ചില മനുഷ്യ൪

വിശുദ്ധ ഖു൪ആനില്‍‌ പല ഭാഗത്തും ചില വിഭാഗം ആളുകളെ അവരുടെ നിലപാടുകള്‍ക്കനുസരിച്ച് അല്ലാഹു ആക്ഷേപിച്ചിട്ടുള്ളതായി കാണാം. അവരെ അല്ലാഹു ആക്ഷേപിക്കാന്‍ കാരണമായ നിലപാടുകള്‍ ഇന്ന് മുസ്ലിംകളില്‍ പല൪ക്കും ഉള്ളതായി കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം ആക്ഷേപിക്കപ്പട്ട നിലപാടുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും അതില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്യാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്.

وَإِذَا مَسَّ ٱلْإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ

മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:10/12)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: മനുഷ്യന്‍റെ പൊതുവെയുളള ഒരു ദുഃസ്വഭാവമാണിതും. വല്ല ബുദ്ധിമുട്ടോ, വിഷമമോ അനുഭവപ്പെടുമ്പോള്‍ വിനയഭാവത്തോടെ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കും, കിടന്നും ഇരുന്നും നിന്നുമൊക്കെ അല്ലാഹുവിലേക്ക്‌ കൈനീട്ടിക്കൊണ്ടിരിക്കും. തന്നെ സഹായിക്കുവാന്‍ അല്ലാഹു മാത്രമാണെന്ന്‌ അവന്‍റെ വാക്കിലും ഭാവത്തിലും അവന്‍ പ്രകടിപ്പിക്കും. ആ ബുദ്ധിമുട്ടും വിഷമവും അല്ലാഹു നീക്കിക്കൊടുത്താലോ? മുമ്പ്‌ കഴിഞ്ഞതൊന്നും അവന്‍ ഓര്‍മിക്കുകയില്ല. അതില്‍ നന്ദി പ്രകടിപ്പിക്കുകയുമില്ല. പിന്നീടുളള അവന്‍റെ നടപടിയും നിലപാടും കണ്ടാല്‍, മുമ്പൊരിക്കലും അല്ലാഹുവിനെ അവന്‌ വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടി വന്നിട്ടില്ലെന്ന്‌ തോന്നും . ഇത്‌ നന്ദികേടും , നീതിലംഘനവുമാണല്ലോ. ഇത്തരക്കാര്‍ക്ക്‌ അവര്‍ ചെയ്യുന്നതൊക്കെ ഭൂഷണമായി തോന്നുന്നതാണ്‌. അഥവാ പിശാച്‌ അങ്ങനെ തോന്നിപ്പിക്കും. ഈ ദുഃസ്വഭാവം സത്യവിശ്വാസികളില്‍ ഉണ്ടായിക്കൂടാ എന്നത്രെ ഇതിലടങ്ങിയിരിക്കുന്ന പാഠം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 10/12 ന്റെ വിശദീകരണം)

وَإِذَا مَسَّ ٱلْإِنسَٰنَ ضُرٌّ دَعَا رَبَّهُۥ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُۥ نِعْمَةً مِّنْهُ نَسِىَ مَا كَانَ يَدْعُوٓا۟ إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِۦ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَٰبِ ٱلنَّارِ

മനുഷ്യന് വല്ല വിഷമവും ബാധിച്ചാല്‍ അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങിക്കൊണ്ട് പ്രാര്‍ത്ഥിക്കും. എന്നിട്ട് തന്‍റെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പ്രദാനം ചെയ്താല്‍ ഏതൊന്നിനായി അവന്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നുവോ അതവന്‍ മറന്നുപോകുന്നു. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിച്ച് കളയുവാന്‍ വേണ്ടി അവന്ന് സമന്‍മാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അല്‍പകാലം നിന്‍റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീര്‍ച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:39/8)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ആപത്തുകൾ വരുമ്പോൾ മാത്രം അല്ലാഹുവിങ്കലേക്ക് ഭക്തിയും പ്രാർത്ഥനയും അർപ്പിക്കുകയും, ആപത്തു നീങ്ങി സുഖമായിക്കഴിഞ്ഞാൽ അതെല്ലാം മറന്ന് ആരാധനക്കും പ്രാർത്ഥനക്കും വേറെ ദൈവങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന നന്ദികെട്ട അവിശ്വാസിയും, നേരെമറിച്ച് അല്ലാഹുവിന്റെ കാരുണ്യത്തെ ആശിച്ചും പ്രതീക്ഷിച്ചും കൊണ്ട് പരലോകത്തു വെച്ചു അല്ലാഹുവിന്റെ ശിക്ഷയും കോപവും നേരിടുന്നതിനെക്കുറിച്ച് ജാഗരൂകനായിക്കൊണ്ടും രാത്രി സമയങ്ങളിൽ സുജൂദിലും നിറുത്തത്തിലുമായി ഭയഭക്തിയോടെ അല്ലാഹുവിനെ നമസ്കരിച്ചാരാധിക്കുന്ന സത്യവിശ്വാസിയും അല്ലാഹുവിന്റെ അടുക്കൽ ഒരിക്കലും സമമാകുകയില്ല എന്നു സാരം. ആദ്യം പറഞ്ഞവർ യാഥാർത്ഥ്യം ചിന്തിച്ചറിയാത്ത വിഡ്ഡിയും, രണ്ടാമത്തേവൻ യാഥാർത്ഥ്യം മനസ്സിലാക്കിയവനും ബുദ്ധിമാനുമത്രെ.

സത്യവിശ്വാസികൾ സദാ ഭയപ്പാടും, പ്രതീക്ഷയും (الخوف و الرجاء) ഉള്ളവരായിരിക്കണം. അഥവാ അല്ലാഹുവിന്റെ ശിക്ഷയും കോപത്തെയും കുറിച്ചുള്ള ഭയവും, അവന്റെ പ്രതിഫലത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷയിൽ കൈവിടാൻ പാടില്ല. ഈ തത്ത്വം ഖുർആനും, നബി വചനങ്ങളും പലപ്പോഴും ഉണർത്താറുള്ളതാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 39/8 ന്റെ വിശദീകരണം)

وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ – ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ – لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ ۚ فَتَمَتَّعُوا۟ ۖ فَسَوْفَ تَعْلَمُونَ

നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌. പിന്നെ നിങ്ങളില്‍ നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു.നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ അങ്ങനെ അവര്‍ നന്ദികേട് കാണിക്കുന്നു. നിങ്ങള്‍ സുഖിച്ച് കൊള്ളുക. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം. (ഖു൪ആന്‍:16/53-55)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍ഗ്രഹിക്കുവാന്‍ ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. ഇവിടെ, അല്ലാമാ ശൌക്കാനീ (റഹി) അദ്ദേഹത്തിന്റെ തഫ്സീറില്‍ പ്രസ്താവിച്ച ഒരു പ്രസ്താവനയുടെ സാരം കുറിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കുമെന്ന് കരുതുന്നു.

ശൌക്കാനീ (റഹി) പറഞ്ഞതിന്റെ ചുരുക്കം: ‘കഷ്ടതകള്‍ ബാധിക്കുമ്പോള്‍ ഉപകാരവും ഉപദ്രവവും ചെയ്‌വാന്‍ കഴിയാത്തവരോടു – അല്ലാഹുവല്ലാത്തവരോട് – സഹായത്തിന് അപേക്ഷിക്കുകയും, അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥന വിട്ടുകളയുകയും ചെയ്യുന്ന ഇന്നത്തെ പാമര ജനങ്ങളുടെ പതിവു വമ്പിച്ച വിഡ്ഢിത്താവും, ഒരു പുതിയ ദുര്‍മ്മാര്‍ഗ്ഗവുമാണെന്ന് ഈ വചനത്തില്‍ നിന്ന് മനസ്സിലാക്കാം. അത്രയുമല്ല, പഴയ കാലത്തെ ദുര്‍മ്മാര്‍ഗ്ഗത്തെക്കാള്‍ കഠിനമത്രെ അത്. പ്രതിഫല ദിവസത്തില്‍ വിശ്വസിക്കുന്ന സത്യവിശ്വാസികള്‍ ഇരിക്കട്ടെ, തനി അവിശ്വാസികള്‍പോലും മുഖംതിരിച്ചു കളയുകയും വെറുക്കുകയും ചെയ്യുന്ന ഒന്നാണ് എന്റെ ചെറുപ്പകാലത്തു ചില ശൈഖു പൂജകന്‍മാര്‍ പറഞ്ഞുകേട്ട വാക്ക്: ‘നിനക്കു വല്ല ആപത്തും ബാധിച്ചാല്‍, നീ അല്ലാഹുവിനോടു സഹായം തേടരുതേ! തേടരുതേ! കാരണം, അല്ലാഹു വേഗം ഉത്തരം നല്‍കുകയില്ല. നിന്റെ സ്ഥിതി അവന് ഒരു സാരമുള്ളതായി തോന്നുകയുമില്ല. മരിച്ചുപോയ ഔലിയാക്കളോട് സഹായം തേടിക്കൊള്ളൂ. അവര്‍ വേഗം ഉത്തരം നല്‍കുന്നതും, നിന്റെ സ്ഥിതി ഗൗരവത്തിലെടുക്കുന്നതുമാകുന്നു.

