വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും

മാനവരാശിക്ക് മാർഗ ദർശനമായി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ അറബി ഭാഷയിലാണ് അവതീർണമായിട്ടുള്ളത്.

وَكَذَٰلِكَ أَنزَلْنَٰهُ قُرْءَانًا عَرَبِيًّا وَصَرَّفْنَا فِيهِ مِنَ ٱلْوَعِيدِ لَعَلَّهُمْ يَتَّقُونَ أَوْ يُحْدِثُ لَهُمْ ذِكْرًا

അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി. (ഖുര്‍ആൻ:20/113)

നബി ﷺ തിരുമേനി അറബിയായിരുന്നതുകൊണ്ടും, അവിടുന്ന് ആദ്യമായി അഭിമുഖീകരിക്കുന്നതു അറബികളെയായതുകൊണ്ടും ഖുര്‍ആന്‍ അറബിഭാഷയിലായിത്തീര്‍ന്നു. അറബിയില്‍ അല്ലാതിരിക്കുകയോ, സുഗ്രാഹ്യമല്ലാത്ത ഒരു ശൈലിയില്‍ ആയിരിക്കുകയോ ചെയ്തിരുന്നുവെങ്കില്‍, അതിന്റെ പ്രബോധനം നിര്‍വ്വഹിക്കുക വിഷമമായിരിക്കുമല്ലോ. ആ നിലക്ക് ഇസ്ലാമിന്റെ മതഭാഷയും, സാംസ്കാരികഭാഷയും ആയിരിക്കുവാന്‍ അറബി ഭാഷയേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള മറ്റൊന്നും ഇല്ലതന്നെ. സാഹിത്യവശത്തു നോക്കിയാലും, ആ ഭാഷ പ്രാധാന്യമര്‍ഹിക്കുന്നു. ഖുര്‍ആന്റെ സന്ദേശം ലോകത്തിനു ആകമാനമായതുകൊണ്ട് അതു മറ്റൊരു ഭാഷയിലായിരിക്കണമെന്നുവെക്കുന്നപക്ഷം, ആ ഭാഷ ഏതായിരിക്കണം: ഈ പ്രശ്നത്തിനു പരിഹാരം കാണുക സാദ്ധ്യമല്ല. അതേ സമയത്തു ഖുര്‍ആന്റെ സന്ദേശങ്ങള്‍ക്കു പ്രചാരം സിദ്ധിച്ച നാടുകളിലെല്ലാം അറബിഭാഷക്കു പ്രചാരമുണ്ടായിത്തീരുകയും ചെയ്തിട്ടുണ്ട്. അത്രയുമല്ല, എത്രയോ നാടുകള്‍ അവയുടെ സ്വന്തം ഭാഷ തന്നെ വിസ്മരിച്ച് അറബിഭാഷ മാതൃഭാഷയായി സ്വീകരിക്കുക കൂടി ചെയ്ത ചരിത്രങ്ങള്‍ പ്രസിദ്ധമാണ്.

ഖുര്‍ആന്‍ അറബി ഭാഷയിലാണെങ്കിലും, അതിന്റെ സ്വഭാവം മറ്റുള്ള അറബി ഗ്രന്ഥങ്ങളെപ്പോലെയല്ല. അതിന്റെ ശൈലിയും, വിവരണരീതിയും ഒന്നു വേറെത്തന്നെയാണ്‌. മനുഷ്യഹൃദയത്തെ തട്ടിയുണര്‍ത്തുവാനുള്ള അതിന്റെ കഴിവ് അനിതരസാധാരണമത്രെ. അതിന്റെ ഭാഷയും, അതിന്റെ സാഹിത്യവും പരിചയമുള്ളവര്‍ക്കേ അതിന്റെ സവിശേഷത ആസ്വദിക്കുവാന്‍ കഴിയൂ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 20/113 ന്റെ വിശദീകരണം)

قال إبن القيم – رحمه الله : وانما يعرف فضل القرآن من عرف كلام العرب.

ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: തീർച്ചയായും ഖുർആനിന്റെ (യഥാർത്ഥ) മഹത്വം മനസ്സിലാകുന്നത്, അറബി ഭാഷ അറിയുന്നവനാണ്. (الفوائد المشوق الى علوم القرآن ص٧)

إِنَّا جَعَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ

തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ക്വുര്‍ആന്‍ ആക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. (ഖുര്‍ആൻ:43/3)

വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായിട്ട് 14 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞുപോയ ഈ ദീര്‍ഘമായ കാലഘട്ടത്തിനിടയില്‍ ഈ ഭാഷക്കുണ്ടായ വളര്‍ച്ചയും വികാസവും ചെറുതല്ല.

ക്വുര്‍ആനിന്റെ ഭാഷാസാഹിത്യത്തെയും പ്രതിപാദന രീതിയെയും വെല്ലുവിളിക്കുന്ന രൂപത്തില്‍ ഒരു രചന നടത്തുവാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ഭാഷയില്‍ ആദ്യമായി ഒരു ഗ്രന്ഥമുണ്ടാകുകയും നൂറാണ്ടുകള്‍ പിന്നിട്ടതിനുശേഷം ആ ഭാഷയുടെ വളര്‍ച്ചയും പുരോഗതിയുമെല്ലാം ആദ്യത്തെ ഗ്രന്ഥത്തിനു താഴെ നിലകൊള്ളുകയും ചെയ്യുക എന്നത് സംഭവ്യമാകുന്നത് അതിന്റെ ദൈവികതയ്ക്കുള്ള തെളിവാണെന്നതില്‍ സംശയമില്ല.

തിരുത്തപ്പെടേണ്ടതായി തോന്നുന്ന ഒരൊറ്റ വാക്ക് പോലും ക്വുര്‍ആനില്‍ കാണുന്നില്ലെന്നതും അതിന്റെ ദൈവികത വിളിച്ചറിയിക്കുന്നു. ഒരു നൂറ്റാണ്ടുകാലം മുഴുവന്‍ തിരുത്ത് ആവശ്യമാകാത്തവിധം നിലനിന്നിട്ടുള്ള ഒരു ശാസ്ത്രിയ വിജ്ഞാന ഗ്രന്ഥമോ തത്ത്വചിന്തയോ ദര്‍ശനമോ ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ വ്യത്യസ്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ക്വുര്‍ആനില്‍ ഏതെങ്കിലും വിഷയത്തില്‍ തെറ്റു സംഭവിച്ചതായും തിരുത്തപ്പെടേണ്ടതായും ഒന്നും കാണുവാന്‍ സാധ്യമല്ല. ഒരു ഭാഷയില്‍ രചിക്കപ്പെപ്പെട്ട ഗ്രന്ഥം കേവലം അര നൂറ്റാണ്ടു കഴിഞ്ഞു പരിശോധിച്ചാല്‍ തന്നെ ഒട്ടേറെ വ്യത്യാസം കാണുവാന്‍ സാധിക്കും. പഴയ മലയാള ഗ്രന്ഥങ്ങളിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കുക; വായിക്കുവാന്‍ വളരെ പ്രയാസകരമായിരിക്കുമത്. മലയാളമാണെങ്കിലും അതിലെ ഒട്ടുമിക്ക പദങ്ങളുടെയും അര്‍ഥമറിയാതെ നാം ബുദ്ധിമുട്ടും. എന്നാല്‍ ക്വുര്‍ആനിന് ഈ അവസ്ഥ കാണുവാന്‍ സാധ്യമല്ല. അത് എല്ലാവിധത്തിലും പൂര്‍ണതയുള്ള ഗ്രന്ഥമാണ്.

ക്വുര്‍ആന്‍ അവതരിച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞശേഷമാണ് അറബി ഭാഷക്ക് വ്യാകരണമെഴുതാന്‍ ശ്രമമുണ്ടായത്. വ്യാകരണനിയമ ഗ്രന്ഥമെഴുതിയവര്‍ ക്വുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പുള്ള കാര്യങ്ങളാണ് വ്യാകരണ നിയമങ്ങള്‍ക്ക് അടിസ്ഥാനമാക്കിയതെങ്കിലും ആ നിയമങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണങ്ങള്‍ ക്വുര്‍ആനാണെന്ന് അവരെല്ലാവരും വ്യക്തമാക്കിയിട്ടുണ്ട്.

അറബി സാഹിത്യകാരന്മാരുടെ കൃതികളില്‍ പ്രാസത്തിനു സാഹസപ്പെട്ടിട്ടുള്ളവര്‍ ആ സാഹസം നിമിത്തം ഭാഷയില്‍ സര്‍വസാധാരണമല്ലാത്ത പദപ്രയോഗം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുകയും അതുമൂലം ആശയം വ്യക്തമാകാതെ പോകുകയും ചെയ്തതിന്ന് വളരെ ഉദാഹരണങ്ങളുണ്ട്. ക്വുര്‍ആനാകട്ടെ പ്രാസത്തിനുവേണ്ടി സാഹസപ്പെട്ടിട്ടില്ല. എന്നാല്‍ അതില്‍ അതിന്റെതായ ഒരു പ്രാസമുണ്ട്. എത്ര തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാരായണം ചെയ്താലും മതിവരാത്ത ആസ്വാദനമാണ് അത് പ്രദാനം ചെയ്യുന്നത്.

وَإِنَّهُۥ لَتَنزِيلُ رَبِّ ٱلْعَٰلَمِينَ ‎﴿١٩٢﴾‏ نَزَلَ بِهِ ٱلرُّوحُ ٱلْأَمِينُ ‎﴿١٩٣﴾‏ عَلَىٰ قَلْبِكَ لِتَكُونَ مِنَ ٱلْمُنذِرِينَ ‎﴿١٩٤﴾‏ بِلِسَانٍ عَرَبِىٍّ مُّبِينٍ ‎﴿١٩٥﴾

തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു; നിന്റെ ഹൃദയത്തില്‍. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്‌പഷ്‌ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്). (ഖുര്‍ആന്‍: 26/192-195)

എല്ലാ ഭാഷകളുമെന്നപോലെ അറബിഭാഷയും കാലാന്തരത്തില്‍ – ഭാഷണരീതി, രചനാശൈലി, സാഹിത്യപ്രയോഗം ആദിയായവയില്‍ – പല മാറ്റങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാകുന്നു. എന്നാല്‍, ഖുര്‍ആന്‍റെ ഭാഷാശൈലിയാകട്ടെ – അന്നും, ഇന്നും – പുതുമയോടും, നവചൈതന്യത്തോടും കൂടി അതേ സ്പഷ്ടമായ രൂപത്തില്‍ തന്നെ അവശേഷിക്കുന്നു. എന്നും അങ്ങിനെത്തന്നെ നിലനില്‍ക്കുകയും ചെയ്യും.  (അമാനി തഫ്സീ൪ – ഖു൪ആന്‍ : 26/195 ന്റെ വിശദീകരണം)

فَإِنَّمَا يَسَّرْنَٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ

നിനക്ക് നിന്‍റെ ഭാഷയില്‍ ഇതിനെ (ഖുര്‍ആനിനെ) നാം ലളിതമാക്കിത്തന്നിട്ടുള്ളത് അവര്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടി മാത്രമാകുന്നു. (ഖുര്‍ആന്‍: 44/58)

സർവ ഭാഷകളിലും ഏറ്റവും വ്യക്തതയുള്ളതും മഹത്ത്വമേറിയതുമായ നിന്റെ ഭാഷയിൽ നാം അതിനെ ലളിതമാക്കി. അതിന്റെ വാക്കുകളും ആശയങ്ങളും അങ്ങനെ ലളിതമായി. (തഫ്സീറുസ്സഅ്ദി)

وَمِن قَبْلِهِۦ كِتَٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَٰذَا كِتَٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ

മാതൃകായോഗ്യമായിക്കൊണ്ടും കാരുണ്യമായിക്കൊണ്ടും ഇതിനു മുമ്പ് മൂസായുടെ ഗ്രന്ഥം വന്നിട്ടുണ്ട്‌. ഇത് (അതിനെ) സത്യപ്പെടുത്തുന്ന അറബിഭാഷയിലുള്ള ഒരു ഗ്രന്ഥമാകുന്നു. അക്രമം ചെയ്തവര്‍ക്ക് താക്കീത് നല്‍കുവാന്‍ വേണ്ടിയും, സദ്‌വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത ആയിക്കൊണ്ടും. (ഖുര്‍ആന്‍: 46/12)

എളുപ്പത്തിൽ ഗ്രഹിക്കാനും ചിന്തിക്കാനും സൗകര്യപ്രദമായി അറബി ഭാഷയിൽ അല്ലാഹു അതിനെ ആക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *