ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കുന്നതും

നമ്മുടെ നാടുകളില്‍ മഹാന്‍മാരാണെന്ന് പറയുന്ന പലരുടെയും ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചതായും കാണാവുന്നതാണ്. എന്നിട്ട് അവിടേക്ക് ആളുകളെ ആഗ്രഹ സഫലീകരണത്തിനും കാര്യസാധ്യത്തിനും വേണ്ടി പൌരോഹിത്യം ക്ഷണിച്ചു കൊണ്ടിരിക്കുന്നു. പൌരോഹിത്യത്തിന്റെ കെണിയില്‍ പെട്ട സാധാരണക്കാ൪ സിയാറത്തിനാണെന്ന പേരില്‍ അവിടെ വരികയും മരണപ്പെട്ടവരോട് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു. യഥാ൪ത്ഥത്തില്‍ ഇങ്ങനെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുന്നതിനും അതിന്‍മേല്‍ കെട്ടിടം നി൪മ്മിക്കുന്നതിനും ഇസ്ലാമില്‍ എന്തെങ്കിലും തെളിവുണ്ടോ? അതിന്റെ വിധിയെന്താണ് ?

ഖബ്റുകൾ കെട്ടിപ്പൊക്കല്‍

ഖബ്റുകൾ കെട്ടിപ്പൊക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്‌?

മുസ്‌ലിമിന്റെ ഖബ്റിന്റെ പരമാവധി ഉയരം ഒരു ചാൺ ആണെന്ന്‌ നബി(സ്വ) നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല ഖബർ കെട്ടി ഉയർത്തുന്നത്‌ നിരോധിക്കുകയും ചെയ്തിരിക്കുന്നു.

ഖബ്റിൽ നിന്ന് എടുത്തതിലധികം മണ്ണ് കൂടുതൽ ഇടുന്നതുവരെ വിലക്കപ്പെട്ടതാണ്.

عَنْ جَابِرٍ، قَالَ ‏:‏ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يُبْنَى عَلَى الْقَبْرِ، أَوْ يُزَادَ عَلَيْهِ، أَوْ يُجَصَّصَ ‏.‏

ജാബിറില്‍(റ) നിന്നും നിവേദനം: ഖബ്റുകളിൻമേൽ എടുപ്പുണ്ടാക്കുന്നതും, അതിൽ വർദ്ധിപ്പിക്കുന്നതും, അതിൽ കുമ്മായം ഇടുന്നതും,  നബി(സ്വ) നിരോധിച്ചു. (നസാഇ:2027)

عَنْ جَابِرٍ، قَالَ نَهَى النَّبِيُّ صلى الله عليه وسلم أَنْ تُجَصَّصَ الْقُبُورُ وَأَنْ يُكْتَبَ عَلَيْهَا وَأَنْ يُبْنَى عَلَيْهَا وَأَنْ تُوطَأَ ‏.‏

ജാബിറില്‍(റ) നിന്നും നിവേദനം: ഖബ്റുകൾ കുമ്മായം ഇടുന്നതും അതിന്മേൽ എഴുതുന്നതും റസൂൽ ﷺ വിലക്കി. (തിർമിദി: 1052)

ഖബറുകൾ കെട്ടിപ്പൊക്കുന്ന വിഷയത്തിൽ സ്വഹാബത്തിന്റെ വീക്ഷണം

عَنْ ثُمَامَةَ بْنَ، شُفَىٍّ قَالَ كُنَّا مَعَ فَضَالَةَ بْنِ عُبَيْدٍ بِأَرْضِ الرُّومِ بِرُودِسَ فَتُوُفِّيَ صَاحِبٌ لَنَا فَأَمَرَ فَضَالَةُ بْنُ عُبَيْدٍ بِقَبْرِهِ فَسُوِّيَ ثُمَّ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَأْمُرُ بِتَسْوِيَتِهَا

ഫുളാലത്തുബിൻ ഉബൈദ്(റ) സംഘത്തലവനായി റോമിലെ പ്രദേശത്തുണ്ടായിരിക്കെ അവരുടെ യാത്രാസംഘത്തിലെ ഒരാൾ മരണപ്പെട്ടു. ആ മയ്യിത്ത് മറവു ചെയ്തപ്പോൾ ഉത്തമ തലമുറയിൽ പെട്ട ആ വ്യക്തിയുടെ ഖബർ കെട്ടി ഉയർത്തിയില്ല. അദ്ദേഹം പറഞ്ഞു: നബി(സ്വ) ഖബ്ർ പരത്താൻ നിർദ്ദേശിക്കുന്നത്‌ ഞാൻ കേട്ടിരുന്നു. (മുസ്‌ലിം:968)

മാത്രവുമല്ല, കെട്ടി ഉയർത്തിയ ഖബറുകൾ തട്ടി നിരത്തണമെന്ന പ്രവാചക നിർദേശം അവർ പരസ്പരം പകർന്നു നൽകുകയും പകർത്തുകയും ചെയ്തു.

നിശ്ചയം ഉസ്മാനു ബ്നു അഫാന്‍(റ) ഖബ്൪ നിരപ്പാക്കാന്‍ കല്‍പ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: എന്നാല്‍ ഭൂമിയില്‍ നിന്ന് അല്‍പ്പം ഉയ൪ന്ന് നില്‍ക്കണം…… അങ്ങനെ അവ൪ ഉമറിന്റെയും(റ) ഉമ്മയുടെയും(റ) ഉസ്മാന്റെ(റ) മകളുടെയും അടുത്ത് കൂടി കടന്നുപോയി. അദ്ദേഹം അവയെ കുറിച്ച് കല്‍പ്പിക്കുകയും അങ്ങനെ അവ നിരപ്പാക്കപ്പെടുകയും ചെയ്തു. (മുസ്വന്നഫ് അബ്ദുറസാഖ്‌ :6489)

عَنْ أَبِي، الْهَيَّاجِ الأَسَدِيِّ قَالَ قَالَ لِي عَلِيُّ بْنُ أَبِي طَالِبٍ أَلاَّ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللَّهِ صلى الله عليه وسلم أَنْ لاَ تَدَعَ تِمْثَالاً إِلاَّ طَمَسْتَهُ وَلاَ قَبْرًا مُشْرِفًا إِلاَّ سَوَّيْتَهُ

അബുൽ ഹയ്യാജില്‍ അസദിയ്യിൽ(റ) നിന്ന്‌ നിവേദനം: അലിയ്യിബ്നു അബൂത്വാലിബ്(റ) എന്നോട്‌ പറഞ്ഞു: നബി(സ്വ) എന്നെ നിയോഗിച്ച അതേ സംഗതികൾക്ക് വേണ്ടി നിന്നെ ഞാൻ നിയോഗിക്കുന്നു. ഒരു വിഗ്രഹവും നീ നശിപ്പിക്കാതെ ഒഴിച്ചിടരുത്‌. കെട്ടി ഉയർത്തപ്പെട്ട ഒരു ഖബ്റും നിരപ്പാക്കാതെയും വിടരുത്‌” (മുസ്‌ലിം:969)

قَالَ ثُمَامَةَ بْنَ، شُفَىٍّ : كُنَّا مَعَ فَضَالَةَ بْنِ عُبَيْدٍ بِأَرْضِ الرُّومِ بِرُودِسَ فَتُوُفِّيَ صَاحِبٌ لَنَا فَأَمَرَ فَضَالَةُ بْنُ عُبَيْدٍ بِقَبْرِهِ فَسُوِّيَ ثُمَّ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَأْمُرُ بِتَسْوِيَتِهَا ‏.‏

സുമാമത്ത് ബ്നു ശുഫയ്യ്(റ) പറഞ്ഞു:ഞങ്ങൾ റോമിലെ റൂദിസിൽ ഫളാലത്ത് ബ്നു ഉബൈദ് (റ)വിൻ്റെ അടുക്കലായിരുന്നു. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ മരണപ്പെട്ടു. അപ്പോൾ അദ്ദേഹത്തിൻ്റെ ഖബ്ർ നിരപ്പാക്കാൻ ഫളാലത്ത് ബ്നു ഉബൈദ്(റ) കൽപിക്കുകയും, അങ്ങനെ നിരപ്പാക്കുകയും ചെയ്തു. എന്നിട്ടദ്ദേഹം പറഞ്ഞു: റസൂൽ ﷺ ഖബ്ർ നിരപ്പാക്കാൻ കൽപ്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. (മുസ്‌ലിം:968)

എന്നാൽ കെട്ടിപൊക്കരുതെന്ന്‌ പറഞ്ഞ നബി വചനങ്ങൾ കാഫിറുകളുടെ (അവിശ്വാസികൾ) ഖബ്റിനെക്കുറിച്ചാണ്‌ എന്ന്‌ ചിലർ ദുർവ്യാഖ്യാനിക്കാറുണ്ട്‌. എന്നാല്‍ സത്യവിശ്വാസിയുടേതെന്നോ അവിശ്വാസിയുടേതെന്നോ വ്യത്യസമില്ലാതെ എല്ലാ ഖബ്റുകളും നിരപ്പാക്കാനാണ് നബിയുടെ(സ്വ) നി൪ദ്ദേശമെന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. മറ്റൊരു റിപ്പോ൪ട്ടില്‍ നിന്നും ഇത് കൂടുതല്‍ വ്യക്തമാണ്.

عَنْ أَبِي وَائِلٍ قَالَ : قَالَ عَلِيٌّ لِأَبِي هَيَّاجٍ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَدَعْ قَبْرًا مُشْرِفًا إِلَّا سَوَّيْتَهُ ، يَعْنِي قُبُورَ الْمُسْلِمِينَ وَلَا تِمْثَالًا فِي بَيْتٍ إِلَّا طَمَسْتَهُ

അബൂ വാ‌ഇലിൽ(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: അലി, അബൂ ഹയ്യാജിനോട് ഇപ്രകാരം പറഞ്ഞു: നബി(സ്വ) എന്നെ നിയോഗിച്ച അതേ സംഗതിക്കു വേണ്ടി നിന്നെ ഞാൻ നിയോഗിക്കുന്നു. കെട്ടി ഉയർത്തപ്പെട്ട ഒരു ഖബറും നീ നിരപ്പാക്കാതെ വിടരുത്‌. മുസ്‌ലിംകളുടെ ഖബറുകൾ ഉദ്ദേശിച്ചാണ്‌ അദ്ദേഹം അപ്രകാരം പറഞ്ഞത്‌. വീട്ടിലുള്ള ഒരു വിഗ്രഹവും നശിപ്പിക്കാതെയും വിടരുത്‌. (മുസ്വന്നഫ് അബ്ദുറസാഖ്‌)

ഉമറുബ്നു അബ്ദിൽ അസീസ് -رَحِمَـﮧُ اللَّـﮧُ- ഖബ്റിന്മേൽ ഇഷ്ടികകൊണ്ട് കെട്ടി ഉയർത്തുന്നത് വിലക്കുകയും, തൻ്റെ ഖബ്റിന്മേൽ അങ്ങനെ ചെയ്യരുതെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇബ്രാഹിം അന്നഖഈ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “ഖബ്റിന്മേൽ ഇഷ്ടിക വെക്കുന്നതിനെ അവർ (മുൻഗാമികൾ) വെറുക്കാറുണ്ടായിരുന്നു “

ഖബ്൪ കെട്ടി ഉയ൪ത്തുന്നതില്‍ ശാഫീ മദ്ഹബിന്റെ നിലപാട്

( قَالَ الشَّافِعِيُّ ) : وَيُسَطَّحُ الْقَبْرُ ، وَكَذَلِكَ بَلَغَنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ سَطَّحَ قَبْرَ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصًى مِنْ حَصَى الرَّوْضَةِ } ، وَأَخْبَرَنَا إبْرَاهِيمُ بْنُ مُحَمَّدٍ عَنْ جَعْفَرِ بْنِ مُحَمَّدٍعَنْ أَبِيهِ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَشَّ عَلَى قَبْرِ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصْبَاءَ } ، وَالْحَصْبَاءُ لَا تَثْبُتُ إلَّا عَلَى قَبْرٍ مُسَطَّحٍ ، وَقَالَ بَعْضُ النَّاسِ : يُسَنَّمُ الْقَبْرُ ، وَمَقْبَرَةُ الْمُهَاجِرِينَ ، وَالْأَنْصَارِ عِنْدَنَا مُسَطَّحٌ قُبُورُهَا ، وَيُشْخَصُ مِنْ الْأَرْضِ نَحْوٌ مِنْ شِبْرٍ ، وَيَجْعَلُ عَلَيْهَا الْبَطْحَاءَ مَرَّةً وَمَرَّةً تُطَيَّنُ ، وَلَا أَحْسِبُ هَذَا مِنْ الْأُمُورِ الَّتِي يَنْبَغِي أَنْ يَنْقُلَ فِيهَا أَحَدٌ عَلَيْنَا ، وَقَدْ بَلَغَنِي عَنْ الْقَاسِمِ بْنِ مُحَمَّدٍ قَالَ : رَأَيْت قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبِي بَكْرٍ ، وَعُمَرَ مُسَطَّحَةً

ഇമാം ശാഫിഈ (റഹി) പ്രസ്താവിക്കുന്നു:ഖബറിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ഖബര്‍ പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതിനു മുകളില്‍ ചരല്‍ വെച്ചുവെന്ന വിവരം ഇബ്‌റാഹീം (ഹദീസ് ഉദ്ധരിക്കുന്ന ആള്‍) എന്നോട് പറഞ്ഞു. മുകള്‍ ഭാഗം പരന്ന ഖബറിന്‍മേല്‍ അല്ലാതെ ചരല്‍ (ഉരുണ്ടു) വീഴാതെ നില കൊള്ളുകയില്ലല്ലോ.