ആപത്തുകള്‍ വരുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെ മറന്ന് അല്ലാഹുവിനെത്തന്നെ വിളിക്കുകയും, ആപത്തു നീങ്ങിയാല്‍ അല്ലാഹുവിനെ മറന്നു കളയുകയും ചെയ്യുന്നവരോടാണു അല്ലാഹു ‘എന്നാല്‍, നിങ്ങള്‍ സുഖമെടുത്തു കൊള്ളുവിന്‍, നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും.’ (فَتَمَتَّعُوا فَسَوْفَ تَعْلَمُونَ) എന്ന് താക്കീതു ചെയ്തത്. അപ്പോള്‍, ആപത്തു വരുമ്പോള്‍ പോലും അല്ലാഹുവിനെ ഓര്‍മ്മിക്കുകയും, വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതില്ലെന്നും, മറ്റു വല്ലവരെയും വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടതാണെന്നും ഉപദേശിക്കുവാന്‍ ധൈര്യം കാണിക്കുന്ന ധിക്കാരികളെപ്പറ്റി അല്ലാഹു എന്തായിരിക്കും പറയുകയെന്നു ആലോചിച്ചു നോക്കുക! معاذ الله അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 16/53-55 ന്റെ വിശദീകരണം)

وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ

ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:22/11)

മതത്തില്‍ അടിയുറപ്പും, വിശ്വാസത്തില്‍ സ്ഥിരതയുമില്ലാതെ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചിലരെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഇവരുടെ വിശ്വാസവും, ആരാധനകളുമെല്ലാം, അപ്പപ്പോള്‍ തങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിത സ്ഥിതികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മതത്തിന്റെ ഉള്ളിലേക്കോ മദ്ധ്യത്തിലേക്കോ അവര്‍ പ്രവേശിക്കുന്നില്ല. നേരെമറിച്ച് അതിന്റെ പുറവക്കില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. സുഖസന്തോഷങ്ങളും, സൗകര്യവുമാണ് അവര്‍ക്കു കൈവരുന്നതെങ്കില്‍, അവര്‍ സംതൃപ്തരായി സമാധാനമടയും. തങ്ങളുടെ വിശ്വാസത്തിന്റെയും, നടപടിയുടെയും ഗുണഗണങ്ങളെപ്പറ്റി ഒരുപക്ഷേ അവര്‍ ആത്മപ്രശംസ നടത്തുകയും ചെയ്യും. ശാരീരികമോ, മാനസികമോ, ധനപരമോ ആയ വല്ല ദോഷവും ബാധിച്ചു വെന്നിരിക്കട്ടെ, അവരുടെ നില പെട്ടെന്ന് അവതാളത്തിലാകുന്നു. അങ്ങനെ, അവിശ്വാസത്തിലേക്കും ദുര്‍നടപ്പിലേക്കും വഴുതിപ്പോകുകയും ചെയ്യും. അതേവരെ തങ്ങള്‍ ആചരിച്ചുവന്ന നടപടികളെ പഴിക്കുകയും ചെയ്തേക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 22/11 ന്റെ വിശദീകരണം)

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَٰلَمِينَ ‎﴿١٠﴾‏ وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَٰفِقِينَ ‎﴿١١﴾

ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. എന്ന് പറയുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ജനങ്ങളുടെ മര്‍ദ്ദനത്തെ അല്ലാഹുവിന്‍റെ ശിക്ഷയെപ്പോലെ അവര്‍ ഗണിക്കുന്നു. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല സഹായവും വന്നാല്‍ (സത്യവിശ്വാസികളോട്‌) അവര്‍ പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയായിരുന്നു. ലോകരുടെ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ? വിശ്വസിച്ചിട്ടുള്ളവരാരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കപടന്‍മാരെയും അല്ലാഹു അറിയും. (ഖു൪ആന്‍:29/10-11)

വിശ്വാസമുണ്ടെന്ന് പറയുന്നവരെ പരീക്ഷിക്കാതെ പറ്റില്ല; സത്യവാനെയും അസത്യവാനെയും മനസ്സിലാക്കാൻ. പരീക്ഷണങ്ങളിൽ തീരെ ക്ഷമ കാണിക്കാത്ത ചിലരുണ്ട്. ചില പ്രതിസന്ധികളിൽ അവർ ഉറച്ച് നിൽക്കില്ല. {ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചിലർ മനുഷ്യരിലുണ്ട്. എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ അവർ പീഡിപ്പിക്കപ്പെട്ടാൽ} അക്രമത്തിനിരയാവുകയോ ധനം അപഹരിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ഒക്കെ ചെയ്താൽ അവർ മതത്തിൽനിന്ന് പിന്തിരിഞ്ഞ് പോകും. അസത്യത്തിലേക്ക് മടങ്ങും. {ജനങ്ങളുടെ മർദ്ദനത്തെ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ അവർ ഗണിക്കുന്നു} വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിന് അതൊരു തടസ്സമാക്കുന്നു. ശിക്ഷ ഒരു വ്യക്തിയെ അതിന്റെ കാരണങ്ങളിൽനിന്ന്് മാറിനിൽക്കാൻ പ്രേരിപ്പിക്കും.

{നിന്റെ രക്ഷിതാവിൽനിന്ന് വല്ല സഹായവും വന്നാൽ അവർ പറയും: ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരുന്നു} കാരണം അത് അവരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമാണ്. അല്ലാഹു പറയുന്നവരിൽപെട്ടവരാണ് ഇത്തരം ആളുകൾ:

وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ

ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം. (ഖു൪ആന്‍:22/11) (തഫ്സീറുസ്സഅ്ദി)

وَإِذَا مَسَّ ٱلنَّاسَ ضُرٌّ دَعَوْا۟ رَبَّهُم مُّنِيبِينَ إِلَيْهِ ثُمَّ إِذَآ أَذَاقَهُم مِّنْهُ رَحْمَةً إِذَا فَرِيقٌ مِّنْهُم بِرَبِّهِمْ يُشْرِكُونَ – لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ ۚ فَتَمَتَّعُوا۟ فَسَوْفَ تَعْلَمُونَ

ജനങ്ങള്‍ക്ക് വല്ല ദുരിതവും ബാധിച്ചാല്‍ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞും കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്‌. പിന്നെ തന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അവര്‍ക്കവന്‍ അനുഭവിപ്പിച്ചാല്‍ അവരില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കുന്നു. അങ്ങനെ നാം അവര്‍ക്ക് നല്‍കിയതിനു നന്ദികേട് കാണിക്കുകയത്രെ അവര്‍ ചെയ്യുന്നത്‌. ആകയാല്‍ നിങ്ങള്‍ സുഖം അനുഭവിച്ച് കൊള്ളുക. വഴിയെ നിങ്ങള്‍ മനസ്സിലാക്കികൊള്ളും. (ഖു൪ആന്‍:30/33-34)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ആപത്തു നേരിടുമ്പോള്‍ ഭക്തിയോടും, വിനയത്തോടുംകൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും, ആപത്തു നീങ്ങിയാല്‍ വീണ്ടും പഴയപടി ശിര്‍ക്കു തുടരുകയും ചെയ്യുകയെന്നത് ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ മുശ്രിക്കുകളുടെ പതിവായിരുന്നു. ഇന്നത്തെ മുശ്രിക്കുകളിലും ഈ പതിവ് ഇല്ലായ്കയില്ല. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിക്കുപകരം നന്ദികേട് കാണിക്കുക എന്ന അപരാധം കൂടിയാണ് ഇതുമൂലം അവര്‍ ചെയ്യുന്നത്. തല്‍ക്കാലം അവരെ തങ്ങളുടെ ഇഷ്ടത്തിനൊത്തു സുഖിച്ചു കഴിഞ്ഞുകൂടുവാന്‍ വിട്ടിരിക്കുകയാണ്. അതിന്‍റെ ഫലം താമസിയാതെ അവര്‍ക്കു അനുഭവപ്പെടും എന്നു അല്ലാഹു താക്കീതു ചെയ്യുന്നു. ശിര്‍ക്കിന്‍റെ ആള്‍ക്കാരുടെ നിലയും ന്യായീകരണങ്ങളും കണ്ടാല്‍ തങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നു ശിര്‍ക്കിനെ ന്യായീകരിക്കുന്ന വല്ല പ്രമാണവും വന്നുകിട്ടിയിട്ടുണ്ടെന്ന് തോന്നിയേക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 30/33-34 ന്റെ വിശദീകരണം)

فَإِذَا مَسَّ ٱلْإِنسَٰنَ ضُرٌّ دَعَانَا ثُمَّ إِذَا خَوَّلْنَٰهُ نِعْمَةً مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍۭ ۚ بَلْ هِىَ فِتْنَةٌ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

എന്നാല്‍ മനുഷ്യന് വല്ല ദോഷവും ബാധിച്ചാല്‍ നമ്മോടവന്‍ പ്രാര്‍ത്ഥിക്കുന്നു. പിന്നീട് നാം അവന്ന് നമ്മുടെ പക്കല്‍ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ അവന്‍ പറയും; അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെ യാണ് തനിക്ക് അത് നല്‍കപ്പെട്ടിട്ടുള്ളത് എന്ന്‌. പക്ഷെ, അത് ഒരു പരീക്ഷണമാകുന്നു. എന്നാല്‍ അവരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.(ഖു൪ആന്‍:39/49)

{قَالَ إِنَّمَا أُوتِيتُهُ عَلَى عِلْمٍ} أَيْ: عِلْمٌ مِنَ اللَّهِ، أَنِّي لَهُ أَهُلُّ، وَأَنِّي مُسْتَحِقٌّ لَهُ، لِأَنِّي كَرِيمٌ عَلَيْهِ، أَوْ عَلَى عِلْمٍ مِنِّي بِطُرُقِ تَحْصِيلِهِ.

{അവൻ പറയും: അറിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് തനിക്ക് അത് നൽകപ്പെട്ടിട്ടുള്ളത്} അതായത്: അല്ലാഹു അറിഞ്ഞു തന്നതാണ്; ഞാനതിന് അവകാശിയായതുകൊണ്ട്. അതല്ലെങ്കിൽ അത് നേടാനുള്ള വഴി എനിക്കറിയാവുന്നതുകൊണ്ട് എനിക്ക് കിട്ടി. (തഫ്സീറുസ്സഅ്ദി)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:عَلَى عِلمٍ (അറിവോടെത്തന്നെ ) എന്ന വാക്കിന് രണ്ടു പ്രകാരത്തിൽ വിവക്ഷ നൽകപ്പെടാവുന്നതാണ്. (1)എനിക്ക് വേണ്ടത്ര അറിവും സാമർത്ഥ്യവും ഉള്ളതാണ് ഇത് ലഭിക്കുവാൻ കാരണം എന്നും, (2) അല്ലാഹുവിനു എന്റെ അർഹതയെക്കുറിച്ചു ശരിക്കു അറിയുന്നതുകൊണ്ടാണിതു ലഭിച്ചത് എന്നും. തത്വത്തിൽ രണ്ടും ഒന്നുതന്നെ. ആപത്തും വിഷമവും വരുമ്പോൾ വിനയവും ഭക്തിയും പ്രദർശിപ്പിക്കുകയും, സുഖസൗകര്യങ്ങൾ ലഭിക്കുമ്പോൾ അതെല്ലാം തങ്ങളുടെ യോഗ്യത കൊണ്ട് സിദ്ധിച്ചതാണെന്ന് അഹങ്കരിക്കുകയും ചെയ്യുമെന്നു സാരം. ഇത് അല്ലാഹുവിനോടുള്ള നന്ദികേടാണെന്നു മാത്രമല്ല, ധിക്കാരബുദ്ധിയും കൂടിയാണല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 39/49 ന്റെ വിശദീകരണം)

قَالَ تَعَالَى: {بَلْ هِيَ فِتْنَةٌ} يَبْتَلِي اللَّهُ بِهِ عِبَادَهُ، لِيَنْظُرَ مَنْ يَشْكُرُهُ مِمَّنْ يَكْفُرُهُ. {وَلَكِنَّ أَكْثَرَهُمْ لا يَعْلَمُونَ} فَلِذَلِكَ يَعُدُّونَ الْفِتْنَةَ مِنْحَةً، وَيَشْتَبِهُ عَلَيْهِمُ الْخَيْرُ الْمَحْضُ، بِمَا قَدْ يَكُونُ سَبَبًا لِلْخَيْرِ أَوْ لِلشَّرِّ.

അല്ലാഹു പറയുന്നു: {അത് ഒരു പരീക്ഷണമാകുന്നു} അതിലൂടെ അല്ലാഹു തന്റെ ദാസന്മാരെ പരീക്ഷിക്കുന്നു; അവർ നന്ദിചെയ്യുമോ നന്ദികേട് കാണിക്കുമോ എന്ന്. {അവരിൽ അധികപേരും അത് മനസ്സിലാക്കുന്നില്ല} പരീക്ഷണത്തെയാണ് അവർ ദാനമായി വിചാരിച്ചത്. അത് ശരിയല്ല. അത് കുഴപ്പമോ നല്ലതോ എന്നുറപ്പില്ലാത്തതുമായതിൽ അവർ ആശയക്കുഴപ്പത്തിലാണ്. (തഫ്സീറുസ്സഅ്ദി)

وَلَئِنْ أَذَقْنَٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ

അവന് കഷ്ടത ബാധിച്ചതിനു ശേഷം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നാം അവന്ന് അനുഭവിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ പറയും: ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു. അന്ത്യസമയം നിലവില്‍ വരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇനി എന്‍റെ രക്ഷിതാവിങ്കലേക്ക് ഞാന്‍ തിരിച്ചയക്കപ്പെടുകയാണെങ്കിലോ എനിക്ക് അവന്‍റെ അടുക്കല്‍ തീര്‍ച്ചയായും ഏറ്റവും മെച്ചപ്പെട്ട നില തന്നെയാണുണ്ടായിരിക്കുക. എന്നാല്‍ സത്യനിഷേധികള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം വിവരം നല്‍കുകയും കഠിനമായ ശിക്ഷയില്‍ നിന്ന് നാം അവര്‍ക്ക് അനുഭവിപ്പിക്കുകയും ചെയ്യും. (ഖു൪ആന്‍:41/50)

وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ

ജനങ്ങള്‍ക്കു കഷ്ടത ബാധിച്ചതിനു ശേഷം നാമവര്‍ക്ക് ഒരു കാരുണ്യം അനുഭവിപ്പിച്ചാല്‍ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ അവരുടെ ഒരു കുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ ദൂതന്‍മാര്‍ രേഖപ്പെടുത്തുന്നതാണ്‌; തീര്‍ച്ച.(ഖു൪ആന്‍:10/21)

{നമ്മുടെ പക്കൽനിന്നുള്ള കാരുണ്യം} തിന്മ ബാധിച്ചതിനുശേഷം രോഗത്തിൽ നിന്നുള്ള സൗഖ്യമായിട്ടോ ദാരിദ്ര്യത്തിൽനിന്നും സമ്പന്നതയായിട്ടോ, അപ്പോൾ ഇവൻ അല്ലാഹുവിന് നന്ദി കാണിക്കുന്നില്ല. മറിച്ച്, അതിരുവിടുകയും അതിക്രമം കാണിക്കുകയും ചെയ്യുന്നു. അവൻ പറയും: {ഇത് എനിക്ക് അവകാശപ്പെട്ടതാകുന്നു} എനിക്ക് കിട്ടിയത് ഞാനതിന് അർഹതപ്പെട്ടവനായതുകൊണ്ടാണ്, ഞാനതിന് അവകാശിയും ആണ്. {അന്ത്യസമയം നിലവിൽവരുമെന്ന് ഞാൻ വിചാരിക്കുന്നില്ല} ഇത് അവന്റെ ഭാഗത്തുനിന്നുള്ള ഉയിർത്തെഴുന്നേൽപിനെ നിഷേധിക്കലാണ്. അല്ലാഹു അനുഭവിപ്പിച്ച കാരുണ്യത്തിനും അനുഗ്രഹത്തിനും അവൻ കാണിക്കുന്ന നന്ദികേടുമാണ്. {ഞാൻ തിരിച്ചയക്കപ്പെടുയാണെങ്കിലോ എനിക്ക് അവന്റെ അടുക്കൽ തീർച്ചയായും മെച്ചപ്പെട്ട നില തന്നെയാണ് ഉണ്ടായിരിക്കുക} ഇനി അന്ത്യദിനം വരുമെന്ന് സങ്കൽപിച്ചാലും ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങുകയാണെങ്കിൽ അവന്റെ അടുക്കൽ മെച്ചപ്പെട്ട നിലയുണ്ടാകും. ഇഹലോകത്ത് അനുഗ്രഹം ലഭിച്ചപോലെതന്നെ. ഇതൊരു വലിയ ധൈര്യം തന്നെ; അല്ലാഹുവിന്റെ മേൽ അറിവില്ലാത്ത പ്രസ്താവനയും. അതാണ് അല്ലാഹു അവന്റെ വാക്കിനാൽ താക്കീത് ചെയ്യുന്നത്: {എന്നാൽ സത്യനിഷേധികൾക്ക് അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം വിവരം നൽകുകയും കഠിനമായ ശിക്ഷയിൽനിന്ന് നാം അവർക്ക് അനുഭവിപ്പിക്കുകയും ചെയ്യും} അതികഠിനമായ ശിക്ഷ. (തഫ്സീറുസ്സഅ്ദി)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:മനുഷ്യരില്‍ പൊതുവെ കാണുന്ന മറ്റൊരു ദുഃസ്വഭാവമാണ്‌ ഈ വചനം ചൂണ്ടിക്കാട്ടുന്നത്‌. അതായത്‌, വല്ല കഷ്‌ടതയോ വിഷമമോ ബാധിച്ചുകഴിഞ്ഞശേഷം അല്ലാഹു വല്ല അനുഗ്രഹവും ചെയ്‌തുകൊടുത്താല്‍, അതിന്‌ നന്ദി കാണിക്കാതെ ഏതെങ്കിലും തരത്തില്‍ നന്ദികേട്‌ കാണിക്കുക. ഉദാഹരണമായി: കഠിനമായ ഒരു വരള്‍ച്ചയോ ക്ഷാമമോ പിടിപെട്ടശേഷം, നല്ല മഴ വര്‍ഷിച്ചു ഭൂമിയില്‍ വിളകള്‍ അഭിവൃദ്ധിപ്പെട്ടുവെന്ന്‌ വിചാരിക്കുക. അത്‌ തങ്ങളുടെ ദൈവങ്ങള്‍ കനിഞ്ഞതുകൊണ്ടാണെന്ന്‌ പറയും ഒരു കൂട്ടര്‍. ചിലര്‍ തങ്ങള്‍ വിളിച്ചു തേടാറുളള മഹാത്മാക്കളുടെ ബര്‍ക്കത്തായി അതിനെ വിശേഷിപ്പിക്കും. ഇന്നിന്ന നേര്‍ച്ചവഴിപാടുകളും ചടങ്ങുകളും നടത്തിയതുകൊണ്ടാണെന്ന്‌ വേറെ ചിലരും, ഇന്ന നക്ഷത്രവും രാശിയും യോജിച്ചതുകൊണ്ടാണെന്നും, പ്രകൃതി കനിഞ്ഞതാണെന്നും മറ്റും വേറെയും ചിലര്‍. ചുരുക്കത്തില്‍, അത്‌ അല്ലാഹു നല്‍കിയ ഒരനുഗ്രഹമാണെന്നോ അതിന്‌ നന്ദി കാണിക്കുകയാണ്‌ വേണ്ടതെന്നോ ഉളള ബോധം മിക്കവര്‍ക്കും ഉണ്ടായിരിക്കുകയില്ല.

ഇങ്ങിനെയുളളവരെ അല്ലാഹു താക്കീത്‌ ചെയ്യുന്നു: അല്ലാഹുവിന്‌ അതിവേഗം തന്ത്രം നടത്തുവാന്‍ കഴിയും, എന്‍റെ ദൂതന്‍മാര്‍ – മലക്കുകള്‍ – നിങ്ങളുടെ അത്തരം കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കുന്നുണ്ട്‌ എന്ന്‌. അതായത്‌, നിങ്ങളുടെ ആ കുതന്ത്രങ്ങള്‍ക്ക്‌ അതിനെക്കാള്‍ വേഗതയിലും ശക്തിയിലും തന്ത്രപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ അല്ലാഹുവിനു കഴിയും. പക്ഷേ, തല്‍ക്കാലം അവന്‍ നടപടിയൊന്നും എടുക്കാതെ വിടുകയാണ്‌ ചെയ്യുന്നത്‌. എന്നുവെച്ച്‌ നിങ്ങള്‍ രക്ഷപ്പെടുമെന്ന്‌ കരുതേണ്ട. പരലോകത്ത്‌ വെച്ച്‌ നിങ്ങളുടെമേല്‍ നടപടി എടുക്കുകതന്നെ ചെയ്യും. ഇത്‌ ഓര്‍മയിലിരിക്കട്ടെ ! എന്നു താല്‍പര്യം.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 10/21 ന്റെ വിശദീകരണം)

وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ

നാം മനുഷ്യന് അനുഗ്രഹം ചെയ്താല്‍ അവനതാ പിന്തിരിഞ്ഞ് കളയുകയും, അവന്‍റെ പാട്ടിന് മാറിക്കളയുകയും ചെയ്യുന്നു. അവന്ന് തിന്‍മ ബാധിച്ചാലോ അവനതാ നീണ്ട പ്രാര്‍ത്ഥനക്കാരനായിത്തീരുന്നു. (ഖു൪ആന്‍:41/51)

{നാം മനുഷ്യന് അനുഗ്രഹം ചെയ്താൽ} ആരോഗ്യംകൊണ്ടോ ഉപജീവനംകൊണ്ടോ അതു രണ്ടുമല്ലാത്ത മറ്റെന്തെങ്കിലുംകൊണ്ടോ. {അവൻ പിന്തിരിഞ്ഞുകളയുകയും} തന്റെ രക്ഷിതാവിൽനിന്ന്, അവന്നുള്ള നന്ദിയിൽനിന്നും. {അവൻ മാറിക്കളയുകയും ചെയ്യുന്നു}ഉയർച്ച നടിച്ച്. {അവന്റെ പാട്ടിന്} അഹങ്കാരത്താലും തന്നെക്കുറിച്ചുള്ള അമിതമനസ്സിനാലും.{അവന് തിന്മ ബാധിച്ചാലോ} അതായത് രോഗം, ദാരിദ്ര്യം, അവ രണ്ടുമല്ലാത്ത മറ്റെന്തെങ്കിലും. {അവനതാ നീണ്ട പ്രാർഥനക്കാരനായിത്തീരുന്നു} ധാരാളമായി, അവന്റെ ക്ഷമകേട് കാരണം ബുദ്ധിമുട്ട് വരുമ്പോൾ അവന് ക്ഷമിക്കാനാകില്ല. സുഭിക്ഷതയിൽ നന്ദിയും ചെയ്യില്ല; അല്ലാഹു സന്മാർഗം നൽകുകയും അനുഗ്രഹം നൽകുകയും ചെയ്തവരൊഴികെ. (തഫ്സീറുസ്സഅ്ദി)

മേല്‍ പറഞ്ഞിട്ടുള്ള ആയത്തുകളിലൂടെ അല്ലാഹു വിവരിക്കുന്നതിന്റെ ചുരുക്കം ഇപ്രകാരമാണ് : ‘മനുഷ്യ മനുഷ്യന് വല്ല ബുദ്ധിമുട്ടോ, വിഷമമോ അനുഭവപ്പെടുമ്പോള്‍ അവന്‍ വിനയഭാവത്തോടെ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കും. അങ്ങനെ ആ പ്രയാസം അല്ലാഹു നീക്കികൊടുത്തോലോ മുമ്പ്‌ കഴിഞ്ഞതൊന്നും അവന്‍ ഓര്‍മിക്കുകയില്ല. മറ്റ് ചിലരാകട്ടെ ഇതൊക്കെ എന്റെ കഴിവ് കൊണ്ടോ എന്റെ അ൪ഹത കൊണ്ടോ ലഭിച്ചതാണെന്ന് വാദിക്കുന്നു. മറ്റ് ചിലരാകട്ടെ അതിനെല്ലാം ഭൌതികമായ ചില കാരണങ്ങള്‍ കണ്ടെത്തുന്നു.മറ്റ് ചിലരാകട്ടെ ആ പ്രയാസം നീക്കിയത് മറ്റാരെങ്കിലുമാണെന്ന രീതിയില്‍ അല്ലാഹുവിന് പങ്കാളികളെ ഉണ്ടാക്കുന്നു അഥവാ പ്രയാസം നിങ്ങിയതിന്റെ കാരണം അല്ലാഹുവല്ലാത്തവരിലേക്ക് ചേ൪ക്കുന്നു. ഇതാകട്ടെ മക്കയിലെ മുശ്രിക്കുകളുടെ സ്വഭാവവുമാണ്.

وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَٰنُ كَفُورًا

കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു. (ഖു൪ആന്‍:17/67)

ഒരു സത്യവിശ്വാസിക്ക് ഇതൊന്നും ഭൂഷണമല്ല. ബുദ്ധിമുട്ടോ, വിഷമമോ അനുഭവപ്പെടുമ്പോള്‍ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും അത് നീങ്ങിക്കിട്ടുമ്പോള്‍ അവനോട് നന്ദി കാണിക്കുകയുമാണ് വേണ്ടത്.

മനുഷ്യന്റെ മറ്റ് ചില നിലപാടുകളെ കുറിച്ച് കൂടി അല്ലാഹു വിവരിക്കുന്നത് കാണുക:

لَّا يَسْـَٔمُ ٱلْإِنسَٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ

നന്‍മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ മനുഷ്യന് മടുപ്പ് തോന്നുന്നില്ല. തിന്‍മ അവനെ ബാധിച്ചാലോ അവന്‍ മനം മടുത്തവനും നിരാശനുമായിത്തീരുന്നു. (ഖു൪ആന്‍:41/49)

{നന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നതിൽ മനുഷ്യന് മടുപ്പ് തോന്നുന്നില്ല} വിജയത്തിനും ധനത്തിനും മക്കൾക്കും മറ്റ് ഭൗതിക ആവശ്യങ്ങൾക്കുമെല്ലാം വേണ്ടി എപ്പോഴും പ്രാർഥിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു മടുപ്പും അവനില്ല. അതിനുവേണ്ടി അവൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിൽ അൽപം കൊണ്ടോ അധികംകൊണ്ടോ അവൻ തൃപ്തനാകുന്നില്ല. ദുനിയാവിൽ എത്ര കിട്ടിയാലും വർധിച്ച് കിട്ടാൻ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. {തിന്മ അവനെ ബാധിച്ചാലോ} രോഗം, ദാരിദ്ര്യം, വ്യത്യസ്ത പരീക്ഷണങ്ങൾ പോലെയുള്ള അനിഷ്ടകരമായ കാര്യങ്ങൾ. {അവൻ മനം മടുത്തവനും നിരാശനും ആയിത്തീരുന്നു} അതായത്, അല്ലാഹുവിന്റെ കാരുണ്യത്തിൽ അവൻ നിരാശപ്പെടുന്നു. ഈ പരീക്ഷണം അവനെ അവസാനിപ്പിക്കുന്ന നാശമാണെന്ന് അവൻ വിചാരിക്കുന്നു. താൻ അന്വേഷിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാത്ത കാരണങ്ങളുണ്ടാകുന്നതിൽ അവൻ ആശയക്കുഴപ്പത്തിലാകുന്നു. (തഫ്സീറുസ്സഅ്ദി)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:മനുഷ്യന്റെ ചില സ്വഭാവങ്ങളാണ് ഈ വചനത്തിലും അടുത്ത വചനങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടുന്നത് . ആരോഗ്യം, ധനം, സൗഖ്യം ആദിയായ ഗുണങ്ങൾക്കു വേണ്ടി അവൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. അതിലവന് മടുപ്പും ക്ഷീണവും തോന്നുകയില്ല. എത്ര കിട്ടിയാലും മതിവരികയുമില്ല. നബി ﷺ പറയുന്നു :

لَو كَانَ لابن آدَم وَادِيَانِ مِن ذهب لتمئ ثَالِثًا وَلَا بملاء جَوفَ ابنِ آدَمَ إلَّا التُّرَابُ -متفق

ആദമിന്റെ മകന് – മനുഷ്യന് – സ്വർണത്തിന്റെ രണ്ട് താഴ് വരകൾ ഉണ്ടായെങ്കിൽ അവൻ മൂന്നാമത്തേതിനും വ്യാമോഹിക്കുന്നതാണ്. ആദമിന്റെ മകന്റെ വയറ് മണ്ണുകൊണ്ടല്ലാതെ നിറയുകയില്ല . (ബുഖാരി-മുസ്ലിം)

നേരെമറിച്ച്‌ എന്തെങ്കിലുമൊരു ദോഷമോ കെടുതിയോ ബാധിക്കുമ്പോഴേക്കും അവന്റെ ക്ഷമയും ആശയും നശിച്ച്‌ അക്ഷമയും നിരാശയും അനുഭവപ്പെടുന്നു. എന്നാൽ, കഷ്ടത നീങ്ങി സന്തോഷം ലഭിച്ചു കൊണ്ടിരിക്കുമ്പോൾ അതിനവൻ നന്ദിയുള്ളവനായിരിക്കുമോ? അതുമില്ല. അപ്പോഴേക്കും അവൻ അഹങ്കാരിയും അവകാശവാദിയുമായി മാറുകയാണ് ചെയ്യുന്നത് . ക്രമേണ ധിക്കാരവും നിഷേധവും! (അമാനി തഫ്സീ൪ – ഖു൪ആന്‍ : 41/49 ന്റെ വിശദീകരണം)

എന്നാൽ ക്ഷമിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയല്ല. അവർക്ക് നന്മയോ അനുഗ്രഹമോ ഇഷ്ടപ്പെട്ടതോ ലഭിച്ചാൽ അവർ അല്ലാഹുവിന് നന്ദിചെയ്യും. സാവകാശത്തിലോ പടിപടിയായോ ആ അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ഇനി അവർക്ക് അവരുടെ സ്വത്തിലോ ശരീരത്തിലോ മക്കളിലോ വല്ല വിപത്തും ബാധിച്ചാൽ അവർ ക്ഷമിക്കും. തങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യം ആഗ്രഹിക്കും. അവർ നിരാശപ്പെടില്ല. (തഫ്സീറുസ്സഅ്ദി)

وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً فَرِحُوا۟ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ إِذَا هُمْ يَقْنَطُونَ

മനുഷ്യര്‍ക്ക് നാം കാരുണ്യം അനുഭവിപ്പിക്കുന്ന പക്ഷം അവര്‍ അതില്‍ ആഹ്ലാദം കൊള്ളുന്നു. തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ദോഷവും ബാധിക്കുകയാണെങ്കിലോ അവരതാ ആശയറ്റവരാകുന്നു. (ഖു൪ആന്‍:30/36)

وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ ۖ وَإِذَا مَسَّهُ ٱلشَّرُّ كَانَ يَـُٔوسًا

നാം മനുഷ്യന് അനുഗ്രഹം ചെയ്ത് കൊടുത്താല്‍ അവന്‍ തിരിഞ്ഞുകളയുകയും, അവന്‍റെ പാട്ടിന് മാറിപ്പോകുകയും ചെയ്യുന്നു. അവന്ന് ദോഷം ബാധിച്ചാലാകട്ടെ അവന്‍ വളരെ നിരാശനായിരിക്കുകയും ചെയ്യും.(ഖു൪ആന്‍:17/83)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:നന്‍മയും അനുഗ്രഹവും ലഭിക്കുമ്പോള്‍ നന്ദികാണിക്കാതെ, അവഗണിച്ച് തള്ളലും, അഹങ്കാരപൂര്‍വ്വം ഊര തിരിച്ചു പിന്‍മാറിപ്പോകലും, തിന്‍മയും ഉപദ്രവവും വരുമ്പോള്‍ നിരാശയും അക്ഷമയും കാണിക്കലും മനുഷ്യന്റെ പൊതു സ്വഭാവമാണെന്നു ആദ്യത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹു കാത്തുരക്ഷിച്ചവര്‍ക്കേ ഈ സ്വഭാവദൂഷ്യം ബാധിക്കാതെ രക്ഷപ്പെടുകയുള്ളു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 17/83 ന്റെ വിശദീകരണം)

وَلَئِنْ أَذَقْنَا ٱلْإِنسَٰنَ مِنَّا رَحْمَةً ثُمَّ نَزَعْنَٰهَا مِنْهُ إِنَّهُۥ لَيَـُٔوسٌ كَفُورٌ – وَلَئِنْ أَذَقْنَٰهُ نَعْمَآءَ بَعْدَ ضَرَّآءَ مَسَّتْهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّىٓ ۚ إِنَّهُۥ لَفَرِحٌ فَخُورٌ – إِلَّا ٱلَّذِينَ صَبَرُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ أُو۟لَٰٓئِكَ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ

മനുഷ്യന് നാം നമ്മുടെ പക്കല്‍ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട് നാം അതവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും.അവന്ന് ഒരു കഷ്ടത ബാധിച്ചതിന് ശേഷം നാമവന്ന് ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവന്‍ പറയും; തിന്‍മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നു എന്ന്‌. തീര്‍ച്ചയായും അവന്‍ ആഹ്ലാദ ഭരിതനും അഹങ്കാരിയുമാകുന്നു. ക്ഷമിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്‌. (ഖു൪ആന്‍:11/9-11)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:മനുഷ്യന്‍റെ പൊതുവെയുള്ള ചില ദുസ്വഭാവങ്ങളെയാണു അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. സുഖത്തിലും, സന്തോഷത്തിലും കഴിഞ്ഞുകൂടുന്നതിനിടക്ക് വല്ല കഷ്ടതയോ, ബുദ്ധിമുട്ടോ, നേരിടുമ്പോഴേക്കും ഭാവിയെക്കുറിച്ച് നിരാശയും, മുമ്പ് ലഭിച്ചിരുന്ന സുഖസൗകര്യങ്ങളെക്കുറിച്ച് നന്ദികേടും പ്രകടമാക്കുക. നേരെമറിച്ച് ബുദ്ധിമുട്ടിലും വിഷമത്തിലും കഴിഞ്ഞുകൂടിക്കൊണ്ടിരിക്കെ വല്ല അനുഗ്രഹവും സിദ്ധിക്കുമ്പോള്‍ അതില്‍ മതിമറന്ന് ആഹ്ലാദിക്കുകയും, അഹങ്കാരവും ദുരഭിമാനവും പ്രകടിപ്പിക്കുകയും ചെയ്യുക. ക്ഷമാശീലരും സല്‍ക്കര്‍മ്മികളുമായ ആളുകള്‍ മാത്രമേ ഈ ദുര്‍ഗ്ഗുണങ്ങള്‍ തീണ്ടാത്തവരുണ്ടായിരിക്കുകയുള്ളുവെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 11/9-11 ന്റെ വിശദീകരണം)

وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَٰنَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَٰنَ كَفُورٌ

തീര്‍ച്ചയായും നാം മനുഷ്യന് നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിന്‍റെ പേരില്‍ അവന്‍ ആഹ്ലാദം കൊള്ളുന്നു. അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല തിന്‍മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയാകുന്നു. (ഖു൪ആന്‍:42/48)

നന്‍മ ലഭിച്ചാല്‍ ആഹ്ളാദവും, അഹങ്കാരവും, തിന്‍മ ലഭിച്ചാല്‍ നിരാശയും, ക്ഷമകേടും. ഇതാണ് മനുഷ്യന്‍റെ പൊതുനില. എന്നാല്‍ സത്യവിശ്വാസികളുടെ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമായി രിക്കേണ്ടതാണ്. സന്തോഷത്തില്‍ അമിതാഹ്ലാദം നടത്താതെ അല്ലാഹുവിന് നന്ദികാണിക്കുകയും, സന്താപത്തില്‍ നിരാശപ്പെടാതെ ക്ഷമ കാണിക്കുകയും ചെയ്യുന്നവരായിരിക്കണം സത്യവിശ്വാസികള്‍.

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

മനുഷ്യ൪ക്ക് ബാധിക്കുന്ന ദോഷങ്ങള്‍ ചിലപ്പോള്‍ അവരുടെ പ്രവൃത്തിയുടെ പരിണിതഫലമായിരിക്കും. അല്ലാഹു പറഞ്ഞതുപോലെ:

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)

മനുഷ്യന്റെ മറ്റ് ചില നിലപാടുകളെ കുറിച്ച് കൂടി അല്ലാഹു വിവരിക്കുന്നത് കാണുക:

إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا – إِذَا مَسَّهُ ٱلشَّرُّ جَزُوعًا – وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا

തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായികൊണ്ടാണ്‌. അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും. നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.(ഖു൪ആന്‍:70/19-21)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ധനത്തിലാകട്ടെ, ദേഹത്തിലാകട്ടെ വല്ല ദോഷവും ബാധിക്കുമ്പോള്‍ വ്യസനവും പരാതിയും ഭയവും നിരാശയും വല്ല ഗുണമോ നന്മയോ ബാധിച്ചാല്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ വിനിയോഗിക്കുകയോ ചെയ്യാതെ പിശുക്ക് കാണിച്ചും മറ്റും അതിന് തടസ്സം വരുത്തുക. ഇതാണ് മനുഷ്യന്‍ അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞതിന്‍റെ അര്‍ഥം. എന്നാല്‍ അവന്‍ സൃഷ്ട്യാതന്നെ ഇങ്ങിനെ ഒരു പോരായ്മയുല്ലവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചുകൊടുക്കാതിരുന്നിട്ടില്ല. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം, അവന്‍റെ അനുഗ്രഹത്തിലുള്ള വിശ്വാസം, മനക്കരുത്ത്, ഔദാര്യശീലം, ഭയഭക്തി, മരണാനന്തര രക്ഷാശിക്ഷകളെക്കുറിച്ചുള്ള സ്മരണ ആദിയായവയത്രെ അവ. ഈ ഗുണങ്ങള്‍ ആരിലുണ്ടോ അവരില്‍ ആ ചീത്ത സ്വഭാവം പ്രകടമാവുകയില്ല. അവര്‍ സന്താപത്തില്‍ ക്ഷമയുള്ളവരും, സന്തോഷത്തില്‍ നന്ദിയുള്ളവരുമായിരിക്കും. അങ്ങിനെ രണ്ടവസ്ഥയിലും അവര്‍ മാന്യന്മാരും പുണ്യവാന്മാരും ആയിരിക്കുന്നതുമാകുന്നു (അമാനി തഫ്സീ൪ – ഖു൪ആന്‍ : 70/19-21 ന്റെ വിശദീകരണം)

وَيَدْعُ ٱلْإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلْخَيْرِ ۖ وَكَانَ ٱلْإِنسَٰنُ عَجُولًا

മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.(ഖു൪ആന്‍:17/11)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: മനുഷ്യസഹജമായ ഒരു സ്വഭാവദോഷമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അനിഷ്ടകരമായ വല്ല കാര്യവും വന്നുഭവിക്കുമ്പോഴേക്കും അവന്‍ അക്ഷമനും വികാരഭരിതനുമായിത്തീരുന്നു. തനിക്കോ, തന്റെ മക്കള്‍, സ്വത്തുക്കള്‍ മുതലായവക്കോ ദോഷകരമായ പ്രാര്‍ത്ഥനകളും ശാപവാക്കുകളും അവനില്‍ നിന്നുണ്ടാകുന്നു. ‘ഞാന്‍ മരിച്ചെങ്കില്‍! ഇവന്‍ നശിച്ചാല്‍ നന്നായിരുന്നു! തുലഞ്ഞു നശിക്കട്ടെ!’ എന്നിത്യാദി പലതും അവന്റെ നന്മക്കുവേണ്ടി ധൃതിപ്പെടുന്ന അതേ രൂപത്തില്‍ അവന്‍ ധൃതികൂട്ടിക്കൊണ്ടിരിക്കും. ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കുവാനോ, ദീര്‍ഘദൃഷ്ടിയോടുകൂടി കാര്യങ്ങളെ വിലയിരുത്തുവാനോ ഭാവിയെക്കുറിച്ചുള്ള സുപ്രതീക്ഷയോടുകൂടിയിരിക്കുവാണോ അവനു കഴിയാതെ പോകുന്നു. പക്ഷേ, അവന്റെ കഥാകേടും അക്ഷമയുമെല്ലാം അറിയുന്നവനും, പരമ കാരുണികനുമാണല്ലോ അല്ലാഹു. അതുകൊണ്ട് അത്തരം പ്രാര്‍ത്ഥനകളെ അപ്പടി സ്വീകരിക്കാതെ അല്ലാഹു അവനോട് വിട്ടുവീഴ്ച കാണിക്കുകയാണ് ചെയ്യുന്നത് എന്നു താല്‍പര്യം. അല്ലാഹു പറയുന്നു:

وَلَوْ يُعَجِّلُ اللَّهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَيْرِ لَقُضِيَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ الَّذِينَ لَا يَرْجُونَ لِقَاءَنَا فِي طُغْيَانِهِمْ يَعْمَهُونَ

സാരം: മനുഷ്യര്‍ ഗുണത്തിന് ധൃതികാണിക്കുന്ന പ്രകാരം അല്ലാഹു അവര്‍ക്ക് ദോഷത്തെ ധൃതികൂട്ടിക്കൊടുക്കുമായിരുന്നെങ്കില്‍ അവര്‍ക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. (സൂറ:യൂനുസ് – 10/11).

ഒരു ഹദീഥില്‍ നബി ﷺ പറയുന്നു: ‘നിങ്ങളുടെ സ്വന്തങ്ങള്‍ക്കോ, നിങ്ങളുടെ സ്വത്തുക്കള്‍ക്കോ എതിരായി പ്രാര്‍ത്ഥിക്കരുത്. അല്ലാഹു പ്രാര്‍ത്ഥനകള്‍ക്കുത്തരം ചെയ്യുന്ന വല്ല സമയവുമായി അത് ഒത്തുകൂടിയെന്നുവരാം.’ (മു). അഥവാ അതിന് ഇടവരുന്നത് സൂക്ഷിക്കണമെന്നര്‍ത്ഥം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 17/11 ന്റെ വിശദീകരണം)

ٱللَّهُ ٱلَّذِى يُرْسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَيَبْسُطُهُۥ فِى ٱلسَّمَآءِ كَيْفَ يَشَآءُ وَيَجْعَلُهُۥ كِسَفًا فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلَٰلِهِۦ ۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦٓ إِذَا هُمْ يَسْتَبْشِرُونَ ‎﴿٤٨﴾‏ وَإِن كَانُوا۟ مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِۦ لَمُبْلِسِينَ ‎﴿٤٩﴾‏ فَٱنظُرْ إِلَىٰٓ ءَاثَٰرِ رَحْمَتِ ٱللَّهِ كَيْفَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَآ ۚ إِنَّ ذَٰلِكَ لَمُحْىِ ٱلْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ‎﴿٥٠﴾وَلَئِنْ أَرْسَلْنَا رِيحًا فَرَأَوْهُ مُصْفَرًّا لَّظَلُّوا۟ مِنۢ بَعْدِهِۦ يَكْفُرُونَ ‎﴿٥١﴾‏‏

അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് -ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് -തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന് ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്‌? തീര്‍ച്ചയായും അത് ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. ഇനി നാം മറ്റൊരു കാറ്റ് അയച്ചിട്ട് അത് (കൃഷി) മഞ്ഞനിറം ബാധിച്ചതായി അവര്‍ കണ്ടാല്‍ അതിന് ശേഷവും അവര്‍ നന്ദികേട് കാണിക്കുന്നവരായിക്കൊണേ്ടയിരിക്കുന്നതാണ്‌. (ഖുർആൻ:30/48-51)

51 ാം വചനത്തിൽ  മനുഷ്യന്‍റെ ഒരു ദുസ്വഭാവത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. മേല്‍പറഞ്ഞതുപോലെ അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിക്കുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു എപ്പോഴെങ്കിലും ഒരു കാറ്റ് ഉപദ്രവം വരുത്തുകയും, അതുമൂലം അവന്‍റെ വിളവുകള്‍ നശിക്കുകയും ചെയ്തുപോയെങ്കില്‍, അവന്‍ അല്ലാഹുവിന്‍റെ നിത്യാനുഗ്രഹങ്ങളെല്ലാം മറന്നുകൊണ്ട് നന്ദികെട്ടവനായിത്തീരുന്നു. എന്നിട്ടവന്‍ അല്ലാഹുവിന്‍റെ പേരില്‍ ആക്ഷേപവും പുറപ്പെടുവിക്കും, കാറ്റിനെ പഴിക്കും, ‘പ്രകൃതി’യെ ദുഷിക്കും, നഷ്ടം കണക്കുകൂട്ടി കുപിതനാകും. അങ്ങിനെ പലതും. പക്ഷെ, യഥാര്‍ത്ഥ വിശ്വാസികളില്‍ നിന്ന് ഇങ്ങിനെ സംഭവിക്കുകയില്ല. നബി ﷺ പറഞ്ഞതുപോലെ അവര്‍ സന്തോഷത്തില്‍ നന്ദിയുള്ളവരും, സന്താപത്തില്‍ ക്ഷമയുള്ളവരുമായിരിക്കും. വിളകള്‍ക്കു ഉണക്കം, പഴുപ്പ് മുതലായ നാശങ്ങള്‍ ബാധിക്കുവാന്‍ കാറ്റു കാരണമാകുന്നതുകൊണ്ടാണ് ‘അത് മഞ്ഞവര്‍ണ്ണം പൂണ്ടതായി കണ്ടു’ (فَرَأَوْهُ مُصْفَرًّا) എന്നു പറഞ്ഞിരിക്കുന്നത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 30/51 ന്റെ വിശദീകരണം)

فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ ‎﴿١٥﴾‏ وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ ‎﴿١٦﴾

എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.  എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌. (ഖുര്‍ആൻ:89/15-16)

മനുഷ്യരില്‍ പൊതുവില്‍ കാണപ്പെടുന്ന ഒരു സ്വഭാവമാണിത്. സുഖസൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍, അത് അല്ലാഹുവിന് തന്നോടുള്ള പ്രത്യേക സ്നേഹം കൊണ്ടും, തനിക്ക് അല്ലാഹുവിങ്കല്‍ പ്രത്യേക സ്ഥാനമുള്ളതുകൊണ്ടും ലഭിച്ചതാണെന്നു വിശ്വസിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുക. നേരെമറിച്ച് ഉപജീവന മാര്‍ഗത്തിലും സുഖസൗകര്യങ്ങളിലും കുറവു വരുമ്പോള്‍, തന്നെ അല്ലാഹു അവഗണിച്ചിരിക്കയാണെന്നും അപമാനിച്ചിരിക്കയാണെന്നും പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തില്‍, ഐഹികമായ സുഖസൗകര്യങ്ങളാകട്ടെ, വിഷമങ്ങളാകട്ടെ അല്ലാഹുവിങ്കല്‍ മനുഷ്യനുള്ള സ്നേഹത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമായി കണക്കാക്കാവതല്ല. രണ്ടും അല്ലാഹുവിങ്കല്‍നിന്നുള്ള പരീക്ഷണങ്ങളാകുന്നു. സന്തോഷത്തിലും സൗകര്യത്തിലും നന്ദികാണിക്കുകയും, സന്താപത്തിലും ഞെരുക്കത്തിലും ക്ഷമ കാണിക്കുകയും ചെയ്യുന്നപക്ഷം രണ്ടും അവന് ഗുണകരമായിക്കലാശിക്കും. ഇല്ലെങ്കില്‍ രണ്ടും ദോഷകരവുമായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 89/15-16 ന്റെ വിശദീകരണം)

لَيْسَ كُلُّ مَنْ نَعَّمْتُهُ فِي الدُّنْيَا فَهُوَ كَرِيمٌ عَلِيٌّ، وَلَا كُلُّ مَنْ قَدَرَتْ عَلَيْهِ رِزْقَهُ فَهُوَ مُهَانٌ لَدَيَّ، وَإِنَّمَا الْغِنَى وَالْفَقْرُ، وَالسِّعَةُ وَالضِّيقُ، ابْتِلَاءٌ مِنَ اللَّهِ، وَامْتِحَانٌ يُمْتَحَنُ بِهِ الْعِبَادُ، لِيُرَى مَنْ يَقُومُ لَهُ بِالشُّكْرِ وَالصَّبْرِ، فَيُثِيبُهُ عَلَى ذَلِكَ الثَّوَابَ الْجَزِيلَ، مِمَّنْ لَيْسَ كَذَلِكَ فَيَنْقُلُهُ إِلَى الْعَذَابِ الْوَبِيلِ.

‘ഇഹലോകത്ത് നാം അനുഗ്രഹിച്ചവര്‍ എനിക്കാദരവുള്ളവരോ ഉപജീവനത്തില്‍ കുടുസ്സനുഭവപ്പെട്ടവര്‍ ഞാന്‍ നിന്ദിച്ചവരോ അല്ല.’ ദാരിദ്ര്യവും സമ്പന്നതയും കുടുസ്സുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. നന്ദി ചെയ്യുമോ ക്ഷമിക്കുമോ എന്നറിയാന്‍ വേണ്ടി അവന്‍ അതുമൂലം അടിമകളെ പരീക്ഷിക്കുന്നു. എന്നിട്ടവര്‍ക്ക് അതിന് മഹത്തായ പ്രതിഫലം നല്‍കുന്നു. മറിച്ചാണെങ്കില്‍ വിനാശകരമായ ശിക്ഷയിലേക്ക് അവര്‍ മാറ്റപ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

يَعْلَمُونَ ظَٰهِرًا مِّنَ ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ عَنِ ٱلْـَٔاخِرَةِ هُمْ غَٰفِلُونَ

ഐഹികജീവിതത്തില്‍ നിന്ന് പ്രത്യക്ഷമായത് അവര്‍ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവര്‍ അശ്രദ്ധയില്‍ തന്നെയാകുന്നു. (ഖുര്‍ആൻ:30/7)

ഇവർ മനസ്സിലാക്കാത്തവരാണ്. കാര്യങ്ങളുടെ ആന്തരിക ആശയങ്ങളും അനന്തര ഫലങ്ങളും അവർ മനസ്സിലാക്കുന്നില്ല. {ഐഹിക ജീവിതത്തിൽനിന്ന് പ്രത്യക്ഷമായത് അവർ മനസ്സിലാക്കുന്നു} അവർ കാരണങ്ങളിലേക്ക് നോക്കുന്നു. കാരണങ്ങളോട് ബന്ധപ്പെട്ട് മാത്രമാണ് സംഭവങ്ങളുണ്ടാകുന്നതെന്ന് അവർ ഉറപ്പിക്കുന്നു. ഒരു കാര്യം ഉണ്ടാകാൻ ആവശ്യമായ കാരണങ്ങൾ കണ്ടില്ലെങ്കിൽ കാര്യം സംഭവിക്കില്ലെന്ന് തന്നെ അവർ ഉറപ്പിക്കുന്നു. അവർ കാരണങ്ങൾക്കൊപ്പം മാത്രം നിൽക്കുന്നു. കാരണങ്ങൾക്ക് പിന്നിലുള്ള കാരണത്തെ അവർ നോക്കുന്നേ ഇല്ല.

{പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു} കാരണം അവരുടെ ഹൃദയങ്ങളും ഇച്ഛകളും ആഗ്രഹങ്ങളും ഈ ജീവിതത്തിലും അതിന്റ വിലകുറഞ്ഞ വിഭവങ്ങളിലും മാത്രം കേന്ദ്രീകരിക്കുന്നു. അതിനു മാത്രമാണവർ പരിശ്രമിക്കുന്നത്. തങ്ങളുടെ എല്ലാ ശ്രമങ്ങളും അതിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പരലോകത്തെ അവഗണിക്കുന്നു. അതിനാൽ അവർ ഒരു സ്വർഗത്തെ കൊതിക്കുന്നില്ല. നരകത്തെ ഭയപ്പെടുന്നുമില്ല. ഇത് നാശത്തിന്റെ ലക്ഷണമാണ്. പരലോകത്തെ അവഗണിക്കലാണ് അതിന്റെ അടിസ്ഥാനം.

ഈ വിഭാഗത്തിൽപെട്ട പലർക്കും ഈലോക ജീവിതത്തിന്റെ ബാഹ്യകാര്യങ്ങളിൽ അത്ഭുതപ്പെടുത്തുന്ന ബുദ്ധിശക്തിയും ഉയർന്ന കഴിവും ഉണ്ടെന്നത് വിചിത്രമാണ്. കരയിലും കടലിലും വായുവിലും ഊർജ-വൈദ്യുതി-ഗതാഗത മാർഗങ്ങൾ തുടങ്ങി എന്തെല്ലാം കണ്ടുപിടുത്തങ്ങളിൽ അവർ വിജയിച്ചു! അവരുടെ ബുദ്ധിശക്തിയിൽ അവർ സ്വയം വിസ്മയിച്ചു. അല്ലാഹു അവർക്ക് നൽകിയ കഴിവുകളിൽ മറ്റുള്ളവർ അശക്തരാണെന്ന് അവർ കണ്ടു. അവനെ അവർ നിസ്സാരതയോടെയും അവഗണനയോടെയും കണ്ടു. എന്നിട്ടും അവർ മതത്തിന്റെ കാര്യത്തിൽ ജനങ്ങളിൽ ഏറ്റവും ബുദ്ധിശൂന്യരായി; അവരുടെ പരലോകത്തെക്കുറിച്ച് ഏറെ അശ്രദ്ധരും. മാത്രവുമല്ല, കാര്യങ്ങളുടെ ആത്യന്തിമായ അനന്തരഫലങ്ങളെക്കുറിച്ച് അവർക്കറിയില്ല. ആഴത്തിൽ ഉൾക്കാഴ്ചയുള്ള ആളുകൾ, അവരുടെ അജ്ഞതയിൽ അന്ധമായി അലഞ്ഞുതിരിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നു. കാരണം അവർ അല്ലാഹുവിനെ മറന്നു. അതിനാൽ അവർ അവരെത്തന്നെയും മറന്നു. ഇവരാണ് അക്രമികൾ.

മാത്രവുമല്ല, ഉൾക്കാഴ്ചയുള്ള ആളുകൾ കാണുന്ന മറ്റൊരു കാര്യം; ഇവർക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളും ബുദ്ധിയും ഇഹലോകത്തെ കാര്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാനുള്ള കഴിവുമാണ്. ഉന്നതമായ ബുദ്ധി അവർക്ക് അല്ലാഹു തടഞ്ഞില്ല. എന്നാൽ ഇതെല്ലാം അല്ലാഹു നൽകിയതാണെന്നും തന്റെ ദാസന്മാരിൽ തീരുമാനം അവനാണ് കൽപിക്കുന്നതെന്നും അവർ മനസ്സിലാക്കുന്നുണ്ട്. ഇതെല്ലാം അവൻ നൽകുന്നതോ തിരിച്ചെടുക്കുന്നതോ ആണ്. അതിനാൽ അവർ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുകയും ബുദ്ധിയിൽനിന്നും വിശ്വാസത്തിന്റെ വെളിച്ചത്തിൽനിന്നും അവർക്കു നൽകിയത് പൂർത്തിയാക്കിത്തരാൻ അവർ അവനോട് ചോദിക്കുന്നു. അങ്ങനെ അവർ അവനിൽ എത്തിച്ചേരുകയും അവനിലേക്ക് അടുക്കുകയും ചെയ്യണം. ഈ ബുദ്ധിശക്തിയുള്ളവർ അതിനെ അവരുടെ വിശ്വാസവുമായി ബന്ധപ്പെടുത്തിയിരുന്നുവെങ്കിൽ ഉന്നതമായ പുരോഗതിയും നല്ലൊരു ജീവിതവും കൈവരിക്കാമായിരുന്നു. എന്നാൽ അതിൽ ഭൂരിഭാഗവും നിരീശ്വരത്വത്തിൽ അധിഷ്ഠിതമായതിനാൽ സ്വഭാവ തകർച്ചയും ധാർമിക അധഃപതനവും നാശവും മാത്രമാണ് അവർക്ക് അനന്തരഫലമായി ലഭിച്ചത്. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *