ശിര്‍ക്കിന്റെ ഇനങ്ങൾ

ശിർക്ക് മൂന്ന് ഇനങ്ങളാണ്. വലിയ ശിർക്ക്, ചെറിയ ശിർക്ക്, ഗോപ്യമായ ശിർക്ക് എന്നിവയാണവ.

(ഒന്ന്) വലിയ ശിർക്ക്

വലിയ ശിർക്കിലായി ഒരാൾ മരിച്ചാൽ അവന്റെ എല്ലാ പ്രവർത്തനങ്ങളും അതോടെ നിഷ്ഫലമാകുന്നതാണ്. നരകത്തിൽ ശാശ്വതവാസം അവന് നിർബന്ധമായിത്തീരുന്നതാണ്.

وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ

അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍ :6/88)

مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا۟ مَسَٰجِدَ ٱللَّهِ شَٰهِدِينَ عَلَىٰٓ أَنفُسِهِم بِٱلْكُفْرِ ۚ أُو۟لَٰٓئِكَ حَبِطَتْ أَعْمَٰلُهُمْ وَفِى ٱلنَّارِ هُمْ خَٰلِدُونَ

ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും. (ഖു൪ആന്‍ :9/17)

ശിർക്കിലായി മരിച്ചവന് ഒരിക്കലും അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. സ്വർഗം അവന് ഹറാമാണ്. അല്ലാഹു പറഞ്ഞത് കാണുക:

إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌.  (ഖു൪ആന്‍:4/48)

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. (ഖു൪ആന്‍:5/72)

മരണപ്പെട്ടവരെയും ബിംബങ്ങളെയും വിളിച്ചുതേടുകയും അവരോട് സഹായമർത്ഥിക്കുകയും ചെയ്യുക, അവരുടെ പേരിൽ നേർച്ചയാക്കുക, അവർക്ക് വേണ്ടി അറവ് നടത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം വലിയ ശിർക്കിന്റെ വിവിധയിനങ്ങളാണ്.

(രണ്ട്) ചെറിയ ശിർക്ക്

വലിയ ശിർക്കിന്റെ ഗണത്തിൽ പെടുകയില്ലെങ്കിലും, ഖുർആനിലും സുന്നത്തിലും ‘ശിർക്ക്’ എന്ന് വിശേഷിപ്പിക്കപ്പെട്ട കാര്യങ്ങൾക്കാണ് ചെറിയ ശിർക്ക് എന്ന് പറയുന്നത്. ചില കർമങ്ങൾ ആളുകളെ കാണിക്കാനായി ചെയ്യുക, അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക, ‘അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ’ എന്നുപറയുക തുടങ്ങിയ കാര്യങ്ങൾ ചെറിയ ശിർക്കിന് ഉദാഹരണങ്ങളാണ്.

عَنْ مَحْمُودِ بْنِ لَبِيدٍ الأَنْصَارِيَّ‏- رضى الله عنه ‏- قَالَ: قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم : إنَّ أخْوَفَ ما أخافُ عليكم الشِّركُ الأصْغَرُ، قالوا: وما الشِّركُ الأصْغَرُ يا رسولَ اللهِ؟ قال: الرِّياءُ

മഹ്മൂദ് ബ്നു ലബീദ് അൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ കാര്യത്തില്‍ ചെറിയശിര്‍ക്കിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.’ സ്വഹാബത്ത് ചോദിച്ചു: ‘എന്താണ് റസൂലേ ചെറിയ ശിര്‍ക്ക്? നബി ﷺ പറഞ്ഞു:രിയാഅ് (ലോകമാന്യം) ആണത്. (അഹ്മദ്,ത്വബ്റാനി, ബൈഹഖി)

രിയാഅ് അഥവാ ലോകമാന്യത എന്നാൽ ആളുകളെ കാണിക്കാൻ വേണ്ടി സൽകർമങ്ങൾ പ്രവർത്തിക്കലാണ്.

عَنْ عُمَرَ، أَنَّهُ قَالَ لَا وَأَبِي فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَهْ إِنَّهُ مَنْ حَلَفَ بِشَيْءٍ دُونَ اللَّهِ فَقَدْ أَشْرَكَ‏.‏

ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവല്ലാത്ത വല്ലതിന്റെയും പേരിൽ സത്യം ചെയ്താൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു. (അഹ്മദ് )

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ كَفَرَ أَوْ أَشْرَكَ

നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്താൽ അവൻ കുഫ്ർ അല്ലെങ്കിൽ ശിർക്ക് പ്രവർത്തിച്ചിരിക്കുന്നു. (തിര്‍മിദി)

عَنْ حُذَيْفَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لاَ تَقُولُوا: مَا شَاءَ اللَّهُ وَشَاءَ فُلاَنٌ وَلَكِنْ قُولُوا: مَا شَاءَ اللَّهُ ثُمَّ شَاءَ فُلاَنٌ ‏”‏ ‏.‏

ഹുദൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവും ഇന്നയാളും ഉദ്ദേശിച്ചതുപോലെ’ എന്ന് നിങ്ങൾ പറയരുത്. മറിച്ച്, ‘അല്ലാഹുവും പിന്നെ ഇന്നയാളും ഉദ്ദേശിച്ചതുപോലെ’ എന്ന് നിങ്ങൾ പറഞ്ഞുകൊള്ളുക. (അബൂദാവൂദ് )

ചെറിയ ശിർക്ക് സംഭവിച്ചതുകൊണ്ട് മാത്രം ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തുപോവുകയില്ല. നരകത്തിൽ ശാശ്വത ശിക്ഷ അതുകൊണ്ട് നിർബന്ധമാകുന്നുമില്ല. എന്നാൽ തൗഹീദിന്റെ നിർബന്ധമായ പൂർത്തീകരണത്തിന് എതിരു നിൽക്കുന്ന കാര്യമാണ് ചെറിയ ശിർക്ക്.

(മൂന്ന്) ഗോപ്യമായ ശിർക്ക്

عَنْ أَبِي سَعِيدٍ الْخُدْرِيِّ،عَنِ النَّبِيِّ صلى الله عليه وسلم قَالَ: ألا أخبركم بما هو أخوف عليكم عندي من المسيح الدجال؟ قلنا: بلى يا رسول الله، قال: الشرك الخفي، يقوم الرجل فيصلي فيزين صلاته لما يرى من نظر الرجل إليه،

അബൂസഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മസീഹുദ്ദജ്ജാലിനേക്കാൾ നിങ്ങളിൽ ഞാൻ ഭയപ്പെടുന്ന കാര്യമെന്താണെന്ന് നിങ്ങൾക്ക് ഞാൻ അറിയിച്ചുതരട്ടെ? അവർ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ! അപ്പോൾ അവിടുന്ന് പറഞ്ഞു: ഗോപ്യമായ ശിർക്കാണത്. അഥവാ, ഒരാൾ നിസ്കരിക്കാൻ നിൽക്കുന്നു. മറ്റൊരാൾ തന്നെ വീക്ഷിക്കുന്നു എന്ന് കണ്ടതിനാൽ അവൻ തന്റെ നിസ്കാരത്തിന് മോടി കൂട്ടുന്നു. (അഹ്മദ്)

ശിർക്കിനെ രണ്ട് ഇനങ്ങളായി മാത്രം തിരിച്ചാലും തെറ്റില്ല. അഥവാ വലിയ ശിർക്ക്, ചെറിയ ശിർക്ക്, എന്നീ രണ്ട് ഇനങ്ങൾ. ഗോപ്യമായ ശിർക്കാകട്ടെ ഈ രണ്ട് ഇനങ്ങളിലും കടന്നുവരാം. വലിയ ശിർക്കിൽ കടന്നു വരുന്നതിനുള്ള ഉദാഹരണമാണ് മുനാഫിഖുകളുടെ ശിർക്ക്. കാരണം അവർ അവരുടെ പിഴച്ച വിശ്വാസം മൂടിവെക്കുന്നവരാണ്. ആളുകളുടെ മുൻപിൽ അവർ ഇസ്ലാം അഭിനയിക്കുന്നു. അപായം ഭയന്നാണ് അവരത് ചെയ്യുന്നത്. ചെറിയ ശിർക്കിൽ ഗോപ്യമായ ശിർക്ക് കടന്നു വരുന്നതിനുള്ള ഉദാഹരണമാണ് ലോകമാന്യത.

 

ശൈഖ് ഇബ്നു ബാസ് رحمه الله യുടെ الدروس المهمة لعامة الأمة എന്ന് ഗ്രന്ഥത്തിൽ നിന്നും

 

 

kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *