വലതിനെ മുന്തിക്കുക

ഒരു പ്രവൃത്തിയിൽ വലതിനെ മുന്തിക്കൽ ഇസ്ലാമിൽ പുണ്യകരമാണ്. ഇത് നിർബന്ധ സ്വരത്തിലും ഐച്ഛികമെന്ന നിലയിലും വന്നിട്ടുണ്ട്. ഒന്നാമതായി, നിർബന്ധ സ്വരത്തിൽ പഠിപ്പിക്കപ്പെട്ടത് അപ്രകാരം കൃത്യമായി ചെയ്യുകയും അതിൽ വീഴ്ച വരുത്താതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം. ഒരു ഉദാഹരണം കാണുക:

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ ‏‏

ഉമറില്‍(റ) നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം:2020)

വലത് കൈ കൊണ്ട് ഭക്ഷിക്കുന്ന പല മുസ്ലിംകളും ഇടത് കൈ ഉപയോഗിച്ച് കുടിക്കുന്നത് കാണാറുണ്ട്. ഇത് നബി ﷺ യുടെ കൽപ്പനക്ക് എതിര് പ്രവർത്തിക്കലാണ്.

عَنْ سَلَمَةَ بْنِ الأَكْوَعِ أَنَّ رَجُلاً أَكَلَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم بِشِمَالِهِ فَقَالَ ‏”‏ كُلْ بِيَمِينِكَ ‏”‏ ‏.‏ قَالَ لاَ أَسْتَطِيعُ قَالَ ‏”‏ لاَ اسْتَطَعْتَ ‏”‏ ‏.‏ مَا مَنَعَهُ إِلاَّ الْكِبْرُ ‏.‏ قَالَ فَمَا رَفَعَهَا إِلَى فِيهِ ‏.‏

സലമ ഇബ്നുല്‍ അഖഇല്‍(റ)ൽ നിന്ന് നിവേദനം: നിശ്ചയം, ഒരാൾ നബി ﷺ യുടെ സമീപത്തുവെച്ച് ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി ﷺ അവനോട് നിർദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയുകയില്ല. നബി ﷺ പറഞ്ഞു: എന്നാൽ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതിൽ നിന്നും തടുത്തുനിർത്തിയത്. റാവി പറയുന്നു: പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയർത്താൻ അവന് സാധിച്ചിട്ടില്ല. (മുസ്ലിം:2021)

രണ്ടാമതായി, വലതിനെ മുന്തിക്കൽ ഐച്ഛികമെന്ന നിലയിൽ പഠിപ്പിക്കപ്പെട്ടതും സത്യവിശ്വാസികൾ ഗൗരവത്തിൽ കാണേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമാണ്. ചില ഉദാഹരണങ്ങൾ കാണുക:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ إِذَا انْتَعَلَ أَحَدُكُمْ فَلْيَبْدَأْ بِالْيَمِينِ وَإِذَا نَزَعَ فَلْيَبْدَأْ بِالشِّمَالِ، لِتَكُنِ الْيُمْنَى أَوَّلَهُمَا تُنْعَلُ وَآخِرَهُمَا تُنْزَعُ ‏”‏‏.‏

അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ചെരിപ്പ് ധരിക്കുമ്പോൾ ആദ്യം വലതുകാലിൽ ധരിക്കുക. ഊരുമ്പോൾ ഇടതുകാൽ അഴിച്ചാണ് തുടങ്ങുക. (ആദ്യം ഇടത്തേത് ഊരുക) ആദ്യം ധരിക്കുന്നതും അവസാനം അഴിക്കുന്നതും വലത് കാലാവട്ടെ. (ബുഖാരി: 5855)

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُحِبُّ التَّيَمُّنَ فِي طُهُورِهِ وَتَرَجُّلِهِ وَتَنَعُّلِهِ

ആഇശ (റ) വിൽ നിന്ന് നിവേദനം: നബി ﷺ ശുദ്ധീകരണത്തിലും മുടി ചീകുന്നതിലും ചെരുപ്പ് ധരിക്കുന്നതിലുമെല്ലാം വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി: 5854)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى مَيَامِنِ الصُّفُوفِ

ആയിശ(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു സ്വഫുകളില്‍ വലത് ഭാഗത്തുള്ളവരുടെമേല്‍ അനുഗ്രഹം ചൊരിയുന്നു. മലക്കുകള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. (അബൂദാവൂദ്:676).

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم – يَعْقِدُ التَّسْبِيحَ قَالَ ابْنُ قُدَامَةَ – بِيَمِينِهِ ‏.‏

അബ്ദുല്ലാഹിബ്നു അംറ്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ ദിക്റുകള്‍ ചൊല്ലുമ്പോള്‍ തന്‍റെ വലത് കൈകൊണ്ട് എണ്ണം പിടിക്കുന്നത് ഞാന്‍ കണ്ടു. (അബൂദാവൂദ് :1502)

عَنْ الْبَرَاءُ بْنُ عَازِبٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وَضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ

ബറാഅ് ബ്‌നു ആസിബ് (റ) വില്‍ നിന്ന് നിവേദനം:അദ്ദഹം പറഞ്ഞു: നബി ﷺ പറഞ്ഞു: ‘താങ്കള്‍ (രാത്രി) കിടക്കൂവാനായി വന്നാല്‍ നമസ്‌കാരത്തിന് വുളു ചെയ്യുന്നതു പോലെ വുളു ചെയ്യുക. ശേഷം താങ്കളുടെ വലത് ഭാഗം ചേര്‍ന്ന് കിടക്കുക’. (ബുഖാരി:247)

عَنِ الْبَرَاءِ قَالَ‏:‏ كَانَ النَّبِيُّ صلى الله عليه وسلم إِذَا أَرَادَ أَنْ يَنَامَ وَضَعَ يَدَهُ تَحْتَ خَدِّهِ الأَيْمَنِ

ബറാഅ്(റ) പറയുന്നു: നബി ﷺ ഉറങ്ങാന്‍ ഉദ്ദേശിച്ചാൽ, (കിടക്കുമ്പോള്‍) അവിടുന്ന് വലതുകൈ തന്റെ വലത് കവിളിനുതാഴെ വെച്ചിരുന്നു. (അൽ അദബുൽ മുഫ്രദ്:1215)

عَنْ أُمِّ عَطِيَّةَ، قَالَتْ قَالَ النَّبِيُّ صلى الله عليه وسلم لَهُنَّ فِي غُسْلِ ابْنَتِهِ ‏ “‏ ابْدَأْنَ بِمَيَامِنِهَا وَمَوَاضِعِ الْوُضُوءِ مِنْهَا ‏”‏‏.‏

ഉമ്മു അതിയ്യ(റ) നിവേദനം: നബി ﷺ യുടെ മകളെ (മയ്യിത്ത്‌) കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്നു അവരോട്‌ പറഞ്ഞു. അവളുടെ വലത് ഭാഗവും വുളുവിന്‍റെ സ്ഥലങ്ങളും കൊണ്ട്‌ നിങ്ങള്‍ ആരംഭിക്കുവീന്‍ . (ബുഖാരി:167)

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم أُتِيَ بِلَبَنٍ قَدْ شِيبَ بِمَاءٍ، وَعَنْ يَمِينِهِ أَعْرَابِيٌّ وَعَنْ شِمَالِهِ أَبُو بَكْرٍ، فَشَرِبَ، ثُمَّ أَعْطَى الأَعْرَابِيَّ، وَقَالَ ‏ “‏ الأَيْمَنَ الأَيْمَنَ

അനസ് ബ്നു മാലിക്(റ) വില്‍ നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കൽ പാൽ കൊണ്ടുവരപ്പെട്ടു. അവിടുന്ന് ആ പാനീയത്തിൽ നിന്ന് കുടിച്ചു. നബി ﷺ യുടെ വലത് ഭാഗത്ത്   ഒരു ഗ്രാമീണനും ഇടത് ഭാഗത്ത്  അബൂബക്കറും  ആണുണ്ടായിരുന്നത്. അത് കുടിച്ച ശേഷം നബി ﷺ ഗ്രാമീണന് നൽകി. നബി ﷺ പറഞ്ഞു: വലത്, വലതിന് (മുൻഗണന). (ബുഖാരി:5619)

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم أُتِيَ بِشَرَابٍ، فَشَرِبَ مِنْهُ وَعَنْ يَمِينِهِ غُلاَمٌ وَعَنْ يَسَارِهِ الأَشْيَاخُ، فَقَالَ لِلْغُلاَمِ ‏ “‏ أَتَأْذَنُ لِي أَنْ أُعْطِيَ هَؤُلاَءِ ‏”‏‏.‏ فَقَالَ الْغُلاَمُ لاَ وَاللَّهِ يَا رَسُولَ اللَّهِ لاَ أُوثِرُ بِنَصِيبِي مِنْكَ أَحَدًا‏.‏ قَالَ فَتَلَّهُ رَسُولُ اللَّهِ صلى الله عليه وسلم فِي يَدِهِ‏.‏

സഹ്ൽ (റ) വില്‍ നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കൽ അൽപം പാനീയം കൊണ്ടു വന്നു. അവിടുന്ന് അതിൽ നിന്ന് അൽപം കുടിച്ചു. നബി ﷺ യുടെ വലത് ഭാഗത്ത് ഒരു കുട്ടിയും (ഇബ്നുഅബ്ബാസ്) ഇടത് വശത്ത് ഏതാനും വൃദ്ധന്മാരുമുണ്ടായിരുന്നു. നബി ﷺ കുട്ടിയോട് ചോദിച്ചു. ഇവർക്ക് (വൃദ്ധൻമാർക്ക്) നൽകാൻ നീ എന്നെ അനുവദിക്കുമോ? കുട്ടി പറഞ്ഞു: ഇല്ല, പ്രവാചകരേ! അങ്ങയിൽ നിന്ന് എനിക്ക് ലഭിക്കാനുള്ള ഓഹരിയിൽ ഞാൻ ആർക്കും മുൻഗണന നൽകുകയില്ല. അപ്പോൾ നബി ﷺ  കുട്ടിയുടെ കയ്യിൽ തന്നെ അതുവെച്ച് നൽകി. (ബുഖാരി:2451)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا لَبِسْتُمْ وَإِذَا تَوَضَّأْتُمْ فَابْدَءُوا بِأَيَامِنِكُمْ .‏

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി ﷺപറഞ്ഞു: നിങ്ങൾ വസ്ത്രം ധരിക്കുമ്പോഴും വുളൂ ചെയ്യുമ്പോഴും വലതു ഭാഗത്ത് നിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്‌:4141)

عَنْ عَائِشَةَ، قَالَتْ كُنَّا إِذَا أَصَابَتْ إِحْدَانَا جَنَابَةٌ، أَخَذَتْ بِيَدَيْهَا ثَلاَثًا فَوْقَ رَأْسِهَا، ثُمَّ تَأْخُذُ بِيَدِهَا عَلَى شِقِّهَا الأَيْمَنِ، وَبِيَدِهَا الأُخْرَى عَلَى شِقِّهَا الأَيْسَرِ‏.‏

ആയിശ(റ)വില്‍ നിന്ന് നിവേദനം: അവര്‍ പറയുന്നു: ഞങ്ങളില്‍ ജനാബത്തുണ്ടായാല്‍ രണ്ടുകൈകൊണ്ടും വെള്ളം കോരിയെടുത്തു മൂന്ന്പ്രാവശ്യം തലയില്‍ ഒഴിക്കും ശേഷം വെള്ളമെടുത്തു അവളുടെ വലതുഭാഗത്തും ഒഴുക്കും. (ബുഖാരി:277)

വലതിനെ മുന്തിക്കൽ ഐച്ഛികമെന്ന നിലയിൽ പ്രത്യേകം പഠിപ്പിക്കപ്പെട്ട സന്ദർഭങ്ങളിൽ ചിലത് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. മൂന്നാമതായി, വലതിനെ മുന്തിക്കൽ  പ്രത്യേകം പഠിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതുവായ ഏതൊരു പ്രവൃത്തിയിലും വലതിനെ മുന്തിക്കൽ പുണ്യകരമാണ്. അതിനുള്ള തെളിവ് കാണുക:

عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ‏.‏

ആയിശ(റ) വില്‍ നിന്ന് നിവേദനം:അവർ പറഞ്ഞു: നബി ﷺ ചെരുപ്പ് ധരിക്കുന്നതിലും, മുടി ചീകുന്നതിലും, ശുദ്ധീകരണത്തിലും, തൻ്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി : 168)

ഇമാം നവവി (റ) പറയുന്നു:   ആദരണീയവും അലംകൃതവുമായ കാര്യങ്ങളെല്ലാം വലതിനാൽ ആരംഭിക്കുകയെന്നതും, ഇതിന് വിപരീതമായവയിൽ ഇടതിനെ മുന്തിക്കുന്നതും, മതത്തിൽ തുടർന്നു പോരുന്ന പൊതുതത്വമാണ്.

ഉദാഹരണത്തിന്, കൈയ്യിലെ നഖം വെട്ടുമ്പോൾ വലത് കൈയ്യിനേയും കാലിലെ നഖം വെട്ടുമ്പോൾ വലത് കാലിനേയും മുന്തിക്കാവുന്നതാണ്. കാരണം നബി ﷺ പൊതുവെ, വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. നബി ﷺ വലതിനെ മുന്തിക്കൽ ഇഷ്ടപ്പെട്ടിരുന്നത്  وَفِي شَأْنِهِ كُلِّهِ (തൻ്റെ മുഴുവൻ കാര്യങ്ങളിലും) എന്നാണല്ലോ ആയിശ(റ) പറഞ്ഞത്. അതെ, നബി ﷺ പ്രത്യകം വിരോധിച്ചിട്ടില്ലാത്ത ഏതൊരു പ്രവൃത്തിയിലും വലതിനെ മുന്തിക്കൽ പുണ്യകരമാണ്.

നാലാമതായി, എന്നാൽ വലത് ഭാഗം കൊണ്ട് തുടങ്ങരുതെന്ന് പറഞ്ഞ് നബി ﷺ പ്രത്യകം വിരോധിച്ച സന്ദർഭങ്ങളിൽ വലതിനെ മുന്തിക്കരുത്. പ്രസ്തുത സന്ദർഭങ്ങളിൽ വലതിനെ മുന്തിക്കുന്നത് നബി ﷺ യുടെ കൽപ്പനക്ക് എതിര് പ്രവർത്തിക്കലാണ്. ഒരു ഉദാഹരണം കാണുക:

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِذَا تَنَخَّمَ أَحَدُكُمْ فَلاَ يَتَنَخَّمَنَّ قِبَلَ وَجْهِهِ وَلاَ عَنْ يَمِينِهِ، وَلْيَبْصُقْ عَنْ يَسَارِهِ أَوْ تَحْتَ قَدَمِهِ الْيُسْرَى ‏”‏‏.‏

നബി ﷺ പറഞ്ഞു:  നിങ്ങളില്‍ ആരെങ്കിലും തുപ്പിയാല്‍ തന്‍റെ മുഖത്തിന്‌ നേരെ തുപ്പരുത്‌. അതു പോലെ വലത് ഭാഗത്തേക്കും. എന്നാല്‍ ഇടത് ഭാഗത്തേക്കോ തന്‍റെ ഇടത് കാലിന്‍റെ ചുവട്ടിലേക്കോ തുപ്പട്ടെ. (ബുഖരി:409)

അഞ്ചാമതായി, നമ്മുടെ ദൈനംദിന ജീവിതത്തിലെ മിക്ക കാര്യങ്ങളും വലതിനെ മുന്തിക്കുന്നതായിരിക്കാം. എന്നാൽ അതിന് അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം ലഭിക്കണമെങ്കിൽ അത് അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചതാണെന്ന നിയ്യത്തോടെ പ്രതിഫലേച്ഛയോടെ ചെയ്യണം.

عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ്(റ)വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. (ബുഖാരി: 1 – മുസ്‌ലിം: 1907)

അതുകൊണ്ട് നല്ല നിയ്യത്തോടെ വലതിനെ മുന്തിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.(ആമീൻ)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *