സബഅ് ഗോത്രം നൽകുന്ന പാഠം

യമനിലുണ്ടായിരുന്ന ഒരു പ്രസിദ്ധ ഗോത്രമാണ് ‘സബഅ്.’ മഅ്‌രിബ് ദേശത്തായിരുന്നു അവർ താമസിച്ചിരുന്നത്. ജനങ്ങളോട് പൊതുവെയും അറബികളോട് പ്രത്യേകിച്ചും അല്ലാഹു കാണിച്ച ഒരു കാരുണ്യമാണ് അറബികളുടെ പരിസരങ്ങളിൽ ജീവിച്ചിരുന്നവർ നശിപ്പിക്കപ്പെട്ട കഥകൾ ക്വുർആൻ വിവരിക്കുന്നു എന്നത്. അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കാണാം. ജനങ്ങൾ അവരുടെ വർത്തമാനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നുണ്ട്. അത് കൂടുതൽ സത്യമായിത്തീരാനും ഉൽബോധനമാകാനും അതുമൂലം സാധിക്കുന്നു. അല്ലാഹു പറയുന്നു:

لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ

തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും. (ഖു൪ആന്‍:34/15)

സബഅ് ദേശക്കാർ താമസിച്ച സ്ഥലത്ത് ദൃഷ്ടാന്തമുണ്ട്.  അല്ലാഹു അവർക്ക് അനുഗ്രഹങ്ങൾ നൽകിയതും ആപത്തുക്കളിൽനിന്നും രക്ഷിച്ചതുമാണ് ഇവിടെ ദൃഷ്ടാന്തം കൊണ്ടുദ്ദേശ്യം. അത് അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവന് നന്ദി ചെയ്യാനും അനിവാര്യമാക്കി. ആ ദൃഷ്ടാന്തം ഇതായിരുന്നു:

{അതായത്, വലതു ഭാഗത്തും ഇടതു ഭാഗത്തുമായി രണ്ട് തോട്ടങ്ങൾ} ധാരാളം മഴ ലഭിക്കുന്ന ഒരു വലിയ താഴ്‌വര അവർക്കുണ്ടായിരുന്നു. വെള്ളം ശേഖരിക്കാൻ അവർ വലിയ അണക്കെട്ടുകൾ നിർമിച്ചു. അതിലേക്ക് ധാരാളം അരുവികൾ ഒഴുകിയെത്തി. വെള്ളം അതിൽ നിറഞ്ഞു. ഇടതും വലതും ഉള്ള താഴ്‌വരകളിലേക്കെല്ലാം അതിൽനിന്ന് അവർ വെള്ളം വിതരണം ചെയ്തു. ആ രണ്ട് കൂറ്റൻ തോട്ടങ്ങൾ അവർക്ക് മതിയായ ഫലങ്ങളും വിളകളും നൽകി. അവർക്ക് വളരെയധികം സന്തോഷം നൽകി. അതിനാൽ തങ്ങൾക്ക് ലഭിച്ച നിരവധി അനുഗ്രഹങ്ങൾക്കു നന്ദി ചെയ്യാൻ അല്ലാഹു അവരോട് നിർദേശിച്ചു.

ആ രണ്ട് തോട്ടങ്ങൾ മുഖേന അവർക്ക് കിട്ടിയ മറ്റു നേട്ടങ്ങൾ ഇതാണ്:

▪️അവരുടെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും നൽകിയത് ആ രണ്ടു തോട്ടങ്ങളായിരുന്നു.

▪️അല്ലാഹു അവരുടെ ഭൂമി സമൃദ്ധമാക്കിയതിനാൽ അവിടെയുള്ള നല്ല കാലാവസ്ഥയും സുഭിക്ഷമായ ഉപജീവനവും ലഭിച്ചു.

▪️ഇനി അവർ അവനോട് നന്ദി കാണിക്കുകയാണെങ്കിൽ അവൻ അവരോട് ക്ഷമിക്കുമെന്നും കരുണ കാണിക്കുമെന്നും ഉറപ്പ് നൽകി.

