ശരീഅത്തിന്റെ സവിശേഷതകൾ

അല്ലാഹു അവന്റെ ദാസന്മാർക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിശാലമാണ്. അവസാനകാലത്ത് മനുഷ്യർക്കും ജിന്ന് വർഗത്തിനുമായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായത് അവരിലേക്ക് തന്റെ ദൂതനായി മുഹമ്മദ് നബിﷺയെ നിയോഗിച്ചയച്ചു എന്നതാണ്. ആ പ്രവാചകൻ തന്നിലേൽപിക്കപ്പെട്ട ഉത്തരവാദിത്തം ഏറ്റവും പരിപൂർണമായ നിലയിൽ നിർവഹിക്കുകയും ചെയ്തു.

ഇമാം മുഹമ്മദിബ്‌നു ശിഹാബുസ്സുഹ്‌രി رحمه الله പറഞ്ഞു: അല്ലാഹുവിന്റെ പക്കൽ നിന്നാണ് (ഇസ്‌ലാമാകുന്ന) ഈ മഹിതമായ സന്ദേശം. നബിﷺയുടെ മേലാണ് അത് (മനുഷ്യർക്ക്) എത്തിച്ചു കൊടുക്കേണ്ട ബാധ്യത. അതിന് കീഴ്‌പ്പെട്ടു ജീവിക്കുക എന്നതാണ് നമ്മുടെ മേൽ ബാധ്യതയായിട്ടുള്ളത്. (ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബുത്തൗഹീദിൽ ക്വുർആൻ 5:67 വചനത്തിന്റെ അധ്യായത്തിൽ ഉദ്ധരിച്ചത്).

അല്ലാഹുവിന്റെ പക്കൽനിന്നുള്ള ഈ സന്ദേശം പൂർത്തീകരിക്കപ്പെട്ട സംഗതിയാണ്. അഥവാ അല്ലാഹുവിന്റെ ബാധ്യത അവൻ നിർവഹിച്ചുകഴിഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ ‎

തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിനു വേണ്ടി). എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക. (ഖു൪ആന്‍:16/36)

لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ

തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽനിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതിക്കേൾപിക്കുകയും, അവരെ സംസ്‌കരിക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽതന്നെയായിരുന്നു. (ഖു൪ആന്‍:3/164)

നബിﷺയുടെ മേലുള്ള ബാധ്യത എന്നത് അല്ലാഹുവിങ്കൽനിന്നുള്ള സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കലാണ്. അതും ഏറ്റവും പരിപൂർണമായ നിലയിൽ നിർവഹിക്കപ്പെട്ടുകഴിഞ്ഞു. അല്ലാഹു പറയുന്നു:

فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ‎

എന്നാൽ ദൈവദൂതൻമാരുടെ മേൽ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ? (ഖു൪ആന്‍:16/35)

قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ

നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങൾക്ക് ബാധ്യതയുള്ളത് നിങ്ങൾ ചുമതലയേൽപിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു. (ഖു൪ആന്‍:24/54)

അല്ലാഹുവിന്റെ അടിയാറുകളുടെമേൽ ബാധ്യതയായിട്ടുള്ളത് അല്ലാഹു അവതരിപ്പിച്ചതും നബിﷺ എത്തിച്ചുതന്നതുമായ മതനിയമങ്ങൾക്ക് കീഴൊതുങ്ങി, അനുസരണയോടെ ജീവിക്കുക എന്നതാണ്. ഈ വിഷയത്തിൽ മനുഷ്യർ പൊതുവെ രണ്ടുവിഭാഗമാണ്

(1) അല്ലാഹുവിന്റെ സഹായം (തൗഫീക്വ്) ലഭിക്കുകയും സത്യത്തിന്റെ പാത പിൻപറ്റുകയും ചെയ്തവർ.

(2) അല്ലാഹുവിന്റെ സഹായം (തൗഫീക്വ്) ലഭിക്കാതിരിക്കുകയും മറ്റു മാർഗങ്ങൾ പിൻപറ്റുകയും ചെയ്യുന്നവർ. അല്ലാഹു പറയുന്നു:

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്. (ഖു൪ആന്‍:6/153)

ഇസ്‌ലാമിക ശരീഅത്തിന്റെ സവിശേഷതകൾ

അല്ലാഹു തന്റെ തിരുദൂതർ മുഹമ്മദ് നബിﷺയിലൂടെ അവതരിപ്പിച്ച ഇസ്‌ലാമിക നിയമങ്ങൾക്ക് (ശരീഅത്തിന്) സുപ്രധാനമായ മൂന്ന് സവിശേഷതകളുണ്ട്.

(1) സാർവകാലികം.

(2) സാർവ ജനീനം.

(3) സമ്പൂർണം.

അത് ലോകാവസാനംവരെ നിലനിൽക്കുന്നതാണ്. അല്ലാഹു പറയുന്നു:

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا

മുഹമ്മദ് നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:33/40)

ഇമാം ബുഖാരി യും ഇമാം മുസ്‌ലിമും (رحمهم الله) ഉദ്ധരിക്കുന്നു: മുആവിയ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:

مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ، وَإِنَّمَا أَنَا قَاسِمٌ وَاللَّهُ يُعْطِي، وَلَنْ تَزَالَ هَذِهِ الأُمَّةُ قَائِمَةً عَلَى أَمْرِ اللَّهِ لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ.

‘ആർക്കെങ്കിലും അല്ലാഹു നന്മയുദ്ദേശിച്ചാൽ അയാളെ അല്ലാഹു മതത്തിൽ ജ്ഞാനമുള്ളവനാക്കും. നിശ്ചയമായും ഞാൻ വീതം വെക്കുന്നവൻ മാത്രമാണ്. അല്ലാഹുവാണ് നൽകുന്നത്. ഈ സമുദായം(ഉമ്മത്ത്) ലോകാവസാനംവരെ അല്ലാഹുവിന്റെ നിയമനിർദേശങ്ങളനുസരിച്ച് നേരിന്റെ പാതയിൽ ചലിച്ചുകൊണ്ടേയിരിക്കും. അവരോട് ആരെല്ലാം എതിരായി എന്നത് അവർക്ക് യാതൊരു ദോഷവും വരുത്തുകയില്ല. (ബുഖാരി, മുസ്‌ലിം)

ഇത് മനുഷ്യ-ജിന്ന് വർഗങ്ങൾക്കെല്ലാം കൂടിയുള്ളതാണ്. അവരെല്ലാവരും നബിﷺയുടെ സമുദായമാണ്. അഥവാ പ്രബോധിത സമുദായം (ഉമ്മത്തുദ്ദഅ്‌വ) ആണ്. അതിനാൽ അല്ലാഹു മുഹമ്മദ്നബിﷺയെ നിയോഗിച്ചയച്ചത് മുതലുള്ള മനുഷ്യവർഗത്തിലും ജിന്നുവർഗത്തിലും പെട്ട ഓരോരുത്തരെയും ഈ നേരായ ദൈവിക മതത്തിലേക്ക് ക്ഷണിക്കേണ്ടതുണ്ട്.

وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:10/25)

ഈ വചനത്തിൽ രണ്ടുതരം ഉമ്മത്തുദ്ദഅ്‌വയെ (പ്രബോധിത സമൂഹം) കുറിച്ച് വ്യക്തമായ സൂചനയുണ്ട്. ‘അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു’ എന്നു പറഞ്ഞത് ഉമ്മത്തുദ്ദഅ്‌വയെ സൂചിപ്പിക്കുന്നു. അതായത് ഓരോരുത്തരെയും ക്ഷണിക്കുന്നു. ‘അവനുദ്ദേശിക്കുന്നവരെ നേരായ മാർഗത്തിലേക്ക് നയിക്കുന്നു’ എന്നു പറഞ്ഞത് ‘ഉമ്മത്തുൽ ഇജാബയെ’ക്കുറിച്ചാണ്. അതായത് അല്ലാഹു സന്മാർഗത്തിലെക്ക് വഴിനടത്തിയവരെക്കുറിച്ചാണ്. നബിﷺയുടെ പ്രബോധനത്തിന് ഉത്തരം ചെയ്യുകയും ഋജുവായ മതത്തിൽ പ്രവേശിക്കുകയും അങ്ങനെ മുസ്‌ലിംകളിൽ ഉൾപ്പെടുകയും ചെയ്തവർ. സത്യപ്രബോധനത്തിന് ഉത്തരംചെയ്ത് അല്ലാഹുവിന്റെ മതത്തിൽ പ്രവേശിക്കാനുള്ള തൗഫീക്വ് ലഭിക്കുന്നത് അവന്റെ വലിയ അനുഗ്രഹവും ഔദാര്യവുമാണ്. സന്മാർഗത്തിൽ ചേർക്കാനുള്ള അധികാരം അഥവാ ‘ഹിദായത്ത്’ നൽകൽ അല്ലാഹുവല്ലാത്ത ഒരാളുടെയും അധീനതയിലല്ല.

അല്ലാഹു പറയുന്നു:

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

തീർച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. സൻമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖു൪ആന്‍:28/56)

എന്നാൽ സന്മാർഗത്തിന്റെ ‘വഴികാണിക്കൽ’ അഥവാ കാര്യങ്ങൾ ‘വിശദീകരിച്ചുകൊടുക്കൽ’ പ്രവാചകൻﷺ നിർവഹിക്കുന്നതാണ്. അല്ലാഹു പറയുന്നു:

وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَٰبُ وَلَا ٱلْإِيمَٰنُ وَلَٰكِن جَعَلْنَٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

അപ്രകാരംതന്നെ നിനക്കു നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവി ശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴികാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്. (ഖു൪ആന്‍:42/52)

സർവരിലേക്കുമായി നിയോഗിക്കപ്പെട്ട, അല്ലാഹുവിന്റെ ദൂതനാണ് മുഹമ്മദ്ﷺ. അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നത് കാണുക:

قُلْ يَٰٓأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعًا ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ لَآ إِلَٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلْأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ

പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹു വിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ, നിങ്ങൾ നേർമാർഗം പ്രാപിച്ചേക്കാം. (ഖു൪ആന്‍:7/158)

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ :‏ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لاَ يَسْمَعُ بِي أَحَدٌ مِنْ هَذِهِ الأُمَّةِ يَهُودِيٌّ وَلاَ نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلاَّ كَانَ مِنْ أَصْحَابِ النَّارِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവൻ (അല്ലാഹു) തന്നെയാണേ സത്യം, ഈ സമൂഹത്തിൽ പെട്ട ജൂതനോ ക്രിസ്ത്യാനിയോ ആരുമാകട്ടെ, എന്നെക്കുറിച്ച് കേൾക്കുകയും എന്നിട്ട് എന്നെ നിയോഗിച്ചയച്ചവന്റെ സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുകയും അങ്ങനെ അവിശ്വാസിയായി മരണപ്പെടുകയും ചെയ്താൽ തീർച്ചയായും അയാൾ നരകാവകാശികളിൽപ്പെട്ടവനായിരിക്കും. (സ്വഹീഹു മുസ്‌ലിം)

നബിﷺയുടെ ദഅ്‌വത്ത് ജിന്നുവർഗത്തിനുകൂടി ബാധകമാണെന്നതിനുള്ള തെളിവുകളിൽ പെട്ടതാ ണ് അല്ലാഹുവിന്റെ ഈ വാക്കുകൾ:

وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ‎﴿٢٩﴾‏ قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ‎﴿٣٠﴾‏ يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ‎﴿٣١﴾‏ وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ‎﴿٣٢﴾

ജിന്നുകളിൽ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുർആൻ ശ്രദ്ധിച്ചുകേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം (ശ്രദ്ധേയമാണ്). അങ്ങനെ അവർ അതിന് സന്നിഹിതരായപ്പോൾ അവർ അന്യോന്യം പറഞ്ഞു: ‘നിങ്ങൾ നിശ്ശബ്ദരായിരിക്കൂ.’ അങ്ങനെ അത് കഴിഞ്ഞപ്പോൾ അവർ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവർ പറഞ്ഞു: ‘ഞങ്ങളുടെ സമുദായമേ, തീർച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്നപക്ഷം ഈ ഭൂമിയിൽ (അല്ലാഹുവെ) അവന്ന് തോൽപിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു. (ഖു൪ആന്‍:46/29-32)

മനുഷ്യവർഗത്തോടും ജിന്നുവർഗത്തോടുമായി അല്ലാഹു ചോദിക്കുന്നു:

فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

അപ്പോൾ നിങ്ങൾ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’’ (ഖു൪ആന്‍:55/13)

സൂറതുർറഹ്‌മാനിൽ 31 പ്രാവശ്യം ഈ ചോദ്യം ആവർത്തിക്കുന്നതായി കാണാം.

عَنْ جَابِرٍ، رضى الله عنه قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم عَلَى أَصْحَابِهِ فَقَرَأَ عَلَيْهِمْ سُورَةَ الرَّحْمَنِ مِنْ أَوَّلِهَا إِلَى آخِرِهَا فَسَكَتُوا فَقَالَ ‏ : لَقَدْ قَرَأْتُهَا عَلَى الْجِنِّ لَيْلَةَ الْجِنِّ فَكَانُوا أَحْسَنَ مَرْدُودًا مِنْكُمْ كُنْتُ كُلَّمَا أَتَيْتُ عَلَى قَوْلِهِِ ‏:‏ {فبأَىِّ آلاَءِ رَبِّكُمَا تُكَذِّبَانِ} قَالُوا لاَ بِشَيْءٍ مِنْ نِعَمِكَ رَبَّنَا نُكَذِّبُ فَلَكَ الْحَمْدُ.

ജാബിർ رَضِيَ اللَّهُ عَنْهُ പറയുന്നു: നബിﷺ ഒരിക്കൽ അനുചരന്മാരുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട് സൂറതുർറഹ്‌മാൻ ആദ്യംമുതൽ അവസാനംവരെ അവർക്ക് ഓതിക്കൊടുത്തു. അപ്പോൾ അവർ നിശ്ശബ്ദരായി ഇരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: ‘ജിന്നുകൾ വന്ന രാത്രിയിൽ ഞാൻ അവർക്ക് ഇത് ഓതിക്കേൾപിച്ചിരുന്നു. എന്നാൽ നിങ്ങളെക്കാൾ നല്ല രൂപത്തിലായിരുന്നു അവർ പ്രതികരിച്ചത്. ‘നിങ്ങളുടെ രക്ഷിതാവിന്റെ ഏതേത് അനുഗ്രഹങ്ങളെയാണ് നിങ്ങൾ കളവാക്കുന്നത്’ എന്ന വചനം ആവർത്തിക്കുമ്പോഴെല്ലാം അവർ ഇപ്രകാരം പറഞ്ഞിരുന്നു: ‘ഞങ്ങളുടെ രക്ഷിതാവേ, നിന്റെ അനുഗ്രഹങ്ങളിൽ യാതൊന്നിനെയും ഞങ്ങൾ കളവാക്കുന്നില്ല, നിനക്കാകുന്നു സർവസ്തുതിയും. (തിർമുദി)

ഇതിന് ഉപോൽബലകമായ ഒരു റിപ്പോർട്ട് ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്ന് ഇബ്‌നു ജരീർ رحمه الله ഉദ്ധരിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ ശൈഖ് അൽബാനി رحمه الله യുടെ സിൽസിലതുസ്സ്വഹീഹയിൽ കാണാവുന്നതാണ്. ക്വുർആനിലെ അധ്യായങ്ങളിൽ ഒന്നിന്റെ പേരുതന്നെ ‘അൽജിന്ന്’ (അധ്യായം 71) എന്നാണ്. പ്രസ്തുത അധ്യായത്തിൽ ജിന്നുകളുടെ സംസാരം അല്ലാഹു ഉദ്ധരിക്കുന്നുണ്ട്.

ഇസ്‌ലാമിക ശരീഅത്തിന്റെ മൂന്നാമത്തെ സവിശേഷതയാണ് സമ്പൂർണത എന്നത്. അല്ലാഹു പറയുന്നു:

ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا

 …. ഇന്നു ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു …. (ഖു൪ആന്‍:5/3)

നബിﷺ പറയുന്നു: തെളിമയാർന്ന സുവ്യക്ത മാർഗത്തിലാണ് ഞാൻ നിങ്ങളെ വിട്ടേച്ചു പോകുന്നത്. അതിന്റെ രാവു പോലും പകലിന് സമാനമാണ്. സ്വയം നശിച്ചവനല്ലാതെ അതിൽനിന്ന് തെറ്റിപ്പോവുകയില്ല. (ഇബ്‌നു അബീആസ്വിം رحمه الله തന്റെ ‘അസ്സുന്ന’യിൽ ഇർബാദുബ്‌നു സാരിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിച്ച സ്വഹീഹായ ഹദീസാണിത്. അബൂദർദ് رَضِيَ اللَّهُ عَنْهُ വിൽനിന്നും ഇപ്രകാരം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്)

عَنْ سَلْمَانَ، قَالَ قِيلَ لَهُ قَدْ عَلَّمَكُمْ نَبِيُّكُمْ صلى الله عليه وسلم كُلَّ شَىْءٍ حَتَّى الْخِرَاءَةَ ‏.‏ قَالَ فَقَالَ أَجَلْ لَقَدْ نَهَانَا أَنْ نَسْتَقْبِلَ الْقِبْلَةَ لِغَائِطٍ أَوْ بَوْلٍ أَوْ أَنْ نَسْتَنْجِيَ بِالْيَمِينِ أَوْ أَنْ نَسْتَنْجِيَ بِأَقَلَّ مِنْ ثَلاَثَةِ أَحْجَارٍ أَوْ أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ بِعَظْمٍ ‏.‏

സ്വഹീഹ് മുസ്‌ലിമിൽ സൽമാൻ رَضِيَ اللَّهُ عَنْهُ വിൽനിന്നും ഉദ്ധരിക്കുന്നു: അദ്ദേഹത്തോടൊരിക്കൽ ഒരു ജൂതൻ ചോദിച്ചു: ‘മലമൂത്രവിസർജന കാര്യങ്ങളടക്കം എല്ലാ കാര്യങ്ങളും നിങ്ങളുടെ പ്രവാചകൻ നിങ്ങൾക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടല്ലോ!’ അദ്ദേഹം പറഞ്ഞു: ‘അതെ, മലമൂത്ര വിസർജനവേളയിൽ ക്വിബ്‌ലക്ക് അഭിമുഖമായി ഇരിക്കുന്നതും വലതുകൈ കൊണ്ട് ശൗച്യം ചെയ്യുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്. വെള്ളമില്ലാത്ത സന്ദർഭങ്ങളിൽ കല്ലുകൊണ്ട് ശുദ്ധീകരിക്കുമ്പോൾ മൂന്നു കല്ലുകളിൽ കുറവ് പാടില്ലെന്നും മൃഗങ്ങളുടെ കാഷ്ഠം,എല്ലുകൾ എന്നിവകൊണ്ട് ശുദ്ധി വരുത്തരുതെന്നും ഞങ്ങളോട് വിരോധിച്ചിട്ടുണ്ട്.

ഇസ്‌ലാമിക ശരീഅത്തിന്റെ സമഗ്രതയെയും സമ്പൂർണതയെയുമാണിത് അറിയിക്കുന്നത്. ഈ സമൂഹത്തിനാവശ്യമായ എല്ലാം അതുൾകൊള്ളുന്നുണ്ട്. എത്രത്തോളമെന്നാൽ മലമൂത്ര വിസർജന രംഗത്തെ മര്യാദകൾ വരെയും.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ് رَضِيَ اللَّهُ عَنْهُ പറയുന്നു; നബിﷺ പറഞ്ഞു:

إِنَّهُ لَمْ يَكُنْ نَبِيٌّ قَبْلِي إِلاَّ كَانَ حَقًّا عَلَيْهِ أَنْ يَدُلَّ أُمَّتَهُ عَلَى خَيْرِ مَا يَعْلَمُهُ لَهُمْ وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ

എനിക്ക് മുമ്പുണ്ടായിരുന്ന ഏതൊരു പ്രവാചകനും താൻ അറിഞ്ഞ നന്മകൾ തന്റെ സമുദായത്തെ അറിയിക്കൽ ബാധ്യതയാണ്. അപ്രകാരംതന്നെ തിന്മകളെ സംബന്ധിച്ച് താക്കീത് നൽകലും. (മുസ്‌ലിം).

عَنْ أَبِي الْجُوَيْرِيَةِ، قَالَ سَأَلْتُ ابْنَ عَبَّاسٍ عَنِ الْبَاذَقِ،‏.‏ فَقَالَ سَبَقَ مُحَمَّدٌ صلى الله عليه وسلم الْبَاذَقَ، فَمَا أَسْكَرَ فَهْوَ حَرَامٌ‏.‏ قَالَ الشَّرَابُ الْحَلاَلُ الطَّيِّبُ‏.‏ قَالَ: لَيْسَ بَعْدَ الْحَلاَلِ الطَّيِّبِ إِلاَّ الْحَرَامُ الْخَبِيثُ‏.‏

അബൂജുവൈരിയ رحمه الله പറയുന്നു: ഞാൻ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിനോട് ‘ബാദിഖ്’ എന്ന ഒരുതരം പാനീയത്തെക്കുറിച്ച് (കള്ളായി മാറിയ മുന്തിരിച്ചാറ്) ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ബാദിഖിനെക്കുറിച്ച് മുഹമ്മദ് നബി ﷺ മുമ്പേ പറഞ്ഞുതന്നിട്ടുണ്ട്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. അദ്ദേഹം പറഞ്ഞു: ‘വിശിഷ്ടമായ മുന്തിരിയുടെ അനുവദനീയമായ ചാറല്ലേ അത്?’ അപ്പോൾ ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിശദീകരിച്ചുകൊടുത്തു: ‘വിശിഷ്ടമായ അനുവദനീയത്തിനുശേഷം അത് മദ്യമായി മാറിയപ്പോൾ നിഷിദ്ധമായ മ്ലേച്ഛമായി. (ബുഖാരി)

അതായത് ‘ബാദിഖ്’ എന്ന പേരിൽ ഒരു പാനീയം നബിﷺയുടെ കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, നബിﷺ പറഞ്ഞുതന്നതിൽ അതും അതിനപ്പുറവും ഉൾക്കൊള്ളൂന്നുണ്ട്. ‘ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധമാണ്’ എന്നതിന്റെ വ്യാപകാർഥത്തിൽ പ്രസ്തുത സ്വഭാവമുള്ള എല്ലാം ഉൾപ്പെടുമെന്ന് സാരം. നബിﷺയുടെ കാലത്തുള്ളതും പിന്നീടുണ്ടാകുന്നതും ദ്രാവകരൂപത്തിലുള്ളതും ഖരരൂപത്തിലുള്ളതുമെല്ലാം ഇതിൽ സമമാണ്. ലഹരിയല്ലാത്തവയാകട്ടെ അനുവദനീയവും.

പിൽക്കാലത്തുണ്ടായ പുകവലിയെക്കുറിച്ചും ബാദിഖിന്റെ കാര്യത്തിൽ പറഞ്ഞതുതന്നെയാണ് പറയാൻ കഴിയുക. അഥവാ ശരീരത്തിന്റെ പൊതുതത്ത്വങ്ങളും താൽപര്യങ്ങളും പുകവലി നിഷിദ്ധമാണെന്നാണ് അറിയിക്കുന്നത്.

നബിﷺയെക്കുറിച്ച് അല്ലാഹു പറഞ്ഞ ഈ വചനം ശ്രദ്ധിക്കുക:

وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ

വിശിഷ്ടമായത് അദ്ദേഹം അവർക്ക് അനുവദിച്ച് കൊടുക്കുകയും മ്ലേച്ഛമായത് അവർക്ക് വിലക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)

പുകവലി വിശിഷ്ടമായതിൽ പെട്ടതല്ല; പ്രത്യുത മ്ലേച്ചമായതാണ്. അതിനാൽ അത് നിഷിദ്ധമാണ്. അതോടൊപ്പം അത് ശരീരത്തിന് ഹാനികരവും മരണത്തിലേക്കുവരെ എത്തിക്കുന്ന രോഗങ്ങൾക്ക് കാരണവുമാകാറുണ്ട്. മാത്രമല്ല, ധനം പാഴാക്കലും വിഷപ്പുകയും ദുർഗന്ധവും മറ്റുമൊക്കെ കൊണ്ട് മറ്റുള്ളവരെ ശല്യപ്പെടുത്തലും അതിലുണ്ട്. ഈ സംഗതികളെല്ലാം അത് നിഷിദ്ധമാണെന്ന കാര്യമാണ് അറിയിക്കുന്നത്.

അബൂദർദ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബിﷺ ഞങ്ങളെ വിട്ട് പോകുമ്പോൾ അന്തരീക്ഷത്തിലൂടെ ചിറകിട്ടടിച്ച് പറന്നുപോകുന്ന ഒരു പക്ഷിയെക്കുറിച്ച് പോലും ഞങ്ങളറിയേണ്ട കാര്യങ്ങൾ പറഞ്ഞുതരാതെ വിട്ടുകളഞ്ഞിട്ടില്ല. (ഇബ്‌നു ഹിബ്ബാൻ)

ഇബ്‌നു ഹിബ്ബാൻ رحمه الله പറയുന്നു: അതായത്, നബിﷺയുടെ കൽപനകൾ, വിരോധങ്ങൾ, അറിയിപ്പുകൾ, അവിടുത്തെ പ്രവൃത്തികൾ, അനുവാദങ്ങൾ മുതലായവയിലൂടെ ഞങ്ങൾക്ക് അറിവു പകർന്നുതന്നു എന്ന് സാരം. (ശൈഖ് അൽബാനി ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, സ്വഹീഹു മവാരിദു ദ്വംആൻ 1/119)

പക്ഷികളെക്കുറിച്ച് നബിﷺ പറഞ്ഞുതന്ന ഇത്തരത്തിലുള്ള അറിവുകളുടെ കൂട്ടത്തിൽ പെട്ടതാണ് ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്ന ഈ ഹദീസ്: തേറ്റകൊണ്ട് ഇരപിടിക്കുന്ന എല്ലാ വന്യമൃഗങ്ങളെയും കാലുകൊണ്ട് ഇരയെ ഇറുക്കിപ്പിടിക്കുന്ന എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബിﷺ വിലക്കിയിട്ടുണ്ട്.

കാലുകൊണ്ട് ഇറുക്കി ഇരപിടിക്കുന്ന ഏതു പക്ഷിയും നമുക്ക് ഭക്ഷ്യയോഗ്യമല്ലെന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇത് നബിﷺയുടെ ‘ജവാമിഉൽ കലിമി’ൽ (അഥവാ കുറഞ്ഞ വാക്കുകളിലൂടെ ധാരാളം ആശയങ്ങൾ പറയുന്ന വാക്കുകൾ) പെട്ടതാണ്. ഇത് കർമശാസ്ത്ര മതവിധികളുമായി ബന്ധപ്പെട്ട ഒരു ഹദീസാണെങ്കിൽ; പക്ഷികളെക്കുറിച്ച് പറഞ്ഞ മറ്റൊരു ഹദീസ് കാണുക:

قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا

നബിﷺ പറയുന്നു: നിങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കേണ്ടതുപോലെ ഭരമേൽപിക്കുകയാണെങ്കിൽ പക്ഷികൾക്ക് ഉപജീവനം നൽകുന്നതുപോലെ അല്ലാഹു നിങ്ങൾക്കും നൽകും. അവ രാവിലെ ഒട്ടിയവയറുമായി കൂടുവിട്ടു പോകുന്നു. വൈകുന്നേരം നിറഞ്ഞ വയറുമായി കൂടണയുന്നു. (അഹ്‌മദ്, തിർമുദി, നാസാഈ, ഇബ്‌നുമാജ, ഇബ്‌നു ഹിബ്ബാൻ, ഹാകിം മുതലായവർ ഉദ്ധരിച്ചത്. തിർമുദി رحمه الله പറഞ്ഞു: ‘ഈ ഹദീസ് ഹസനും സ്വഹീഹുമാണ്.’ ഇമാം നവവി رحمه الله യുടെ നാൽപത് ഹദീസുകളുടെ കൂടെ ഇബ്‌നു റജബ് رحمه الله ചേർത്തു പറഞ്ഞ ഹദീസുകളിൽ ഒന്നുമാണ് ഈ ഹദീസ്)

ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله തന്റെ സുപ്രസിദ്ധഗ്രന്ഥമായ ‘ഇഅ്‌ലാമുൽ മുവക്ക്വിഈനിൽ (4/375-376) ശരീഅത്തിന്റെ സമ്പൂർണതയെക്കുറിച്ച് പറയുന്നു: ഇത് ഏറ്റവും പ്രധാനപ്പെട്ടതും ഉപകാരപ്രദവുമായ ഒരു അടിസ്ഥാനമാണ്. അത് ഒറ്റക്കാര്യത്തിൽ സ്ഥാപിതമാണ്. അതായത്, നബിﷺയുടെ രിസാലത്ത് (സന്ദേശം) എല്ലാവരിലേക്കുമുള്ളതാണ്. മനുഷ്യന്മാർക്ക് ആവശ്യമായ അവരുടെ വിജ്ഞാനങ്ങളും അറിവുകളും കർമങ്ങളുമൊക്കെ സംബന്ധിച്ച് വേറൊരാളിലേക്ക് ഇനി ആവശ്യമില്ലാത്തവിധം നബിﷺ എല്ലാം വിശദമാക്കിയിട്ടുണ്ട്. ഇനി വേണ്ടത് നബി ﷺ പഠിപ്പിച്ചത് സത്യസന്ധമായി ആളുകളിലേക്ക് എത്തിച്ചുകൊടുക്കുന്നവരെയാണ്. നബിﷺയുടെ ദൗത്യവും സന്ദേശങ്ങളും രണ്ട് അർഥതലങ്ങളിൽ സമഗ്രവും സമ്പൂർണവുമാണ്. ഒന്ന്, അത് എല്ലാവരിലേക്കു’മുള്ളതാണ്. മറ്റൊന്ന്, മനുഷ്യർക്കാവശ്യമായ എല്ലാം-മതത്തിന്റെ അടിസ്ഥാന കാര്യങ്ങളും ശാഖാപരമായ സംഗതികളും – അതിലടങ്ങിയിട്ടുണ്ട് എന്നതാണ്. അതിനാൽ അതല്ലാത്ത വേറൊന്ന് ഇനി ആവശ്യമേയില്ല. നബിﷺയിലുള്ള വിശ്വാസം പൂർണമാകണമെങ്കിൽ ഈ രണ്ട് അർഥതലങ്ങളിലുമുള്ള, മതത്തിന്റെ സമഗ്രത അംഗീകരിച്ചിരിക്കണം. നബിﷺ പഠിപ്പിച്ച ദീനിന്റെ അധ്യാപനങ്ങളിൽനിന്നും ഒരാൾക്കും ഒഴിവില്ല. മതനിയമങ്ങൾ ബാധകമായ (മുകല്ലഫായ) എല്ലാ വ്യക്തികൾക്കും ആ നിയമങ്ങൾ ബാധകമാണ്. ഈ സമൂഹത്തിനാവശ്യമായ എല്ലാ കാര്യങ്ങളും പ്രവാചകാധ്യാപനങ്ങളിലുണ്ട്. അതിനപ്പുറം മറ്റൊന്നിലേക്കും ഒരു പരിഹാരവും ആശ്വാസവും തേടി പോകേണ്ടതില്ല. അല്ലാഹുവിന്റെ ദൂതൻﷺ ഈ ലോകത്തോട് വിടപറയുമ്പോൾ ആകാശത്തുകൂടി പറന്നുനടക്കുന്ന ഒരു പക്ഷിയുടെ കാര്യത്തിൽവരെയും ആളുകൾ അറിയേണ്ടതും പഠിക്കേണ്ടതുമായ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നിട്ടാണ് പോയിട്ടുള്ളത്.

എത്രത്തോളമെന്നാൽ, ശൗച്യകാര്യ മര്യാദകൾ, ഭാര്യാഭർതൃബന്ധങ്ങളിലെ മര്യാദകൾ, ഉറക്കമര്യാദകൾ, നടക്കുമ്പോഴും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രാവേളയിലും അല്ലാത്തപ്പോഴും; സംസാരിക്കുന്ന സന്ദർഭങ്ങളിലും മൗനം ദീക്ഷിക്കുമ്പോഴും, ഏകാന്തതയിലും ആളുകൾക്കിടയിലാകുമ്പോഴും, സമ്പന്നതയിലും ദാരിദ്ര്യത്തിലും, ആരോഗ്യമുള്ളപ്പോഴും രോഗാവസ്ഥയിലും, ജീവിതത്തിന്റെ സകല രംഗങ്ങളിലും പാലിക്കേണ്ട വിധിവിലക്കുകളെ കുറിച്ചും മരണത്തെ സംബന്ധിച്ചുമൊക്കെ അവിടുന്ന് വിശദമായി പറഞ്ഞുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ അർശിനെക്കുറിച്ചും കുർസിയ്യിനെപ്പറ്റിയും മലക്കുകൾ, ജിന്നുകൾ, സ്വർഗം, നരകം എന്നിവയെക്കുറിച്ചും; അന്ത്യനാളും അന്ന് സംഭവിക്കുന്ന സംഗതികളും നാം നേരിൽ കാണുന്നതുപോലെ സ്പഷ്ടമായയും നബിﷺ വിവരിച്ചുതന്നിട്ടുണ്ട്. മനുഷ്യരുടെ ഏക ആരാധ്യനും ആശ്രയവുമായ അല്ലാഹുവിനെക്കുറിച്ച് ഏറ്റവും പരിപൂർണ രൂപത്തിൽ അവിടുന്ന് അറിയിച്ചുതന്നിട്ടുണ്ട്. സ്രഷ്ടാവിന്റെ പരിപൂർണ മഹത്ത്വത്തിലും ശ്രേഷ്ഠമായ ഗുണവിശേഷങ്ങളിലും അവർ അവനെ നേരിൽ കാണുന്നപോലെയും; പ്രവാചകന്മാരെയും അവരുടെ ജനതകളെയും അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെയുമൊക്കെയും നബിﷺ വിവരിച്ചുതന്നിട്ടുണ്ട്.

എത്രത്തോളമെന്നാൽ, നാം അവരുടെ കൂടെ കഴിഞ്ഞപോലെ. അപ്രകാരംതന്നെ സൂക്ഷ്മവും സ്ഥൂലവുമായ നന്മതിന്മകളെക്കുറിച്ച് മറ്റൊരു പ്രവാചകനും തന്റെ സമുദായത്തിന് പറഞ്ഞുകൊടുത്തിട്ടില്ലാത്തത്ര വിശദമായി അവിടുന്ന് പറഞ്ഞുതന്നിട്ടുണ്ട്. മരണത്തിന്റെ അവസ്ഥകളെക്കുറിച്ചും അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും; ബർസഖീ ജീവിതത്തെപ്പറ്റിയും ശരീരത്തിനും ആത്മാവിനും അതിൽ സംഭവിക്കുന്ന രക്ഷാശിക്ഷകളെക്കുറിച്ചും മറ്റൊരു നബിയും അറിയിച്ചിട്ടില്ലാത്തവിധത്തിൽ വളരെ വ്യക്തമായി അവിടുന്ന് അറിയിച്ചുതന്നിട്ടുണ്ട്. അപ്രകാരംതന്നെ തൗഹീദ് (ഏകദൈവ വിശ്വാസം) പ്രവാചകത്വം, പരലോകം എന്നിവയുടെ നിരവധി തെളിവുകളും; വഴിപിഴച്ചവരും അവിശ്വാസികളുമായ എല്ലാ വിഭാഗങ്ങൾക്കുമുള്ള ഖണ്ഡനങ്ങളും മറുപടികളും നബിﷺ വിശദീകരിച്ചിട്ടുണ്ട്. അത് മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം ഇനി മറ്റൊരാളുടെയും വിവരണം ആവശ്യമില്ലാത്തവിധം വ്യക്തമാണത്. അത് അവ്യക്തമായവർക്ക് അറിവുള്ളവർ വിശദീകരിച്ചു കൊടുക്കേണ്ടിവരും എന്നതല്ലാതെ പ്രവാചകവിവരണങ്ങളിൽ യാതൊരു അപൂർണതയോ അവ്യക്തതയോ ഇല്ല.

അതുപോലെതന്നെ യുദ്ധതന്ത്രങ്ങൾ, ശത്രുവിനെ നേരിടൽ, വിജയത്തിന്റെ വഴികൾ തുടങ്ങിയ കാര്യങ്ങളെല്ലാം നബിﷺ മനുഷ്യരാശിക്ക് പരിചയപ്പെടുത്തി. അത് വേണ്ടപോലെ ഗ്രഹിച്ച് മനസ്സിലാക്കി അർഹിക്കുന്നവിധം പരിഗണിച്ചാൽ അവരെ പ്രതിരോധിക്കാൻ ഒരു ശത്രുവും ഉണ്ടാവുകയില്ല. അപ്രകാരംതന്നെ മനുഷ്യന്റെ ആജന്മശത്രുവായ ഇബ്‌ലീസിനെക്കുറിച്ചും അവന്റെ കുതന്ത്രങ്ങൾ, മനുഷ്യരുടെ അടുക്കൽ അവൻ വരുന്ന വഴികൾ, അവനിൽനിന്നും അവന്റെ കെണികളിൽനിന്നും അവന്റെ കുതന്ത്രങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള വഴികൾ എന്നിവയെ സംബന്ധിച്ചുമെല്ലാം ഇനിയൊന്നും ബാക്കിയില്ലാത്ത വിധം സമ്പൂർണമായി പറഞ്ഞുതന്നിട്ടുണ്ട്.

അതുപോലെതന്നെ മനുഷ്യരുടെ അവസ്ഥകളെ സംബന്ധിച്ചും സ്വഭാവങ്ങളെപ്പറ്റിയും അവരിൽ ഒളിഞ്ഞിരിക്കുന്ന പക, ശത്രുത എന്നിവയെ സംബന്ധിച്ചും ഇനി മറ്റൊരാളുടെ (വിവരണം) ആവശ്യമില്ലാത്തവിധം എല്ലാം അവിടുന്ന് വിശദീകരിച്ചിട്ടുണ്ട്. അപ്രകാരംതന്നെ മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെ സംബന്ധിച്ചും ഉപജീവനമാർഗങ്ങളെ സംബന്ധിച്ചും അവിടുന്ന് പരിചയപ്പെടുത്തി. അവ വേണ്ടപോലെ ഗ്രഹിക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്താൽ നിസ്സംശയം, അവരുടെ ഭൗതിക ജീവിതവും ഏറ്റവും നല്ല രൂപത്തിൽ നേരാകുമായിരുന്നു.

ചുരുക്കത്തിൽ, ഇഹപര ജീവിതത്തിലെ വിജയത്തിനാവശ്യമായ നന്മകളഖിലവും നബിﷺ മനുഷ്യർക്ക് പകർന്നുനൽകിയിട്ടുണ്ട്. അത്തരം കാര്യങ്ങൾക്ക് അന്ത്യപ്രവാചകനു പുറമെ മറ്റൊരാളുടെയും ആവശ്യമില്ലാത്തവിധം അല്ലാഹു ആക്കിത്തീർത്തിരിക്കുന്നു എന്ന് സാരം.

ലോകത്ത് ഒരു നിയമവ്യവസ്ഥയിലുമില്ലാത്ത, സമ്പൂർണവും സമഗ്രവുമായ നിയമനിർദേശങ്ങളടങ്ങിയ ദൈവിക നിയമവ്യവസ്ഥയെ സംബന്ധിച്ച്; അപൂർണവും അപരിഷ്‌കൃതവുമെന്നും, അതിനെ പൂർത്തീകരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും പുറത്തുനിന്നുള്ള ചിന്തയും ആശയങ്ങളും ആവശ്യമാണെന്നും എങ്ങനെയാണ് പറയാനാവുക? ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഇനിയും മനുഷ്യർക്ക് ഒരു പ്രവാചകൻ വരേണ്ടതായിട്ടുണ്ടെന്നു വിശ്വസിക്കുന്നവരെ പോലെയാണ് അയാളും. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം പ്രവാചകാധ്യാപനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും അജ്ഞതയുമാണ്. പ്രവാചകാനുചരന്മാർക്ക് ലഭിച്ചതുപോലെ നബിﷺയെ അറിയാനും അവിടുന്ന് പഠിപ്പിച്ച ആശയങ്ങളെ മനസ്സിലാക്കുവാനുമുള്ള തൗഫീക്വ് ഇല്ലാതെപോയതിനാലുമാണത്. അവരാകട്ടെ യാഥാർഥ്യങ്ങൾ ഗ്രഹിച്ച് പ്രവാചകാധ്യാപനങ്ങളെ നെഞ്ചിലേറ്റി, അവിടുത്തെ ഉപദേശനിർദേശങ്ങളെ അനുധാവനം ചെയ്തു. അങ്ങനെ ജനഹൃദയങ്ങളെയും വിശാലമായ സാമ്രാജ്യങ്ങളെയും കീഴടക്കാൻ അവർക്ക് സാധിച്ചു. ‘ഇതാണ് ഞങ്ങളുടെ പ്രവാചകൻ ഞങ്ങളെ ഏൽപിച്ചത്, ഇതുതന്നെയാണ് ഞങ്ങൾക്ക് നിങ്ങളെയും ഏൽപിക്കാനുള്ളത്’ എന്ന് പറഞ്ഞു അടുത്ത തലമുറയിലേക്ക് ദൗത്യം കൈമാറിക്കൊണ്ടാണ് അവർ യാത്രയായത്. (ഇഅ്‌ലാമുൽ മുവക്ക്വിഈൻ 4/375, 376)

ശരീഅത്താകു ന്ന സമ്പൂർണമായ നിയമസംഹിതയാണ് പ്രവാചക ജീവിതം അഥവാ അവിടുത്തെ സുന്നത്തുകൾ, അതിന്റെ വിശാലമായ അർഥത്തിൽ; ‘സുന്നത്ത്’ എന്ന പദം നാല് അർഥതലങ്ങളിൽ പ്രയോഗിക്കാറുണ്ട്:

(1) ക്വുർആനിലും സുന്നത്തിലും വന്ന എല്ലാ കാര്യങ്ങളും നബിﷺയുടെ സുന്നത്താണെന്ന് പറയാറുണ്ട്. അഥവാ അതായിരുന്നു നബിﷺയുടെ ജീവിതരീതിയും മാർഗവും. ആ അർഥത്തിലുള്ള ഒരു പ്രയോഗമാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും (رحمهم الله) ഉദ്ധരിച്ച പ്രബലമായ പ്രവാചക വചനത്തിലെ “ആരെങ്കിലും എന്റെ ‘സുന്നത്തിനോട്’ (അഥവാ എന്റെ മാർഗത്തോട്) വിപ്രതിപത്തി കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല’’ എന്ന പരാമർശം.

(2) ‘ഹദീസ്’ എന്ന അർഥത്തിൽ ‘സുന്നത്ത്’ എന്ന് പ്രയോഗിക്കാറുണ്ട്. മിക്കവാറും ക്വുർആനിനോട് ചേർത്തു പറയുമ്പോഴാണ് അങ്ങനെ പ്രയോഗിക്കാറ്. അങ്ങനെയുള്ള ഒരു പ്രയോഗമാണ് താഴെ കാണുന്ന പ്രവാചക വചനത്തിലുള്ളത്:

അല്ലയോ ജനങ്ങളേ, നിങ്ങൾ മുറുകെ പിടിക്കുകയാണെങ്കിൽ ഒരിക്കലും വഴിപിഴക്കാത്ത ഒരു കാര്യം ഞാൻ നിങ്ങളിൽ വിട്ടേച്ചുപോകുന്നു. അതായത്, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ റസൂലിന്റെ സുന്നത്തും.’

മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: തീർച്ചയായും ഞാൻ നിങ്ങളിലേക്ക് രണ്ട് സംഗതികൾ വിട്ടേച്ചുപോകുന്നു. അവ മുറുകെ പിടിച്ചശേഷം നിങ്ങൾ വഴിതെറ്റുകയെയില്ല.

അല്ലാഹുവിന്റെ ഗ്രന്ഥവും (ക്വുർആൻ) എന്റെ സുന്നത്തുമാണത്. (ഈ രണ്ട് ഹദീസുകളും ഇമാം ഹാകിം തന്റെ ‘മുസ്തദ്‌റകി’ൽ ഉദ്ധരിച്ചതാണ്).

ഇതേ അർഥത്തിലാണ് ചില പണ്ഡിതന്മാർ മസ്അലകൾ (കർമശാസ്ത്ര വിധികളും ചർച്ചകളും) പറയുമ്പോൾ ഇപ്രകാരം പറയുന്നത്: “ഈ വിഷയത്തിൽ കിതാബിലും (ക്വുർആനിൽ) സുന്നത്തിലും (ഹദീസ്) ഇജ്മാഇലും തെളിവുണ്ട്.’’

(3) ബിദ്അത്തിന് എതിരായിട്ടുള്ളത് എന്ന അർഥത്തിലും ‘സുന്നത്ത്’ എന്നു പറയാറുണ്ട്. ആ അർഥത്തിലാണ് ഇർബാദുബ്‌നു സാരിയ رَضِيَ اللَّهُ عَنْهُ ഉദ്ധരിക്കുന്ന ഹദീസിൽ നബിﷺ ഇങ്ങിനെ പറയുന്നത്: “എനിക്കുശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കിൽ ധാരാളം ഭിന്നതകൾ കാണുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും (ചര്യ) സച്ചരിതരായ ഖലീഫമാരുടെ (ഖുലഫാഉർറാശിദൂൻ) സുന്നത്തും പിൻപറ്റുക. അത് നിങ്ങൾ മുറുകെ പിടിക്കുക. അണപ്പല്ലുകൾകൊണ്ട് നിങ്ങൾ അതിനെ കടിച്ചുപിടിക്കുക. (മതത്തിൽ കടത്തിക്കൂട്ടിയ) പുത്തനാശയങ്ങളെ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയമായും എല്ലാ പുത്തനാശയങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും വഴികേടുമാകുന്നു’’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ).

ബിദ്അത്തുകൾക്കെതിരിൽ സ്വഹാബത്ത്, വിശിഷ്യാ സച്ചരിതരായ ഖലീഫമാർ നിലകൊണ്ട മാർഗം നിങ്ങൾ പിൻപറ്റുക എന്ന് സാരം. ഇതേ അർഥത്തിലാണ് മുൻഗാമികളായ ചില പണ്ഡിതന്മാർ അക്വീദ വിഷയങ്ങളിലുള്ള തങ്ങളുടെ ഗ്രന്ഥങ്ങൾക്ക് ‘അസ്സുന്ന’ എന്ന പേര് നൽകിയിട്ടുള്ളത്. ഉദാഹരണത്തിന്, മുഹമ്മദുബ്‌നു നസ്വ‌്ർ അൽമർവസി(റഹി)യുടെ ‘അസ്സുന്ന,’ ഇബ്‌നു അബീ ആസ്വിമി(റഹി)ന്റെ’അസ്സുന്ന,’ ലാലകാഇ(റഹി)യുടെ ‘അസ്സുന്ന’ മുതലായവ. ഇമാം അബൂദാവൂദിന്റെ(റ) ‘സുനനി’ൽ ‘കിതാബുസ്സുന്ന’ എന്ന ഒരു ഭാഗം കാണാം. അതിൽ അക്വീദ (വിശ്വാസ കാര്യങ്ങൾ) വിഷയങ്ങളിലുള്ള ധാരാളം ഹദീസുകളാണ് അടങ്ങിയിട്ടുള്ളത്.

(4) നിർബന്ധമില്ലാത്ത, ‘ഐച്ഛികമായ കാര്യം’ എന്ന അർഥത്തിൽ ‘സുന്നത്ത്’ എന്ന് പ്രയോഗിക്കാറുണ്ട്. അതായത്, നിർബന്ധരൂപത്തിലല്ലാതെ ഐച്ചികസ്വഭാവത്തിൽ വന്ന കൽപനകളാണത്. ഈ അർഥത്തിലാണ് കർമശാസ്ത്ര പണ്ഡിതന്മാർ (ഫുക്വഹാഉകൾ) ഒരു കാര്യം സുന്നത്താണ് എന്ന് പറയുന്നത്. അത്തരത്തിലുള്ള ഒരു പരാമർശമാണ് നബിﷺയുടെ ഈ ഹദീസിലുള്ളത്: “എന്റെ സമുദായത്തെ ഞാൻ പ്രയാസപ്പെടുത്തലാകുമായിരുന്നില്ലെങ്കിൽ ഓരോ നമസ്‌കാരവേളയിലും ദന്തശുദ്ധി വരുത്തുവാൻ ഞാനവരോട് കൽപ്പിക്കുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം). ദന്തശുദ്ധീകരണത്തിന് ഐച്ഛികമായ കൽപന വന്നിട്ടുള്ളതാണ്. പ്രയാസകരമാകുമെന്ന് ഭയന്ന് ഉപേക്ഷിച്ചത് നിർബന്ധ രൂപത്തിലുള്ള കൽപനയാണ്.

സുന്നത്തുകൾ പിൻ പറ്റുവാനും ബിദ്അത്തുകൾ കയ്യൊഴിയുവാനുമുള്ള ആഹ്വാനങ്ങൾ

നബിﷺ കൊണ്ടുവന്ന, അഥവാ അവിടുന്ന് പഠിപ്പിച്ച കാര്യങ്ങൾ പിൻപറ്റാൻ നിഷ്‌കർശിക്കുന്നതും പ്രേരിപ്പിക്കുന്നതുമായ ധാരാളം വചനങ്ങൾ കാണാം. അപ്രകാരംതന്നെ നബിﷺയുടെ അധ്യാപനങ്ങൾക്ക് എതിരാകുന്നതിനെ വിലക്കുന്നതും താക്കീത് ചെയ്യുന്നതുമായ വചനങ്ങളും അനവധിയുണ്ട്. ശിർക്ക്-ബിദ്അത്തുകളിലും മറ്റു പാപങ്ങളിലും ചെന്ന് ചാടുന്നതിനെ വിലക്കുന്ന വചനങ്ങളും അനേകമുണ്ട്.

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ وَلَا تَتَّبِعُوا۟ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِۦ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَتَّقُونَ

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്. (ഖു൪ആന്‍:6/153)

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)

لَّا تَجْعَلُوا۟ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

നിങ്ങൾക്കിടയിൽ റസൂലിന്റെ വിളിയെ നിങ്ങളിൽ ചിലർ ചിലരെ വിളിക്കുന്നതുപോലെ നിങ്ങൾ ആക്കിത്തീർക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തിൽനിന്ന് ചോർന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)

ഇബ്‌നു കസീർ رحمه الله ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: “അതായത്, അല്ലാഹുവിന്റെ തിരുദൂതരുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർ. അവിടുന്ന് പഠിപ്പിച്ച മാർഗവും രീതിശാസ്ത്രവും നിലപാടുകളും അവിടുത്തെ ചര്യകളും നിയമനിർദേശങ്ങളുമൊക്കെയാണത്. അതിനാൽ ഏതൊരാളുടെ വാക്കുകളും പ്രവൃത്തികളും അളന്നുനോക്കാനുള്ള മാനദണ്ഡമാണ് നബിﷺ യുടെ വാക്കുകളും പ്രവൃത്തികളും, അഥവാ സുന്നത്ത്. അതിനോട് യോജിക്കുന്നത് സ്വീകരിക്കേണ്ടതും അതിനോട് എതിരാകുന്നവ ആരുതന്നെ പറഞ്ഞതും ചെയ്തതുമാണെങ്കിലും തള്ളിക്കളയേണ്ടതുമാണ്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും മറ്റുമൊക്കെ നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടുവന്നതും അതാണല്ലോ. അവിടുന്ന് പറഞ്ഞു: “നമ്മുടെ നിർദേശമില്ലാത്ത വല്ല കർമങ്ങളും (മതത്തിന്റെ പേരിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടെണ്ടതാണ്.’’ അതായത്, നബിﷺയുടെ മാർഗനിർദേശങ്ങളോട് പ്രത്യക്ഷത്തിലോ പരോക്ഷമായോ എതിരായി വല്ലതും പ്രവർത്തിക്കുന്നവൻ ഭയപ്പെടുകയും ജാഗ്രത പാലിക്കുകയും ചെയ്തുകൊള്ളട്ടെ എന്നർഥം. “അവർക്ക് വല്ല ‘ഫിത്‌ന’യും ബാധിക്കുന്നതിനെ’’ അഥവാ, അവരുടെ ഹൃദയങ്ങളിൽ കുഫ്‌റിന്റെയോ (അവിശ്വാസം) നിഫാക്വിന്റെയോ (കാപട്യം) ബിദ്അത്തിന്റെയോ (പുത്തനാശയം) വല്ലതും ബാധിക്കുന്നതിനെ. ‘അല്ലെങ്കിൽ വേദനയേറിയ ശിക്ഷ അവരെ ബാധിക്കുന്നതിനെ,’ അതായത് ഈ ജീവിതത്തിൽ ശിക്ഷാനടപടികളോ കൊലയോ തടവറയോ പോലുള്ള എന്തെങ്കിലും ബാധിക്കുന്നതിനെ’’ (തഫ്‌സീർ ഇബ്‌നു കസീർ).

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍:33/21)

قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)

ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ رحمه الله പറയുന്നു:

هذه الآية الكريمة حاكمة على كل من ادعى محبة الله ، وليس هو على الطريقة المحمدية فإنه كاذب في دعواه في نفس الأمر ، حتى يتبع الشرع المحمدي والدين النبوي في جميع أقواله وأحواله ، كما ثبت في الصحيح عن رسول الله صلى الله عليه وسلم أنه قال : ” من عمل عملا ليس عليه أمرنا فهو رد ” ولهذا قال : {قل إن كنتم تحبون الله فاتبعوني يحببكم الله}

അല്ലാഹുവിനോട് സ്‌നേഹമുണ്ടെന്ന് വാദിക്കുകയും എന്നിട്ട് മുഹമ്മദ് നബിﷺ പഠിപ്പിച്ച മാർഗത്തിനെതിരിൽ നിലകൊള്ളുകയും ചെയ്യുന്ന ഏതൊരാളുടെയും കാര്യത്തിൽ തീർപ്പുകൽപിക്കുന്നതാണ് ഈ വിശുദ്ധവചനം. അഥവാ, തന്റെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം നബിﷺ പഠിപ്പിച്ച മതനിയമങ്ങളും മാർഗനിർദേശങ്ങളും പിൻപറ്റുന്നതുവരേക്കും അയാൾ തന്റെ അവകാശവാദത്തിൽ വ്യാജവാദിയാണ്; നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടുവന്നതുപോലെ. അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും നമ്മുടെ നിർദേശമില്ലാതെ വല്ലതും (മതത്തിന്റെ ഭാഗമായി) അനുഷ്ഠിച്ചാൽ അത് തള്ളിക്കളയേണ്ടതാണ്.’ അതിനാലാണ് അല്ലാഹു ഇങ്ങനെ പറയാൻ നബിﷺയോട് പറഞ്ഞത്: ‘നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്നെ പിൻപറ്റുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും’’ (തഫ്‌സീർ ഇബ്‌നു കസീർ).

قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖു൪ആന്‍:2/38)

قَالَ ٱهْبِطَا مِنْهَا جَمِيعَۢا ۖ بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ ‎﴿١٢٣﴾‏ وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ‎﴿١٢٤﴾‏

അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോകുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. എന്നാൽ എന്റെ പക്കൽനിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ചുപോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവരുന്നതുമാണ്. (ഖു൪ആന്‍:20/123-124)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കി ൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും. (ഖു൪ആന്‍:4/59)

ٱتَّبِعُوا۟ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا۟ مِن دُونِهِۦٓ أَوْلِيَآءَ ۗ قَلِيلًا مَّا تَذَكَّرُونَ

നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത് വളരെ കുറച്ചുമാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:7/3)

وَمَن يَعْشُ عَن ذِكْرِ ٱلرَّحْمَٰنِ نُقَيِّضْ لَهُۥ شَيْطَٰنًا فَهُوَ لَهُۥ قَرِينٌ ‎﴿٣٦﴾‏ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ ٱلسَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ‎﴿٣٧﴾

പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധത നടിക്കുന്നപക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെടുത്തിക്കൊടുക്കും. എന്നിട്ട് അവൻ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും . തീർച്ചയായും അവർ (പിശാചുക്കൾ) അവരെ നേർമാർഗത്തിൽനിന്ന് തടയും. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും. (ഖു൪ആന്‍:43/36-37)

‏ وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏതു കാര്യത്തിലാവട്ടെ, അതിൽ തീർപ്പുകൽപിക്കാ നുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖു൪ആന്‍:42/10)

قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَٰغُ ٱلْمُبِينُ

നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങൾക്ക് ബാധ്യതയുള്ളത് നിങ്ങൾ ചുമതല ഏൽപിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സൻമാർഗം പ്രാപിക്കാം. റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു. (ഖു൪ആന്‍:24/54)

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖു൪ആന്‍:59/7)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പിൽ (യാതൊന്നും) മുൻകടന്നു പ്രവർത്തിക്കരുത്. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:49/1)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ

നിങ്ങൾക്ക് ജീവൻനൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ് കൊള്ളുക. (ഖു൪ആന്‍:8/24)

إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿٥١﴾‏ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَٰٓئِكَ هُمُ ٱلْفَآئِزُونَ ‎﴿٥٢﴾

തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവർതന്നെയാണ് വിജയികൾ. അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ് വിജയം നേടിയവർ. (ഖു൪ആന്‍:24/51-52)

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവർക്ക് യാതൊന്നും ഭയപ്പെടാനില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:46/13)

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: ‘നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട, നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞ് കൊള്ളുക. (ഖു൪ആന്‍:41/30)

أَمْ لَهُمْ شُرَكَٰٓؤُا۟ شَرَعُوا۟ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ وَلَوْلَا كَلِمَةُ ٱلْفَصْلِ لَقُضِىَ بَيْنَهُمْ ۗ وَإِنَّ ٱلظَّٰلِمِينَ لَهُمْ عَذَابٌ أَلِيمٌ

അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചുകൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധി കൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്. (ഖു൪ആന്‍:42/21)

ഒരുകൂട്ടം ജിന്നുകൾ ക്വുർആൻ ശ്രവിച്ചശേഷം അവരുടെ ജനങ്ങളിലേക്ക് ചെന്ന് പറഞ്ഞ കാര്യങ്ങൾ അല്ലാഹു ഉദ്ധരിക്കുന്നു:

قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ‎﴿٣٠﴾‏ يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ‎﴿٣١﴾‏ وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ‎﴿٣٢﴾‏

അവര്‍ പറഞ്ഞു:ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം നൽകുകയും അദ്ദേഹത്തിൽ നിങ്ങൾ വിശ്വസിക്കുകയും ചെയ്യുക. അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയിൽനിന്ന് അവൻ നിങ്ങൾക്ക് അഭയം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് വല്ലവനും ഉത്തരം നൽകാതിരിക്കുന്ന പക്ഷം ഈ ഭൂമിയിൽ (അല്ലാഹുവെ) അവന്ന് തോൽപിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികൾ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാർ വ്യക്തമായ വഴികേടിലാകുന്നു. (ഖു൪ആന്‍:46/30-32)

ഇതുപോലെ സുന്നത്ത് പിൻപറ്റാനും ബിദ്അത്തുകൾ കൈയൊഴിയാനും പഠിപ്പിക്കുന്നതും ബിദ്അത്തിന്റെ അപകടങ്ങൾ വിവരിക്കുന്നതുമായ ധാരാളം ഹദീസുകൾ നബിﷺയുടെ സുന്നത്തിലും കാണാം. അതിൽ ചിലത് കാണുക:

(ഒന്ന്)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ

ആയിശാ رضي الله عنه യിൽ നിന്നും നിവേദനം: നബിﷺ പറയുന്നു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടുന്നതാണ്. (ബുഖാരി, മുസ്‌ലിം)

ഇമാം മുസ്‌ലിം (റ) ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയാനുള്ളത്:

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നമ്മുടെ നിർദേശമില്ലാതെ ആരെങ്കിലും (മതത്തിന്റെ ഭാഗമായി) വല്ലതും പ്രവർത്തിച്ചാൽ അത് തള്ളപ്പെടുന്നതാണ്.

ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഈ റിപ്പോർട്ടാണ് മറ്റു റിപ്പോർട്ടുകളെക്കാൾ വ്യാപകമായ ആശയമുൾകൊള്ളുന്നത്. കാരണം, ബിദ്അത്തുണ്ടാക്കിയവരെയും അതിനെ പിൻപറ്റി കർമങ്ങൾ ചെയ്യുന്നവരെയും ഈ വചനം ഉൾകൊള്ളുന്നുണ്ട്. കർമങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകരിക്കപ്പെടാനുള്ള രണ്ട് നിബന്ധനകളിൽ ഒന്നാണത്. അഥവാ, നബിﷺയെ പിൻപറ്റിക്കൊണ്ട് കർമങ്ങൾ ചെയ്യൽ. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും കാക്ഷിച്ചുകൊണ്ട് ചെയ്യുന്ന എതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:

ഒന്ന്: അല്ലാഹുവിന്റെ പ്രീതിമാത്രം കാക്ഷിച്ചു യാതൊരാളെയും പങ്കുചേർക്കാതെ അവന് നിഷ്‌കളങ്കമായി അഥവാ ഇഖ്‌ലാസോട് കൂടി സമർപ്പിക്കുന്നതായിരിക്കണം ആ കർമം. അതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യ വചനത്തിന്റെ തേട്ടം.

രണ്ട്: നബിﷺയെ പിൻപറ്റിക്കൊണ്ടായിരിക്കണം പ്രസ്തുത കർമം അനുഷ്ഠിക്കേണ്ടത്. അതാണ് മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ സത്യദൂതനാനെന്ന സാക്ഷ്യപ്രഖ്യാപനത്തിന്റെ താൽപര്യം.

ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا (നിങ്ങളിൽ ഏറ്റവും നന്നായി കർമം ചെയ്യുന്നതാരെന്നു പരീക്ഷിക്കുവാൻവേണ്ടി-67:2) എന്ന  ആയത്തിലെ ഭാഗം വിശദീകരിച്ചുകൊണ്ട് ഫുദൈലുബ്‌നു ഇയാദ്(റ) പറയുന്നു: “ഒരു കർമം ഏറ്റവും ആത്മാർഥതയുള്ളതും (ഇഖ്‌ലാസ്) എന്നാൽ നബിﷺ പഠിപ്പിച്ചതുപോലെ ശരിയായ രൂപത്തിലല്ലാതായിരിക്കുകയും ചെയ്താൽ അത് സ്വീകരിക്കപ്പെടുകയുമില്ല. അതുപോലെതന്നെ നബിﷺ പഠിപ്പിച്ചതുപോലെ ശരിയായ രൂപത്തിലാവുകയും ഇഖ്‌ലാസ് നഷ്ടപ്പെടുകയും ചെയ്താലും പ്രസ്തുത കർമം സ്വീകരിക്കപ്പെടുകയില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതിമാത്രം ലക്ഷ്യമാക്കി ഇഖ്‌ലാസോടുകൂടിയും പ്രവാചക മാതൃക പിൻപറ്റി കുറ്റമറ്റ രീതിയിലും അനുഷ്ഠിക്കുന്നതായാൽ മാത്രമാണ് സ്വീകരിക്കപ്പെടുക. ഇഖ്‌ലാസോടുകൂടിയാവുക എന്നു പറഞ്ഞാൽ അല്ലാഹുവിന്റെ മാത്രം തൃപ്തിയും പ്രതിഫലവും കാക്ഷിക്കലും, ശരിയായ വിധത്തിലാവുക എന്നു പറഞ്ഞാൽ സുന്നത്തനുസരിച്ചും ആയിരിക്കുക എന്നതാണ് വിവക്ഷ. (മജ്മൂഉൽ ഫതാവാ, ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, 18/250)

സൂറ:കഹ്ഫ് 110 ന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി) പറയുന്നു: “സൽകർമം ചെയ്തുകൊള്ളട്ടെ’’ എന്നു പറഞ്ഞത് അല്ലാഹുവിന്റെ നിയമനിർദേശങ്ങളോട് യോജിക്കുന്നത് എന്ന അർഥത്തിലാണ്. ‘തന്റെ രക്ഷിതാവിനുള്ള ഇബാദത്തിൽ ഒരാളെയും പങ്കുചേർക്കുകയുമരുത്’ എന്നു പറഞ്ഞത് അല്ലാഹുവിന്റെ മാത്രം പ്രീതിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടുള്ള കർമമായിരിക്കണം എന്ന അർഥത്തിലുമാണ്. ഈ രണ്ട് കാര്യങ്ങളുമാണ് സ്വീകാര്യയോഗ്യമായ കർമങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ. അഥവാ അല്ലാഹുവിന് നിഷ്‌കളങ്കമായി സമർപ്പിച്ചതും നബിﷺയുടെ മാതൃകയനുസരിച്ചും ഉള്ളതായിരിക്കണം അത്.

(രണ്ട്)

عن أبي نجيح العرباض بن سارية رضي الله عنه قال‏:‏ ‏”‏وعظنا رسول الله صلى الله عليه وسلم موعظة بليغة وجلت منها القلوب وذرفت منها العيون، فقلنا‏:‏ يا رسول الله كأنها موعظة مودع فأوصنا‏.‏ قال‏:‏ ‏”‏أوصيكم بتقوى الله ، والسمع والطاعة وإن تأمر عليكم عبد حبشي، وإنه من يعش منكم فسيرى اختلافاً كثيراً‏.‏ فعليكم بسنتي وسنة الخلفاء الراشدين المهديين، عضوا عليها بالنواجذ، وإياكم ومحدثات الأمور فإن كل بدعة ضلالة‏”

ഇർബാദ് ഇബ്‌നു സാരിയ (റ) പറയുന്നു: “നബിﷺ ഞങ്ങളെ ഉപദേശിച്ചു, സാരവത്തായ ഒരു ഉപദേശമായിരുന്നു അത്. കണ്ണുകൾ നിറയുകയും ഹൃദയങ്ങൾ പിടയ്ക്കുകയും ചെയ്തു. അതുകേട്ട ഒരാൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഇത് ഒരു വിടവാങ്ങലിന്റെ ഉപദേശം പോലെ തോന്നുന്നു വല്ലോ, എന്താണ് അങ്ങേക്ക് ഞങ്ങളോട് പ്രത്യേകമായി പറയാനുള്ളത്?’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ വിധിവിലക്കുകൾ സൂക്ഷിക്കണമെന്നും നേതൃത്വത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നുമാണ്-അതൊരു എത്യോപ്യൻ അടിമയാണെങ്കിലും-ഞാൻ നിങ്ങളെ ഉപദേശിക്കുന്നത്. തീർച്ചയായും നിങ്ങളിൽനിന്ന് ആരെങ്കിലും (എന്റെ കാലശേഷം) ജീവിക്കുകയാണെങ്കിൽ ധാരാളം ഭിന്നതകൾ കാണുന്നതായിരിക്കും. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും സച്ചരിതരായ ഖുലഫാഉകളുടെ സുന്നത്തും പിൻപറ്റണം. അവയെ നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ലുകൾകൊണ്ട് കടിച്ചു പിടിക്കുകയും വേണം. (മതത്തിൽ) പുതിയതായി നിർമിക്കപ്പെട്ട പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷി ക്കുകയും ചെയ്യുക. നിശ്ചയം! എല്ലാ പുത്തനാചാരങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുമാണ്’’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ. തിർമുദി പറഞ്ഞു: ഈ ഹദീസ് ഹസനും സ്വഹീഹുമാണ്).

തന്റെ കാലഘട്ടത്തിനോടടുത്ത കാലത്തുതന്നെ ഭിന്നതകളുണ്ടാകുമെന്നു നബിﷺ അറിയിച്ചു. അത് ധാരാളമായി ഉണ്ടാകുമെന്നും സ്വഹാബികളുടെ കൂട്ടത്തിൽ ജീവിച്ചിരിക്കുന്നവർ അത് കാണുമെന്നും പറയുകയും ശേഷം അതിൽനിന്നുള്ള സുരക്ഷക്ക് വേണ്ട മാർഗനിർദേശങ്ങൾ അവിടുന്ന് വ്യക്തമാക്കുകയും ചെയ്തു. നബിﷺയുടെയും ഖുലഫാഉർറാഷിദുകളുടെയും സുന്നത്ത് പിൻപറ്റലാകുന്നു അത്. പുത്തനാശയങ്ങളെ കൈയൊഴിയാനും സുന്നത്ത് സ്വീകരിക്കാനും അവിടുന്ന് പ്രേരിപ്പിക്കുകയും ചെയ്തു.

(മൂന്ന്)

ജാബിർ ഇബ്‌നു അബ്ദുല്ലാഹ്(റ) പറയുന്നു: ‘നബിﷺ ഒരു ജുമുഅ ദിവസം പ്രസംഗിക്കുകയായിരുന്നു. അപ്പോൾ പറഞ്ഞു:

فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ

‘നിശ്ചയം! സംസാരങ്ങളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ ഗ്രന്ഥം അഥവാ വിശുദ്ധ ക്വുർആനും മാതൃകകളിൽവെച്ച് ഏറ്റവും ഉത്കൃഷ്ടമായാത് മുഹമ്മദ് നബിﷺയുടെ മാതൃകയുമാകുന്നു. കാര്യങ്ങളിൽ ഏറ്റവും ചീത്ത മതത്തിൽ പുതുതായുണ്ടാക്കിയ കാര്യങ്ങളാണ്. എല്ലാ പുതുനിർമിതികളും (ബിദ്അത്തുകൾ) വഴികേടാണ്’’(സ്വഹീഹു മുസ്‌ലിം).

(നാല്)

قال رسول الله صلى الله عليه وسلم: فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي‏

നബിﷺ പറഞ്ഞു: ആരെങ്കിലും എന്റെ ചര്യയോട് (സുന്നത്തിനോട്) വെറുപ്പ് പ്രകടിപ്പിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല. (ബുഖാരി, മുസ്‌ലിം)

(അഞ്ച്)

നബിﷺ പറഞ്ഞു: “അല്ലെയോ ജനങ്ങളേ, ഞാൻ നിങ്ങളിലേക്കിതാ ഒരുകാര്യം വിട്ടേച്ചുപോകുന്നു. നിങ്ങളത് മുറുകെപിടിക്കുന്നിടത്തോളം കാലം നിങ്ങളൊരിക്കലും വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ക്വുർആനും നബിﷺയുടെ സുന്നത്തുമത്രെ അത്.

ഞാൻ നിങ്ങളിലേക്ക് രണ്ട് കാര്യങ്ങൾ വിട്ടേച്ചുപോകുന്നു. അതിനുശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ ക്വുർആനും എന്റെ സുന്നത്തുമാണത്. (ഹാകിം)

ഹജ്ജത്തുൽ വദാഇൽവെച്ച് നബിﷺ പറഞ്ഞ ദീർഘമായ ഹദീസ് ജാബിർ(റ) നിവേദനം ചെയ്തത് സ്വഹീഹു മുസ്‌ലിമിൽ കാണാം:

وَقَدْ تَرَكْتُ فِيكُمْ مَا لَنْ تَضِلُّوا بَعْدَهُ إِنِ اعْتَصَمْتُمْ بِهِ كِتَابَ اللَّهِ ‏.‏ وَأَنْتُمْ تُسْأَلُونَ عَنِّي فَمَا أَنْتُمْ قَائِلُونَ ‏”‏ ‏.‏ قَالُوا نَشْهَدُ أَنَّكَ قَدْ بَلَّغْتَ وَأَدَّيْتَ وَنَصَحْتَ ‏.‏ فَقَالَ بِإِصْبَعِهِ السَّبَّابَةِ يَرْفَعُهَا إِلَى السَّمَاءِ وَيَنْكُتُهَا إِلَى النَّاسِ ‏”‏ اللَّهُمَّ اشْهَدِ اللَّهُمَّ اشْهَدْ ‏”‏ ‏.‏ ثَلاَثَ مَرَّاتٍ

തീർച്ചയായും ഒരു കാര്യം ഞാൻ നിങ്ങളിലേക്ക് വിട്ടുതന്നിട്ട് പോകുന്നു. അത് നിങ്ങൾ മുറുകെ പിടിക്കുന്നിടത്തോളം കാലം നിങ്ങളൊരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമായ ക്വുർആനത്രെ അത്. പരലോകത്ത് നിങ്ങളോട് എന്നെക്കുറിച്ച് ചോദിക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ എന്തായിരിക്കും മറുപടി പറയുക?’ സ്വഹാബത്ത് പറഞ്ഞു: ‘താങ്കൾ ഞങ്ങൾക്ക് കാര്യങ്ങൾ എത്തിച്ചുതരികയും വിശദമാക്കിത്തരികയും ഗുണകാക്ഷയോടെ വർത്തിക്കുകയും ചെയ്തുവെന്ന് ഞങ്ങൾ സാക്ഷി പറയും.’’ അപ്പോൾ നബിﷺ തന്റെ ചൂണ്ടുവിരൽ ആകാശത്തേക്കുയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷിയാണ്! അല്ലാഹുവേ, നീ സാക്ഷിയാണ്! നീ സാക്ഷിയാണ്!’’

(ആറ്)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ، إِلاَّ مَنْ أَبَى ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ ‏”‏ مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എന്റെ സമുദായം മുഴുവനായും സ്വർഗത്തിൽ പ്രവേശിക്കും; വിസമ്മതിച്ചവരൊഴികെ.’ സ്വഹാബികൾ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതിച്ചവർ?’ അവിടുന്ന് പറഞ്ഞു: ‘ആർ എന്നെ അനുസരിച്ചുവോ, അയാൾ സ്വർഗത്തിൽ പ്രവേശിക്കും. ആർ എന്നോട് അനുസരണക്കേട് കാണിക്കുന്നുവോ അയാൾ വിസമ്മതിച്ചവനാണ്’ (ബുഖാരി).

(ഏഴ്)

عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ اللهُ عَنْهُ قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: “مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ “.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ നിങ്ങളോട് വിരോധിച്ചതിൽനിന്ന് നിങ്ങൾ വിട്ടകന്നു നിൽക്കുക. ഞാൻ നിങ്ങളോട് കൽപിച്ച കാര്യങ്ങൾ നിങ്ങൾക്ക് സാധിക്കുന്നത്ര നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ളവരെ നശിപ്പിച്ചുകളഞ്ഞത് അവരുടെ അധികരിച്ച ചോദ്യങ്ങളും പ്രവാചകന്മാരോട് എതിരാവലുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

(എട്ട്)

قَالَ رَسُولُ اللَّهِ صلى الله عليه و سلم “لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ”.

നബിﷺ പറഞ്ഞു: “ഞാൻ കൊണ്ടുവന്ന ആശയാദർശങ്ങളോട് യോജിക്കുന്ന വിധത്തിൽ സ്വന്തം ഇച്ഛകളും ആയിത്തീരുന്നതുവരെ നിങ്ങളിലൊരാളും പരിപൂർണ വിശ്വാസിയാവുകയില്ല’’ (ഇമാം നവവി തന്റെ ‘നാൽപതു ഹദീസുകൾ’ എന്ന ഗ്രന്ഥത്തിൽ അബ്ദുല്ലാഹിബ്‌നു അംറി(റ)ൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്).

ഇബ്‌നു ഹജർ(റഹി) പറയുന്നു: “ബൈഹക്വി തന്റെ ‘അൽമദ്ഖലി’ലും ഇബ്‌നു അബ്ദിൽബിർറ് ‘ബയാനുൽ ഇൽമി’ലും ഒരുപറ്റം താബിഉകളിൽനിന്നും-ഹസൻ, ഇബ്‌നു സിരീൻ, ശുറൈഹ്, ശഅ്ബി, നഖഈ പോലുള്ളവരിൽനിന്ന്- (കേവലം അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് സംസാരിക്കുന്നതിനെ ആക്ഷേപിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ) നല്ല പരമ്പരയോടുകൂടി ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോർട്ടുകളെല്ലാം ഉൾകൊള്ളുന്നത് മേൽസൂചിപ്പിച്ച, അബൂഹുറയ്‌റ(റ) പറഞ്ഞ ഹദീസ്, ഹസനുബ്‌നു സുഫ്‌യാനും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ നിവേദകർ പ്രബലരാണ്. ഇമാം നവവി ‘നാൽപതു ഹദീസു’കളുടെ അവസാനത്തിൽ ഇത് സ്വഹീഹാനെന്നു പറയുകയും ചെയ്തിട്ടുണ്ട്’’ (ഫത്ഹുൽ ബാരി 13/289).

(ഒമ്പത്)

عَنْ عُمَرَ ـ رضى الله عنه ـ أَنَّهُ جَاءَ إِلَى الْحَجَرِ الأَسْوَدِ فَقَبَّلَهُ، فَقَالَ إِنِّي أَعْلَمُ أَنَّكَ حَجَرٌ لاَ تَضُرُّ وَلاَ تَنْفَعُ، وَلَوْلاَ أَنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يُقَبِّلُكَ مَا قَبَّلْتُكَ‏.‏

ഉമർ(റ) ഹജറുൽ അസ്‌വദിന്റെ അടുക്കൽ ചെന്ന് അതിനെ ചുംബിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “തീർച്ചയായും ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഒരു കല്ല് മാത്രമാണ് നീയെന്ന് എനിക്ക് നന്നായറിയാം. നബിﷺ നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല’’(ബുഖാരി, മുസ്‌ലിം).

(പത്ത്)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സന്മാർഗകാര്യത്തിലേക്ക് ആരെയെങ്കിലും ക്ഷണിച്ചാൽ അയാളെ പിൻപറ്റുന്നവരുടെതിനു സമാനമായ പ്രതിഫലം ആ ക്ഷണിച്ചയാൾക്കും ഉണ്ടായിരിക്കും. അത് അവരുടെ പ്രതിഫലത്തിൽ യാതൊരു കുറവും വരുത്തുന്നതല്ല. അതുപോലെ ആരെങ്കിലും ഒരു വഴികേടിലേക്ക് മറ്റൊരാളെ ക്ഷണിച്ചാൽ അയാളെ പിൻപറ്റിയ എല്ലാവരുടെതിനും സമാനമായ പാപം അയാൾക്കുമുണ്ടായിരിക്കും. എന്നാൽ അത് അയാളുടെ പാപങ്ങളിൽ നിന്ന് യാതൊരു കുറവും വരുത്തുകയില്ല. (മുസ്ലിം)

സുന്നത്ത് പിൻപറ്റാൻ പ്രേരിപ്പിച്ചുകൊണ്ടും ബിദ്അത്തുകളിൽനിന്ന് താക്കീത് നൽകിക്കൊണ്ടും ധാരാളം ക്വുർആൻ സൂക്തങ്ങളും പ്രവാചക വചനങ്ങളും വന്നിട്ടുള്ളതുപോലെ, സ്വഹാബികളും താബിഉകളുമടങ്ങുന്ന സച്ചരിതരായ മുൻഗാമികളുടെ (സലഫുകളുടെ) ധാരാളം ഉദ്ധരണികളും (അസറുകൾ) ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതിൽ ചിലത് കാണുക:

(1) അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: “നിങ്ങൾ സുന്നത്തുകൾ പിൻപറ്റുക. മതത്തിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കരുത്. കാരണം ദീൻ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്’’ (ദാരിമി).

(2) ഉസ്മാനുബ്‌നു ഹാദിർ(റ) പറയുന്നു: “ഞാനൊരിക്കൽ ഇബ്‌നുഅബ്ബാസി(റ)ന്റെ അടുക്കൽ ചെന്നിട്ട് പറഞ്ഞു: ‘എനിക്ക് വേണ്ട ഉപദേശം(വസ്വിയ്യത്ത്) തന്നാലും.’ അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ശരി, നീ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് നേരെ ചൊവ്വെ നിലകൊള്ളുക, സുന്നത്ത് പിൻപറ്റുക, ബിദ്അത്തുകളുണ്ടാക്കാതെയിരിക്കുക’’ (ദാരിമി).

(3) അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറഞ്ഞു: “ആരെങ്കിലും മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, നിർബന്ധ നമസ്‌കാരങ്ങൾ അതിനായി വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ (അഥവാ പള്ളികളിൽ വെച്ച് ജമാഅത്തായി) നിർവഹിക്കാൻ ശ്രദ്ധിച്ചുകൊള്ളട്ടെ! നിശ്ചയം, അല്ലാഹു നിങ്ങളുടെ പ്രവാചകന് സന്മാർഗചര്യകൾ മതമാക്കിയിരിക്കുന്നു. ഈ നമസ്‌കാരങ്ങൾ പ്രസ്തുത സന്മാർഗചര്യകളിൽ പെട്ടതാണ്. നിങ്ങളെങ്ങാനും (പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാതെ) നിങ്ങളുടെ വീടുകളിൽവെച്ചാണ് ഈ ഫർദു നമസ്‌കാരങ്ങൾ നിർവഹിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ പ്രവാചകന്റെ ചര്യയാണ് കയ്യൊഴിയുന്നത്. നിങ്ങളെങ്ങാനും നിങ്ങളുടെ പ്രവാചകന്റെ ചര്യകൾ കയ്യൊഴിച്ചാൽ വഴിപിഴച്ചതുതന്നെ!’’ (മുസ്‌ലിം).

(4) അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു: “എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു; ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും’’ (മുഹമ്മദ് ഇബ്‌നു നസ്വ‌്ർ അൽമർവസി തന്റെ ‘അസ്സുന്ന’യിൽ ഉദ്ധരിച്ചത്).

(5) മുആദുബ്‌നു ജബൽ(റ) പറയുന്നു: “മതത്തിൽ പുതുതായുണ്ടാക്കുന്ന (ബിദ്അത്തുകളെ) കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. കാരണം അവ വഴികേടാണ്’’ (അബൂദാവൂദ്).

(6) ‘ക്വദ്‌റി’നെ (വിധിയിലുള്ള വിശ്വാസത്തെ) കുറിച്ച് ചോദിച്ചുകൊണ്ട് ഒരാൾ ഉമറുബ്‌നു അബ്ദിൽ അസീസി(റഹി)ന് കത്തെഴുതി. അപ്പോൾ അദ്ദേഹം അയാൾക്ക് ഇപ്രകാരം മറുപടി നൽകി: “അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കണമെന്നും അതിൽ അതിരുവിടാതെ സൂക്ഷിക്കണമെന്നും ഞാൻ നിങ്ങളോട് ഉപദേശിക്കുന്നു. അപ്രകാരം തന്നെ നബിﷺയുടെ സുന്നത്തുകൾ പിൻപറ്റുകയും അതിനുപുറമെ ആളുകൾ മതത്തിൽ പുതുതായി കടത്തികൂട്ടിയ അനാചാരങ്ങളെ കയ്യൊഴിയുകയും വേണം. നിങ്ങളുടെ കടമ അതാണ്. പുതിയതായി ഒന്നും മതത്തിലേക്ക് ചേർക്കേണ്ടതില്ല. അതിനാൽ നിങ്ങൾ സുന്നത്തുകളെ കണിശമായി പിൻപറ്റുക. തീർച്ചയായും നിങ്ങൾക്കത് സുരക്ഷയായിരിക്കും’’ (അബൂദാവൂദ്).

(7) സഹലുബ്‌നു അബ്ദില്ലാഹിത്തുസ്തുരി(റ) പറഞ്ഞു: “ആരെങ്കിലും (മത)വിജ്ഞാനങ്ങളിൽ പുതിയതായി വല്ലതും ഉണ്ടാക്കിയാൽ തീർച്ചയായും ക്വിയാമത്ത് നാളിൽ അയാളോട് അതിനെപ്പറ്റി ചോദിക്കുന്നതായിരിക്കും. അത് സുന്നത്തിനോട് യോജിക്കുന്നതും (ബിദ്അത്തല്ലാതിരിക്കുകയും ചെയ്താൽ) അയാൾ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ അയാൾക്ക് രക്ഷയില്ല’’ (ഫത്ഹുൽ ബാരി).

(8) അബൂ ഉസ്മാൻ അന്നൈസാബൂരി(റഹി) പറയുന്നു: “ആരെങ്കിലും തന്റെ വാക്കുകളിലും പ്രവൃത്തികളിലും സുന്നത്തിനെ നേതാവാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്നുവെങ്കിൽ യുക്തിഭദ്രമായ വിജ്ഞാനമായിരിക്കും അയാളിൽനിന്ന് പുറത്തുവരിക. നേരെമറിച്ച് ആരെങ്കിലും ദേഹേച്ഛയെയാണ് നേതാവാക്കി അനുസരിക്കുന്നതെങ്കിൽ അയാളുടെ വാക്കിലും പ്രവൃത്തികളിലും സുന്നത്തിനു വിരുദ്ധമായ ബിദ്അത്തായിരിക്കും ഉണ്ടാവുക’’ (ഹിൽയത്തുൽ ഔലിയാഅ്).

(9) ഇമാം മാലിക്(റഹി) പറഞ്ഞു: “ആരെങ്കിലും ഇസ്‌ലാമിൽ പുതിയതായി വല്ലതും ഉണ്ടാക്കുകയും അത് നല്ല കാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ, മുഹമ്മദ് നബിﷺ തന്റെ ദൗത്യത്തിൽ വഞ്ചനകാണിച്ചു എന്നാണ് അയാൾ അതിലൂടെ വിളിച്ചുപറയുന്നത്. കാരണം അല്ലാഹു പറയുന്നു: ‘ഇന്നേദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തീകരിച്ച് തന്നിരിക്കുന്നു…’(5:3). അതിനാൽ അന്നേദിവസം ദീനല്ലാത്ത ഒന്നും ഇന്നും ദീനായിരിക്കുകയില്ല’’ (ശാത്വിബിയുടെ അൽഇഅ്തിസ്വാം).

(10) ഇമാം അഹ്‌മദ്(റഹി) പറയുന്നു: “നബിﷺയുടെ അനുചരന്മാർ നിലകൊണ്ട ആശയാദർശങ്ങൾ മുറുകെ പിടിച്ച് അവരെ പിൻപറ്റലും ബിദ്അത്തുകൾ കയ്യൊഴിക്കലുമാണ് സുന്നത്തിന്റെ വക്താക്കളുടെ അടിസ്ഥാനം. മതത്തിൽ ഉണ്ടാക്കപ്പെടുന്ന എല്ലാ പുതിയതും (ബിദ്അത്തും) വഴികേടാകുന്നു’’ (ലാലകാഇയുടെ ശർഹു ഉസ്വൂലി ഇഅ്തിക്വാദി അഹ്‌ലിസ്സുന്ന 317).

വിശ്വാസകാര്യങ്ങളിലെന്ന പോലെ മറ്റു കാര്യങ്ങളിലും സുന്നത്ത് പിൻപറ്റൽ അനിവാര്യം

വിശ്വാസകാര്യങ്ങളിൽ നബി ﷺയുടെ അധ്യാപനങ്ങൾ പിൻപറ്റൽ നിർബന്ധമാണ് എന്നപോലെത്തന്നെ ക്വുർആനും സുന്നത്തും പഠിപ്പിക്കുന്ന മറ്റു കാര്യങ്ങളിലും പ്രവാചകചര്യ പിൻപറ്റൽ അനിവാര്യമാണ്. നബിﷺ പറയുന്നു: “നിങ്ങളിൽ ആരെങ്കിലും എന്റെ കാലശേഷം ജീവിച്ചിരിക്കുന്നെങ്കിൽ ധാരാളം ഭിന്നതകൾ കാണാൻ കഴിയുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ ചര്യയും ഖുലഫാഉർറാശിദുകളുടെ ചര്യയും പിൻപറ്റുക.’’

തെളിവുകൾ വ്യക്തമാകുന്ന സന്ദർഭത്തിൽ ശാഖാപരമായ, ഇജ്തിഹാദിയായ കാര്യങ്ങളിലടക്കം സുന്നത്ത് പിൻപറ്റാനാണ് ഈ ഹദീസ് അറിയിക്കുന്നത്. ഈ സമുദായത്തിലെ സച്ചരിതരായ മുൻകാല പണ്ഡിതന്മാരടക്കം ഇക്കാര്യം ഉപദേശിച്ചിട്ടുണ്ട്. അതിൽ പ്രമുഖരാണ് ഇമാം അബൂഹനീഫ(റഹി), ഇമാം മാലിക്(റഹി), ഇമാം അശ്ശാഫിഈ (റഹി), ഇമാം അഹ്‌മദ്(റഹി) എന്നിവർ. തങ്ങൾ പറഞ്ഞതിനെതിരായി നബിﷺയിൽനിന്ന് വല്ല ഹദീസും സ്ഥിരപ്പെട്ടുവന്നാൽ തങ്ങളുടെ വാക്കുകൾ കയ്യൊഴിച്ചു പ്രസ്തുത തെളിവ് സ്വീകരിക്കാനാണ് അവരൊക്കെയും പറഞ്ഞത്.

ഇമാം മാലികി(റ)ന്റെ ഈ വാക്കുകൾ വളരെ പ്രസിദ്ധമാണ്: “നബിﷺയുടെതല്ലാത്ത ഏതൊരാളുടെയും വാക്കുകളിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും’’

ഇമാം ശാഫിഈ(റഹി) പറയുന്നു: “നബിﷺയുടെ സുന്നത്ത് ഒരാൾക്ക് വ്യക്തമായിക്കഴിഞ്ഞാൽ പിന്നെ മറ്റൊരാളുടെ വാക്കിന്റെ പേരിൽ അത് കയ്യൊഴിക്കാൻ പാടുള്ളതല്ല എന്ന കാര്യത്തിൽ പണ്ഡിതന്മാരുടെ ‘ഇജ്മാഅ്’ (ഏകോപിച്ച അഭിപ്രായം) ഉണ്ട്. (ഇബ്‌നുൽ ക്വയ്യിമിന്റെ ‘അർറൂഹ്’ എന്ന ഗ്രന്ഥം, പേജ് 395-396).

ഉപരിസൂചിത പണ്ഡിതവചനങ്ങൾ ഉദ്ധരിക്കുന്നതിന്റെ അൽപം മുമ്പ് ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: “ആരെങ്കിലും പണ്ഡിതന്മാരുടെ വാക്കുകൾ ക്വുർആനിനോടും സുന്നത്തിനോടും ഒത്തുനോക്കുകയും എന്നിട്ട് പ്രമാണങ്ങളോട് എതിരായ പണ്ഡിതാഭിപ്രായങ്ങളോട് വിയോജിക്കുകയും ചെയ്താൽ അയാൾ ഒരിക്കലും ആ പണ്ഡിതന്മാരെ അവഹേളിച്ചവനോ അവരുടെ വാക്കുകളെ കയ്യൊഴിച്ചവനോ ആവുകയില്ല. മറിച്ച്, അയാൾ അവരെ ശരിയായ വിധത്തിൽ പിൻപറ്റിയവനാണ്. കാരണം, ആ പണ്ഡിതന്മാരൊക്കെയും ഉപദേശിച്ചതും നിർദേശിച്ചതും അതാണ്. അതിനാൽ അവരെ യഥാർഥത്തിൽ പിൻപറ്റിയവൻ അവരുടെ ഉപദേശങ്ങളെ പ്രയോഗവത്കരിച്ചവനാണ്; അല്ലാതെ അവരോട് എതിരായവനല്ല.’’

കർമശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന നാലു മദ്ഹബുകളിലെയും പണ്ഡിതന്മാരിൽ എത്രയോപേർ മദ്ഹബിലെ അഭിപ്രായങ്ങൾക്ക് എതിരായി പ്രമാണങ്ങൾ സ്ഥിരപ്പെട്ടുവരുമ്പോൾ തെളിവിനെ പിൻപറ്റി ഇമാമുകളുടെ വാക്കുകളെ ഉപേക്ഷിച്ച നിരവധി സംഭവങ്ങളുണ്ട്.

അസബഗ് ഇബ്‌നു ഫറജ്(റഹി) പറയുന്നു: “നാട്ടിലുള്ള സന്ദർഭത്തിലും (അഥവാ യാത്രക്കാരനല്ലാത്ത അവസ്ഥയിലും) ഖുഫ്ഫയിന്മേൽ തടവാമെന്നത് നബിﷺയിൽനിന്നും പ്രമുഖരായ സ്വഹാബികളിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതിനെതിരിൽ ഇമാം മാലികി(റ)ന്റെ വാക്ക് പിൻപറ്റുന്നതിനെക്കാൾ നമ്മുടെ അടുക്കൽ ഏറ്റവും ശക്തവും പ്രബലവുമായത് പ്രസ്തുത പ്രമാണങ്ങളെ പിൻപറ്റലാണ്’’ (ഫത്ഹുൽ ബാരി 1/306).

ഹാഫിദ്വ് ഇബ്‌നു ഹജർ(റഹി) ഫത്ഹുൽ ബാരിയിൽ പറയുന്നു: “നായ പാത്രത്തിൽ തലയിട്ടാൽ ശുദ്ധീകരിക്കുന്നതിന് ഏഴു പ്രാവശ്യം കഴുകുമ്പോൾ ഒന്നാമത് മണ്ണുകൊണ്ടായിരിക്കണമെന്ന ക്രമം (തർതീബ്) പരിഗണിക്കണമെന്ന് മാലികികൾ അഭിപ്രായപ്പെടുന്നില്ല, എന്നാൽ അവരുടെ കൂട്ടത്തിൽ പെട്ട ഖറാഫി(റഹി) പറയുന്നത് കാണുക: “ഈ വിഷയത്തിൽ ഹദീസുകൾ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നിട്ടും മദ്ഹബിലെ പണ്ഡിതന്മാർ അതനുസരിച്ച് തിരുത്തിപ്പറയാത്തതിലാണ് അത്ഭുതം!’’

മാലികി പണ്ഡിതനായ ഇബ്‌നുൽ അറബി അൽമാലികി(റഹി) പറയുന്നു: “മറഞ്ഞ മയ്യിത്തിനുവേണ്ടിയുള്ള ജനാസ നമസ്‌കാരം നബിﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ളതാണ് എന്നാണ് മാലികി പണ്ഡിതന്മാർ പറയുന്നത്. എന്നാൽ നാം പറയട്ടെ, നബിﷺ ചെയ്ത കാര്യം ഉമ്മത്തിനും (അഥവാ മറ്റുള്ളവർക്കും) ചെയ്യാവുന്നതാണ്. അതായത്, നബിﷺക്ക് മാത്രം പ്രത്യേകമാണ് എന്ന് പറയാതിരിക്കലാണ് അടിസ്ഥാനം (അസ്വ‌്ൽ). അപ്പോൾ അവർ പറയും ‘നബിﷺക്ക് മുഅ്ജിസത്തിലൂടെ ഭൂമി ചുരുട്ടപ്പെടുകയും ജനാസ മുന്നിൽ ഹാജരാക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു’ എന്ന്. അതിന് നമുക്ക് പറയാനുള്ളത് ഇതാണ്: “നമ്മുടെ റബ്ബ് അതിന് കഴിവുള്ളവനാണ്. നമ്മുടെ പ്രവാചകൻﷺ അതിന് (ആ മുഅ്ജിസത്തിലൂടെ ആദരിക്കപ്പെട്ടതിനു) യോഗ്യനുമാണ്. എന്നാൽ നിങ്ങൾക്ക് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിങ്ങൾ സംസാരിക്കരുത്. നിങ്ങളുടെ സ്വന്തം വകയായി നിങ്ങൾ ഹദീസുണ്ടാക്കരുത്. സ്ഥിരപ്പെട്ട ഹദീസുകൾ വെച്ചല്ലാതെ നിങ്ങൾ സംസാരിക്കരൂത്. ദുർബലമായ റിപ്പോർട്ടുകളെ കയ്യൊഴിയുകയും ചെയ്യുക. കണ്ടെത്താൻ കഴിയാത്തത് നശിപ്പിക്കുന്ന ഒരു രീതിയാണത്’’ (ഫത്ഹുൽ ബാരി 3/189, ശൗക്കാനിയുടെ നൈലുൽ ഔത്വാർ 4/54).

‘സ്വലാത്തുൽ വുസ്ത്വാ’ (മധ്യമ നമസ്‌കാരം) ഏതാണെന്ന് നിർണയിക്കുന്ന വിഷയത്തിൽ ഹാഫിദ്വ് ഇബ്‌നു കസീർ(റഹി) പറയുന്നു: “അത് അസ്വ‌്ർ നമസ്‌കാരമാണെന്ന് സുന്നത്തിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാൽ ആ അഭിപ്രായത്തിലേക്ക് മടങ്ങൽ തീർച്ചപ്പെട്ടു.’’ എന്നിട്ട് ഇമാം ശാഫിഈ(റഹി)യുടെ ഈ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു: “ഞാൻ പറഞ്ഞ എതൊരഭിപ്രായത്തിനും എതിരായി നബിﷺയിൽനിന്ന് സ്വീകാര്യയോഗ്യമായ (സ്വഹീഹായ) റിപ്പോർട്ട് വന്നാൽ നബിﷺയുടെ ഹദീസാണ് പിൻപറ്റേണ്ടത്. അല്ലാതെ എന്നെ നിങ്ങൾ ‘തക്വ്‌ലീദ്’ ചെയ്യരുത്. ഇമാം ഇങ്ങനെയും പറഞ്ഞിട്ടുണ്ട്: “നബിﷺയുടെ ഹദീസ് സ്ഥിരപ്പെടുകയും അതിനു വ്യത്യസ്തമായി ഞാൻ വല്ലതും പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ അഭിപ്രായത്തിൽനിന്ന് മടങ്ങുകയും നബിﷺയുടെ ഹദീസനുസരിച്ച് പറയുകയും ചെയ്തതായി മനസ്സിലാക്കുക.’’

ശേഷം ഇബ്‌നു കസീർ(റഹി) പറയുന്നു: “ഇത് അദ്ദേഹത്തിന്റെ മഹത്ത്വവും വിശ്വസ്തതയുമാണറിയിക്കുന്നത്. ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സമശീർഷരായ ഇമാമുമാരുടെയും നിലപാട്. അല്ലാഹു അവരെയെല്ലാവരെയും തൃപ്തിപ്പെടുകയും അവരിൽ കരുണ ചൊരിയുകയും ചെയ്യുമാറാകട്ടെ, ആമീൻ. ഇതിനാലാണ് ക്വാദി മാവർദി (റഹി) മധ്യമ നമസ്‌കാരം (സ്വലാത്തുൽ വുസ്ത്വാ) അസ്വ‌്ർ നമസ്‌കാരമാണെന്നു തന്നെയാണ് ഇമാം ശാഫിഈയുടെ അഭിപ്രായമെന്ന് തറപ്പിച്ചുപറഞ്ഞത്. ഇമാം ശാഫിഈ തന്റെ ജദീദായ ക്വൗലിലും (പുതിയ അഭിപ്രായം) മറ്റും അത് സുബ്ഹി നമസ്‌കാരമാണെന്നാണ് പറഞ്ഞിട്ടുള്ളത് എങ്കിൽ കൂടി- കാരണം മധ്യമ നമസ്‌കാരം അസ്വ‌്ർ നമസ്‌കാരമാണെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ (മാവർദിയുടെ) ഈ രീതിയോട് ശാഫിഈ മദ്ഹബിലെ ഹദീസ് പണ്ഡിതന്മാരിൽ ഒരു വിഭാഗം യോജിച്ചിട്ടുമുണ്ട്. അല്ലാഹുവിന്നാകുന്നു സർവസ്തുതിയും’’ (തഫ്‌സീർ ഇബ്‌നു കസീർ, അൽബക്വറ സൂക്തം 238ന്റെ വിവരണം).

ഇബ്‌നുഹജർ (റഹി) ഫത്ഹു ൽ ബാരിയിൽ പറയുന്നു: “രണ്ട് റകഅത്ത് പൂർത്തിയാക്കി മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റ് നിൽക്കുമ്പോൾ കൈകൾ രണ്ടും ഉയർത്തണം എന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ ഹദീസ് പണ്ഡിതനായ ഇബ്‌നു ഖുസൈമ(റഹി) പറയുന്നു: ‘ഇമാം ശാഫിഈ(റഹി) പറഞ്ഞിട്ടില്ലായെങ്കിലും അതാണ് സുന്നത്ത്. കാരണം, ഹദീസ് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ(റ) ഇങ്ങനെയാണല്ലോ പറഞ്ഞിട്ടുള്ളത്; നിങ്ങൾ സുന്നത്തനുസരിച്ച് വിധി പറയുക, എന്റെ വാക്ക് ഉപേക്ഷിക്കുക’’ (ഫത്ഹുൽ ബാരി 2/222).

ഇബ്‌നു ഹജർ(റഹി) ഫത്ഹു ൽ ബാരിയിൽ തന്നെ ഉദ്ധരിക്കുന്നു: “ഇബ്‌നു ഖുസൈമ(റഹി) പറഞ്ഞു: ‘നബിﷺയുടെ സുന്നത്ത് ഇതാണെന്നു മനസ്സിലായശേഷം അതിന് എതിരു പറയൽ ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം ഹറാം(നിഷിദ്ധം) ആണ്’’ (3/95).

“ഇമാം ശാഫിഈ(റഹി) പറഞ്ഞതായി റബീഇൽ നിന്നും ബൈഹക്വി തന്റെ ‘അൽമഅ്‌രിഫ’യിൽ ഉദ്ധരിക്കുന്നു: ‘രണ്ടു പെരുന്നാളുകൾക്കും സ്ത്രീകൾ (മുസ്വല്ലയിലേക്ക്) പുറപ്പെടണമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. പ്രസ്തുത ഹദീസ് സ്ഥിരപ്പെട്ടതാണെങ്കിൽ ഞാനതനുസരിച്ച് പറയും.’ ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അത് ഉദ്ധരിച്ചിട്ടുണ്ട്. അതായത്, ഉമ്മു അത്വിയ്യ(റ)യുടെ ഹദീസ്. അതിനാൽ ശാഫിഈ മദ്ഹബ് അംഗീകരിക്കുന്നവർക്ക് അതനുസരിച്ച് പറയൽ അനിവാര്യമായിരിക്കും’’ (ഫത്ഹുൽ ബാരി 2/470).

ഒട്ടകമാംസം ഭക്ഷിച്ചശേഷം ‘വുദൂഅ്’ ചെയ്യണമോ എന്ന വിഷയത്തിലെ വ്യത്യസ്ത പണ്ഡിതാഭിപ്രായങ്ങൾ പറഞ്ഞശേഷം ശർഹു മുസ്‌ലിമിൽ (4/49) ഇമാം നവവി(റഹി) പറയുന്നു: “ഇമാം അഹ്‌മദും ഇസ്ഹാക്വ് ഇബ്‌നു റാഹവൈഹിയും പറയുന്നു: “ഈ വിഷയത്തിൽ അഥവാ ഒട്ടകമാംസം കഴിച്ചാൽ വുദൂഅ് ചെയ്യണമെന്ന വിഷയത്തിൽ രണ്ട് ഹദീസുകൾ വന്നിട്ടുണ്ട്. ഒന്ന് ജാബിർ(റ) നിവേദനം ചെയ്യുന്നതാണ്. ഈ അഭിപ്രായത്തിനാണ് ഏറ്റവും ശക്തമായ തെളിവുകളുടെ പിൻബലമുള്ളത്; ഭൂരിപക്ഷം അതിന് എതിരാണെങ്കിലും.’’

‘അല്ലാഹുവല്ലാതെ ആരധനക്കർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ യുദ്ധം ചെയ്യാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു’ എന്ന, ഇബ്‌നു ഉമർ(റ) നിവേദനം ചെയ്ത ഹദീസിന്റെ വിവരണത്തിൽ, അബൂബക്‌റും(റ) ഉമറും(റ) തമ്മിൽ സകാത്ത് നൽകാൻ വിസമ്മതിക്കുന്നവരുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന വിഷയത്തിൽ നടന്ന ചർച്ചയും വാഗ്വാദങ്ങളും ഉദ്ധരിച്ച ശേഷം ഇബ്‌നു ഹജർ(റഹി) പറഞ്ഞു: “സുന്നത്ത് അഥവാ ഹദീസുകൾ ചിലപ്പോൾ വലിയ പ്രമുഖരായ സ്വഹാബിമാർക്ക് ലഭിക്കാതിരിക്കുകയും സാധാരണക്കാരായ സ്വഹാബിമാർ അത് അറിയുകയും ചെയ്യാനും സാധ്യതയുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. അതിനാൽ സുന്നത്ത് സ്ഥിരപ്പെട്ടുവന്നശേഷം അതിനെതിരിൽ വന്ന അഭിപ്രായങ്ങൾ ആരുടെത് തന്നെയായാലും, എത്ര ശക്തമാണെങ്കിലും അവയിലേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല. ഇന്നയിന്ന മഹാന്മാർക്ക് അതെങ്ങനെ അറിയാതെപോയി എന്ന് അത്ഭുതം കൂറേണ്ടതുമില്ല’’ (ഫത്ഹുൽ ബാരി 1/76).

ഫത്ഹുൽ ബാരിയിൽ തന്നെ പറയുന്നു: “ഹജ്ജിന് ബലിയറുക്കാനുള്ള മൃഗങ്ങൾക്ക് അടയാളം വെക്കൽ അനുവദനീയമാണെന്ന് മുൻഗാമികളും പിൻക്കാലക്കാരുമായ ഭൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ അത് വെറുക്കപ്പെട്ടതാണെന്നു (മക്‌റൂഹ്) ആണ്. അബൂഹനീഫ(റ) അഭിപ്രായമെന്ന് ഇമാം ത്വഹാവി ഉദ്ധരിക്കുന്നു. മറ്റു പണ്ഡിതന്മാർ നബിﷺയുടെ ചര്യയെ പിൻപറ്റികൊണ്ട് അങ്ങനെ അടയാളം വെക്കൽ സുന്നത്താണെന്നും അഭിപ്രായപ്പെടുന്നു. എത്രത്തോളമെന്നാൽ ഇമാം അബൂഹനീഫ (റ)യുടെ പ്രമുഖരായ രണ്ട് ശിഷ്യന്മാർ – മുഹമ്മദ്ബ്‌നുൽ ഹസനും അബൂയൂസുഫും വരെയും അത് നല്ലതാണെന്ന് പറയുന്നു’’ (ഫത്ഹുൽ ബാരി 3/544)

ബിദ്അത്തുകളെല്ലാം വഴികെടാകുന്നു; അതിൽ നല്ലതില്ല

ബിദ്അത്തുകളെല്ലാം വഴികേടാണ്. ജാബിർ(റ), ഇർബാദ്(റ) എന്നിവർ ഉദ്ധരിക്കുന്ന നബിﷺയുടെ വാക്കുകളിൽനിന്ന് അത് ഗ്രഹിക്കാവുന്നതാണ്. ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്’ എന്ന നബി വചനത്തിൽനിന്നുതന്നെ ‘ഇസ്‌ലാമിൽ നല്ല ബിദ്അത്തുകളുണ്ട്’ എന്ന വാദത്തിന്റെ നിരർഥകത മനസ്സിലാക്കാം.

ഇബ്‌നു ഉമറിന്റെ(റ) വാക്കിലും ഇത് കാണാം: “എല്ലാ ബിദ്അത്തുകളും വഴികേടാണ്; ജനങ്ങൾ അതിനെ നല്ലതായി കണ്ടാലും.’’

ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെയും അതിനുശേഷം അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെയും പ്രതിഫലമുണ്ടായിരിക്കും; അവരുടെ പ്രതിഫലത്തിൽ ഒട്ടും കുറയാതെ തന്നെ. ആരെങ്കിലും ഇസ്‌ലാമിൽ ഒരു ചീത്ത സമ്പ്രദായം തുടങ്ങിവെച്ചാൽ അയാൾക്ക് അതിന്റെയും അതിനുശേഷം അത് പ്രവർത്തിച്ചവരുടെയും പാപഭാരമുണ്ടായിരിക്കും; അവരുടെ പാപഭാരത്തിൽ ഒട്ടും കുറയാതെ തന്നെ’’ (മുസ്‌ലിം).

ഈ ഹദീസിനെ തെളിവാക്കിക്കൊണ്ട് ഇസ്‌ലാമിൽ നല്ല ബിദ്അത്തുണ്ട് എന്ന് ചിലർ പറയാറുണ്ട്. അതൊരിക്കലും ശരിയല്ല. കാരണം, മേൽപറഞ്ഞ ഹദീസിന്റെ ഉദ്ദേശ്യം ഇസ്‌ലാം അംഗീകരിച്ച ഒരു സൽകർമത്തിലെക്ക് മുന്നിട്ടുചെല്ലലും അതിനെ മറ്റുള്ളവർ മാതൃകയാക്കലുമാണ്. പ്രസ്തുത ഹദീസിന്റെ പശ്ചാത്തലം അത് വ്യക്തമാക്കുന്നുണ്ട്.

മുള്ർ ഗോത്രത്തിൽപെട്ട ഒരു സംഘമാളുകൾ മദീനയിൽ വന്നു. അവരുടെ ദാരിദ്ര്യവും അവശതയും അവരിൽ പ്രകടമായിരുന്നു. അപ്പോൾ നബിﷺ ദാനധർമങ്ങൾക്കായി (സ്വദക്വ) ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ അൻസ്വാറുകളിൽപെട്ട ഒരു സ്വഹാബി ഒരു ചാക്ക് നിറയെ സാധനങ്ങളുമായി വന്നു. അയാൾക്ക് സ്വന്തമായി കയ്യിൽ പിടിച്ചു കൊണ്ടുവരാൻ സാധിക്കാത്തയത്രയുണ്ടായിരുന്നു അത്. അങ്ങനെ അയാളുടെ പിന്നാലെ ആളുകൾ ഓരോരുത്തരായി ദാനധർമങ്ങൾ ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ്’ആരെങ്കിലും ഇസ്‌ലാമിൽ ഒരു നല്ല ചര്യ നടപ്പിലാക്കിയാൽ…’ എന്ന വചനം നബിﷺ പറഞ്ഞത്.

(ഏതെങ്കിലും ഒരു പ്രദേശത്ത്) നബിﷺയുടെ സ്ഥിരപ്പെട്ട ഒരു സുന്നത്ത് പ്രകടമായി കാണാതിരിക്കുകയും അങ്ങനെ ആരെങ്കിലും പ്രസ്തുത സുന്നത്തിനെ അവർക്കിടയിൽ പ്രയോഗവൽക്കരിക്കുകയും അതുവഴി അതിനെ ജീവിപ്പിക്കുകയും ചെയ്താൽ അയാൾക്ക് ആ പ്രതിഫലമുണ്ടായിരിക്കുമെന്നാണ് ഹദീസിന്റെ താൽപര്യം. അല്ലാതെ മതത്തിൽ പുതിയതായ ആചാര-അനുഷ്ഠാനങ്ങൾ ഉണ്ടാക്കുന്നതിന് അതൊരിക്കലും തെളിവാകുകയില്ല. കാരണം, നബിﷺതന്നെ പറഞ്ഞിട്ടുണ്ട്; ‘ആരെങ്കിലും നമ്മുടെ ഈ മതകാര്യങ്ങളിൽ അതിലില്ലാത്തത് പുതുതായി കടത്തിക്കൂട്ടിയാൽ അത് തള്ളപ്പെടേണ്ടതാണ്’ എന്ന്.

ഇസ്‌ലാമിക ശരീഅത്ത് സമ്പൂർണമാണ്. ഇനി അതിലേക്ക് ഒന്നും കൂട്ടിച്ചേർക്കേണ്ടതില്ല. മതത്തിൽ പുതിയതായി ബിദ്അത്തുകൾ ഉണ്ടാക്കുന്നതിലൂടെ അതിന്റെ സമ്പൂർണതയെ നിരാകരിക്കുകയും അതിന്റെ പൂർണതയിൽ സംശയം പ്രകടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്, ജനങ്ങൾ അവയെ നല്ലതായി കണ്ടാലും’ എന്ന, ഇബ്‌നു ഉമറിന്റെ(റ) വാചകം നേരത്തെ ഉദ്ധരിച്ചത് ഓർക്കുക.

അപ്രകാരം തന്നെ ഇമാം മാലിക്(റഹി) പറയുന്നു: “ആരെങ്കിലും ഇസ്‌ലാമിൽ നല്ലതായി കണ്ടുകൊണ്ട് വല്ല ബിദ്അത്തും ഉണ്ടാക്കിയാൽ മുഹമ്മദ് നബിﷺ തന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്നാണ് അയാൾ അതിലൂടെ ജൽപിക്കുന്നത്. കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ഇന്നേദിവസം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു.’ അതിനാൽ അന്ന് ദീനല്ലാത്തത് ഇന്ന് ദീനാകുകയില്ല.

എന്നാൽ ഉമർ(റ) തറാവീഹ് നമസ്‌കാരത്തിൽ ആളുകളെ ഒരു ഇമാമിന്റെ കീഴിലാക്കിയത് ദീനിൽ പുതിയതായി ബിദ്അത്തുണ്ടാക്കിയതല്ല. മറിച്ച് ദീനിൽ സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ ജീവിപ്പിക്കുകയും പ്രകടമാക്കുകയും മാത്രമാണ് അദ്ദേഹം ചെയ്തത്. കാരണം, നബിﷺ ഏതാനും രാത്രികളിൽ ആളുകളെയും കൂട്ടി റമദാനിൽ രാത്രി നമസ്‌കാരം (ക്വിയാമുല്ലൈൽ) നിർവഹിച്ചിട്ടുണ്ട്. പിന്നീട് അത് നിർബന്ധമാക്കപ്പെടുമോ എന്ന ഭയത്തിലാണ് തുടരാതിരുന്നത്. അക്കാര്യം ഇമാം ബുഖാരി (ഹദീസ് നമ്പർ 1129ൽ) ഉദ്ധരിച്ചിട്ടുണ്ട്. നബിﷺ വഫാത്താകുകയും വഹ്‌യ് നിലച്ചതിലൂടെ ഇനി അത് നിർബന്ധമാക്കപ്പെടുമെന്ന ആശങ്ക നീങ്ങുകയും തറാവീഹ് നമസ്‌കാരം ജമാഅത്തായി നമസ്‌കരിക്കൽ ഒരു സുന്നത്തായി നിലനിൽക്കുകയും ചെയ്തപ്പോഴാണ് ഉമർ(റ) അപ്രകാരം ചെയ്തത്.

എന്നാൽ ഉമർ(റ) പ്രസ്തുത തറാവീഹ് നമസ്‌കാരത്തെ കുറിച്ച് ‘ഇത് എത്ര നല്ല ബിദ്അത്ത് (നിഅ്്മൽ ബിദ്അത്തു ഹാദിഹി) എന്നു പറഞ്ഞത് മതത്തിലെ പുതുനിർമിതിയായ ബിദ്അത്ത് എന്ന അർഥത്തിലല്ല, മറിച്ച് ഭാഷാർഥത്തിലുള്ള ‘ബിദ്അത്ത്’ അഥവാ ആളുകൾക്കിടയിൽ പരിചയമില്ലാതിരുന്ന ഒരു സുന്നത്ത് പുതുക്കി ജീവിപ്പിച്ചു കാണിച്ചു എന്ന അർഥത്തിലാണ്.

(അവസാനിച്ചില്ല)

 

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് حَفِظَهُ اللَّهُ

വിവര്‍ത്തനം: ശമീർ മദീനി حَفِظَهُ اللَّهُ

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *