ഏറ്റവും ശ്രേഷ്ഠമായ വചനം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (لَا إِلَٰهَ إِلَّا الله) ആകുന്നു. അത് കലിമത്തു തൗഹീദാണ്, കലിമത്തു തഖ്‌വയാണ്, കലിമത്തു സിദ്ഖാണ്, അൽ കലിമത്തു ത്വയ്യിബയാണ്. ഈ സത്യസാക്ഷ്യ വചനത്തിന്റെ ആശയവും, അതിന്റെ അടിസ്ഥാന ഘടകങ്ങളും, അത് സ്വീകരിക്കപ്പെടുവാനുള്ള നിബന്ധനകളും മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്.
എന്താണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അർത്ഥമാക്കുന്നത്? അത് നമ്മിൽ നിന്ന് തേടുന്നത് എന്താണ്? എപ്പോഴാണ് ഈ വചനം അതിന്റെ വാക്താക്കൾക്ക് പ്രയോജനപ്പെടുക? ഈ വിഷയങ്ങളിൽ പല മുസ്‌ലിംകൾക്കിടയിലും നിലനിൽക്കുന്ന അജ്ഞതയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പ്രഖ്യാപിക്കുന്നവരിൽ നിന്നുതന്നെ അതിനെ അസാധുവാക്കുന്നതും അതിന്റെ താൽപര്യങ്ങൾക്ക് നിരക്കാത്തതുമായ വാക്കുകളും പ്രവർത്തികളും ഉണ്ടാകാൻ കാരണം.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ സ്വർഗ്ഗത്തിന്റെ താക്കോലാണ് (مِفْتَاحُ الْجَنَّة) എന്ന് ചില അസറുകളിൽ വന്നിട്ടുണ്ട്.
وَقِيلَ لِوَهْبِ بْنِ مُنَبِّهٍ أَلَيْسَ لاَ إِلَهَ إِلاَّ اللَّهُ مِفْتَاحُ الْجَنَّةِ قَالَ بَلَى، وَلَكِنْ لَيْسَ مِفْتَاحٌ إِلاَّ لَهُ أَسْنَانٌ، فَإِنْ جِئْتَ بِمِفْتَاحٍ لَهُ أَسْنَانٌ فُتِحَ لَكَ، وَإِلاَّ لَمْ يُفْتَحْ لَكَ.
വഹബ് ബ്നു മുനബ്ബിഹ് رَحِمَهُ اللَّه ചോദിക്കപ്പെട്ടു: ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം സ്വർഗത്തിന്റെ താക്കോലല്ലേ? അദ്ദേഹം പറഞ്ഞു: അതെ, എന്നാൽ ഏതൊരു താക്കോലിനും അതിൻ്റേതായ പല്ലുകളുണ്ട്. പല്ലുകളുള്ള താക്കോലുമായാണ് നീ വാതിലിന്റെ മുമ്പിൽ ചെല്ലുന്നതെങ്കിൽ അത് നിനക്കായി തുറക്കപ്പെടും. ഇല്ലെങ്കിൽ തുറക്കപ്പെടുകയുമില്ല. (ഇമാം ബുഖാരി كتاب الجنائز ൽ ഉദ്ദരിച്ചത്)
എന്താണ് ആ താക്കോലിന്റെ പല്ലുകൾ? അവ ഈ മഹത്തായ വചനത്തിന്റെ നിബന്ധനകളാണ് (شروط). കേവലം നാവുകൊണ്ടുള്ള ഉച്ചാരണം മതിയാവുകയില്ല. മറിച്ച്, അതിന്റെ അർത്ഥവും തേട്ടവും യഥാവിധി ഉൾക്കൊണ്ട്, ജീവിതത്തിൽ സാക്ഷാത്കരിച്ച്, അതിനൊത്തവ പ്രവർത്തിക്കുകയും അതിന് നിരക്കാത്തവ കയ്യൊഴിക്കുകയും ചെയ്യുമ്പോഴാണ് ഈ കലിമത്ത് നമുക്ക് ഉപകാരപ്പെടുക.
ഈ ലേഖനം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ഏഴ് നിബന്ധനകളെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്നു. ഓരോ നിബന്ധനയും എന്താണെന്നും, വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്ത് ﷺ യിൽ നിന്നും പണ്ഡിതന്മാർ അതിന് നൽകിയ തെളിവുകളും വിശദീകരണങ്ങളും എന്തെല്ലാമാണെന്നും ഇതിൽ വ്യക്തമാക്കുന്നു. അല്ലാഹു ഈ വചനം അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
ഒന്ന്: അറിവ് (العلم) – അജ്ഞതയെ അകറ്റുന്ന ജ്ഞാനം
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്തിന്റെ നിബന്ധനകളിൽ ആദ്യത്തേത് ‘അൽ-ഇൽമ്’ (العلم) അഥവാ അറിവാണ്. അജ്ഞതയെ (الجهل) പൂർണ്ണമായി നിരാകരിക്കുന്ന അറിവാണിത്. ഈ വചനം എന്താണ് അർത്ഥമാക്കുന്നത്, എന്തിനെയാണ് അത് സ്ഥിരീകരിക്കുന്നത്, എന്തിനെയാണ് അത് നിരാകരിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ജ്ഞാനം ഉണ്ടായിരിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
قال الإمام ابن القيم رحمه الله: والجهل داءٌ قاتل وشفاؤه … أمران في التركيب متفقان نص من القرآن أو من سنة … وطبيب ذاك العالم الرباني
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “അജ്ഞത ഒരു കൊലയാളിയായ രോഗമാണ്. അതിനുള്ള ശമനം ക്രമപ്രകാരം രണ്ട് കാര്യങ്ങളാണ്: ഖുർആനിൽ നിന്നോ സുന്നത്തിൽ നിന്നോ ഉള്ള പ്രമാണം. അതിന്റെ വൈദ്യനാകട്ടെ, റബ്ബാനിയായ പണ്ഡിതനുമാണ്.”
അടിസ്ഥാനപരമായ ഈ വിഷയത്തിലെ അജ്ഞത ഒരുവനെ പൂർണ്ണമായി നശിപ്പിച്ചുകളയും. അതിനാൽ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനെക്കുറിച്ച് നമുക്ക് ഇൽമ് കൂടിയേ തീരൂ.
എന്താണ് അറിയേണ്ടത്?
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനത്തിന് രണ്ട് അടിസ്ഥാന ഘടകങ്ങളുണ്ട് (റുക്നുകൾ):
1. നിരാകരണം (النفي): ‘ലാ ഇലാഹ’ (لَا إِلَٰهَ) – യഥാർത്ഥത്തിൽ ആരാധനക്കർഹനായി ആരുമില്ല എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അല്ലാഹു അല്ലാത്ത സർവ്വ ആരാധ്യരെയും നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.
2. സ്ഥിരീകരണം (الإثبات): ‘ഇല്ലല്ലാഹ്’ (إِلَّا الله) – ആരാധനക്ക് യഥാർത്ഥത്തിൽ അർഹൻ അല്ലാഹു മാത്രമാണ് എന്ന് സ്ഥിരീകരിക്കുന്നു.
അല്ലാഹു ഒഴികെയുള്ള ആരാധ്യന്മാരെല്ലാം വ്യാജവും നിരർത്ഥകവുമാണ് (باطل) എന്നും, യഥാർത്ഥ ആരാധ്യൻ ഏകനായ അല്ലാഹു മാത്രമാണ് എന്നും ഒരുവൻ അറിയണം. ഈ അറിവാണ് ഒന്നാമത്തെ നിബന്ധന.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. അല്ലാഹു അവന്റെ പ്രവാചകനോട് ﷺ കൽപ്പിക്കുന്നു:
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ
അതിനാൽ, യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് താങ്കൾ അറിയുക. (ഖുർആൻ:47/19)
ഇവിടെ فَاعْلَمْ (നീ അറിയുക) എന്ന കൽപ്പന, ഈ വിഷയത്തിൽ അറിവ് നേടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
2. ശഫാഅത്തിനെ കുറിച്ച് അല്ലാഹു പറയുന്നു:
وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ
അവനു പുറമെ അവർ ആരോട് പ്രാർത്ഥിക്കുന്നുവോ ആ ദൈവങ്ങൾക്ക് ശുപാർശ ചെയ്യാൻ സാധിക്കുകയില്ല. സത്യത്തിന് സാക്ഷ്യം വഹിച്ചവർക്കൊഴികെ. അവർ അറിഞ്ഞുകൊണ്ടുതന്നെ (സാക്ഷ്യം വഹിച്ചവരാകുന്നു). (ഖുർആൻ:43/86)
ഇവിടെ شَهِدَ بِالْحَقِّ (സത്യത്തിന് സാക്ഷ്യം വഹിച്ചവൻ) എന്നതുകൊണ്ടുള്ള പ്രധാന ഉദ്ദേശ്യം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് സാക്ഷ്യം വഹിച്ചവനാണ്. എന്നാൽ ആയത്ത് അവിടെ നിർത്തുന്നില്ല, وَهُمْ يَعْلَمُونَ (അവർ അറിഞ്ഞുകൊണ്ട്) എന്ന് കൂട്ടിച്ചേർക്കുന്നു. ഇത് വ്യക്തമാക്കുന്നത്, അറിവോടുകൂടി ഈ സാക്ഷ്യവചനം പ്രഖ്യാപിക്കുമ്പോഴാണ് അത് ഫലം ചെയ്യുക എന്നാണ്.
3. നബി ﷺ പറഞ്ഞു:
عَنْ عُثْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لاَ إِلَهَ إِلاَّ اللَّهُ دَخَلَ الْجَنَّةَ .
ഉസ്മാന്‍ رَضِيَ اللَّهُ عَنْهُمْ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് അറിഞ്ഞുകൊണ്ട് മരണപ്പെടുന്നുവോ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (മുസ്‌ലിം: 26)
ഈ ഹദീസ് സ്വർഗ്ഗപ്രവേശനത്തിന് അറിവ് ഒരു നിബന്ധനയാണെന്ന് സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കുന്നു. കേവലം ഉച്ചാരണമല്ല, മറിച്ച് അതിന്റെ ആശയത്തെക്കുറിച്ചുള്ള ജ്ഞാനമാണ് പ്രധാനം.
4. ഉബാദത് ബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ നബി ﷺ പറയുന്നു:
مَنْ شَهِدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ… أَدْخَلَهُ اللَّهُ الْجَنَّةَ عَلَى مَا كَانَ مِنَ الْعَمَلِ
അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും, മുഹമ്മദ് ﷺ അവന്റെ ദാസനും ദൂതനുമാണെന്നും, ഈസാ عليه السلام അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും… ഒരാൾ സാക്ഷ്യം വഹിച്ചാൽ, അവന്റെ കർമ്മങ്ങൾ എന്തുതന്നെയായിരുന്നാലും അല്ലാഹു അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. (ബുഖാരി, മുസ്‌ലിം)
‘ശഹാദത്ത്’ (സാക്ഷ്യം) എന്ന വാക്ക് തന്നെ അറിവിനെയാണ് കുറിക്കുന്നത്. ഒരു കാര്യത്തെക്കുറിച്ച് കണ്ടോ കേട്ടോ അറിഞ്ഞ ശേഷമാണ് ഒരാൾ അതിന് സാക്ഷ്യം വഹിക്കുന്നത്. അതിനാൽ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് സാക്ഷ്യം വഹിക്കണമെങ്കിൽ, അതിന്റെ അർത്ഥവും ആശയവും അറിഞ്ഞിരിക്കണം.
ഇന്ന് പല മുസ്‌ലിംകളും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കുന്നുണ്ടെങ്കിലും, അതിന്റെ തേട്ടമെന്താണെന്ന് പുരാതന മക്കയിലെ മുശ്‌രിക്കുകൾ മനസ്സിലാക്കിയതുപോലെ പോലും മനസ്സിലാക്കിയിട്ടില്ല എന്നത് ഖേദകരമാണ്. നബി ﷺ അവരോട്, “നിങ്ങൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ, നിങ്ങൾ വിജയിക്കും” എന്ന് പറഞ്ഞപ്പോൾ അവർ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:
أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ
ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? നിശ്ചയമായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (ഖുർആൻ:38/5)
അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യരെയും ഉപേക്ഷിക്കലാണ് ഈ വചനത്തിന്റെ താൽപര്യമെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു.
ഈ അറിവില്ലായ്മയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയുന്നതോടൊപ്പം തന്നെ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാനും, അഭയം തേടാനും, ഏലസ്സുകളിലും നൂലുകളിലും പ്രതീക്ഷയർപ്പിക്കാനും പലരെയും പ്രേരിപ്പിക്കുന്നത്. അതിനാൽ, ഈ കലിമത്ത് ഉപകാരപ്പെടണമെങ്കിൽ അജ്ഞതയെ ദൂരീകരിക്കുന്ന അറിവ് അനിവാര്യമാണ്. അതാണ് അതിന്റെ ഒന്നാമത്തെ നിബന്ധന.
രണ്ട്: ദൃഢവിശ്വാസം (اليقين) – സംശയങ്ങളെ ഇല്ലാതാക്കുന്ന ഉറപ്പ്
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്തിന്റെ രണ്ടാമത്തെ നിബന്ധന ‘അൽ-യഖീൻ’ (اليقين) ആണ്. സംശയത്തെയും സന്ദേഹത്തെയും (الشك) പൂർണ്ണമായി നിരാകരിക്കുന്ന അചഞ്ചലമായ അറിവും ഉറപ്പുമാണിത്. ഈ വചനം പ്രഖ്യാപിക്കുന്നവൻ അതിന്റെ ആശയത്തിൽ യാതൊരു സംശയവുമില്ലാത്ത, ദൃഢമായ ബോധ്യമുള്ളവനായിരിക്കണം.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ശരിയായ അർത്ഥം ‘ലാ മഅ്ബൂദ ബി ഹഖ്ഖിൻ ഇല്ലല്ലാഹ്’ (لا معبود بحق إلا الله) – യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല – എന്നാണ്. എന്നാൽ ചിലർ ഇതിന് ‘സ്രഷ്ടാവായി അല്ലാഹു അല്ലാതെ മറ്റാരുമില്ല’ എന്ന് അർത്ഥം നൽകാറുണ്ട്. ഇത് ഗുരുതരമായ വ്യതിയാനമാണ്. കാരണം, മക്കയിലെ മുശ്‌രിക്കുകൾ പോലും അല്ലാഹുവാണ് ഏക സ്രഷ്ടാവെന്നും, അന്നം നൽകുന്നവനും, ജീവിപ്പിക്കുന്നവനും, മരിപ്പിക്കുന്നവനും എന്ന് അംഗീകരിച്ചിരുന്നു. എന്നിട്ടും അവർ മുസ്‌ലിംകളായിരുന്നില്ല. യഥാർത്ഥത്തിൽ ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണെന്ന യാഥാർത്ഥ്യത്തിലാണ് യഖീൻ ഉണ്ടാകേണ്ടത്.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. അല്ലാഹു യഥാർത്ഥ വിശ്വാസികളെ വർണ്ണിക്കുന്നത് കാണുക:
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا
നിശ്ചയമായും സത്യവിശ്വാസികൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചവർ മാത്രമാകുന്നു. പിന്നീട് അവർക്ക് സംശയം ഉണ്ടായിട്ടുമില്ല. (ഖുർആൻ:49/15)
വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമായി അല്ലാഹു എണ്ണുന്നത് സംശയമില്ലായ്മയാണ്. لَمْ يَرْتَابُوا (അവർ സംശയിച്ചില്ല) എന്നത് യഖീൻ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു.
2. നബി ﷺ പറഞ്ഞു:
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّهِ لاَ يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلاَّ دَخَلَ الْجَنَّةَ
അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ രണ്ടു കാര്യങ്ങളിലും സംശയിക്കാത്ത നിലയിൽ ഒരു അടിമ അല്ലാഹുവെ കണ്ടുമുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കുകയില്ല.” (മുസ്‌ലിം:27)
ഇവിടെ غَيْرَ شَاكٍّ (സംശയിക്കാത്തവനായി) എന്ന പ്രയോഗം യഖീൻ എന്ന നിബന്ധനക്ക് അടിവരയിടുന്നു.
3. അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ പറഞ്ഞു:
اذْهَبْ بِنَعْلَىَّ هَاتَيْنِ فَمَنْ لَقِيتَ مِنْ وَرَاءِ هَذَا الْحَائِطِ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ مُسْتَيْقِنًا بِهَا قَلْبُهُ فَبَشِّرْهُ بِالْجَنَّةِ
എന്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക. ഈ മതിലിനപ്പുറം, ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ (യഖീനോടെ) ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ആരെ കണ്ടുമുട്ടിയാലും അവന് സ്വർഗ്ഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുക.” (മുസ്‌ലിം:31)
ഇവിടെയും കേവലം സാക്ഷ്യം വഹിക്കുന്നവനല്ല, മറിച്ച് مُسْتَيْقِنًا بِهَا قَلْبُهُ (ഹൃദയത്തിൽ അതിനെക്കുറിച്ച് ദൃഢബോധ്യമുള്ളവനായി) സാക്ഷ്യം വഹിക്കുന്നവനാണ് സ്വർഗ്ഗത്തിന് അർഹനാകുന്നത്.
ഈ പ്രമാണങ്ങളെല്ലാം വ്യക്തമാക്കുന്നത്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനം അതിന്റെ വാക്താവിന് ഉപകാരപ്പെടണമെങ്കിൽ, സംശയത്തിന്റെ കണികപോലുമില്ലാത്ത ദൃഢവിശ്വാസം അനിവാര്യമാണ് എന്നാണ്. ഈ യഖീൻ ഇല്ലാത്തതുകൊണ്ടാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്ന പലരും ശിർക്കൻ കാര്യങ്ങളിൽ അകപ്പെട്ടുപോകുന്നത്. അവർക്ക് അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന കാര്യത്തിൽ പൂർണ്ണമായ ഉറപ്പില്ല. അതിനാൽ, സംശയത്തെ നിരാകരിക്കുന്ന യഖീൻ ഈ കലിമത്തിന്റെ രണ്ടാമത്തെ സുപ്രധാന നിബന്ധനയാണ്.
മൂന്ന് :നിഷ്കളങ്കത (الإخلاص) – കാപട്യത്തിൽ നിന്ന് ശുദ്ധമായത്
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ മൂന്നാമത്തെ നിബന്ധന ‘അൽ-ഇഖ്‌ലാസ്’ (الإخلاص) ആണ്. ശിർക്കിന്റെയും കാപട്യത്തിന്റെയും (النفاق) എല്ലാ മാലിന്യങ്ങളിൽ നിന്നും പ്രവർത്തനങ്ങളെയും വാക്കുകളെയും ശുദ്ധീകരിക്കുന്ന നിഷ്കളങ്കതയാണിത്. ഈ വചനം പ്രഖ്യാപിക്കുന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം; ലോകമാന്യതയോ (الرياء) പ്രശസ്തിയോ (السمعة) മറ്റു ഭൗതിക താൽപര്യങ്ങളോ അതിൽ കലരാൻ പാടില്ല.
സൂറത്തുൽ ഇഖ്‌ലാസിന് ആ പേര് ലഭിക്കാൻ കാരണം, അത് അല്ലാഹുവിനെക്കുറിച്ച് മാത്രം, മറ്റൊരു വിഷയവും കലരാതെ, സംശുദ്ധമായി സംസാരിക്കുന്നതുകൊണ്ടാണ്. അതുപോലെ, നമ്മുടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന പ്രഖ്യാപനവും എല്ലാ കലർപ്പുകളിൽ നിന്നും മുക്തമായിരിക്കണം.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. ഇത്ബാൻ ഇബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ നബി ﷺ പറയുന്നു:
فَإِنَّ اللَّهَ قَدْ حَرَّمَ عَلَى النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ يَبْتَغِي بِذَلِكَ وَجْهَ اللَّهِ
നിശ്ചയമായും, അല്ലാഹുവിന്റെ വജ്ഹ് (പ്രീതി) മാത്രം കാംക്ഷിച്ചുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞവന് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു.” (ബുഖാരി, മുസ്‌ലിം)
يَبْتَغِي بِذَلِكَ وَجْهَ اللَّهِ (അതുകൊണ്ട് അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട്) എന്ന നിബന്ധന ഇഖ്‌ലാസിന്റെ അനിവാര്യതയെ കുറിക്കുന്നു.
2. അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ ﷺ, അന്ത്യനാളിൽ അങ്ങയുടെ ശഫാഅത്ത് (ശുപാർശ) ലഭിക്കുന്ന ഏറ്റവും സൗഭാഗ്യവാനായ വ്യക്തി ആരാണ്?” നബി ﷺ മറുപടി നൽകി:
أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ خَالِصًا مِنْ قَلْبِهِ
അന്ത്യനാളിൽ എന്റെ ശഫാഅത്ത് കൊണ്ട് ഏറ്റവും സൗഭാഗ്യം സിദ്ധിക്കുന്നവൻ, തന്റെ ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി (خَالِصًا) ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞവനാണ്.” (ബുഖാരി)
ഇവിടെയും കേവലം പറയുന്നവനല്ല, മറിച്ച് خَالِصًا مِنْ قَلْبِهِ (ഹൃദയത്തിൽ നിന്ന് നിഷ്കളങ്കമായി) പറയുന്നവനാണ് ആ മഹത്തായ സൗഭാഗ്യം നേടുന്നത്.
3. മുആദ് ഇബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:
مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ
ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുള്ളാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ഏതൊരാളെയും അല്ലാഹു നരകത്തിന് നിഷിദ്ധമാക്കാതിരിക്കില്ല.(ബുഖാരി:128)
ഈ ഹദീസിൽ ഇഖ്‌ലാസിനോടൊപ്പം സത്യസന്ധതയും (الصدق) ചേർത്ത് പറഞ്ഞിരിക്കുന്നു. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
കപടവിശ്വാസികളുടെ (മുനാഫിഖുകൾ) നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് ഇബ്നു സുലൂൽ നാവുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞിരുന്നു. എന്നാൽ അവന്റെ ഹൃദയത്തിൽ ഇസ്‌ലാമിനോടും നബി ﷺ യോടുമുള്ള ശത്രുതയും അധികാരമോഹവുമായിരുന്നു. അവന്റെ പ്രഖ്യാപനത്തിൽ ഇഖ്‌ലാസ് ഉണ്ടായിരുന്നില്ല. അതിനാൽ ആ വചനം അവന് യാതൊരു പ്രയോജനവും ചെയ്തില്ല.
قال شيخ الإسلام ابن تيمية رحمه الله: وأصل الإسلام أشهد أن لا إله إلا الله وأن محمدا رسول الله. فمن طلب بعبادته الرياء والسمعة فلم يحقق شهادة أن لا إِله إِلا الله.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: “ഇസ്‌ലാമിന്റെ അടിസ്ഥാനം ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് വ അന്ന മുഹമ്മദൻ റസൂലുള്ളാഹ്’ എന്നതാണ്. ആരെങ്കിലും തന്റെ ഇബാദത്തിലൂടെ ലോകമാന്യതയും പ്രശസ്തിയും തേടിയാൽ, അവൻ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനം സാക്ഷാത്കരിച്ചിട്ടില്ല.”
അതുകൊണ്ട്, നമ്മുടെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന പ്രഖ്യാപനം അല്ലാഹുവിനു വേണ്ടിയുള്ള സംശുദ്ധമായ ഒരു സമർപ്പണമായിരിക്കണം. കാപട്യത്തെയും ലോകമാന്യതയെയും നിരാകരിക്കുന്ന ഇഖ്‌ലാസ് അതിന്റെ മൂന്നാമത്തെയും സുപ്രധാനവുമായ നിബന്ധനയാണ്.
നാല്: സത്യസന്ധത (الصدق) – കളവിനെ തടയുന്ന യാഥാർത്ഥ്യം
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ നാലാമത്തെ നിബന്ധന ‘അസ്-സ്വിദ്ഖ്’ (الصدق) അഥവാ സത്യസന്ധതയാണ്. കളവിനെയും (الكذب) കാപട്യത്തെയും നിരാകരിക്കുന്ന, ഹൃദയത്തിൽ നിന്ന് വരുന്ന ആത്മാർത്ഥമായ പ്രഖ്യാപനമാണിത്. ഒരുവന്റെ വാക്ക് അവന്റെ ഹൃദയത്തിലുള്ള വിശ്വാസവുമായി ഒത്തുവരുമ്പോഴാണ് സ്വിദ്ഖ് ഉണ്ടാകുന്നത്.
കപടവിശ്വാസികൾ നാവുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞിരുന്നു, എന്നാൽ അവരുടെ ഹൃദയങ്ങൾ അതിനെ നിഷേധിക്കുന്നതായിരുന്നു. അതിനാൽ അല്ലാഹു അവരുടെ വാദത്തെ കളവാക്കി.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. അല്ലാഹു കപടവിശ്വാസികളെക്കുറിച്ച് പറയുന്നു:
إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ ۗ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ
(നബിയേ,) കപടവിശ്വാസികൾ താങ്കളുടെ അടുത്ത് വന്നാൽ അവർ പറയും: ‘നിശ്ചയമായും താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.’ അല്ലാഹുവിനറിയാം നിശ്ചയമായും താങ്കൾ അവന്റെ ദൂതൻ തന്നെയാണെന്ന്. കൂടാതെ അല്ലാഹു സാക്ഷ്യം വഹിക്കുന്നു, നിശ്ചയമായും കപടവിശ്വാസികൾ കളവ് പറയുന്നവർ തന്നെയാണെന്ന്. (ഖുർആൻ:63/1)
അവർ പറഞ്ഞ കാര്യം (നബി ﷺ അല്ലാഹുവിന്റെ ദൂതനാണ് എന്നത്) സത്യമായിരുന്നിട്ടും, ആ പ്രഖ്യാപനത്തിൽ അവർ കളവ് പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യപ്പെടുത്തി. കാരണം, ആ വാക്ക് അവരുടെ ഹൃദയത്തിൽ നിന്നുള്ളതായിരുന്നില്ല.
2. വിശ്വാസികളെ പരീക്ഷിക്കുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ﴿٣﴾
ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ടു മാത്രം തങ്ങൾ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യർ വിചാരിച്ചുവോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോൾ സത്യം പറഞ്ഞവർ ആരെണെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കളവ് പറയുന്നവരെയും അവൻ അറിയും. (ഖുർആൻ:29/2-3)
ഈ പരീക്ഷണങ്ങളിലൂടെയാണ് ഒരുവന്റെ വിശ്വാസ പ്രഖ്യാപനത്തിലെ സത്യസന്ധത വെളിവാകുന്നത്.
3. മുആദ് ഇബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ നബി ﷺ പറഞ്ഞു:
مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ صِدْقًا مِنْ قَلْبِهِ إِلاَّ حَرَّمَهُ اللَّهُ عَلَى النَّارِ
ഹൃദയത്തിൽ നിന്ന് സത്യസന്ധമായി (സ്വിദ്ഖൻ) ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുള്ളാഹ്’ എന്ന് സാക്ഷ്യം വഹിക്കുന്ന ഏതൊരാളെയും അല്ലാഹു നരകത്തിന് നിഷിദ്ധമാക്കാതിരിക്കില്ല. (ബുഖാരി)
ഇവിടെ صِدْقًا مِنْ قَلْبِهِ (ഹൃദയത്തിൽ നിന്നുള്ള സത്യസന്ധതയോടെ’) എന്നത് ഒരു നിബന്ധനയായി വന്നിരിക്കുന്നു.
ഇമാം ഇബ്നു റജബ് അൽ-ഹംബലി رحمه الله പറഞ്ഞു: “ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞവരിൽ നിന്ന് നരകത്തിൽ പ്രവേശിച്ചവർ, അവരുടെ പ്രഖ്യാപനത്തിൽ സത്യസന്ധതയുടെ കുറവുണ്ടായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കാരണം ഈ കലിമത്ത് ഹൃദയത്തിൽ സത്യസന്ധമായി നിലകൊണ്ടാൽ, അത് അല്ലാഹു അല്ലാത്ത എല്ലാറ്റിൽ നിന്നും ആ ഹൃദയത്തെ ശുദ്ധീകരിക്കും.”
അതുകൊണ്ട്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് കേവലം നാവുകൊണ്ടുള്ള ഒരു പ്രസ്താവനയല്ല. മറിച്ച്, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന, ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളിൽ പോലും പതറാതെ നിലനിൽക്കുന്ന സത്യസന്ധമായ ഒരു നിലപാടായിരിക്കണം. അതാണ് ഈ കലിമത്തിന്റെ നാലാമത്തെ നിബന്ധന.
അഞ്ച്: സ്നേഹം (المحبة) – വെറുപ്പിന് സ്ഥാനമില്ലാത്ത ഇഷ്ടം
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അഞ്ചാമത്തെ നിബന്ധന ‘അൽ-മഹബ്ബത്ത്’ (المحبة) അഥവാ സ്നേഹമാണ്. ഈ കലിമത്തിനോടും, അത് അറിയിക്കുന്ന അല്ലാഹുവിനോടും , അവന്റെ റസൂലിനോടും ﷺ, ഈ കലിമത്ത് തേടുന്ന കാര്യങ്ങളോടും, ഈ കലിമത്തിന്റെ ആളുകളായ സത്യവിശ്വാസികളോടുമുള്ള സ്നേഹമാണിത്. ഈ സ്നേഹം, ഈ കലിമത്തിനോടോ അത് ഉൾക്കൊള്ളുന്ന കാര്യങ്ങളോടോ ഉള്ള വെറുപ്പിനെയും (الكراهة) അനിഷ്ടത്തെയും നിരാകരിക്കുന്നു.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. അല്ലാഹു പറയുന്നു:
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ
ജനങ്ങളിൽ ചിലർ അല്ലാഹുവിന് പുറമെ ചില സമന്മാരെ സ്വീകരിക്കുന്നവരുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ അവർ അവരെയും സ്നേഹിക്കുന്നു. എന്നാൽ സത്യവിശ്വാസികൾ അല്ലാഹുവോട് ഏറ്റവും ശക്തമായ സ്നേഹമുള്ളവരാകുന്നു. (ഖുർആൻ:2/165)
യഥാർത്ഥ വിശ്വാസിയുടെ അടയാളം അല്ലാഹുവിനോടുള്ള അതിശക്തമായ സ്നേഹമാണ്. ഈ സ്നേഹമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്തോടുള്ള സ്നേഹത്തിന്റെ കാതൽ.
2. നബി ﷺ ഈമാനിന്റെ മാധുര്യത്തെക്കുറിച്ച് പറഞ്ഞു:
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، …
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ ആരിലുണ്ടോ, അവൻ ഈമാനിന്റെ മാധുര്യം കണ്ടെത്തി: അല്ലാഹുവും അവന്റെ റസൂലും ﷺ മറ്റെല്ലാറ്റിനേക്കാളും അവന് പ്രിയപ്പെട്ടവരാവുക … (ബുഖാരി:16)
സ്വന്തം ശരീരത്തെക്കാളും, മാതാപിതാക്കളെക്കാളും, മക്കളെക്കാളും, സർവ്വ ജനങ്ങളെക്കാളും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ﷺ സ്നേഹിക്കുമ്പോഴാണ് ഈമാൻ പൂർണ്ണമാകുന്നത്. ഈ സ്നേഹമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന നിബന്ധനയുടെ ഭാഗം.
3. അല്ലാഹു പറയുന്നു:
قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ
(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ നിങ്ങൾ പിൻപറ്റുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്. (ഖുർആൻ:3/31)
അല്ലാഹുവിനോടുള്ള സ്നേഹം കേവലം ഒരു വാദമല്ല, മറിച്ച് നബി ﷺ യെ പിൻപറ്റുന്നതിലൂടെ ജീവിതത്തിൽ തെളിയിക്കപ്പെടേണ്ട ഒരു യാഥാർത്ഥ്യമാണ്. ബിലാൽ رَضِيَ اللَّهُ عَنْهُ മക്കയിലെ ചുട്ടുപഴുത്ത മണലാരണ്യത്തിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ‘അഹദുൻ, അഹദ്’ (ഏകൻ, ഏകൻ) എന്ന് ഉരുവിട്ടത് ഈ സ്നേഹം ഹൃദയത്തിൽ ഉണ്ടായിരുന്നതുകൊണ്ടാണ്. ഫിർഔന്റെ മാരണക്കാർ സത്യം മനസ്സിലാക്കിയപ്പോൾ, കൈകാലുകൾ വെട്ടിമുറിച്ച് ക്രൂശിക്കുമെന്ന ഫിർഔന്റെ ഭീഷണിക്ക് മുന്നിൽ പതറാതെ നിന്നത് ഈ സ്നേഹം കൊണ്ടാണ്.
അതുകൊണ്ട്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്ന ഒരുവൻ ഈ കലിമത്തിനെയും അതിന്റെ താൽപര്യങ്ങളെയും അങ്ങേയറ്റം സ്നേഹിക്കണം. പരീക്ഷണങ്ങൾ വരുമ്പോൾ ആ സ്നേഹമായിരിക്കണം അവനെ ഉറപ്പിച്ചു നിർത്തേണ്ടത്. വെറുപ്പിനെയും അനിഷ്ടത്തെയും നിരാകരിക്കുന്ന ഈ മഹബ്ബത്ത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അഞ്ചാമത്തെ നിബന്ധനയാണ്.
ആറ്: കീഴ്പ്പെടൽ (الانقياد) – ഉപേക്ഷയില്ലാത്ത സമർപ്പണം
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ആറാമത്തെ നിബന്ധന ‘അൽ-ഇൻഖിയാദ്’ (الانقياد) ആണ്. ഉപേക്ഷയെ (الترك) നിരാകരിക്കുന്ന സമ്പൂർണ്ണമായ കീഴ്പ്പെടലും സമർപ്പണവുമാണിത്. ഈ കലിമത്ത് പ്രഖ്യാപിക്കുന്നവൻ ബാഹ്യമായും ആന്തരികമായും അതിന് സമ്പൂർണ്ണമായി കീഴ്പ്പെടണം. അതായത്, അല്ലാഹുവിന്റെ കൽപ്പനകൾക്ക് വഴിപ്പെട്ടും അവൻ വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിച്ചും ജീവിക്കണം. ഇസ്‌ലാം എന്ന വാക്കിന്റെ അർത്ഥം തന്നെ തൗഹീദുകൊണ്ട് അല്ലാഹുവിന് കീഴ്പ്പെടുക, ആരാധനകൾ കൊണ്ട് അവന് വഴിപ്പെടുക, ശിർക്കിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക എന്നാണ്. ഈ സമർപ്പണമാണ് ഇൻഖിയാദ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. അല്ലാഹു കൽപ്പിക്കുന്നു:
وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ
നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങുകയും അവന് കീഴ്പ്പെടുകയും ചെയ്യുക. (ഖുർആൻ:39/54)
ഇവിടെ وَأَسْلِمُوا لَهُ (അവന് കീഴ്പ്പെടുക) എന്നത് ഇൻഖിയാദിന്റെ വ്യക്തമായ കൽപ്പനയാണ്.
2. അല്ലാഹു പറയുന്നു:
وَمَن يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ
ആരൊരാൾ സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുന്നുവോ, അവൻ ബലിഷ്ഠമായ ഒരു പാശത്തിൽ തന്നെയാണ് പിടിച്ചിരിക്കുന്നത്. (ഖുർആൻ:31/22)
ഇവിടെ الْعُرْوَةِ الْوُثْقَىٰ (ബലിഷ്ഠമായ പാശം) എന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആണെന്ന് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പോലുള്ള പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുവിന് കീഴ്പ്പെടുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ ഈ കലിമത്തിൽ മുറുകെ പിടിക്കുന്നത്.
3. അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വിധിക്ക് കീഴ്പ്പെടുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا
ഇല്ല, താങ്കളുടെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ താങ്കളെ വിധികർത്താവാക്കുകയും, താങ്കൾ വിധിച്ചതിനെപ്പറ്റി പിന്നീട് അവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് കീഴ്പ്പെടുകയും ചെയ്യുന്നതുവരെ അവർ വിശ്വാസികളാവുകയില്ല. (ഖുർആൻ:4/65)
അല്ലാഹുവിനും അവന്റെ റസൂലിനും ﷺ പൂർണ്ണമായി കീഴ്പ്പെടുന്നത് ഈ നിബന്ധനയുടെ ഭാഗമാണ്.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് നാവുകൊണ്ട് പറയുകയും, എന്നാൽ അല്ലാഹുവിന്റെ കൽപ്പനകൾക്ക് (നമസ്കാരം, സകാത്ത് പോലുള്ളവ) കീഴ്പ്പെടാതിരിക്കുകയും ചെയ്യുന്നത് ഈ നിബന്ധനക്ക് എതിരാണ്. ഹൃദയവും അവയവങ്ങളും അല്ലാഹുവിന്റെ വിധിവിലക്കുകൾക്ക് പൂർണ്ണമായി സമർപ്പിക്കുമ്പോഴാണ് ഇൻഖിയാദ് എന്ന ശർത്ത് പൂർത്തിയാകുന്നത്.
ഏഴ്: സ്വീകാര്യത (القبول) – നിരസിക്കലിന് പഴുതില്ലാത്ത അംഗീകാരം
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ഏഴാമത്തെയും അവസാനത്തെയും നിബന്ധന ‘അൽ-ഖബൂൽ’ (القبول) അഥവാ സ്വീകാര്യതയാണ്. തിരസ്കരണത്തെയും നിരാകരണത്തെയും (الرد) നിശ്ശേഷം ഇല്ലാതാക്കുന്ന പൂർണ്ണമായ അംഗീകാരമാണിത്. ഈ കലിമത്തിനെയും അത് തേടുന്ന എല്ലാ കാര്യങ്ങളെയും ഹൃദയം കൊണ്ടും നാവുകൊണ്ടും അവയവങ്ങൾ കൊണ്ടും ഒരുപോലെ സ്വീകരിക്കണം.
മക്കയിലെ മുശ്‌രിക്കുകൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ആദർശം മനസ്സിലാക്കിയിരുന്നെങ്കിലും, അവർ അത് സ്വീകരിക്കാൻ തയ്യാറായില്ല. തങ്ങളുടെ പൂർവ്വികരുടെ വഴിയും ആരാധ്യന്മാരെയും ഉപേക്ഷിക്കാൻ അവർ വിസമ്മതിച്ചു. അഹങ്കാരം അവരെ ഈ കലിമത്ത് സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞു.
പ്രമാണങ്ങളിൽ നിന്നുള്ള തെളിവുകൾ
1. അല്ലാഹു മുശ്‌രിക്കുകളെക്കുറിച്ച് പറയുന്നു:
إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ ﴿٣٥﴾ وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ ﴿٣٦﴾
നിശ്ചയമായും അവരോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയപ്പെട്ടാൽ അവർ അഹങ്കാരം നടിക്കുമായിരുന്നു. അവർ പറയും: ‘ഒരു ഭ്രാന്തനായ കവിക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കുന്നവരാണെന്നോ?’ (ഖുർആൻ:37/35-36)
അവരുടെ അഹങ്കാരം അവരെ ഈ സത്യവചനം തിരസ്കരിക്കാൻ പ്രേരിപ്പിച്ചു.
2. അവരുടെ പ്രതികരണത്തെക്കുറിച്ച് അല്ലാഹു വീണ്ടും പറയുന്നു:
أَجَعَلَ الْآلِهَةَ إِلَٰهًا وَاحِدًا ۖ إِنَّ هَٰذَا لَشَيْءٌ عُجَابٌ
ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? നിശ്ചയമായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ. (ഖുർആൻ:38/5)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ആശയം അവർക്ക് മനസ്സിലായെങ്കിലും, അവർക്കത് സ്വീകാര്യമായിരുന്നില്ല. അവർ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്.
3. നബി ﷺ ഒരു ഉപമ പറഞ്ഞു:
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَثَلُ مَا بَعَثَنِي اللَّهُ بِهِ مِنَ الْهُدَى وَالْعِلْمِ كَمَثَلِ الْغَيْثِ الْكَثِيرِ أَصَابَ أَرْضًا، فَكَانَ مِنْهَا نَقِيَّةٌ قَبِلَتِ الْمَاءَ، فَأَنْبَتَتِ الْكَلأَ وَالْعُشْبَ الْكَثِيرَ، وَكَانَتْ مِنْهَا أَجَادِبُ أَمْسَكَتِ الْمَاءَ، فَنَفَعَ اللَّهُ بِهَا النَّاسَ، فَشَرِبُوا وَسَقَوْا وَزَرَعُوا، وَأَصَابَتْ مِنْهَا طَائِفَةً أُخْرَى، إِنَّمَا هِيَ قِيعَانٌ لاَ تُمْسِكُ مَاءً، وَلاَ تُنْبِتُ كَلأً، فَذَلِكَ مَثَلُ مَنْ فَقِهَ فِي دِينِ اللَّهِ وَنَفَعَهُ مَا بَعَثَنِي اللَّهُ بِهِ، فَعَلِمَ وَعَلَّمَ، وَمَثَلُ مَنْ لَمْ يَرْفَعْ بِذَلِكَ رَأْسًا، وَلَمْ يَقْبَلْ هُدَى اللَّهِ الَّذِي أُرْسِلْتُ بِهِ ”
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു എന്നെ നിയോഗിച്ച സന്മാർഗ്ഗത്തിന്റെയും വിജ്ഞാനത്തിന്റെയും ഉപമ, ഭൂമിയിൽ പെയ്ത സമൃദ്ധമായ മഴ പോലെയാണ്. അതിൽ ചില ഭൂമി ഫലഭൂയിഷ്ഠമായിരുന്നു. അത് വെള്ളം സ്വീകരിച്ച് ധാരാളം പുല്ലുകളും സസ്യലതാദികളും മുളപ്പിച്ചു. മറ്റു ചിലത് തരിശുഭൂമിയായിരുന്നു. അത് വെള്ളം കെട്ടിനിർത്തി. അങ്ങനെ ജനങ്ങൾ അതിൽ നിന്ന് കുടിക്കുകയും (മൃഗങ്ങളെ) കുടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗം ഭൂമിയിൽ മഴ പെയ്തു. അത് വെള്ളം കെട്ടിനിർത്തുകയോ പുല്ല് മുളപ്പിക്കുകയോ ചെയ്യാത്ത ഒരു ചതുപ്പുനിലം മാത്രമായിരുന്നു. ഇത് അല്ലാഹുവിന്റെ ദീനിൽ വിജ്ഞാനം നേടുകയും, അല്ലാഹു എന്നെ അയച്ച സന്ദേശം പ്രയോജനപ്പെടുത്തുകയും, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും, അതിലേക്ക് തലയുയർത്തി നോക്കുകയോ ഞാൻ നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ സന്മാർഗ്ഗം സ്വീകരിക്കുകയോ ചെയ്യാത്തവന്റെയും ഉപമയാകുന്നു.” (ബുഖാരി:79)
അല്ലാഹുവിന്റെ റസൂൽ ﷺ കൊണ്ടുവന്ന സന്മാർഗ്ഗമാകുന്ന മഴയെ പൂർണ്ണമായി സ്വീകരിക്കുന്ന ഫലഭൂയിഷ്ഠമായ ഭൂമിയെപ്പോലെയാകണം വിശ്വാസി. അതിനെ തള്ളിക്കളയുന്ന തരിശുഭൂമിയെപ്പോലെ ആകരുത്. അതുകൊണ്ട്, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുന്നവൻ ഈ കലിമത്തിനെയും അതിന്റെ എല്ലാ തേട്ടങ്ങളെയും പൂർണ്ണമായി, യാതൊരുവിധ തിരസ്കാരവുമില്ലാതെ സ്വീകരിക്കണം. ആരാധനകൾ മുഴുവൻ അല്ലാഹുവിന് മാത്രമാക്കുക എന്ന അതിന്റെ അടിസ്ഥാന ആശയത്തെ മനസ്സാ വാചാ കർമ്മണാ അംഗീകരിക്കണം. ഇതാണ് ഏഴാമത്തെ നിബന്ധന.
ഉപസംഹാരം
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സത്യസാക്ഷ്യ വചനം ഇസ്‌ലാമിന്റെ അടിസ്ഥാനവും വിജയത്തിലേക്കുള്ള മാർഗ്ഗവുമാണ്. എന്നാൽ, കേവലം നാവുകൊണ്ടുള്ള ഒരു ഉച്ചാരണം എന്നതിലുപരി, അതൊരു മഹത്തായ ഉടമ്പടിയാണ്. ആ ഉടമ്പടി പൂർണ്ണമാകണമെങ്കിൽ അതിന് ഏഴ് നിബന്ധനകളുണ്ട്:
1. അറിവ് (العلم)
2. ദൃഢവിശ്വാസം (اليقين)
3. നിഷ്കളങ്കത (الإخلاص)
4. സത്യസന്ധത (الصدق)
5. സ്നേഹം (المحبة)
6. കീഴ്പ്പെടൽ (الانقياد)
7. സ്വീകാര്യത (القبول)
ഈ നിബന്ധനകളെല്ലാം പ്രമാണങ്ങളാൽ സ്ഥിരപ്പെട്ടതും പണ്ഡിതന്മാർ വിശദീകരിച്ചതുമാണ്. ഇവയിലൊന്ന് നഷ്ടപ്പെട്ടാൽ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന താക്കോലിന് അതിന്റെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടതുപോലെയാണ്. പല്ലില്ലാത്ത താക്കോൽ കൊണ്ട് സ്വർഗ്ഗത്തിന്റെ കവാടം തുറക്കാൻ സാധിക്കുകയില്ല.
അതിനാൽ, ഓരോ മുസ്‌ലിമും ഈ നിബന്ധനകൾ പഠിക്കുകയും, മനസ്സിലാക്കുകയും, ജീവിതത്തിൽ പൂർണ്ണമായി സാക്ഷാത്കരിക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അപ്പോഴാണ് ഈ കലിമത്ത് നമുക്ക് ഇഹത്തിലും പരത്തിലും യഥാർത്ഥ രക്ഷയും വിജയവും നൽകുന്നത്.
ഈ മഹത്തായ വചനം അതിന്റെ എല്ലാ നിബന്ധനകളോടും കൂടി ഉൾക്കൊണ്ട് ജീവിക്കാനും, അതിൽ അടിയുറച്ച് മരിക്കാനും സർവ്വശക്തനായ അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ബഹുമാന്യനായ ഉസ്താദ് അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനിയുടെ ദർസുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.
www.kanzululoom.com