സത്യവിശ്വാസികൾക്ക് വേണ്ടി ഇസ്തിഗ്ഫാർ ചെയ്താൽ

ജുമുഅ ഖുത്വുബകളിലും മറ്റ് ഖുത്വുബകളിലും മിമ്പറിൽ വെച്ച് ഖത്വീബുമാർ സ്ഥിരമായി പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥന ഇപ്രകാരമാണ്:

اللَّهُمَّ اغْفِرْ لِلْمُسْلِمِينَ وَالْمُسْلِمَاتِ ، وَالْمُؤْمِنِينَ وَالْمُؤْمِنَاتِ ، الأَحْيَاءِ مِنْهُمْ وَالأَمْوَاتِ.

അല്ലാഹുമ്മ ഗ്’ഫിർ ലിൽ മുസ്ലിമീന വൽ മുസ്ലിമാത്, വൽ മുഅ്മിനീന വൽ മുഅ്മിനാത്, അൽ അഹ്’യാഅി മിൻഹും വൽ അംവാത്

അല്ലാഹുവേ മുസ്ലിംകളായ പുരുഷൻമാർക്കും സ്ത്രീകൾക്കും നീ പൊറുത്ത് കൊടുക്കേണമേ, മുഅ്മിനുകളായ പുരുഷൻമാർക്കും സ്ത്രീകൾക്കും നീ പൊറുത്ത് കൊടുക്കേണമേ, അവരിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും

ഈ പ്രാർത്ഥന കേൾക്കുമ്പോൾ സത്യവിശ്വാസികളെല്ലാം ആമീൻ പറയാറുണ്ട്. എന്നാൽ അതിന്റെ അർത്ഥവും ആശയവും അധികമാളുകളും ചിന്തിക്കാറില്ലെന്നുള്ളതൊരു വസ്തുതയാണ്.

അറിയുക: സത്യവിശ്വാസികൾക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുന്നത് ഇസ്ലാമിൽ ഏറെ മഹത്തരവും പ്രതിഫലാർഹവുമായ കാര്യമാണ്.

فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسْتَغْفِرْ لِذَنۢبِكَ وَلِلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ۗ وَٱللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَىٰكُمْ ‎

ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്‌. (ഖു൪ആന്‍:47/19)

മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറഞ്ഞു:

فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُتَوَكِّلِينَ

(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (ഖു൪ആന്‍:3/159)

يَٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَٰدَهُنَّ وَلَا يَأْتِينَ بِبُهْتَٰنٍ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎

ഓ; നബീ, അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും, തങ്ങളുടെ മക്കളെ കൊന്നുകളയുകയില്ലെന്നും, തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമച്ചു കൊണ്ടുവരികയില്ലെന്നും, യാതൊരു നല്ലകാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്‍റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും, അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:60/12)

അല്ലാഹുവിന്റെ മലക്കുകൾ ചെയ്യുന്ന പ്രവൃത്തികളിൽ ഒന്നാണ് സത്യവിശ്വാസികൾക്ക് വേണ്ടി ഇസ്തിഗ്ഫാർ ചെയ്യൽ.

ﻭَٱﻟْﻤَﻠَٰٓﺌِﻜَﺔُ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻤَﻦ ﻓِﻰ ٱﻷَْﺭْﺽِ ۗ ﺃَﻻَٓ ﺇِﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ

മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക, തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.(ഖു൪ആന്‍ : 42/5)

ٱﻟَّﺬِﻳﻦَ ﻳَﺤْﻤِﻠُﻮﻥَ ٱﻟْﻌَﺮْﺵَ ﻭَﻣَﻦْ ﺣَﻮْﻟَﻪُۥ ﻳُﺴَﺒِّﺤُﻮﻥَ ﺑِﺤَﻤْﺪِ ﺭَﺑِّﻬِﻢْ ﻭَﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻥَ ﻟِﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺭَﺑَّﻨَﺎ ﻭَﺳِﻌْﺖَ ﻛُﻞَّ ﺷَﻰْءٍ ﺭَّﺣْﻤَﺔً ﻭَﻋِﻠْﻤًﺎ ﻓَﭑﻏْﻔِﺮْ ﻟِﻠَّﺬِﻳﻦَ ﺗَﺎﺑُﻮا۟ ﻭَٱﺗَّﺒَﻌُﻮا۟ ﺳَﺒِﻴﻠَﻚَ ﻭَﻗِﻬِﻢْ ﻋَﺬَاﺏَ ٱﻟْﺠَﺤِﻴﻢِ

സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ, നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ. (ഖു൪ആന്‍:40/7)

ശിർക്ക് ചെയ്തവർക്ക് പൊറുത്തു കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കരുതെന്ന് നബി ﷺ യോടും സത്യവിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്.

مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَنْ يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِنْ بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ

അല്ലാഹുവില്‍ പങ്ക് ചേ൪ത്തവ൪ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്ക് വേണ്ടി പാപമോചനം തേടുവാന്‍ – അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും – പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. (ഖുർആൻ: 9/113)

സത്യവിശ്വാസികള്‍ക്ക്  അല്ലാഹു നിശ്ചയിച്ച ഒരു ആരാധനയാകുന്നു മറ്റ് സത്യവിശ്വാസികള്‍ക്ക് വേണ്ടി ഇസ്തിഗ്ഫാർ ചെയ്യൽ.

عَنْ أَبِي هُرَيْرَةَ رضي الله عنه قال: نَعَى لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ النَّجَاشِيَّ صَاحِبَ الْحَبَشَةِ يَوْمَ الَّذِي مَاتَ فِيهِ، فَقَالَ: اسْتَغْفِرُوا لِأَخِيكُم.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ  പറഞ്ഞു:  ഇസ്‌ലാം സ്വീകരിച്ച എത്യോപ്യന്‍ രാജാവായ നജ്ജാശി മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങളുടെ സഹോദരനുവേണ്ടി പാപമോചനാര്‍ഥന നടത്തുക. (ബുഖാരി:1327)

നൂഹ് നബിعليه السلام യുടെ പ്രാർത്ഥന വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:

ﺭَّﺏِّ ٱﻏْﻔِﺮْ ﻟِﻰ ﻭَﻟِﻮَٰﻟِﺪَﻯَّ ﻭَﻟِﻤَﻦ ﺩَﺧَﻞَ ﺑَﻴْﺘِﻰَ ﻣُﺆْﻣِﻨًﺎ ﻭَﻟِﻠْﻤُﺆْﻣِﻨِﻴﻦَ ﻭَٱﻟْﻤُﺆْﻣِﻨَٰﺖِ ﻭَﻻَ ﺗَﺰِﺩِ ٱﻟﻈَّٰﻠِﻤِﻴﻦَ ﺇِﻻَّ ﺗَﺒَﺎﺭًۢا

എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവനും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ. (ഖു൪ആന്‍: 71/28)

ഇബ്രാഹിം നബി عليه السلام യുടെ പ്രാർത്ഥന കാണുക:

رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ. (ഖു൪ആന്‍: 14/41)

മൂസാ നബി عليه السلام യുടെ പ്രാർത്ഥന കൂടി കാണുക:

قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ

അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ. (ഖു൪ആന്‍:7/151)

നബി ﷺ യുടെ സഹാബികളുടെ ശേഷം വരുന്ന അവരുടെ മാതൃകകളെ പിന്‍പറ്റിക്കൊണ്ടു പില്‍ക്കാലങ്ങളില്‍ ജീവിച്ചു പോന്ന, സത്യവിശ്വാസികളുടെ പ്രാ൪ത്ഥന വിശുദ്ധ ഖു൪ആന്‍ എടുത്ത് കൊടുത്തിട്ടുള്ളത് കാണുക:

وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:59/10)

‘സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും പാപമോചനംതേടുക’ എന്ന സൂറ: മുഹമ്മദിലെ ആയത്ത് (47/19) വിശദീകരിച്ച് ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു:

{ و } استغفر أيضا { للمؤمنين وَالْمُؤْمِنَات } فإنهم -بسبب إيمانهم- كان لهم حق على كل مسلم ومسلمة. ومن جملة حقوقهم أن يدعو لهم ويستغفر لذنوبهم، وإذا كان مأمورا بالاستغفار لهم المتضمن لإزالة الذنوب وعقوباتها عنهم، فإن من لوازم ذلك النصح لهم، وأن يحب لهم من الخير ما يحب لنفسه، ويكره لهم من الشر ما يكره لنفسه،

വിശ്വസിച്ചു എന്ന കാരണത്താൽ എല്ലാ മുസ്‌ലിം സ്ത്രീക്കും പുരുഷനും ചില അവകാശങ്ങളുണ്ട്. ആ അവകാശങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് അവർക്കുവേണ്ടി പ്രാർഥിക്കപ്പെടാനും പാപമോചനം തേടപ്പെടാനുമുള്ള അവകാശം. പാപമോചനം തേടാൻ കൽപിക്കുമ്പോൾ അതിൽ തന്നെയുണ്ട് അവരുടെ തെറ്റുകൾ നീക്കിക്കൊടുക്കാനും അവരുടെ ശിക്ഷ ഒഴിവാക്കിക്കൊടുക്കാനുമുള്ള നിർദേശം. അതിന്റെ അനിവാര്യതയിൽപെട്ടതാണ് അവരോടുള്ള ഗുണകാംക്ഷയും നന്മയിൽ താൻ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നത് അവർക്കുവേണ്ടി ഇഷ്ടപ്പെടുകയും തനിക്കുവേണ്ടി വെറുക്കുന്നത് അവർക്ക് വേണ്ടി വെറുക്കുകയും ചെയ്യുന്നത്. . (തഫ്സീറുസ്സഅ്ദി)

وعن عثمان بن عفان – رضي الله عنه – ، قَالَ : كَانَ النبيُّ – صلى الله عليه وسلم – إِذَا فُرِغَ مِن دَفْنِ المَيِّتِ وَقَفَ عَلَيْهِ ، وقال : اسْتَغْفِرُوا لأخِيكُمْ وَسَلُوا لَهُ التَّثْبِيتَ ، فَإنَّهُ الآنَ يُسألُ

ഉസ്മാനുബിന്‍ അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് (ഇപ്രകാരം) പറയാറുണ്ട്: നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്:3221)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ:‏ إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വ൪ഗത്തില്‍ തന്റെ പദവി ഉയ൪ത്തിക്കൊടുക്കും. അപ്പോള്‍ അയാള്‍ പറയും: എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത് ? അപ്പോള്‍ അല്ലാഹു പറയും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്. (ഇബ്നുമാജ:3660 – സ്വഹീഹ് അല്‍ബാനി)

മയ്യിത്ത് മറമാടുന്ന അവസരത്തിൽ ആളുകളൊക്കെ മയ്യിത്തിന് വേണ്ടി ഇസ്തിഗ്ഫാർ പറയാറുണ്ട്. അതേപോലെ മാതാപിതാക്കളുടെ മരണാനന്തരം അവർക്ക് വേണ്ടിയും ഇസ്തിഗ്ഫാർ പറയാറുണ്ട്. എന്നാൽ സത്യവിശ്വാസികൾ ജീവിച്ചിരിക്കുന്ന അവസരത്തിൽ അവർക്ക് വേണ്ടി ഇസ്തിഗ്ഫാർ ചെയ്യുന്നതിലും അവരുടെ മരണാനന്തരം മയ്യിത്ത് മറമാടിയപ്പോഴല്ലാതെ ഇസ്തിഗ്ഫാർ ചെയ്യുന്നതിലും ആളുകൾ അശ്രദ്ധരാണ്.

സത്യവിശ്വാസികളെ, സ്വന്തത്തിന് ഇസ്തിഗ്ഫാർ ചെയ്യുന്നതോടൊപ്പം ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സത്യവിശ്വാസികൾക്ക് കൂടി ഇസ്തിഗ്ഫാർ ചെയ്യുക. ആദ്യം കൊടുത്തിട്ടുള്ള പ്രാർത്ഥന നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. നാമുമായി ബന്ധപ്പെട്ടവർക്ക് പ്രത്യേകം എടുത്ത് പറഞ്ഞ് ഇസ്തിഗ്ഫാർ ചെയ്യുക. അതുവഴി അല്ലാഹുവിന്റെ കൽപ്പന പാലിക്കുകയാണ് നാം ചെയ്യുന്നത്. അതോടൊപ്പം പ്രതിഫലാർഹമായ ഒരു കർമ്മവും നാം ചെയ്യുന്നു.

عن عبادة بن الصامت رضي الله عنه ، عن رسول الله صلى الله عليه وسلم: من استغفر للمؤمنين وللمؤمنات كتب الله له بكل مؤمن ومؤمنة حسنة

ഉബാദത്ത് ബ്നു സാമിത്ത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടി പാപമോചനത്തിന് തേടിയാൽ എല്ലാ ഓരോ സത്യവിശ്വാസിയെ കൊണ്ടും സത്യവിശ്വാസിനിയെ കൊണ്ടും ഓരോ നന്മ രേഖപ്പെടുത്തും. (ത്വബ്റാനി)

عَنْ أُمُّ الدَّرْدَاءِ، قَالَتْ حَدَّثَنِي سَيِّدِي، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ دَعَا لأَخِيهِ بِظَهْرِ الْغَيْبِ قَالَ الْمَلَكُ الْمُوَكَّلُ بِهِ آمِينَ وَلَكَ بِمِثْلٍ

ഉമ്മുദ്ദർദ്ദാഅ് رَضِيَ اللَّهُ عَنْها വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തില്‍ ആരാണൊ പ്രാര്‍ത്ഥിക്കുന്നത്,അന്നേരം അതുകൊണ്ട് ഭരമേല്‍പ്പിക്കപ്പെട്ട മലക്ക് പറയും: ആമീന്‍,അതുപോലുള്ളത് നിനക്കും ഉണ്ടാവട്ടെ (മുസ്‌ലിം:2732)

ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ  حفــظـه اللــه   പറഞ്ഞു : اللَّهُمَّ اغْفِرْ لِلْمُسْلِمِينَ وَالْمُسْلِمَاتِ ، وَالْمُؤْمِنِينَ وَالْمُؤْمِنَاتِ ، الأَحْيَاءِ مِنْهُمْ وَالأَمْوَاتِ (അല്ലാഹുവേ, ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ സത്യവിശ്വാസി- വിശ്വാസിനികൾക്ക്  നീ പൊറുത്തു നൽകേണമേ) എന്ന ഒരു വരി തികയാത്ത ഈ ദുആ നിൻ്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാൽ  എത്രയധികം നന്മകൾ കരസ്ഥമാക്കാൻ സാധിക്കുമെന്ന് നിനക്ക് അറിയുമോ. ആദം നബി عليه السلام മുതൽ ലോകാവസാനം വരെ ഉള്ള സത്യവിശ്വാസികളെ നീ ഒന്ന് എണ്ണി നോക്കുക. അവർക്ക് വേണ്ടി പ്രാർത്ഥിച്ചതിനാൽ അവരിൽ നിന്നെല്ലാം നിനക്ക് ഒരു നന്മ രേഖപ്പെടുത്തും. അതുവഴി കോടാനുകോടി നന്മകളാണ്  നിനക്ക് ലഭിക്കുന്നത്.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *