ശരീഅത്ത് തിരുത്തണമെന്നോ

കാലദേശ വ്യത്യാസമില്ലാതെ, സകല ജനങ്ങള്‍ക്കും റസൂലായി നിശ്ചയിക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ മുഖേന ലോകരക്ഷിതാവായ അല്ലാഹു നല്‍കിയ നിയമ സംഹിതയാണ് ഇസ്‌ലാമിക ശരീഅത്ത്. ദിവ്യബോധനത്തിലൂടെ പൂർത്തിയാക്കപ്പെട്ട ഇസ്‌ലാമിന്റെ നിയമസംഹിതയെ മുഴുവനായി ഉൾക്കൊള്ളുന്ന പവിത്രമായ പദമാണ് ‘ശരീഅത്ത്’ എന്നത്. അതിന്‍റെ മൂലപ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍. ആ നിയമ സംഹിത മനുഷ്യവര്‍ഗത്തിന്‍റെ ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതും, ജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നതുമായിരിക്കണം. അതിന്‍റെ മൂലപ്രമാണം അതിനു തക്കവണ്ണം സാര്‍വ്വജനീനവും, സാര്‍വ്വത്രികവുമായിരിക്കുകയും വേണം. അങ്ങിനെത്തന്നെയാണുള്ളതും. അല്ലാഹു പറയുന്നത് കാണുക:

وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

എല്ലാ കാര്യങ്ങള്‍ക്കും വിവരണമായിക്കൊണ്ടും, മുസ്‌ലിംകള്‍ക്ക് മാര്‍ഗദര്‍ശനവും, കാരുണ്യവും, സന്തോഷവാര്‍ത്ത യുമായിക്കൊണ്ടും നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. (ഖു൪ആന്‍:16/89)

وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرُۢ بَصِيرٌ

നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു. (ഖു൪ആന്‍:35/31)

അല്ലാഹു ഓരോ സമുദായത്തിനും വ്യക്തിക്കും അവന്റെ സാഹചര്യത്തിൽ അനുയോജ്യമായത് നൽകുന്നു. അതിനാൽ പൂർവിക മതനിയമങ്ങൾ ആ കാലത്തേക്കും സമയത്തേക്കും മാത്രം യോജിക്കുന്നതാണ്. അതിനാൽ അല്ലാഹു തുടരെ തുടരെ ദൂതന്മാരെ അയച്ചുകൊണ്ടേയിരുന്നു; അവരുടെ അവസാനത്തെ ദൂതനായി മുഹമ്മദ് നബി ﷺ നിയോഗിതനാകുന്നതുവരെ. അങ്ങനെ അന്ത്യനാൾ വരെ മനുഷ്യർക്ക് നല്ലതും ഉചിതവുമായ ഈ ശരീഅത്ത് അദ്ദേഹം കൊണ്ടുവന്നു. അത് എല്ലാ സമയത്തും നല്ലതിലേക്ക് നയിക്കുന്നു. ചിന്തയിലും യുക്തിയിലും മികച്ചവരും ഏറ്റവും സൗമ്യമായ സ്വഭാവത്തിൽ ഉള്ളവരും സംസ്‌കരിക്കപ്പെട്ടവരും ആയതിനാൽ, അല്ലാഹു അവരെ തെരഞ്ഞെടുത്തു. അവൻ അവർക്ക് ഇസ്ലാം മതത്തെ തിരഞ്ഞെടുത്ത് നൽകുയും ചെയ്തു. മതഗ്രന്ഥങ്ങളെ കാത്തുരക്ഷിക്കുന്ന ഒരു ഗ്രന്ഥം അവർക്ക് അനന്തരമായി നൽകി. (തഫ്സീറുസ്സഅ്ദി)

ഇതിനോട് ആദരവും ബഹുമാനവും അനുസരണവും അനുവർത്തനവും ജീവിതത്തിലുണ്ടാകൽ ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖുര്‍ആന്‍ :4/65)

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു: ഒരു വ്യക്തിക്ക് അവന്റെ ഒരു കാര്യത്തിലും ശരീഅത്തിൽനിന്ന് പുറത്താകേണ്ടതില്ല; അവന്റെ അടിസ്ഥാനവിശ്വാസങ്ങളിലും അതുമായി ബന്ധപ്പെട്ടവയിലും ജീവിതാവസ്ഥകളിലും രാഷ്ട്രീയ കാര്യങ്ങളിലും മറ്റു ഇടപാടുകളിലും അവന്റെ പ്രവർത്തനങ്ങളിലും അവന് അനുയോജ്യമായതെല്ലാം ശരിഅത്തിലുണ്ട്. ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവസ്തുതിയും. കാരണം ശരീഅത്ത് അല്ലാഹുവിനോടും അവന്റെ ദൂതനോടും നമുക്കിടയിലെ കൈകാര്യകർത്താക്കളോടുമുള്ള അനുസരമാണ്. (മജ്മൂഉൽ ഫതാവാ).

ഇബ്‌നുൽ ക്വയ്യിം رحمه الله പറയുന്നു: ശരീഅത്ത് ഉണ്ടാക്കപ്പെട്ടതും അതിന്റെ അടിസ്ഥാനവും ഇഹത്തിലും പരത്തിലും അടിമകൾക്ക് ഗുണമാകുന്ന വിധികൾക്കുമേലാണ്. അത് മുഴുവനും നീതിയും കാരുണ്യവും നന്മകളും യുക്തിപൂർണവുമാണ്. ഒരു പ്രശ്‌നം ഏത് വ്യാഖ്യാനപ്രകാരം നീതിവിട്ട് അനീതിയിലേക്കും കാരുണ്യംവിട്ട് അക്രമത്തിലേക്കും നന്മവിട്ട് തിന്മയിലേക്കും യുക്തിവിട്ട് അർഥമില്ലാത്തതിലേക്കും പോയാൽ അത് ശരിയല്ല. നബിﷺയുടെ നിയോഗത്തിലൂടെ അല്ലാഹു നൽകിയ ശരീഅത്ത് ലോകത്തിന്റെ തൂണും ഇരുലോക വിജയത്തിന്റെ ആത്മാവുമാണ്. (മദാരിജുസ്സാലികീൻ).

ഇസ്‌ലാമിക ശരീഅത്ത് ആധുനികയുഗത്തിന്‌ ഇണങ്ങുന്നതാണോ എന്നത്‌ വിവാദമാക്കാന്‍ പല വിഭാഗങ്ങള്‍ നിരന്തരം ശ്രമിച്ചുപോന്നിട്ടുണ്ട്‌. മുസ്‌ലിം സമൂഹത്തിലെ ചില മോഡേണിസ്റ്റുകളും അവരോടൊപ്പമുണ്ട്. നിയമങ്ങളില്‍ കാലോചിതമായ മാറ്റംവരുത്താന്‍ സമ്മതിക്കാതെ മുസ്‌ലിംകള്‍ പഴഞ്ചന്‍ നിയമം അപ്പടി നിലനിര്‍ത്തണമെന്ന്‌ ശഠിക്കുന്നവരാണെന്ന് അവര്‍ കുറ്റപ്പെടുത്താറുണ്ട്. ഇസ്‌ലാമിക ശരീഅത്ത് നവീകരിച്ചുകൂടേ എന്നും ചിലരൊക്കെ ചോദിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട ഇടക്കിടെ വിവാദങ്ങളും ചര്‍ച്ചയുമൊക്കെ ഉണ്ടാകാറുണ്ട്. ഇതിനെ കുറിച്ചാണ് ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

ഇസ്‌ലാമിക ശരീഅത്ത് നവീകരിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം അത് മനുഷ്യരിൽ ആരെങ്കിലും എഴുതിയുണ്ടാക്കിയതല്ല. അത് അല്ലാഹുവിന്റെ നിയമസംഹിതയാണ്. അല്ലാഹുവിന്റെ മതത്തെ നവീകരിക്കാനും തിരുത്താനും മാറ്റാനും ആർക്കും അവകാശമില്ല. മുഹമ്മദ് നബി ﷺ ക്ക് പോലും അതിന് കഴിയില്ല.

وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَٰتٍ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ

നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. (നബിയേ,) പറയുക: എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു. (ഖുര്‍ആന്‍ :10/15)

അല്ലാഹുവിൻറെ നിയമങ്ങൾ തിരുത്തേണ്ട ആവശ്യമില്ല. അത്  ഏതെങ്കിലും മനുഷ്യരുടെ ബുദ്ധിയിലോ തീരുമാനത്തിലോ വന്നതല്ല. മനുഷ്യനെ സൃഷ്ടിച്ച് പരിപാലിക്കുന്ന മനുഷ്യരുടെ റബ്ബായ അല്ലാഹു മനുഷ്യര്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണ് ഇസ്ലാമിക ശരീഅത്ത്. ഇസ്ലാമിക ശരീഅത്തിന്റെ ഉടമസ്ഥനായ അല്ലാഹുവാകട്ടെ عَلِيم (എല്ലാം അറിയുന്നവൻ) ആകുന്നു. പ്രകടവും, ഗോപ്യവും, രഹസ്യവും, പരസ്യവും, ഭൂമിയിലും, ആകാശങ്ങളിലും, കഴിഞ്ഞുപോയതും, നടന്നുകൊണ്ടിരിക്കുന്നതും, വരാനിരിക്കുന്നതുമെല്ലാം അറിയുന്നവനാണവൻ. അവന്റെ അറിവിൽ പെടാത്തതായി ഒന്നുമില്ല. എന്താണ് ഉണ്ടായത്, ഉണ്ടാവാൻ പോകുന്നത്, ഏത് രൂപത്തിലാണ്, എങ്ങിനെയാണ് ഉണ്ടാവുന്നത് എല്ലാം അവൻ അറിയുന്നതാണ്. ഒന്നും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അജ്ഞാതമല്ല. ഇങ്ങനെയുള്ള അല്ലാഹുവിന്റെ നിയമത്തിൽ യാതൊരു ന്യൂനതയും ഉണ്ടാകുകയില്ല. അത് അന്യൂനവും സാര്‍വ്വജനീനവും സാർവകാലികവുമാണ്.

അതേപോലെ അല്ലാഹു حَكِيم (യുക്തിമാൻ) ആഅ്. അഥവാ കാര്യങ്ങളെ യുക്തിയോടെ സംവിധാനിക്കാനും, സ്ഥാപിക്കാനും കഴിയുന്ന യുക്തിമാനാണ് അല്ലാഹു. ഈ അല്ലാഹു മനുഷ്യർക്ക് നൽകിയ ഇസ്‌ലാമിക ശരീഅത്ത് ഏറ്റവും ഉദാത്തവും, ഉന്നതവുമാണെന്ന കാര്യത്തിൽ സംശയമേയില്ല.

അതേപോലെ ദൃശ്യവും അദൃശ്യവും അറിയുന്നവനാണ് അല്ലാഹു. അങ്ങനെയുള്ള അല്ലാഹുവിന് മാത്രമേ അന്ത്യനാൾ വരെക്കുമുള്ള മനുഷ്യര്‍ക്ക് എല്ലാ കാലത്തും ഉതകുന്ന ഒരു നിയമം നിര്‍മ്മിക്കാൻ കഴിയൂ.

عَٰلِمُ ٱلْغَيْبِ وَٱلشَّهَٰدَةِ ٱلْعَزِيزُ ٱلْحَكِيمُ

അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവന്‍. (ഖുര്‍ആൻ:64/18)

മനുഷ്യരടക്കമുള്ള സര്‍വ ജീവജാലങ്ങള്‍ക്കും അല്ലാഹു മാര്‍ഗദര്‍ശനം നൽകുന്നുണ്ട്. അതായത് ഓരോ ജീവിക്കും അതിന്റെ ആഹാരം തുടങ്ങിയുള്ള ജീവിതാവശ്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ അല്ലാഹു മാര്‍ഗദര്‍ശനം നൽകുന്നു.

قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ ‎

അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. (ഖുർആൻ:20/50)

ഈ റബ്ബ് തന്നെയാണ് മനുഷ്യര്‍ക്ക് അനുയോജ്യമായ നിയമങ്ങൾ നിശ്ചയിച്ച് നൽകാൻ ഏറ്റവും അര്‍ഹതപ്പെട്ടത്.

ഈ പ്രപഞ്ചത്തിന് അല്ലാഹു അതിന്റേതായ നിയമം നിശ്ചയിച്ചിട്ടുണ്ട്. ആകാശങ്ങളും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ അതിന്റെ നിയമങ്ങൾക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നു. ഈ നിയമങ്ങൾക്ക് യാതൊരു പോരായ്യും കണ്ടെത്താൻ കഴിയുകയില്ല. ഈ പ്രപഞ്ചത്തിലെവിടെയും അവ്യവസ്ഥിതത്വമോ ക്രമരാഹിത്യമോ പരസ്പരമിണങ്ങായ്കയോ കാണപ്പെടാത്തതുപോലെ:

ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ

ഏഴ് ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? (ഖുർആൻ:67/3)

പ്രപഞ്ചത്തിലെ നിയമവ്യവസ്ഥകളില്‍ അണുവോളം മാറ്റംവരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. എന്നുവേണ്ട, ആകാശഭൂമികളില്‍ ജീവവസ്തുക്കളായി അല്ലാഹു സൃഷ്‌ടിച്ച എല്ലാ വസ്തുക്കളും – ആത്മീയ ജീവികളായ മലക്കുകള്‍പോലും – അല്ലാഹുവിന്റെ നിയമ ചട്ടങ്ങള്‍ക്കു തികച്ചും കീഴൊതുങ്ങിയും അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങിയുംകൊണ്ടാണ് കഴിയുന്നത്. ആരും ഇതില്‍നിന്നു ഒഴിവില്ല.

അതേപോലെ തന്നെ അല്ലാഹു മനുഷ്യനും നിയമം നിശ്ചയിച്ചു. എന്നാൽ മനുഷ്യന് പരീക്ഷണമെന്ന നിലയിൽ അല്ലാഹു സ്വാതന്ത്ര്യം അനുവദിച്ചു. മനുഷ്യന് ഈ നിയമങ്ങൾ പാലിക്കാനും ലംഘിക്കാനും കഴിയും. മറ്റുള്ളവര്‍ക്ക് അതിന് കഴിയുകയില്ല.

അല്ലാഹുവിന്റെ നിയമങ്ങൾ മനുഷ്യൻ ലംഘിക്കുമ്പോ ഭൂമിയിൽ കുഴപ്പങ്ങളുണ്ടാകുന്നു.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ

മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം. (ഖു൪ആന്‍:30/41)

അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിക്കുന്നതിന്റെ പേരാണ് ഇസ്ലാം. അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിക്കുന്നതുവഴി അല്ലാഹുവിനു കീഴ്പെട്ട്‌ അനുസരണം കാണിക്കുന്നവനാണ് മുസ്‌ലിം. പ്രാപഞ്ചിക ലോകത്ത് കുഴപ്പങ്ങൾ ഇല്ലാത്തതുപോലെ ഭൂമിയിൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മാര്‍ഗമാണ് അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിക്കൽ.

ശരീഅത്തും മതവും രണ്ടല്ല, രണ്ടും ഒന്ന് തന്നെയാണ്. മതത്തിന്റ പര്യായമാണ് ശരീഅത്ത്. അഥവാ ശരീഅത്ത് തന്നെയാണ് മതവും. നബി ﷺ പഠിപ്പിച്ച കാര്യങ്ങളൊക്കെ ‘ശരീഅത്ത്’ ആണ്.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

{ وما ينطق عن الهوى} أي ما يقول قولاً عن هوى وغرض { إن هو إلا وحي يوحى} أي إنما يقول ما أمر به، يبلغه إلى الناس كاملاً موفوراً،

ഇബ്‌നു കഥീര്‍ رحمه الله പറഞ്ഞു: അതായത് അദ്ദേഹം തന്നിഷ്ടപ്രകാരമോ, തോന്നിയതു പോലെയോ പറയുന്നില്ല. നിശ്ചയം അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടത് ഒന്നും കൂട്ടി ചേര്‍ക്കാതെ, കുറച്ചു കളയാതെ പരിപൂര്‍ണമായിത്തന്നെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. (ഇബ്‌നു കഥീര്‍ 4/1787)

മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു:

ثُمَّ جَعَلْنَٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ

(നബിയേ,) പിന്നീട് നിന്നെ നാം (മത) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിൽ (ശരീഅത്തിൽ) ആക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌. (ഖുര്‍ആൻ:45/18)

ثُمَّ شَرَعْنَا لَكَ شَرِيعَةً كَامِلَةً تَدْعُو إِلَى كُلِّ خَيْرٍ وَتَنْهَى عَنْ كُلِّ شَرٍّ مِنْ أَمْرِنَا الشَّرْعِيِّ فَاتَّبِعْهَا فَإِنَّ فِي اتِّبَاعِهَا السَّعَادَةَ الْأَبَدِيَّةَ وَالصَّلَاحَ وَالْفَلَاحَ، وَلا تَتَّبِعْ أَهْوَاءَ الَّذِينَ لا يَعْلَمُونَ أَيِ: الَّذِينَ تَكُونُ أَهَوِيَتُهُمْ غَيْرَ تَابِعَةٍ لِلْعِلْمِ وَلَا مَاشِيَةٍ خَلْفَهُ، وَهُمْ كُلُّ مَنْ خَالَفَ شَرِيعَةَ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَوَاهُ وَإِرَادَتَهُ فَإِنَّهُ مِنْ أَهْوَاءِ الَّذِينَ لَا يَعْلَمُونَ.

പിന്നീട് എല്ലാ നന്മയിലേക്കും ക്ഷണിക്കുന്ന സമ്പൂർണമായ ഒരു ശരീഅത്തിനെ നിനക്ക് നാം നിശ്ചയിച്ചുതന്നു. നമ്മുടെ ഈ ശരീഅത്ത് എല്ലാ തിന്മകളെയും വിരോധിക്കുകയും ചെയ്യുന്നു. (നീ അതിനെ പിന്തുടരുക) തീർച്ചയായും അത് പിന്തുടരുന്നതിൽ നിത്യസൗഭാഗ്യവും നന്മയും വിജയവുമുണ്ട്. (അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്) അറിവിനെ പിൻപറ്റാത്ത, അതിനു പിന്നിൽ സഞ്ചരിക്കാത്ത തന്നിഷ്ടക്കാരെ. റസൂലിന്റെ ﷺ ഉപദേശങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും ആഗ്രഹിക്കുകയും ഇച്ഛിക്കുകയും ചെയ്യുന്ന എല്ലാവരും അറിവില്ലാത്തവർ എന്ന വിശേഷണത്തിൽ വരുന്നു. (തഫ്സീറുസ്സഅ്ദി)

ഇസ്ലാമിക ശരീഅത്തിനെ വിമര്‍ശിക്കുന്നവരുടെ രണ്ട് സ്വഭാവങ്ങൾ ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നു. (1) അവര്‍ ദേഹേച്ഛയുടെ ആളുകളാണ്. (2) അവര്‍ അറിവില്ലാത്തവരാണ്.

ഇസ്ലാമിക ശരീഅത്ത് സ്വീകരിക്കുന്നതുവഴി മനുഷ്യര്‍ക്ക് ഇരുലോകത്തും സമാധാനം ലഭിക്കുന്നു. ഇസ്ലാമിക ശരീഅത്ത് മുഴുവൻ കാരുണ്യമാണ്.

وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ

ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (ഖുര്‍ആന്‍ :21/107)

ഇസ്ലാമിക ശരീഅത്ത്  സാര്‍വ്വജനീനവും സാർവകാലികവും സമ്പൂര്‍ണ്ണവുമാണ്.

وَمَآ أَرْسَلْنَٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല. (ഖുര്‍ആന്‍ :21/107)

ഇസ്ലാമിക ശരീഅത്ത് എല്ലാവര്‍ക്കും അനുയോജ്യമായതാണ്. പാവപ്പെട്ടവനും പണക്കാരനും തൊഴിലാളിക്കും മുതലാളിക്കും ഭരണകര്‍ത്താക്കൾക്കും ഭരണീയര്‍ക്കുമൊക്കെ അനുയോജ്യമായത്.

ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് ആത്മാര്‍ത്ഥമായി പഠിക്കുന്നവര്‍ക്ക് അതിലെ നീതിയും യുക്തിയുമൊക്കെ ബോധ്യപ്പെടും. അതിനെ നിഷേധിക്കുന്നവര്‍ക്കും അതിന്റെ സത്യത ബോധ്യപ്പെടുന്ന ഒരു കാലം വരാനുണ്ട്.

سَنُرِيهِمْ ءَايَٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ

ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ? (ഖുര്‍ആന്‍ :41/53)

ശരീഅത്ത്‌ നിയമങ്ങളെ വിമര്‍ശിക്കുന്നതില്‍ ബഹുഭൂരിപക്ഷഭാഗവും മുഹമ്മദ്‌ നബി ﷺ യെ ദൈവദൂതനായോ വിശുദ്ധ ഖുര്‍ആനിനെ ദൈവിക ഗ്രന്ഥമായോ അംഗീകരിക്കാത്തവരാണ്‌. അതുകൊണ്ട്‌ തന്നെ ഖുര്‍ആനിലും നബിവചനങ്ങളിലും വ്യക്തമാക്കപ്പെട്ട നിയമങ്ങള്‍ എക്കാലത്തും എല്ലാവര്‍ക്കും ബാധകമാണെന്ന്‌ പറയുന്നത്‌ അവര്‍ക്ക്‌ സ്വീകാര്യമായി തോന്നാതിരിക്കുക സ്വാഭാവികമാണ്‌. കാലത്തിനും ലോകത്തിനുമനുസരിച്ച്‌ നിയമവും മാറുക എന്നതേ അവര്‍ക്ക്‌ യുക്തിസഹമായി തോന്നുകയുള്ളൂ. എന്നാലും ലോകസമൂഹങ്ങള്‍ക്കിടയില്‍ നിലവിലുള്ള വ്യക്തി-കുടുംബ നിയമങ്ങളെ വസ്‌തുനിഷ്‌ഠമായ ഒരു താരതമ്യപഠനത്തിന്‌ വിധേയമാക്കാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാമിക നിയമം തികച്ചും മൗലികവും അനിതരവുമാണെന്ന്‌ അവര്‍ക്ക്‌ കണ്ടെത്താനാകും.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *