പുകവലി : ഇസ്ലാമിക വിധി

അഞ്ച് നേരത്തെ നമസ്കാരം നിലനർത്തുന്ന മുസ്ലിംകളിൽതന്നെയും പുകവലി ശീലമാക്കിയവരെ കാണാം. ഇസ്ലാമിൽ പുകവലിയുടെ വിധി എന്താണെന്ന് അവർ മനസ്സിലാക്കുന്നില്ല. മറ്റ് ചിലർ മനസ്സിലാക്കാൻ താൽപ്പര്യം കാണിക്കുന്നില്ല. പുകവലിക്കുന്ന ശീലം ഒരു സത്യവിശ്വാസിക്ക് പാടുള്ളതല്ല. പല കാരണങ്ങളാൽ ഇസ്ലാമിൽ പുകവലി നിഷിദ്ധമാണ്.

ഒന്നാമതായി, ഇസ്സാം നല്ല കാര്യങ്ങളെ മനുഷ്യർക്ക് അനുവദിച്ചു കൊടുക്കുകയും ചീത്ത കാര്യങ്ങളെ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്തു. മുഹമ്മദ് നബി ﷺ യുടെ നിയോഗത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു:

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ

അദ്ദേഹം അവര്‍ക്ക് നല്ല വസ്തുക്കള്‍ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)

ഇവിടെ ٱلْخَبَٰٓئِثَ (ചീത്തവസ്തുക്കൾ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യപ്രകൃതി നികൃഷ്ടവും മ്ലേച്ഛവുമായി കാണുന്നവയാണ്. അവയുടെ ഉപയോഗം ഉപദ്രവകരവും രോഗമുണ്ടാക്കുന്നതുമായിരിക്കും.  ഇത്തരം ചീത്തവസ്തുക്കളിൽ പെട്ടതാണ്  പുകയില ഉത്പ്പന്നങ്ങൾ. പുകവലി ചീത്ത കാര്യങ്ങളിൽ പെട്ടതാണെന്നതിൽ ബുദ്ധിയുള്ളവരാരും തന്നെ സംശയിക്കുകയില്ല.

രണ്ടാമതായി, സ്വന്തത്തെ ഉപദ്രവിക്കുന്ന പ്രവർത്തനങ്ങൾ ഇസ്ലാം വിരോധിച്ചിട്ടുണ്ട്.

وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ

നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. (ഖു൪ആന്‍:4/29)

ﻭَﻻَ ﺗُﻠْﻘُﻮا۟ ﺑِﺄَﻳْﺪِﻳﻜُﻢْ ﺇِﻟَﻰ ٱﻟﺘَّﻬْﻠُﻜَﺔِ ۛ

നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌ .(ഖു൪ആന്‍:2/195)

പുകവലി സ്വന്തത്തെ ഉപദ്രവിക്കുന്ന പ്രവർത്തനങ്ങളിൽ പെട്ടതാണ്.  പുകയില ഉത്പ്പന്നങ്ങളിൽ ധാരാളം വിഷവസ്തുക്കൾ ഉൾകൊള്ളുന്നതിനാൽ യഥാർത്ഥത്തിൽ പുകവലിക്കാരൻ ചെയ്യുന്നത് സ്വന്തത്തെതന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. വര്‍ഷംതോറും ലോകത്ത്  മില്യന്‍ കണക്കിന് ആളുകളാണ് പുകവലി ജന്യമായ രോഗങ്ങളാല്‍ മരണപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

മൂന്നാമതായി, പുകവലി ഒരു തിൻമയാണ്. അത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ അത് വൻപാപവുമാണ്.

ശൈഖ് ഇബ്നു ഉസൈമീൻ(റഹി) പറയുന്നു: കാരണം പുകവലി നിഷിദ്ധമാണ്. അത് തുടര്‍ന്നു കൊണ്ടു പോവുക എന്നതാകട്ടെ; അതും ഒരു തിന്മയാണ്. അല്ല! ഒരു തവണ ചെയ്യുക എന്നത് പോലും തിന്മയാണ്. അത് സ്ഥിരമായി ചെയ്യുക എന്നത് വന്‍പാപങ്ങളില്‍ പെട്ടതുമാണ്.(നൂറുന്‍ അലദ്ദര്‍ബ്: 4989 (10/29-31)

നാലാമതായി, അപകടകരമായ പല മാരകരോഗങ്ങളുടേയും കാരണക്കാരനാണ് പുകവലി.  അത് വായക്കും പല്ലുകൾക്കും ഉപദ്രവങ്ങൾ വരുത്തുന്നു. നെഞ്ചിടുക്കമുണ്ടാക്കുന്നു, ശ്വാസോച്ഛാസ തടസ്സമുണ്ടാക്കുന്നു, രക്ത ചംക്രമണം തടുക്കുന്നു, ചുമയും ശക്തമായ കഫകെട്ടും ഉണ്ടാക്കുന്നു, മുഖത്ത് വിളർച്ചക്കും മെലിച്ചിലിനും കാരണമാകുന്നു. പെട്ടന്നുള്ള മരണവും ശക്തമായ തലവേദനയും സമ്മാനിക്കുന്നു. ശാസകോശങ്ങളെ തകർക്കുന്നു, പുണ്ണുണ്ടാക്കുന്നു, ഉറക്കംകെടുത്തുന്നു. ശ്വാസകോശ ക്യാന്‍സര്‍, വായയില്‍ വരുന്ന ക്യാന്‍സര്‍, ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, തുടങ്ങിയ അനേകം രോഗങ്ങള്‍ക്കും പുകവലിക്കുമിടയില്‍ വലിയ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അറ്റമില്ലാത്തരോഗങ്ങളുടെ അടിമയാണ് പുകവലിക്കാരൻ. ഇതെല്ലാം വൈദ്യശാസ്ത്രം വെളിപ്പെടുത്തിയ യാഥാർത്ഥ്യങ്ങളും സ്ഥിരീകരിച്ച വാർത്തകളുമാണ്.

അഞ്ചാമതായി,  സമ്പത്ത് ദുർവ്യയം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പരലോകത്ത് ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ലെന്ന് നബി ﷺ പറഞ്ഞതില്‍ ഒന്ന് സമ്പത്തിന്റെ കാര്യമാണ്.

عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ[أربع]: عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ ‏‏

അബൂബർസയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങൾ നീങ്ങുക സാധ്യമല്ല.

1. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്.
2. തന്റെ അറിവ് കൊണ്ട് എന്താണ്‌ പ്രവർത്തിച്ചതെന്ന്.
3. തന്റെ സമ്പത്ത് എവിടെനിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്.
4. തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന്. (തിർമുദി: 2417)

പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്. അതാകട്ടെ അല്ലാഹു വിരോധിച്ചതുമാണ്.

وَلَا تُبَذِّرْ تَبْذِيرًا – إِنَّ ٱلْمُبَذِّرِينَ كَانُوٓا۟ إِخْوَٰنَ ٱلشَّيَٰطِينِ ۖ وَكَانَ ٱلشَّيْطَٰنُ لِرَبِّهِۦ كَفُورًا

നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:17/26-27)

عَنْ خَوْلَةَ الأَنْصَارِيَّةِ ـ رضى الله عنها ـ قَالَتْ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ رِجَالاً يَتَخَوَّضُونَ فِي مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ

ഖൌലത്ത്(റ) പറയുന്നു: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി:3118)

ആറാമതായി, മറ്റുള്ളവരെ ഉപദ്രവിക്കൽ ഇസ്ലാമിൽ പാടില്ലാത്തതാണ്. നബി ﷺ പറയുന്നു:

لاَ ضَرَرَ وَلاَ ضِرَارَ

ഞാൻ ആരെയും ഉപദ്രവിക്കാനില്ല, എന്നെ ആരും ഉപദ്രവിക്കുവാനും പാടില്ല. (ഇബ്നുമാജ:സ്വഹീഹ് അൽബാനി)

مَنْ آذَى مُسْلِماً فَقَدْ آذَانِي وَمَنْ آذَانِي فَقَدْ آذَى اللهَ

ഒരാൾ ഒരു മുസ്‌ലിമിനെ ഉപദ്രവിച്ചാൽ അവൻ എന്നെ ഉപദ്രവിച്ചു. ഒരാൾ എന്നെ ഉപദ്രവിച്ചാൽ അവൻ അല്ലാഹുവിനെ ഉപദ്രവിച്ചു. (അഹ്മദ്)

സ്വന്തത്തിന് മാത്രമല്ല, കുടുംബത്തിനും മറ്റുള്ളവർക്കും ഒരുപോലെ ഉപദ്രവകാരിയാണ് പുകവലി. എന്തിനേറെ, ഗര്‍ഭാശയത്തിലുള്ള ശിശുക്കള്‍ പോലും പുകവലിയുടെ മഹാവിപത്തില്‍നിന്ന് രക്ഷപ്പെടുന്നില്ല.

ഏഴാമതായി, വായയിൽ ദുർഗന്ധമുള്ള അവസ്ഥയിൽ  പള്ളിയില്‍ വരുന്നതിനെ നബി ﷺ വിരോധിച്ചിട്ടുണ്ട്.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، زَعَمَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ أَكَلَ ثُومًا أَوْ بَصَلاً فَلْيَعْتَزِلْنَا ـ أَوْ قَالَ ـ فَلْيَعْتَزِلْ مَسْجِدَنَا، وَلْيَقْعُدْ فِي بَيْتِهِ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയോ ചുവന്നുള്ളിയോ ഭക്ഷിച്ചാല്‍ നമ്മളില്‍ നിന്നും വിട്ടു നില്‍ക്കട്ടെ, അല്ലെങ്കില്‍ നബി ﷺ പറഞ്ഞു: നമ്മുടെ പള്ളികളില്‍ നിന്നും വിട്ടു നില്‍ക്കുകയും അവന്‍ അവന്റെ വീട്ടില്‍ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി:855)

عَنْ جَابِرٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَكَلَ مِنْ هَذِهِ الشَّجَرَةِ الْمُنْتِنَةِ فَلاَ يَقْرَبَنَّ مَسْجِدَنَا فَإِنَّ الْمَلاَئِكَةَ تَأَذَّى مِمَّا يَتَأَذَّى مِنْهُ الإِنْسُ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയില്‍ നിന്ന് തിന്നാല്‍ നമ്മുടെ പള്ളിയോട് അടുക്കരുത്. കാരണം മനുഷ്യ൪ക്ക് ഉപദ്രവകരമായത് മലക്കുകളേയും ബുദ്ധിമുട്ടിക്കും. (മുസ്ലിം:563)

ثُمَّ إِنَّكُمْ أَيُّهَا النَّاسُ تَأْكُلُونَ شَجَرَتَيْنِ لاَ أَرَاهُمَا إِلاَّ خَبِيثَتَيْنِ هَذَا الْبَصَلَ وَالثُّومَ لَقَدْ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم إِذَا وَجَدَ رِيحَهُمَا مِنَ الرَّجُلِ فِي الْمَسْجِدِ أَمَرَ بِهِ فَأُخْرِجَ إِلَى الْبَقِيعِ فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخًا

ഉമ൪(റ) ജുമുഅ ഖുതുബ നി൪വ്വഹിക്കവെ ഇപ്രകാരം പറഞ്ഞു: ജനങ്ങളെ നിങ്ങള്‍ ഉള്ളിയും വെളുത്തുള്ളിയും തിന്നുന്നു. ഞനാവട്ടെ അവ രണ്ടും ഉപദ്രവകാരികളായിട്ട മാത്രമാണ് കാണുന്നത്. തീ൪ച്ചയായും അല്ലാഹുവിന്റെ നബി ﷺ പള്ളിയിലുള്ള ആരെങ്കിലും അവയുടെ വാസനയറിഞ്ഞാല്‍ അയാളെ പുറത്താക്കാന്‍ കല്‍പ്പിക്കുകയും അപ്രകാരം ബഖീഇന്റെ ഭാഗത്തേക്ക് അയാള്‍ പുറത്താക്കപ്പെടുകയും ചെയ്യുമായിരുന്നു. നിങ്ങളില്‍ ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിക്കുന്നുവെങ്കില്‍ വേവിച്ച് അതിന്റെ വാസന കളയുക. (മുസ്ലിം:567)

ഭക്ഷിക്കൽ അനുവദനീയമായ ഈ രണ്ട് ഭക്ഷ്യവസ്തുക്കളുടെ വാസനയുടെ വിഷയത്തിൽ നബി ﷺ പള്ളികളെ വിലക്കിയെങ്കിൽ , പിന്നെ സ്വന്തത്തേയും അന്യരേയും ഒരുപോലെ ഉപദ്രവിക്കുന്നതും ദുർഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമായ പുകയില ഉത്പ്പന്നങ്ങളുടെ അവസ്ഥ എന്തായിരിക്കും? അതിന്റെ ഗന്ധമാകട്ടെ ഉള്ളിയുടേയും വെളുതുള്ളിയുടേയും ഗന്ധത്തേക്കാൾ രൂക്ഷമാണുതാനും.

എട്ടാമതായി, പുകവലി ഹറാമാണെന്ന് നാല് മദ്ഹബിലെയും ധാരാളം പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുള്ളതായി കാണാം. സിഗററ്റ് പോലെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ കച്ചവടം സത്യവിശ്വാസികൾക്ക് പാടുള്ളതല്ലെന്നും പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.

സത്യവിശ്വാസികളെ, പുകവലി ശീലമുണ്ടെങ്കിൽ അത് എത്രയും വേഗം ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. അത് ഒഴിവാക്കാൻ കഴിയുന്നില്ലെന്ന് പറയുന്നവർക്കായി ശൈഖ് ഇബ്നു ഉസൈമീൻ(റഹി) നൽകുന്ന ഒരു ഉപദേശം കാണുക:

1.പുകവലിക്കൽ ഹറാമാണെന്ന് താങ്കൾ വിശ്വസിക്കുക. പുകയില ഉൽപ്പന്നങ്ങൾ താങ്കൾക്ക് അല്ലാഹുവിൽ നിന്നും അവന്റെ കാരുണ്യത്തിൽ നിന്നും  അകൽച്ച മാത്രമേ വർദ്ധിപ്പിക്കുകയുള്ളൂ എന്നും അവ താങ്കൾക്ക് തെറ്റ് കുറ്റങ്ങളെ മാത്രമേ നൽകുകയുള്ളൂ എന്നും താങ്കൾ അറിയുക.

2.പുകവലി ഉപേക്ഷിക്കൽകൊണ്ട് താങ്കൾ അല്ലാഹുവിനെ ആരാധിക്കുക. കാരണം ഒരു ഹറാമായ സംഗതി അല്ലാഹു നിരോധിച്ചു എന്ന കാരണത്താൽ ഉപേക്ഷിക്കൽ ഇബാദത്താകുന്നു.

3.താങ്കൾ പുകവലിയുടെ അടിമയായി മാറിയിട്ടുണ്ടെങ്കിൽ ഓരോ ദിനവും അവയുടെ എണ്ണം കുറച്ച് കുറച്ച് കൊണ്ടു വരികയും എന്നിട്ട് പൂർണ്ണമായും വിരമിക്കുകയും ചെയ്യുക.

4.പുകവലിക്കുന്നവരുടെ കൂടെ ഇരിക്കാതിരിക്കുക. കാരണം അവരോട് അകന്നു കഴിയൽ അതിൽ നിന്ന് താങ്കളെ തടയും. അല്ലെങ്കിൽ അത് വലിക്കുന്നത് കുറക്കുവാൻ കഴിയും. എന്നാൽ പുകവലിക്കുന്നവരോട് അടുത്താൽ മിക്കവാറും മനുഷ്യന് ക്ഷമിക്കുവാൻ കഴിയാതെ വരും. കാരണം അവൻ നോക്കികൊണ്ടിരിക്കുന്നത് തന്റെ  അടുത്തുതന്നെ പുക വലിക്കുന്നവരെയാണല്ലോ. അതിനാൽ മനുഷ്യന് ക്ഷമ കിട്ടിയെന്ന് വരില്ല. (ഫതാവാ വ തൗജീഹാത്ത്: ഇബ്നു ഉസൈമീൻ)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *