ശിർക്ക്‌ ഏറ്റവും വലിയ പാപം

‘ഏറ്റവും വലിയ പാപം’ ഏതാണെന്ന് ചോദിച്ചാല്‍ കൊലപാതകവും വ്യഭിചാരവും മറ്റുമൊക്കെയാണെന്ന് അധികം ആളുകളും പറയുന്നത്. എന്നാല്‍ ഇസ്ലാമില്‍ ഏറ്റവും വലിയ പാപം ശി൪ക്കാണ്. മുസ്ലിംകള്‍ പോലും ഇത് ഗൌരവത്തോടെ ചിന്തിക്കുന്നില്ലെന്നുള്ളതൊരു വസ്തുതയാണ്. ശി൪ക്ക് ചെയ്യുന്നത് ഒരു വലിയ തെറ്റായി കാണാതിരിക്കുന്നതും കൊലപാതകവും വ്യഭിചാരവുമൊക്കെ ഏറ്റവും വലിയ തെറ്റായി കാണുന്നതും ശി൪ക്കിന്റെ ഗൌരവം എന്താണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ്.

ശി൪ക്കിന്റെ ഗൌരവം

عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ ‏:‏ أَنْ تَجْعَلَ لِلَّهِ نِدًّا وَهْوَ خَلَقَكَ

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം : ഞാന്‍ നബി ﷺ യോട് ചോദിച്ചു: ഏത് തിന്‍മയാണ് ഏറ്റവും ഗൌരവമുള്ളത്. നബി ﷺ പറഞ്ഞു: നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്. (ബുഖാരി:7520)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ‏”‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)

عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي خَلِيلِي ـ صلى الله عليه وسلم ـ أَنْ ‏ لاَ تُشْرِكْ بِاللَّهِ شَيْئًا وَإِنْ قُطِّعْتَ وَحُرِّقْتَ

അബുദ്ദ൪ദാഅ് (റ) പറഞ്ഞു: എന്റെ കൂട്ടുകാരനായ നബി ﷺ എനിക്ക് വസ്വിയത്ത് നല്‍കി: നീ അല്ലാഹുവില്‍ ഒരിക്കലും പങ്ക് ചേ൪ക്കരുത്. നിന്റെ ശരീരം കഷ്ണങ്ങളാക്കപ്പെട്ടാലും. നിന്നെ കത്തിച്ച് കളഞ്ഞാലും. (ഇബ്നുമാജ:4034 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

സക്കരിയാ നബിയുടെ(അ) പുത്രന്‍ യഹ്’യായോട് (അ) അഞ്ച് വാക്കുകള്‍ പ്രാവ൪ത്തികമാക്കാനും അപ്രകാരം ഇസ്റാഈല്‍ സന്തതികളോട് നി൪ദ്ദേശിക്കാനും അല്ലാഹു കല്‍പ്പിച്ചു. ഹാരിഥുല്‍ അശ്അരിയില്‍(റ) നിന്നും റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ഹദീസില്‍ അക്കാര്യം കാണാം. അതില്‍ ഒന്നാമത്തെ കാര്യം ഇപ്രകാരമായിരുന്നു.

فَقَالَ إِنَّ اللَّهَ أَمَرَنِي بِخَمْسِ كَلِمَاتٍ أَنْ أَعْمَلَ بِهِنَّ وَآمُرَكُمْ أَنْ تَعْمَلُوا بِهِنَّ أَوَّلُهُنَّ أَنْ تَعْبُدُوا اللَّهَ وَلاَ تُشْرِكُوا بِهِ شَيْئًا وَإِنَّ مَثَلَ مَنْ أَشْرَكَ بِاللَّهِ كَمَثَلِ رَجُلٍ اشْتَرَى عَبْدًا مِنْ خَالِصِ مَالِهِ بِذَهَبٍ أَوْ وَرِقٍ فَقَالَ هَذِهِ دَارِي وَهَذَا عَمَلِي فَاعْمَلْ وَأَدِّ إِلَىَّ فَكَانَ يَعْمَلُ وَيُؤَدِّي إِلَى غَيْرِ سَيِّدِهِ فَأَيُّكُمْ يَرْضَى أَنْ يَكُونَ عَبْدُهُ كَذَلِكَ

എന്നിട്ട് അദ്ദേഹം (യഹ്‌യാ നബി) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു എന്നോട് അഞ്ച് വചനങ്ങളെ കൊണ്ട് പ്രവര്‍ത്തിക്കുവാനും അവകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നിങ്ങളോട് കല്‍പിക്കുവാനും എന്നോട് കല്‍പിക്കുകയുണ്ടായി. അവയില്‍ ആദ്യത്തേത്, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കലുമാകുന്നു. തീര്‍ച്ചയായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ ഒരുവനെപോലെയാകുന്നു: അയാള്‍ തന്റെ ധനത്തിലെ മുന്തിയതായ സ്വര്‍ണമോ വെള്ളിയോ കൊണ്ട് ഒരു അടിമയെ വാങ്ങി. എന്നിട്ട് അയാള്‍ പറഞ്ഞു: ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ജോലി. അതിനാല്‍ നീ (ജോലി) ചെയ്യുകയും എനിക്കുള്ളത് നല്‍കുകയും ചെയ്യുക. അങ്ങനെ (അടിമ) ജോലി ചെയ്യും. യജമാനനല്ലാത്തവര്‍ക്ക് അടിമ നല്‍കുകയും ചെയ്യും. അങ്ങനെയുള്ള അയാളുടെ അടിമയെ നിങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെടുമോ? (തിര്‍മിദി:44/3102)

عَنْ مُعَاذٍ ـ رضى الله عنه ـ قَالَ كُنْتُ رِدْفَ النَّبِيِّ صلى الله عليه وسلم عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ ‏”‏ يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ ‏”‏‏.‏ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا ‏”‏‏.‏

മുആദില്‍(റ) നിന്നും നിവേദനം : ഞാനൊരു കഴുതപ്പുറത്ത്‌ നബിയുടെ പിറകിൽ യാത്ര ചെയ്യുന്നവനായിരുന്നു. അപ്പോൾ നബി ﷺ എന്നോട്‌ ചോദിച്ചു : മുആദ്‌ , അടിമകളുടെ മേൽ അല്ലാഹുവിന്റെ അവകാശം എന്താണെന്നും അല്ലാഹുവിന്റെ മേലുള്ള അടിമകളുടെ അവകാശങ്ങൾ ഏതൊക്കെയാണെന്നും നിനക്കറിയുമോ? ഞാൻ പറഞ്ഞു : അല്ലാഹുവും അവന്റെ പ്രവാചകനുമാണ് ഏറ്റവും നന്നായി അറിയുന്നവൻ. നബി ﷺ പറഞ്ഞു : അടിമകളുടെ മേലുള്ള അല്ലാഹുവിന്റെ അവകാശം അവനെ മാത്രം ആരാധിക്കണമെന്നും അവനിൽ യാതൊന്നിനെയും പങ്ക്‌ ചേർക്കരുത്‌ എന്നതാണ്. അടിമകൾക്ക്‌ അവന്റെ (അല്ലാഹുവിന്റെ ) മേലുള്ള അവകാശമാകട്ടെ അല്ലാഹുവിൽ ഒന്നിനെയും പങ്ക്‌ ചേർക്കാത്തവരെ അവൻ ശിക്ഷിക്കുകയില്ല എന്നതുമാണ്. (ബുഖാരി:2859)

ﻭَﺇِﺫْ ﻗَﺎﻝَ ﻟُﻘْﻤَٰﻦُ ﻟِﭑﺑْﻨِﻪِۦ ﻭَﻫُﻮَ ﻳَﻌِﻈُﻪُۥ ﻳَٰﺒُﻨَﻰَّ ﻻَ ﺗُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ۖ ﺇِﻥَّ ٱﻟﺸِّﺮْﻙَ ﻟَﻈُﻠْﻢٌ ﻋَﻈِﻴﻢٌ

ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.(ഖു൪ആന്‍ :31/13)

عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَأَصْبَحْتُ يَوْمًا قَرِيبًا مِنْهُ وَنَحْنُ نَسِيرُ فَقُلْتُ يَا رَسُولَ اللَّهِ أَخْبِرْنِي بِعَمَلٍ يُدْخِلُنِي الْجَنَّةَ وَيُبَاعِدُنِي مِنَ النَّارِ ‏.‏ قَالَ ‏”‏ لَقَدْ سَأَلْتَنِي عَنْ عَظِيمٍ وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ تَعْبُدُ اللَّهَ وَلاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصُومُ رَمَضَانَ وَتَحُجُّ الْبَيْتَ ‏”‏

മുആദ്‌(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക. നബി ﷺ പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ്നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക, സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. (തിർമിദി:2616)

ശിർക്ക് ചെയ്തവർക്ക് പൊറുത്തു കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കരുതെന്ന് നബി ﷺ യോടും സത്യവിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്.

مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ

അല്ലാഹുവില്‍ പങ്ക് ചേ൪ത്തവ൪ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്ക് വേണ്ടി പാപമോചനം തേടുവാന്‍ – അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും – പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. (ഖുർആൻ: 9/113)

قال شيخ الإسلام ابن تيمية-رحمه الله-: ولا شيء أحب إلى الله من التوحيد ولا شيء أبغض إليه من الشرك

ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു: ‘തൗഹീദിനേക്കാള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യവുമില്ല.ശിര്‍ക്കിനേക്കാള്‍ അവന് ഏറ്റവും വെറുപ്പുള്ള ഒരു കാര്യവുമില്ല. (الإستقامة ٣٦٤)

എന്താണ്‌ ശിർക്ക്‌?

ശി൪ക്ക് എന്നാല്‍ ‘അത് വിഗ്രഹാരാധനയാണ് അല്ലെങ്കില്‍ ഒരുപാട് ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലാണ് അതുമല്ലെങ്കില്‍ മഹാന്‍മാ൪ക്ക് സ്വന്തമായി കഴിവുണ്ടെന്ന് വിശ്വസിക്കലാണ് ‘ എന്നൊക്കെയാണെന്ന് ആളുകള്‍ കരുതിപോകുന്നത്. അതെല്ലാം ശി൪ക്കാണെങ്കിലും അത് മാത്രമാണോ ശി൪ക്കെന്നും എങ്ങനെയൊക്കെയാണ് ശി൪ക്ക് സംഭവിക്കുന്നതെന്നും നാം വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.

അല്ലാഹുവിന് തുല്ല്യനായി ഒരാളെ നിശ്ചയിക്കുന്നതാണ് ശി൪ക്ക് എന്ന് ഒറ്റ വാക്കില്‍ പറയാം. അഥവാ, അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതാണ് ശി൪ക്ക്. അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങള്‍ മൂന്നാണ്.

1. റുബൂബിയ്യത്ത്

ഈ ലോകത്തുള്ള എല്ലാത്തിനേയും സൃഷ്ടിച്ചത് അല്ലാഹുവാണ്. സൃഷ്ടിച്ചുവെന്ന് മാത്രമല്ല, അവയെയെല്ലാം സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നവനും അവന്‍ മാത്രമാണ്. അവനാണ് എല്ലാത്തിനേയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. ചുരുക്കത്തില്‍ എല്ലാത്തിന്റേയും റബ്ബ് അവന്‍ മാത്രമാണ്. ഈ പ്രവ൪ത്തനങ്ങളിലെല്ലാം അവന്‍ ഏകനാണ്. അതിലൊന്നും അവന് ഏതെങ്കിലും സഹായിയോ പങ്കാളിയോ ഇല്ല. ഇതാണ് റുബൂബിയ്യത്ത്.

وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :3/189)

وَخَلَقَ كُلَّ شَىْءٍ فَقَدَّرَهُۥ تَقْدِيرًا

ഓരോ വസ്തുവിനേയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍ :25/2)

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, പിന്നീട് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ട് സിംഹാസനസ്ഥനാവുകയും ചെയ്ത അല്ലാഹുവാകുന്നു. അവന്റെ അനുവാദത്തിന് ശേഷമല്ലാതെ യാതൊരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുന്നതല്ല. അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (ഖു൪ആന്‍ :10/3)

هُوَ ٱلَّذِى يُحْىِۦ وَيُمِيتُ ۖ فَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഒരു കാര്യം അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉണ്ടാകൂ എന്ന് അതിനോട് അവന്‍ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അത് ഉണ്ടാകുന്നു. (ഖു൪ആന്‍ :40/6)

وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ :10/107)

2. ഉലൂഹിയത്ത്

ഇബാദത്തുകള്‍ അ൪പ്പിക്കപ്പെടാനും ആരാധിക്കപ്പെടാനും അ൪ഹതയുള്ള ഇലാഹ് അല്ലാഹു മാത്രമാണ്. അല്ലാഹു അല്ലാതെ ആരുംതന്നെ ആരാധിക്കപ്പെടരുത്. ഒരു സൃഷ്ടികള്‍ക്കും ഇബാദത്ത് അ൪പ്പിക്കപ്പെട്ടുകൂടാ. ഇതാണ് ഉലൂഹിയത്ത്.

إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍ :20/14)

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖു൪ആന്‍ :1/5)

3. അസ്മാഉ വ സ്വിഫാത്ത്

അല്ലാഹുവിന് അനേകം നാമങ്ങളും വിശേഷണങ്ങളും ഉണ്ട്. അതെല്ലാം അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ളതാണ്. ഒരു സൃഷ്ടിയും അതില്‍ അല്ലാഹുവിനോട് സാദൃശ്യമുള്ളവരായി ഇല്ല. ഇതാണ് അസ്മാഉ വ സ്വിഫാത്ത് കൊണ്ടുദ്ദേശിക്കുന്നത്.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്ക് വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍ :7/180)

لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)

അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള ഈ മൂന്ന് കാര്യങ്ങളേയും അല്ലാഹു ഒരു ആയത്തിലൂടെ അറിയിച്ചിട്ടുണ്ട്.

رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റേയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവനുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖു൪ആന്‍ :19/65)

റുബൂബിയ്യത്ത്, ഉലൂഹിയത്ത്, അസ്മാഉ വ സ്വിഫാത്ത് തുടങ്ങി അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള ഈ മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അല്ലാഹുവിന് പങ്കാളിയുണ്ടെന്ന് വിശ്വസിച്ചാല്‍ ശി൪ക്ക് സംഭവിക്കുന്നു. അതോടെ അവന്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്തുകടക്കുന്നു.

അല്ലാഹുവിനെ കൂടാതെ മറ്റൊരു റബ്ബുണ്ടെന്നോ സൃഷ്ടാവുണ്ടെന്നോ ഉപകാരങ്ങളും ഉപദ്രവങ്ങളും ഉടമപ്പെടുത്തിയവനുണ്ടെന്നോ ഈ പ്രപഞ്ചത്തിന്റെ നിയന്ത്രണ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഏതെങ്കിലും ഔലിയാക്കന്‍മാ൪ ഉണ്ടെന്നോ ഉള്ള വിശ്വാസം റുബൂബിയ്യത്തിലെ ശി൪ക്കിന് ഉദാഹരണമാണ്.

അല്ലാഹുവിനെ കൂടാതെ ഇബാദത്തുകള്‍ അ൪പ്പിക്കപ്പെടാവുന്ന ഏതെങ്കിലും ഇലാഹ് ഉണ്ടെന്ന വിശ്വാസം ഉലൂഹിയത്തിലെ ശി൪ക്കാണ്. അല്ലാഹുവല്ലാത്ത സൃഷ്ടികളോട് പ്രാ൪ത്ഥിക്കുക, പ്രാ൪ത്ഥനയുടെ പരിധിയില്‍‍ വരുന്ന സഹായതേട്ടം നടത്തുക (ഉദാഹരണത്തിന് മരിച്ചവരോടുള്ള എല്ലാവിധ സഹായതേട്ടങ്ങളും), അല്ലാഹുവല്ലാത്തവ൪ക്ക് വേണ്ടി ബലിഅറുക്കുകയും നേ൪ച്ച നി൪വ്വഹിക്കുകയും ചെയ്യുക എന്നിവയെല്ലാം ഉലൂഹിയത്തിലെ ശി൪ക്കിന് ഉദാഹരണങ്ങളാണ്.

അല്ലാഹു കാണുന്നതുപോലെ കാണുന്നവനുണ്ടെന്നോ അല്ലാഹു കേള്‍ക്കുന്നതുപോലെ കേള്‍ക്കുന്നവനുണ്ടെന്നോ ആരെങ്കിലും വിശ്വസിച്ചാല്‍, അത് സ്വന്തമായ കഴിവാണെന്ന് കരുതിയാലും അല്ലാഹു കൊടുത്ത കഴിവാണെന്ന് കരുതിയാലും അസ്മാഉ വ സ്വിഫാത്തിലെ ശി൪ക്കായി. അല്ലാഹുവിന്റെ ഏതെങ്കിലും നാമമോ വിശേഷണമോ മറ്റാ൪ക്കെങ്കിലും വകവെച്ചുകൊടുത്താലോ അപ്രകാരം മറ്റാ൪ക്കെങ്കിലും ഉണ്ടെന്ന് വിശ്വസിച്ചാലോ അസ്മാഉ വ സ്വിഫാത്തിലെ ശി൪ക്ക് സംഭവിച്ചു.

فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ

അതിനാല്‍ അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌. (ഖു൪ആന്‍ : 2/22)

അല്ലാഹുവിന്‍റെ ഉല്‍കൃഷ്ടങ്ങളായ ഗുണവിശേഷങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ, അല്ലെങ്കില്‍ അവന്‍റെ സത്തയിലോ ഏതെങ്കിലും തരത്തിലുള്ള തുല്യതയോ, പങ്കോ മറ്റേതെങ്കിലും വസ്തുവിനുണ്ടെന്ന് സങ്കല്‍പിക്കുക എന്നത്രെ അവന് സമന്മാരെ (أَنْدَادًا) ഏര്‍പ്പെടുത്തുക എന്നതിന്‍റെ വിവക്ഷ. ഈ സങ്കല്‍പത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതും, ഈ സങ്കല്‍പത്തില്‍ പര്യവസാനിക്കുന്നതുമായ വാക്കും, പ്രവൃത്തിയും, വിശ്വാസവുമെല്ലാം ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടവയാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/22 ന്റെ വിശദീകരണം)

ശി൪ക്കിന്റെ തുടക്കം

ആദ്യ മനുഷ്യനായ ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറ തൌഹീദിലായി നിലനിന്നിരുന്നു.

كَانَ ٱلنَّاسُ أُمَّةً وَٰحِدَةً

മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു…………. (ഖു൪ആന്‍ : 2/213)

ആദം നബിക്ക്(അ) ശേഷമുള്ള പത്ത് തലമുറകള്‍ കഴിഞ്ഞാണ് ശി൪ക്ക് ലോകത്തേക്ക് ആദ്യമായി കടന്നു വരുന്നത്.

وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً فَٱخْتَلَفُوا۟

മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്‌. ……(ഖു൪ആന്‍ : 10/19)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:

عن عبدالله بن عباس: كان بينَ نوحٍ وآدَمَ عشَرةُ قُرونٍ، كُلُّهم على شَريعةٍ مِن الحقِّ، فاختَلَفوا، فبعَثَ اللهُ النَّبيِّينَ مُبشِّرينَ ومُنذِرين. قال: وكذلك هي في قراءةِ عبدِ اللهِ: (كان النّاسُ أمَّةً واحدةً، فاختَلَفوا).

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ആദമിനും നൂഹിനും ഇടയില്‍ പത്ത് നൂറ്റാണ്ടുകളുണ്ടായിരുന്നു. അവരെല്ലാവരും ശരിയായ ശരീഅത്തിലായിരുന്നു (തൌഹീദിലായിരുന്നു). പിന്നീടവ൪ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷ വാ൪ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായികൊണ്ട് നബിമാരെ നിയോഗിച്ചു. (ഹാകിം)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറഞ്ഞു: ആദം സന്തതികളില്‍ സംഭവിച്ച ആദ്യത്തെ ശിര്‍ക്ക് ഇതായിരുന്നു. അത് നൂഹ്(അ)ന്റെ ജനതയിലുമായിരുന്നു.’

മനുഷ്യ സമൂഹത്തില്‍ ശിര്‍ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു? രണ്ട് അല്ലാഹു ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നില്ല ശിര്‍ക്കിന്റെ രംഗപ്രവേശനം. പിന്നെയോ? മരണപ്പെട്ട മഹാന്‍മാരെ ഉപയോഗിച്ചാണ് ലോകത്ത് ആദ്യമായി ശി൪ക്ക് സംഭവിക്കുന്നതിന് വേണ്ടി പിശാച് പരിശ്രമിച്ചത്. അതായത്, മരണപ്പെട്ടുപോയ സദ്‌വൃത്തരായ പുണ്യവാന്മാരുടെ സ്മരണക്കും ബഹുമാനത്തിനും വേണ്ടി അവരുടെ പ്രതിരൂപങ്ങള്‍ നിർമ്മിക്കുകയും, കാലാന്തരത്തില്‍ അവയോടുള്ള ബഹുമാനം അതിരുകവിഞ്ഞ് ആളുകൾ അവയെ ആരാധിച്ചു തുടങ്ങുകയും ചെയ്യുന്നതിന് വേണ്ടിയാണ് ശൈത്വാൻ പരിശ്രമിച്ചത്.

നൂഹ് നബി(അ)ന്റെ ജനതയിലുള്ളവര്‍ അഞ്ച് പ്രധാനപ്പെട്ട ആളുകളെ ആരാധിച്ചിരുന്നു. അവരുടെ പേരുകള്‍ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا

അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ഇലാഹുകളെ ഉപേക്ഷിക്കരുത്‌. വദ്ദ്‌, സുവാഅ്‌, യഗൂഥ്‌, യഊഖ്‌, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്‌. (ഖു൪ആന്‍ : 71/23)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:

وهي أسماء رجال صالحين من قوم نوح عليه السلام ، فلما هلكوا أوحى الشيطان إلى قومهم أن انصبوا إلى مجالسهم التي كانوا يجلسون فيها أنصابا وسموها بأسمائهم ، ففعلوا ، فلم تعبد حتى إذا هلك أولئك وتنسخ العلم عبدت

ഇവരെല്ലാം നൂഹ്‌നബിയുടെ(അ) സമുദായത്തില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍മാരായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ പിശാച്‌ ആ ജനതക്ക്‌ ദുര്‍ബോധനം നല്‍കി. ആ പുണ്യ പുരുഷന്‍മാര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര്‌ നല്‍കിക്കൊണ്ട്‌ ചില പ്രതിഷ്‌ഠകള്‍ സ്ഥാപിക്കണമെന്ന്‌ പിശാച്‌ മന്ത്രിച്ചു. അവര്‍ അപ്രകാരം ചെയ്‌തു. അവര്‍ ആദ്യം അവരെ ആരാധിച്ചിരുന്നില്ല.’ ആ തലമുറ മരണെപ്പട്ടുപോയി. അത്‌ സംബന്ധിച്ചുള്ള അറിവ്‌ ഇല്ലാതാവുകയും ചെയ്‌തു. തുടര്‍ന്ന്‌ അവര്‍ ആരാധിക്കപ്പെട്ടു. (ബുഖാരി)

كانوا قوما صالحين بين آدم ونوح وكان لهم أتباع يقتدون بهم ، فلما ماتوا قال أصحابهم الذين كانوا يقتدون بهم : لو صورناهم كان أشوق لنا إلى العبادة إذا ذكرناهم ، فصوروهم ، فلما ماتوا وجاء آخرون دب إليهم إبليس فقال : إنما كانوا يعبدونهم وبهم يسقون المطر ، فعبدوهم .

ആദമിന്റെയും നൂഹിന്റെയും ഇടക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സജ്ജനങ്ങളായിരുന്നു ഇവര്‍. (വദ്ദ്‌, സുവാഅ്‌, യഗൂസ്‌, യഊക്വ്‌, നസ്‌ര്‍) അവരെ അംഗീകരിക്കുകയും ചെയ്യുന്ന ചില അനുയായികള്‍ അവര്‍ക്ക്‌ ഉണ്ടായിരുന്നു. ആ മഹാത്മാക്കള്‍ മരിച്ചപ്പോള്‍ പ്രസ്‌തുത അനുയായികള്‍ പറഞ്ഞു. ആ മഹാത്മാക്കളുടെ പ്രതിഷ്‌ഠകള്‍ നിര്‍മിച്ചുവെക്കാം. അവരെ അനുസ്‌മരിക്കുമ്പോള്‍ അത്‌ നമുക്ക്‌ അല്ലാഹുവെ ആരാധിക്കുന്നതിനു കൂടുതല്‍ പ്രചോദനം നല്‍കും. അങ്ങനെ കേവലം അനുസ്‌മരണത്തിനായി സ്ഥാപിക്കപ്പെട്ട പ്രതിമകള്‍- നിര്‍മിച്ച തലമുറ മരണപ്പെട്ടു. തുടര്‍ന്ന്‌ ഇബ്‌ലീസ്‌ പിന്‍തലമുറക്ക്‌ ദുര്‍ബോധനം നല്‍കി. നിങ്ങളുടെ പൂര്‍വീകര്‍ ഈ പ്രതിമകളെ ആരാധിച്ചിരുന്നു. അതുമുഖേന അവര്‍ക്ക്‌ മഴ ലഭിച്ചു. അങ്ങനെ അവര്‍ ആ വിഗ്രഹങ്ങളെ ആരാധിച്ചുതുടങ്ങി. (ഇബ്‌നുകസീര്‍: 8/305)

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: പൂര്‍വികരില്‍ ചിലര്‍ പറഞ്ഞു: അവര്‍ മരിച്ചപ്പോള്‍ അവരുടെ ക്വബറിങ്കല്‍ അവര്‍ ഭജനമിരിക്കുകയും പിന്നീട് അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കാലം കുറെ ദീര്‍ഘിച്ചപ്പോള്‍ അവര്‍ അവരെ ആരാധിച്ചു.

നൂഹ് നബി(അ)ന്റെ ജനതയെ പിശാച് പിഴപ്പിച്ചതിന്റെ പടവുകള്‍ നോക്കൂ. ആദ്യം അവരോട് വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്വ്, നസ്വ്ര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ ഉണ്ടാക്കുവനായി നിര്‍ദേശിക്കുന്നു. ആ സമയം അവരെ ആരാധിക്കുവാന്‍ അവരോട് അവന്‍ കല്‍പിച്ചില്ല. മറിച്ച് അവരെക്കുറിച്ചുള്ള ഓര്‍മകളും മറ്റും നിലനില്‍ക്കാനും അതിലൂടെ നിങ്ങളുടെ ജീവിതം നന്നാക്കാനും ഇത് നല്ലതാണ് എന്ന് തോന്നിപ്പിച്ചു. അടുത്ത തലമുറയോട് അവയെ ആരാധിക്കുവാനുള്ള ദുര്‍ബോധനമാണ് നടത്തിയത്. ഇവിടെ എത്രയോ ആളുകള്‍ മരണപ്പെട്ടല്ലോ. എന്നാല്‍ അവരുടെയെല്ലാം രൂപം നിര്‍മിച്ചതായി നാം കാണുന്നില്ല. പക്ഷേ, അഞ്ചുപേരുടെ മാത്രം രൂപങ്ങള്‍ കാണപ്പെടുന്നു. അതിന് ചില കാരണങ്ങളുണ്ട്. ഇവര്‍ നല്ലവരായ ആളുകളായിരുന്നു. അതിനാല്‍ അവരുടെ അടുത്തേക്ക് ജനങ്ങള്‍ പാപങ്ങള്‍ പൊറുത്തു കിട്ടാനും തങ്ങളുടെ കാര്യങ്ങള്‍ സാധിപ്പിച്ചു കിട്ടാനും അല്ലോഹുവിനോട് തേടാനായി ചെന്നിരുന്നു. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്യും; പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടുകയും ചെയ്യും. എന്നാല്‍ അവര്‍ മരണപ്പെട്ടിരിക്കുന്നു. പക്ഷേ, അവരുടെ കഴിവുകള്‍ നിലനില്‍ക്കുന്നു. നമ്മളാകട്ടെ പാപികളാണ്. അതിനാല്‍ ഇവരെ സമീപിച്ച് ഇവരോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഇവര്‍ അല്ലാഹുവിനോട് നമ്മുടെ കാര്യങ്ങള്‍ പറഞ്ഞ് സാധിപ്പിച്ചുതരും. ഇത്തരം ദുര്‍ബോധനങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊണ്ടു. അവര്‍ അപ്രകാരം ചെയ്ത് ശിര്‍ക്കില്‍ പതിച്ചു. അല്ലാഹുവിന് മാത്രം അര്‍പ്പിക്കേണ്ട പ്രാര്‍ഥനയും നേര്‍ച്ചയും ബലിയും സത്യം ചെയ്യലും ഭജനമിരിക്കലും എല്ലാം മഹാന്മാരിലേക്ക് തിരിക്കപ്പെട്ടു.

ആ ജനതയില്‍ ശിര്‍ക്ക് തുടങ്ങിയപ്പോള്‍ അല്ലാഹു അവരിലേക്ക് നൂഹിനെ നിയോഗിച്ചു. അല്ലാഹു പറയുന്നു:

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ ۖ أَفَلَا تَتَّقُونَ

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍ :23/23)

إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ ‎﴿١﴾‏ قَالَ يَٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ ‎﴿٢﴾‏ أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ ‎﴿٣﴾‏ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ‎﴿٤﴾

തീര്‍ച്ചയായും നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയച്ചു. നിന്റെ ജനതയ്ക്ക് വേദനയേറിയ ശിക്ഷ വരുന്നതിന്റെ മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുക എന്ന് നിര്‍ദേശിച്ചു കൊണ്ട്. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വ്യക്തമായ താക്കീതുകാരനാകുന്നു. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങളില്‍ ചിലത് പൊറുത്തുതരികയും, നിര്‍ണയിക്കപ്പെട്ട ഒരു അവധി വരെ നിങ്ങളെ നീട്ടിയിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അവധി വന്നാല്‍ അത് നീട്ടി കൊടുക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍. (ഖു൪ആന്‍ : 71/1-4)

നൂഹ്(അ) 950 കൊല്ലം ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പഠിപ്പിക്കുകയും, അതിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തു.

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക് അയക്കുകയുണ്ടായി. അമ്പത് കൊല്ലം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി ….. (ഖു൪ആന്‍ : 29/14)

ചുരുക്കത്തില്‍ മരണപ്പെട്ട മഹാന്‍മാരെ ഉപയോഗിച്ചാണ് ലോകത്ത് ആദ്യമായി ശി൪ക്ക് സംഭവിക്കുന്നതിന് വേണ്ടി പിശാച് പരിശ്രമിച്ചത്. അത് ഇന്നും തുട൪ന്നുകൊണ്ടേയിരിക്കുന്നു.

മുസ്ലിം ഉമ്മത്തില്‍ ശി൪ക്ക് സംഭവിക്കുമോ?

ശി൪ക്കിനെ ഏറെ ഭയപ്പെട്ടവരായിരുന്നു പ്രവാചകന്‍മാ൪. ഇബ്രാഹിം നബി(അ) ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നതായി വിശുദ്ധ ഖു൪ആനില്‍ കാണാന്‍ കഴിയും.

ﻭَﺇِﺫْ ﻗَﺎﻝَ ﺇِﺑْﺮَٰﻫِﻴﻢُ ﺭَﺏِّ ٱﺟْﻌَﻞْ ﻫَٰﺬَا ٱﻟْﺒَﻠَﺪَ ءَاﻣِﻨًﺎ ﻭَٱﺟْﻨُﺒْﻨِﻰ ﻭَﺑَﻨِﻰَّ ﺃَﻥ ﻧَّﻌْﺒُﺪَ ٱﻷَْﺻْﻨَﺎﻡَ

ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.(ഖു൪ആന്‍ :14/35)

അതേപോലെ യഅ്ഖൂബ് നബി(അ) തന്റെ മരണസമയത്ത് പോലും ആശങ്കപ്പെട്ടത് തന്റെ സമൂഹത്തില്‍ ശി൪ക്ക് വരുമോ എന്നതായിരുന്നു.

ﺃَﻡْ ﻛُﻨﺘُﻢْ ﺷُﻬَﺪَآءَ ﺇِﺫْ ﺣَﻀَﺮَ ﻳَﻌْﻘُﻮﺏَ ٱﻟْﻤَﻮْﺕُ ﺇِﺫْ ﻗَﺎﻝَ ﻟِﺒَﻨِﻴﻪِ ﻣَﺎ ﺗَﻌْﺒُﺪُﻭﻥَ ﻣِﻦۢ ﺑَﻌْﺪِﻯ ﻗَﺎﻟُﻮا۟ ﻧَﻌْﺒُﺪُ ﺇِﻟَٰﻬَﻚَ ﻭَﺇِﻟَٰﻪَ ءَاﺑَﺎٓﺋِﻚَ ﺇِﺑْﺮَٰﻫِۦﻢَ ﻭَﺇِﺳْﻤَٰﻌِﻴﻞَ ﻭَﺇِﺳْﺤَٰﻖَ ﺇِﻟَٰﻬًﺎ ﻭَٰﺣِﺪًا ﻭَﻧَﺤْﻦُ ﻟَﻪُۥ ﻣُﺴْﻠِﻤُﻮﻥَ

എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇസ്ഹാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും.(ഖു൪ആന്‍ :2/133)

‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് ‘ പറഞ്ഞു ജീവിക്കുന്ന മുസ്ലിം ഉമ്മത്തില്‍ ശി൪ക്ക് വരത്തില്ലെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഈ ധാരണ ശരിയില്ല.

عَنِ ابْنِ عَبَّاسٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ :‏ مَا مِنْ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلاً لاَ يُشْرِكُونَ بِاللَّهِ شَيْئًا إِلاَّ شُفِّعُوا فِيهِ ‏‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം. നബി ﷺ പറഞ്ഞു: ഒരു മുസ്ലിം മരണപ്പെടുകയും ശിര്‍ക്ക് ചെയ്യാത്ത നാല്‍പതു പേര്‍ അദ്ദേഹത്തിന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍ അവരുടെ ശുപാര്‍ശ അയാളുടെ വിഷയത്തില്‍ സ്വീകരിക്കപ്പെടാതിരിക്കില്ല. (അബൂദാവൂദ് : 3170)

മയ്യിത്ത് നമസ്കരിക്കുന്നവന്‍ മുസ്ലിം മാത്രമായിരിക്കും. അങ്ങനെയുള്ള മുസ്ലിംകളില്‍ ശിര്‍ക്ക് വരാമെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാം.

സൌബാനില്‍(റ) നിന്നും നിവേദനം. നബി ﷺ പറഞ്ഞു:എന്റെ ഉമ്മത്തില്‍ പെട്ട ചില സംഘങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും മുശ്രിക്കുകളുമായി കൂടിച്ചേരുകയും ചെയ്താലല്ലാതെ അന്ത്യനാള്‍ സംഭവിക്കുകയില്ല. (ആബൂദാവൂദ് :4254)

ഇത് ആദ്യമേ വിഗ്രഹാരാധന നടത്തുന്നവരെ കുറിച്ചല്ല എന്ന് വ്യക്തമാണ്. അപ്പോള്‍ മുസ്ലിം സമൂഹത്തില്‍ ശിര്‍ക്കിന്റെ ഏറ്റവും മൂര്‍ത്തരൂപമായ വിഗ്രഹാരാധന വരെ സംഭവിക്കുമെന്നാണ് നബി ﷺ യുടെ പ്രവചനം.

മുസ്ലിംകളില്‍ ശി൪ക്ക് സംഭവിച്ചിട്ടുണ്ടോ?

റുബൂബിയ്യത്ത്, ഉലൂഹിയത്ത്, അസ്മാഉ വ സ്വിഫാത്ത് തുടങ്ങി അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള ഈ മൂന്ന് കാര്യങ്ങളിലും മുസ്ലിം ഉമ്മത്തില്‍ ശി൪ക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ശി൪ക്ക് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത സാധാരണക്കാ൪ ഇത് അറിയുന്നില്ലെന്നുള്ളതാണ് വസ്തുത. ചില ഉദാഹരണങ്ങള്‍ താഴെചേ൪ക്കുന്നു.

1. റുബൂബിയ്യത്തില്‍ ശി൪ക്ക് സംഭവിച്ചത്

അല്ലാഹുവിന് മാത്രം വകവെച്ചു കൊടുക്കേണ്ട റുബൂബിയ്യത്ത് നാരിയ സ്വലാത്തിലൂടെ മുഹമ്മദ് നബി ﷺ ക്ക് വകവെച്ചു കൊടുക്കുന്നു.

اللهم صلِّ صلاة كاملة وسلمِ سلاما تاما على سيدنا محمدٍ الّذي تنحلّ به العقد وتنفرج به الكرب وتقضى به الحوائج وتنال به الرغائب وحسن الخواتم ويستسقي الغمام بوجهه الكريم وعلى آله وصحبه في كل لمحة ونفس بعدد كلّ معلوم لك

അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുഹമ്മദ് നബി ﷺ ക്ക് പൂർണ്ണമായ സ്വലാത്തും (അനുഗ്രഹവും) പരിപൂർണ്ണമായ സലാമും (രക്ഷയും) നൽകേണമേ. ആ പ്രവാചകനെകൊണ്ടാണ് ഞങ്ങളുടെ പ്രയാസങ്ങൾ ഒഴിവാകുന്നതും, ഇടങ്ങേറുകൾ നീങ്ങിക്കിട്ടുന്നതും, ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതും, ആഗ്രഹങ്ങൾ നേടിയെടുക്കുന്നതും, ശുഭപര്യവസാനവും, മേഘങ്ങൾ മഴവർഷിക്കുന്നതും അദ്ദേഹത്തിന്റെ മാന്യമായ മുഖംകൊണ്ടാണ്; അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാരിലും എല്ലാ നിമിഷങ്ങളിലും നിന്റെ വിജ്ഞാനത്തിന്റെ എണ്ണം കണക്കെയും (നീ അനുഗ്രഹവും രക്ഷയും നൽകേണമേ).

ഇവിടെ ‘അല്ലദീ തന്ഹല്ലു ബിഹില്‍ ഉഖദ്’ മുതല്‍ ബി വജ്ഹിഹില്‍ കരീം’ വരെയുള്ളത് അല്ലാഹുവില്‍ പങ്ക് ചേ൪ക്കലാണ്. അല്ലാഹുവിന്റെ മാത്രമായ ആ പ്രവൃത്തികള്‍ നബി ﷺ ക്ക് വെച്ച് കൊടുത്തിരിക്കുന്നു. അഥവാ അല്ലാഹുവിന്റെ റുബൂബിയത്തിലും വിശേഷണങ്ങളിലും നബി ﷺ യെ പങ്ക് ചേ൪ത്തു.

‘തന്ഹല്ലു ബിഹില്‍ ഉഖദ്’ : അഥവാ, പരിഹരിക്കാന്‍ സാധിക്കാത്ത അത്യധികം പ്രയാസകരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ (മുഹമ്മദ് നബി ﷺ യെകൊണ്ട്) സാധിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നു.

‘തന്ഫരിജു ബിഹില്‍ കുറബ് : (അദ്ദേഹത്താല്‍) സങ്കടവും മനപ്രയാസങ്ങളും നീങ്ങുന്നു.

‘തുഖ്ളാ ബിഹില്‍ ഹവാഇജ്’ : (അദ്ദേഹത്താല്‍) താന്‍ ഉദ്ദേശിക്കുന്നതും നിറവേറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമായ കാര്യങ്ങള്‍ സാധ്യമാകുന്നു.

‘തനാലു ബിഹി അര്‍റഗാഇബ് വ ഹുസ്നുല്‍ ഖവാതീം’ : (അദ്ദേഹത്താല്‍) ദുന്‍യവിയായതോ ഉഖ്റവിയായതോ ആയ തന്റെ ആഗ്രഹങ്ങള്‍ സാധൂകരിക്കപ്പെടുന്നു. തനിക്ക് നല്ല പര്യവസാനം ലഭിക്കുകയും ചെയ്യുന്നു.

‘യുസ്തസ്ഖ അല്‍ഗമാമു ബി വജ്ഹിഹില്‍ കരീം’ : മഴ പെയ്യിക്കാന്‍ വേണ്ടി അല്ലാഹുവിനോട് തേടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നു

അല്ലാഹുവിന്റെ വചനം ഇതിനോട് ചേ൪ത്ത് വായിച്ചാല്‍ നാരിയ സ്വലാത്തിലെ ഗുരുതരമായ അപാകത കൂടുതല്‍ മനസ്സിലാകും.

وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവന്‍(അല്ലാഹു) ഒഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ :10/107)

وَاعْلَمْ أنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أنْ يَنْفَعُوكَ بِشَيْءِِ لَمْ يَنْفَعُوكَ بِشَيْءِِ إلاَّ قَدْ كَتَبَهُ اللهُ لَكَ، وَلَوْ اجْتَمَعُوا عَلَى أنْ يَضُرُّوكَ بِشَيْءِِ لَمْ يَضُرُّوكَ إلاَّ بِشَيْءِِ قَدْ كَتَبَهُ اللهُ عَلَيْكَ

നബി ﷺ പറഞ്ഞു : നീ മസ്സിലാക്കുക, സമൂഹം മുഴുവും നിനക്ക് ഒരു ഉപകാരം ചെയ്തുതരാന്‍ ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് തീരുമാനിച്ചു രേഖപ്പെടുത്തിയതല്ലാതെ നിനക്കു പ്രയോജപ്പെടുന്നതല്ല. (അതുപോലെ) അവര്‍ നിനക്കൊരു ഉപദ്രവം വരുത്താന്‍ ഒരുമിച്ചു ശ്രമിച്ചാലും അല്ലാഹു നിനക്കു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് ഏല്‍ക്കുന്നതുമല്ല.’ (തിര്‍മുദി – അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് നമ്പര്‍: 7957)

അല്ലാഹുവിന്റേയും റസൂലിന്റേയും ഈ പ്രഖ്യാപനത്തിനെതിരായിട്ടാണ് നാരിയത്ത് സ്വലാത്ത് ചൊല്ലുന്ന ഒരാള്‍ പ്രഖ്യാപിക്കുന്നത്. അതേപോലെ ഖുതുബിയ്യത്തിലൂടെ മഴ പെയ്യിപ്പിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖാണെന്ന് പ്രഖ്യാപിക്കുന്നു.

يَاقُطْبَ اَهْلِ السَّمَا وَالْاَرْضِ غَوْثَهُمَا ، يَافَيْضَ عَيْنَيْ وُجُوْدَيْهِمْ وَغَيْثَهُمَا

ആകാശ ഭൂമി നിവാസികളുടെ ഖുതുബും (കേന്ദ്രബിന്ദു) ഗൌസുമായവരെ, വാനലോകത്തും ഭൂമിയിലുള്ളവ൪ക്കും ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവ൪കളെ (മുഹിയിദ്ദീന്‍ ശൈഖേ) ( ഖുതുബിയ്യത് – പദാനുപദ പരിഭാഷയും വിഷദീകരണവും.-അബ്ദുസ്സമദ് ഫൈസി – പേജ് 29)

മഴ പെയ്യിപ്പിക്കുന്ന അല്ലാഹുവാണെന്ന കാര്യം വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ﻭَﻫُﻮَ ٱﻟَّﺬِﻯ ﻳُﻨَﺰِّﻝُ ٱﻟْﻐَﻴْﺚَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﻗَﻨَﻄُﻮا۟ ﻭَﻳَﻨﺸُﺮُ ﺭَﺣْﻤَﺘَﻪُۥ ۚ ﻭَﻫُﻮَ ٱﻟْﻮَﻟِﻰُّ ٱﻟْﺤَﻤِﻴﺪُ

അവന്‍ (അല്ലാഹു) തന്നെയാകുന്നു, മനുഷ്യര്‍ നിരാശപ്പെട്ട് കഴിഞ്ഞതിന് ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി. (ഖു൪ആന്‍:42/28)

2. ഉലൂഹിയത്തില്‍ ശി൪ക്ക് സംഭവിച്ചത്

മുസ്ലിം ഉമ്മത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ വഴികേടിലാക്കാന്‍ പിശാചിന് സാധിച്ചിട്ടുള്ളത് ഈ മേഖലയിലാണ്.

‘മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ച് പോയവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണ്. (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ – ഫതാവാ മുഹ്‌യിസ്സുന്ന : 2/പേജ് /38).

പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഢിതര്‍ വഹാബികളെ തെര്യപ്പെടുത്തി’. (ഹാശിം നഈമി – വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി :പേജ് /37).

ഒരാള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതുവഴി അവരെ ആരാധിക്കുകയാണ് ചെയ്യുന്നത്. മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണ്.വിളിച്ചു പ്രാര്‍ത്ഥിക്കുന്നവ൪ ഞങ്ങള്‍ മുഹിയിദ്ദീന്‍ ശൈഖിനേയും ബദ്‌രീങ്ങളേയും ആരാധിക്കുന്നില്ലെന്ന് പറഞ്ഞാലും .

عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ

നുഅ്മാനുബ്‌നു ബശീർ‌ؓ ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ്‌ ആരാധന. ശേഷം അവിടുന്ന് പാരായണം ചെയ്തു:

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്‌-സ്വഹീഹ്)

അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന അവനുള്ള ആരാധനയാണെന്നാണ് (ഇബാദത്ത്) അല്ലാഹു ഈ ആയത്തിലൂടെ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന അവ൪ക്കുള്ള ആരാധനയാണ് (ഇബാദത്താണ്.) അതുകൊണ്ടാണ് മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണെന്ന് പറയുന്നത്.
മങ്കൂസ് മൌലിദില്‍ നബി ﷺ യോട് പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതായും കാണാം.

ﺇﺭﺗﺎﻛﺒﺖ ﻋﻠﻰ ﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨ

ഇർത്തകബ്തു അലൽഖത്വാ ഗൈറഹസ്’രിൻ വ അദദ് ലക അശ്കൂ ഫീഹി യാ സൈയ്യിദീ ഖൈറന്നബീ

ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി, നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്.

ഇതെല്ലാം അല്ലാഹു പറഞ്ഞിട്ടുള്ളതിന് ഘടകവിരുദ്ധമാണെന്ന കാര്യം ആളുകള്‍ അറിയുന്നില്ല.

ﻭَﻣَﻦ ﻳَﻐْﻔِﺮُ ٱﻟﺬُّﻧُﻮﺏَ ﺇِﻻَّ ٱﻟﻠَّﻪُ

പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌? .(ഖു൪ആന്‍: 3/135 )

3.അസ്മാഉ വ സ്വിഫാത്തില്‍ ശി൪ക്ക് സംഭവിച്ചത്

അല്ലാഹുവിന് മാത്രം വകവെച്ചു കൊടുക്കേണ്ട റുബൂബിയ്യത്ത് മുഹിയിദ്ദീന്‍ മാലയിലൂടെ മുഹിയിദ്ദീന്‍ശൈഖിന്(റഹി) വകവെച്ചു കൊടുക്കുന്നു.

“വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് വായ്കൂടാ ഉത്തിരം ചെയ്യും ഞാന്‍ എന്നോവര്‍”
ആര് എവിടെ നിന്ന് എന്നെ വിളിച്ചാലും ഉടന്‍ ഉത്തരം നല്‍കുമെന്ന് മുഹിയിദ്ദീന്‍ ശൈഖ് പറഞ്ഞുവെന്നും അതിന് അദ്ദേഹത്തിന് കഴിവുണ്ടെന്നും വിശ്വസിച്ചാണ് വിളിക്കുന്നത്. ഇവിടെ ٱلسَّمِيعُ (എല്ലാം കേള്‍ക്കുന്നവന്‍) എന്ന അല്ലാഹുവിന്റെ വിശേഷണത്തില്‍ ശൈഖിനെ അല്ലാഹുവിനോട് സമപ്പെടുത്തി.

“കുപ്പിയകത്തുള്ള വസ്തുവിനെപ്പോലെ കാണും ഞാൻ നിങ്ങളെ ഖൽബകം എന്നോവർ”
ഒരു കുപ്പിക്കകത്തുള്ള വസ്തുവിനെ പോലെ വ്യക്തമായി ഒരാളുടെ ഹൃദയത്തിലുള്ള കാര്യങ്ങള്‍ മുഹിയിദ്ദീന്‍ ശൈഖ് അറിയുന്നുവെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ٱلْبَصِيرُ (എല്ലാം കാണുന്നവന്‍) എന്ന അല്ലാഹുവിന്റെ വിശേഷണത്തില്‍ ശൈഖിനെ അല്ലാഹുവിനോട് സമപ്പെടുത്തി.

ഒരാളുടെ ഹൃദയത്തിലുള്ള കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ മറ്റാ൪ക്കും അറിയാന്‍ സാധിക്കുകയില്ല. അതേപോലെ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും അല്ലാഹു മാത്രമാണ്.

ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ

തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. (ഖു൪ആന്‍ :50/16)

يَعْلَمُ خَآئِنَةَ ٱلْأَعْيُنِ وَمَا تُخْفِى ٱلصُّدُورُ

കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു. (ഖു൪ആന്‍ :40/19)

ശിർക്കിന്റെ പരിണിത ഫലങ്ങൾ

1. ഐഹിക ജീവിതത്തില്‍ നഷ്ടം

അല്ലാഹുവല്ലാത്ത ആരാധ്യന്‍മാരെ സ്വീകരിച്ചിട്ടുള്ളവ൪ ഐഹിക ജീവിതത്തില്‍ ധാരാളം ക൪മ്മങ്ങള്‍ ചെയ്ത് കഷ്ടപ്പെടുന്നവരാണ്. വിവിധ ആരാധനാ ക൪മ്മങ്ങള്‍ക്കായി ധാരാളം സമയവും സമ്പത്തും ആരോഗ്യവും അവന്‍ ത്യജിക്കുന്നു. അവന്‍ പ്രാ൪ത്ഥിക്കുമ്പോള്‍ സഹായം തേടുമ്പോള്‍ ക൪മ്മങ്ങള്‍ ചെയ്യുമ്പോള്‍ ആ ആരാധ്യ൪ അതൊന്നും അറിയുന്നതു പോലുമില്ലന്നുള്ളതാണ് വാസ്തവം.

ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ

അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)

2. മനഃശാന്തി നഷ്ടപ്പെടും

حُنَفَاءَ لِلَّهِ غَيْرَ مُشْرِكِينَ بِهِ ۚ وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ

വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. (ഖുർആൻ 22:31)

ആകാശത്ത് നിന്ന് വീണവനെ ഒന്നുകില്‍ പക്ഷികള്‍ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. ഏതായാലും അവന്റെ കാര്യം മോശമാണ്. അതേപോലെയാണ് ശി൪ക്കിന്റെ കാര്യവും . ഏകാനായ രക്ഷിതാവിനെ വിട്ട് മറ്റ് പലരേയും ആശ്രയിക്കുന്നവനെ സംബന്ധിച്ചിടത്തോളം ഒന്നിലും അവന് തൃപ്തി വരില്ല. ഇന്ന് ഒരാധ്യനെ അവന്‍ ആശ്രയിക്കും. നാളെ മറ്റൊരാരാധ്യനെ അവന്‍ ആശ്രയിക്കും. അങ്ങനെ ശി൪ക്കില്‍ മുങ്ങിക്കുളിച്ച അവന് മനഃശാന്തി നഷ്ടപ്പെടും. അല്ലാഹുവിനെ കൈവെടിഞ്ഞ്‌ സൃഷ്ടികളേയും മഖ്ബറകളേയും തേടി അലയുന്നവർ അശാന്തമായ മനസ്സുമായി ജീവിക്കേണ്ടി വരും.

3. അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവ൪

إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ

തീര്‍ച്ചയായും വേദക്കാരിലും മുശ്രിക്കുകളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍. (ഖുർആൻ: 98/6)

4. ശിർക്ക് ചെയ്യുന്നവർ അശുദ്ധരാണ്

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِنْ فَضْلِهِ إِنْ شَاءَ ۚ إِنَّ اللَّهَ عَلِيمٌ حَكِيمٌ

സത്യവിശ്വാസികളേ, അല്ലാഹുവില്‍ പങ്ക് ചേ൪ക്കുന്നവ൪ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. (ഖുർആൻ: 9/28)

5. കർമ്മങ്ങൾ നിഷ്ഫലമായി തീരും

ശി൪ക്ക് ചെയ്യുന്നവരുടെ യാതൊരു പ്രവ൪ത്തനങ്ങളും നന്‍മകളും അല്ലാഹു സ്വീകരിക്കുന്നതല്ല.

ﻭَﻟَﻮْ ﺃَﺷْﺮَﻛُﻮا۟ ﻟَﺤَﺒِﻂَ ﻋَﻨْﻬُﻢ ﻣَّﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

….അവര്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. (ഖു൪ആന്‍:6/88)

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. (ഖുർആൻ: 39/64-65)

6.ഖബ്ര്‍ ശിക്ഷ ലഭിക്കും

ശിർക്കിൽ മരിച്ചവർക്ക് ബർസഖീ ലോകത്ത് ശിക്ഷയുണ്ടെന്നറിയിക്കുന്ന ഒരു ഹദീസ് കാണുക:

عَنْ زَيْدُ بْنُ ثَابِتٍ قَالَ بَيْنَمَا النَّبِيُّ صلى الله عليه وسلم فِي حَائِطٍ لِبَنِي النَّجَّارِ عَلَى بَغْلَةٍ لَهُ وَنَحْنُ مَعَهُ إِذْ حَادَتْ بِهِ فَكَادَتْ تُلْقِيهِ وَإِذَا أَقْبُرٌ سِتَّةٌ أَوْ خَمْسَةٌ أَوْ أَرْبَعَةٌ – قَالَ كَذَا كَانَ يَقُولُ الْجُرَيْرِيُّ – فَقَالَ ‏”‏ مَنْ يَعْرِفُ أَصْحَابَ هَذِهِ الأَقْبُرِ ‏”‏ ‏.‏ فَقَالَ رَجُلٌ أَنَا ‏.‏ قَالَ ‏”‏ فَمَتَى مَاتَ هَؤُلاَءِ ‏”‏ ‏.‏ قَالَ مَاتُوا فِي الإِشْرَاكِ ‏.‏ فَقَالَ ‏”‏ إِنَّ هَذِهِ الأُمَّةَ تُبْتَلَى فِي قُبُورِهَا فَلَوْلاَ أَنْ لاَ تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِي أَسْمَعُ مِنْهُ ‏”‏ ‏.‏

സൈദിബ്നു സാബിതില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ബനൂനജ്ജാർ ഗോത്രക്കാരുടെ ഒരു തോട്ടത്തിൽ നബി ﷺ തന്റെ ഒരു കോവർ കഴുതയുടെ പുറത്തായിരിക്കെ സ്വഹാബികളിൽ ചിലർ തിരുമേനിയോടൊപ്പമുണ്ടായിരുന്നു. അന്നേരം കഴുത വഴിമാറി വിരണ്ട് ഓടുകയും തിരുമേനിയെ പുറത്തുനിന്ന് അത് തള്ളിയിടാറുമായി. അവിടെ ഏതാനും ഖബ്റുകൾ നബി ﷺ യുടെ ശ്രദ്ധയിൽപെട്ടു. നബി ﷺ ചോദിച്ചു:ഈ ഖബ്റുകളിലുള്ള ആളുകളെ ആര് അറിയും?. അപ്പോൾ ഒരാൾ പറഞ്ഞു: ഞാൻ (അറിയും). നബി ﷺ പറഞ്ഞു: എപ്പോഴാണ് ഇവർ മരണപ്പെട്ടത്? അയാൾ പറഞ്ഞു: ശിർക്കിലായിരിക്കെയാണ് അവർ മരണപ്പെട്ടത്. അപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം, ഈ സമുദായം തങ്ങളുടെ ഖബ്റുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം മറമാടുകയില്ലെന്ന് (ഞാൻ ഭയന്നില്ലായിരുന്നുവെങ്കിൽ,) ക്വബ്റിൽനിന്ന് ഞാൻ കേൾക്കുന്ന ശിക്ഷ നിങ്ങൾക്കുകൂടി കേൾപ്പിക്കുവാൻ ഞാൻ അല്ലാഹുവോട് ദുആ ചെയ്യുമായിരുന്നു. (മുസ്ലിം : 2867)

7. സ്വര്‍ഗം നിഷിദ്ധമാക്കും

….. ﺇِﻧَّﻪُۥ ﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪْ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ٱﻟْﺠَﻨَّﺔَ ﻭَﻣَﺄْﻭَﻯٰﻩُ ٱﻟﻨَّﺎﺭُ ۖ…..

…..അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. (ഖു൪ആന്‍: 5/72)

أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِمُعَاذِ بْنِ جَبَلٍ مَنْ لَقِيَ اللَّهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ

മുആദ് ബ്നു ജബലിനോട്(റ) ഒരിക്കൽ നബി ﷺ പറഞ്ഞു : ശിർക്ക്‌ ചെയ്യാത്ത അവസ്ഥയിൽ ഒരാൾ അല്ലാഹുവിനെ കണ്ടു മുട്ടിയാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. …….. (ബുഖാരി )

8. നരകം ലഭിക്കും

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ مَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ ‏

അബ്‌ദുല്ല(റ) പറയുന്നു: നബി ﷺ പറഞ്ഞു: ‘അല്ലാഹുവിൽ എന്തിനെയെങ്കിലും പങ്കുചേർത്ത് ഒരാൾ മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചു’ .……………….. (ബുഖാരി: 1238)

9. ആരാധ്യന്‍മാ൪ പരലോകത്തുവെച്ച് എതിരാകും.

إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ

നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (ഖുർആൻ 35:14)

ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ

……. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)

10. നബി ﷺ യുടെ ശഫാഅത്ത് ലഭിക്കുകയില്ല.

لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ، فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ، وَإِنِّي اخْتَبَأْتُ دَعْوَتِي، شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ، فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا

നബി ﷺ പറഞ്ഞു: ഓരോ പ്രവാചകനും ഉത്തരം ലഭിക്കുന്ന ഒരോ പ്രാർത്ഥനയുണ്ടായിരുന്നു. അങ്ങനെ മറ്റെല്ലാ പ്രവാചകന്മാരും അവരുടെ പ്രാർത്ഥന മുൻകൂട്ടി നടത്തി കഴിഞ്ഞു. എന്റെ ആ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിന് ശുപാർശക്കായി ഞാൻ സൂക്ഷിച്ചുവെച്ചിരിക്കുന്നു. അത് കൊണ്ട് എന്റെ സമുദായത്തിൽ നിന്ന് അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരിക്കുന്നവന് – അല്ലാഹു ഉദ്ദേശിച്ചാൽ – ആ ശുപാ൪ശ ലഭിക്കുന്നതാണ്. (മുസ്ലിം:199)

11. ശിർക്കില്‍ മരണപ്പെട്ടാല്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയില്ല

ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ അവന്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങള്‍ വഴി പൊറുത്തു കൊടുക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വന്‍പാപങ്ങള്‍ പൊറുത്തു ലഭിക്കണമെങ്കില്‍ തൌബ(പശ്ചാത്താപം) ചെയ്യുകതന്നെ വേണം. ആത്മാ൪ത്ഥമായി തൌബ ചെയ്യുന്നവന്റെ ഏത് വലിയ തെറ്റും അല്ലാഹു പൊറുത്തുകൊടുക്കും. ഒരു വേള അവന്‍ തൌബ ചെയ്യാതെ മരണപ്പെട്ടാലും അല്ലാഹു ഉദ്ദേശിച്ചാല്‍ ശി൪ക്ക് ഒഴികെയുള്ള അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. പാപം പൊറുത്തുകൊടുക്കാതെ അവനെ നരകത്തില്‍ പ്രവേശിപ്പിച്ചാലും ‘തൌഹീദ് ഉള്‍ക്കൊണ്ട് ഇസ്ലാമിന്റെ റൂട്ടില്‍ സഞ്ചരിച്ചവനാണെങ്കില്‍’ അവന്റെ ശിക്ഷ കഴിഞ്ഞ് അവനെ സ്വ൪ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. എന്നാല്‍ തൌബ ചെയ്യാതെ ശി൪ക്കോടെ മരിക്കുകയാണെങ്കില്‍ അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കില്ലെന്ന് മാത്രമല്ല, അവന്‍ നരകത്തില്‍ നിത്യവാസിയായിരിക്കുകയും ചെയ്യും.

ഒരു ഖുദ്സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നു:

يابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك ، يابن آدم إنك لو أتيتني بقراب الآرض خطايا ثم لقيتني لا تشرك بي شيئا لأتيتك بقرابها مغفرة

‘മനുഷ്യ പുത്രാ, ആകാശ വിശാലതയോളം നിന്റെ പാപം എത്തിച്ചേരുകയും,
പിന്നെ നീ എന്നോട് പശ്ചാത്തപിക്കുകയും ചെയ്‌താൽ, ഞാൻ നിനക്ക് പൊറുത്തു തരും, മനുഷ്യ പുത്രാ, തീരെ ശിർക്ക് ചെയ്യാത്ത നിലയിൽ, ഭൂമി നിറയുമാറു പാപവുമായി നീ എന്റെയടുത്തു വരികയാണെങ്കിൽ, അത്ര തന്നെ പാപമോചനവുമായി ഞാൻ നിന്നിലേക്ക്‌ വരും’

ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻐْﻔِﺮُ ﺃَﻥ ﻳُﺸْﺮَﻙَ ﺑِﻪِۦ ﻭَﻳَﻐْﻔِﺮُ ﻣَﺎ ﺩُﻭﻥَ ﺫَٰﻟِﻚَ ﻟِﻤَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ﻓَﻘَﺪِ ٱﻓْﺘَﺮَﻯٰٓ ﺇِﺛْﻤًﺎ ﻋَﻈِﻴﻤًﺎ

തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്‌. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.(ഖു൪ആന്‍:4/48)

12. അല്ലാഹുവിന്റെ ശാപം ലഭിക്കും

ﻭَﻳُﻌَﺬِّﺏَ ٱﻟْﻤُﻨَٰﻔِﻘِﻴﻦَ ﻭَٱﻟْﻤُﻨَٰﻔِﻘَٰﺖِ ﻭَٱﻟْﻤُﺸْﺮِﻛِﻴﻦَ ﻭَٱﻟْﻤُﺸْﺮِﻛَٰﺖِ ٱﻟﻈَّﺎٓﻧِّﻴﻦَ ﺑِﭑﻟﻠَّﻪِ ﻇَﻦَّ ٱﻟﺴَّﻮْءِ ۚ ﻋَﻠَﻴْﻬِﻢْ ﺩَآﺋِﺮَﺓُ ٱﻟﺴَّﻮْءِ ۖ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻬِﻢْ ﻭَﻟَﻌَﻨَﻬُﻢْ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا

അല്ലാഹുവിനെകുറിച്ച് തെറ്റായ ധാരണ വെച്ചു പുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്‌. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്‌. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം. (ഖു൪ആന്‍ : 48/6)

13. പരലോകത്ത് നിന്ദ്യത

عَنْ أَبِي سَعْدِ بْنِ أَبِي فَضَالَةَ الأَنْصَارِيِّ، – وَكَانَ مِنَ الصَّحَابَةِ – قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِذَا جَمَعَ اللَّهُ الأَوَّلِينَ وَالآخِرِينَ لِيَوْمِ الْقِيَامَةِ لِيَوْمٍ لاَ رَيْبَ فِيهِ نَادَى مُنَادٍ مَنْ كَانَ أَشْرَكَ فِي عَمَلٍ عَمَلَهُ لِلَّهِ فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِ غَيْرِ اللَّهِ فَإِنَّ اللَّهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ ‏”‏ ‏.‏

അബൂ സഅ്ദ് ബ്നു അബൂ ഫളാലത്തൽ അൻസാരി (റ) നിന്ന് നിവേദനം – അദ്ദേഹം സ്വഹാബികളിൽ പെട്ടയാളായിരുന്നു – : നബി ﷺ പറഞ്ഞു: സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ലാത്ത അന്ത്യനാളിൽ അല്ലാഹു മുൻഗാമികളെയും പിൻഗാമികളെയും ഒരുമിച്ചുകൂട്ടിയാൽ വിളംബരം ചെയ്യുന്നവൻ വിളിച്ചുപറയും: ആരെങ്കിലും അല്ലാഹുവിന് ചെയ്ത പ്രവർത്തനത്തിൽ അല്ലാഹുവിൽ പങ്കുചേർത്തവനായിരുന്നുവെങ്കിൽ അവൻ അതിൻറെ പ്രതിഫലം അല്ലാഹുവല്ലാത്തവരുടെ അടുക്കൽ നിന്നു തന്നെ ആവശ്യപ്പെട്ടു കൊള്ളട്ടെ. തീർച്ചയായും അല്ലാഹു ശിർക്കിൽ നിന്നും ധന്യനാണ്. (ഇബ്നുമാജ: 4203)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മഹോന്നതനായ അല്ലാഹു അരുളിയിരിക്കുന്നു. ഞാൻ പങ്കുകാരുടെ പങ്കുകളിൽ നിന്ന് ഏറ്റവും ധന്യനാകുന്നു. ആരെങ്കിലും എന്നോടൊപ്പം പങ്കുചേർത്തവനായി കൊണ്ട് ഏതെങ്കിലും കർമ്മം ചെയ്‌താൽ അവനേയും അവന്റെ പങ്കുചേർക്കലിനേയും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്ലിം:2985)

ശി൪ക്ക് വരുന്ന വഴികള്‍

عن أبو بكر الصديق رضي الله عنه قال‏‏ قال رسول الله صلى الله عليه وسلم : الشركُ في أمَّتي أخفى من دبيبِ النملِ على الصفا

അബൂബക്ക൪ സിദ്ദീഖില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വഫക്ക് മുകളില്‍ ഉറുമ്പരിക്കുന്നതിനേക്കാള്‍ ഗോപ്യമാണ് എന്റെ ഉമ്മത്തില്‍ ശിര്‍ക്ക് സംഭവിക്കുന്നത്. (സ്വഹീഹുല്‍ ജാമിഅ്: 3730)

മുസ്ലിം സമൂഹത്തിലേക്ക് ഇന്ന് ശി൪ക്ക് വിവിധ രൂപത്തിലാണ് കടന്നു വരുന്നത്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്ക് കൂട്ടാത്തതുമായ വഴികളിലുടെയുമാണ് അത് കടന്നു വരുന്നത്. ഇത്തരം വഴികളെ കുറിച്ചെല്ലാം നാം വ്യക്തമായി അറിഞ്ഞിരിക്കണം.

1.കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകള്‍

ഖബ്൪ സിയാറത്ത് ഇസ്ലാമില്‍ സുന്നത്താണ്. രണ്ട് കാര്യത്തിന് വേണ്ടിയാണ് ഖബ്൪ സിയാറത്ത് ചെയ്യേണ്ടത്. നമുക്ക് മരണചിന്തയും പരലോകചിന്തയും വ൪ദ്ധിക്കാനും സത്യവിശ്വാസിയായ ഖബ്റാളിക്ക് വേണ്ടി പ്രാ൪ത്ഥിക്കാനുമാണത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ നാടുകളില്‍ മഹാന്‍മാരുടേതെന്ന് പറയപ്പെടുന്നവരുടെ കെട്ടി ഉയ൪ത്തപ്പെട്ട മഖ്ബറകള്‍ ആളുകള്‍ സന്ദ൪ശിക്കുന്നതായി കാണാം. പ്രധാനമായും മൂന്ന് തരം ആളുകളാണ് ഇവിടം സന്ദ൪ശിക്കുന്നത് .

(ഒന്ന്) ഖബ്റാളിയോട് പ്രാ൪ത്ഥിക്കാന്‍
(രണ്ട്) തങ്ങളുടെ കാര്യം അല്ലാഹുവിനോട് പറയണമേയെന്ന് ഖബ്റാളിയോട് പറയാന്‍
(മൂന്ന്) അല്ലാഹുവിന്റെ അടുപ്പം ലഭിക്കാന്‍

ഖബ്റാളിയോട് പ്രാ൪ത്ഥിക്കുന്നതു വഴി അവന്‍ ശി൪ക്ക് ചെയ്യുന്നു. ഞങ്ങള്‍ ഖബ്റാളിയോട് പ്രാ൪ത്ഥിക്കുന്നില്ലെന്നും തങ്ങളുടെ കാര്യം അല്ലാഹുവിനോട് പറയണമേയെന്ന് ഖബ്റാളിയോട് അപേക്ഷിക്കുന്നേയുള്ളൂവെന്ന് പറയുന്നവ൪ യഥാ൪ത്ഥത്തില്‍ മുശ്രിക്കുകളുടെ വാദമാണ് ഉന്നയിച്ചിട്ടുള്ളത്.

ﻭَﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ ﻗُﻞْ ﺃَﺗُﻨَﺒِّـُٔﻮﻥَ ٱﻟﻠَّﻪَ ﺑِﻤَﺎ ﻻَ ﻳَﻌْﻠَﻢُ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻻَ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳُﺸْﺮِﻛُﻮﻥَ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.(ഖു൪ആന്‍:10/18)

ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുള്ളത് കാണുക.

انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله

ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ്‌ അവര്‍ ഉണ്ടാക്കിവെച്ചത്‌. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്റെ അരികെ തങ്ങള്‍ക്ക്‌ ശുപാര്‍ശകരാകുമെന്ന്‌ അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത്‌ ഏര്‍പ്പെട്ടിട്ടുളളത് ഇതിന്‌ തുല്യമാണ്‌. തങ്ങള്‍ അവരുടെ ഖബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക്‌ ശുപാര്‍ശകരാകുമെന്നാണ്‌ അവരുടെ വിശ്വാസം.’ (തഫ്സീറുല്‍ കബീ൪:6/227)

അതുമാത്രമല്ല, മരണപ്പെട്ടവ൪ ഇപ്പോള്‍ ബ൪സഖിലാണ്. ഐഹിക ജീവിതവുമായി അവ൪ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ അല്ലാഹുവിനോട് ശുപാ൪ശ ചെയ്യാനായി നാം അവരോട് അപേക്ഷിക്കുമ്പോള്‍ നമ്മുടെ സംസാരം അവ൪ കേള്‍ക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇത് ശി൪ക്കാണ്.

ഞങ്ങള്‍ ഖബ്റാളിയോട് പ്രാ൪ത്ഥിക്കുകയോ ശുപാ൪ശക്കായി അപേക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും ഇവിടെ നിന്ന് അല്ലാഹുവിനോട് ദുആ ചെയ്യുകയാണെന്ന് പറയുന്നവരും യഥാ൪ത്ഥത്തില്‍ മുശ്രിക്കുകളുടെ വാദമാണ് ഉന്നയിച്ചിട്ടുള്ളത്.

ﺃَﻻَ ﻟِﻠَّﻪِ ٱﻟﺪِّﻳﻦُ ٱﻟْﺨَﺎﻟِﺺُ ۚ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺤْﻜُﻢُ ﺑَﻴْﻨَﻬُﻢْ ﻓِﻰ ﻣَﺎ ﻫُﻢْ ﻓِﻴﻪِ ﻳَﺨْﺘَﻠِﻔُﻮﻥَ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ﻣَﻦْ ﻫُﻮَ ﻛَٰﺬِﺏٌ ﻛَﻔَّﺎﺭٌ

അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും നുണയനും നന്ദികെട്ടവനു-മായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു൪ആന്‍:39/3)

ശിര്‍ക്ക് കടന്നു വരാന്‍ വളരെ കുടുതല്‍ സാധ്യതയുള്ള ഒരു വഴിയാണ് ഖബ്റുകളുമായി ബന്ധപ്പെട്ടുള്ളത്‌. അതുകൊണ്ടുതന്നെയാണ് നബി ﷺ  ഈ വഴിതന്നെ അടക്കാന്‍ കല്‍പ്പിച്ചത്.

عن جابر بن عبد الله الأنصاري رضي الله عنه: نَهَى رَسُولُ الله صلَّى الله عَلَيْهِ وَسَلَّم أَنْ يُجَصِّصَ الْقَبْرَ، وَأَنْ يَقْعَدَ عَلَيْهِ، وَأَنْ يَبْنِيَ عَلَيْهِ

ജാബിര്‍(റ) പറയുന്നു: ഖബര്‍ കുമ്മായം തേക്കുന്നതും, അതിന്മേല്‍ ഇരിക്കുന്നതും, അതിന്റെ മുകളില്‍ കെട്ടിടമുണ്ടാക്കുന്നതും നബി ﷺ വിലക്കിയിട്ടുണ്ട്. (മുസ്‌ലിം)

لَعَنَ اللهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِد

നബി ﷺ പറഞ്ഞു:ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍ അവരുടെ നബിമാരുടെ ഖബറിടങ്ങള്‍ ആരാധനാസ്ഥലങ്ങളായി സ്വീകരിച്ചു. (ബുഖാരി – മുസ്‌ലിം)

2. മഹാന്‍മാരോടുള്ള സഹായതേട്ടം

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ട ബദ്രീങ്ങളേയും മുഹിയിദ്ദീന്‍ ശൈഖിനേയും വിളിച്ച് സഹായം തേടുന്നവരെ കാണാം. ഇത്തരം സഹായതേട്ടം പ്രാ൪ത്ഥനയാണ്. അല്ലാഹുന് മാത്രം സമ൪പ്പിക്കേണ്ട ഇത്തരം വിളികള്‍ അല്ലാഹുവല്ലാത്തവ൪ക്ക് നല്‍കുന്നതുവഴി ശി൪ക്ക് സംഭവിക്കുന്നു.

3.ബലികർമ്മം

ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനാ കർമ്മമാണ്‌ ബലി കർമ്മം.

فَصَلِّ لِرَبِّكَ وَٱنْحَرْ

ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.(ഖു൪ആന്‍:108/2)

ബലികർമ്മം അല്ലാഹുവിന്‌ മാത്രം നിർവഹിക്കേണ്ട ആരാധനയാണ്‌. അല്ലാഹുവല്ലാത്തവർക്ക്‌ വേണ്ടി അത്‌ നിർവഹിച്ചുകൂടാ. മരണപ്പെട്ട വലിയ്യിന്റെ പേരിലും മുഹിയിദ്ദീന്‍ ശൈഖിന്റെ പേരിലും ഇന്ന് ധാരാളം അറവുകള്‍ നടക്കുന്നുണ്ട്. വലിയ്യിന്റേയും മുഹിയിദ്ദീന്‍ ശൈഖിന്റേയും പേരില്‍ അറുത്തിട്ട് അല്ലാഹുവിന്റെ പൊരുത്തമാണ് ഉദ്ദേശിച്ചതെങ്കിലും അതെല്ലാം വലിയ്യിനും മുഹിയിദ്ദീന്‍ ശൈഖിനും വേണ്ടി അറുത്തതായിട്ടാണ് വരുന്നത്. ഇക്കാര്യം ഇമാം നവവി‌ (റഹി) വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

وَأَمَّا الذَّبْحُ لِغَيْرِ اللهِ فَالْمُرَادُ بِهِ أَنْ يَذْبَحَ بِاسْمِ غَيْرِ اللهِ تَعَالَى ؛ كَمَنْ ذَبَحَ لِلصَّنَمِ أَوِ الصَّلِيبِ ، أَوْ لِمُوسَى ، أَوْ لِعِيسَى صَلَّى اللهُ عَلَيْهِمَا ، أَوْ لِلْكَعْبَةِ وَنَحْوِ ذَلِكَ ، فَكُلُّ هَذَا حَرَامٌ ، وَلَا تَحِلُّ هَذِهِ الذَّبِيحَةُ ، سَوَاءٌ كَانَ الذَّابِحُ مُسْلِمًا أَوْ نَصْرَانِيًّا أَوْ يَهُودِيًّا ، نَصَّ عَلَيْهِ الشَّافِعِيُّ ، وَاتَّفَقَ عَلَيْهِ أَصْحَابُنَا ، فَإِنْ قَصَدَ مَعَ ذَلِكَ تَعْظِيمَ الْمَذْبُوحِ لَهُ غَيْرِ اللهِ تَعَالَى وَالْعِبَادَةَ لَهُ كَانَ ذَلِكَ كُفْرًا ، فَإِنْ كَانَ الذَّابِحُ مُسْلِمًا قَبْلَ ذَلِكَ صَارَ بِالذَّبْحِ مُرْتَدًّا

എന്നാൽ അല്ലാഹു അല്ലാത്തവർക്കു വേണ്ടി ബലിയറുക്കുക എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയറുക്കുക എന്നതാണ്‌. വിഗ്രഹം, കുരിശ്‌, കഅ്ബ മൂസാ നബി‌, ഈസാ നബി‌ എന്നിവർക്കും അതുപോലുള്ളവർക്കും വേണ്ടി ബലിയറുക്കുന്നവനെപ്പോലെ. ഇതെല്ലാം നിഷിദ്ധമാണ്‌. ഈ ബലിയറുക്കപ്പെട്ടത്‌ (മാംസം) ഭക്ഷിക്കൽ അനുവദീയമല്ല. അറുത്തവ്യക്തി മുസ്‌ലിമായിരുന്നാലും ക്രിസ്ത്യാനിയായിരുന്നാലും യഹൂദിയായിരുന്നാലും ശരി അതൊക്കെ തുല്യമാണ്‌. ഇക്കാര്യം ഇമാം ശാഫിഈ‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ കാര്യത്തിൽ നമ്മുടെ ആളുകൾ ഏകോപിക്കുകയും ചെയ്തിരിക്കുന്നു. ഇനി അറുക്കുന്നവന്റെ ഉദ്ദേശം ആർക്ക് വേണ്ടിയാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും അവർക്ക് ആരാധന അർപ്പിക്കലുമാണെങ്കിൽ അത് സത്യ നിഷേധമാണ്. അറുക്കുന്നതിനു മുമ്പ് അവൻ മുസ്‌ലിമായിരുന്നെങ്കിൽ അറവോട് കൂടി അവൻ മത ഭ്രഷ്ടനായി മാറി. (ശറഹു മുസ്‌ലിം: 7/156-157)

4.സത്യം ചെയ്യല്‍

ബദ്‌രീങ്ങളാണെ സത്യം, മുഹിയിദ്ദീൻ ശൈഖാണെ സത്യം ഞാനത്‌ ചെയ്തിട്ടില്ല, ഞാനത്‌ എടുത്തിട്ടില്ല എന്നിങ്ങനെ അല്ലാഹു അല്ലാത്തവരെ പിടിച്ചു സത്യം ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകളിൽ കാണാറുണ്ട്. ഇത് ശി൪ക്കാണ്.

مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ

നബി ﷺ പറഞ്ഞു: അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ അവൻ കാഫിറായി അല്ലെങ്കിൽ ശിർക്ക് ചെയ്തു. (അബൂദാവൂദ്: 3252 – തിർമിദി: 1535)

عَنِ ابْنِ عُمَرَ ، قَالَ : كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ» (مصنف عبد الرزاق

ഇബ്‌നു ഉമർ‌ (റ) പ്രസ്താവിച്ചു: ഉമ൪ (റ) പിതാവിനെ പിടിച്ചു് സത്യം ചെയ്യാറുണ്ടായിരുന്നു. നബി ﷺ അത് നിരോധിച്ചു കൊണ്ട്‌ പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക്‌ ചെയ്തു. (മുസ്വന്നഫ്‌ അബ്ദി റസാഖ്)

عن ابْن عُمَرَ سَمِعَ رَجُلًا يَقُولُ لَا وَالْكَعْبَةِ فَقَالَ ابْنُ عُمَرَ لَا يُحْلَفُ بِغَيْرِ اللهِ فَإِنِّي سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ مَنْ حَلَفَ بِغَيْرِ اللهِ فَقَدْ كَفَرَ أَوْ أَشْرَكَ

ഇബ്‌നു ഉമറില്‍(റ) നിന്ന്‌ നിവേദനം: അദ്ദേഹം ഒരാൾ പറയുന്നത്‌ കേട്ടു: അല്ല, കഅ്ബയാണ്‌ സത്യം. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ കൊണ്ടല്ലാതെ സത്യം ചെയ്യരുത്‌. നിശ്ചയം അല്ലാഹുവിന്റെ ദൂതൻ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്‌. വല്ലവനും അല്ലാഹു അല്ലാത്തവരെ കൊണ്ട്‌ സത്യം ചെയ്താൽ അവൻകാഫിറായി അല്ലെങ്കിൽ ശിർക്കു ചെയ്തു. (തിർമുദി: 1535)

അല്ലാഹുവിന്റെ ചിഹ്നങ്ങൾ കൊണ്ടും അവൻ ആദരവ്‌ നൽകിയ മഹാത്മാക്കളെക്കൊണ്ടും സത്യം ചെയ്യുന്നതും മേല്‍ പറഞ്ഞ തെളിവുകൾ പ്രകാരം തെറ്റാണെന്ന് വ്യക്തമാണ്.

عَنِ ابْنِ عُمَرَ ، قَالَ : كَانَ عُمَرُ يَحْلِفُ وَأَبِي فَنَهَاهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ : مَنْ حَلَفَ بِشَيْءٍ مِنْ دُونِ اللهِ فَقَدْ أَشْرَكَ

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഉമർ‌(റ)പിതാവിനെ പിടിച്ചു സത്യം ചെയ്യാറുണ്ടായിരുന്നു. നബി ﷺ അത് നിരോധിച്ചു കൊണ്ട്‌ പറഞ്ഞു: അല്ലാഹു അല്ലാതെ വല്ല വസ്തുക്കളേയും കൊണ്ട്‌ വല്ലവനും സത്യം ചെയ്താൽ തീർച്ചയായും അവൻ ശിർക്ക്‌ ചെയ്തു. (മുസ്വന്നഫ്‌ അബ്ദി റസാഖ്)

മറ്റൊന്നിനെ മുന്‍നിറുത്തി സത്യം ചെയ്യുമ്പോള്‍, അല്ലാഹുവിനെപ്പോലെ ശക്തിയും സ്ഥാനവും സത്യം ചെയ്യപ്പെട്ട വസ്തുവിന് കിട്ടുന്നു. അതുകൊണ്ടാണ് അല്ലാഹുവല്ലാത്ത മറ്റെന്തിന്റെയെങ്കിലും പേരില്‍ സത്യം ചെയ്യുന്നത് ശിര്‍ക്ക് ആകുന്നത്. അതോടൊപ്പം അല്ലാഹുവിനോടുള്ള ധിക്കാരവുമായതുകൊണ്ടാണ് അത് കുഫ്‌റാണെന്ന് പറയുന്നത്. മാത്രമല്ല, അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നവന്‍ യഥാ൪ത്ഥത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കഠിനമായി അവരെ ഭയപ്പെടുന്നു.

ഏതെങ്കിലും സാഹചര്യത്തില്‍ സത്യം ചെയ്യേണ്ടി വന്നാല്‍ ‘അല്ലാഹുവാണ് സത്യം’ (والله) എന്നേ പറയാവൂ.

5.നേർച്ച

അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഒരു പ്രധാന ആരാധനാ കർമ്മമാണ്‌ ‘നേർച്ച’. സ്വ൪ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പുണ്യവാളന്‍മാരുടെ ഗുണമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുള്ളത് അവ൪ അല്ലാഹുവിനോടുള്ള നേ൪ച്ചകള്‍ പൂ൪ത്തീകരിക്കുന്നവരാണെന്നാണ്.

يُوفُونَ بِٱلنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُۥ مُسْتَطِيرًا

നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും.(ഖു൪ആന്‍ : 76/7)

മതത്തില്‍ അനുവദിക്കപ്പെട്ട നി൪ബന്ധമല്ലാത്ത ഒരു കാര്യം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ഞാനത് നി൪വ്വഹിക്കുന്നതാണെന്ന് തീരുമാനിക്കുന്നതിനാണ് ‘നേ൪ച്ച’ എന്ന് പറയുന്നത്. അങ്ങനെ നേ൪ച്ചയാക്കിയാല്‍ അക്കാര്യം അവന് നി൪ബന്ധമായിതീരുന്നു.

مَنْ نَذَرَ أَنْ يُطِيعَ الله فَلْيُطِعْهُ وَمَنْ نَذَرَ أَنْ يَعْصِيَ الله فَلَا يَعْصِهِ

നബി ﷺ പറഞ്ഞു: അല്ലാഹുവിനെ അനുസരിക്കാൻ വല്ലവനും നേർച്ചയാക്കിയാൽ അതവൻ അനുസരിച്ചു കൊള്ളട്ടെ. അവന്‌ അനുസരണക്കേട്‌ കാണിക്കാൻ വല്ലവനും നേർച്ചയാക്കിയാൽ അവൻ അല്ലാഹുവിനെ ധിക്കരിക്കരുത്‌. (ബുഖാരി)

‘നേർച്ച’ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണെന്നും അതവൻ കൽപിച്ച പുണ്യകർമങ്ങളുടെ വിഷയത്തിലായിരിക്കണമെന്നും വ്യക്തം. നേ൪ച്ചക്ക് ഖബ്റുമായി യാതൊരു ബന്ധവുമില്ല.

ഏതെങ്കിലും വലിയ്യിന്റെ പ്രീതിയും സാമീപ്യവും ലഭിക്കാൻ വേണ്ടി കാലികളേയും കോഴികളേയും അവരുടെ പേരിൽ നേർച്ചയാക്കുന്ന സമ്പ്രദായം ഇന്ന്‌ മുസ്‌ലീങ്ങൾക്കിടയിൽ കാണാറുണ്ട്‌. ഇത്തരം നേർച്ചകൾ മുശ്‌രിക്കുകളിൽ നിന്ന്‌ കടം വാങ്ങിയതും ജാഹിലിയ്യാ സമ്പ്രദായവും ശിർക്കുമാണ്‌. ഖുർആനിലോ നബിചര്യയിലോ സച്ചരിതരായ മുൻഗാമികളുടെ ജീവിത വീഥിയിലോ ഈ രൂപത്തിലുള്ള നേർച്ചകൾക്ക്‌ തെളിവുകൾ കാണാൻ സാധിക്കുകയില്ല.

مَا جَعَلَ ٱللَّهُ مِنۢ بَحِيرَةٍ وَلَا سَآئِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَٰكِنَّ ٱلَّذِينَ كَفَرُوا۟ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَأَكْثَرُهُمْ لَا يَعْقِلُونَ

ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്‌. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.(ഖു൪ആന്‍ : 5/103)

മക്കയിലെ മുശ്‌രിക്കുകളുടെ നേർച്ചയെ സംബന്ധിച്ച ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം സ്വാവി ഇപ്രകാരം രേഖപ്പെടുത്തുന്നു.

وَمِثْلُ ذَلِكَ فِي الحُرْمَةِ مَا يَفْعَلُهُ بَعْضُ السُفهَاء العَوَامِ مِنْ كَونِهِم يُرسِلُونَ عِجْلا اوشاة عَلى اسْمِ وَلِيّ مِنْ الأوْلِيَاء تَاْكُلُ مِنْ اَمْوَالِ النَّاس وَلاَ يَتَعَرضُ لَهَا أحَدٌ فَإذَا نَصَحَهُم إنسَانٌَ وَقَالَ لَهُمْ إِن ذَلِكَ حَرامٌ اَسَاءُوا بِهِ الظن وقالواأنَّه لاَ يُحِب الاَوليَاءَ فإذَا اعتَقَدُوا أَنَّهُ قربَةٌ وطَاعَةٌ فَقَد كَفرُوا و إلا فَهوَ من جملَةِ المحَرمَاتِ ويَحسَبُونَ اَنهُم عَلَى شَيء أَلاَ إنّهُم هم الكَاذبونَ (حاشية الصاوي على الجلالين)

പ്രസ്തുത വചനത്തിൽ പറഞ്ഞ മുശ്‌രിക്കുകളുടെ നേർച്ച പോലെ തന്നെ ഹറാമാണ്‌, അവിവേകികളായ പൊതു ജനങ്ങളിൽ ചിലർ ചെയ്യുന്നതും. അവർ ഔലിയാക്കളെന്ന പേരിൽ അറിയപ്പടുന്ന ഏതെങ്കിലും ഒരു വലിയ്യിന്റെ പേരിൽ ആടിനെയോ കാളയെയോ നേർച്ചയാക്കി വിട്ടയക്കും. അത്‌ ജനങ്ങളുടെ സ്വത്തുക്കൾ തിന്നും. ആരും അതിനെ തടയുകയില്ല. ഇത്‌ (ഈ നേർച്ച) ഹറാമാണെന്ന്‌ ആരെങ്കിലും അവരെ ഉപദേശിച്ചാൽ അവനെക്കുറിച്ച്‌ ഇവർ തെറ്റിദ്ധരിക്കും. അവർ പറയും: അയാൾ ഔലിയാക്കളെ പ്രിയം വെക്കാത്തവനാണ്‌ എന്ന്‌ – ഇത്തരം നേർച്ചകൾ പുണ്യകർമ്മവും അല്ലാഹുവിനെ അനുസരിക്കലുമാണെന്ന്‌ വല്ലവനും വിശ്വസിക്കുന്ന പക്ഷം അവൻ കാഫിറായി. അല്ലാത്ത പക്ഷം നിഷിദ്ധമായ കാര്യങ്ങളുടെ കൂട്ടത്തിൽ ഒരു നിഷിദ്ധവുമാകുന്നു. അവർ വിചാരിക്കുന്നു. അവർ എന്തോ വലിയ കാര്യം ചെയ്യുന്നവരാണെന്ന്‌. എന്നാൽ നിങ്ങൾ മനസ്സിലാക്കണം, അവർ തന്നെയാണ്‌ കളവ്‌ പറയുന്നവർ” (സ്വാവി: 1/291)

നമ്മുടെ നാടുകളിലെ കെട്ടിഉയ൪ത്തപ്പെട്ട മഖ്ബറകളിലെ വലിയ്യിന്റെ പൊരുത്തവും സാമീപ്യവും ഉദ്ദേശിച്ചു കൊണ്ടു നടത്തുന്ന നേർച്ചകൾ സാധുവല്ല. ഇബ്‌നു ഹജറുൽ ഹൈതമി രേഖപ്പെടുത്തുന്നു.

وأما النذر للمشاهد الذي بنيت على قبر ولي أو نحوه فإن قصد به الإيقاد على القبر ولو مع قصد التنوير فلا وإن قصد به وهو الغالب من العامة تعظيم البقعة أو القبر أو التقرب إلى من دفن فيها أو نسبت إليه فهذا نذر باطل غير منعقد، فإنهم يعتقدون أن لهذه الأماكن خصوصيات لا تفهم، ويرون أن النذر لها مما يدفع البلاء……… فإن أمكن أن يتأتى فيه أنه قصد بهذا النذر التقرب لمن في القبر بطل لأن القرب إنما يتقرب بها إلى الله تعالى لا إلى خلقه

ഒരു വലിയ്യിന്റെയോ മറ്റോ ഖബറിന്മേൽ നിർമ്മിക്കപ്പെട്ട ദർഗ്ഗകളിൽ കത്തിക്കുവാനായി നേർച്ച നേരുന്നത്, അവിടെ വെളിച്ചമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണെങ്കിൽ പോലും സ്വീകര്യമല്ല. എന്നാൽ ആ ഖബറിനെയോ പ്രദേശത്തെയോ ബഹുമാനിക്കുവാനോ അവിടെ മറമാടപ്പെട്ടവരിലേക്കോ അതുമായി ബന്ധപ്പെടുത്തി പറയപ്പെടുന്നവരിലേക്കോ സാമിപ്യം ഉദ്ദേശിച്ചുകൊണ്ടാണെങ്കിൽ – അതാണല്ലോ സാധാരണ ഉണ്ടാകുന്നത് – അത്തരം നേർച്ചകൾ അസ്വീകര്യവും നിരർത്ഥകവുമാകുന്നു. കാരണം ഇത്തരം സ്ഥലങ്ങൾക്ക് എന്തോ ചില സവിശേഷതകൾ ഉണ്ടെന്നും അവിടേക്ക് നേർച്ച നേർന്നാൽ അത് പ്രയാസങ്ങളെ തടയുമെന്നും അവർ വിശ്വസിക്കുകയും ചെയ്യുന്നു…… എന്നാൽ നാണയങ്ങൾ നേർച്ച നേരുന്നവൻ ആ നേർച്ചകൊണ്ട് ഖബറാളിയുടെ സാമിപ്യം സിദ്ധിക്കലാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായാൽ ആ നേർച്ച നിരർത്ഥകമായി. കാരണം സൽകർമ്മം മുഖേനയുള്ള സാമിപ്യങ്ങൾ അല്ലാഹുവിലേക്ക് മാത്രമെ ആകാവൂ. അവന്റെ സൃഷ്ടികളിലേക്കായിക്കൂട. (ഫതാവൽ കുബ്‌റാ: 4/286)

6.അനിസ്ലാമിക മന്ത്രങ്ങള്‍

ഖുർആൻ കൊണ്ടും നബി ﷺ പഠിപ്പിച്ച ദിക്‌റുകൾ കൊണ്ടും മന്ത്രിക്കുന്നത്‌ ഇസ്ലാമികമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ നബി ﷺ കയ്യിൽ ഊതി ശരീരത്തിൽ തടവേണ്ട മന്ത്രവും പ്രാർത്ഥനയും പഠിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ മന്ത്രം എന്നതുകൊണ്ട് ഇസ്ലാം ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടുള്ള പ്രാ൪ത്ഥനയാണ്. എന്നാല്‍ ഇന്ന് മന്ത്രം എന്ന പേരിൽ പല അനാചാരങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട്. എന്താണ്‌ അർത്ഥം എന്നുപോലും അറിയപ്പെടാത്ത പല ശബ്ദങ്ങളും ഉരുവിട്ടു കൊണ്ട്‌ പല മന്ത്രവാദങ്ങളും പ്രചാരത്തിലുണ്ട്‌. ഇത്തരം മന്ത്രങ്ങള്‍ ശിർക്കാണ്‌.

إنَّ الرُّقَى وَالتَّمَائِمَ وَالتِّوَلَةَ شِرْكٌد

നബി ﷺ പറഞ്ഞു: നിശ്ചയം (അനിസ്‌ലാമിക) മന്ത്രവും (രക്ഷയായി കെട്ടുന്ന) ഏലസും ഭാര്യാഭർത്താക്കൻമാർ പിണങ്ങിയാൽ അവരെ യോജിപ്പിക്കാന്‍ വേണ്ടി ചെയ്യുന്ന ആഭിചാരക്രിയകളും ശിർക്കാണ്‌. (അബൂദാവൂദ്‌)

7.നൂലും ഏലസ്സുകളും

ശി൪ക്ക് വരുന്ന വഴികളില്‍ പ്രധാനമാണ് ഏലസ് ധരിക്കുന്നതും നൂല്‍ കെട്ടുന്നതും. ശരീരത്തിൽ ബന്ധിക്കപ്പെട്ട അവയില്‍ നിന്ന്‌ അസ്വാഭാവികമായ ചിലത്‌ അത് ധരിച്ചവന്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അവന്റെ വസ്ത്രത്തിലോ, മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഉള്ള നൂല്‍, വളയം എന്നിവ പോലെയല്ല അവൻ ഇതിനെ പരിഗണിക്കുന്നത്‌.

مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَم

നബി ﷺ പറഞ്ഞു: നിശ്ചയം വല്ലവനും ഏലസ്സ്‌ ബന്ധിച്ചാൽ അവൻ ശിർക്ക് ചെയ്തു. (ഹാകിം – അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് നമ്പര്‍: 6394)

ഇബ്നു മസ്ഊദ്(റ) ഒരിക്കല്‍ തന്റെ ഭാര്യയുടെ കഴുത്തില്‍ മന്ത്രിച്ചുകെട്ടിയ നൂല്‍ കണ്ടപ്പോള്‍ അത് പൊട്ടിച്ചുകളഞ്ഞ് പറഞ്ഞത്: ‘ഇബ്നു മസ്ഊദിന്റെ കുടുംബത്തിന് ശിര്‍ക്കിന്റെ ആവശ്യമില്ല’ എന്നാണ്.(ഹാകിം)

ഹുദൈഫത് (റ) ഒരിക്കല്‍ ഒരു രോഗിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹം രോഗിയുടെ കയ്യിന്മേല്‍ ഒരു നൂല്‍ കണ്ടു. അദ്ദേഹം അത് മുറിച്ചു കളഞ്ഞ ശേഷം ഇപ്രകാരം ഓതി (ഖു൪ആന്‍ :12/106) :وَمَا يُؤْمِنُ أَكْثَرُهُم بِٱللَّهِ إِلَّا وَهُم مُّشْرِكُونَ. ‘അവരില്‍ അധികമാളുകളും അല്ലാഹുവില്‍ ശിര്‍ക്ക് വെച്ച് കൊണ്ടല്ലാതെ വിശ്വസിക്കുന്നില്ല’ (അബൂഹാതിം)

ശരീരത്തിൽ ബന്ധിക്കപ്പെട്ട നൂല്‌, വളയം എന്നിവകളിൽ നിന്ന്‌ അസ്വാഭാവികമായ ചിലത്‌ രോഗി പ്രതീക്ഷിക്കുന്നുണ്ട്‌. അവന്റെ വസ്ത്രത്തിലോ, മറ്റേതെങ്കിലും സ്ഥലങ്ങളിലോ ഉള്ള നൂല്‌, വളയം എന്നിവ പോലെയല്ല അവൻ ഇതിനെ പരിഗണിക്കുന്നത്‌. എന്തെങ്കിലും രോഗങ്ങളോ പ്രയസങ്ങളോ ഉണ്ടാകുമ്പോഴാണ് അധികം ആളുകളും നൂലും ഏലസ്സും ധരിക്കുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് എന്ത് ബുദ്ധിമുട്ടും പ്രയാസങ്ങളും ബാധിച്ചാലും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുകയാണ് വേണ്ടത്.

وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ

ആര് അല്ലാഹുവിന്റെ മേൽ (കാര്യങ്ങളെല്ലാം) ഭരമേൽപ്പിക്കുന്നുവോ അവന് അല്ലാഹു തന്നെ മതിയാകും. (ഖു൪ആന്‍:65/3)

8.കണി നോക്കലും ലക്ഷണം നോക്കലും

ഒരു സത്യവിശ്വാസിക്ക് എന്തങ്കിലും കാര്യം ചെയ്യുന്നതിനായി സമയം നോക്കലോ ലക്ഷണം നോക്കലോ ശകുനമോ ഒന്നുമില്ല. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കാന്‍ വേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യകയും അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുകയും ചെയ്യുും. അവന്‍ വീട്ടിൽ നിന്നിറങ്ങുന്നത്‌ بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ (അല്ലാഹുവിന്റെ നാമത്തിൽ ഞാന്‍ ഇറങ്ങുന്നു, എന്റെ എല്ലാ കാര്യങ്ങളും ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു) എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ്‌. പോകുന്ന വഴി എന്തെങ്കിലും കാഴ്ച കണ്ടാലോ ഏതെങ്കിലും വ്യക്തികളെ കണ്ടാലോ അതൊന്നും അവന് പ്രശ്നമില്ല. കാരണം എല്ലാ കാര്യവും അവന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിച്ചിട്ടാണ് പുറപ്പെട്ടിട്ടുള്ളത്. കണികാണലും ലക്ഷണം നോക്കലുമെല്ലാം ശി൪ക്കാണെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.

الطِّيَرَةُ شِرْكٌ الطِّيَرَةُ شِرْكٌ ثَلَاثًا

നബി ﷺ പറഞ്ഞു: ലക്ഷണം നോക്കൽ ശിർക്കാണ്‌. പ്രവാചകൻ ഇത്‌ മൂന്ന് തവണ ആവർത്തിച്ചു. (അബൂദാവൂദ് :3910 – തിര്‍മുദി: 1614 – ഇബ്നുമാജ: 3538)

عَنْ عِمْرَانَ بْنِ حُصَيْنٍ قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ مِنَّا مَنْ تَطَيَّرَ ، أَوْ تُطِيَّرَ لَهُ أَوْ تَكَهَّنَ ، أَوْ تُكِهِّنَ لَهُ أَوْ سَحَرَ ، أَوْ سُحِرَ لَهُ

ഇംറാന്‍ ഇബ്‌നു ഹുസൈനില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ശകുനം നോക്കുന്നവനും, ശകുനം നോക്കിപ്പിക്കുന്നവനും, ഭാവി പ്രവചിക്കുന്നവനും, (തനിക്ക് വേണ്ടി) ഭാവി പ്രവചിപ്പിക്കുന്നവനും, സിഹ്ര്‍ ചെയ്യുന്നവനും തനിക്ക് വേണ്ടി സിഹ്ര്‍ ചെയ്യിപ്പിക്കുന്നവനും നമ്മില്‍ പെട്ടവനല്ല. (മുഅ്ജമുല്‍ കബീര്‍: 1/73 – സില്‍സിലത്തുസ്സ്വഹീഹ: 2195)

9. സംസാരത്തിലൂടെ

عَنِ ابْنِ عَبَّاسٍ‏:‏ قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم‏:‏ مَا شَاءَ اللَّهُ وَشِئْتَ، قَالَ‏:‏ جَعَلْتَ لِلَّهِ نِدًّا، مَا شَاءَ اللَّهُ وَحْدَهُ‏.‏

ഇബ്‌നു അബ്ബാസ് (റ) പറയുന്നു : مَا شَاءَ لله وَ شئت (അല്ലാഹുവും താങ്കളും ഉദ്ദേശിച്ചത് ) എന്ന് ഒരു മനുഷ്യന്‍ ഒരിക്കല്‍ നബിﷺയോട് പറയുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു : താങ്കള്‍ എന്നെ അല്ലാഹുവിന് സമനാക്കി! مَا شَاءَ اللَّهُ‏ (അല്ലാഹു മാത്രം ഉദ്ദേശിച്ചത്) എന്നാണ് പറയേണ്ടത്. (അദബുല്‍ മുഫ്‌റദ് : 783 – സ്വഹീഹ് അല്‍ബാനി)

عَنْ حُذَيْفَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لاَ تَقُولُوا مَا شَاءَ اللَّهُ وَشَاءَ فُلاَنٌ وَلَكِنْ قُولُوا مَا شَاءَ اللَّهُ ثُمَّ شَاءَ فُلاَنٌ ‏”‏ ‏.‏

ഹുദൈഫയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവും ഇന്ന ആളും ഉദ്ദേശിച്ചത് ( مَا شَاءَ لله وَشاء فلا ن ) എന്ന് നിങ്ങള്‍ പറയരുത്. അല്ലാഹു ഉദ്ദേശിച്ചത് എന്നും, പിന്നീട് ഇന്ന ആള്‍ ഉദ്ദേശിച്ചത് എന്നും പറഞ്ഞുകൊളളുക. (അബൂദാവൂദ് : 4980 – സ്വഹീഹ് അല്‍ബാനി)

عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، أَنَّهُ قَالَ صَلَّى لَنَا رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ بِالْحُدَيْبِيَةِ عَلَى إِثْرِ سَمَاءٍ كَانَتْ مِنَ اللَّيْلَةِ، فَلَمَّا انْصَرَفَ أَقْبَلَ عَلَى النَّاسِ فَقَالَ ‏”‏ هَلْ تَدْرُونَ مَاذَا قَالَ رَبُّكُمْ ‏”‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏”‏ أَصْبَحَ مِنْ عِبَادِي مُؤْمِنٌ بِي وَكَافِرٌ، فَأَمَّا مَنْ قَالَ مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ فَذَلِكَ مُؤْمِنٌ بِي وَكَافِرٌ بِالْكَوْكَبِ، وَأَمَّا مَنْ قَالَ بِنَوْءِ كَذَا وَكَذَا فَذَلِكَ كَافِرٌ بِي وَمُؤْمِنٌ بِالْكَوْكَبِ ‏”‏‏.‏

സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി ﷺ ഞങ്ങളുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് നബി ﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി ﷺ പറഞ്ഞു. ഇന്ന് എന്റെ അടിയന്മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചുകൊണ്ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്ടും പ്രഭാതത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാല്‍ ഞാറ്റുവേല കൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിച്ചുവെന്നു പറയുന്നവര്‍ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയില്‍ വിശ്വസിക്കുകയും ചെയ്തു. (ബുഖാരി : 846)

10.മാല മൗലിദുകൾ

നമ്മുടെ സമൂഹം പുണ്യം പ്രതീക്ഷിച്ച്‌ ഏറെ ഭക്തി ബഹുമാനത്തോടെ ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന പദ്യഗദ്യസമാഹാരമാണ്‌ മാലകളും മൌലിദുകളും. അവയിലുള്ളത്‌ മുഴുവൻ സത്യസമ്പൂർണമാണെന്നും അത്‌ മഹാത്മാക്കളുടെ മദ്‌ഹാണെന്നുമാണ്‌ പൊതുജനത്തിന്റെ ധാരണ. എന്നാൽ അവയുടെ അകത്തളങ്ങളിലേക്ക്‌ കടന്നു നോക്കിയാൽ ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ (ഏകദൈവ വിശ്വാസം) പൊളിച്ചുകളയുന്നതും തൽസ്ഥാനത്ത്‌ അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്ക്‌ (ബഹുദൈവ വിശ്വാസം) ഊട്ടിയുറപ്പിക്കുന്നതുമായ നിരവധി വരികൾ കാണാൻ സാധിക്കും.

മൂഹ്‌യിദ്ദീൻ മാല

“വല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക്‌വായ്കൂടാതുത്തീരം ചെയ്യും ഞാനെന്നോവർ”

ഈ ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നും ആര്‌ വിളിച്ചു തേടിയാലും അവരുടെ വായ അടയുന്നതിന്റെ മുമ്പ്‌ ഉത്തരം ചെയ്യാൻ ശൈഖ്‌ ജീലാനി‌ؒ ക്ക്‌ സാധിക്കുമത്രെ അഥവാ, ഇവിടെ അല്ലാഹുവിന്റെ കഴിവാണ്‌ ശൈഖിന്‌ വകവെച്ചു കൊടുത്തിരിക്കുന്നത്‌. കാരണം, ദൂരപരിധിയും സമയ പരിധിയും കാല-ദേശ പരിധിയൊന്നുമില്ലാതെ എല്ലാം ഒരേ സമയത്ത്‌ കേൾക്കാനും കാണാനും ഉത്തരം ചെയ്യാനുമുള്ള കഴിവ്‌ അല്ലാഹുവിന്റേതു മാത്രമാണ്. ഈ കഴിവാണ്‌ മേൽ വരിയിലൂടെ നൂറ്റാണ്ടുകൾക്കു മുമ്പ്‌ മരണപ്പെട്ടു പോയ ശൈഖിന്‌ വകവെച്ചു കൊടുക്കുന്നത്‌

ഖുതുബിയ്യത്ത്

ومــن ينــادي اســمي ألفًــا بخلوتـه عزمًــــا بهمـــتـه صرمًـــا لغفوتــــه أجبتـه مســرعًا مــــن أجــل دعوتــه فليــدع يــا عبـد القـادر محـي الـدين

“ആരെങ്കിലും മനക്കരുത്തോടും തന്റെ വിഷമം മനസ്സിരുത്തിക്കൊണ്ടും ഏകനായിരുന്ന് എന്റെ പേർ ആയിരം പ്രാവശ്യം വിളിച്ചാൽ അവർ തേടിയതു കാരണത്താൽ വേഗത്തിൽ ഞാനവന്‌ ഉത്തരം ചെയ്യും. അതിനാൽ ഹേ അബ്ദുൽ ഖാദർ മുഹ്‌യിദ്ദീനേ എന്ന്‌ അവൻ വിളിക്കട്ടെ”

മങ്കൂസ് മൌലിദ്

ارتكبت على الخطا غير حصر وعدد لك اشكوا فيه يا سيدي خير النبى

“ഞാൻ നിരവധി തെറ്റുകൾ ചെയ്തിരിക്കുന്നു. നബിമാരിൽ ഉത്തമരായ പ്രവാചകരെ, എന്റെ യജമാനരേ, അക്കാര്യത്തിൽ അങ്ങയോടാണ് ഞാൻ സങ്കടം ബോധിപ്പിക്കുന്നത്‌.”

ശർറഫൽ അനാം മൗലിദ്

عبدك المسكين يرجو فضلك الجم الغفير فيك قد أحسنت ظني يابشير يانذير فأغثني وأجرني يامُجير من السعير ياغياثي ياملاذي في مهمات الأمور

“ബഷീറും നദീറുമായ റസൂലേ, അങ്ങയെക്കുറിച്ച്‌ ഉത്തമ വിശ്വാസമാണ്‌ എനിക്കുള്ളത്‌. ഈ സാധുവായ അങ്ങയുടെ അടിമ ധാരാളമായി അവിടുത്തെ ഔദാര്യത്തെ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണമേ. നരകത്തിൽ നിന്ന്‌ രക്ഷിക്കുന്നവരേ, വിഷമഘട്ടത്തിൽ എന്റെ സഹായമേ, എന്റെ അഭയസ്ഥാനമേ…”

അല്ലാഹുവിനോട്‌ മാത്രം അപേക്ഷിക്കേണ്ടുന്ന കാര്യങ്ങളാണ്‌ നബി ﷺ യോട് അടിമത്വവും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിച്ചു കൊണ്ട്‌ പ്രാർത്ഥിച്ചിരിക്കുന്നത്‌.

എന്നാല്‍ നബി ﷺ യോട് പ്രഖ്യാപിക്കാന്‍ വേണ്ടി അല്ലാഹു പറയുന്നത്‌ കാണുക:

قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا

(നബിയേ)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖുർആൻ: 72/20)

وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا

നിശ്ചയമായും പള്ളികൾ അല്ലാഹുവിനുള്ളതാകുന്നു. അതിനാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കരുത്. (ഖുർആൻ: 72/18)

11.അല്ലാഹുവിന്റെയും അവന്റെ റസൂലിന്റേയും വിധിക്കെതിരെ മറ്റുള്ളവരെ അനുസരിക്കല്‍

അല്ലാഹുവിനെതിരില്‍ മറ്റുള്ളവരെ അനുസരിക്കുന്നവ൪ അതുവഴി ശി൪ക്കിലാണ് എത്തിച്ചേരുക. ഇക്കാര്യം നാം വളരെ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്.

ﻭَﻻَ ﺗَﺄْﻛُﻠُﻮا۟ ﻣِﻤَّﺎ ﻟَﻢْ ﻳُﺬْﻛَﺮِ ٱﺳْﻢُ ٱﻟﻠَّﻪِ ﻋَﻠَﻴْﻪِ ﻭَﺇِﻧَّﻪُۥ ﻟَﻔِﺴْﻖٌ ۗ ﻭَﺇِﻥَّ ٱﻟﺸَّﻴَٰﻄِﻴﻦَ ﻟَﻴُﻮﺣُﻮﻥَ ﺇِﻟَﻰٰٓ ﺃَﻭْﻟِﻴَﺎٓﺋِﻬِﻢْ ﻟِﻴُﺠَٰﺪِﻟُﻮﻛُﻢْ ۖ ﻭَﺇِﻥْ ﺃَﻃَﻌْﺘُﻤُﻮﻫُﻢْ ﺇِﻧَّﻜُﻢْ ﻟَﻤُﺸْﺮِﻛُﻮﻥَ

അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.(ഖു൪ആന്‍ :6/121)

ജീവികളെ അറുക്കുന്നത്‌ അല്ലാഹുവിന്റെ നാമത്തിലായിക്കണമെന്നും അല്ലാഹുവിന്റെ നാമത്തിലല്ലാതെ അറുക്കുന്നത്‌ തോന്നിയവാസമാണെന്നും സത്യവിശ്വാസികള്‍ക്ക്‌ അത്‌ ഭക്ഷിക്കുവാന്‍ പാടില്ലന്നും അല്ലാഹു പറയുന്നു. അതേപോലെ ശവം തിന്നാന്‍ പാടില്ലെന്നുകൂടി ഖു൪ആന്‍ പ്രഖ്യാപിച്ചപ്പോള്‍, നിങ്ങള്‍ കൊന്നതിനെ (അറുത്തതിനെ) നിങ്ങള്‍ ഭക്ഷിക്കുന്നു, അല്ലാഹു കൊന്നതിനെ (ചത്തതിനെ) നിങ്ങള്‍ ഭക്ഷിക്കുന്നില്ലെന്നും മുശ്രിക്കുകള്‍ പറഞ്ഞുപരത്തി. അപ്രകാരം ഗൂഢപ്രചരണവും കുതര്‍ക്കവും നടത്തിവരുന്ന അവ൪ പറയുന്നതൊന്നും നിങ്ങള്‍ അനുസരിക്കരുതെന്നും അവരെ അനുസരിക്കുന്ന പക്ഷം അത്‌ ശിര്‍ക്ക്‌ പ്രവര്‍ത്തിക്കലായിരിക്കുമെന്നുമാണ് അല്ലാഹു പറയുന്നത്.

ഇവിടെ അവരെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനോട് പങ്ക് ചേ൪ക്കുന്നവരായിരിക്കുമെന്നാണ് അല്ലാഹു പഞ്ഞിട്ടുള്ളത്. അഥവാ അനുസരണത്തില്‍ ശി൪ക്ക് വരുന്നു.കാരണം അല്ലാഹു നിഷിദ്ധമാക്കിയതിനെ അവ൪ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദിച്ച അവരെ അനുസരിക്കുകയാണങ്കില്‍ ശി൪ക്ക് സംഭവിക്കുന്നു.അവരെ അനുസരിക്കുമ്പോള്‍ അവരെപോലെ അനുസരിക്കുന്നവനും അല്ലാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുന്നയാളായി മാറുന്നു.

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ

അവര്‍ വേദക്കാര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന്‌ പുറമെ റബ്ബുകളാക്കിയിരിക്കുന്നു…. (ഖു൪ആന്‍:9/31)

യഹൂദികളും, ക്രിസ്‌ത്യാനികളും വേദക്കാരിലുള്ള പണ്‌ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയതിനെക്കുറിച്ചത്രെ അല്ലാഹു ഇവിടെ പ്രസ്‌താവിക്കുന്നത്‌. `അവര്‍ അവരെ റബ്ബുകളാക്കി’ എന്ന്‌ പറഞ്ഞത്‌ അവര്‍ അവരെ ദൈവങ്ങളാക്കി അവര്‍ക്ക്‌ ആരാധന നടത്തിവന്നിരുന്നുവെന്ന അര്‍ത്ഥത്തിലല്ല. അവര്‍ അവര്‍ക്ക്‌ മതനിയമ നിര്‍മാണാധികാരം വകവെച്ചു കൊടുക്കുകയും, അവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ മതനിയമങ്ങളായി അംഗീകരിച്ചു പോരുകയും ചെയ്‌തുവെന്ന അര്‍ത്ഥത്തിലാകുന്നു.

عن عدي بن حاتم الطائي: جاء عدِيُّ بنُ حاتِمٍ إلى النبيِّ وكان قد دان بالنصرانِيَّةِ قبلَ الإسلامِ فلما سمِعَ النبيَّ يقرأُ هذه الآيةَ قال: يا رسولَ اللهِ إِنَّهم لم يعبدوهم فقال بلى إِنَّهم حرَّموا عليهم الحلالَ وأحلُّوا لهم الحرامَ فاتَّبعوهم فذلِكَ عبادتُهم إيّاهم

അദിയ്യുബ്‌നു ഹാതിമുത്ത്വാഈ (റ) വിൽ നിന്ന്   നിവേദനം: അദിയ്യുബ്നു ഹാതിം (റ) നബിയുടെ അടുക്കല്‍ വന്നു.  ഇസ്‌ലാമില്‍ വരുന്നതിന് മുമ്പ് അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നു. നബി ﷺ യിൽ നിന്ന് ഈ ആയത്ത് അദ്ദേഹം കേട്ടപ്പോൾ   അദ്ദേഹം നബി ﷺ യോട് ചോദിച്ചു:അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അവരെ (റബ്ബുകളാക്കി) ആരാധിക്കുന്നില്ലല്ലോ (എന്നിരിക്കെ അവരെ അവര്‍ റബ്ബുകളാക്കി എന്നു പറയുന്നതു എന്തുകൊണ്ടാണ്‌?)’ അപ്പോള്‍, നബി ﷺ പറഞ്ഞു:അതെ,  `അല്ലാഹു അനുവദിച്ചതിനെ അവര്‍ വിരോധിച്ചാലും അല്ലാഹു വിരോധിച്ചതിനെ അവ൪ അനുവദിച്ചാലും നിങ്ങൾ അവരെ പിൻപറ്റുന്നില്ലേ? അനുവദനീയമായും നിങ്ങള്‍ കണക്കാക്കാറില്ലേ, അതുതന്നെയാണ് അവ൪ക്കുള്ള ആരാധന’.

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:

‏ أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اسْتَحَلُّوهُ وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ

അവർ അവരെ ആരാധിച്ചിരുന്നില്ല, എന്നാൽ  അവർ എന്തെങ്കിലും ഹലാലാക്കിയാൽ അവരതിനെ ഹലാലായും അവർ എന്തെങ്കിലും ഹറാമാക്കിയാൽ അവരതിനെ ഹറാമായും കണ്ടിരുന്നു. (അതുതന്നെയാണ് അവ൪ക്കുള്ള ആരാധന)

ചുരുക്കത്തില്‍ വേദക്കാര്‍ തങ്ങളുടെ പണ്‌ഢിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവിന്റെ നിയമങ്ങള്‍ക്കെതിരായി അവര്‍ നി൪മ്മിച്ച നിയമങ്ങളെ മതനിയമങ്ങളായി ഗണിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്‌തുവെന്നതാകുന്നു. ഇന്ന് എത്രയെത്ര കാര്യങ്ങളിലാണ് അല്ലാഹുവിന്റെ വിധിക്കെതിതിരില്‍ മറ്റുള്ളവരെ അനുരിക്കുന്നത്. ഉദാഹരണത്തിന് സ്ത്രീകള്‍ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കുന്നത് നി൪ബന്ധമല്ലെങ്കിലും അത് അനുവദനീയമായ കാര്യമാണ് . ഇവിടെ അല്ലാഹു അനുവദിച്ച ഒരു കാര്യം പുരോഹിതന്‍മാ൪ വിരോധിക്കുമ്പോള്‍ ആളുകള്‍ പുരോഹിതന്‍മാരെ അനുസരിക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു പറഞ്ഞതുപോലെ:

وَمَا یُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌. (ഖുർആൻ:12/106)

അല്ലാഹുവിനോട് പ്രാർത്ഥിക്കുക:

اللّهُـمَّ إِنّـي أَعُوذُبِكَ أَنْ أُشْـرِكَ بِكَ وَأَنَا أَعْـلَمُ، وَأَسْتَـغْفِرُكَ لِمَا لَا أَعْـلَمُ.

അ‌ല്ലാ‌ഹു‌വേ! അ‌റിഞ്ഞുകൊ‌ണ്ട്‌ നി‌ന്നോ‌ട്‌ ശിർ‌ക്ക്‌ ചെയ്യുന്നതിൽ നി‌ന്ന്‌ നിന്നോട്‌ ഞാൻ ര‌ക്ഷ തേ‌ടു‌ന്നു. എ‌നി‌ക്ക്‌ അ‌റി‌യാ‌ത്ത‌തി‌ന്‌ (അ‌റി‌യാ‌തെ എ‌ന്നിൽ സം‌ഭ‌വി‌ച്ചു പോ‌കു‌ന്ന ശിർ‌ക്കി‌ന്‌) ഞാൻ നി‌ന്നോ‌ട്‌ പൊ‌റു‌ക്ക‌ലി‌നെ തേ‌ടു‌ക‌യും ചെ‌യ്യു‌ന്നു. (അഹ്മദ്)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.