മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാടുകളിലുണ്ട്. മരിച്ച വീട്ടിലും ഖബ്റിനടുത്തും അതല്ലാത്ത അവസരങ്ങളിലുമൊക്കെ ഈ രീതി കാണാറുണ്ട്. ആളുകള്‍ ഒറ്റക്കും കൂട്ടമായും ആളുകളെ കൂലിക്ക് നിശ്ചയിച്ചുമൊക്കെ ഇത് ചെയ്തു വരുന്നു. അപ്രകരാം ഖുർആൻ പാരായണം ചെയ്തശേഷം പ്രാ൪ത്ഥനയില്‍ “അല്ലാഹുമ്മ ഔസില്‍ മിസ്’ല സവാബ മാ ഖറഅ്നാഹു ഇലാ ഹള്റത്തി ……. ” (അല്ലാഹുവേ, ഞാന്‍ ഈ ഒതിയത് പോലെയുള്ളതിന്റെ പ്രതിഫലം ഇന്ന ആള്‍ക്കു എത്തിച്ചു കൊടുക്കണേ) എന്നിങ്ങനെ പറയുകയും ചെയ്യുന്നു.
മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അവ൪ക്കത് ലഭിക്കുമോയെന്ന വിഷയം സത്യവിശ്വാസികള്‍ ആത്മാ൪ത്ഥതയോടെ യാതൊരു മുന്‍വിധിയുമില്ലാതെ പഠിക്കേണ്ടതാണ്. മരിച്ചവര്‍ക്ക് വേണ്ടി ദുആ ചെയ്യാമെന്നും, സ്വദഖ ചെയ്യാമെന്നും ഖു൪ആന്‍ കൊണ്ടും സ്വഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട വിഷയമാണ്.
സ്വഹാബികള്‍ക്ക് ശേഷമുള്ള സത്യവിശ്വാസികളുടെ ഒരു പ്രാ൪ത്ഥന അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്തു കൊടുത്തിട്ടുണ്ട്.
وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:59/10)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ سَعْدَ بْنَ عُبَادَةَ ـ رضى الله عنه ـ تُوُفِّيَتْ أُمُّهُ وَهْوَ غَائِبٌ عَنْهَا، فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا، أَيَنْفَعُهَا شَىْءٌ إِنْ تَصَدَّقْتُ بِهِ عَنْهَا قَالَ “ نَعَمْ ”. قَالَ فَإِنِّي أُشْهِدُكَ أَنَّ حَائِطِي الْمِخْرَافَ صَدَقَةٌ عَلَيْهَا.
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: സഅ്ദുബിന്‍ ഉബാദിന്റെ(റ) ഉമ്മ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മരണപ്പെട്ടു. അദ്ദേഹം നബിയോട്(സ്വ) ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ ഉമ്മ എന്റെ അസാന്നിദ്ധ്യത്തില്‍ മരണപ്പെട്ടു. ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്കത് പ്രയോജനപ്പെടുമോ?’ നബി(സ്വ) പറഞ്ഞു: ‘അതെ , ലഭിക്കും.’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അങ്ങയെ സാക്ഷി ആക്കി അല്‍ മഖ്റഫ് എന്ന് പേരുള്ള എന്റെ തോട്ടം ഞാനിതാ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുന്നു’. (ബുഖാരി:2756)
മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കാമെന്നും സ്വദഖ നല്‍കാമന്നും ഇതില്‍ നിന്നും വ്യക്തമാണ്. അതേപോലെ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ഖു൪ആന്‍ പാരായണം ചെയ്ത് ഹദ്‌യ ചെയ്യണമെങ്കില്‍ അതിനും ഇതേപോലെ ഖു൪ആനിലോ സുന്നത്തിലോ തെളിവ് ലഭിക്കേണ്ടതുണ്ട്. കാരണം ദീനില്‍ ഒരു കാര്യം പുണ്യകര്‍മ്മാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമുണ്ടാകണം. എന്നാല്‍ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി ഖു൪ആന്‍ പാരായണം ചെയ്ത് ഹദ്‌യ ചെയ്യാമെന്നുള്ള തെളിവുകള്‍ ഖു൪ആനിലോ സുന്നത്തിലോ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അതവ൪ക്ക് ലഭിക്കുകയില്ല. അപ്രകാരം ചെയ്യല്‍ ബിദ്അത്താണ്. കാരണം അല്ലാഹുവോ അവന്റെ റസൂലോ(സ്വ) ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹാബികളുടെ കാലത്ത് ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് മതത്തിലുണ്ടായ ഒരു നിര്‍മ്മിത കാര്യമാണിത്.
وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى
മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല. (ഖു൪ആന്‍: 53/39)
ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ലഭിക്കാനുള്ള കാരണം അവൻ ചെയ്തു കൂട്ടിയ അമലുകളാണെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:
وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا
ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ് ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക് ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന് തെളിവാക്കുന്നത്. കാരണം അത് പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട് തന്നെയാണ് ഈ കാര്യം നബി(സ്വ) പ്രേരിപ്പിക്കാതിരുന്നത്. വ്യക്തമായോ സൂചനയായിട്ട് പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ് അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)
മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവ൪ക്ക് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത്. മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇബ്‌നു കസീര്‍(റഹി) ഇവിടെ രേഖപ്പെടുത്തി. ഇതേ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:
എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈയുടെ(റ) പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു. തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു: ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫിഈയും (റ) അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى – തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ – എന്ന അല്ലാഹുവിന്റെ വചനവും, إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ – ‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണവ’ – എന്ന നബിയുടെ (സ്വ) തിരുവചനങ്ങളുമാണ് .(ശറഹ് മുസ്‌ലിം: 1/90)
ഒരാൾക്ക് മരണാനന്തരം തന്റേതല്ലാത്ത കർമങ്ങളിൽ നിന്ന് ഒന്നും ലഭിക്കുകയില്ലെന്ന ഖുർആനിന്റെ വിധിയിൽ നിന്ന് വല്ലതും ഒഴിവുണ്ടെങ്കിൽ അത് അല്ലാഹുവോ അവന്റെ റസൂലോ (സ്വ) പഠിപ്പിക്കണം. അങ്ങനെ ലഭിക്കുന്ന ചിലത് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് മരിച്ചവ൪ക്ക് വേണ്ടി ദുആ ചെയ്യുന്നതും സ്വദഖ ചെയ്യുന്നതും. ഖുർആൻ പാരായണം അതിൽ പെട്ടതാണെന്ന് അല്ലാഹുവോ അവന്റെ റസൂലോ (സ്വ) പഠിപ്പിച്ചിട്ടില്ല.
മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അത് അവ൪ക്ക് കിട്ടുകയില്ലെന്നതില്‍ ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി) എന്നിവ൪ ഏകോപിച്ചിട്ടുണ്ട്.
എങ്കിലും മയ്യിത്തിന് കൂലി ലഭിക്കുമെന്നതില്‍ നിന്ന് നമസ്കാരം, ഖു൪ആന്‍ പാരായണം, മുതലായ തനി ശാരീരിക ഇബാദത്തിനെ മാലിക് ഇമാമും ശാഫിഈ ഇമാമും ഒഴിവാക്കിയിട്ടുണ്ട്. (റദ്ദുല്‍മുഹ്താ൪:1/131)
മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി എഴുപതിനായിരം ദിക്റുകള്‍ ചൊല്ലി ഹദ്‌യ ചെയ്യുന്നതിന്റേയും വിധി ഇതുതന്നെയാണ്. അതിന്റെ പ്രയോജനം മരണപ്പെട്ടവ൪ക്ക് ലഭിക്കുകയില്ല.
ഇമാം നവവി(റഹി) പറയുന്നു: ഖു൪ആന്‍ ഓതി അതിന്റെ കൂലി മയ്യിത്തിന് നല്‍കിയാലും ആ മയ്യിത്ത് നമസ്കരിച്ചു വീട്ടാനുള്ള നമസ്കാരം മറ്റ് വല്ലവരും നി൪വ്വഹിച്ചാലും അതുപോലെ മറ്റെന്തെങ്കിലും ചെയ്താലും അതിന്റെ കൂലി മയ്യിത്തിന് ലഭിക്കുകയില്ലെന്നാണ് ശാഫിഈ(റ) ഇമാമിന്റേയും ഭൂരിപക്ഷത്തിന്റേയും മദ്ഹബ്. (ശറഹ് മുസ്ലിം:6/96)
മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്താല്‍ അതവ൪ക്ക് എത്തുമെന്ന് പറയുന്നവ൪ക്ക് യാതൊരു പ്രമാണവും അവലംബിക്കാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസാണ് അവ൪ക്ക് തെളിവ്. ഇക്കാര്യത്തിന് ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്ന ഇബ്‌നു കസീറിന്റെ(റഹി) അഭിപ്രായം നാം മനസ്സിലാക്കി. ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യാമെന്ന പറയുന്നവ൪ പോലും അതിന് വേണ്ടി കൂലിക്ക് ആളെ വിളിക്കുന്നത് അംഗീകരിക്കുന്നില്ല. നമ്മുടെ നാടുകളിലാണെങ്കിലോ ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യുന്നതിന് ആളെ നിശ്ചയിച്ച് അത് ചെയ്യിക്കുകയും കൂലി നല്‍കുകയും ചെയ്യുന്നു.
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ഖുര്‍ആന്‍ ഓതി ദാനം ചെയ്‌താല്‍ മരിച്ചവര്‍ക്ക് അതിന്റെ പുണ്യം കിട്ടുമെന്നു പറയുന്ന പണ്ഡിതന്മാര്‍ പോലും ഖുര്‍ആന്‍ പാരായണത്തിനുവേണ്ടി അന്യരെ കൂലിക്കു വിളിച്ചാല്‍ ശരിയാവുകയില്ലെന്ന അഭിപ്രായത്തിന്നാണ് പിന്‍ബലം നല്‍കുന്നത്. മാത്രമല്ല, ഖുര്‍ആന്‍ ഓതിയതിന്റെ പ്രതിഫലം (കൂലി) അതു ഓതിയ ആള്‍ക്കുതന്നെയാണ് ലഭിക്കുക എന്നും, ‘അവന്‍ ഓതിയതു പോലെയുള്ള തിന്റെ പ്രതിഫലം’ മാത്രമാണ് മരണപ്പെട്ട ആള്‍ക്കു ലഭിക്കുക എന്നും, ആകയാല്‍ ഓതുന്ന ആള്‍ ‘അല്ലാഹുവേ, ഞാന്‍ ഈ ഒതിയതുപോലെയുള്ളതിന്റെ പ്രതിഫലം ഇന്ന ആള്‍ക്കു എത്തിച്ചു കൊടുക്കണേ’ ( أللهم اوصل مثل ثواب ما قرأته) എന്നു പ്രാര്‍ത്ഥിക്കെണ്ടതുണ്ട് എന്നും അവര്‍ പറയുന്നു. അപ്പോള്‍, യാതൊന്നും, ഓതാതെത്തന്നെ ‘അല്ലാഹുവേ, ഒരു യാസീന്‍ ഓതിയാലുണ്ടാകുന്ന പ്രതിഫലം ഇന്ന ആള്‍ക്കു എത്തിക്കണേ’ എന്നു പറഞ്ഞാലും മതിയാവുകയില്ലേ? ആലോചിച്ചു നോക്കുക. ഇതൊന്നും ആലോചിക്കാതെയാണ് നമ്മുടെ രാജ്യങ്ങളില്‍ പലരും ഈ വിഷയത്തില്‍ ധനം അവ്യയം ചെയ്തുവരുന്നത്. അതെ ധനം ഇത്തരം കലര്‍പ്പു കൂടാത്ത പരിശുദ്ധമായ ദാനധര്‍മ്മങ്ങളില്‍ വിനിയോഗിക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നാന്നായേനെ. അത് അവര്‍ക്കും, മരണപ്പെട്ടവര്‍ക്കും ഉപകരിക്കുമായിരുന്നു. (അമാനി തഫ്സീ൪ : ഖു൪ആന്‍: 53/39 ന്റെ വിശദീകരണത്തില്‍ നിന്ന്)
kanzululoom.com