ചിലര്‍ പറയുന്നത് ഖബര്‍ കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബറുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ഖബറുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ് പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ( الأم للشافعي » كتاب الجنائز » باب الخلاف في إدخال الميت القبر )

ഇമാം ശാഫി (റ) പറഞ്ഞു : “ഖബര്‍ ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ ഉയര്‍ത്തണം .അതിനേക്കാള്‍ കൂടുതല്‍ ഉയരാതിരിക്കാന്‍ ഖബറിന് വേണ്ടി കുഴിച്ചെടുത്ത മണ്ണല്ലാതെ മറ്റു മണ്ണ് ഖബറിലേക്ക് മടക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല “( مختصر المزني – كِتَابُ الْجَنَائِزِ – بَابُ عَدَدِ الْكَفَنِ وَكَيْفَ الْحَنُوطُ )

ഇമാം നവവി‌ؒ(റഹി) പ്രസ്താവിക്കുന്നു:

فِيهِ أَنَّ السُّنَّةَ أَنَّ الْقَبْرَ لَا يُرْفَعُ عَلَى الْأَرْضِ رَفْعًا كَثِيرًا وَلَا يُسَنَّمُ بَلْ يُرْفَعُ نَحْوَ شِبْرٍ وَيُسَطَّحُ ، وَهَذَا مَذْهَبُ الشَّافِعِيِّ وَمَنْ وَافَقَهُ

നിശ്ചയം, നബിയുടെ(സ്വ) ചര്യയനുസരിച്ച്‌ ഖബ്ർ ഭൂമിയിൽ നിന്നും അധികം ഉയർത്താൻ പാടില്ല. മുകൾ ഭാഗം കൂർപ്പിക്കാനും പാടില്ല. ഒരു ചാൺ ഉയർത്തിയതിന് ശേഷം പരത്തണം. ഇമാം ശാഫിയുടേയും അദ്ദേഹത്തോട്‌ യോജിക്കുന്നവരുടേയും അഭിപ്രായം ഇതാണ്‌. (ശറഹ്‌ മുസ്‌ലിം: 4/42)

ശൈഖ്‌ അബ്ദുൽ ഖാദിർ ജീലാനി‌ؒ(റഹി) പ്രസ്താവി ക്കുന്നു:

ويُرْفَعَ الْقَبْرُ عَنْ الْأَرْضِ قَدْرَ شِبْرٍ

ഖബ്ർ ഭൂമിയിൽ നിന്നും ഒരു ചാൺ മാത്രമേ ഉയർത്തപ്പെടാവൂ. (ഗുൻയ: 2/139)

ശൈഖ് സ്വാലിഹ് ആലുശൈഖ് حفظه الله പറഞ്ഞു : സ്വാലിഹീങ്ങളുടെ ഖബറുകളെ മറ്റുളളവരുടെ ഖബറുകളിൽ നിന്ന് വേർതിരിച്ചു മനസ്സിലാക്കാത്തക്ക വിധത്തിൽ വ്യതിരിക്തമാക്കുന്നതിനു അല്ലാഹുവിനെ തൊട്ടോ അവന്റെ പ്രവാചകനെ തൊട്ടോ യാതൊരു തെളിവും വന്നിട്ടില്ല , പകരം തെളിവുകളിൽ വന്നിട്ടുള്ളത് എല്ലാവരുടെയും ഖബറുകൾ -അവയുടെ പ്രത്യക്ഷ വിശേഷണങ്ങളിൽ- സാമ്യപ്പെടുത്തൽ നിർബന്ധമാണെന്നാണ് , സ്വാലിഹ് ആയ വ്യക്തിയുടെ ഖബറും മോശക്കാരനായ ഒരുവന്റെ ഖബറും തമ്മിൽ (അവയുടെ പ്രത്യക്ഷ വിശേഷണങ്ങളിൽ) വേർതിരിക്കുവാൻ പാടുള്ളതല്ല. (التمهيد شرح كتاب التوحيد)

നബിയുടെ(സ്വ) ഖബ്ർ ഉയർത്തി കെട്ടിയിട്ടുണ്ടോ?

നബിയുടെ(സ്വ) ഖബ്ർ ഉയർത്തി കെട്ടിയിട്ടുണ്ടല്ലോയെന്ന് പറഞ്ഞ് ചില൪ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇത്‌ ശുദ്ധ കളവും പ്രമാണങ്ങൾ കൊണ്ട്‌ സ്ഥാപിക്കാൻ കഴിയാത്തതുമാണ്‌. കാരണം നബിയുടെ(സ്വ) ഖബർ ഉയർത്തപ്പെട്ടത്‌ ഒരു ചാൺ മാത്രമായിരുന്നു.

عَنْ جَابِرٍ : قَالَ : وَرُفِعَ قَبْرُهُ مِنَ الْأَرْضِ نَحْوًا مِنْ شِبْرٍ وَجَدْتُهُ .

ജാബിറില്‍(റ) നിന്നും നിവേദനം: നബിയുടെ(സ്വ) ഖബ്ർ ഭൂമിയിൽ നിന്നും ഏകദേശം ഒരു ചാൺ ഉയർത്തപ്പെട്ടതായിട്ടാണ്‌ ഞാൻ കണ്ടത്‌. (ബൈഹഖി / സുനനുല്‍ കുബ്റാ: 6835 / ഖബ്൪ കൂടുതല്‍ ഉയരം വരാതിരിക്കാന്‍ അതിന്റെ മണ്ണിനേക്കാള്‍ അധികം പാടില്ല എന്ന അദ്ധ്യായം – ഇബ്നു ഹിബ്ബാന്‍:2160,6635)

ആയിശയുടെ(റ) അരികിൽ വന്ന്‌ ‘എനിക്ക്‌ പ്രവാചകന്റേയും(സ്വ) അദ്ദേഹത്തിന്റെ രണ്ട്‌ കൂട്ടുകാരുടെയും ഖബ്ർ ഒന്നു കാണിച്ചു തരുമോ?’ എന്ന്‌ കാസിം ബിൻ മുഹമ്മദ്‌(റ) ‌ؓചോദിച്ചപ്പോൾ ആയിശ(റ) അദ്ദേഹത്തിന്‌ കാണിച്ചുകൊടുത്ത അവസ്ഥ വിശദീകരിക്കുമ്പോൾ മണ്ണിൽ നിന്നും ഒരുചാൺ മാത്രം ഉയർന്നു നിൽക്കുന്ന ഖബറുകളെ കുറിച്ചാണ്‌ പറഞ്ഞിട്ടുള്ളത്. നബിയുടെ(സ്വ) ഖബ്ർ കെട്ടി ഉയർത്തിയിട്ടില്ലെന്ന്‌ വ്യക്തം.

عَنِ الْقَاسِمِ، قَالَ دَخَلْتُ عَلَى عَائِشَةَ فَقُلْتُ يَا أُمَّهْ اكْشِفِي لِي عَنْ قَبْرِ النَّبِيِّ صلى الله عليه وسلم وَصَاحِبَيْهِ رضى الله عنهما فَكَشَفَتْ لِي عَنْ ثَلاَثَةِ قُبُورٍ لاَ مُشْرِفَةٍ وَلاَ لاَطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ

ഖാസിം (റ) വിൽ നിന്നും നിവേദനം: ഞാൻ ഒരിക്കൽ ആയിശ(റ) യുടെ അടുത്തുചെന്നു ഇപ്രകാരം പറഞ്ഞു: പ്രിയപ്പെട്ട ഉമ്മാ, റസൂൽ തിരുമേനി (ﷺ) യുടേയും അവിടെത്തെ രണ്ടു അനുചരന്മാരുടേയും (അബൂബക്കർ(റ), ഉമ്മർ(റ) എന്നിവരുടെ) ഖബറുകൾ എനിക്ക് കാണിച്ചു തരൂ. അപ്പോൾ അവർ മറനീക്കി ആ ഖബറുകൾ എനിക്ക് കാണിച്ചു തന്നു. അവ ഉയർത്തപ്പെട്ടിട്ടില്ല.. ഭൂമിയോടൊപ്പം നിരപ്പാക്കിയിട്ടുമില്ലാത്ത സ്ഥിതിയിൽ ചുകന്ന ചിരൽ പൊടിയിട്ട് പരന്നു കിടക്കുന്നതായാണ് ഞാൻ കണ്ടത്. (അബൂദാവൂദ് : 3220)

നബിയുടെ (ﷺ) ഖബറിനോട് പ്രാർത്ഥിക്കപ്പെടാതിരിക്കാൻ നബിയുടെ പ്രാർത്ഥന:

عَنْ عَطَاءِ بْنِ يَسَارٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: اللَّهُمَّ لاَ تَجْعَلْ قَبْرِي وَثَنًا يُعْبَدُ اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ

ആത്വ ഇബ്നു യാസർ(റ) വിൽ നിന്നും നിവേദനം: നബി (ﷺ) പറഞ്ഞു: അല്ലാഹുവേ എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു ബിംബമാകരുതേ. തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകൾ പള്ളികളാക്കിയവരുടെ മേൽ അല്ലാഹുവിന്റെ കോപം കഠിനമാകുന്നു. (മാലിക് 9:419)

ഖബ്റുകളില്‍മേല്‍ കെട്ടിടം നി൪മ്മിക്കുന്നത്

ഖബ്റുകളില്‍മേല്‍ കെട്ടിടം നി൪മ്മിക്കുന്നതിനെയും അത് ആരാധനാ കേന്ദ്രമാക്കുന്നതും ഇസ്ലാം വിരോധിച്ചു.

عَنْ جَابِرٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ يُجَصَّصَ الْقَبْرُ وَأَنْ يُقْعَدَ عَلَيْهِ وَأَنْ يُبْنَى عَلَيْهِ

ജാബിറില്‍(റ) നിന്നും നിവേദനം: ഖബ്റുകൾ കുമ്മായമിടുക. അതിന്മേൽ ഇരിക്കുക. അതിന്മേൽ എടുപ്പുണ്ടാക്കുക എന്നിവ നബി(സ്വ) നിരോധിച്ചു.(മുസ്‌ലിം:970)

ഹി. 456 ൽ മരണപ്പെട്ട ഇബ്നു ഹസം -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

ولا يحل أن يبنى على القبر، ولا أن يجصص، ولا أن يزاد على ترابه شيء، ويهدم كل ذلك

ഖബ്റിന്മേൽ കെട്ടി ഉയർത്തലും, കുമ്മായം തേക്കലും, ഖബ്ർ മൂടുമ്പോൾ അതിൽ നിന്ന് എടുത്ത മണ്ണിനേക്കാൾ വർദ്ധിപ്പിക്കലും അനുവദനീയമല്ല. അങ്ങനെയെല്ലാം നിർമിക്കപ്പെട്ടത് തകർക്കപ്പെടേണ്ടതാകുന്നു.المحلى【٣/٣٥٦】

ഖബ്റിൻമേൽ എടുപ്പുണ്ടാക്കുന്നതിൽ ശാഫിഈ മദ്‌ഹബിന്റെ നിലപാട്

ഖബറുകള്‍ ഭൂമിയില്‍ നിന്ന് ഒരു ചാണിലധികം ഉയര്‍ത്തുകയോ അതിനുമുകളില്‍ എന്തെങ്കിലും കെട്ടിയുണ്ടാക്കുകയോ കുമ്മായം പൂശുകയോ പാടില്ല എന്നതാണ് ഇസ്ലാമിക അധ്യാപനം . ശാഫി മദ്ഹബും ഇത് തന്നെയാണ് പഠിപ്പിക്കുന്നത് .ഇതേ കാര്യം ശാഫിഈ ഇമാം തന്നെ പറയുന്നത് കാണുക

وَأُحِبُّ أَنْ لَا يُزَادَ فِي الْقَبْرِ تُرَابٌ مِنْ غَيْرِهِ وَلَيْسَ بِأَنْ يَكُونَ فِيهِ تُرَابٌ مِنْ غَيْرِهِ بَأْسٌ إذًا إذَا زِيدَ فِيهِ تُرَابٌ مِنْ غَيْرِهِ ارْتَفَعَ جِدًّا ، وَإِنَّمَا أُحِبُّ أَنْ يُشَخِّصَ عَلَى وَجْهِ الْأَرْضِ شِبْرًا أَوْ نَحْوَهُ وَأُحِبُّ أَنْ لَا يُبْنَى ، وَلَا يُجَصَّصَ فَإِنَّ ذَلِكَ يُشْبِهُ الزِّينَةَ وَالْخُيَلَاءَ ، وَلَيْسَ الْمَوْتُ مَوْضِعَ وَاحِدٍ مِنْهُمَا ، وَلَمْ أَرَ قُبُورَ الْمُهَاجِرِينَ وَالْأَنْصَارِ مُجَصَّصَةً ( قَالَ الرَّاوِي ) : عَنْ طَاوُسٍ : { إنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى أَنْ تُبْنَى الْقُبُورُ أَوْ تُجَصَّصَ } ( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَمَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ

മറ്റ് മണ്ണ് അവിടെ ഖബറിന്‍മേല്‍ ചേര്‍ക്കാതിരിക്കലാണ് എനിക്കിഷ്ടം. വേറെ മണ്ണ് അതില്‍ ചേര്‍ന്നാല്‍, മറ്റു കുഴപ്പമുണ്ടാകുന്നത് കൊണ്ടല്ല ഞാനങ്ങനെ പറയുന്നത്. ഖബറിന്റെ ഉയരം കൂടിപ്പോകുമോ എന്ന കാരണമാണ് വേറെ മണ്ണ് ചേര്‍ക്കരുത് എന്ന് പറയാന്‍ കാരണം. ഒരു ചാണോ അതിനടുത്തോ ഖബര്‍ ഉയര്‍ത്താനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഖബറിന്‍മേല്‍ എടുപ്പുണ്ടാക്കുന്നതോ തേപ്പ് നടത്തുന്നതോ എനിക്കിഷ്ടമല്ല. അങ്ങനെ ചെയ്യുന്നത് അലങ്കാരത്തിനോ അഹങ്കാരത്തിനോ ആണല്ലോ ഉപകരിക്കുക. മരണമെന്നത് അതിനൊന്നുമല്ലല്ലോ. മുഹാജിറുകളുടെയോ അന്‍സ്വാറുകളുടെയോ ഖബറുകള്‍ തേപ്പ് നടത്തിയിരുന്നതായി ഞാന്‍ അറിയുന്നില്ല.”ത്വാവൂസ് (റ) ല്‍ നിന്ന് നിവേദനം : ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.” ഇമാം ശാഫി വീണ്ടും പറയുന്നു :”മക്കയിലെ ഭരണാധികാരികള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപ്പെട്ടവയെല്ലാം തകര്‍ത്തുകളയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. ഫുഖ്‌ഹാക്കള്‍ ആരും തന്നെ അതിനെ എതിര്‍ക്കുന്നതായി ഞാന്‍ കണ്ടില്ല “( الأم للشافعي » كتاب الجنائز » باب الدفن » باب ما يكون بعد الدفن )

ഇബ്‌നു ഹജറുൽ ഹൈതമി(റഹി) രേഖപ്പെടുത്തുന്നു:

وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ.

കെട്ടിപ്പൊക്കിയ ഖബ്റുകളും അതിൻമേലുള്ള ഖുബ്ബകളും പൊളിച്ചു നീക്കാൻ ധൃതികാണിക്കൽ നിർബന്ധമാണ്‌. എന്തു കൊണ്ടെന്നാൽ അത്‌ മസ്ജിദു ളിറാറിനെക്കാൾ (കപട വിശ്വാസികളുടെ പള്ളി) അപകടം പിടിച്ചതാണ്‌. ഇത്തരം ജാറങ്ങളും ഖുബ്ബകളും നിർമ്മിക്കപ്പെട്ടത്‌ നബിയുടെ(സ്വ) കൽപന ധിക്കരിച്ചു കൊണ്ടാണ്‌. നബി(സ്വ) അത്‌ നിരോധിച്ചിരിക്കുന്നു. ഉയർത്തപ്പെട്ട ഖബ്റുകൾ പൊളിക്കാൻ നബി(സ്വ) കല്പിച്ചിട്ടുമുണ്ട്. ഖബ്റിനു മീതെയുള്ള വിളക്കുകളും മറ്റും നീക്കം ചെയ്യൽ നിർബന്ധമാണ്. അവ നേർച്ചയാക്കലും വഖഫ് ചെയ്യലും സ്വീകര്യവുമല്ല. (അസ്സവാജിർ: 1/149)

ഇമാം ശാഫിഈയെ(റഹി) ഉദ്ധരിച്ചുകൊണ്ട് ഇമാം നവവി(റഹി) രേഖപ്പെത്തുന്നു: ഖബ്റിന്‍ മേല്‍ എടുപ്പു പണിയുന്നത് നിര്‍മാതാവിന്‍റെ സ്വന്തം ഉടമസ്ഥതയിലാങ്കില്‍ അവിഹിതമാണ്.പൊതു സ്ഥലത്തെങ്കിലോ ഹറാമും.ഇങ്ങനെ ശാഫിഈയും ശിഷ്യന്‍മാരും നസ്സ്വായി(ഖണ്ഡിതമായി) പ്രസ്താവിച്ചിരിക്കുന്നു.മക്കയിലെ ഇമാമുകള്‍ ഖബ്റുകളിന്‍മേലുള്ള എടുപ്പുകള്‍ പൊളിച്ചു നീക്കാന്‍ ഓര്‍ഡര്‍ കൊടുക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു.പൊക്കമുള്ള ഒരു ഖബ്റുംനിരപ്പാക്കാതെ വിടരുതെന്ന നബിവചനം ഇതിലേക്ക് ഉപോദ്ബലകമത്രെ.(ശറഹുമുസ്ലിം: വാല്യം-3,പേജ്-38 )

മറ്റ് മദ്‌ഹബുകളുടെ നിലപാട്

ഇമാം അബൂഹനീഫ(റ)പറഞ്ഞു :പുരയോ ഖുബ്ബയോ അതു പോലുള്ളതോ ആയി ഖബ്റിന്‍മേല്‍ നിര്‍മിക്കുന്ന ഏതെടുപ്പും അവിഹിത മെത്രേ. അവയെല്ലാം നബി(സ്വ)വിരോധിച്ചിരിക്കുന്നുവെന്ന് ജാബിര്‍(റ)റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ.അതുതന്നെതെളിവ്. (ശാമി വാ.1,പേ.937)

അല്ലാമ കാസാനി(റ) പറഞ്ഞു :ഖബ്റിന്‍മേല്‍ പുരകെട്ടലും അതിന് അടയാള മിടലും ഇമാം അബൂഹനീഫയും,അതിന്‍മേല്‍ എഴുതുന്നത് ഇമാം അബൂയൂസുഫും വെറുത്തിട്ടുണ്ട്.(അല്‍ബദാഇഉസ്സനാഇഅ് : വാ.1,പേ.320)

ഇമാം മാലികില്‍(റ) രേഖപ്പെടുത്തുന്നു: ഖബ്ര്‍ കുമ്മായ മിടുന്നതും അതിന്‍മേല്‍ പുരകെട്ടുന്നതും എടുത്തുണ്ടാക്കുന്ന കല്‍ക്കുടീരവും ഞാന്‍ വെറുക്കുന്നു. സുഹ്’നൂന്‍ പറയുന്നുഃഖബ്റിനെ സമ നിരപ്പാക്കുന്നതിനെ സംബന്ധിച്ചുവന്ന ‘അസറു’കളാണിത് അതില്‍ ക്കൂടുതലായി കെട്ടിട മുണ്ടാക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും? (വാ.1,പേ.170)
ഹനഫീ മദ്ഹബിലെ പ്രഗല്ഭമതിയായ ശാമി രേഖ പെടുത്തുന്നുഃഖബ്റിന്‍ മേല്‍ കെട്ടിടം നിര്‍മിക്കല്‍ അനുവദനീയമെന്ന പക്ഷത്തെ അംഗീകരിച്ച ഒരാളെയും ഞാന്‍ കണ്ടിറ്റില്ല. (ശാമി.വാ.1,പേ.937)

ഖബ്റുകള്‍ ഒരു ചാണില്‍ കുടുതല്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് പ്രവാചക കല്പന. അത് ആരുടേതായാലും, എത്ര വലിയ മഹാന്റേതായാലും. അതുപോലെ വിലക്കപ്പെട്ടതാണ്‌ ഖബ്റിന്റെ മുകളില്‍ കെട്ടിടം നി൪മ്മിക്കുന്നതും.

നബിയുടെ ഖബ്റിന് മുകളിലുള്ള പച്ചഖുബ്ബ

ഖബ്റിന് മുകളില്‍ എടുപ്പുണ്ടാക്കാന്‍ പുരോഹിതന്‍മാ൪ നബിയുടെ ഖബ്റിന് മുകളിലുള്ള പച്ചഖുബ്ബ ചൂണ്ടിക്കാട്ടി തെളിവാക്കാറണ്ട്. ഈ പച്ചഖുബ്ബ ആരാണ് നി൪മ്മിച്ചത്? സ്വഹാബികളാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. നബിയുടെ കൂടെ ജീവിച്ച നബിയുടെ(സ്വ) ഓരോ സുന്നത്തും ജീവിതത്തില്‍ പക൪ത്തിയ സ്വഹാബത്തിന്റെ വീക്ഷണം മുകളിൽ വിവരിച്ചു. ആ സ്വഹാബത്ത്‌ നബിക്ക്(സ്വ) ഒരുക്കിയ ഖബ്റിന്റെ ഉയരവും വിശദീകരിക്കപ്പെട്ടു. നബിയുടെ ഖബ്൪ ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ ഉയ൪ത്തിയെന്നതല്ലാതെ സ്വഹാബത്ത്‌ അതിന് മുകളില്‍ എടുപ്പുണ്ടാക്കുകയോ പച്ചഖുബ്ബ നി൪മ്മിക്കുകയോ ചെയ്തിട്ടില്ല. എങ്കില്‍ പിന്നെ നബിയുടെ ഖബ്റിന് മുകളിലുള്ള പച്ചഖുബ്ബ നി൪മ്മിച്ചതാരാണ്?

ഖബ്റിന് മുകളില്‍ എടുപ്പുണ്ടാക്കാന്‍ നബിയുടെ ഖബ്റിന് മുകളിലുള്ള പച്ചഖുബ്ബ തെളിവാക്കുന്നവ൪ തന്നെ എഴുതുന്നത്‌ കാണുക.

‘ഹിജ്‌റ 678ൽ മൻസൂർ രാജാവിന്റെ കാലത്താണ്‌ സുപ്രസിദ്ധമായ ഈ ഖുബ്ബ നിർമിക്കപ്പെട്ടത്‌.’ (സുന്നത്ത്‌ മാസിക: 2007 മാർച്ച്‌ 13)

‘ഹിജ്‌റ്‌ 678ൽ ഖല്ലാഊൻ സ്വാലിഹി ചെമ്പിന്റെ വലയോടൊപ്പം ഖബ്റിന്‌ മുകളിൽ പച്ചഖുബ്ബ നിർമിച്ചു. അത്‌ ഇന്നും അതേപടി നിലകൊള്ളുന്നു.’(മദീന ശരീഫ്‌ : പേ. 61, എസ്‌.വൈ.എസ്‌. ബുക്സ്‌)

നബിക്ക്‌ ശേഷം 600 കൊല്ലം കഴിഞ്ഞാണ്‌ പച്ചഖുബ്ബ ഉണ്ടായതെന്നർത്ഥം. അതായത് നബി(സ്വ) പ്രത്യേകം പരാ൪മ൪ശിച്ച ഉത്തമ തലമുറകള്‍ക്കും ശേഷം.
ശിര്‍ക്ക് കടന്നുവരാന്‍വളരെകുടുതല്‍ സാധ്യതയുള്ള ഒരു വഴിയാണ് ഖബ്റുകളുമായി ബന്ധപ്പെട്ടുള്ളത്‌. ഒരു സത്യവിശ്വാസിയുടെ ഇബാദത്തുകള്‍ ഖബ്റുകളുമായി സമ്മേളിക്കാനുള്ള ഒരവസരവും ഇസ്‌ലാം നിലനിര്‍ത്തി‍യിട്ടില്ലെന്ന് മാത്രമല്ല അതില്‍‌ നിന്ന് വിലക്കുകയും ചെയ്തു.

عَنْ أَبِي مَرْثَدٍ الْغَنَوِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَجْلِسُوا عَلَى الْقُبُورِ وَلاَ تُصَلُّوا إِلَيْهَا

അബൂ മ൪സദ് അല്‍ അനവിയ്യില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഖബ്റുകള്‍ക്ക് മേല്‍ ഇരിക്കരുത്. അതിലേക്ക് തിരിഞ്ഞ് നമസ്കരിക്കുകയും ചെയ്യരുത്. (മുസ്ലിം: 972)

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു:”ഇസ്‌ലാം ദീനില്‍ പള്ളിയും ഖബ്റും ഒരുമിച്ചു ചേരുകയില്ല. ഇതിലേതാണോരണ്ടാമതുണ്ടായത് അത് നീക്കപ്പെടണം. ആദ്യമുണ്ടായതിനെ നിലനിര്‍ത്തണം. ഇനി അത് രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും അനുവദനീയമല്ല. അത് നിലനിര്‍ത്താന്‍ പറ്റുകയുമില്ല. നബിയുടെ(സ്വ) വിലക്കുള്ളതിനാല്‍ ഈ പള്ളിയില്‍ വെച്ച് നമസ്കാരം നിര്‍വഹിക്കാനും പാടുള്ളതല്ല. അല്ലാഹു നബിമാരിലൂടെ നിയോഗിച്ച ഇസ്‌ലാം ദീന്‍ ഇതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അന്യമായിക്കഴിഞ്ഞിട്ടുണ്ട്. (സാദുല്‍ മആദ്)

മഹാന്‍മാരുടെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തുകയും അതിന്‍മേല്‍ കെട്ടിടം നി൪മ്മിച്ചും ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നത് ജൂതക്രൈസ്തവരുടെ സമ്പ്രദായമാണ്.

عَنْ جُنْدَبٌ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم قَبْلَ أَنْ يَمُوتَ بِخَمْسٍ وَهُوَ يَقُولُ ‏ ………. أَلاَ وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلاَ فَلاَ تَتَّخِذُوا الْقُبُورَ مَسَاجِدَ إِنِّي أَنْهَاكُمْ عَنْ ذَلِكَ ‏‏

ജുന്‍ദുബില്‍(റ) നിന്നും നിവേദനം: നബി(സ്വ) വഫാത്താകുന്നതിന് അഞ്ച് ദിവസം മുമ്പ് ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: …………….. നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവ൪ അവരിലെ നബിമാരുടേയും സ്വാലിഹീങ്ങളുടേയും ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക: നിങ്ങള്‍ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കരുത്. ഞാന്‍ നിങ്ങളോട് അത് തടയുന്നു.(മുസ്ലിം :532)

ജൂതക്രൈസ്തവരുടെ ഈ പ്രവൃത്തി കൊണ്ടുമാത്രം അവ൪ അല്ലാഹുവിന്റെ ശാപത്തിന് അ൪ഹരാവുകയും ഖിയാമത്ത് നാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായ കൂട്ടരാകുകയും ചെയ്തു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു യഹൂദരെ ശപിക്കട്ടെ, അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. (ബുഖാരി:437 – മുസ്ലിം :530)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ ‏ “‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَوْ خُشِيَ أَنَّ يُتَّخَذَ مَسْجِدًا‏ي

ആയിശയില്‍(റ) നിന്നും നിവേദനം: അവ൪ പറയുന്നു: : നബി(സ്വ) വഫാത്തായ രോഗത്തില്‍ അവിടുന്ന് പറഞ്ഞു: ജൂത നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവ൪ തങ്ങളുടെടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. ആയിശ(റ) പറഞ്ഞു: അതല്ലായിരുന്നുവെങ്കില്‍ നബിയുടെ(സ്വ) ഖബ്൪ (ആളുകള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബ്൪ മസ്ജിദാക്കുമോയെന്ന് ഭയപ്പെട്ടു. (ബുഖാരി:1390 – മുസ്ലിം :529)

عَنْ عَائِشَةَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ صلى الله عليه وسلم فَقَالَ: إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ‏

ആയിശയില്‍(റ) നിന്നും നിവേദനം: അബിസീനിയയില്‍ തങ്ങള്‍ കണ്ട ചില കനീസകളെ (ക്രൈസ്തവരുടെ ആരാധനാലയങ്ങളെ) കുറിച്ചും അവിടുത്തെ ചിത്രപ്പണികളെ കുറിച്ചും ഉമ്മുഹബീബയും ഉമ്മുസലമയും നബിയുടെ(സ്വ) അടുക്കല്‍ വെച്ച് സംസാരിച്ചു. തദവസരത്തില്‍ നബി(സ്വ) പറഞ്ഞു: അവ൪ അവരുടെ കൂട്ടത്തില്‍ ഏതെങ്കിലും സ്വാലിഹായ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ഖബ്റിന് മീതെ ആരാധനാലയം നി൪മ്മിക്കുകയും അവിടെ ചിത്രപ്പണികള്‍ ചെയ്തു വെക്കുകയും ചെയ്യും. ഖിയാമത്ത് നാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായ കൂട്ടരാണവ൪. (ബുഖാരി:427)

ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കിയെന്നാല്‍ ഖബ്റുകളുടെ മേല്‍ ആരാധനാലയം നി൪മ്മിച്ചുവെന്നോ ഖബ്റുകള്‍ക്ക് സമീപം ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിച്ചുവെന്നോ ആണ്.

നബി(സ്വ) അവിടുത്തെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ പ്രാധാന്യത്തോടെ അത് അറിയിച്ചതുതന്നെ മുസ്ലിം സമൂഹം അതില്‍ നിന്ന് വിട്ട് നില്‍ക്കാനാണ്.

عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ ‏ “‏ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ يُحَذِّرُ مَا صَنَعُوا‏

ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബിക്ക്(സ്വ) മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി(സ്വ) പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി(സ്വ) തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)

എന്റെ റൗള സ്വർഗ പൂങ്കാവനങ്ങളിൽ ഒന്നാണെന്ന്‌ നബി(സ്വ) പറഞ്ഞിട്ടില്ലേ?

റൗള സ്വർഗ പൂങ്കാവനങ്ങളിൽ ഒന്നാണെന്ന്‌ നബി(സ്വ) പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നബിയുടെ(സ്വ) ഖബ്റിന്റെ അടുത്ത് ആരാധനകള്‍ നി൪വ്വഹിക്കാമെന്നും അതുകൊണ്ടുതന്നെ മഹാന്‍മാരുടെ ഖബ്റുകള്‍ കെട്ടി ഉയ൪ത്തി അതിന്റെ മുകളില്‍ എടുപ്പുണ്ടാക്കാമെന്ന് ചില൪ പ്രചരിപ്പിക്കാറുണ്ട്.

നബി(സ്വ) പറഞ്ഞ ‘റൗള’ അവിടുന്ന് പള്ളി നിർമിച്ചതു മുതൽ നിലവിലുള്ളതാണ്‌. അഥവാ, ഇവിടെ പ്രസ്താവിക്കപ്പെട്ട ‘റൗള’ കൊണ്ടുദ്ദേശം ചിലർ പ്രചരിപ്പിക്കുന്നത്‌ പോലെ നബിയുടെ(സ്വ) ഖബ്ർ അല്ല. ഹദീസില്‍ നിന്നും അത്‌ കൂടുതല്‍ വ്യക്തമാകും.

عَنْ عَبْدِ اللَّهِ بْنِ زَيْدٍ الْمَازِنِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ

അബൂഹുറൈറ‌ؓയിൽ(റ) നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ഭവനത്തിന്റെയും എന്റെ മിമ്പറിന്റെയും ഇടയ്ക്കുള്ള സ്ഥലം സ്വർഗ പൂങ്കാവനങ്ങളിൽ പെട്ട ഒരു പൂങ്കാവനമാണ്‌. (ബുഖാരി:1195)

നബിയുടെ വീടിന്റേയും (ഇപ്പോൾ ഖബ്ർ സ്ഥിതിചെയ്യുന്നസ്ഥലം) മിമ്പറിന്റേയും ഇടക്കുള്ള സ്ഥലത്തെ റൌള എന്നാണ് നബി(സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്. അവിടെ വെച്ച് സുന്നത്ത് നമസ്കരിക്കുന്നതും പ്രാ൪ത്ഥിക്കുന്നതും പുണ്യകരമാണ്. പച്ചഖുബ്ബ എന്ന്‌ വിളിക്കപ്പെടുന്നതും ഹിജ്‌റ 600ന്‌ ശേഷം സ്ഥാപിക്കപ്പെട്ടതുമായതിന്റെ പേരല്ല റൗള എന്ന്‌ അറിഞ്ഞിരിക്കുക.

ഖബ്ർ സിയാറത്തും ഖബ്ർ കെട്ടി ഉയ൪ത്തലും

ഇസ്ലാമില്‍ ഖബ്ർ സിയാറത്ത് സുന്നത്താണെന്നും അതുകൊണ്ട് സിയാറത്തിനായി ഖബ്൪ കെട്ടി ഉയ൪ത്തി എടുപ്പുണ്ടാക്കാമെന്ന് പുരോഹിതന്‍മാ൪ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഇസ്ലാമില്‍ ഖബ്ർ സിയാറത്ത്‌ സുന്നത്താണ്‌.

َ كنت نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا ، فَإِنَّهَا تُذَكِّرُكُمُ الْمَوْتُ

അനസില്‍(റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഖബ്ർ സിയാറത്ത്‌ നിങ്ങളോട്‌ ഞാൻ നിരോധിച്ചിരുന്നു. ഇപ്പോൾ അതു നിങ്ങൾ സന്ദർശിച്ചു കൊള്ളുക. അത്‌ നിങ്ങളെ മരണത്തെകുറിച്ച്‌ ഓർമ്മിപ്പിക്കും. (തിർമുദി, അബൂദാവൂദ്‌, മുസ്‌ലിം)

നബി (സ്വ) ഖബ്റ് സിയാറത്ത് സുന്നത്താക്കിയത് രണ്ട് കാര്യത്തിനാണ്.1)മരണചിന്ത ഉണ്ടാകുന്നതിന്. 2)മരണപ്പെട്ടവ൪ക്ക് വേണ്ടി ദുആ ചെയ്യുന്നതിന്. അതിന് വേണ്ടി കെട്ടി ഉയ൪ത്തിയ മഖ്ബറകള്‍ വേണമെന്നില്ല. ഇത് രണ്ടിനും നമ്മുടെ നാട്ടിലുള്ള പള്ളികളിലെ നമ്മുടെ ബന്ധുക്കളേയും മറ്റുള്ളവരേയും അടക്കം ചെയ്തിട്ടുള്ള പൊതു ഖബ൪സ്ഥാന്‍ മതി. കാരണം ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്നവ൪ ഇന്ന് ഖബ്റിലാണ്, നാമും എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് എത്താവുന്നതാണ് എന്ന് ഓ൪മ്മ വരുമ്പോള്‍ മരണചിന്ത ഉണ്ടാകുന്നു. അതുപോലെ അവിടെ അടക്കം ചെയ്തിട്ടുള്ള സാധാരണക്കാ൪ക്ക് നമ്മുടെ ദുആ കൊണ്ട് പ്രയോജനവും കിട്ടും. എന്നാല്‍ കെട്ടി ഉയ൪ത്തിയ മഖ്ബറകളില്‍ പോകുന്നവ൪ക്ക് മരണചിന്ത ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല പോകുന്നവ൪ തന്നെ ദുനിയാവിന്റെ ആവശ്യങ്ങള്‍ക്കാണ് പോകുന്നത്. ഖബ്റില്‍ കിടക്കുന്ന വ്യക്തിക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നില്ലെന്ന് മാത്രമല്ല ഖബറാളിയോട് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു. ഇസ്‌ലാം എതിർക്കുന്നതും വിരോധിക്കുന്നതുമായ ഖബർ സിയാറത്ത്‌ ഇതാണ്.

വിശുദ്ധ ഖു൪ആന്‍:10/18 ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തിയിട്ടുള്ളത് കാണുക.

انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله

ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ്‌ അവര്‍ ഉണ്ടാക്കിവെച്ചത്‌. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്റെ അരികെ തങ്ങള്‍ക്ക്‌ ശുപാര്‍ശകരാകുമെന്ന്‌ അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ഖബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത്‌ ഏര്‍പ്പെട്ടിട്ടുളളത് ഇതിന്‌ തുല്യമാണ്‌. തങ്ങള്‍ അവരുടെ ഖബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക്‌ ശുപാര്‍ശകരാകുമെന്നാണ്‌ അവരുടെ വിശ്വാസം.’

قال العلامة صالح الفوزان حفظه الله : حي يعبد ميتا ; هذه من العجائب – شرح كشف الشبهات

അല്ലാമാ സ്വാലിഹ്‌ അൽ ഫൗസാൻ حفظه الله പറഞ്ഞു : ജീവനുള്ളവൻ മരിച്ചവനെ ആരാധിക്കുന്നു ; ഇത്‌ അതിശയമുണ്ടാക്കുന്ന കാര്യങ്ങളിൽ പെട്ടതാണു.

قال ابن عثيمين رحمه الله :فمن السّفه أن تأتي إلى قبر إنسان صار رميماً تدعوه وتعبده وهو بحاجة إلى دعائك .القـول المفيـد 1/15

ഇബ്നു ഉസൈയ്മീൻ رحمه الله പറഞ്ഞു : ദ്രവിച്ചു പോയ ഒരു മനുഷ്യന്റെ ഖബറിങ്കൽ വന്ന് അവനോട്‌ പ്രാർത്ഥിക്കുകയും ഇബാദത്ത്‌ ചെയ്യുകയും ചെയ്യുന്നത്‌ വിഡ്ഢിത്തങ്ങളിൽ പെട്ടതാണു , അവനാകട്ടെ (അവനു വേണ്ടിയുള്ള ) നിന്റെ പ്രാർത്ഥനക്ക്‌ ആവശ്യക്കാരനുമാണ്.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *