ആരാണ് സലഫികള്‍? എന്താണ് സലഫിയ്യത്ത്? ‘സലഫി’ലേക്ക് ചേര്‍ത്തുകൊണ്ടാണ് സലഫികള്‍, സലഫിയ്യത്ത് എന്നെല്ലാം പറയുന്നത്. മുൻകഴിഞ്ഞു പോയതിനാണ് സലഫ് (سلف) എന്ന് അറബിയിൽ പറയാറുള്ളത്. سلف شيء سلفا എന്ന് പറഞ്ഞാൽ ماضى (കഴിഞ്ഞു പോയി) എന്നർത്ഥം. അപ്പോൾ മുൻ കഴിഞ്ഞു പോയ കൂട്ടം അല്ലെങ്കിൽ ആളുകൾ എന്നാണ് ‘സലഫ് ‘ കൊണ്ട് ഉദ്ദേശിക്കുന്നത്.
فَجَعَلْنَاهُمْ سَلَفًا وَمَثَلًا لِّلْآخِرِينَ
അങ്ങിനെ അവരെ നാം പൂർവ്വ മാതൃകയും പിന്നീട് വരുന്നവർക്ക് ഒരു ഉദാഹരണവും ആക്കിത്തീർത്തു . (ഖു൪ആന്‍:43/56)
എന്നാൽ സാങ്കേതിക അർത്ഥത്തിൽ സലഫ് എന്ന പദം സ്വഹാബികൾ, താബിഉകൾ, തബഉ താബിഉകൾ എന്നിങ്ങനെയുള്ള ഈ ഉമ്മത്തിലെ ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞു പോയ മൂന്ന് തലമുറകളിലെ ‘നല്ലവരായ മുൻഗാമികൾ’ എന്നതിലാണ് അഖീദയുടെ പണ്ഡിതൻമാർ ഉപയോഗിച്ചിട്ടുള്ളത്. അവരാണ് ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അത്യുത്തമരെന്നും മഹത്തുക്കളെന്നും സുന്നത്തിനെ പിൻപറ്റിയവരെന്നും ഖ്യാതി നേടിയവർ. ‘ഏറ്റവും നല്ലവര്‍’ എന്ന നബി ﷺ യുടെ പ്രത്യേക അംഗീകാരം ലഭിച്ചവരുമാണവ൪. അത് കൊണ്ടാണ് അക്കാലഘട്ടത്തിലുള്ളവർക്ക് ‘സലഫുസ്സ്വാലിഹ് ‘ എന്ന പേർ വന്നതും.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
നബി ﷺ പറഞ്ഞു:ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)
നമ്മെ സംബന്ധിച്ചേടത്തോളം സലഫുസ്സ്വാലിഹുകളെ അന്വേഷിച്ചുപോയാല്‍ എത്തിച്ചേരുക നേരത്തെ നാം മനസ്സിലാക്കിയ സ്വഹാബത്തിലാണ്. അവരാണ് യഥാര്‍ത്ഥ സലഫുസ്സ്വാലിഹുകള്‍ അഥവാ സച്ചരിതരായ നമ്മുടെ മുന്‍ഗാമികള്‍. അവരാണല്ലോ ഖുര്‍ആനും അതിന്റെ വ്യാഖ്യാന വിശദീകരണങ്ങളും നബി ﷺ യില്‍ നിന്ന് നേരിട്ട് പഠിച്ചവര്‍. അവര്‍ തന്നെയാണല്ലോ നബി ﷺ യുടെ ശിക്ഷണത്തില്‍ വളര്‍ന്നുവന്നവരും. ആ നിലക്ക് ഒന്നാമത്തെ സലഫികള്‍ സ്വഹാബികളാണ്.
നബി ﷺ യെ നേരില്‍ കാണാന്‍ സൗഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും സ്വഹാബികളെ നേരില്‍ കാണാന്‍ തൗഫീഖ് ലഭിക്കുകയും അവരിലൂടെ പ്രമാണങ്ങള്‍ പഠിക്കുകയും സ്വഹാബത്തില്‍ നിന്ന് മാതൃക പിന്‍പറ്റി ജീവിതം നയിക്കുകയും ചെയ്‌ത മഹത്തുക്കളായ മറ്റൊരു വിഭാഗമാണ് താബിഉകള്‍ (സ്വഹാബികളെ പിന്‍തുടര്‍ന്നു പോന്നവര്‍). ഇവരും സലഫുകള്‍ തന്നെ. അതുപോലെത്തന്നെ സ്വഹാബികളെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും സ്വഹാബികളെ കണ്ടവരും അവരില്‍നിന്ന് ദീന്‍ പഠിച്ചവരുമായ താബിഉകളെ പിന്‍പറ്റിയ മൂന്നാമത്തെ വിഭാഗമാണ് തബഉത്താബിഉകള്‍. അതായത് സ്വഹാബികള്‍, താബിഈങ്ങള്‍, തബഉത്താബിഈങ്ങള്‍ എന്നിവരാണ് നബി ﷺ വിശേഷിപ്പിച്ച മൂന്ന് ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച മഹത്തുക്കളായ മൂന്നു വിഭാഗങ്ങള്‍. ഇവരെയാണ് നാം സലഫുകള്‍ എന്നു പറഞ്ഞുവരുന്നത്. ഇവരെത്തന്നെയാണ് സലഫുസ്സ്വാലിഹുകള്‍ (സച്ചരിതരായ മുന്‍ഗാമികള്‍) എന്നും പറയുന്നത്. അപ്പോൾ നബിയും സ്വഹാബികളും താബിഉകളും തബഉ താബിഉകളുമാണ് ഈ ഉമ്മത്തിലെ സലഫുകൾ.
ഇസ്‌ലാമിന്റെ ആദിമ വിശുദ്ധിയുടെ കാവലാളുകളായവരാണ് അഹ്‌ലുസ്സുന്നഃ. പക്ഷേ, അഹ്‌ലുസ്സുന്നഃയിലും വ്യാജപതിപ്പുകള്‍ ഉടലെടുത്തപ്പോള്‍, ഇസ്‌ലാമിന്റെയും അഹ്‌ലുസ്സുന്നഃയുടെയും ആദര്‍ശ പ്രബോധനത്തിന് വേണ്ടി പണ്ഡിതന്മാര്‍ സ്വീകരിച്ച നാമമാണ് സലഫിയ്യത്ത് എന്നത.് സലഫ് (മുന്‍ കഴിഞ്ഞവര്‍) എന്ന പദത്തില്‍ നിന്നാണത് നിഷ്പന്നമായത്. അതിനാല്‍ മുന്‍ഗാമികളുടെ മാര്‍ഗം അവലംബിച്ചുകൊണ്ട് ആദര്‍ശനിലപാടുകള്‍ സ്വീകരിക്കുന്നവരും അത് പ്രബോധനം നടത്തുന്നവരും സലഫികള്‍ എന്നു വിളിക്കപ്പെടുന്നു. വിശ്വാസ കർമ്മാനുഷ്ഠാനങ്ങളിൽ കൃത്യവും വ്യക്തവുമായി മേല്‍ പറഞ്ഞിട്ടുള്ള സലഫുകളെ പിൻപറ്റുന്നവർക്കാണ് സലഫി എന്ന് പറയുക.അവ൪ സലഫുകളെ ഏറ്റവും നല്ല രീതിയില്‍ പിന്‍പറ്റുന്നവരായിരിക്കും.
ഇമാം ദഹബി (റഹി) പറയുന്നു: സലഫുകളുടെ മാർഗം സ്വീകരിച്ചവനാണ് സലഫി.سِير أعلام النُّبلاء【٦/٢١】
പ്രസ്‌തുത സവിശേഷതകള്‍ ഒത്തിണങ്ങിയ സലഫുകളുടെ മാര്‍ഗം അവലംബമാക്കി ജീവിതം നയിക്കുന്നതിനാണ് സലഫിയ്യത്ത് എന്ന് പറയുക.ഉത്തമരായ സലഫ് മുറുകെപ്പിടിച്ച ആദര്‍ശമാണ് സലഫിയ്യത്ത്.
‘സലഫിയ്യത്ത്’ കക്ഷിത്വമല്ല. അതൊരു വ്യക്തിയിലേക്കുള്ള ക്ഷണവുമല്ല. ആള്‍ബലവും ഭൗതിക സംവിധാനങ്ങളുമല്ല അതിന്റെ ശക്തി. പ്രത്യുത, കുറ്റമറ്റ പ്രമാണങ്ങളാണ്. ക്വുര്‍ആനും സുന്നത്തുമാണ് സലഫിയ്യത്തിന്റെ ഭരണഘടന. അതൊരു പ്രാദേശിക കാഴ്ചപ്പാടല്ല; ഒരു രാഷ്ട്രത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ആശയസംഹിതയുമല്ല. ഇസ്‌ലാമിന്റെ നിത്യനൂതനമായ ആദര്‍ശത്തിന്റെ പര്യായമാണത്. ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം ലോകത്തിന്റെ ഏതൊക്കെ കോണുകളില്‍ പ്രശോഭിക്കുന്നുണ്ടോ അവിടെയെല്ലാം സലഫിയ്യത്തുമുണ്ട്. അഥവാ, വേര്‍പെടുത്താനാവാത്തവിധം ഒന്നായിത്തീര്‍ന്ന സംജ്ഞകളാണ് സലഫിയ്യത്തും ഇസ്‌ലാമും.
സലഫിയ്യത്ത് വേറിട്ടു നില്‍ക്കുന്നത് അതിന്റെ ആദര്‍ശ ബോധനരംഗത്തുള്ള വ്യക്തതയും പ്രാമാണികതയും കൊണ്ടാണ്. ക്വുര്‍ആനും സുന്നത്തും അടിസ്ഥാനപ്പെടുത്തിയുള്ള ആശയധാരയായ സലഫിയ്യത്ത് വിശ്വാസ, കര്‍മ, ആചാര മണ്ഡലങ്ങളില്‍ മുന്‍ഗാമികളുടെ ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചരിതരായ മഹാന്‍മാരുടെ മാര്‍ഗമാണ് അവലംബിക്കുന്നത്. പ്രവാചകന്റെ അനുയായികളും (സ്വഹാബികള്‍) അവരെ തുടര്‍ന്നവരും (താബിഉകള്‍) താബിഉകളെ പിന്തുടര്‍ന്നവരും (തബഉത്താബിഉകള്‍) അടങ്ങുന്ന ഈ ഉത്തമ തലമുറക്ക് നബി ﷺ യുടെ പ്രശംസ ലഭിച്ചിട്ടുണ്ട് എന്നതാണതിനു നിദാനം.
ചില൪ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി സലഫിയത്തിനെ ഒരു ഇസം ആയിക്കൊണ്ട് ‘സലഫിസം’ എന്ന് അവതരിപ്പിക്കാറുണ്ട്. ഇത് ശരിയല്ല. സലഫിയത്തിനെ ഒരു ഇസം ആയി അവതരിപ്പിച്ചാല്‍, അത് ഏതെങ്കിലും വ്യക്തികളുടേയോ സംഘടനയുടേയോ രാജ്യത്തിന്റേയോ ആദ൪ശമാണെന്നോ ഏതെങ്കിലും ബിദ്ഈ ആദ൪ശമാണെന്നോ ജനങ്ങള്‍ വിചാരിക്കുമെന്ന് ഇക്കൂട്ട൪ കരുതുന്നു.
ഇന്ന് ഇസ്‌ലാമിക ലോകത്ത് നിലവിലുള്ള പല ഗ്രൂപ്പുകളും ചില വ്യക്തികളിലേക്കോ സ്ഥലത്തേക്കോ ചേര്‍ത്തുപറയപ്പെടുന്നതായി കാണാം. അതുപോലുള്ള ഒന്നല്ല സലഫിയ്യത്ത്. മറിച്ച് ഇത് രക്ഷയുടെ ഒരേയൊരു മാര്‍ഗ്ഗമാണ്. കാരണം സലഫ് ഒരിക്കലും വഴികേടില്‍ ഒന്നിച്ചുചേരുന്ന പ്രശ്നമില്ല. മാത്രവുമല്ല സലഫിലേക്ക് നന്മ ചേര്‍ത്തിപ്പറഞ്ഞതുപോലെ പില്‍കാലത്ത് വരുന്നവരെക്കുറിച്ച് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുമില്ല.
സലഫിയ്യത്ത് രക്ഷയുടെ ഒരേയൊരു മാര്‍ഗ്ഗമാണ്.
عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم:«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي
അബ്ദുല്ലാഹിബ്നു അംറില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞുഃ ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)
ഇവിടെ രക്ഷപ്പെടുന്ന കക്ഷികളായി നബി ﷺ പറഞ്ഞിട്ടുള്ളത് ‘ഞാനും എന്റെ സഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍’ എന്നാണ്.മുസ്ലിം ഉമ്മത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സകല പിളര്‍പ്പുകള്‍ക്കും കാരണം സഹാബികളെ പിന്‍പറ്റാത്തതാണെന്നും സഹാബികളെ പിന്‍പറ്റുക മാത്രമാണ് രക്ഷപ്പെടുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്നും നബി ﷺ യുടെ ഉപരിസൂചിത വാക്കുകളില്‍ നിന്നും വളരെ വ്യക്തമാണ്. മാത്രമല്ല സഹാബികളുടെ മാര്‍ഗ്ഗത്തിനെതിരായ മറ്റൊരു മാര്‍ഗ്ഗം ആര് പിന്‍പറ്റുന്നുവോ അവരെ അല്ലാഹു വളരെ ശക്തമായി താക്കീത് ചെയ്യുന്നതും കാണുക.
ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം.(ഖു൪ആന്‍:4/115)
ഈ ആയത്തില്‍’സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്തവര്‍’ എന്നുപറഞ്ഞതിലെ സത്യവിശ്വാസികള്‍ സഹാബികളാണ് അവരെ പിന്‍പറ്റിയ പില്‍കാലത്ത് വരുന്ന മുഴുവന്‍ സത്യവിശ്വാസികളും ഇതിലുള്‍പ്പെടുമെങ്കിലും പ്രഥമമായും ഇതിലുല്‍പ്പെടുക സഹാബികളാണ് .
നബി ﷺ യോട് എതിര് നില്‍ക്കുന്നവരോടൊപ്പം സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റിയവര്‍ എന്ന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.സന്മാര്‍ഗ്ഗം വ്യക്തമായ ശേഷവും നബി ﷺ യെ എതിര്‍ക്കുകയും സത്യം വിട്ട് പിന്തിരിഞ്ഞുകളയുകയും ചെയ്ത ഒരാള്‍ സഹാബികളടക്കമുള്ള സത്യവിശ്വാസികളുടെ മാര്‍ഗ്ഗത്തിലായിരിക്കില്ലെന്നത് വ്യക്തമായ കാര്യമാണല്ലോ. എന്നിട്ടും ഇങ്ങനെ (സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്തവര്‍ എന്ന്) വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞതില്‍, പരലോകത്ത് രക്ഷ ആഗ്രഹിക്കുന്ന ഒരാള്‍ക്കും സഹാബികളുടെതല്ലാത്ത ഒരു മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ഒരിക്കലും പാടില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.
നബി ﷺ യുടെ അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. അവ സച്ചരിതരായ സലഫുകള്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുക:
عَنْ عَبْدِ الرَّحْمَنِ بْنِ عَمْرٍو السَّلَمِيِّ، أَنَّهُ سَمِعَ الْعِرْبَاضَ بْنَ سَارِيَةَ، يَقُولُ وَعَظَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ مَوْعِظَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقُلْنَا يَا رَسُولَ اللَّهِ إِنَّ هَذِهِ لَمَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا قَالَ “ قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا بَعْدِي إِلاَّ هَالِكٌ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَعَلَيْكُمْ بِالطَّاعَةِ وَإِنْ عَبْدًا حَبَشِيًّا فَإِنَّمَا الْمُؤْمِنُ كَالْجَمَلِ الأَنِفِ حَيْثُمَا قِيدَ انْقَادَ ” .
ഇര്‍ബാള് ബ്നു സാരിയ(റ) നിവേദനം: ഒരിക്കല്‍ നബി ﷺ ഞങ്ങളെ ഉപദേശിച്ചു. ഹൃദയ സ്പര്‍ശിയും കണ്ണുകളെ നനയിക്കുന്നതുമായിരുന്നു ആ ഉപദേശം. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: പ്രവാചകരെ ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലുണ്ടല്ലോ? ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കിയാലും. നബി ﷺ പറഞ്ഞു: “ഞാന്‍ നിങ്ങളെ വിട്ടേച്ച് പോകുന്നത് തെളിഞ്ഞ ഒരു മാർഗത്തിലാണ്. അതിന്റെ രാത്രി പകൽ പോലെ വ്യക്തമാണ്. നശിച്ചവനല്ലാതെ എനിക്ക് ശേഷം അതില്‍ നിന്നും വഴി തെറ്റുകയില്ല. നിശ്ചയം, നിങ്ങളില്‍ ആരാണോ എനിക്ക് ശേഷം ജീവിക്കുന്നത് അവര്‍ക്ക് ധാരാളം ഭിന്നതകള്‍ കാണാം. അപ്പോള്‍ എന്‍റെ സുന്നത്തും സച്ചരിതരായ എന്‍റെ ഖുലഫാഉറാഷിദുകളുടെ (സഹാബികൾ) ചര്യയും നിങ്ങളുടെ മേല്‍ നിര്‍ബന്ധമാണ്. അവ മുറുകെ പിടിക്കുകയും അണപ്പല്ലുകള്‍ കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക.. (ഇബ്നുമാജ 1/145)
സ്വഹാബത്ത് ആ പാത മുറുകെപ്പിടിച്ചു. അതില്‍ നിന്ന് വ്യതിചലിക്കുക വഴി നശിച്ച ഒരാളെയും നമുക്ക് അവരില്‍ കാണാന്‍ സാധിക്കില്ല. അവര്‍ക്ക് ശേഷമാണ് വ്യതിയാനങ്ങള്‍ വ്യാപകമായത്. ഇമാം മാലിക് (റഹി.) പറഞ്ഞു: ‘ഈ ഉമ്മത്തിലെ മുന്‍ഗാമികള്‍ ഏതൊരു കാര്യം മുഖേനയാണോ നേര്‍പാതയില്‍ ആയിത്തീര്‍ന്നത് അത് പിന്തുടരാതെ ഈ ഉമ്മത്തിലെ പിന്‍ഗാമികള്‍ നേര്‍പാതയിലാവുകയില്ല’.
അതുകൊണ്ടാണ് വിജയികളാകുന്ന കക്ഷിയെ സംബന്ധിച്ച് അവര്‍ ‘ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ടതില്‍ നിലകൊള്ളുന്നവരായിരിക്കും’ അവര്‍ എന്ന് നബി ﷺ പറഞ്ഞത്:
വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണമായ തിരുസുന്നത്തും നബി ﷺ യുടെ അടുത്തുനിന്നും നേരിട്ട് പഠിക്കുകയും അതിന്റെ പ്രാവര്‍ത്തിക രൂപം നേരിട്ടുകാണുകയും ചെയ്തുവെന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. നബി ﷺ പറഞ്ഞു:
لَيْسَ الْخَبَرُ كَالْمُعَايَنَة
വിവരമറിയല്‍ നേരിട്ട് ദര്‍ശിക്കുന്നത് പോലെയല്ല.(സ്വഹീഹ് ജാമിഉ)
അപ്പോള്‍ നബി ﷺ യെ കാണുകയും നബി ﷺ യില്‍ നിന്ന് നേരിട്ട് കേള്‍ക്കുകയും നബി ﷺ യുടെ അമലുകള്‍ സ്വന്തം കണ്‍മുന്നില്‍ നോക്കി പഠിക്കുകയും ചെയ്ത സഹാബത്ത് അവര്‍ക്കുശേഷം വന്നവരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം മഹത്വവും ശ്രേഷ്ടതയുമുള്ളവരാണ്. വിശുദ്ധഖുര്‍ആനിലെ ഓരോ ആയത്തും അതിന്റെ വിശദീകരണം എന്ത് എന്ന് സഹാബികള്‍ നബി ﷺ യില്‍ നിന്ന് പഠിച്ചു.
മലക്ക് ജിബ്‌രീല്‍ (അ) വിശുദ്ധ ക്വുര്‍ആനില്‍നിന്നുള്ള ആയത്തുകളുമായി ഇറങ്ങിവരികയും പ്രവാചകന്ന് ഓതി കേള്‍പ്പിക്കുകയും ചെയ്യുന്നതോടെ പ്രവാചകന്‍ തന്റെ സ്വഹാബികളെ വിളിച്ചുവരുത്തി അവര്‍ക്കത് ഓതിക്കേള്‍പ്പിക്കുകയും ആവശ്യമായ വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കിപ്പോരുകയും ചെയ്‌തു. അതോടൊപ്പം ഓരോ സന്ദര്‍ഭത്തിലും അവതരിക്കുന്ന ദൈവിക സന്ദേശങ്ങളുടെ ആശയങ്ങള്‍ പ്രവാചകന്‍ അവര്‍ക്ക് പഠിപ്പിക്കുകയും സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് അവര്‍ക്ക് മാതൃക കാണിച്ചുകൊടുക്കുകയും ചെയ്‌തുപോന്നു. സ്വഹാബികളാകട്ടെ നബി ﷺ അവര്‍ക്ക് കാണിച്ചുകൊടുത്ത മഹിത മാതൃകയില്‍ നിന്ന് ഒട്ടും വ്യതിചലിക്കുകയോ ഏറ്റക്കുറച്ചിലുകളും മാറ്റത്തിരുത്തലുകളും വരുത്തുകയോ ചെയ്യാതെ അതപ്പടി സ്വീകരിച്ചുപോരികയും ചെയ്‌തു. അപ്പോള്‍ പ്രവാചകനില്‍ നിന്നു നേരിട്ടു ഖുര്‍ആനും പ്രവാചക വചനങ്ങളും ഗ്രഹിക്കുകയും പഠിക്കുകയും ചെയ്‌തവരാണ് സ്വഹാബികള്‍. അതുകൊണ്ടുതന്നെ സ്വഹാബികള്‍ എങ്ങനെയാണോ ഖുര്‍ആനും പ്രവാചക വചനങ്ങളും വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്‌തത് അപ്രകാരമാണ് നാമും വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കേണ്ടത്. ഇതിനാണ് ഫഹ്‌മുസ്സ്വഹാബ: (സ്വഹാബത്തിന്റെ ധാരണ – അറിവ് – അവബോധം) എന്ന് പറയുന്നത്. അപ്രകാരം തന്നെ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കുന്നതില്‍ സ്വഹാബത്ത് സ്വീകരിച്ച ഒരു രീതിശാസ്‌ത്രമുണ്ട്. അതിനാണ് മല്‍ഹജു സ്സ്വഹാബഃ എന്നു പറയുന്നത്. ഈ രീതിശാസ്‌ത്രത്തിന്നനുസരിച്ച് വ്യാഖ്യാന വിശദീകരണങ്ങള്‍ നല്‍കുക എന്നതാണ് നാം സ്വീകരിക്കേണ്ട നിലപാട്.
പ്രവാചകന്‍മാര്‍ കഴിഞ്ഞാല്‍ പിന്നെ മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും മഹത്വവും ശ്രേഷ്‌ഠതയും ഒത്തിണങ്ങിയവരാണ് സ്വഹാബികള്‍ എന്ന കാര്യത്തില്‍ ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല.
സ്വഹാബികളെ പ്രശംസിക്കുകയും പുകഴ്‌ത്തുകയും ചെയ്‌തുകൊണ്ടുള്ള നിരവധി ആയത്തുകള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാവുന്നതാണ്.
ﻭَٱﻟﺴَّٰﺒِﻘُﻮﻥَ ٱﻷَْﻭَّﻟُﻮﻥَ ﻣِﻦَ ٱﻟْﻤُﻬَٰﺠِﺮِﻳﻦَ ﻭَٱﻷَْﻧﺼَﺎﺭِ ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺒَﻌُﻮﻫُﻢ ﺑِﺈِﺣْﺴَٰﻦٍ ﺭَّﺿِﻰَ ٱﻟﻠَّﻪُ ﻋَﻨْﻬُﻢْ ﻭَﺭَﺿُﻮا۟ ﻋَﻨْﻪُ ﻭَﺃَﻋَﺪَّ ﻟَﻬُﻢْ ﺟَﻨَّٰﺖٍ ﺗَﺠْﺮِﻯ ﺗَﺤْﺘَﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎٓ ﺃَﺑَﺪًا ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവ൪ അതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.(ഖു൪ആന്‍:9/100)
ﻣُّﺤَﻤَّﺪٌ ﺭَّﺳُﻮﻝُ ٱﻟﻠَّﻪِ ۚ ﻭَٱﻟَّﺬِﻳﻦَ ﻣَﻌَﻪُۥٓ ﺃَﺷِﺪَّآءُ ﻋَﻠَﻰ ٱﻟْﻜُﻔَّﺎﺭِ ﺭُﺣَﻤَﺎٓءُ ﺑَﻴْﻨَﻬُﻢْ ۖ ﺗَﺮَﻯٰﻫُﻢْ ﺭُﻛَّﻌًﺎ ﺳُﺠَّﺪًا ﻳَﺒْﺘَﻐُﻮﻥَ ﻓَﻀْﻼً ﻣِّﻦَ ٱﻟﻠَّﻪِ ﻭَﺭِﺿْﻮَٰﻧًﺎ ۖ ﺳِﻴﻤَﺎﻫُﻢْ ﻓِﻰ ﻭُﺟُﻮﻫِﻬِﻢ ﻣِّﻦْ ﺃَﺛَﺮِ ٱﻟﺴُّﺠُﻮﺩِ ۚ ﺫَٰﻟِﻚَ ﻣَﺜَﻠُﻬُﻢْ ﻓِﻰ ٱﻟﺘَّﻮْﺭَﻯٰﺓِ ۚ ﻭَﻣَﺜَﻠُﻬُﻢْ ﻓِﻰ ٱﻹِْﻧﺠِﻴﻞِ ﻛَﺰَﺭْﻉٍ ﺃَﺧْﺮَﺝَ ﺷَﻄْـَٔﻪُۥ ﻓَـَٔﺎﺯَﺭَﻩُۥ ﻓَﭑﺳْﺘَﻐْﻠَﻆَ ﻓَﭑﺳْﺘَﻮَﻯٰ ﻋَﻠَﻰٰ ﺳُﻮﻗِﻪِۦ ﻳُﻌْﺠِﺐُ ٱﻟﺰُّﺭَّاﻉَ ﻟِﻴَﻐِﻴﻆَ ﺑِﻬِﻢُ ٱﻟْﻜُﻔَّﺎﺭَ ۗ ﻭَﻋَﺪَ ٱﻟﻠَّﻪُ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻤِﻠُﻮا۟ ٱﻟﺼَّٰﻠِﺤَٰﺖِ ﻣِﻨْﻬُﻢ ﻣَّﻐْﻔِﺮَﺓً ﻭَﺃَﺟْﺮًا ﻋَﻈِﻴﻤًۢﺎ
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൌറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൌതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.(ഖു൪ആന്‍:48/29)
ﻟَّﻘَﺪْ ﺭَﺿِﻰَ ٱﻟﻠَّﻪُ ﻋَﻦِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﺇِﺫْ ﻳُﺒَﺎﻳِﻌُﻮﻧَﻚَ ﺗَﺤْﺖَ ٱﻟﺸَّﺠَﺮَﺓِ ﻓَﻌَﻠِﻢَ ﻣَﺎ ﻓِﻰ ﻗُﻠُﻮﺑِﻬِﻢْ ﻓَﺄَﻧﺰَﻝَ ٱﻟﺴَّﻜِﻴﻨَﺔَ ﻋَﻠَﻴْﻬِﻢْ ﻭَﺃَﺛَٰﺒَﻬُﻢْ ﻓَﺘْﺤًﺎ ﻗَﺮِﻳﺒًﺎ
ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു. (ഖു൪ആന്‍:48/18)
വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കുവാന്‍ നമുക്ക് സുന്നത്ത് അനിവാര്യമാണ്. സഹാബികളുടെ ഫഹ്’മ് (അവര്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കല്‍) നിര്‍ബ്ബന്ധമാണ്.
ﻭَٱﻟﺴَّﺎﺭِﻕُ ﻭَٱﻟﺴَّﺎﺭِﻗَﺔُ ﻓَﭑﻗْﻄَﻌُﻮٓا۟ ﺃَﻳْﺪِﻳَﻬُﻤَﺎ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺴَﺒَﺎ ﻧَﻜَٰﻼً ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﻋَﺰِﻳﺰٌ ﺣَﻜِﻴﻢٌ
മോഷ്ടിക്കുന്നവന്റേയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:5/38)
ഇവിടെ കൈ മുറിച്ചുകളയുവാനുള്ള കല്പന ആരോടാണ്? എല്ലാവര്‍ക്കും അത് ചെയ്യാമോ? അതല്ല ഇസ്ലാമിക ഭരണാധികാരിക്ക് മാത്രമവകാശപ്പെട്ടതാണോ?ചെറിയ മോഷണം നടത്തിയവനും വലിയ മോഷണം നടത്തിയവനും ഈ ശിക്ഷ ഒരുപോലെ ബാധകമാണോ? കാരണം ഭാഷയില്‍ ഒരു കോഴിമുട്ട മോഷ്ടിച്ചവനും ഒരു കോടിരൂപ മോഷ്ടിച്ചവനും മോഷ്ടാവ് എന്നാണ് പറയുക.അതിനാല്‍ ഇതിന് ഒരു പ്രത്യേക പരിധി അല്ലാഹു നിശ്ചയിചിട്ടുണ്ടോ? കൈ മുറിക്കുമ്പോള്‍ കൈപടമാണോ അതല്ല കൈമുട്ട് മുതലാണോ അതുമല്ല കൈ മുഴുവനുമാണോ മുറിക്കേണ്ടത്?
ഈ ആയത്തും ഇതുപോലുള്ള ആയത്തുകളും നബി ﷺ യുടെ സുന്നത്തില്‍ നിന്നും സഹാബികളുടെ ജീവിതത്തില്‍ നിന്നും മാത്രമേ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് മഹാനായ ഇമാം അഹ് മദ് ബിനു ഹമ്പല്‍ (റഹി.) പറഞ്ഞത്: وَالسُّنَّةُ تُفَسِّرُ الْقُرْآنَ സുന്നത്താണ് വിശുദ്ധ ഖുര്‍ആനിനെ വിശദീകരിക്കുന്നത്
ۗ ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ
…നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)
ഇവിടെയെല്ലാം നബി ﷺ എന്ത് നിലപാട് എന്ന് സ്വീകരിച്ചിട്ടുണ്ടെന്ന് നേരിട്ട് മനസ്സിലാക്കിയവ൪ സ്വഹാബികള്‍ ആണ്.
ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ ﻭَّﺇِﻥ ﺗَﻮَﻟَّﻮْا۟ ﻓَﺈِﻧَّﻤَﺎ ﻫُﻢْ ﻓِﻰ ﺷِﻘَﺎﻕٍ ۖ ﻓَﺴَﻴَﻜْﻔِﻴﻜَﻬُﻢُ ٱﻟﻠَّﻪُ ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ
നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായി-ക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. (ഖു൪ആന്‍:2/137)
قال شيخ الإسلام ابن تيمية -رحمه الله-:من ظن أنه يأخذ من الكتاب والسنة بـدون أن يقـتدي بالصحابة ويتبِع غَـيــر سبيلهم فَـهو من أهل البدع مختصرالفتاوى المصرية | ص٥٥٦
ശൈഖുൽ ഇസ്ലാം ഇബ്നു തൈയ്മിയ്യ (റഹി) പറഞ്ഞു: ആരെങ്കിലും സ്വഹാബത്തിനെ പിന്തുടരാതെ,താന്‍ സ്വീകരിക്കുന്നത് കുര്‍ആനില്‍നിന്നും, സുന്നത്തില്‍നിന്നുമാണെന്ന് വിചാരിക്കുകയും,എന്നിട്ട് അവരുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്തു.അപ്പോള്‍ അവന്‍ ബിദ്അത്തുകാരില്‍ പെട്ടവനാകുന്നു.
സലഫിയ്യത്ത് എന്നാല്‍ സച്ചരിതരായ സലഫിലേക്ക് ചേര്‍ത്തുകൊണ്ടാണ് പറയുന്നതെന്നും അവരെ പിന്‍പറ്റല്‍ മാത്രമാണ് രക്ഷയുടെ ഒരേയൊരു മാര്‍ഗ്ഗമെന്നും പരലോകത്ത് രക്ഷയാഗ്രഹിക്കുന്ന ഒരാള്‍ക്കും സലഫുകളുടെതല്ലാത്ത ഒരു മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ഒരിക്കലും പാടില്ലെന്നും മനസ്സിലാക്കാവുന്നതാണ്.
നബി ﷺ യും തന്റെ അനുചരൻമാരും ഏതൊരു കാര്യത്തിലേക്ക് എങ്ങിനെ ക്ഷണിച്ചുവോ അതേ മാർഗ്ഗം പിൻതുടരുന്നവർക്കെല്ലാം ഞാൻ സലഫിന്റെ മാർഗ്ഗത്തിലാണെന്ന് അവകാശപ്പെടാം. അഖീദയിലും വിധിവിലക്കുകളിലും സ്വഭാവ മര്യാദകളിലും പ്രബോധനത്തിലുമെല്ലാം സലഫുകൾ മനസ്സിലാക്കിയത് പോലെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കുന്നവരെല്ലാം സലഫികളാണ്.
ഈ സമുദായത്തില്‍ നിന്നും ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലക്കൊള്ളുന്ന ഒരു വിഭാഗം ഉണ്ടായിരിക്കുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الْحَقِّ لاَ يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ
ഥൌബാന്‍(റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലക്കൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല. (മുസ്ലിം:1920)
قال ابن مسعود رضي الله عنه : الجماعة ما وافق الحق؛ ولو كنت وحدك
ഇബ്നു മസ്ഊദ്(റ) പറഞ്ഞു: സത്യത്തോട് പൊരുത്തപ്പെടുന്നതെന്തോ അതാണ് സംഘം.അത് ഒറ്റക്കായിരുന്നാല്‍ പോലും.
അതെ, അവ൪ക്കാകുന്നു അന്തിമ വിജയം.
വിശ്വാസ കർമ്മാനുഷ്ഠാനങ്ങളിൽ കൃത്യവും വ്യക്തവുമായി സലഫുകളെ പിൻപറ്റുന്നവർക്കാണ് സലഫി എന്നും ഖുർആനും സ്വഹീഹായ ഹദീസുകളും സലഫുകളുടെ സരണിയുമാണ് സലഫിയ്യത്തെന്നും പറഞ്ഞുവല്ലോ. തോന്നിയതെല്ലാം വിശ്വസിക്കുകയും കർമ്മാനുഷ്ഠാനങ്ങളായിക്കൊണ്ട് നടത്തുകയും മതകാര്യങ്ങളിൽ ചിലത് സ്വീകരിച്ച് ചിലത് തള്ളിക്കളഞ്ഞ് ജൂത സംസ്കാരം സ്വീകരിക്കുകയും ദീനീ വിഷയങ്ങളിൽ ഇടപെടലുകൾ നടത്തി ദീനീ പ്രബോധനത്തിന് തടസ്സങ്ങളിടുകയും നേതാക്കളുടെ വാക്കുകളുടെ പ്രാധാന്യം പോലും ഹദീസുകൾക്ക് നൽകാതെ സ്വഹീഹായ ഹദീസുകളെ അന്ധവിശ്വാസങ്ങളെന്ന് പറഞ്ഞ് പുച്ഛിക്കുകയുമൊക്കെ ചെയ്തിട്ടും ഞങ്ങളും സലഫികളാണെന്ന് പറഞ്ഞു നടക്കുന്നതില്‍ വലിയ അർത്ഥമൊന്നുമില്ല.
ആദർശം സ്വീകരിക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും സലഫുകൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് അംഗീകരിക്കാൻ കഴിയുന്നവർക്കേ ഞാൻ സലഫിയാണെന്ന് അവകാശപ്പെടാൻ അർഹതയുള്ളൂ. നബി ﷺ യുടെ നാവിൻ തുമ്പിലൂടെ എന്ത് പുറത്ത് വന്നുവോ അത് സ്വീകരിക്കലായിരുന്നു സലഫുകളുടെ(മുൻഗാമികളുടെ) നയം. ബുദ്ധിക്കോ സുഹൃത്തിന്റെ വാക്കിനോ തങ്ങളുടെ കൂടിയാലോചനക്കോ പ്രവാചക വചനങ്ങളേക്കാൾ പ്രാധാന്യം അവർ നൽകിയിരുന്നില്ല. പ്രവാചകൻ ചെയ്തത് പോലെ അവർ ചെയ്തു. പറഞ്ഞത് പോലെ പറഞ്ഞു. പ്രവാചകന്റെ ഒരു വാക്കിനെയോ പ്രവർത്തിയെയോ ഉത്തമ നൂറ്റാണ്ടുകാർക്ക് അന്ധവിശ്വാസമായോ അതിരുകവിയലായോ യുക്തിക്കും ബുദ്ധിക്കും എതിരായോ തോന്നിയില്ല.
قال العلامة المحدث محمد ناصر الدين الألباني- رحمه الله تعالي – {الدعوة السلفية هي تحارب الحزبية بكل أشكالها وأنواعها ، والسبب واضح جدا ، الدعوة السلفية تنتمي إلي شخص معصوم وهو رسول الله – صلي الله عليه وسلم – فمن خرج عن دعوة هؤلاء لا نسميه بأنه سلفي . أما الأحزاب الأخري فينتمون إلي أشخاص غير معصومين . من ادعي السلفية والتي هي الكتاب والسنة ، فعليه أن يسير مسيرة السلف ، وإلا الاسم لا يغني عن حقيقة المسمي }من كلام المحدث الألباني فتاوي العلماء الأكابر(٩٧-٩٨)
ശൈഖ് നാസിറുദ്ധീൻ അൽബാനി (റഹി) പറയുന്നു: ” സലഫിയ്യത്ത് എല്ലാ തരത്തിലുള്ള കക്ഷിത്വത്തിനോടും തികഞ്ഞ പോരാട്ടത്തിലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. സലഫീ ദഅവത്ത് പാപമുക്തനായ നബി ﷺ യിലെക്കാണ് ചേരുന്നത്. ആരാണോ അവരുടെ ദഅവത്തിൽ നിന്ന് പുറത്തു പോയത്, നാം അവനെ സലഫി എന്ന് വിളിക്കില്ല. എന്നാൽ മറ്റു കക്ഷികളെല്ലാം പാപമുക്തരല്ലാത്ത ആളുകളിലേക്കാണ് ചേരുന്നത്. ഖുർആനും സുന്നത്തും പ്രമാണമായ, സലഫിയ്യത്ത് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ, സലഫുകളുടെ മാർഗം സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം, യഥാർത്ഥ വിളിപ്പേരിൽ നിന്ന് അവന്റെ പേര് കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല” (ഫതാവൽ ഉലമാഇൽ അകാബിർ 97-98)
ശൈഖ് അല്‍ബാനി (റഹി) പറഞ്ഞു: സലഫിയ്യത്ത് , കക്ഷിത്വത്തില്‍ നിന്ന്‍ മുക്തമായതാകുന്നു. സലഫിയ്യത്ത് എന്നാല്‍ അതൊരു പാര്‍ട്ടിയല്ല. ആരെങ്കിലും സലഫിയ്യത്ത് എന്ന പേരിനെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ സലഫിയ്യത്ത് അതില്‍ നിന്ന് മുക്തമാണ് (അതുമായി സലഫിയ്യത്ത്തിനു ബന്ധമില്ല). സലഫിയ്യത്ത് എന്ന്‍ പറഞ്ഞാല്‍ അത് സലഫുകള്‍ മനസ്സിലാക്കിയ വിശുദ്ധ ഖുര്‍ആന്നും ,സുന്നത്തുമാണ്.
മതത്തിന്റെ പേരില്‍ മുളപൊട്ടിയിട്ടുള്ള മുഴുവന്‍ പുതുനിര്‍മിതികളെയും അതിന്റെ നിര്‍മാതാക്കളെയും ശക്തമായി നിരാകരിക്കുന്ന നിലപാടാണ് സലഫികള്‍ സ്വീകരിച്ചിട്ടുള്ളത്. കാരണം, ഇത്തരം ബിദ്അത്തുകള്‍ക്കെതിരെ ഗൗരവമേറിയ താക്കീതുകളാണ് നബി ﷺ നടത്തിയിട്ടുള്ളത്. മതത്തില്‍ കടത്തിക്കൂട്ടപ്പെടുന്ന മുഴുവന്‍ ബിദ്അത്തുകളും നരകത്തിലേക്കുള്ള വഴികളാണെന്ന പ്രവാചകാധ്യാപനമാണ് സലഫികള്‍ക്ക് ഈ വിഷയത്തിലുള്ള വെളിച്ചം.
kanzululoom.com