മണ്ണ് മനുഷ്യന് നൽകുന്ന സന്ദേശങ്ങൾ

മനുഷ്യന്റെ ഉൽപത്തിയെ  അഥവാ ആദം നബി عليه السلام യുടെ സൃഷ്‌ടിയെ  കുറിച്ച്‌ പ്രസ്‌താവിക്കുമ്പോൾ മൂന്നുനാല് വാക്കുകൾ അല്ലാഹു ഉപയോഗിച്ചു കാണാം:

1) مِن تُرَابٍ (മണ്ണിൽനിന്ന്) എന്നും,
2) مِّن طِينٍ (കളിമണ്ണിൽനിന്ന്) എന്നും,
3) حَمَإٍ مَّسْنُونٍ (കറുപ്പ് നിറം വരുകയും മണത്തിൽ വിത്യാസം സംഭവിക്കുകയും ചെയ്‌തിട്ടുള്ള കുഴഞ്ഞു പാകപ്പെട്ട കളിമണ്ണ്) എന്നും,
4) صَلْصَالٍ كَالْفَخَّارِ (ചൂള വെക്കപ്പെട്ടിട്ടുള്ള ഇഷ്‌ടികപോലെ തട്ടിയാൽ ‘ചലപല’ ശബ്‌ദമുണ്ടാകുന്ന ഉണങ്ങിയ കളിമണ്ണ്) എന്നും.

ഇവയിൽ ഒന്നാമത്തെ വാക്ക് മനുഷ്യന്റെ ഉത്ഭവസ്ഥാനം സാമാന്യമായി ചൂണ്ടിക്കാട്ടുന്നു. ഒരു പാത്രമോ മറ്റോ ഉണ്ടാക്കുവാനുദ്ദേശിക്കുമ്പോൾ, ആദ്യം മണ്ണിൽനിന്ന് അതിനു പറ്റിയ തരം കളിമണ്ണ് തിരഞ്ഞെടുക്കപ്പെടുമല്ലോ. പിന്നീടത് കുഴച്ചും മറ്റും പാകപ്പെടുത്തി മൂശയിൽവെച്ച് രൂപം നൽകി ഉണങ്ങിയശേഷം ചൂളക്കുവെക്കുകയും ചെയ്യുന്നു. ഇതുപോലെ, ഏതോ ചില പരിവർത്തനഘട്ടങ്ങളെ കുറിക്കുന്നതാണ് ഈ വാക്കുകൾ എന്ന് മൊത്തത്തിൽ മനസ്സിലാക്കാം.  (അമാനി തഫ്സീ൪ :38/71)

وهذا يدل على شرف عنصر الآدمي المخلوق من الطين والتراب، الذي هو محل الرزانة والثقل والمنافع،

മണ്ണില്‍നിന്നും കളിമണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തിന്‍റെ ശ്രേഷ്ഠതയെയാണ് ഇത് അറിയിക്കുന്നത്. മണ്ണ് വിവേകത്തിന്‍റെയും മഹത്ത്വത്തിന്‍റെയും പ്രയോജനത്തിന്‍റെയും സ്ഥാനമാണ്. (തഫ്സീറുസ്സഅ്ദി)

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം വേർപെടുത്താൻ കഴിയാത്ത വിധം ഇഴുകി ചേർന്നതാണ്. മണ്ണിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. അവൻ ജീവിക്കുന്നതും മണ്ണിലാണ്. അവന്റെ ആഹാരം നിശ്ചയിച്ചിട്ടുള്ളതും അനുഗ്രഹങ്ങൾ നൽകപ്പെട്ടതും മണ്ണ് മുഖേനെയാണ്. ഇതൊക്കെ സംവിധാനിച്ച റബ്ബിനെ മനുഷ്യൻ അറിയണമെന്ന് മണ്ണ് അവനെ ഓര്‍മ്മിപ്പിക്കുന്നു.

وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ

അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. (ഖുര്‍ആൻ:35/11)

وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَآ أَنتُم بَشَرٌ تَنتَشِرُونَ

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത് അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. (ഖുര്‍ആൻ:30/20)

ഈ റബ്ബിനെ മനുഷ്യൻ മറക്കരുതെന്നും റബ്ബിനോട് നന്ദി കാണിക്കണമെന്നും മണ്ണ് അവനെ ഓര്‍മ്മിപ്പിക്കുന്നു. സൂറ:കഹ്ഫ് 32-44 ആയത്തുകളിൽ അല്ലാഹുവിന്റെ അനുഗ്രങ്ങൾ നൽകപ്പെട്ട എന്നാൽ അല്ലാഹുവിനെ മറന്ന ഒരു തോട്ടക്കാരന്റെ സംഭവം വിവരിക്കുന്നുണ്ട്. ധാരാളം അനുഗ്രങ്ങൾ ലഭിച്ചിട്ടും അല്ലാഹുവിന് കീഴ്പ്പെടാൻ അവന് സാധിച്ചില്ല. അവന്റെ സംസാരത്തിൽ നിന്നും അത് വ്യക്തമാണ്.

وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدًا ‎﴿٣٥﴾‏ وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ‎﴿٣٦﴾

സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.  അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും.

അവന്റെ വിശ്വാസിയായ സുഹൃത്ത്, മണ്ണിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെന്ന സത്യം പ്രസ്താവിച്ചുകൊണ്ട് അവനെ ഓര്‍മ്മിപ്പിക്കുന്നത് കാണുക:

قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّىٰكَ رَجُلًا ‎﴿٣٧﴾‏ لَّٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًا ‎﴿٣٨﴾

അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്‌.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (ഖു൪ആന്‍ :18/37-38)

മണ്ണിൽ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ നിസ്സാരനാണ്, അവന് പല ദൗര്‍ബല്യങ്ങളുമുണ്ട്. അതിനാൽ അവൻ അഹങ്കരിക്കരുത്. ഇതും മണ്ണ് അവനെ ഓര്‍മ്മിപ്പിക്കുന്നു. മേൽ വിവരിച്ച സമ്പന്നനായ തോട്ടക്കാരന്റെ തോട്ടം നശിപ്പിക്കപ്പെട്ടതായി വിശുദ്ധ ഖുര്‍ആൻ വിവരിക്കുന്നുണ്ട്. ഇത് നമുക്ക് പാഠമാണ്. അതോടൊപ്പം മറ്റൊരു കാര്യം കൂടി:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُبْطِلُوا۟ صَدَقَٰتِكُم بِٱلْمَنِّ وَٱلْأَذَىٰ كَٱلَّذِى يُنفِقُ مَالَهُۥ رِئَآءَ ٱلنَّاسِ وَلَا يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۖ فَمَثَلُهُۥ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُۥ وَابِلٌ فَتَرَكَهُۥ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَىْءٍ مِّمَّا كَسَبُوا۟ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ

സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:2/264)

മിനുസമുള്ള ഒരു പാറയിന്‍മേല്‍ കുറച്ച് മണ്ണുണ്ടായിരിക്കെ ഒരു കനത്ത മഴ പതിച്ചാല്‍ ആ മണ്ണ് പിന്നെ അവിടെ ഒട്ടും ബാക്കി ഉണ്ടാകില്ലല്ലോ. അതുപോലെയാണ് ചിലരുടെ ദാനധര്‍മങ്ങള്‍. അവകൊണ്ട് യാതൊരു പ്രയോജനവും പരലോകത്ത് അവ൪ക്ക് ലഭിക്കുവാനില്ല എന്നത്രെ ഉപമയുടെ സാരം.

അഹങ്കരിക്കുന്ന മനുഷ്യന്റെ അവസ്ഥയും ഇതാണ്. പാറയിലെ മണ്ണ് തെറിച്ച് പോയതുപോലെ മനുഷ്യനും എടുത്ത് എറിയപ്പെടും. അതിന് ഒരു പേമാരി വേണമെന്നില്ല. ചെറിയ മഴയായാലും മതി. അഹങ്കാരം എന്താണെന്നത് കൂടി സാന്ദര്‍ഭികമായി മനസ്സിലാക്കുക.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏”‏ ‏.‏ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً ‏.‏ قَالَ ‏”‏ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ‏”‏

അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരുടെയെങ്കിലും ഹൃദയത്തില്‍ അണു അളവ് അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.’ ഇതു കേട്ടപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും ഭംഗിയുള്ളതാകണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരത്തില്‍ പെട്ടതാണോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. സത്യം നിരാകരിക്കലും ആളുകളെ ചെറുതാക്കലുമാണ് അഹങ്കാരം.(മുസ്‌ലിം:91)

മണ്ണിൽ നിന്നുണ്ടായ മനുഷ്യൻ മണ്ണിലേക്കാണ് മടങ്ങുന്നത്. അവന് ഇവിടെ സ്ഥിരവാസമില്ല. ഇതും മണ്ണ് അവനെ ഓര്‍മ്മിപ്പിക്കുന്നു.

مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ ‎

അതില്‍ (മണ്ണിൽ) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. (ഖു൪ആന്‍:20/55)

أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ‎﴿٢٥﴾‏ أَحْيَآءً وَأَمْوَٰتًا ‎﴿٢٦﴾

ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍കൊള്ളുന്നതാക്കിയിട്ടില്ലേ. (ഖു൪ആന്‍:77/25,26)

മരിച്ച് മണ്ണായിക്കഴിഞ്ഞാലും മനുഷ്യന് അവന്റെ റബ്ബിലേക്ക് അഥവാ പരലോക ജീവിതത്തിനായി മടക്കമുണ്ട്. ഇതും മണ്ണ് അവനെ ഓര്‍മ്മിപ്പിക്കുന്നു.

وَإِن تَعْجَبْ فَعَجَبٌ قَوْلُهُمْ أَءِذَا كُنَّا تُرَٰبًا أَءِنَّا لَفِى خَلْقٍ جَدِيدٍ ۗ أُو۟لَٰٓئِكَ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ ۖ وَأُو۟لَٰٓئِكَ ٱلْأَغْلَٰلُ فِىٓ أَعْنَاقِهِمْ ۖ وَأُو۟لَٰٓئِكَ أَصْحَٰبُ ٱلنَّارِ ۖ هُمْ فِيهَا خَٰلِدُونَ

നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്‌. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖു൪ആന്‍:13/5)

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) ……..(ഖു൪ആന്‍:22/5)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *