളെയും വീഴ്ചകളെയും തിരിച്ചറിയലും സമന്വയിപ്പിക്കുന്നുണ്ട്.
അനുഗ്രഹങ്ങളെ കുറിച്ചുള്ള ബോധം അനുഗ്രഹ ദാതാവിനോടുള്ള സ്നേഹവും നന്ദിയും സ്തുതികീര്‍ത്തനങ്ങളും അനിവാര്യമാക്കുന്നതാണ്. സ്വന്തം ന്യൂനതകളെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമുള്ള തിരിച്ചറിവ് വിനയവും താഴ്മയും പടച്ചവനോടുള്ള തേട്ടവും പശ്ചാത്താപവുമെല്ലാം സദാസമയത്തും ഉറപ്പായും ഉണ്ടാക്കിക്കൊണ്ടിരിക്കും. ഞാന്‍ എല്ലാം തികഞ്ഞവനാണ് എന്ന് ഒരിക്കലും അയാള്‍ക്ക് തോന്നുകയില്ല.
ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും
വിവർത്തനം: ശമീര്‍ മദീനി
www.kanzululoom.com