മുഹമ്മദ് നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സുമുതല്‍ 23 വര്‍ഷക്കാലത്തെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമായി മലക്ക് ജിബ്‌രീല്‍ عليه السلام മുഖേന അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യസന്ദേശങ്ങളാണ് (വഹ്‌യ്) വിശുദ്ധ ക്വുര്‍ആന്‍.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്ഥാത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്ന; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുർആൻ:26/192-195)

‘ലൈലത്തുല്‍ ഖദ്൪’ എന്ന അനുഗൃഹീത രാത്രിയിലാണ് മുഹമ്മദ് നബിﷺക്ക് വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ളത്.

‏ إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ(ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.(ഖു൪ആന്‍:44/2)

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

‘ലൈലത്തുല്‍ ഖദ്൪’റമളാനിലാണ്.

شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. (ഖു൪ആന്‍:2/185)

വിശുദ്ധ ഖുര്‍ആൻ അവതരിക്കപ്പെട്ടത് റമളാനിൽ ആയതിനാൽ ഈ മാസം നോമ്പ് അനുഷ്ഠിക്കാൻ അല്ലാഹു കൽപ്പിക്കുന്നു. റമളാനും ഖുര്‍ആനും തമ്മിലും, റമളാനും നോമ്പും തമ്മിലും, ഖുര്‍ആനും നോമ്പും തമ്മിലുമുള്ള ബന്ധം ഇവിടെ വ്യക്തമാണ്. എന്നാൽ ‘റമളാൻ എന്നാൽ നോമ്പ്’ എന്നാണ് സമൂഹം കണക്കാക്കുന്നത്. ഖുര്‍ആനിലെ വേണ്ടതുപോലെ പരിഗണിക്കുന്നില്ല.

മാസങ്ങളിൽ വെച്ച് റമളാനിനെ അല്ലാഹു പുകഴ്ത്തിപ്പറയുന്നു. മഹത്തായ ഖുർആൻ അവതരിപ്പിക്കാൻ അല്ലാഹു തെരെഞ്ഞെടുത്ത മാസമാണ് റമദാൻ എന്നതാണ് കാരണം. ഈ പ്രത്യേകതയോടൊപ്പം, നബിമാർക്ക് അല്ലാഹുവിൻ്റെ കിതാബുകൾ അവതരിക്കാറുണ്ടായിരുന്നത് റമദാനിലായിരുന്നു എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. (ഇബ്നുകസീര്‍)

അല്ലാഹു വ്യക്തമാക്കിയതുപോലെ മനുഷ്യ വര്‍ഗത്തിന് മാര്‍ഗദര്‍ശനം നല്‍കുവാനും, സത്യാസത്യവിവേചനം നല്‍കുവാനും വേണ്ടി അവതരിച്ചതാണല്ലോ വിശുദ്ധ ഖുര്‍ആന്‍. ആ ദിവ്യഗ്രന്ഥം അവതരിച്ചത് ആ മാസത്തിലാണെന്ന നിലക്കും ക്വുര്‍ആന്‍റെ അവതരണ സ്മരണ നിലനിര്‍ത്തുവാന്‍ ഉതകുന്നതെന്ന നിലക്കും, ആ മാസത്തെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുകയാണ്. മറ്റുള്ള ദൈവിക ഗ്രന്ഥങ്ങളുടെ അവതരണവും ഇതേ മാസത്തില്‍ തന്നെ ആയിരുന്നുവെന്നും ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. ഏതായാലും, ക്വുര്‍ആന്‍ അവതരി ച്ച മാസത്തിലാണ് നോമ്പ് നിയമിക്കപ്പെട്ടതെന്നിരിക്കുമ്പോള്‍, ആ മാസത്തില്‍ ഖുര്‍ആന്‍ പാരായണത്തിനും, പഠനത്തിനും കൂടുതല്‍ പരിഗണന നല്‍കപ്പെടേതുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ഹദീഥുകള്‍ ഇതിന് പിന്‍ബലം നല്‍കുന്നുമുണ്ട്. എല്ലാ റമദാനിലും ജിബ്‌രീല്‍ عَلَيْهِ السَّلاَم നബി ﷺ യുടെ അടുക്കല്‍ വന്ന് ക്വുര്‍ആന്‍ പാഠം നോക്കാറു ണ്ടായിരുന്നുവെന്നും, അവസാനത്തെ റമദാനില്‍ അങ്ങനെ രണ്ട് പ്രാവശ്യം സംഭവിക്കു കയുണ്ടായെന്നും ഹദീഥില്‍ വന്നിട്ടുള്ളതും പ്രസിദ്ധമാണല്ലോ. (അമാനി തഫ്സീര്‍)

وَكَانَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ الْقُرْآنَ

ജിബ്രീല്‍ عَلَيْهِ السَّلاَم, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി :3554)

ചുരുക്കത്തിൽ റമദാൻ ഖുർആനിന്റെ മാസമാണ്. അഭേദ്യമായ ബന്ധമാണ് റമളാനും ഖുർആനും തമ്മിലുള്ളത്. ഖുർആൻ ധാരാളമായി പാരായണം ചെയ്യപ്പെടുകയും ഏറെ ശ്രവിക്കപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുന്ന മാസമാണ് റമളാൻ.

ഖു൪ആന്‍ അവതീ൪ണ്ണമായ മാസമെന്ന നിലയില്‍ ഖു൪ആനുനായി ഒരു പ്രത്യകബന്ധം വെച്ചുപുല൪ത്താന്‍ സ്വലഫുകള്‍ (മുന്‍ഗാമികള്‍) ശ്രദ്ധിച്ചിരുന്നു. ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ മറ്റു മാസങ്ങളില്ലാത്ത പരിശ്രമം റമളാനിൽ അവര്‍ കാണിച്ചിരുന്നു. ഇമാം മാലിക് رحمه الله റമളാന്‍ സമാഗതമായാല്‍ തന്റെ വിജ്ഞാന സദസ് മാറ്റി വെച്ച് ഖു൪ആന്‍ പാരായണത്തിന് ഒഴിഞ്ഞിരിക്കുമായിരുന്നു.

كان سفيان الثوري إذا دخل رمضان ترك جميع العبادة وأقبل على قراءة القرآن

സുഫ്യാനുസാരി رحمه الله റമളാൻ ആയാൽ മറ്റെല്ലാ ഇബാദത്തുകളും ഒഴിവാക്കി ഖുർആൻ പാരായണത്തിലേക്ക് തിരിയുമായിരുന്നു. (ലത്വാഇഫുൽ മആരിഫ്)

റമളാനായിക്കഴിഞ്ഞാൽ ഇമാം സുഹരി رحمه الله പറയുമായിരുന്നു:

فإنما هو تلاوة القرآن، وإطعام الطعام.

ഇത് (റമളാൻ) പ്രധാനമായും ഖുർആൻ പരായണവും ഭക്ഷണം കൊടുക്കലും മാത്രമാണ്. (ലത്വാഇഫുൽ മആരിഫ്)

ഇമാം ദഹബി رحمه الله പറയുന്നു : ഇമാം ബുഖാരി رحمه الله റമദാനിന്റെ എല്ലാ പകലിലും ഒരു പ്രാവശ്യം ഖുർആൻ ഓതിത്തീർക്കുമായിരുന്നു. തറാവീഹിന് ശേഷം നമസ്കരിച്ചു കൊണ്ട് ഓരോ മൂന്ന് ദിവസത്തിലും ഒരു പ്രാവശ്യം ഓതി തീർക്കുമായിരുന്നു. (سير أعلام النبلاء)

ഉസ്മാൻ رَضِيَ اللَّهُ عَنْهُ എല്ലാ ദിവസവും ഖുർആൻ ഒതിത്തീർക്കുമായിരുന്നു. ചിലർ മൂന്ന് ദിവസം കൊണ്ടും മറ്റു ചിലർ എല്ലാ എഴ് ദിവസം കൊണ്ടുമെല്ലാം ഒതി തീർക്കാറുണ്ടായിരുന്നു.

ഇബ്നു റജബ് رحمه الله പറഞ്ഞു: മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് ഖുർആൻ ഓതിത്തീർക്കുന്നത് റസൂൽﷺ വിരോധിച്ചിട്ടുണ്ട്. എന്നാൽ അത് സ്ഥിരമായി അപ്രകാരം ചെയ്യുന്നവരെ സംബന്ധിച്ചുള്ളതാണ്. എന്നാൽ റമദാൻ പോലെ ശ്രേഷ്ഠതയുള്ള സമയങ്ങളിലും പ്രത്യേകിച്ച് ലൈലതുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രികളിലും അതുപോലെ പവിത്രമാക്കപ്പെട്ട സ്ഥലങ്ങളിൽ വെച്ചും. ഉദാഹരണത്തിന് മക്കയിൽ(ഹറമുകളിൽ) പ്രവേശിക്കുന്നവനുമെല്ലാം ഖുർആൻ പാരായണം അധികരിപ്പിക്കുന്നത് മുസ്തഹബ്ബാണ്. (ലത്വാഇഫുൽ മആരിഫ്)

عن عبد الله بن عمرو أن رسول الله – صلى الله عليه وسلم – قال :الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ….. وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفْعْنِي فِيهِ. قَالَ فَيُشَفْعَانِ»

അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നോമ്പും ഖുർആനും അന്ത്യനാളിൽ ദാസനുവേണ്ടി ശഫാഅത്ത് പറയുന്നതാണ്…..ഖുർആൻ പറയും: ‘ഞാൻ രാത്രിയിൽ ഇയാളെ ഉറക്കിൽനിന്നും തടഞ്ഞു: അതിനാൽ ഇയാൾക്കുവേണ്ടിയുള്ള എന്റെ ശഫാഅത്ത് നീ സ്വീകരിക്കേണമേ.’ അങ്ങിനെ അവ രണ്ടിൻറേയും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നതാണ്. (അഹ്മദ്)

മദീനയിലെ പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ റുഹൈലി പറഞ്ഞു: ”മുന്‍ഗാമികള്‍ എങ്ങനെയാണ് ഒരു ദിവസത്തില്‍ തന്നെ അഞ്ചും ആറും ജുസ്അ് ഖുര്‍ആന്‍ ഓതിയിരുന്നത് എന്ന് നാം പലപ്പോഴും അത്ഭുതം കൂറാറുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ആ സംശയം മാറി. ഒരു കാര്യം ആളുകള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ അവര്‍ എത്ര സമയം വേണമെങ്കിലും ആ കാര്യത്തിനുവേണ്ടി ചെലവഴിക്കും എന്ന് സോഷ്യല്‍ മീഡിയ തെളിയിക്കുന്നു”.

നബി ﷺ യുടെ രാത്രി നമസ്കാരം വളരെ ദൈ൪ഘ്യമായിരുന്നു.  നബി ﷺ യുടെ രാത്രി നമസ്കാരത്തെ കുറിച്ച് ആയിശ رَضِيَ اللَّهُ عَنْها അബൂസലമ ബ്നു അബ്ദുറഹിമാൻ رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞത് ‘അതിന്റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല’ എന്നാണ്. നമസ്കാരത്തിലെ  ഖുര്‍ആൻ പാരായണത്തിന്റെ ദൈര്‍ഘ്യമാണ് ഇത് അറിയിക്കുന്നത്. നബിയുടെ ഈ മാതൃക സ്വീകരിച്ചുകൊണ്ട് സ്വഹാബികളും മുൻകഴിഞ്ഞ മഹാന്മാരുമെല്ലാം റമദാനിൽ നമസ്കാരത്തിലും ധാരാളമായി ഖുർആൻ പാരായണം ചെയ്യുമായിരുന്നു.

ചുരുക്കത്തിൽ, റമളാനിൽ ഖുര്‍ആനുമായി നല്ല ബന്ധം സ്ഥാപിക്കുക. അത് പാരായണം ചെയ്തുകൊണ്ടും, മനപ്പാഠമാക്കിയും ശ്രവിച്ചുകൊണ്ടും, അര്‍ത്ഥവും ആശയവും തജ്‍വീദ് നിയമങ്ങളും പഠിച്ചുകൊണ്ടും. അതുവഴി ഖുര്‍ആനിന്റെ അവതരണ ലക്ഷ്യമായ, അതിനെ കുറിച്ച് ഉറ്റാലോചിക്കുന്നതിനും അത് ജീവിതത്തിൽ നടപ്പാക്കുന്നതിനും പരിശ്രമിക്കുക.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *