രക്ഷയുടെ കപ്പലിലേക്ക് : ഒരു പിതാവിന്റെ ഗുണകാംക്ഷ

അല്ലാഹു ഓരോ രക്ഷിതാവിനെയും ഏൽപ്പിച്ച ഏറ്റവും വലിയ അമാനത്താണ് മക്കൾ. അവരുടെ ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം, അവരുടെ ആത്മീയവും ധാർമ്മികവുമായ സംസ്കരണത്തിന് (തർബിയ്യത്ത്) മുൻഗണന നൽകേണ്ടത് ഓരോ മാതാപിതാക്കളുടെയും ഒഴിച്ചുകൂടാനാവാത്ത ബാധ്യതയാണ്. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾക്കും പ്രലോഭനങ്ങൾക്കും നടുവിൽ മക്കളെ ഇസ്‌ലാമിക ചിട്ടയിൽ വളർത്തുകയെന്നത് അതീവ ഗൗരവമേറിയ വിഷയമാണ്.

വിശുദ്ധ ക്വുർആൻ ഈ വിഷയത്തിൽ നമുക്ക് മഹത്തായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അല്ലാഹുവിന്റെ പ്രവാചകന്മാരുടെ ചരിത്രങ്ങളിൽ രക്ഷിതാക്കൾക്ക് ഉൾക്കൊള്ളാൻ ധാരാളം പാഠങ്ങളുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നൂഹ് നബി عليه السلام യും തന്റെ മകനും തമ്മിലുള്ള സംഭാഷണം. മഹാപ്രളയത്തിന്റെ ഭീതിജനകമായ സാഹചര്യത്തിൽ, സത്യനിഷേധിയായ തന്റെ മകനോട് ഒരു പിതാവ് കാണിക്കുന്ന ഗുണകാംക്ഷയും ആർദ്രതയും വിശുദ്ധ ക്വുർആൻ ഹൃദയസ്പർശിയായി വിവരിക്കുന്നു.

ഈ ലേഖനം, സൂറത്ത് ഹൂദിലെ ആ രണ്ട് വചനങ്ങളുടെ വെളിച്ചത്തിൽ, മക്കളോടുള്ള രക്ഷിതാക്കളുടെ സമീപനം എങ്ങനെയായിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. നൂഹ് നബി عليه السلام യുടെ ആ വിളിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, നമ്മുടെ മക്കളെ രക്ഷയുടെ കപ്പലിലേക്ക് ക്ഷണിക്കാൻ ആവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് ഇതിലൂടെ. അല്ലാഹു നമ്മുടെ മക്കളെ നമുക്ക് കൺകുളിർമയാക്കി തരുമാറാകട്ടെ. ആമീൻ.

പർവതസമാനമായ തിരമാലകൾക്കിടയിൽ

വിശുദ്ധ ക്വുർആനിലെ സൂറത്ത് ഹൂദിൽ അല്ലാഹു പറയുന്നു:

وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍ يَٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَٰفِرِينَ

പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത് (കപ്പല്‍) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ് തന്‍റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്‍റെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌. (ഖുർആൻ:11/42)

പ്രളയത്തിന്റെ ഭീകരത

950 വർഷക്കാലം തന്റെ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ച പ്രവാചകനായിരുന്നു നൂഹ് عليه السلام. രാവും പകലും, രഹസ്യമായും പരസ്യമായും അദ്ദേഹം പ്രബോധനം നടത്തി. എന്നാൽ വളരെ കുറച്ച് ആളുകളൊഴികെ മറ്റാരും ആ സന്മാർഗം സ്വീകരിക്കാൻ തയ്യാറായില്ല. അദ്ദേഹത്തെ അവർ പരിഹസിച്ചു, ഭ്രാന്തനെന്ന് വിളിച്ചു, അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാതിരിക്കാൻ കാതുകളിൽ വിരലുകൾ തിരുകി, വസ്ത്രം കൊണ്ട് മുഖം മൂടി. ഇനി ആരും സത്യവിശ്വാസം സ്വീകരിക്കുകയില്ലെന്ന് അല്ലാഹുവിങ്കൽ നിന്ന് വഹ്യ് ലഭിച്ചപ്പോഴാണ് നൂഹ് നബി عليه السلام അവർക്കെതിരെ പ്രാർത്ഥിക്കുന്നത്.

അതിന്റെ ഫലമായി അല്ലാഹുവിന്റെ ശിക്ഷ ഒരു മഹാപ്രളയമായി അവരിലേക്ക് ഇറങ്ങിവന്നു. ആകാശത്തുനിന്ന് പേമാരി വർഷിച്ചു, ഭൂമിയിലെ ഉറവകളിൽ നിന്നെല്ലാം വെള്ളം ശക്തിയായി പുറത്തേക്ക് ചിതറി. സർവ്വതും മുങ്ങിത്താഴുന്ന ആ ഭീകരമായ അവസ്ഥ. അതിന് മുന്നോടിയായി, അല്ലാഹുവിന്റെ കൽപ്പന പ്രകാരം നൂഹ് നബി عليه السلام ഒരു കപ്പൽ നിർമ്മിച്ചിരുന്നു. തന്നിൽ വിശ്വസിച്ചവരെയും, ഓരോ ജീവികളിൽ നിന്നും ഓരോ ഇണകളെയും അദ്ദേഹം ആ കപ്പലിൽ കയറ്റി.

അല്ലാഹു ആ രംഗം വിവരിക്കുന്നത് നോക്കൂ: “പർവ്വതങ്ങൾ പോലുള്ള തിരമാലകൾക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയാണ്.” തിരമാലകളെ പർവതങ്ങളോടാണ് ഉപമിച്ചിരിക്കുന്നത്. അതിന്റെ ഉയരവും ശക്തിയും ഭീകരതയും ഊഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മനുഷ്യൻ സ്വന്തം കാര്യം മാത്രം ചിന്തിച്ച് ഭയന്നുവിറച്ചുപോകും. മുലയൂട്ടുന്ന മാതാവ് തന്റെ കുഞ്ഞിനെ മറന്നുപോകുന്ന അന്ത്യനാളിന്റെ ഭീകരതയെക്കുറിച്ച് ക്വുർആൻ പറഞ്ഞതുപോലെ, ഏത് പ്രതിസന്ധിയിലും മനുഷ്യൻ ആദ്യം ചിന്തിക്കുക സ്വന്തം രക്ഷയെക്കുറിച്ചായിരിക്കും.

ഭീകരമായ അവസ്ഥകൾ സംജാതമാകുമ്പോൾ മനുഷ്യൻ തന്നെത്തന്നെ മറന്നുപോകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. അല്ലാഹു അന്ത്യനാളിനോട് അനുബന്ധിച്ചുണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പറയുന്നത് ഇതിന് സമാനമായ ഒരു അവസ്ഥയാണ്. ആ പ്രകമ്പനം നിങ്ങൾ കാണുന്ന ദിവസം മുലയൂട്ടുന്ന ഉമ്മമാർ തങ്ങൾ മുലയൂട്ടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് അശ്രദ്ധയിലായിപ്പോകും. ഗർഭിണികൾ അവരുടെ ഗർഭം പ്രസവിച്ചുപോകും. അത്രമാത്രം ഭീതിയിലായിരിക്കും ജനങ്ങൾ. അവർ ലഹരി ബാധിച്ചവരല്ല, എങ്കിലും ലഹരി ബാധിച്ചവരെപ്പോലെ കാണപ്പെടും. ആ പ്രകമ്പനത്തിന്റെ കാഠിന്യത്തിൽ അവർ സ്വയം മറന്നുപോകുന്ന അവസ്ഥയിലാകും. സ്വന്തം കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് ഓടിപ്പോകുന്ന ആ ഭീകരത, ഒരു പ്രതിസന്ധിയിൽ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

ഒറ്റപ്പെട്ടുപോയ മകൻ

എന്നാൽ പ്രവാചകന്മാർ കാരുണ്യത്തിന്റെയും വിശാലഹൃദയത്തിന്റെയും ഉടമകളാണ്. ആ ഭീതിജനകമായ നിമിഷത്തിലും നൂഹ് നബി عليه السلام തന്റെ മകനെ ഓർത്തു. ആദർശപരമായി പിതാവിൽ നിന്ന് അകന്നുനിന്ന, സത്യനിഷേധികളുടെ പക്ഷം ചേർന്ന മകനെ അദ്ദേഹം തിരമാലകൾക്കിടയിൽ കാണുകയാണ്. وَكَانَ فِى مَعْزِلٍ (അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു) എന്ന് ക്വുർആൻ പറയുന്നു. ഈ അകലം സ്ഥലത്ത് മാത്രമായിരുന്നില്ല, വിശ്വാസത്തിലും ആദർശത്തിലുമായിരുന്നു. പിതാവിന്റെ അഖീദയോ മൻഹജോ ആയിരുന്നില്ല ആ മകന്. എന്നിട്ടും, ആ പിതാവിന്റെ ഹൃദയം തുടിച്ചു. തന്റെ മകൻ രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹത്തിൽ, ഗുണകാംക്ഷയോടെ അദ്ദേഹം അവനെ വിളിച്ചു.

“യാ ബുനയ്യ!” – ആ വിളിയിലെ ആർദ്രത

وَنَادَىٰ نُوحٌ ابْنَهُ… يَا بُنَيَّ ارْكَب مَّعَنَا

നൂഹ് തന്റെ മകനെ വിളിച്ചു… ‘എന്റെ കുഞ്ഞുമകനേ, ഞങ്ങളോടൊപ്പം കയറിക്കൊള്ളുക…’

ആ വിളി ശ്രദ്ധിക്കുക. “വ നാദാ” (അദ്ദേഹം വിളിച്ചു) എന്ന പദം അല്ലാഹു ഉപയോഗിച്ചത്, ആ വിളി ഉറക്കെയായിരുന്നു എന്ന് സൂചിപ്പിക്കാനാണ്. കാരണം, പർവതസമാനമായ തിരമാലകൾ ആഞ്ഞടിക്കുന്ന ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ പതുക്കെ വിളിച്ചാൽ മകൻ കേൾക്കില്ല. തന്റെ ശബ്ദം മകനിലെത്തണം, അവൻ ഈ രക്ഷയുടെ വിളി കേൾക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹം ആ വിളിയിലുണ്ടായിരുന്നു.

ഗുണകാംക്ഷയുടെ ഭാഷ

അതിനേക്കാൾ ഹൃദയസ്പർശിയാണ് അദ്ദേഹം ഉപയോഗിച്ച സംബോധന. ‘യാ ബുനയ്യ’ – “എന്റെ കുഞ്ഞുമകനേ”. ധിക്കാരിയും അനുസരണയില്ലാത്തവനുമായ മകനെ സ്നേഹത്തോടെ, വാത്സല്യത്തോടെ വിളിക്കുന്ന ഒരു പിതാവിനെയാണ് നമ്മളിവിടെ കാണുന്നത്. ഇത് മക്കളോട് സംസാരിക്കുമ്പോൾ, അവരെ ഉപദേശിക്കുമ്പോൾ രക്ഷിതാക്കൾ സ്വീകരിക്കേണ്ട സമീപനത്തിന് ഏറ്റവും വലിയ ഉദാഹരണമാണ്.

മക്കൾ തെറ്റ് ചെയ്യുമ്പോൾ പല രക്ഷിതാക്കൾക്കും നിയന്ത്രണം വിട്ടുപോകാറുണ്ട്. അവരുടെ സംസാരവും സംബോധനകളും പരുഷമായിത്തീരുന്നു. ‘എടാ’, ‘പോടാ’ എന്ന വിളികളിൽ തുടങ്ങി, മൃഗങ്ങളുടെയും മറ്റു നിന്ദ്യമായ വാക്കുകളുടെയും പേരിൽ മക്കളെ വിളിക്കുന്നവർ പോലുമുണ്ട്. അത് മക്കളിൽ നന്മയുടെ ഒരു സ്വാധീനവും ചെലുത്തുകയില്ലെന്ന് മാത്രമല്ല, അവരെ കൂടുതൽ ധിക്കാരത്തിലേക്കും അകൽച്ചയിലേക്കും നയിക്കുകയേയുള്ളൂ.

എന്നാൽ നൂഹ് നബി عليه السلام യുടെ ഈ വിളി നോക്കൂ. നാശത്തിന്റെ വക്കിൽ നിൽക്കുന്ന മകനെ രക്ഷയുടെ കപ്പലിലേക്ക് ക്ഷണിക്കുന്നത് എത്ര മനോഹരമായ വാക്കുകളിലൂടെയാണ്. ഇതിൽ നിന്ന് ഓരോ പിതാവും പഠിക്കേണ്ട പാഠം, മക്കൾ എത്ര വലിയ തെറ്റുകാരാണെങ്കിലും അവരെ വിളിക്കുമ്പോൾ, ഉപദേശിക്കുമ്പോൾ ആ വിളിയിൽ സ്നേഹവും ഗുണകാംക്ഷയും ആർദ്രതയും ഉണ്ടാകണം. നമ്മുടെ ഉപദേശം അവരുടെ ഹൃദയത്തിൽ സ്വാധീനം ചെലുത്തണമെങ്കിൽ നമ്മുടെ സംബോധനകൾ പക്വവും പാകപ്പെട്ടതുമാകണം.

യഅ്ഖൂബ് നബി عليه السلام യുടെ മാതൃക

ഈയൊരു സമീപനം മറ്റു പ്രവാചകന്മാരുടെ ജീവിതത്തിലും നമുക്ക് കാണാം. സൂറത്ത് യൂസുഫിൽ, യഅ്ഖൂബ് നബി عليه السلام തന്റെ മക്കളെ പലതവണ ‘യാ ബനിയ്യ’ (എന്റെ മക്കളേ) എന്ന് വിളിച്ച് ഉപദേശിക്കുന്നത് കാണാം. ആരാണീ മക്കൾ? തന്റെ കരളിന്റെ കഷ്ണമായ യൂസുഫിനെ (عليه السلام) ചതിയിലൂടെ കിണറ്റിലിടുകയും, പിതാവിനോട് കള്ളം പറയുകയും ചെയ്ത മക്കളാണ്. വർഷങ്ങളോളം പിതാവിന് വേദന നൽകിയ മക്കൾ. എന്നിട്ടും അവരെ ഉപദേശിക്കുമ്പോൾ യഅ്ഖൂബ് നബി عليه السلام സ്നേഹത്തോടെയാണ് വിളിക്കുന്നത്.

وَقَالَ يَٰبَنِىَّ لَا تَدْخُلُوا۟ مِنۢ بَابٍ وَٰحِدٍ وَٱدْخُلُوا۟ مِنْ أَبْوَٰبٍ مُّتَفَرِّقَةٍ ۖ

അദ്ദേഹം പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. (ഖുർആൻ:12/67)

يَٰبَنِىَّ ٱذْهَبُوا۟ فَتَحَسَّسُوا۟ مِن يُوسُفَ وَأَخِيهِ وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ

എന്‍റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്‍റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. (ഖുർആൻ:12/87)

പുണ്യം ചെയ്ത ലുഖ്മാൻ عليه السلام തന്റെ മകനെ വിളിച്ചതും ‘യാ ബുനയ്യ’ എന്ന് തന്നെയാണ്. ഇതിൽ നിന്നെല്ലാം നാം ഉൾക്കൊള്ളേണ്ട പാഠം, മക്കളെ കൈയ്യിലെടുക്കാനും നമ്മുടെ ഉപദേശങ്ങൾ അവരിൽ ഫലം ചെയ്യാനും നമ്മുടെ സംസാരവും പെരുമാറ്റവും എത്രത്തോളം പ്രധാനമാണെന്നതാണ്.

നീ കാഫിറുകളുടെ കൂടെ ആകരുത്

وَلَا تَكُن مَّعَ الْكَافِرِينَ

“…നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്.”

നൂഹ് നബി عليه السلام യുടെ ഉപദേശത്തിലെ രണ്ടാമത്തെ ഭാഗം അതീവ ഗൗരവമേറിയതാണ്. രക്ഷയുടെ വഴി കാണിച്ചുകൊടുക്കുന്നതോടൊപ്പം, നാശത്തിന്റെ വഴിയെക്കുറിച്ച് അദ്ദേഹം താക്കീത് ചെയ്യുകയുമാണ്. ഇവിടെ നാശത്തിന്റെ വഴി, സത്യനിഷേധികളോടൊപ്പമുള്ള സഹവാസമാണ്.

ഇതിൽ രക്ഷിതാക്കൾക്ക് വലിയൊരു പാഠമുണ്ട്. നമ്മുടെ മക്കൾ ആരുടെ കൂടെയാണ് കൂട്ടുകൂടുന്നത്, ആരുടെ കൂടെയാണ് സമയം ചെലവഴിക്കുന്നത് എന്ന് നാം ശ്രദ്ധയോടെ നിരീക്ഷിക്കണം. ഒരു വ്യക്തിയുടെ സ്വഭാവത്തെയും ആദർശത്തെയും രൂപപ്പെടുത്തുന്നതിൽ കൂട്ടുകെട്ടിന് വലിയ പങ്കുണ്ട്. നല്ല കൂട്ടുകാരുമായുള്ള സഹവാസം അവരെ നന്മയിലേക്കും രക്ഷയിലേക്കും നയിക്കുമ്പോൾ, ചീത്ത കൂട്ടുകെട്ടുകൾ അവരെ നാശത്തിലേക്കും അപകടങ്ങളിലേക്കുമാണ് കൊണ്ടെത്തിക്കുക.

വിശ്വാസികൾ രക്ഷയുടെ കപ്പലിലാണ്. അവിശ്വാസികൾ നാശത്തിന്റെ പ്രളയത്തിലും. അതുകൊണ്ടാണ് മകനോട് ആരുടെ കൂടെ ആകരുത് എന്ന് നൂഹ് നബി عليه السلام വ്യക്തമായി പറയുന്നത്. നമ്മുടെ മക്കളെ സ്നേഹത്തോടെ ഉപദേശിക്കുന്നതോടൊപ്പം, അവർ അകന്നുനിൽക്കേണ്ട തിന്മകളെക്കുറിച്ചും കൂട്ടുകെട്ടുകളെക്കുറിച്ചും വ്യക്തമായി പറഞ്ഞുകൊടുക്കാൻ നമുക്ക് സാധിക്കണം.