▪️അവരുടെ കച്ചവടത്തിനും ഉപജീവനത്തിനും അവർ അനുഗൃഹീതമായ ഒരു ദേശത്ത് എത്തണമെന്ന് അല്ലാഹുവിന് അറിയാമായിരുന്നു. ഈ ഗ്രാമം ‘സൻആഅ്’ ആയിരുന്നു എന്ന് പൂർവികരായ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് ശാം ആയിരുന്നെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഭയമില്ലാതെ സുരക്ഷിതമായ ആ നാട്ടിൽ എത്തിച്ചേരാനുള്ള മാർഗങ്ങളും അവൻ സൗകര്യപ്പെടുത്തി. അതിനും അവർക്കുമിടയിൽ ധാരാളം പട്ടണങ്ങളുണ്ടായിരുന്നു. അതിനാൽ അവർ യാത്ര ചെയ്യുമ്പോൾ ഭക്ഷണസാധനങ്ങൾ കൊണ്ടുപോകാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല.

وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَٰرَكْنَا فِيهَا قُرًى ظَٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ ‎

അവര്‍ക്കും (സബഅ് ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ് കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക് താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ച് കൊള്ളുക. (എന്ന് നാം നിര്‍ദേശിക്കുകയും ചെയ്തു.)  (ഖു൪ആന്‍:34/18)

ഒരു നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാർക്ക് ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ തുല്യ അകലത്തിലാണ് താവളങ്ങൾ സ്ഥിതി ചെയ്തിരുന്നത്.

അവർക്ക് മനസ്സിലാക്കാൻ കഴിയുന്ന യാത്രാതാവളങ്ങൾ രാത്രിയിൽ ചുറ്റിത്തിരിയാതെ അവർക്ക് നിശ്ചയിക്കാമായിരുന്നു. നിർഭയരായി രാത്രിയും പകലും നിർഭയത്വത്തോടെ സഞ്ചരിക്കാൻ അവർക്ക് സാധിച്ചു.

ഈ വഴികളിൽ സുരക്ഷിതമായി, മോഷണമോ കവർച്ചയോ ഭയപ്പെടാതെ, യാത്രക്കാർക്ക് രാത്രിയിലും പകലും ഏതു സമയത്തും നിർഭയത്വത്തോടെ യാത്ര ചെയ്യാമെന്നത് അവർക്ക് അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹമാണ്.

അനുഗ്രഹം തന്നവനെ ആരാധിക്കുന്നതിൽനിന്നും അവർ തിരിഞ്ഞുകളഞ്ഞു. അനുഗ്രഹങ്ങളെ അവർ അവഗണിച്ചു.

മാത്രമല്ല, എളുപ്പം സഞ്ചരിക്കാൻ കഴിഞ്ഞിരുന്ന ആ ഗ്രാമങ്ങൾ തമ്മിൽ അകലങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ എന്നുവരെ അവർ ആഗ്രഹിച്ചു.

فَقَالُوا۟ رَبَّنَا بَٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ …..

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു …… (ഖു൪ആന്‍:34/19)

 അല്ലാഹുവിൽ അവിശ്വസിച്ചും അവന്റെ അനുഗ്രഹത്തിന് നന്ദികേട് കാണിച്ചും അവർ അവരോട് അക്രമം ചെയ്തതിനാൽ അവരെ അഹങ്കാരികളാക്കിയ അനുഗ്രഹങ്ങളെ എടുത്തുകളഞ്ഞ് അവരെ അല്ലാഹു ശിക്ഷിച്ചു.

فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ

എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. (ഖു൪ആന്‍:34/16)

 അണക്കെട്ടിൽനിന്നുള്ള ജലപ്രവാഹം അല്ലാഹു അവരുടെ മേൽ അയച്ചു. ആ മഹാപ്രളയം അവരുടെ തോട്ടങ്ങൾ നശിപ്പിക്കുകയും ചെയ്തു. അങ്ങനെ അത് മനോഹരമായ ചെടികളും ഫലവും നിറഞ്ഞ ആ തോട്ടങ്ങൾ നശിപ്പിക്കുകയും പകരം യാതൊരു പ്രയോജനവുമില്ലാത്ത അഥവാ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്ത മരങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

അവർ ചെയ്തതിന് തത്തുല്യമായ പ്രതിഫലം. നന്മ നിറഞ്ഞ നന്ദിക്ക് പകരം ചീത്തയായ നിഷേധം പകരമാക്കിയതിനുള്ള പ്രതിഫലം. നേരത്തെ പറഞ്ഞ അനുഗ്രങ്ങൾക്കെല്ലാം പകരം. അതാണ് അല്ലാഹു പറഞ്ഞത്:

ذَٰلِكَ جَزَيْنَٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَٰزِىٓ إِلَّا ٱلْكَفُورَ

അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്‌. കടുത്ത നന്ദികേട് കാണിക്കുന്നവന്‍റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? (ഖു൪ആന്‍:34/17)

ശിക്ഷ നൽകുന്നത് അല്ലാഹുവിനെ നിഷേധിച്ചവർക്കും നന്ദികെട്ടവർക്കും മാത്രമാണ്.

فَقَالُوا۟ رَبَّنَا بَٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَٰهُمْ أَحَادِيثَ وَمَزَّقْنَٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കികളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:34/19)

ആ ശിക്ഷ അവർക്ക് വന്നപ്പോൾ അവർ ഒരുമിച്ചായിരുന്നതിന് ശേഷം വിവിധ ഭാഗങ്ങളിലേക്ക് അവർ ചിതറിപ്പോയി. അല്ലാഹു അവരെ ജനങ്ങൾക്ക് രാക്കഥ പറയാനുള്ള ഒരു കഥയാക്കി മാറ്റി. അവർ ഒരു പഴഞ്ചൊല്ലാക്കി മാറ്റി. ‘സബഅ്കാരെ പോലെ ചിതറിപ്പോയി’ എന്ന് പറയാറുണ്ട്. അവർക്ക് എന്ത് സംഭവിച്ചുവെന്ന് എല്ലാവരും സംസാരിക്കുകയും ചെയ്തു. എന്നാൽ അവരിൽനിന്ന് ആരും പാഠം പഠിച്ചില്ല. അവരുടെ ചരിത്രത്തിൽ ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാൾക്കും ദൃഷ്ടാന്തമുണ്ട്. അവൻ വിഷമകരവും പ്രയാസകരവുമായ കാര്യങ്ങളിൽ അങ്ങേയറ്റം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യും. അതിൽ തന്നിഷ്ടം പ്രകടിപ്പിക്കില്ല. മറിച്ച് അതിൽ ക്ഷമിക്കും. അല്ലാഹു നൽകുന്ന അനുഗ്രങ്ങൾക്ക് അങ്ങേയറ്റം നന്ദി കാണിക്കുകയും ചെയ്യും. അതംഗീകരിക്കുകയും അവ നൽകിയവനെ സ്തുതിക്കുകയും അവന് അനുസരണയുള്ളവനായി തീരുകയും ചെയ്യും.

ഇങ്ങനെ പലതും സംഭവിച്ചതായി അവൻ കേട്ടാൽ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അവർ കാണിച്ച നന്ദികേടാണ് ആ ശിക്ഷയ്ക്ക് കാരണമെന്ന് അവൻ മനസ്സിലാക്കും. അവരെ പോലെ പ്രവർത്തിക്കുന്നവർക്ക് അതേ വിധി നേരിടേണ്ടിവരുമെന്നും അവൻ മനസ്സിലാക്കും. അല്ലാഹുവിന് നന്ദി ചെയ്യുന്നത് അനുഗ്രങ്ങളെ സംരക്ഷിക്കുകയും ശിക്ഷയിൽനിന്ന് തടുക്കുകയും ചെയ്യുമെന്ന് അവൻ മനസ്സിലാക്കും. അല്ലാഹുവിന്റെ ദൂതന്മാർ സത്യം പറഞ്ഞതാണെന്നും പ്രതിഫലം സത്യമാണെന്നും അവൻ മനസ്സിലാക്കും. അതിന്റെ ചില മാതൃകകൾ ഈ ലോകത്ത് അവൻ കണ്ടിട്ടുണ്ട്.

ഇബ്‌ലീസ് തന്റെ രക്ഷിതാവിനോട് പറഞ്ഞ പ്രതീക്ഷകൾ സബഅ് ജനതയിലും സത്യമായിട്ടുണ്ട്.

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٨٢﴾‏ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ‎﴿٨٣﴾‏

അവന്‍ (ശൈത്വാൻ) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)

ഇബ്‌ലീസിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രതീക്ഷ ഉറപ്പായ ഒരു അറിവായിരുന്നില്ല. കാരണം, അവന് അദൃശ്യമായ കാര്യങ്ങൾ അറിയുമായിരുന്നില്ല. അവരെ മുഴുവൻ വഴി തെറ്റിക്കാൻ കഴിയും എന്ന വിവരം അല്ലാഹുവിൽ നിന്ന് അവന് ലഭിച്ചിട്ടുമില്ല. ഈ ആളുകളും അവരെ പോലെയുള്ളവരും ഇബ്‌ലീസിന്റെ പ്രതീക്ഷ സത്യമാക്കിയവരാണ്. അവൻ അവരെ വിളിച്ചു പ്രലോഭിപ്പിച്ചു. അങ്ങനെ അവരെ പിഴപ്പിച്ചു. അതാണ് അല്ലാഹു പറയുന്നത്:

وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ

തീര്‍ച്ചയായും തന്‍റെ ധാരണ ശരിയാണെന്ന് ഇബ്ലീസ് അവരില്‍ തെളിയിച്ചു. അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ. (ഖു൪ആന്‍:34/20)

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കാത്തവൻ ഇബ്‌ലീസിന്റെ പ്രേരണയിൽ പെടില്ല.

وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ

അവന്ന് (ഇബ്ലീസിന്‌) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്‌. നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍:34/21)

ഇബ്‌ലീസിന് അവരുടെ മേൽ യാതൊരധികാരവും ഉണ്ടായിരുന്നില്ല. അതായത് താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവരെ നിർബന്ധിക്കാൻ അവന് അവരുടെ മേൽ യാതൊരു നിയന്ത്രണമോ അധികാരമോ ഇല്ലായിരുന്നു. എന്നാൽ ആദമിന്റെ സന്തതികളിൽ അവന് കുറച്ച് സ്വാധീനവും ശക്തിയും ഉണ്ടായിരിക്കണമെന്ന് അല്ലാഹുവിന്റെ യുക്തി തീരുമാനിച്ചു. പരലോകത്തിൽ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തിൽ കഴിയുന്നവരുടെ കൂട്ടത്തിൽനിന്ന് നാം തിരിച്ചറിയാൻ വേണ്ടി മാത്രമാണിത്. അതായത് ഒരു പരീക്ഷണത്തിലൂടെ, ആരാണ് ആത്മാർഥതയുള്ളവരെന്നും പിശാച് സംശയങ്ങൾ ഉണ്ടാക്കുമ്പോഴും പരീക്ഷണങ്ങൾ വരുമ്പോഴും ശരിയായ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നത് ആരാണെന്നറിയാനും ഉറച്ചുനിൽക്കാതെ നിസ്സാരമായ സംശയങ്ങളുണ്ടാകുമ്പോൾ പോലും പതറിപ്പോകുന്നത് ആരെന്നറിയാനുമാണിത്.

തന്റെ അടിമകളെ പരീക്ഷിക്കാൻ അല്ലാഹു നിശ്ചയിക്കുന്ന പരീക്ഷണങ്ങളിലൂടെ നല്ലതും ചീത്തയും വേർതിരിയുന്നു. അവൻ തന്റെ അടിമകളെയും അവരുടെ പ്രവർത്തികളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ ചെയ്യുന്ന എല്ലാറ്റിനും അവൻ അവർക്ക് പ്രതിഫലം നൽകും.

 

അവലംബം : തഫ്സീറുസ്സഅ്ദി

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *