മനുഷ്യന്‍ പൊതുവില്‍ നന്മയും വിജയവും ആഗ്രഹിക്കുന്നവനാണ്. ഒരു സംരംഭം പുതുതായി തുടങ്ങുമ്പോള്‍, ഒരു കാര്യം തീരുമാനിക്കുമ്പോൾ അതിന്റെ മുന്നോടിയെന്നോണം തദ്‌വിഷയകമായി അതുമായി ബന്ധപ്പെട്ടവരോടും അതിനെ കുറിച്ച് അറിവും പരിചയവുമുള്ളവരോടുമൊക്കെ കൂടിയാലോചന നടത്തുന്നത് നല്ലതാണ്.
ഒരുപാട് നന്മകള്‍ കൂടിയാലോചനയിലുണ്ട്. ഏറ്റവും നല്ലതിലേക്കുള്ള വഴി അത് സുഗമമാക്കും. മികച്ച അഭിപ്രായങ്ങള്‍ കണ്ടെത്തുവാനും അതുവഴി നിര്‍ഭയത്വ ബോധമുണ്ടാക്കുവാനും സാധിക്കുന്നു. ഏകാധിപത്യ പ്രവണത സ്വന്തം ജീവിതത്തിൽ ഇല്ലാതെയാകും. മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസ്സ് സ്വയമുണ്ടാകും. ഏത് കാര്യത്തിലും കൂടിയാലോചന നടത്തൽ നല്ല സ്വഭാവമായിട്ടാണ് ഇസ്‌ലാം കാണുന്നത്. മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറഞ്ഞു:
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (ഖു൪ആന്‍:6/159)
അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്ന നബി ﷺ യോടുപോലും കാര്യങ്ങളില്‍ മറ്റുള്ളവരുമായി കൂടിയാലോചന നടത്തുവാന്‍ കല്‍പിക്കപ്പെടുമ്പോള്‍, കേവലം പ്രവാചകന്‍മാരല്ലാത്ത നേതാക്കളും, ഭരണകര്‍ത്താക്കളുമൊക്കെ അവരുടെ കീഴിലുള്ളവരുമായി കൂടിയാലോചന നടത്തുന്നതിന്‍റെ ആവശ്യകത എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതാണ്.
അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പാത്രങ്ങളായിത്തീരുന്ന സത്യവിശ്വാസികളുടെ ചില ഗുണങ്ങള്‍ വിവരിക്കുന്നതിനിടയില്‍ അല്ലാഹു പറയുന്നു:
وَٱلَّذِينَ ٱسْتَجَابُوا۟ لِرَبِّهِمْ وَأَقَامُوا۟ ٱلصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും. (ഖു൪ആന്‍:42/38)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: മനുഷ്യന്റെ പാരത്രികമോ, മതപരമോ ആയ വശങ്ങളിൽ മാത്രമല്ല, ലൗകികവും ഭൗതികവുമായ വശങ്ങളിൽ പോലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗുണമത്രെ ഇത്. തർക്കവും കക്ഷിവഴക്കും അവസാനിപ്പിക്കുന്നതിലും, മതകാര്യങ്ങളും, പൊതുകാര്യങ്ങളും, നടപ്പാക്കുന്നതിലും, ഭിന്നാഭിപ്രായങ്ങളിൽ യോജിപ്പ് വരുത്തുന്നതിലും, നാനാമുഖങ്ങളായ പ്രശ്നങ്ങളെ നേരിടുന്നതിലുമെല്ലാം തന്നെ കൂടിയാലോചന എത്രമാത്രം പ്രയോജനകരമാണെന്നു എടുത്ത് പറയേണ്ടതില്ല. നേരെമറിച്ച് അത്യാവശ്യമായ തോതിലെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ ഏകപക്ഷീയമായി കാര്യങ്ങൾ കയ്യാളുന്നത് നിമിത്തം ഉണ്ടാകാറുള്ള ഭവിഷ്യത്തുകൾ പലപ്പോഴും വമ്പിച്ചതായിരിക്കും. അല്ലാഹുവിങ്കൽ നിന്ന് വഹ്‌യ് ലഭിക്കുന്ന ആളായിരുന്നിട്ട് പോലും, പ്രധാന വിഷയങ്ങൾ നേരിടുമ്പോഴെല്ലാം നബി ﷺ തിരുമേനി സ്വഹാബികളുമായി അവയെപ്പറ്റി കൂടിയാലോചന നടത്തുക പതിവായിരുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 42/38ന്റെ വിശദീകരണം)
إن الله تعالى قد أجار أمتي أن تجتمع على ضلالة
നബി ﷺ പറഞ്ഞു: വഴികേടിൽ ഒരുമിച്ച് കൂടുന്നതിനെ തൊട്ട് എന്റെ സമുദായത്തെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. (സ്വഹീഹുൽ ജാമിഅ‍്: 1786)
കുടുംബരംഗം മുതല്‍ സാമൂഹികരംഗം അടക്കമുള്ള ഏതു മേഖലയിലും കൂടിയാലോചന അനിവാര്യമാണെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഭാര്യയോടും മക്കളോടും കുടുംബകാര്യങ്ങള്‍ കൂടിയാലോചിക്കുന്നതും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സഹപ്രവര്‍ത്തകരോട് കൂടിയാലോചന നടത്തുന്നതുമൊക്കെ ഇസ്ലാം പഠിപ്പിക്കുന്ന നന്മയുടെ ഭാഗമാണ്. അത് ശ്രദ്ധിക്കുന്ന സമൂഹത്തില്‍ അഭ്യന്തര പ്രശ്നങ്ങള്‍ കുറവായിരിക്കും. ഐക്യവും സാഹോദര്യവും ശക്തിപ്പെടും.
ഒരാൾ ഒരു കാര്യം കൂടിയാലോചനയില്ലാതെ ചെയ്താല്‍ എന്തെങ്കിലും സംഭവിക്കുമൊയെന്ന ഭയം അയാളെ പിടികൂടും. കൂടിയാലോചിക്കാതെലഒറ്റക്ക് ചെയ്തതിന് ശേഷം ചിലപ്പോള്‍ അനിഷ്ടകരമായത് എന്തെങ്കിലും സംഭവിച്ചാൽ, ആരോടെങ്കിലും ആലോചിച്ച് ചെയ്താമതിയായിരുന്നു എന്ന ഖേദം അയാളെ പിടികൂടുകയും ചെയ്യും. കൂടിയാലോചന ചെയ്യുന്നവർ ഇതിൽ നിന്നെല്ലാം സുരക്ഷിതരാണ്.
قال علي بن أبي طالب رضي الله عنــه : المشـــاورة حصن من الندامة وأمن عن الملامة
അലിയ്യിബ്നു അബീത്വാലിബ് (റ) പറഞ്ഞു: കൂടിയാലോചന നടത്തല്‍, ഖേദത്തില്‍നിന്ന് സുരക്ഷിതവും, ഭയത്തില്‍നിന്ന് നിര്‍ഭയത്വവുമാണ്. (الذريعة الى مكارم شريعة 210)
قال علي بن أبي طالب رضي الله عنــه : الاستشارة عين الهداية وقد خاطر من استغنى برأيه
അലി(റ) പറയുന്നു: കൂടിയാലോചനയാണ് ശരിയായ മാര്‍ഗദര്‍ശനം. സ്വന്തം അഭിപ്രായത്തില്‍ ധന്യത കണ്ടെത്തുന്നവര്‍ ജീവന്‍ അപകടപ്പെടുത്തിയിരിക്കുകയാണ്. (أدب الدنيا والدين)
കൂടിയാലോചനയെ കുറിച്ച് ഖുർആൻ പരാമർശിച്ച ചില രംഗങ്ങൾ കൂടി കാണുക:
فَإِنْ أَرَادَا فِصَالًا عَن تَرَاضٍ مِّنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدتُّمْ أَن تَسْتَرْضِعُوٓا۟ أَوْلَٰدَكُمْ فَلَا جُنَاحَ عَلَيْكُمْ
ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല. (ഖു൪ആന്‍:2/233)
കുട്ടികള്‍ക്ക് പൂര്‍ണമായ രണ്ട് വര്‍ഷം മുല കൊടുക്കുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള അനിവാര്യമായ മാറ്റം ആവശ്യമായിവരുന്ന പക്ഷമോ, അല്ലെങ്കില്‍ മാതാവിന് പകരം മറ്റൊരു സ്ത്രീയെ ഈ ദൗത്യം ഏല്പിക്കേണ്ടതായി വരുന്നുവെങ്കിലോ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നും മാതാപിതാക്കള്‍ പരസ്പരം കൂടിയാലോചിച്ച്, തൃപ്തിയോടെയുള്ള ഒരു മാര്‍ഗം തേടണമെന്നും അല്ലാഹു ഉണര്‍ത്തുന്നു.
أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَآرُّوهُنَّ لِتُضَيِّقُوا۟ عَلَيْهِنَّ ۚ وَإِن كُنَّ أُو۟لَٰتِ حَمْلٍ فَأَنفِقُوا۟ عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَـَٔاتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا۟ بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُۥٓ أُخْرَىٰ
നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ. (ഖു൪ആന്‍:65/6)
വിവാഹമോചനം (ത്വലാഖ്) ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു അവരുടെ ഇദ്ദഃകാലം കഴിയുന്നതുവരെ ഭര്‍ത്താവ് താമസ സൗകര്യം നല്‍കേണ്ടതാണ്. അവള്‍ ഗര്‍ഭിണിയാണെങ്കിൽ പ്രസവം കുഴിയുന്നതുവരെ അവളുടെ ചിലവ് നടത്തുകയും വേണം. പ്രസവാനന്തരം കുട്ടിക്കു അവള്‍ മുലകൊടുക്കുന്ന പക്ഷം അവള്‍ക്ക് തക്കതായ പ്രതിഫലവും നല്‍കേണ്ടതുണ്ട്. പ്രതിഫലം എന്തായിരിക്കണമെന്നും, അവള്‍ക്ക് തന്നെ അതു നിര്‍വഹിക്കാമോ എന്നും മറ്റും ഇരുഭാഗക്കാരും അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാകുന്നു.
قَالَتْ يَٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ
അവള്‍ പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എന്‍റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദേശം നല്‍കുക. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. (ഖു൪ആന്‍:27/32)
സുലൈമാൻ നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് നല്‍കിയ എഴുത്തും അതിലെ പരാമര്‍ശങ്ങളും രാജ്ഞി തന്റെ കൂടെയുള്ള പ്രമുഖരുടെ മുന്നില്‍ അവതരിപ്പിച്ച് അഭിപ്രായമാരാഞ്ഞിരുന്നു. ഇത് മുഫസ്വിറുകൾ എടുത്ത് പറഞ്ഞിട്ടുണ്ട്.
ഏകപക്ഷീയമായ ഒരു തീരുമാനമെടുക്കുന്നില്ല. പരസ്പര ചര്‍ച്ചയിലൂടെ തീരുമാനം കൈക്കൊള്ളാം എന്നത് കൂടിയാലോചനയുടെ അടിസ്ഥാന തത്വമായി വിലയിരുത്തപ്പെടുന്നതാണ്. അതാണ് ബില്‍ഖീസ് രാജ്ഞിയുടെ ചരിത്രത്തില്‍ അനാവരണം ചെയ്തിട്ടുള്ളത്. (തഫ്സീറുൽ ഖുര്‍തുബി)
അല്ലാഹുവിങ്കല്‍ നിന്ന് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്ന നബി ﷺ യോടുപോലും കാര്യങ്ങളില്‍ മറ്റുള്ളവരുമായി കൂടിയാലോചന നടത്തുവാന്‍ അല്ലാഹു കൽപ്പിച്ചുവല്ലോ. അവിടുന്ന് അത് കൃത്യമായി പാലിച്ചിട്ടുമുണ്ട്. ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍, താന്‍ പറയും നിങ്ങള്‍ കേള്‍ക്കുക, യാതൊരു വിഷയത്തിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല’, എന്ന നിലപാടല്ലായിരുന്നൂ സ്വഹാബികളോട് പ്രവാചകന്ന് ഉണ്ടായിരുന്നത്. എത്രയോ ഭൗതിക വിഷയങ്ങളില്‍ നബി ﷺ സഹാ ത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
അബൂഹുറയ്‌റ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍ തന്റെ സ്വഹാബികളോട് കൂടിയാലോചിക്കുന്നതിനെക്കാള്‍ കൂടിയാലോചിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (തിര്‍മിദി).
യുദ്ധരംഗങ്ങളില്‍ നബി ﷺ അനുയായികളോട് കൂടിയാലോചിച്ചതിന്റെയും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന്റെയും തെളിവുകള്‍ ചരിത്രത്തില്‍ കാണുവാന്‍ സാധിക്കും. ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട ഉദാഹരണം കാണുക:
നബി ﷺ യുംം അനുയായികളും ബദ്ര്‍ യുദ്ധത്തിനുള്ള പുറപ്പാടിലാണ്. ഇശാഅ് സമയമായപ്പോഴേക്കും അവര്‍ ബദ്‌റിലെ വെള്ളസ്ഥലത്തെത്തി.അവിടെ നില്‍ക്കാന്‍ തീരുമാനിച്ചു.അന്നേരം ഹുബാബുബ്‌നുല്‍ മുന്‍ദിര്‍(റ) നബി ﷺ യോട് ചോദിച്ചു: ”ഈ താവളം തിരഞ്ഞെടുത്തത് അല്ലാഹുവിന്റെ കല്‍പന പ്രകാരമാണോ അതോ അങ്ങയുടെ സ്വന്തം അഭിപ്രായപ്രകാരമോ?അതല്ല, യുദ്ധതന്ത്രമായിട്ടാണോ? ‘നബി ﷺ പറഞ്ഞു: ‘എന്റെ അഭിപ്രായപ്രകാരം മാത്രമാണ്; യുദ്ധതന്ത്രവുമാണ്.’ഹുബാബ്(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ ഇവിടെയല്ല നല്ലത്; അല്‍പം കൂടി നീങ്ങിയാല്‍ വെള്ളമുള്ളസ്ഥലത്തിന്റെ മുന്നില്‍ നില്‍ക്കാം.അവിടെ കുഴിയുണ്ടാക്കി വെള്ളം നിറക്കാം.മക്കക്കാര്‍ക്ക് വെള്ളം ലഭിക്കുകയുമില്ല.’ നബി ﷺ ആ അഭിപ്രായം അംഗീകരിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു.
മറ്റൊരു സംഭവം കാണുക:
ബദ്ര്‍ താഴ്‌വരയുടെ അതിര്‍ത്തിയില്‍ ഉദ്‌വത്തുല്‍ ഖുസ്‌വായിലെ മണല്‍കുന്നിനു പിന്നില്‍ ക്വുറൈശികള്‍ തമ്പടിച്ചു. മുസ്‌ലിം സൈന്യം ദുഫ്‌റാന്‍ താഴ്‌വരയിലാണ്.നബി ﷺ സ്വഹാബിമാരോട് കൂടിയാലോചിച്ചു.തെക്കോട്ടു വന്നുകൊണ്ടിരിക്കുന്ന വര്‍ത്തക സംഘം, വടക്കോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന പട്ടാളസംഘം. ഇവയില്‍ ഏതിനെ നേരിടണം?ശക്തികുറഞ്ഞ വര്‍ത്തക സംഘത്തെ നേരിട്ടാല്‍ പോരേ എന്ന് ചിലര്‍ക്കൊക്കെ തോന്നിയ സന്ദര്‍ഭത്തില്‍ അബൂബക്ര്‍ സ്വിദ്ദീക്വ്(റ), ഉമര്‍(റ) എന്നിവര്‍ നബി ﷺ യുടെ അഭിപ്രായത്തോട് യോജിച്ചു.അതായത് പട്ടാളസംഘവുമായി യുദ്ധത്തിലേര്‍പെടുക എന്ന അഭിപ്രായം.അപ്പോള്‍ മുഹാജിറുകളുടെ കൂട്ടത്തില്‍നിന്നും മിഖ്ദാദുബ്നുഅസ്‌വദ്(റ) ഇപ്രകാരം പറഞ്ഞു: ‘അങ്ങയോട് അല്ലാഹു എന്തു കല്‍പിച്ചുവോ അതിലേക്ക് അങ്ങ് പോയിക്കൊള്ളുക.ഇസ്‌റാഈല്യര്‍ മൂസാനബിയോട് താനും തന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങളിവിടെ ഇരിക്കുകയാണ് എന്ന് പറഞ്ഞതു പോലെ ഞങ്ങള്‍ ഒരിക്കലും പറയുകയില്ല…’
അന്‍സ്വാരികളുടെ നേതാവായ സഅദ്ബ്‌നു മുആദ്(റ) പറഞ്ഞു: ‘ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങ് കൊണ്ടുവന്നതിനെയെല്ലാം ശരിവെക്കുകയുംഅങ്ങേക്ക് പ്രതിജ്ഞ നല്‍കുകയും ചെയ്തവരാണ്. ഈ സമുദ്രം വിലങ്ങില്‍ കടന്നുപോകുവാന്‍ അങ്ങ് കല്‍പിച്ചാലും ഞങ്ങള്‍ സമുദ്രത്തില്‍ ഇറങ്ങുവാന്‍ തയ്യാറാണ്.’പ്രവാചകന്‍ ﷺ വളരെ സന്തോഷിച്ചു. അദ്ദേഹം പ്രഞ്ഞു: ”അല്ലാഹുവിന്റെ അനുഗ്രഹത്തോടെ നടക്കുവിന്‍, സന്തോഷിക്കുവിന്‍.ആ ജനങ്ങള്‍ വീണുകിടക്കുന്ന സ്ഥാനങ്ങള്‍ ഞാന്‍ കാണുന്നതു പോലെ തോന്നുന്നു.’
എന്നാല്‍ ചിലര്‍ സ്വേഛാധിപതികളായി, ആരോടും ഒരു നന്മയിലും കൂടിയാലോചനയില്ലാതെ വീട്ടിലും ജോലിസ്ഥലത്തും പൊതുപ്രവര്‍ത്തനത്തിലുമൊക്കെ വര്‍ത്തിക്കുന്നതായി കാണാം. തന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്ന ഇത്തരം സ്വേഛാധിപത്യ പ്രവണത നന്മയുടെ വക്താക്കളുടെ സ്വഭാവമല്ലെന്ന് അത്തരക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആളുകള്‍ അവരെ വെറുക്കുകയും അവരില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയുമായിരിക്കും അതിന്റെ അനന്തരഫലം.
ഒരു വിശ്വാസിക്ക് മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയണം. മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പ്രയാസവും അഹന്തയുമാണ് കൂടിയാലോചന നടത്തുന്നവര്‍ക്ക് പലപ്പോഴും തടസ്സമായി നില്‍ക്കുന്നത്. അഹന്തയുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഉണര്‍ത്തിയ നബി ﷺ അഹന്തയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ
അഹങ്കാരമെന്നത് സത്യത്തെ അവമതിക്കലും മറ്റുള്ളവരെ ചെറുതാക്കലുമാണ്. (മുസ്‌ലിം)
kanzululoom.com