മകന്റെ മറുപടിയും പിതാവിന്റെ ക്ഷമയും

قَالَ سَـَٔاوِىٓ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ ۚ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ

അവന്‍ പറഞ്ഞു: വെള്ളത്തില്‍ നിന്ന് എനിക്ക് രക്ഷനല്‍കുന്ന വല്ല മലയിലും ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് ഇന്ന് രക്ഷനല്‍കാന്‍ ആരുമില്ല; അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ. (അപ്പോഴേക്കും) അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി. (ഖുർആൻ:11/43)

പിതാവിന്റെ സ്നേഹോഷ്മളമായ ക്ഷണം കേട്ടിട്ടും മകന്റെ പ്രതികരണം ധിക്കാരത്തിന്റേതായിരുന്നു. രക്ഷയുടെ കപ്പലിലേക്കല്ല, ഭൗതികമായ ഒരു മലയിലേക്കാണ് അവൻ പ്രതീക്ഷയർപ്പിച്ചത്. ഈ വെള്ളപ്പൊക്കത്തിൽ നിന്ന് ഏതെങ്കിലും മലമുകളിൽ കയറി രക്ഷപ്പെടാം എന്നവൻ കരുതി.

ഈ സന്ദർഭത്തിലും നൂഹ് നബി عليه السلام കാണിക്കുന്ന പക്വത ശ്രദ്ധേയമാണ്. മകന്റെ വിഡ്ഢിത്തം നിറഞ്ഞ മറുപടി കേട്ട് അദ്ദേഹം ദേഷ്യപ്പെടുകയോ സംഭാഷണം അവസാനിപ്പിക്കുകയോ ചെയ്തില്ല. മറിച്ച്, മകൻ പറയുന്നത് മുഴുവൻ അദ്ദേഹം കേട്ടു. ഭീതിജനകമായ ആ സാഹചര്യത്തിലും, മകന് പറയാനുള്ളതിന് കാതുകൊടുത്തു. എന്നിട്ട് സ്നേഹത്തോടെ അവനെ തിരുത്തുകയാണ്. “ഇന്ന് അല്ലാഹുവിന്റെ കൽപ്പനയിൽ നിന്ന് രക്ഷിക്കാൻ ആരുമില്ല” എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, അവൻ ആശ്രയിക്കുന്ന മലകൾക്കൊന്നും അവനെ രക്ഷിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഈ സംഭാഷണത്തിൽ രക്ഷിതാക്കൾക്ക് ഉൾക്കൊള്ളാൻ മറ്റൊരു പാഠം കൂടിയുണ്ട്. മക്കൾ തെറ്റായ വാദങ്ങൾ പറയുമ്പോൾ, അല്ലെങ്കിൽ നമ്മൾ പറയുന്നത് അനുസരിക്കാതിരിക്കുമ്പോൾ, അവർക്ക് പറയാനുള്ളത് കേൾക്കാൻ നാം ക്ഷമ കാണിക്കണം. എത്ര തിരക്കിട്ട സാഹചര്യത്തിലാണെങ്കിലും, അവരുടെ വാദങ്ങൾ കേൾക്കുകയും അതിലെ തെറ്റ് സൗമ്യമായി ബോധ്യപ്പെടുത്തിക്കൊടുക്കുകയും വേണം. നിർഭാഗ്യവശാൽ, ആ സംഭാഷണം പൂർത്തിയാകുന്നതിന് മുമ്പ് തിരമാല ആ മകനെ റാഞ്ചിക്കൊണ്ടുപോയി. അവൻ മുങ്ങിനശിച്ചവരുടെ കൂട്ടത്തിലകപ്പെട്ടു.

ഏറ്റവും വലിയ ഉത്തരവാദിത്തം

ഈ ചരിത്രത്തിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം, മക്കളുടെ വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ചാണ്.

عن أنس بن مالك رضي الله عنه قال: قال رسول الله صلى الله عليه وسلم: «إن اللَّهَ تعالى سائِلٌ كلَّ راعٍ عَمَّا اسْتَرْعاهُ، أحَفِظَ ذلِكَ أمْ ضَيَّعَهُ،

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ഓരോ ഭരണാധികാരിയോടും (റാഇ) അവരുടെ ഭരണീയരെക്കുറിച്ച് ചോദിക്കുന്നതാണ്. അവൻ അത് സംരക്ഷിച്ചോ അതോ പാഴാക്കിയോ എന്ന്. (നസാഇ, ഇബ്നു ഹിബ്ബാൻ)

മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ഭരണാധികാരികളാണ്. ആ ഉത്തരവാദിത്തം നാം നിറവേറ്റിയോ അതോ പാഴാക്കിയോ എന്ന് പരലോകത്ത് ചോദ്യം ചെയ്യപ്പെടും. ആ ചോദ്യത്തിനുള്ള ശരിയായ ഉത്തരം നാം ദുനിയാവിൽ വെച്ച് തയ്യാറാക്കേണ്ടതുണ്ട്.

മക്കളുടെ വിശ്വാസവും ആദർശവും

മക്കളുടെ ഭൗതികമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം, അതിനേക്കാൾ പ്രാധാന്യത്തോടെ അവരുടെ വിശ്വാസ (അഖീദ), ആദർശ കാര്യങ്ങളിൽ നാം ശ്രദ്ധ ചെലുത്തണം. ഫിത്നകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, ഇസ്‌ലാമിന്റെ ശത്രുക്കൾ മുസ്ലിം യുവതയുടെ ഈമാനിനെ തകർക്കാൻ ശാസ്ത്രീയമായ പല വഴികളും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, നമ്മുടെ മക്കളുടെ തൗഹീദ് എന്താണ്, അവരുടെ വിശ്വാസം എങ്ങനെയാണ് എന്ന് നാം നിരന്തരം നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും വേണം.

നബി ﷺ തന്റെ പിതൃവ്യൻ അബൂ ത്വാലിബിന്റെ മരണശയ്യക്കരികിൽ ചെന്ന്, “എന്റെ പിതൃവ്യാ, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയൂ. അത് വെച്ച് ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കൽ സാക്ഷി നിൽക്കാം” എന്ന് പറഞ്ഞത് തൗഹീദിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ശിർക്കിലായി മരിച്ചാൽ പിന്നെ ശാശ്വതമായ നരകമാണ് ഫലം. അതുപോലെ, ഒരു ജൂതനായ കുട്ടിയുടെ രോഗസന്ദർശനം നടത്തിയ നബി ﷺ, ആ കുട്ടിയോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയാൻ ആവശ്യപ്പെട്ടതും, ആ കുട്ടി അത് ചൊല്ലി മരിച്ചപ്പോൾ സന്തോഷിച്ചതും മറ്റുള്ളവരുടെ കാര്യത്തിൽ പോലും ഒരു വിശ്വാസിക്കുണ്ടാവേണ്ട ഗുണകാംക്ഷയെയാണ് കാണിക്കുന്നത്.

നരകത്തിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തുക

ഇനി സ്വന്തം മകളുടെ വിഷയത്തിൽ നബി ﷺ യുടെ ഉപദേശം നോക്കൂ: തന്റെ കരളിന്റെ കഷ്ണമായ ഫാത്വിമ رَضِيَ اللَّهُ عَنْهَا യോട് അവിടുന്ന് പറഞ്ഞു:

يَا فَاطِمَةُ بِنْتَ مُحَمَّدٍ سَلِينِي مَا شِئْتِ مِنْ مَالِي، لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا ‏”‏‏.‏

ഓ ഫാത്വിമാ, എന്റെ സമ്പത്തിൽ നിന്ന് നീ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളൂ. (പക്ഷേ) നരകത്തിൽ നിന്ന് നീ നിന്നെത്തന്നെ രക്ഷപ്പെടുത്തുക. അല്ലാഹുവിങ്കൽ നിന്ന് നിനക്ക് യാതൊന്നും നേടിത്തരാൻ എനിക്ക് സാധിക്കുകയില്ല. (ബുഖാരി, മുസ്ലിം)

ഇതിനേക്കാൾ വലിയ എന്ത് ഉപദേശമാണ് ഒരു പിതാവിന് മകൾക്ക് നൽകാനുള്ളത്? മക്കളുടെ വിശ്വാസകാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ, അവരെ തൗഹീദിലും സുന്നത്തിലും അടിയുറച്ച് ജീവിക്കാൻ പഠിപ്പിക്കുക എന്നതാണ് നമ്മുടെ പ്രധാന ബാധ്യത.

നമസ്കാരത്തിൽ ശ്രദ്ധയുണ്ടോ?

അല്ലാഹു പറയുന്നു:

وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ

താങ്കളുടെ കുടുംബത്തോട് നമസ്കരിക്കാൻ കൽപ്പിക്കുകയും, അതിൽ താങ്കൾ ക്ഷമയോടെ ഉറച്ചുനിൽക്കുകയും ചെയ്യുക. (ഖു൪ആന്‍:20/32)

മാതാപിതാക്കൾ നമസ്കരിക്കുന്നവരായാൽ മാത്രം പോരാ, മക്കളുടെ നമസ്കാരത്തിന്റെ കാര്യത്തിലും ശ്രദ്ധയുള്ളവരാകണം. നമസ്കാര സമയത്ത് അവർ എവിടെയാണ്, എന്തുചെയ്യുന്നു എന്ന് അന്വേഷിക്കണം. അതിൽ വീഴ്ച വരുത്തുന്നുണ്ടെങ്കിൽ സ്നേഹത്തോടെ ഉപദേശിക്കുകയും അതിലേക്ക് പ്രേരിപ്പിക്കുകയും വേണം. ഇത് അല്ലാഹു നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്തമാണ്.

പ്രവാചകന്മാരുടെ പ്രാർത്ഥനകളിലെ മാതൃക

മക്കളുടെ വിഷയത്തിലുള്ള നമ്മുടെ ഗുണകാംക്ഷ ഏറ്റവും കൂടുതൽ പ്രകടമാകേണ്ടത് നമ്മുടെ പ്രാർത്ഥനകളിലാണ്. ഇക്കാര്യത്തിൽ പ്രവാചകന്മാർ നമുക്ക് ഏറ്റവും നല്ല മാതൃക കാണിച്ചുതന്നിട്ടുണ്ട്. ഇബ്റാഹീം നബി عليه السلام യുടെ പ്രാർത്ഥനകൾ നോക്കൂ. അദ്ദേഹം തനിക്ക് വേണ്ടി മാത്രമല്ല പ്രാർത്ഥിച്ചത്, തന്റെ സന്തതികളെയും അതിൽ ഉൾപ്പെടുത്തി:

رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ

എന്‍റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്‍റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ പ്രാര്‍ത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:14/40)

അതുപോലെ, തൗഹീദിൽ ഉറച്ചുനിൽക്കാൻ വേണ്ടി അദ്ദേഹം നടത്തിയ പ്രാർത്ഥനയിലും മക്കളെ മറന്നില്ല:

وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ

(രക്ഷിതാവേ,) എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക്‌ ആരാധന നടത്തുന്നതില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. (ഖു൪ആന്‍:14/35)

സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥതയല്ല, മറിച്ച് മക്കളുടെ പരലോക രക്ഷയെക്കുറിച്ച് ആകുലപ്പെടുന്ന ഒരു പിതാവിന്റെ ഹൃദയമാണ് ഈ പ്രാർത്ഥനകളിൽ നാം കാണുന്നത്.

മരണവേളയിലെ ഗുണകാംക്ഷ

ഒരു പിതാവിന്റെ ഏറ്റവും വലിയ ആകുലത മക്കളുടെ അഖീദയായിരിക്കണം എന്നതിന് യഅ്ഖൂബ് നബി عليه السلام യുടെ ജീവിതത്തിൽ മഹത്തായ പാഠമുണ്ട്. മരണശയ്യയിൽ കിടക്കുമ്പോൾ, ദുനിയാവിനോട് വിടപറയുന്ന, പരലോകത്തെക്കുറിച്ചുള്ള ഭയവും പ്രതീക്ഷയും മനസ്സിൽ നിറയുന്ന ആ അവസാന നിമിഷത്തിൽ പോലും അദ്ദേഹം ശ്രദ്ധിച്ചത് തന്റെ മക്കളുടെ വിശ്വാസത്തെക്കുറിച്ചായിരുന്നു. അല്ലാഹു ചോദിക്കുന്നു:

أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ إِلَٰهًا وَٰحِدًا وَنَحْنُ لَهُۥ مُسْلِمُونَ

എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും. (ഖു൪ആന്‍:2/133)

ആ ചോദ്യത്തിന് മക്കൾ “താങ്കളുടെയും താങ്കളുടെ പിതാക്കളായ ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവരുടെയും ആരാധ്യനായ ഏകനായ അല്ലാഹുവിനെ ഞങ്ങൾ ആരാധിക്കും” എന്ന് മറുപടി നൽകി. ആ ഉറപ്പ് കേട്ട് സമാധാനത്തോടെയാണ് അദ്ദേഹം കണ്ണടച്ചത്. സ്വന്തം ജീവൻ പിരിഞ്ഞുപോകുന്ന വേളയിൽ പോലും മക്കളുടെ തൗഹീദിനെക്കുറിച്ച് ഉറപ്പുവരുത്തിയ ആ പിതാവിന്റെ മാതൃക ഓരോ രക്ഷിതാവും നെഞ്ചിലേറ്റേണ്ടതാണ്.

മരണശേഷവും നിലക്കാത്ത സമ്പാദ്യം

ദുനിയാവിന്റെ തിരക്കുകൾക്കിടയിൽ മക്കളുടെ സംസ്കരണത്തിന് സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന് പല രക്ഷിതാക്കളും പരാതി പറയാറുണ്ട്. എന്നാൽ, ഈ നെട്ടോട്ടത്തിനിടയിൽ അവർക്ക് നഷ്ടപ്പെടുന്നത് അവരുടെ പരലോകത്തേക്കുള്ള ഏറ്റവും വലിയ സമ്പാദ്യമാണ് എന്ന് അവർ തിരിച്ചറിയുന്നില്ല.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: മനുഷ്യൻ മരണപ്പെട്ടാൽ മൂന്ന് കാര്യങ്ങളൊഴികെ അവന്റെ എല്ലാ പ്രവർത്തനങ്ങളും നിലച്ചുപോകും: നിലനിൽക്കുന്ന ദാനധർമ്മം (സ്വദഖത്തുൻ ജാരിയ), ഉപകാരപ്രദമായ അറിവ്, അവനുവേണ്ടി പ്രാർത്ഥിക്കുന്ന സച്ചരിതനായ സന്താനം. (മുസ്ലിം:1631)

നമ്മുടെ മരണശേഷം നമുക്ക് പ്രതിഫലം എത്തിച്ചുതരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സമ്പാദ്യമാണ് സ്വാലിഹായ മക്കൾ. ആരാണ് സ്വാലിഹായ മകൻ? ശരിയായ അഖീദയും, നല്ല അമലുകളും, നല്ല വാക്കുകളും, നല്ല നിയ്യത്തുമുള്ള, അകവും പുറവും നന്മ നിറഞ്ഞ മകൻ. ആ മകൻ തന്റെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് വേണ്ടി കൈകളുയർത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കും.

“റബ്ബേ, എന്റെ ഉപ്പാക്കും ഉമ്മാക്കും പൊറുത്തുകൊടുക്കേണമേ, അവരോട് കരുണ കാണിക്കേണമേ” എന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഒരു മകനെ ബാക്കിവെച്ച് പോകാൻ ആർക്കാണ് സാധിക്കുക? ദുനിയാവിൽ വെച്ച് അവരെ ഇസ്‌ലാമിക തർബിയ്യത്തിൽ വളർത്തിയവർക്ക് മാത്രം.

മറ്റൊരു ഹദീഥിൽ നബി ﷺ പറയുന്നു:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ:‏ إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വ൪ഗത്തില്‍ തന്റെ പദവി ഉയ൪ത്തിക്കൊടുക്കും. അപ്പോള്‍ അയാള്‍ പറയും: എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത് ? അപ്പോള്‍ അല്ലാഹു പറയും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്. (സുനനുഇബ്നുമാജ:3660 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

എത്ര മഹത്തായ ഒരു ഭാഗ്യമാണിത്! നമ്മുടെ ഖബ്റുകളിൽ കിടക്കുമ്പോൾ നമ്മുടെ പദവികൾ ഉയർത്തുന്ന, നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെയാണ് നാം വാർത്തെടുക്കേണ്ടത്.

ഉപസംഹാരം

നൂഹ് നബി عليه السلام യും മകനും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന് നാം ഒരുപാട് പാഠങ്ങൾ പഠിച്ചു. പ്രതിസന്ധിയുടെ ഘട്ടത്തിൽ പോലും ഒരു പിതാവ് മകനോട് കാണിച്ച ഗുണകാംക്ഷയും ആർദ്രതയും, രക്ഷയുടെ മാർഗ്ഗം കാണിച്ചുകൊടുത്തതിലെ വിവേകവും, തിന്മയുടെ കൂട്ടുകെട്ടിനെക്കുറിച്ച് നൽകിയ താക്കീതും നമുക്കെല്ലാം വലിയ മാതൃകയാണ്.

രക്ഷിതാക്കൾ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം വളരെ വലുതാണ്. മക്കളുമായി സ്നേഹത്തോടെയും സൗമ്യമായും സംസാരിക്കുക, അവരുടെ കൂട്ടുകെട്ടുകളെക്കുറിച്ച് ജാഗ്രത പുലർത്തുക, എല്ലാറ്റിനുമുപരിയായി അവരുടെ അഖീദയുടെയും ഇബാദത്തിന്റെയും കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുക, നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ മക്കളാക്കി അവരെ വളർത്തുക. ഇതായിരിക്കണം നമ്മുടെ ലക്ഷ്യം.

സർവ്വശക്തനായ അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തുമാറാകട്ടെ. ദുനിയാവിലും ആഖിറത്തിലും നമുക്ക് കൺകുളിർമ നൽകുന്ന സന്താനങ്ങളാക്കി അവരെ മാറ്റുമാറാകട്ടെ. നമ്മുടെ മാതാപിതാക്കളുടെ പാപങ്ങൾ പൊറുത്തുകൊടുക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുമാറാകട്ടെ.

 

അബ്ദുൽ ജബ്ബാര്‍ മദീനി (ഖുത്വുബ പരിഭാഷയിൽ നിന്നും)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *